133: കരിമ്പിലാട്ടിടം ക്ഷേത്രം
May 20, 2023135: ശിവമല
May 23, 2023തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 134
ദൈവത്തിൻ്റെ കയ്യൊപ്പു പതിഞ്ഞ മനുഷ്യാലയങ്ങളാണ് ഉത്തര മലബാറിലെ പുരാതന തറവാടുകൾ. ക്രാന്തദർശികളും ഉപാസകരുമായ പൂർവ്വികർ പ്രതിഷ്ഠിച്ച നിരവധി ക്ഷേത്രങ്ങൾ നമുക്കിവിടെ കാണാം. ആണ്ടോടാണ്ടു കൂടുമ്പോഴുള്ള മുടിയേറ്റും തോറ്റവും കെട്ടിയാടലും വെള്ളാട്ടുമൊക്കെ ഭക്തി സാന്ദ്രമാക്കുന്ന വേനൽക്കാലം ഉത്തരമലബാറിൻ്റെ നിറപ്പകിട്ടു തന്നെയാണ്. തകർക്കപ്പെട്ട ക്ഷേത്രങ്ങൾ തേടിയുള്ള യാത്രക്കിടയിലാണ് ഉത്തര മലബാറിലെ സവിശേഷതയുള്ള ഇത്തരം ക്ഷേത്രങ്ങൾ എൻ്റെ ശ്രദ്ധയിൽ പതിഞ്ഞത്.
അങ്ങനെയാണ്, ഒട്ടേറെ വ്യത്യസ്ത ആചാരങ്ങളും അനുഷ്ഠാനങ്ങളും പാലിക്കപ്പെട്ടു വരുന്ന ഇത്തരം ക്ഷേത്രങ്ങളെ കൂടി പരിചയപ്പെടുത്താമെന്നു വിചാരിച്ചത്. കണ്ണൂർ ജില്ലയിൽ, ഇരിവേരി വില്ലേജിലെ മിടാവിലോടുള്ള ആലന്തോട് നമ്പ്യാർ തറവാട് ദൈവത്തിൻ്റെ കനിവു പതിഞ്ഞ ഒരു തറവാടാണ്. അതിൻ്റെ ഐതിഹ്യവും ചരിത്രവുമാണ് ഞാനിവിടെ രേഖപ്പെടുത്തുന്നത്. ആലന്തോട് തറവാടിന് വിഷ്ണു മൂർത്തിയും ഭൈരവനും ഒക്കെയുള്ള പയറ്റുകളരിയും കളരിയുടെ ഏതാനും വാര വലത്തു മാറി വയനാട്ടുകുലവൻ ദേവസ്ഥാനവുമുണ്ട്. തറവാട്ടിൽ നിന്നും രണ്ടു കിലോമീറ്റർ കിഴക്കുഭാഗത്തായിരുന്നു കളരിയെന്നും ടിപ്പുവിൻ്റെ പടയോട്ടക്കാലത്ത് കളരി മിടാവിലോട് ദേശത്തേക്ക് മാറ്റിയതാണെന്നും വിശ്വസിക്കപ്പെട്ട് വരുന്നു. വയനാട്ടുകുലവൻ ദേവസ്ഥാനം സ്ഥിതി ചെയ്യുന്ന പ്രദേശം ഉൾപ്പെടെയുള്ള ഭൂപ്രദേശം പഴയ കാല രണ്ടത്തറ നാട്ടിലാണ്. ശക്തമായ നായർ സൈന്യവും ഒട്ടനവധി കളരികളും ഉണ്ടായിരുന്ന രണ്ടുതറ നാട്ടിലേക്ക് ടിപ്പുവിൻ്റെ സൈന്യത്തിനു കടക്കാൻ കഴിഞ്ഞിരുന്നില്ല. ഏതായാലും രണ്ടുതറ നാടിൻ്റെ ചരിത്രത്തിലേക്കും ഹ്രസ്വമായൊന്നു കടന്നു ചെല്ലാം.
കോലത്തുനാടിൻ്റെ ഭാഗമായിരുന്നു രണ്ടുതറ നാട്. കണ്ണൂരിലെ അഞ്ചരക്കണ്ടി, ചെമ്പിലോട്, മിടപ്പിലോട്, മേലെചൊവ്വ വരെയുള്ള കണ്ണൂർ താലൂക്കിൻ്റെ വടക്കുപടിഞ്ഞാറ് ഭാഗം ഉൾപ്പെടുന്ന പ്രദേശമായിരുന്നു രണ്ടു തറനാട് എന്ന പേരിൽ അറിയപ്പെട്ടിരുന്നത്. അരയത്ത്, ആയില്യത്ത്, പള്ളിയത്ത്, കണ്ടോട്ട് എന്നീ നാല് പ്രമുഖ തറവാട്ടുകാരായിരുന്നു രണ്ടുതറ നാടിൻ്റെ ഭരണകർത്താക്കൾ. ചാല ക്ഷേത്രത്തിൽ വച്ചു നടന്ന ഒരു ചടങ്ങിൽ ചേരമാൻ പെരുമാളാണ് ഈ തറവാട്ടുകാരെ നാടുവാഴികളായി അവരോധിച്ചതെന്നാണ് വാമൊഴി ചരിത്രം. ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയുമായി ഏറെ അടുപ്പം പുലർത്തിയിരുന്നവരാണ് “രണ്ടുതറ അച്ചൻമാർ ‘ എന്ന സ്ഥാനപ്പേരു സിദ്ധിച്ച ഈ നാടുവാഴി കുടുംബങ്ങൾ. എ.ഡി. 1784 മുതൽ 1789 വരെ ടിപ്പുവിൻ്റെ നേതൃത്വത്തിൽ നടന്ന പടയോട്ടത്തിൽ കണ്ണൂരിലെ ഒട്ടനവധി ക്ഷേത്രങ്ങളും കളരികളും തകർക്കപ്പെട്ടു. ഇതിൽ ഭയചകിതർ ആയതിനാലാകണം ആലന്തോട് കളരി മിടാവിലോട് ദേശത്തേക്ക് മാറ്റി പ്രതിഷ്ഠിച്ചതെന്ന് കരുതേണ്ടിയിരിക്കുന്നു. നമ്പ്യാർ സമുദായത്തിൽ പെട്ട ആലന്തോട് തറവാട്ടിൽ വയനാട്ടുകുലവൻ്റെ ക്ഷേത്രം നിർമ്മിച്ചതിനു പിന്നിൽ ഒരു ഐതിഹ്യമുണ്ട്. ആ ഐതിഹ്യം ഇങ്ങനെയാണ് –
തറവാട്ടിലെ ഒരു കാരണവർ വയനാട്ടുകുലവൻ്റെ തെയ്യം കാണാൻ ഒരിടത്തേക്ക് പോയി. രാത്രിയിലായിരുന്നു മടക്കം. മടങ്ങുമ്പോൾ കാരണവർക്കു വഴിതെറ്റി. പരിഭ്രാന്തനായ അദ്ദേഹം വയനാട്ടുകുലവനെ പ്രാർത്ഥിച്ചു. ഈ സമയത്ത് ദിശ കാണിക്കാനെന്ന വണ്ണം ഒരു ഓലച്ചൂട്ട് പ്രത്യക്ഷപ്പെട്ടു. അതിനെ പിന്തുടർന്ന് വഴി തെറ്റാതെ കാരണവർ തറവാട്ടിലെത്തി. പിറ്റേ ദിവസം, പറമ്പിലെ ഒരു ഭാഗത്ത് തലേന്ന് ദിശ കാണിച്ചു നീങ്ങിയ ഓലച്ചുട്ട് കെട്ടുകിടക്കുന്നതായി കണ്ടു. ഓലച്ചൂട്ടിൽ ദേവ ദർശനം തിരിച്ചറിഞ്ഞ കാരണവർ തറവാട്ടു പറമ്പിൽ ക്ഷേത്രം നിർമ്മിച്ചുവെന്നാണ് ഐതിഹ്യം. ഇനി, ആരാണ് ഈ വയനാട്ടുകുലവൻ എന്നറിയേണ്ട ?. വയനാട്ടുകുലവൻ ശിവപുത്രനായ’ദിവ്യ ‘നാണ്. അതു സംബന്ധിച്ച ഐതിഹ്യം ഇപ്രകാരമാണ് –
ഒരിക്കൽ, ശിവ ബീജം ഭൂമിയിൽ പതിച്ചിടത്ത് മൂന്ന് കരിംതെങ്ങുകളുണ്ടായി. തെങ്ങിൻ്റെ ചുവട്ടിലൂടെ മധു ഒഴുകുന്നത് പതിവായിരുന്നു. വേടവേഷത്തിൽ കാനനത്തിൽ എത്തിയ ശ്രീ പരമേശ്വരൻ കരിംതെങ്ങിൻ്റെ ചുവട്ടിൽ മധു ഒഴുകുന്നതു കണ്ടു. ഭഗവാൻ ആ മധു കോരിക്കുടിച്ച് മത്തവിലാസം ഭ്രാന്താടി. ഇതു കണ്ട് പാർവ്വതീ ദേവി ഭയചകിതയായി. തോറ്റംപാട്ടിൽ ആ ഭാഗത്തെക്കുറിച്ചുള്ള വരികൾ ഇങ്ങനെയാണ് –
” വേടരൂപം ധരിച്ചുള്ള കൈലാസനാഥൻ വേട്ടക്കായെഴുന്നെള്ളീവനത്തിൽ പുക്കൂകണ്ടുടനെ കരിംതെങ്ങിൻ കുറും – കുലമേൽ മധു പൊഴിയും വാനു – ലോകം പൊഴിയുന്നല്ലോ അതു കണ്ട് പരമശിവൻ – അടുത്തുചെന്നു മധുകുടിച്ചു മത്തവിലാസം- ശിവ ഭ്രാന്താടി അതു കണ്ടിട്ട ചലമകൾ ഭയപ്പെട്ടോടീ…” അങ്ങനെ ഭയപ്പെട്ട ശ്രീപാർവ്വതി തൻ്റെ മന്ത്രശക്തിയാൽ കരിംതെങ്ങിൻ്റെ ചുവട്ടിൽ വരുന്ന മധു നേരെ മുകളിലേക്ക് മാറ്റി. പിറ്റേ ദിവസം മധു കുടിക്കാൻ വന്ന പരമശിവൻ മധു ഊറുന്നത് മുകളിലാണെന്നു കണ്ട് ക്ഷുഭിതനായി. അദ്ദേഹം തൃജട കൊണ്ട് നൃത്തുടയിൽ തല്ലി കോമളനായ പുത്രനെ സൃഷ്ടിച്ചു. ഈ പുത്രനാണ് ദിവ്യൻ. കരിംതെങ്ങിൻ്റെ മുകളിൽക്കയറി മധു കൊണ്ടുവരാൻ ദിവ്യനെ നിയോഗിച്ചു. നിത്യവും മധു എടുക്കുന്ന ദിവ്യനും മധു കുടിക്കാൻ തുടങ്ങി. ഇത് അറിഞ്ഞ പരമശിവൻ ദിവ്യനോട് മധു കുടിക്കരുതെന്നും മധുവനത്തിൽ നായാടരുതെന്നും താക്കീതു ചെയ്തു. ദിവ്യൻ താക്കീതു വകവെച്ചില്ല. ശിവൻ കോപിച്ചു. ആ ശക്തിയിൽ ദിവ്യൻ്റെ കണ്ണുകൾ മധുപാത്രത്തിലേക്ക് അടർന്നുവീണു. മാപ്പിരന്ന ദിവ്യന് മഹാദേവൻ പൊയ്ക്കണ്ണുകളും മുളം ചൂട്ടും മുള്ളനമ്പും നൽകി അനുഗ്രഹിച്ച് ഭൂമിയിലേക്കയച്ചു. ചൂട്ടു കറ്റയിലെ പുക കൊണ്ടു കണ്ണു കാണാഞ്ഞപ്പോൾ ദിവ്യൻ പൊയ്ക്കണ്ണും മുളം ചൂട്ടും എറിഞ്ഞു കളഞ്ഞു. അവ ചെന്നു വീണത് വയനാട്ടിലെ ആദി പറമ്പൻ കണ്ണൻ്റെ പടിഞ്ഞാറ്റയിലാണ്. കണ്ണുകളും ചൂട്ടും തുള്ളുന്നതു കണ്ടു പേടിച്ച കണ്ണനോട് കണ്ണും ചൂട്ടും അകത്തു വെച്ചു കൊള്ളാൻ ദേവൻ ദർശനം നൽകി പറഞ്ഞു. ശിവപുത്രനായ ദിവ്യൻ വയനാട്ടിൽ എത്തിച്ചേർന്നതുകൊണ്ട് വയനാട്ടുകുലവൻ എന്നറിയപ്പെടുകയും പിൽക്കാലത്ത് വീര പരിവേഷം നൽകി വയനാട്ടുകുലവന് ക്ഷേത്രങ്ങളും തെയ്യവും ഉത്സവവും തുടങ്ങിയെന്നുമാണ് ചരിത്രം. അന്ധനായ വയനാട്ടുകുലവൻ തെയ്യത്തിൻ്റെ അനുഗ്രഹ ഭാഷണം ഇങ്ങനെയാണ് –
” കണ്ണും കാണൂല ചെവിയും കേക്കൂലതെണ്ടച്ചന് എന്നാൽ, കരിമ്പാറ മേൽ കരിമ്പനിരിയുന്നത് കാണാം നെല്ലിച്ചപ്പ് കൂപ്പത്തിൽ വീഴുന്നത് കേൾക്കാം”
വയനാട്ടുകുലവന് തെണ്ടച്ചൻ എന്ന ഒരുപേരു കൂടിയുണ്ട്. അതിൻ്റെ ഐതിഹ്യമിങ്ങനെ –
സഞ്ചാര പ്രിയനായ വയനാട്ടുകുലവൻ വടക്കോട്ടു യാത്ര ചെയ്ത് കേളൻ്റെ വീട്ടിലെത്തി. കുലവൻ്റെ ദൈവീക ശക്തി തിരിച്ചറിഞ്ഞ കേളൻ “തെണ്ടച്ചൻ ” എന്നു വിളിച്ച് സൽക്കരിച്ചു. ഇതിനെ അനുസ്മരിക്കുന്നതാണ് കണ്ടനാർ കേളൻ തെയ്യത്തിൻ്റെ ബപ്പിടൽ ചടങ്ങ്. കോട്ടപ്പാറ വീട്ടിൽ വയനാട്ടുകുലവൻ വാണിരുന്ന കാലത്ത് അതി ഭക്തനായ കുഞ്ഞിക്കോരൻ എന്ന കാരണവർ ജീവിച്ചിരുന്നു. കുഞ്ഞിക്കോരനെ അമരക്കാരനാക്കി കുലവൻ്റെ കൂടെ ചേർത്ത് കോരച്ചൻ തെയ്യമാക്കി. കാരണവർ മരിച്ചപ്പോൾ കാരണവരേയും ഈ തറവാട്ടിൽ തെയ്യമാക്കി സങ്കൽപ്പിക്കുന്നു. വയനാട്ടുകുലവൻ ദൈവം വാണവർ കോട്ടയിൽ എഴുന്നെള്ളിയതായും ദൈവത്തിൻ്റെ കോലം കെട്ടിയാടണമെന്നും അവിടത്തെ വാഴുന്നോർക്ക് സ്വപ്നമുണ്ടായി. അപ്രകാരമാണ് വയനാട്ടുകുലവൻ തെയ്യം കെട്ടാൻ തുടങ്ങിയത്. ഉത്തര മലബാറിലെ തിയ്യരുടെ ആരാധനാമൂർത്തിയാണ് വയനാട്ടുകുലവൻ. ദൈവത്തിൻ്റെ അനുഗ്രഹവും സാന്നിദ്ധ്യവും നിമിത്തം നമ്പ്യാർ സമുദായക്കാരും വയനാട്ടുകുലവനെ ആരാധിച്ച് വരുന്നു.
കണ്ണൂർ ജില്ലയിൽ വയനാട്ടുകുലവൻ ക്ഷേത്രവും തെയ്യം കെട്ടി ആടലും ധാരാളമുണ്ട്. അതിൽ ഒരു ദേവസ്ഥാനം മാത്രമാണ് ആലന്തോട് തറവാട്ടിലെ വയനാട്ടുകുലവൻ. വയനാട്ടുകുലവൻ ക്ഷേത്രത്തിലെ ഉത്സവം കുംഭം 9, 10, 11 തിയ്യതികളിലാണ്. വണ്ണാൻ സമുദായക്കാരാണ് തെയ്യക്കോലം കെട്ടുക. തിയ്യ സമുദായക്കാർ പരികർമ്മികളാവും. പതിനൊന്നാം തിയ്യതി പുലർച്ചെ തീ ചാമുണ്ഡിയുടെ അഗ്നിപ്രവേശം കാണാൻ ആയിരക്കണക്കിനു ഭക്തരാണ് ക്ഷേത്രത്തിൽ എത്തിച്ചേരാറുള്ളത്. കാലപ്പഴക്കത്താൽ വയനാട്ടുകുലവൻ ക്ഷേത്രം ജീർണ്ണിച്ചു തുടങ്ങിയിട്ടുണ്ട്. ഇതിനെല്ലാമുപരി തറവാട്ടിലെ രണ്ട് ദേവതമാരെ കുടിയിരുത്താനുമുണ്ട്. അതിനു വേണ്ടി സ്ഥാനം കണ്ടെത്തിയിട്ടുണ്ടെങ്കിലും ക്ഷേത്ര പുനരുദ്ധാരണവും ദേവതാ ക്ഷേത്രനിർമ്മാണവും ഇതുവരെ തുടങ്ങാനായിട്ടില്ല. പൂർവ്വികമായുള്ള നിയതമായ ആചാരാനുഷ്ഠാനങ്ങൾ നിലനിർത്തുന്ന പ്രദേശമാണ് കണ്ണൂർ. എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്, കേരളത്തിൻ്റെ സാംസ്കാരിക കേന്ദ്രം എന്നു വിശേഷിപ്പിക്കാവുന്ന ഒരു ജില്ല കണ്ണൂർ ജില്ലയല്ലേയെന്ന്. ആചാരാനുഷ്ഠാനങ്ങളും തിറയും തെയ്യവുമൊക്കെ നിറഞ്ഞാടുന്ന ഉത്സവങ്ങൾ സൂചിപ്പിക്കുന്നതും അതുതന്നെയാണ്.