
151:പഴേരി വീട്ടിക്കുറ്റി മഹാവിഷ്ണു ക്ഷേത്രം
June 10, 2023
153: ഗണപതി വട്ടം ശ്രീ മഹാഗണപതി ക്ഷേത്രം
June 15, 2023തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 152
1999 സെപ്തംബർ 19 അന്നും പതിവുപോലെ വിളക്കു വെക്കാൻ മല കയറിയെത്തിയ വനവാസികൾ ആ കാഴ്ച കണ്ട് നെഞ്ചകം തകർന്ന് നിലവിളിച്ചു. വനദേവതയുടെ കരളലിയിപ്പിച്ചു കൊണ്ടുള്ള വിളിച്ചു ചൊല്ലി രോദനമായിരുന്നു അത്. പുനരുദ്ധാരണം ചെയ്യാനുള്ള ആഗ്രഹത്തോടെ തകർന്നു കിടന്ന ക്ഷേത്രത്തിലെ പീഠംപ്രതിഷ്ഠിച്ച ബാലാലയം അടിച്ചു തകർത്തിരിക്കുന്നു. നൂറ്റാണ്ടുകൾക്കു മുൻപ് ടിപ്പുവാണ് ഈ ക്ഷേത്രം തകർത്തതെങ്കിൽ ബാലാലയം തകർത്തത് വനപാലകരാണ്. വനത്തിൽ സ്ഥിതി ചെയ്യുന്ന തകർക്കപ്പെട്ട ഈ ക്ഷേത്രം പുനരുദ്ധാരണം ചെയ്യാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് വനം വകുപ്പ്.
ആദിവാസിഗോത്ര സമൂഹം ആരാധന നടത്തിവന്നിരുന്ന ഈ ക്ഷേത്രം പുനരുദ്ധാരണം ചെയ്യരുതെന്നും വേണമെങ്കിൽ വിളക്കു വെപ്പോ പ്രാർത്ഥനയോ നടത്താമെന്ന തിട്ടൂരമാണ് വനപാലകർ പിന്നീടു നൽകിയത്. വനം വകുപ്പ് തകർത്ത ബാലാലയം ഭക്തർപിന്നീട് പുനർ നിർമ്മിച്ചുവെങ്കിലും ക്ഷേത്രപുനരുദ്ധാരണമെന്ന സ്വപ്നം കരിഞ്ഞുണങ്ങി അടർന്നു വീണിട്ട് രണ്ട് പതിറ്റാണ്ട് കഴിഞ്ഞു. വയനാട് ജില്ലയിൽ സുൽത്താൻ ബത്തേരി താലൂക്കിലുള്ള നൂൽപ്പുഴ പഞ്ചായത്തിലെ കുപ്പാടി വില്ലേജിലാണ് ക്ഷേത്ര പുനരുദ്ധാരണത്തിന് വനപാലകരുടെ വിലക്കുള്ള ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വിഷ്ണു ഗിരി മഹാവിഷ്ണു ക്ഷേത്രമാണ് തലവര മാറാതെ നൂറ്റാണ്ടുകളായി തകർക്കന്നു കിടക്കുന്നത്.
ക്ഷേത്ര സങ്കേതത്തിൽ കണ്ടെത്തിയ ഒരു ശിലാശാസനവും തകർക്കപ്പെട്ട ക്ഷേത്രത്തിൻ്റെ അവശിഷ്ടങ്ങളുമാണ് ആധാരമാക്കിയ തെളിവുകൾ. വന വാസികൾ തലമുറകളായി കൈമാറി ചിരപ്രതിഷ്ഠിതമായ വാമൊഴി ചരിത്രങ്ങൾ, വയനാട്ടിലേക്കുള്ള ജൈനമതത്തിൻ്റെ കുടിയേറ്റത്തെക്കുറിച്ചുള്ള ചരിത്ര ലിഖിതങ്ങൾ, വയനാട്ടിലെ കാർഷിക സംസ്കാരത്തിൻ്റെ ചരിത്രം എന്നിവയും ഈ ക്ഷേത്രത്തിൻ്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നവയാണ്.

നിരവധി മലകൾ നിറഞ്ഞ വനമേഖലയാണ് വയനാട് വീരകേരളവർമ്മ പഴശ്ശിത്തമ്പുരാൻ്റെ യുദ്ധഭൂമി. വയൽനാട്, വഴി നാട്തുടങ്ങിയ ആദിമ പേരുകളും വയനാടിനുണ്ട്. വിവിധ ഗോത്രവർഗ്ഗക്കാരായ വനവാസികൾ ഇവിടെ ജീവിക്കുന്നുണ്ട്. ഐതിഹ്യവും ചരിത്രവും കൊണ്ട് സമ്പന്നമാണ് വയനാടെന്ന് വയനാട്ടിലെ സ്ഥലനാമങ്ങളും ശിലാശാസനങ്ങളും ക്ഷേത്രങ്ങളും വ്യക്തമാക്കുന്നു.
ചിതലയം എന്ന ഒരുപ്രദേശം ഇവിടെയുണ്ട്. ചിതലയത്തിൻ്റെ പഴയ പേര് സീതാലയം എന്നായിരുന്നു. സീതാലയത്തിൻ്റെ പ്രത്യേകതകൾ മറ്റൊരു ക്ഷേത്ര ചരിത്രത്തിൽ വിവരിക്കുന്നുണ്ട്. അതുപോലെ കുഞ്ഞോത്തുകോട്ട, അമ്പലവയൽ, നമ്പിക്കൊല്ലി, പൊൻമുടിക്കോട്ട, വള്ളിയൂർക്കാവ്, തിരുനെല്ലി, പോത്തുകൊല്ലി, മീൻകൊല്ലി, പുലിപ്പാറ, മാനന്തവാടി, ഗണപതി വട്ടം, ഈറ്റത്തോട്, മാവിലാംതോട്, പക്ഷിപാതാളം തുടങ്ങിയ പേരുകളും ഇതിനുദാഹരണമാണ്. വയനാട്ടിലെ സ്ഥലനാമങ്ങൾ മാറ്റിയെഴുതാൻ തുടങ്ങിയത് ബ്രിട്ടീഷ് അധിനിവേശത്തോടെ പത്തൊമ്പതാം നൂറ്റാണ്ടിലാണ്.
സ്വർണ്ണഖനനത്തിൻ്റെ പേരിലും എസ്റ്റേറ്റുകൾ സ്ഥാപിക്കാനുള്ള തിടുക്കത്തിലും ആജ്ഞാശക്തിയുള്ള പ്രാദേശിക വമ്പൻമാരെ സ്വാധീനിച്ച് ബ്രിട്ടീഷുകാർ വനവാസികളെ ആട്ടിയോടിച്ച് വനഭൂമികൾ സ്വന്തമാക്കിക്കൊണ്ടാണ് പുതിയ നാമകരണങ്ങൾ നടന്നത്. റിപ്പൺ, അഡ് ലേയ്ഡ്, മേഫീൽഡ്, സെൻ്റി നൽറോക്ക്, ബ്രൂക്ക് ഷീൽഡ്, മൂരിക്കാർപ്പ്, ബോയ്സ് ടൗൺ തുടങ്ങിയപേരുകൾ അങ്ങനെ വന്നതാണ്. എങ്കിലും കുറച്ചെങ്കിലും ഊരു പേരുകൾ തനിമയോടെ ഇപ്പോഴുമുണ്ട്. വിഷ്ണു ഗിരി അപ്രകാരം പേരു മാറ്റാതെ കിടക്കുന്നവനത്തിലെ ഒരു മലയാണ്. സുൽത്താൻബത്തേരിയിൽ നിന്നും മൈസൂർ റോഡിലൂടെ നാലു കിലോമീറ്റർ കഴിഞ്ഞ് മൂലങ്കാവിൽ നിന്നും ഒരു കിലോമീറ്റർ ഉളളിലായാണ് വിഷ്ണു ഗിരിസ്ഥിതി ചെയ്യുന്നത്. മലയുടെ മുകളിൽ മഹാവിഷ്ണു ക്ഷേത്രം പൂർവ്വികമായിത്തന്നെ ഉണ്ടായിരുന്നതുകൊണ്ടാണ് ഈ മലയ്ക്ക് വിഷ്ണു ഗിരിഎന്ന പേരു വന്നത്.
വിഷ്ണു ഗിരി മഹാവിഷ്ണു ക്ഷേത്രത്തിൻ്റെ ഊരാളൻമാർ ആരാണെന്നു വ്യക്തമല്ല. ഈ ക്ഷേത്രം ജൈനമതവുമായി ബന്ധപ്പെട്ട ക്ഷേത്രമാണ്. ജൈനമതക്കാരായ ഒരു കുടുംബത്തിൻ്റെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന ക്ഷേത്രമാണെന്ന് ജൈനമത ആരാധനാലയവുമായി ബന്ധിപ്പിച്ചാൽ മനസ്സിലാവും. കേരളത്തിൽ ജൈനമതക്കാർ ഏറ്റവും കൂടുതൽ വസിച്ചിരുന്ന പ്രദേശമാണ് വയനാട്. ക്ഷേത്രോത്ഭവ ചരിത്രം വയനാട്ടിലേക്കുള്ള ജൈനരുടെ കുടിയേറ്റത്തിൻ്റെ ചരിത്രം കൂടിയാണ്. അതു കൊണ്ടു തന്നെ വയനാട്ടിലേക്കുള്ള ജൈനരുടെ കുടിയേറ്റ ചരിത്രം ഹ്രസ്വമായി വിവരിച്ചെങ്കിൽ മാത്രമേ ഈ ക്ഷേത്ര ചരിത്രം പൂർണ്ണമാവുകയുള്ളു.

ഉത്തരേന്ത്യയിൽ നിന്നും ബി.സി. മൂന്നാം ശതകത്തിലാണ് ജൈനമതക്കാർ ദക്ഷിണേന്ത്യയിലെ അനുയോജ്യമായ ഇടങ്ങൾ തേടി പലായനം തുടങ്ങിയത്. അവരിൽ ഭൂരിഭാഗവും കർണ്ണാടകയിലെ കഴുകുമല എന്ന പ്രദേശത്തു കേന്ദ്രീകരിച്ചു. കഴുകുമല പിൽക്കാലത്ത് ശ്രാവണബൽഗോള എന്ന പേരിൽ അറിയപ്പെട്ടു. ബി.സി. നാലാം ശതകത്തോടെയാണ് ശ്രാവണ ബൽ ഗോളയിൽ നിന്നും ജൈനമതക്കാർ വയനാട്ടിലേക്ക് കുടിയേറിയത്. ജൈന മതത്തിലെ ഉപവിഭാഗമായ ദിഗംബരൻമാരാണ് വയനാട്ടിലെത്തിയ ജൈന സമൂഹം. ഇവരെ രണ്ടായി തരം തരിച്ചിട്ടുണ്ട്. കച്ചവടം തൊഴിലാക്കിയ വൈശ്യ ശൂദ്ര വിഭാഗങ്ങളാണ് അതിലൊന്ന്. ഇവരെ ഷട്ടൻമാർ അഥവാ ഷെം തീർത്ഥങ്കരൻമാർ എന്ന പേരിൽ അറിയപ്പെട്ടു. ഷെട്ടൻമാർ അഥവാ തീർത്ഥങ്കരൻമാർ ആണ് വയനാട്ടിൽ ആദ്യംകുടിയേറി പാർത്തത്. കോട്ടയം രാജാവ് ഇവർക്ക് വയനാട്ടിൽ വസിക്കാൻ സ്ഥിരം പാർപ്പിട ഉത്തരവു നൽകി. ഈ ഉത്തരവ് “തരക്” എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. കോട്ടയത്തു തമ്പുരാൻ്റെ തരക്കിട്ടിയ ഒജെന കുടുംബങ്ങൾ അങ്ങനെ തരകൻമാരുമായി.
വ്യാപാരി, കച്ചവടക്കാരൻ എന്നീ പദങ്ങളുടെ മൂലരൂപമായും ‘തരകനെ ‘ കരുതാമെന്നും ചരിത്രകാരൻമാർക്ക് അഭിപ്രായമുണ്ട്. കൃഷി ഉപജീവനമാക്കുകയും ജൈന ധർമ്മങ്ങൾ പ്രചരിപ്പിക്കുകയും ക്ഷേത്ര പൂജാവിധികൾ യഥാവിധി നിർവ്വഹിക്കുകയും ചെയ്യുന്നവരാണ് രണ്ടാമത്തെ വിഭാഗം. ജൈനരുടെ കുടിയേറ്റങ്ങളെത്തുടർന്ന് വയനാട് മേഖല വനവസികൾ കഴിഞ്ഞാൽ ജൈന കേന്ദ്രങ്ങളുമായി മാറി. ആയിരക്കണക്കിനേക്കർ വിസ്തൃതിയുള്ള വന പ്രദേശങ്ങളും മലകളും കുന്നുകളും അങ്ങനെ ജൈനരുടെ ഉടമസ്ഥതയിലായി. അവർ തങ്ങൾക്കു ലഭിച്ച ഭൂമികളിൽ ക്ഷേത്രങ്ങളും പാർപ്പിടങ്ങളും നിർമ്മിച്ചു. കൃഷിയിൽ നൂതന സമ്പ്രദായം വയനാട്ടിലെത്തിച്ചത് ജൈനമതസ്ഥരാണ്. കൃഷിയാവശ്യങ്ങൾക്കായി അവർ ചിറകൾ നിർമ്മിക്കുകയും ഒഴുകിയെത്തുന്ന വെള്ളം തടഞ്ഞു നിർത്തുകയും ചെയ്തു. അപ്രകാരമുള്ള ജലസമ്പത്തിനെ ഗതി തിരിച്ചുവിട്ട് കൃഷിക്ക് ഉപയുക്തമാക്കി.
നൂൽപ്പുഴ വില്ലേജിൽ പ്രധാനപ്പെട്ട നാല് ജൈന തറവാട്ടുകാരാണ് ഉണ്ടായിരുന്നത്. ആലത്തൂർ ഗൗഡർ, കോളൂർ ഗൗഡർ, മാറോട്ടു ഗൗഡർ, എടത്തറ ഗൗഡർ എന്നിവരായിരുന്നു അവർ. ഗിരി അടക്കമുള്ള പ്രദേശം ആലത്തൂർ ഗൗഡരുടെ പ്രദേശമായിരുന്നു. വിഷ്ണു ഗിരിയിൽ ആദ്യ കാലത്ത് ജൈനക്ഷേത്രമാണ് ഉണ്ടായിരുന്നതെന്നും ആലത്തൂർ ഗൗഡർമാരാണ് ക്ഷേത്രം നിർമ്മിച്ചതെന്നും വിശ്വസിക്കേണ്ടിയിരിക്കുന്നു. ക്ഷേത്രത്തിൽ കണ്ടെത്തിയ ശിലാന്യാസനം ജൈനമതവുമായി ബന്ധമുള്ളതും പ്രാചീന കന്നഡഭാഷയായ ഹോള കന്നഡയിൽ രേഖപ്പെടുത്തിയതുമാണ്. അതിൽ എന്താണ് എഴുതിയിട്ടുള്ളതെന്ന് വായിച്ചെടുക്കാൻ ചരിത്രകാരൻമാർക്ക് കഴിഞ്ഞിട്ടില്ല.
വയനാട്ടിൽത്തന്നെയുള്ള ജൈനക്ഷേത്രങ്ങളുമായി താരതമ്യം ചെയ്ത് വിഷ്ണുഗിരി വിഷ്ണു ക്ഷേത്രത്തിൻ്റെ പൂർവ്വരൂപം എങ്ങനെയായിരുന്നുവെന്ന നിഗമനത്തിൽ എത്തിച്ചേരാവുന്നതാണ്. പൂർണ്ണമായും കരിങ്കൽ തൂണുകളാലും കരിങ്കൽപാളികളാലും നിർമ്മിക്കപ്പെട്ട ദീർഘചതുരത്തിലുള്ള ഒരു ക്ഷേത്രമായിരുന്നു ഇത്.
മൈസൂർ റോഡിൽ നിന്നും വെറും രണ്ട്കിലോമീറ്റർ മാത്രമാണ് വിഷ്ണു ഗിരിമഹാവിഷ്ണു ക്ഷേത്രത്തിലേക്കുള്ളത്. മൈസൂരിൽ നിന്നും പട നയിച്ചെത്തിയ ടിപ്പു ചുരമിറങ്ങുന്നതിനു മുമ്പ് കേന്ദ്രീകരിച്ചത് വയനാട്ടിലാണ്. ഇവിടെ കേന്ദ്രീകരിച്ച സമയത്ത് ഒട്ടേറെ ജൈനക്ഷേത്രങ്ങളും ഹിന്ദു ക്ഷേത്രങ്ങളും ടിപ്പു തകർത്തിട്ടുണ്ട്. വനാന്തരങ്ങളിൽ തകർക്കപ്പെട്ടതും ഇതുവരെ പുറം ലോകം അറിയാതെ കാടു മൂടി കിടക്കുന്നതുമായ നിരവധി ക്ഷേത്രങ്ങളുണ്ട്. വനം വകുപ്പിൻ്റെ അധീന പ്രദേശങ്ങളിൽ ആയതിനാലാണ് ഇവ തകർക്കപ്പെട്ട നിലയിൽത്തന്നെ കിടക്കുന്നത്. വിഷ്ണു ഗിരി മഹാവിഷ്ണു ക്ഷേത്രത്തിലും ടിപ്പു കനത്ത നാശം വിതച്ചു. വിഗ്രഹം പോലും വീണ്ടെടുക്കാൻ കഴിയാത്ത അവസ്ഥയിലാക്കി.

ടിപ്പുവിൻ്റെ പടയോട്ടക്കാലത്തോടെ വയനാട്ടിലെ ഒട്ടേറെ ജൈനമതക്കാർ തെക്കോട്ടു പലായനം ചെയ്തു. പൊന്നാനി, പാലക്കാട് മേഖലകളിലേക്കായിരുന്നു ഈ പലായനം. പലായനം ചെയ്തവർ പിന്നീടു തിരിച്ചു വന്നില്ല. തകർക്കപ്പെട്ട ക്ഷേത്രം ആരും തിരിഞ്ഞു നോക്കാനില്ലാതെ കാട് മൂടിക്കിടന്നു. ബ്രിട്ടീഷ് ഭരണം വന്നതിൽപ്പിന്നെ വനഭൂമികൾ ബ്രിട്ടീഷ് പട്ടയം വാങ്ങി സ്വദേശിയരും വിദേശിയരും സ്വന്തമാക്കി എസ്റ്റേറ്റുകളാക്കി. വിഷ്ണുഗിരിയുടെ മുകൾ പരപ്പ് ആരും ഏറ്റെടുക്കാതെ അങ്ങനെത്തന്നെ കിടന്നു. പിന്നീട് കാടുവെട്ടിത്തെളിയിച്ച് ക്ഷേത്രാവശിഷ്ടങ്ങൾ സംരക്ഷിച്ചും പരിപാലിച്ചും വന്നത് വനവാസികളാണ്. വിഗ്രഹം കണ്ടുകിട്ടിയില്ലെങ്കിലും പീഠമുണ്ടായിരുന്നു. പീഠത്തിൽ ചൈതന്യം ദർശിച്ച വനവാസികൾ വിളക്കുവെച്ച് ആരാധനയും ആണ്ടിനാൽ ഉൽസവവും നടത്തി വന്നു. 1998-99 കാലത്താണ് ക്ഷേത്രം പുനരുദ്ധാരണം ചെയ്യാൻ തീരുമാനിച്ചത്. മഹാവിഷ്ണുവും ദേവിയുമാണ് ക്ഷേത്രത്തിലുള്ളതെന്നാണ് വിശ്വസിക്കപ്പെട്ടു വരുന്നത്.
ക്ഷേത്ര പുനരുദ്ധാരണത്തിനുവേണ്ടി വിഷ്ണു ഗിരി മഹാക്ഷേത്ര കമ്മിറ്റി രൂപീകരിച്ച് ഇപ്പോഴും നിലവിലുണ്ട്. ഉണ്ണികൃഷ്ണൻ കല്ലാനിക്കൽ പ്രസിഡൻ്റും സുരേഷ് വെള്ളക്കൊട് സെക്രട്ടറിയും സുഭാഷ് കാരശ്ശേരി ട്രഷററുയുമായി ഒരു കമ്മിറ്റിയാണ് ഇപ്പോഴുള്ളത്. പുനരുദ്ധാരണത്തിൻ്റെ ഭാഗമായി പീഠം ബാലാലയത്തിൽ പ്രതിഷ്ഠിച്ചു. ഈ ബാലാലയമാണ് വനപാലകർ തകർത്തത്.
നിലവിലെ സാഹചര്യത്തിൽ പുനരുദ്ധാരണ പ്രക്രിയ ഒരു ചോദ്യചിഹ്നം തന്നെയാണ്. ക്ഷേത്രഭൂമിയിൽ വിളക്കു വെക്കുകയോ പ്രാർത്ഥിക്കുകയോ ആണ്ടുതോറും ഉത്സവം നടത്തുകയോ ഒക്കെ ആവാം. എന്നാൽ ക്ഷേത്രം പുനരുദ്ധരിക്കാൻ വേണ്ടി മല കയറി വരേണ്ടെന്നാണ് വനം വകുപ്പിൻ്റെ നിലപാട്. ക്ഷേത്രം പുനരുദ്ധാരണം ചെയ്യാൻ സമ്മതിക്കാത്തത് വന നീതിയുടെ ഭാഗമാണെന്ന് വനം വകുപ്പ് അവകാശപ്പെടുമ്പോൾ എന്നേക്കുമായി നഷ്ടപ്പെടുന്നത് ഒരുചരിത്രമാണ്. ഹനിക്കപ്പെടുന്നത് വനവാസി ഗോത്രവിഭാഗങ്ങളുടെ വിശ്വാസമാണ്. ക്ഷേത്രഭൂമി പുനരുദ്ധാരണം ചെയ്യാൻ ഒരു മരം പോലും മുറിക്കേണ്ടതില്ല. എന്നിട്ടും വനംവകുപ്പ് വാശി പിടിക്കുന്നത് ചരിത്രത്തോടു ചെയ്യന്ന അനീതി തന്നെയാണ്. ക്ഷേത്രം പുനരുദ്ധാരണം ചെയ്യാൻ വനംവകുപ്പ് വനവാസികളെ അനുവദിച്ചാൽ മാത്രമേ അവരുടെ സ്വപ്നം സഫലീകരിക്കുകയുള്ളു.