70: പൂത്തിരിക്കോവിൽ വിഷ്ണു ക്ഷേത്രം
March 17, 202372: അഴീക്കുന്ന് മഹാവിഷ്ണു ക്ഷേത്രം
March 17, 2023തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 71
പണ്ട്, ആനയും ശീവേലിയുമൊക്കെ ഉണ്ടായിരുന്ന ക്ഷേത്രമായിരുന്നുവത്രെ ഇത്. നൂറ്റാണ്ടുകളായി പറഞ്ഞു കേട്ട അറിവാണിത്. എഴുപത്തിമൂന്ന് വയസ്സുള്ള മഠത്തിൽ മീനാക്ഷിക്കുട്ടിയമ്മ പറഞ്ഞു തുടങ്ങിയത് അങ്ങനെയാണ്. തകർന്ന് കാടുകയറിക്കിടക്കുന്ന ശ്രീകോവിലിൽ നിത്യവും രണ്ടു നേരം വിളക്കുവെക്കും. ക്ഷേത്രം പുനരുദ്ധാരണം ചെയ്യുന്നതിന് ആർക്കും താൽപ്പര്യമില്ല. മീനാക്ഷിക്കുട്ടിയമ്മയുടെ വാക്കുകളിൽ നിരാശ നിഴലിച്ചു.
പാലക്കാട് ജില്ലയിലെ പട്ടിത്തറ പഞ്ചായത്ത് നാലാം വാർഡിൽ പട്ടിത്തറ വില്ലേജിലുള്ള വീരപ്പാടത്ത് മഹാദേവ ക്ഷേത്രത്തിന്റെ വിവരങ്ങൾ ശേഖരിക്കാനാണ് ഞാൻ മീനാക്ഷിക്കുട്ടിയമ്മയെ അവരുടെ വീട്ടിൽ ചെന്നു കണ്ടത്. ചാലിശ്ശേരിയിലെ സതീഷ് വിജയ് എന്റെ കൂടെ സഹായിയായി ഉണ്ടായിരുന്നു. വീരപ്പാടം ക്ഷേത്രത്തെക്കുറിച്ച് അവർ പറഞ്ഞു കൊണ്ടിരിക്കുമ്പോൾ വീട്ടിനുള്ളിൽ നിന്നും ഒരു യുവതി പൂമുഖത്തേക്ക് വന്ന് ക്രൂദ്ധയായത് എന്നെ ശരിക്കും അമ്പരപ്പിച്ചു. മീനാക്ഷിക്കുട്ടിയമ്മയുടെ മകളോ മരുമകളോ ആയിരിക്കാം ആ യുവതിയെന്നു തോന്നിപ്പിച്ചു. തകർന്നു കിടക്കുന്ന ക്ഷേത്രം പുനരുദ്ധാരണം ചെയ്യാൻ ആരും വരേണ്ടെന്നും ക്ഷേത്രം തകർന്ന നിലയിൽത്തന്നെ കിടന്നോട്ടെയെന്നും പറഞ്ഞ ഈ യുവതി തകർന്ന ക്ഷേത്രം പുനരുദ്ധാരണം ചെയ്യുന്നനേരം വേറെ നല്ല പ്രവർത്തി ചെയ്യാൻ നിർദ്ദേശിക്കുകയും ചെയ്തു .
പട്ടിത്തറ ഗ്രാമത്തിന്റെ സ്ഥലനാമ ചരിത്രവും വീരപ്പാടം ശിവക്ഷേത്രത്തിന്റെ ഉൽഭവ ചരിത്രവും ഇപ്രകാരമാണ് –
ഭാരതപ്പുഴയുടെ തെക്കെ അതിർത്തിയിലുള്ള ഗ്രാമത്തിൽ നിരവധി ഭട്ടതിരി കുടുംബങ്ങൾ വസിച്ചിരുന്നു. പതിനാറോളം മനകളാണ് ഇവിടെയുണ്ടായിരുന്നത്. ഭട്ടതിരിമാർ വസിക്കുന്ന പ്രദേശത്തെ ഭട്ടതിരിത്തറ എന്നു വിളിച്ചു വന്നു. ഭട്ടതിരിത്തറ പിൽക്കാലത്ത് ഭട്ടിത്തറയും പിന്നീട് പട്ടിത്തറയുമായി. ഭട്ടതിരിമാർ പൊതുവെ പണ്ഡിതൻമാരും വേദശാസ്ത്രങ്ങളിൽ അഗ്രഗണ്യരും ഭക്തരുമാണ്. അവരുടെ പാണ്ഡിത്യത്തെ അനുസ്മരിക്കുന്ന ഗ്രാമപ്പേര് പിൽക്കാലത്ത് പട്ടിയുടെ പേരാക്കി മാറ്റിയത് ചരിത്രത്തിലെ വിരോധാഭാസമാണ്.
പഴയ കാലത്തെ ഭട്ടതിരിമാരുടെ മനകളിൽ വെളുത്തില്ലം, പൂലേരി മുതിരങ്ങാട്ടു മന എന്നീ രണ്ടു മനകൾ മാത്രമെ അവശേഷിക്കുന്നുള്ളു. കാർഷിക മേഖലയുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരാണ് ഇവിടുത്തെ ഗ്രാമീണർ .
തഞ്ചാവൂർക്കാരനായ വീരപ്പൻ ചെട്ടി എന്നൊരു വ്യാപാരി ഒരിക്കൽ ഭാരതപ്പുഴയിലൂടെ ചങ്ങാടത്തിൽ ചരക്കുകയറ്റിവരികയായിരുന്നു. പെട്ടെന്ന് കാറ്റും കോളും വന്നു. ശിവ ഭക്തനായിരുന്നു വീരപ്പൻ ചെട്ടി നിയന്ത്രണം വിട്ടചങ്ങാടം മുങ്ങുമെന്നും അപകടം പറ്റുമെന്നും ഭയപ്പെട്ട അദ്ദേഹം ശിവഭഗവാനെ വിളിച്ചു പ്രാർത്ഥിച്ചു. അപകടമൊന്നുമില്ലാതെ ചങ്ങാടം ഭാരതപ്പുഴയുടെ ഏതു ഭാഗത്താണോ അടുക്കുന്നത് അവിടെ ശിവക്ഷേത്രം നിർമ്മിച്ചു കൊള്ളാമെന്നായിരുന്നു പ്രാർത്ഥന. അപകടമൊന്നുമില്ലാതെ ഭട്ടിത്തറയുടെ ഓരത്താണ് ചങ്ങാടം വന്നു നിന്നത്. അതിനു ശേഷം ഭാരതപ്പുഴയുടെ ഓരത്ത് വീരപ്പൻ ചെട്ടി അതിമനോഹരമായ ഒരു ശിവക്ഷേത്രം നിർമ്മിച്ചു.
വട്ടശ്രീകോവിലോടെ തഞ്ചാവൂർ ശിൽപ്പ ചാരുതയോടെയുള്ള ക്ഷേത്രം ഭാരതപ്പുഴക്ക് അഭിമുഖമായി കിഴക്കു തെക്ക് ദിശയിലേക്ക് ദർശനമാണ്. ഈ ക്ഷേത്ര നിർമ്മിതിയെക്കുറിച്ച് രേഖയൊന്നുമില്ല. മേൽ വിവരിച്ച ഒരു വാമൊഴിചരിത്രം മാത്രമേയുള്ളു. വീരപ്പൻ ചെട്ടി ഏറെക്കാലം ഈ ക്ഷേത്രം പരിപാലിച്ചു പോന്നു. ഇദ്ദേഹം ഈ നാട്ടിൽ സ്ഥിരമായി വസിച്ചിരുന്നുവോ എന്നു വ്യക്തമല്ല. ക്ഷേത്രത്തിന് വീരപ്പാടം ശിവക്ഷേത്രമെന്ന പേരു വന്നത് എങ്ങനെയാണെന്നും അറിയില്ല.
ഭാരതപ്പുഴയോരത്തെ പുറമ്പോക്കു ഭൂമിയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിന്റെ തെക്കുഭാഗത്തായുള്ള ഭൂമിയുടെ പേര് വീരപ്പാടം, ആരിയമ്പാടം എന്നിങ്ങനെയാണ്. വീരപ്പൻ ചെട്ടിയുടെ ഉടമസ്ഥതയിലുണ്ടായിരുന്നതാണോ ആസ്ഥലമെന്നും വ്യക്തമല്ല. പ്രായാധിക്യത്തെത്തുടർന്ന് ക്ഷേത്രം നോക്കി നടത്താൻ ഭട്ടതിരിമാരെ ചുമതലപ്പെടുത്തി അദ്ദേഹം തഞ്ചാവൂരിലേക്ക് പോവുകയാണുണ്ടായത്.
തൃത്താലയിൽ നിന്നും കുമ്പിടിയിലേക്ക് പോകുന്ന റോഡിന്റെ വലതുഭാഗത്ത് ഒരു കാലഘട്ടത്തിൽ ഒഴിഞ്ഞുകിടന്നിരുന്ന പുഴ പുറമ്പോക്കായിരുന്നു. പിൽക്കാലത്ത് പലരും പുറമ്പോക്ക് ഭൂമി കൈവശം വെച്ച് രേഖയുണ്ടാക്കി. വീരപ്പാടം ശിവക്ഷേത്രഭൂമിയുടെ ഇരുവശത്തും പുഴയോര ഭൂമി കയ് വശം വെക്കുന്നവരുണ്ട്. ചിലർ വീടും വച്ചു. അതിൽ ഒരു വീട്ടിൽ വച്ചാണ് മoത്തിൽ മീനാക്ഷിക്കുട്ടി അമ്മയെ കണ്ടത്.
വീരപ്പാടം ശിവക്ഷേത്രം കഴിഞ്ഞ ഒരു നൂറ്റാണ്ടായി തകർന്നു കിടക്കുകയാണ്. ശ്രീകോവിലിന്റെ ഭിത്തിയൊക്കെ നഷ്ടപ്പെട്ടിട്ട് കാലങ്ങളേറെയായി. ശ്രീ കോവിലിന്റെ തറകരിങ്കല്ലു കൊണ്ട് നിർമ്മിച്ചതാണ്. ശ്രീകോവിൽത്തറയിൽ വളർന്ന വൻ മരങ്ങൾ കരിങ്കല്ലുകൾ ഇളക്കി വേർപെടുത്തിയിരിക്കുന്നു. സോപാനത്തിന്റെ ഒരു ഭാഗം തകർന്നു കിടക്കുകയാണ്. വലിയ ശിവലിംഗം പീഠത്തിൽ ഉറപ്പിച്ച നിലയിൽ മരച്ചുവട്ടിലുണ്ട്. ശിവപ്രതിഷ്ഠയല്ലാതെ ക്ഷേത്രത്തിൽ ഉപപ്രതിഷ്ഠകളൊന്നുമില്ല. ശ്രീകോവിലിന്റെ ചുറ്റുഭാഗവും തൂത്തുവാരി വൃത്തിയാക്കുന്നതും രണ്ടു നേരം വിളക്കു വെക്കുന്നതും മീനാക്ഷി ക്കുട്ടിയമ്മയാണ്. ചിലർ വിളക്കു വെക്കാൻ എണ്ണ വാങ്ങി കൊടുക്കാറുണ്ടെന്ന് മീനാക്ഷിക്കുട്ടിയമ്മ പറഞ്ഞു.
തകർന്നു കിടക്കുന്ന ഈ ക്ഷേത്രം പുനരുദ്ധാരണം ചെയ്യാനും പൂജ നടത്താനുമുള്ള ശ്രമത്തിന്റെ ഭാഗമായി ജോത്സ്യരെ കണ്ട് ഉപദേശം തേടിയപ്പോൾ ക്ഷേത്രം പുനരുദ്ധാരണം ചെയ്ത് പൂജ നടത്തിയാൽ ദോഷഫലം ഉണ്ടാകുമെന്നായിരുന്നുവത്രെ പ്രശ്ന വിധി. ക്ഷേത്രം പുനരുദ്ധാരണം ചെയ്യാൻ പാടില്ലെന്ന ജോത്സ്യന്റെ അഭിപ്രായമുണ്ടായതായി ആര്യമ്പാടത്ത് സേതു എന്നോടു പറഞ്ഞു. മീനാക്ഷിക്കുട്ടിയമ്മയുടെ തറവാട്ടിലെ ഒരു അംഗമാണ് അദ്ദേഹം. ക്ഷേത്രത്തിനു സമീപത്ത് റോഡരുകിൽ ചായക്കട നടത്തുകയാണ് അറുപത്തിമൂന്നുകാരനായ സേതു. ആര്യമ്പാടത്താണ് മീനാക്ഷിക്കുട്ടിയമ്മയുടേയും സേതുവിന്റെയും തറവാട്. അതേ സമയം പുഴ പുറമ്പോക്കിലുള്ള വീരപ്പാടം ശിവക്ഷേത്രം തങ്ങളുടെ കുടുംബക്ഷേത്രമായാണ് ഇവർ കരുതിപ്പോരുന്നത്. പുഴയോര ഭൂമിയിൽ ഇവർക്ക് വീടുകളുമുണ്ട്.
മീനാക്ഷിക്കുട്ടിയമ്മയുടെ പൂർവ്വികർ തുളുനാട്ടിലെ എമ്പ്രാന്തിരിമാരാണ്. ഇവർ നായർ വിഭാഗത്തിൽ നിന്നു വിവാഹം ചെയ്ത ശേഷം ഉണ്ടായ സന്തതി പരമ്പരകളാണ് ഇപ്പോഴുള്ളത്. വീരപ്പ ചെട്ടിയാരുടെ വംശത്തിലുള്ള തഞ്ചാവൂരിലുള്ള കുടുംബങ്ങൾ അടുത്ത കാലം വരെ ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. പരിരക്ഷ ലഭിക്കാതെ തകർന്ന് കാടുമൂടിക്കിടക്കുന്ന ക്ഷേത്രം പുനരുദ്ധാരണം ചെയ്യേണ്ടതുണ്ടെങ്കിലും പുനരുദ്ധാരണം ചെയ്താൽ ദോഷമുണ്ടാകുമെന്നു തെറ്റിദ്ധരിപ്പിക്കുന്നത് ക്ഷേത്രഭൂമി പൂർണ്ണമായും ഭാവിയിൽ ഇല്ലാതാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് ന്യായമായും കരുതാവുന്നതാണ്.