113: തത്തനം പുള്ളി മഹാവിഷ്ണു ക്ഷേത്രം
May 4, 2023115: തത്തനം പുള്ളി അയ്യപ്പക്ഷേത്രം
May 6, 2023തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 114
ക്ഷേത്രങ്ങൾ ഹിന്ദു സമൂഹത്തിൻ്റെ സാംസ്ക്കാരിക ഉന്നതിയുടെ അടിത്തറയാണെന്ന് വ്യക്തമായി അറിയാവുന്ന ഭരണാധികാരിയായിരുന്നു ടിപ്പു സുൽത്താൻ. അദ്ദേഹത്തിൻ്റെ സൈന്യത്തിനും ഇക്കാര്യത്തിൽ വ്യക്തമായ ധാരണയുണ്ട്. ടിപ്പുവിൻ്റെ പടയോട്ടത്തിൽ മഹാക്ഷേത്രങ്ങൾ തകർത്തത് ആ ക്ഷേത്രങ്ങളിലെ ഇളകുന്ന മുതലുകൾ കൊള്ളയടിക്കാനും ഹിന്ദു സമൂഹത്തിൻ്റെ സാംസ്കാരിക അടിത്തറയുടെ തായ് വേര് പിഴുതെടുക്കാനുമാണ്. ചില ക്ഷേത്രങ്ങൾ മുസ്ലീം ആരാധനാലയങ്ങളാക്കി തീർത്തതിൻ്റെ വികാരവും മറ്റൊന്നല്ല. തകർക്കപ്പെട്ട എല്ലാ ക്ഷേത്രങ്ങളും ടിപ്പു നേരിട്ടു തകർത്തതാണെന്ന് പറയാനാവില്ല. പടയോട്ടക്കാലത്ത് അദ്ദേഹത്തിൻ്റെ പടയാളികൾ തകർത്ത ക്ഷേത്രങ്ങൾ അനവധിയുണ്ട്. ഹിന്ദു ഭവനങ്ങൾ തകർത്ത് ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങൾ അടിച്ചുടച്ച ടിപ്പുവിൻ്റെ സൈന്യത്തിൻ്റെ അപ്രതീക്ഷിത അക്രമത്തിൻ്റെ നേരനുഭവങ്ങളുടെ ചരിത്രമാണ് പാലക്കാട് ജില്ലയിലെ തത്തനം പുള്ളി ഗ്രാമത്തിനു പറയാനുള്ളത്. ഈ ഗ്രാമത്തിൽ അക്കാലത്ത് തകർത്തതായി വാമൊഴി ചരിത്രമുള്ള രണ്ട് ക്ഷേത്രങ്ങളെക്കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്.
കുലുക്കല്ലൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും അഞ്ചു കിലോമീറ്റർ അകലമാണ് തത്തനം പുള്ളി ഗ്രാമത്തിലേക്കുള്ളത്. എ.ഡി. 1765-66 കാലഘട്ടം വരെ നിരവധി ഹിന്ദു ഭവനങ്ങളും ബ്രാഹ്മണാലയങ്ങളും ഈ ഗ്രാമത്തിലുണ്ടായിരുന്നു. തൂതപ്പുഴയുടെ തെക്കു ഭാഗത്തായാണ് തത്തനം പുള്ളി ഗ്രാമം സ്ഥിതി ചെയ്യുന്നത്. കമ്യൂണിസ്റ്റ് താത്വികാചാര്യൻ ഇ.എം.എസ്. നമ്പൂതിരിപ്പാടിൻ്റെ ഏലംകുളം മനയുടെ അടിവേര് തത്തനം പുള്ളി ഗ്രാമത്തിലാണ്. ഇവിടെയുള്ള ചില ഭൂമികളുടെ ആധാരങ്ങളിൽ മനപ്പറമ്പെന്നും ഏലംകുളം മന വക എന്നുമൊക്കെ രേഖപ്പെടുത്തിയത് ഇതിൻ്റെ പ്രബലമായ തെളിവാണ്. മണ്ണിൽ പണിയെടുത്ത് ഉപജീവനം നടത്തുന്ന സാധാരണ കർഷകരുടെ ഒരു ഗ്രാമം. അവിടെ ഭൂവുടമകളും ജൻമികളുമായ ബ്രാഹ്മണ കുടുംബങ്ങൾ. ആരോടും പരിഭവമില്ലാതെ വലിയ മോഹങ്ങളൊന്നുമില്ലാതെ അവരുടെ ദിനങ്ങൾ ഓരോന്നായി ഉദിയ്ക്കുകയും അസ്തമിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഇങ്ങനെയൊരു ഘട്ടത്തിലാണ് ടിപ്പുവിൻ്റെ പടയോട്ടമുണ്ടായത്. പട്ടാമ്പിയിൽ വല്ലപ്പുഴയ്ക്കടുത്ത് ചെറുകാട് ഗ്രാമത്തിൽ രാമഗിരി കോട്ട എന്നു പേരുള്ള ഒരു മലയുണ്ട്. ഈ മല അധീനതയിലാക്കിയ ടിപ്പു അതിൻ്റെ ഉപരിതലത്തിൽ തൻ്റെ സൈന്യത്തെ വിന്യസിച്ചു. മലമുകളിൽ നിന്നും നോക്കിയാൽ നോക്കെത്താത്ത ദൂരക്കാഴ്ച കിട്ടും. രാമഗിരി കോട്ട മൈസൂർ സൈന്യത്തിൻ്റെ നിരീക്ഷണ കേന്ദ്രം കൂടിയായിരുന്നു. തികച്ചും അപ്രതീക്ഷിതമായാണ് മലയിറങ്ങി വന്ന ടിപ്പുവിൻ്റെ സൈന്യം തത്തനം പുള്ളി ഗ്രാമം അക്രമിച്ചത്. അവർ ഗ്രാമത്തിലെ അഞ്ച് ക്ഷേത്രങ്ങൾ തകർത്തു.
ടിപ്പുവിൻ്റെ സൈന്യം ഗ്രാമം അക്രമിക്കാൻ വരുന്നതായി അറിഞ്ഞ അസംഘടിതരായ ഹിന്ദുക്കൾ ജീവൻ രക്ഷിക്കാൻ പരക്കം പാഞ്ഞു. പുരുഷൻമാർ തൂതപ്പുഴ കടന്ന് പലായനം ചെയ്തു. സ്ത്രീകൾ മുളങ്കൂട്ടങ്ങളിൽ ഒളിച്ചു. അക്കാലത്ത് ഗ്രാമത്തിൽ ധാരാളം മുളങ്കൂട്ടങ്ങളുണ്ടായിരുന്നു. അടുത്തടുത്ത മുളങ്കൂട്ടങ്ങളിലെ മുളകൾ ചാഞ്ഞു കിടന്ന് മുളങ്കാടുകൾ രൂപപ്പെടും. രണ്ട് മുളങ്കൂട്ടങ്ങൾക്കിടയിലും അടിഭാഗം ഗുഹാ സമാനമായിരിക്കും. സത്രീകൾ ഇതിനകത്തു കയറി മുളങ്കൂട്ട ഗുഹയുടെ മുഖഭാഗം മുള്ളു കൊണ്ട് അടച്ചിട്ടായിരുന്നു ദേഹരക്ഷ ചെയ്തിരുന്നത്. എന്നാൽ മനകളിലെ അന്തർജ്ജനങ്ങൾ മനകളിൽത്തന്നെ ഒളിവിൽ കഴിയുകയായിരുന്നു. മനകളിലേക്ക് ഇരച്ചു കയറിയ ടിപ്പുവിൻ്റെ സൈന്യം അന്തർജ്ജനങ്ങളെ പിടിച്ചു കൊണ്ടുപോയി. അങ്ങനെ പിടിച്ചു കൊണ്ടു പോകപ്പെട്ട അന്തർജ്ജനങ്ങളെ പിന്നീട് കണ്ടെത്തുകയുണ്ടായില്ല. സൈന്യം ക്ഷേത്രങ്ങളിൽ കയറി വിഗ്രഹങ്ങൾ അടിച്ചുടച്ചു. ശ്രീകോവിലുകളും ചുറ്റമ്പലങ്ങളും തകർത്തു. ടിപ്പുവിൻ്റെ സൈന്യം നടത്തിയ അക്രമങ്ങളുടെ ഒരു അനുഭവസ്ഥയാണ് പള്ളത്ത് പ്രസാദിൻ്റെ അമ്മയുടെ അമ്മൂമ്മ പാർവ്വതിയമ്മ. അക്കാലത്തെ അനുഭവങ്ങൾ പാർവ്വതിയമ്മയിലൂടെ തലമുറകൾ കൈമാറി പ്രസാദിൽ എത്തി നിൽക്കുകയാണ്.
കിഴക്കോട്ട് ദർശനമായ ഒരു ശിവക്ഷേത്രവും അതിനു തൊട്ടു വടക്കുഭാഗത്ത് വിഷ്ണു ക്ഷേത്രവുമാണ് ഗ്രാമത്തിൽ തകർത്ത ക്ഷേത്രങ്ങളിലെ രണ്ടു ക്ഷേത്രങ്ങൾ. ശിവ ക്ഷേത്രവും വിഷ്ണു ക്ഷേത്രവും ഒരേ മതിൽക്കെട്ടിനകത്താണ്. ഇരു ക്ഷേത്രവും തമ്മിൽ പതിനഞ്ചു മീറ്റർ അകലമാണുള്ളത്. ശിവ ക്ഷേത്രത്തിനും വിഷ്ണു ക്ഷേത്രത്തിനും നമസ്ക്കാര മണ്ഡപങ്ങളുണ്ടായിരുന്നു. അവ തകർത്തതിൻ്റെ അവശിഷ്ടങ്ങൾ ഇപ്പോഴും ക്ഷേത്രഭൂമിയിലുണ്ട്. ശിവലിംഗത്തിന് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല. ശ്രീകോവിൽ തകർന്ന് കാടുമൂടി കിടക്കുകയാണ്. വിഷ്ണു ക്ഷേത്രത്തിലാകട്ടെ അടിച്ചുടച്ച വിഗ്രഹം പല കഷണങ്ങളായി പീഠത്തിൽത്തന്നെ കിടക്കുകയാണ്. രണ്ട് ക്ഷേത്രത്തിനും ഒരു ശ്രീകോവിലാണുള്ളത്. വിഷ്ണു ക്ഷേത്രത്തിൻ്റെ ഇടതുഭാഗത്ത് ഉപദേവനായ ഗണപതി വിഗ്രഹമുണ്ട്. വിഷ്ണു ക്ഷേത്ര ശ്രീകോവിലും തകർന്ന് കാട് മൂടി കിടക്കുകയാണ്. വലിയ തൊടി ശ്രീധരൻ തിരുമുൽപ്പാടിനാണ് പിൽക്കാലത്ത് ക്ഷേത്രഭൂമി അടക്കമുള്ള വസ്തുവിൻ്റെ ഉടമസ്ഥാവകാശം ലഭിച്ചത്. ഭൂമി അദ്ദേഹത്തിന് ലഭിക്കുന്ന കാലത്തു തന്നെ ഈ ക്ഷേത്രങ്ങൾ ഇന്നു കാണുന്ന തകർക്കപ്പെട്ട നിലയിലായിരുന്നുവെന്ന് ശ്രീധരൻ തിരുമുൽപ്പാടിൻ്റെ മകൾ ഗിരിജ പറഞ്ഞു.
ക്ഷേത്രത്തോടനുബന്ധിച്ചുണ്ടായിരുന്ന സർപ്പക്കാവ് അടുത്ത കാലത്താണ് പുന:സ്ഥാപിച്ചത്. തിരുമുൽപ്പാടിൻ്റെ കാലശേഷം മക്കൾ ക്ഷേത്രഭൂമി 12 സെൻ്റിൽ നീക്കി നിർത്തി ബാക്കിയുള്ളവ വീതം വെച്ചു. ശ്രീധരൻ തിരുമുൽപ്പാടിൻ്റെ കാലം വരെ വൈശാഖ മാസത്തിൽ ക്ഷേത്രങ്ങളിൽ പൂജ നടത്തി വന്നിരുന്നു. ഈ ക്ഷേത്രങ്ങൾക്കു മാത്രമായി ഒരു പൂജാരി ഇല്ലാത്തതിനാൽ മറ്റു ക്ഷേത്രങ്ങളിലെ പൂജാരിമാരെയാണ് ആശ്രയിക്കാറ്. അവർ തങ്ങളുടെ പൂജ കഴിഞ്ഞേ ഈ ക്ഷേത്രങ്ങളിൽ പൂജ ചെയ്യാൻ വന്നിരുന്നുള്ളു. പിന്നീട് അതും നിലച്ചു. ആണ്ടിലൊരിക്കൽ കാവിൽ നാഗ പ്രീതിക്ക് പാലും പൊടിയും സമർപ്പിച്ചു കൊണ്ടുള്ള പൂജ ഇപ്പോഴും നടക്കുന്നുണ്ട്. മഴക്കാലത്ത് ക്ഷേത്ര ഭൂമി കൂടുതൽ കാടുമൂടി കിടക്കുമെന്നതിനാൽ വിളക്കു വെപ്പ് വേനൽക്കാലത്തു മാത്രമാണ്. ഈ ക്ഷേത്രങ്ങൾ പുനരുദ്ധാരണം ചെയ്യണമെന്ന ആഗ്രഹം കുടുംബത്തിനുണ്ട്. വാരിയത്തൊടി എന്ന പേര് ഈ ക്ഷേത്രങ്ങളുടെ ഊരാള കുടുംബത്തെ സൂചിപ്പിക്കുന്നതാണ്.
ടിപ്പുവിൻ്റെ പടയോട്ടക്കാലത്ത് ഈ കുടുംബം പലായനം ചെയ്തുവെന്നാണ് വിവരം. വസ്തു വിൽപ്പനയിലൂടെയാണ് ഇപ്പോഴത്തെ കൈവശക്കാരിൽ ക്ഷേത്രങ്ങൾ വന്നു ചേർന്നത്. തകർന്നു കിടക്കുന്ന ഈ ക്ഷേത്രങ്ങൾ പുനരുദ്ധാരണം ചെയ്യണമെന്ന ആഗ്രഹം കുടുംബത്തിനുണ്ട്. ഭക്തജനങ്ങളുടെ ഒരു നല്ല കമ്മിറ്റി രൂപീകൃതമായാൽ ക്ഷേത്രം കൈമാറാൻ ഗിരിജ ആഗ്രഹിക്കുന്നു. സഹോദരങ്ങൾക്കും എതിരഭിപ്രായം ഉണ്ടാവാനിടയില്ലെന്നാണ് അവർ കരുതുന്നത്. ടിപ്പുവിൻ്റെ സൈന്യത്തിൻ്റെ കരവാളു കൊണ്ട് അരിഞ്ഞെടുത്ത തത്തനം പുള്ളിയിലെ ആദ്ധ്യാത്മിക, സാംസ്കാരിക പൈതൃകത്തിൻ്റെ ഉണങ്ങാത്ത വേരുകളാണ് ഈ ക്ഷേത്രങ്ങൾ. ഒരു ക്ഷേത്രം നശിച്ചാൽ ആ നാടു നശിക്കുമെന്നാണ് പൊതു സങ്കൽപ്പം. ഈ ഗ്രാമത്തിൻ്റെ പുനരുദ്ധാരണത്തിന് ടിപ്പുവിൻ്റെ സൈന്യം തകർത്ത രണ്ടു ക്ഷേത്രങ്ങളുടെ പുനർനിർമ്മാണം സഹായകമാവും. അതേ സമയം പുനരുദ്ധാരണ കമ്മിറ്റി രൂപീകരിച്ചാൽത്തന്നെ കാർഷികവൃത്തി ഉപജീവനമാക്കിയ ഗ്രാമീണർക്ക് പുനരുദ്ധാരണത്തിൻ്റെ ഫണ്ട് സ്വരൂപിക്കുക എന്ന കടമ്പ കടക്കാനാവില്ല. അത് യാഥാർത്ഥ്യമാവാൻ വെളിയിലുള്ള ഭക്തരുടെ സഹായം വലിയ അനുഗ്രഹമാവും.