24: വാരിയത്ത് പറമ്പ് ചോലക്കര ദുർഗ്ഗാ ഭഗവതി ക്ഷേത്രം

25: ചാത്തങ്ങാട്ട് മഹാവിഷ്ണു ക്ഷേത്രം
July 8, 2023
23: പരുത്തിക്കോട്ടുമണ്ണ മഹാദേവ ക്ഷേത്രം
July 11, 2023

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 24

തകർക്കപ്പെട്ട ഒരു ദുർഗ്ഗ ഭഗവതി ക്ഷേത്രത്തെക്കുറിച്ച് അറിഞ്ഞപ്പോൾ ആ ക്ഷേത്രം കാണണമെന്നു തോന്നി. 2018 ജൂലൈ ഒന്നിന് രാവിലെ തിരൂർ കോട്ടക്കൽ റോഡിലുള്ള പൊൻമുണ്ടം ജംങ്ഷനിൽ ബസ്സിറങ്ങി. ക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റി സെക്രട്ടറി സി. ടി. അഖിലേഷ് ബൈക്കുമായി അവിടെ കാത്തു നിന്നിരുന്നു. വളവന്നൂർ പഞ്ചായത്തിൽ വളവന്നൂർ വില്ലേജിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അൽപ്പദൂരം വരെ ബൈക്കിൽ യാത്ര ചെയ്തെങ്കിലും പിന്നീട് തോട്ടുവരമ്പിലൂടെ നടന്നു. ഒരു പറമ്പിലേക്ക് കയറിയത് ഒറ്റയടി പാതയിലേക്കാണ്. ആ പാത അവസാനിച്ചത് തോട്ടിൻ കരയിൽ നെടുനീളെ വെച്ച ചെങ്കല്ലിൻ്റെ വരിയിലാണ്. സൂക്ഷിച്ചു നടന്നില്ലെങ്കിൽ തോട്ടിൽ വീണുപോകും. അഖിലേഷ് അങ്ങനെയൊരു മുന്നറിയിപ്പും തന്നു. മുന്നിൽ നടന്ന അദ്ദേഹം ഒന്നു നിന്നിട്ട് വടക്കുപടിഞ്ഞാറ് മൂലയിലേക്ക് വിരൽ ചൂണ്ടിയിട്ടു പറഞ്ഞു, അതാണ് ക്ഷേത്രക്കുളം. കാടുപിടിച്ചു കിടക്കുന്ന കുളക്കരയിൽ ക്ഷേത്രക്കുളമെന്നു കണ്ടു.

വളവന്നൂർ റീ.സ.13 ൽ 5 (പഴയ സർവെ 35 ൽ 14) 11 സെൻ്റ് കുളം അന്യാധീനപ്പെട്ടു കിടക്കുകയായിരുന്നു. അവിടെ നിന്നും ഉയർന്ന പറമ്പിലേക്ക് കയറിയപ്പോൾ നിറയെ കുവ്വക്കാടായിരുന്നു. കുവ്വക്കാട്ടിലൂടെയും ഒറ്റയടിപാത മാത്രമെ ഉണ്ടായിരുന്നുള്ളു. ക്ഷേത്രത്തിലേക്ക് പ്രവേശിക്കാൻ ഒരു വഴിപോലുമില്ല. തകർക്കപ്പെടാത്ത വലിയൊരു ബലിക്കല്ല് ക്ഷേത്രത്തിൻ്റെ ഭൂതകാല പ്രൗഢിയുടെ പ്രതീകമായി നില നിൽക്കുന്നു. ക്ഷേത്രത്തിൽ കുറച്ചു സ്ത്രീകളേയും ക്ഷേത്ര കമ്മിറ്റിയിലെ മറ്റു ഭാരവാഹികളേയും കണ്ടു. അന്ന് ഉച്ചക്ക് ഭക്തജനങ്ങളുടെ യോഗം ചേരാനുള്ള ഒരുക്കം നടക്കുകയാണ് അവിടെ. സ്ത്രീകൾ ക്ഷേത്രവളപ്പിനു ചുറ്റും വൃത്തിയാക്കി ക്കൊണ്ടിരിക്കുന്നു. ക്ഷേത്രത്തിൻ്റെ ഭൂതകാലവും വർത്തമാനകാലത്തെ അവസ്ഥയും രേഖപ്പെടുത്താനിരിക്കുമ്പോൾ ഞാൻ ഇരിക്കുന്ന ഭാഗത്തേക്ക് ഒരു സർപ്പം വരുന്നത് എല്ലാവരും കണ്ടു. വിവരങ്ങൾ ചോദിച്ചറിയുന്നത് മാറ്റി വെച്ച് ആ നാഗത്തെ എൻ്റെ ക്യാമറയിൽ പകർത്തിക്കൊണ്ട് ക്ഷേത്രത്തിൻ്റെ നിലവിലെ അവസ്ഥ ഞാൻ ചിത്രീകരിച്ചു.

കിഴക്കോട്ട് ദർശനമായാണ് ക്ഷേത്രം. ശ്രീകോവിലിൻ്റെ മുഖഭാഗത്ത് കരിങ്കൽ തൂണുകൾ കൊണ്ടുള്ള കട്ടിളയുണ്ട്. അതിൻ്റെ തെക്കുഭാഗത്തെ ഭിത്തി തകർന്നിരിക്കുന്നു. സോപാനവും തകർക്കപ്പെട്ട നിലയിലാണ്.

ക്ഷേത്രപരിസരത്ത് നിന്നും കണ്ടെത്തിയ ക്ഷേത്രാവശിഷ്ടങ്ങൾ

നിലവിലുള്ള അവസ്ഥ പരിശോധിക്കുമ്പോൾ പഴയ കാലത്ത് സോപാനം കയറി ചെല്ലുന്നത് ചെറിയൊരു മണ്ഡപത്തിലേക്കാണ്. ശ്രീകോവിലിനോട് ചേർന്നുള്ള മണ്ഡപമാണ് ഇവിടെ ഉള്ളത്. അത് കടന്നു വേണം ശ്രീകോവിലിൽ എത്താൻ. ശ്രീകോവിലിനും പ്രത്യേകം വാതിലുണ്ട്. രണ്ടു പ്രവേശന ഭാഗത്തേയും വാതിൽ പാളികൾ നഷ്ടപ്പെട്ടിരിക്കുന്നു. ശ്രീകോവിൽ തറയും അതിനോടു ചേർന്നുള്ള മുഖമണ്ഡപത്തറയും ചതുരാകൃതിയിലാണ്. ചെങ്കല്ലിലാണ് ഭിത്തിയുടെ നിർമ്മാണം മനോഹരമായ കൊത്തുപണികളോടെ ചെങ്കല്ലുകൾ അടുക്കി വെച്ചിരിക്കുകയാണ്. ശ്രീകോവിലിൻ്റെ മേൽക്കൂരയും ചെങ്കല്ലു പതിച്ചതാണ്. ശ്രീകോവിലിൽ നിന്നും വടക്കുഭാഗത്തുള്ള കരിങ്കല്ലിൻ്റെ ഓവ് തകർത്ത നിലയിൽ കണ്ടു. ശ്രീകോവിലിനു വെളിയിൽ വടക്കു കിഴക്കെ മൂലയിൽ ചതുരാകൃതിയിൽ തീർത്ഥക്കിണറുമുണ്ട്. ഇതിനു കിഴക്കു ഭാഗത്ത് തകർക്കപ്പെട്ട ക്ഷേത്രത്തിൻ്റെ അവശിഷ്ടങ്ങൾ കൂട്ടിയിട്ടിരിക്കുന്നു. ചുറ്റമ്പലവും തിടപ്പള്ളിയും തകർത്ത നിലയിലാണ്. ഇപ്പോൾ അവയുടെ തറ മാത്രമേയുള്ളൂ.

ഉപപ്രതിഷ്ഠകളുടെ സ്ഥാനമൊന്നും കണ്ടില്ല. ശ്രീകോവിലിനകത്ത് പ്രതിഷ്ഠിച്ച് എല്ലാ മലയാളമാസവും കാർത്തിക നാളിൽ പൂജിക്കുന്ന വിഗ്രഹം ക്ഷേത്രവളപ്പിൽ നിന്നും കണ്ടെത്തിയതാണ്. അപ്പോൾ എടുത്ത ഫോട്ടോ ക്ഷേത്ര കമ്മിറ്റി സൂക്ഷിച്ചു വരുന്ന ആൽബത്തിൽ നിന്നും കണ്ടു. കഴുത്തും ഇരു കയ്യും പാദവും വെട്ടിമാറ്റിയ നിലയിലായിരുന്നു വിഗ്രഹം. ടിപ്പു തകർത്ത ക്ഷേത്രമാണിതെന്ന് വിശ്വസിക്കുന്നവരും അതല്ല, കാലക്രമേണ ആരും നോക്കാനില്ലാത്ത സ്ഥിതിയിൽ പഴകി തകർന്നതാണെന്നും വിശ്വസിക്കുന്നവരുണ്ട്. അതേ സമയം ശക്തമായ അക്രമം ക്ഷേത്രത്തിനു നേരെ നടന്നിട്ടുണ്ടെന്ന് ക്ഷേത്രത്തിലെ തകർന്നു കിടക്കുന്ന ശിലകളും വിഗ്രഹവും കണ്ടാൽ വ്യക്തമാവും. കരിങ്കല്ലുകൾ സ്വയം തകരുകയില്ലല്ലോ. വിഗ്രഹത്തിൻ്റെ കഴുത്തും കൈകളും പാദങ്ങളും കൃത്യമായി വെട്ടിമുറിച്ചതുമാണ്.

ഈ ക്ഷേത്രം സംഘടിതമായ അക്രമത്തിൽ തകർന്നതാണെങ്കിൽ സമീപത്ത് വേറേയും ക്ഷേത്രങ്ങൾ തകർത്തിരിക്കാം. അതിനെക്കുറിച്ചുള്ള അന്വേഷണത്തിൽ ഈ ക്ഷേത്രത്തിന് സമീപ പ്രദേശങ്ങളിൽ അഞ്ച് ക്ഷേത്രങ്ങൾ തകർന്ന നിലയിൽ കിടന്നിരുന്നതായി അറിയാൻ കഴിഞ്ഞു. പൊൻമുണ്ടത്ത് തകർക്കപ്പെട്ട നിലയിൽ ഒരു വിഷ്ണു ക്ഷേത്രം കണ്ടവർ ഇക്കാലത്തും ജീവിച്ചിരുപ്പുണ്ട്. ഇതിനു സമീപത്ത് ഹിന്ദു ഭവനങ്ങളില്ല. പൊൻമുണ്ടം മഹാവിഷ്ണു ക്ഷേത്രം സ്ഥിതി ചെയ്തിരുന്ന

ഭാഗത്ത് ഇപ്പോൾ മുഹമ്മത് ഹാജി എന്നൊരാൾ വീടു നിർമ്മിച്ചു താമസിക്കുകയാണ്. കുറ്റിപ്പാല കുളങ്ങര ക്ഷേത്രഭൂമിയിൽ ഒരു നന്ദി വിഗ്രഹം മാത്രമെയുള്ളു. ഭൂമി മാപ്പിളമാരുടെ കൈവശത്തിലാണ്. ചോലക്കര ദുർഗ്ഗാക്ഷേത്രത്തിന് തെക്കുഭാഗത്ത് അല്ലോട്ട് ദേവീക്ഷേത്രം, പറങ്ങോട്ടു ചോല ശിവക്ഷേത്രം, കടുങ്ങാത്തുകുണ്ട് ശിവക്ഷേത്രവും തകർക്കപ്പെട്ടു. ഇതിൽ അലോട്ട് ദേവീക്ഷേത്രം, പറങ്ങോട്ടു ചോല ശിവക്ഷേത്രം എന്നിവ പുനരുദ്ധാരണം നടന്നു കൊണ്ടിരിക്കുകയാണ്.

വിഗ്രഹം തകർന്ന നിലയിൽ

കൽപ്പകഞ്ചേരി സബ് റജിസ്റ്ററാപ്പീസിൽ 1954 ൽ റജിസ്റ്റർ ചെയ്ത 137 നമ്പർ ആധാര പ്രകാരം ക്ഷേത്രഭൂമി അടക്കമുള്ള ഭൂസ്വത്തുക്കൾ ചോലക്കര മൂസത് മാരുടെ കൈവശമായിരുന്നു. കേശവൻ മൂസത് എന്നൊരാളുടെ കാലത്തുണ്ടായ ഒരു സിവിൽ തർക്കം ഒ.എസ്. 1928 ൽ 65 നമ്പറായി ഒറ്റപ്പാലം സബ് കോടതിയിൽ എത്തുകയുണ്ടായി. ഈ കേസിലുണ്ടായ വിധിയെ തുടർന്ന് വിധികടത്തിന് തിരൂർ മുൻസിഫ് കോടതിയിൽ ഇ.എ 1219/1943 നമ്പറായി ഹർജി വരികയും ഭൂമി ജപ്തി ചെയ്ത് ലേലം ചെയ്തതിൽപ്പിന്നെ ക്ഷേത്രഭൂമി അടക്കമുള്ള ഭൂമി കേരളാധീശ്വരപുരം ഊട്ടു ബ്രഹ്മസ്വത്തിലേക്ക് വരികയും ചെയ്തു. ഈ കേസിനെക്കുറിച്ചും വിധി കടത്തെക്കുറിച്ചും കൂടുതലായി മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. അതിനു ശേഷം കോഴിക്കോട് സാമൂതിരി രാജാവിൽ നിന്നാണ് ഒരു ചാർത്തുവഴി (ഏൽപ്പനക്ക് കൊടുക്കുന്ന ലക്ഷ്യം ) ഭൂമികളത്രയും കൈമാറ്റം ചെയ്തു പോയത്.

ക്ഷേത്രഭൂമി വളവന്നൂർ വില്ലേജ് റീ.സ 13 ൽ 6 (പഴയ സർവ്വെ 35 ൽ 13 ) ൽ പെട്ടതും 26 സെൻ്റ് വിസ്തീർണ്ണമുള്ളതുമാണ്. കുളം അടക്കം 37 സെന്റുണ്ട്. 2013 നവംബറിലാണ്, ആരും തിരിഞ്ഞു നോക്കാതെ കാടുകയറി കിടന്നിരുന്ന ക്ഷേത്രഭൂമിയിൽ ശങ്കരൻ കണ്ണി, അഖിലേഷ്, പട്ടരാട്ട് രജീഷ് കുമാർ, രഞ്ജിത്ത് എന്നിവർ ആദ്യമായി ക്ഷേത്രഭൂമിയിൽ പ്രവേശിച്ചത്. തകർന്ന് കാടുമൂടിക്കിടക്കുന്ന ക്ഷേത്രം നവീകരിക്കണമെന്ന് തീരുമാനിച്ചു. ക്ഷേത്രത്തിൻ്റെ സമീപത്തൊന്നും ഹിന്ദു വീടുകളില്ല.

ക്ഷേത്രഭൂമിയിലെ കാട് ഭക്തജനങ്ങളെ കൂട്ടി വെട്ടിത്തെളിയിച്ച ദിവസങ്ങളെക്കുറിച്ച് ശങ്കരൻ കണ്ണി ഇങ്ങനെ ഓർമ്മിച്ചെടുത്തു – “ക്ഷേത്രം പൂർണ്ണമായും കാടുകയറി കിടക്കുകയായിരുന്നു. ശ്രീകോവിലിനു മുകളിൽ വലിയ രണ്ടു പനകൾ ഉണ്ടായിരുന്നു. പനയെല്ലാം വെട്ടി നീക്കി. അതിൻ്റെ വേരുകളാണ് ശ്രീകോവിലിൻ്റെ ഭിത്തികളിൽ കാണുന്നത്. ക്ഷേത്രവളപ്പിലെ കാടുവെട്ടിത്തെളിയിക്കുമ്പോഴാണ് മുൻവശത്ത് കമിഴ്ന്നു കിടക്കുന്ന നിലയിൽ തലയും പാദങ്ങളും അറ്റുപോയ ദുർഗ്ഗാ ഭഗവതിയുടെ ബിംബം കിട്ടിയത്. ക്ഷേത്രത്തിൻ്റെ മറ്റ് തൂണുകളും വെട്ടി നീക്കിയ ഓവിൻ്റെ ഭാഗവും കിട്ടി. മണിക്കിണർ തൂർന്നു കിടക്കുകയായിരുന്നു. കശാപ്പുശാലയിലേയും കല്യാണ വീടുകളിൽ നിന്നുള്ള വേസ്റ്റുകളുമിട്ടാണ് മണിക്കിണർ നശിപ്പിച്ചത്. ഭക്തജനങ്ങൾ ഒത്തൊരുമിച്ച് മണിക്കിണർ വൃത്തിയാക്കി.” ക്ഷേത്ര പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് കമ്മിറ്റി രൂപീകരിച്ചത് 2013 നവംബർ 12 നാണ്. യോഗം ചേരാൻ സ്ഥലം പോലും ലഭിച്ചില്ല. ക്ഷേത്രഭൂമിയും കുളവും ഒരു മാപ്പിള കുടുംബം പിടിച്ചടക്കി വെച്ചിരിക്കുകയാണ്. തിരിച്ചുപിടിക്കുന്നതിനു വേണ്ടി ശ്രമിച്ചാൽ മാപ്പിളമാരുടെ ഇഷ്ടക്കേടിന് കാരണമാകുമെന്ന് ഹിന്ദുക്കൾ ഭയപ്പെട്ടു. യോഗം ചേരാൻ സ്ഥലം പോലും കിട്ടാഞ്ഞതിനാൽ റോഡിൽ ഇരുന്ന് യോഗം ചേരാനാണ് പിന്നീടുണ്ടായ ആലോചന. ഒടുവിൽ മണക്കാം വീട്ടിൽ അറമുഖൻ്റെ വീട്ടിലാണ് യോഗം ചേർന്നത്.

ചോലക്കര ദുർഗ്ഗ ഭഗവതി ക്ഷേത്രം

തുടർന്ന് ചോലക്കര ശ്രീ ദുർഗ്ഗ ഭഗവതി ക്ഷേത്ര സംരക്ഷണ സമിതി രൂപീകരിച്ചു. മണക്കാം വീട്ടിൽ ആണ്ടിയും, ചെട്ടിയാം തൊടി ശങ്കരനും രക്ഷാധികാരികളും സി.ടി.രാജൻ പ്രസിഡന്റും അശോകൻ താണിക്കാ പറമ്പിൽ വൈസ് പ്രസിഡന്റും, സി.ടി.അഖിലേഷ് സെക്രട്ടറി, കെ.പി. കൃഷ്ണൻ ജോയിൻ്റ് സെക്രട്ടറിയുമായുള്ള സമിതിയാണ് രൂപീകരിച്ചത്. 2013 നവംബർ 16 വൃശ്ചികം ഒന്നിന് ചെട്ടിയാം തൊടിയിൽ കുഞ്ഞൻ ക്ഷേത്രത്തിൽ ആദ്യം വിളക്കുതെളിയിച്ചു. മണ്ഡലകാലം 41 ദിവസവും വിളക്കു വെച്ചു പ്രാർത്ഥിക്കാനാണ് തീരുമാനിച്ചത്. ക്ഷേത്രത്തിലേക്ക് വഴി ഇല്ലാത്തതിനാൽ ക്ഷേത്രത്തിനു മുൻവശത്തെ ഭൂവുടമയായ സെയ്തലവിയോട് ക്ഷേത്രത്തിലെത്താൻ അദ്ദേഹത്തിൻ്റെ പറമ്പിലൂടെ പ്രവേശിക്കാൻ അനുവാദം ചോദിച്ചിരുന്നു. 41 ദിവസമേ വഴി നടക്കൂ എന്നു കാണിക്കുന്ന രേഖ ഒപ്പിട്ടു കൊടുക്കണമെന്നാണ് സെയ്തലവി ആവശ്യപ്പെട്ടത്. കമ്മിറ്റിക്കാർ അതിനു തയ്യാറായില്ല. അവർ തോട്ടുവക്കത്തു കൂടി ക്ഷേത്രത്തിൽ പ്രവേശിക്കുകയും ചെയ്തു. ഇതുവരെ സെയ്തലവി വഴി തടഞ്ഞിട്ടില്ല. മേലിൽ അദ്ദേഹത്തിൻ്റെ വസ്തുവിലൂടെ പോകരുതെന്നു വിലക്കിയാൽ ക്ഷേത്രഭൂമി land locked ആയിത്തീരുന്നതാണ്.

സെയ്തലവിയുടെ ഉടമസ്ഥതയിലുള്ള പറമ്പ് ഏതാനും വർഷം മുമ്പുവരെ വയൽ ആയിരുന്നു. ഈ വയലിലൂടെ പെരും വരമ്പ് ക്ഷേത്രത്തിലെത്താൻ വേണ്ടി ഉണ്ടായിരുന്നു. വരമ്പിൻ്റെ ഇരുഭാഗത്തേയും വയൽ നികത്തി വളച്ചുകെട്ടിയതോടെയാണ് ക്ഷേത്രത്തിലേക്കുള്ള വഴി നഷ്ടപ്പെട്ടത്. ക്ഷേത്രത്തിൽ ആരാധന തുടങ്ങിയതോടെ ക്ഷേത്രഭൂമിയിൽ അവകാശവാദമുന്നയിച്ച് തയ്യിൽ കുഞ്ഞായിശ, കുഞ്ഞീൻ മുതലായവർ രംഗത്തുവന്നു. ക്ഷേത്രഭൂമിയും കുളവും അതുവരെ അതിരില്ലാതെ കിടക്കുകയായിരുന്നു. ക്ഷേത്രഭൂമിയും കുളവും അളന്നു കുറ്റിയടിച്ച് വേർതിരിച്ച് തരണമെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ തിരൂർ തഹസിൽദാർക്ക് ഹർജി സമർപ്പിച്ചു. ഇതിനെതിരെ ശക്തമായ എതിർപ്പുണ്ടായെങ്കിലും 2016 ഫിബ്രവരി രണ്ടിന് ക്ഷേത്രഭൂമിയും കുളവും അളന്ന് വേർതിരിച്ച് കുറ്റിയടിച്ചു ബോദ്ധ്യപ്പെടുത്തി.

ഇതോടെ തങ്ങളുടെ ഭൂമി കയ്യേറി കൈവശപ്പെടുത്താൻ ശ്രമിക്കുന്നതായി കാണിച്ച് കുഞ്ഞായിശ, കുഞ്ഞീൻ മുതലായവർ തിരൂർ മുൻസിഫ് കോടതിയിൽ 2016 ൽ ഒ.എസ്.50 നമ്പറായി ക്ഷേത്ര ഭാരവാഹികളെ പ്രതി ചേർത്ത് കേസുഫയൽ ചെയ്തു. ഈ കേസ് നിലവിലുണ്ട്. റെവന്യൂ ഉദ്യോഗസ്ഥൻമാർ അതിരിട്ട കരിങ്കൽ കാലുകൾ പുഴക്കി എറിഞ്ഞ സംഭവവും ഉണ്ടായി. ഇതു സംബന്ധിച്ച് കൽപ്പകഞ്ചേരി പോലീസ് ഐ.പി.സി. 153, 447, 427 വകുപ്പുകൾ പ്രകാരം ഒരു കേസും റജിസ്റ്റർ ചെയ്തിട്ടുണ്ട് (എഫ്.ഐ.ആർ. നമ്പർ 65/16). കോടതിയിലെ കേസ് ആരാധനക്ക് തടസ്സമുണ്ടാക്കിയിട്ടില്ല.

20l 4 ജനുവരി 22 നാണ് ക്ഷേത്രത്തിൽ അഷ്ടമംഗല പ്രശ്നം നടന്നത്. ചക്രം, ശംഖ്, അഭയ വരദ മുദ്രകളോടെയുള്ള ദുർഗ്ഗാക്ഷേത്രമാണിതെന്നും ചൈതന്യം നിലനിൽക്കുന്നുണ്ടെന്നും തെളിഞ്ഞു. നാഗസാന്നിദ്ധ്യവും കണ്ടു. ഗണപതിയെ ഒക്കത്തു വെച്ച ദുർഗ്ഗയുടെ പ്രതിഷ്ഠ നടത്തണമെന്നാണ് പ്രശ്ന വിധിയിൽ കണ്ടത്. ക്ഷേത്രഭൂമിക്ക് സമീപത്തൊന്നും ഹിന്ദുക്കളില്ല. പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കുള്ള ധനം സ്വരൂപിക്കാൻ ഭക്തജനങ്ങൾ ക്ലേശിക്കുകയാണ്. സാധാരണക്കാരായ കുടുംബങ്ങളാണ് പുനരുദ്ധാരണ പ്രക്രിയയുമായി രംഗത്തുള്ളത്. നിലവിലുള്ള ശ്രീകോവിൽ അറ്റകുറ്റപണികൾ നടത്താൻ മാത്രം നാലു ലക്ഷം രൂപ ചെലവു വരും. പുതിയ വിഗ്രഹം, സർപ്പക്കാവ്, നമസ്കാര മണ്ഡപം, ചുറ്റമ്പലം തുടങ്ങിയവയൊക്കെ നിർമ്മിക്കാനുണ്ട്. ചുറ്റുമതിൽ നിർമ്മാണം, കുളത്തിൻ്റെ സംരക്ഷണം ക്ഷേത്രത്തിലേക്കുള്ള വഴി ഇതൊക്കെ പരിഹരിക്കപ്പെടാനുണ്ട്. കല്ലൂർ മന വാസുദേവൻ നമ്പൂതിരിയാണ് തന്ത്രി. പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സ്ഥിതിയുള്ളവർ എത്തുമെന്ന പ്രതീക്ഷയിലാണ് കമ്മിറ്റിക്കാർ.

UPDATE: ഈ ക്ഷേത്രം ഇപ്പോൾ ഉഗ്രനരസിംഹ ചാരിറ്റബിൾ ട്രസ്റ്റ് ഏറ്റെടുത്ത് പുനരുദ്ധാരണം നടത്തിവരികയാണ്. പുനരുദ്ധാരണത്തിൻ്റെ ആദ്യ ഘട്ടമായി പ്രധാന പ്രതിഷ്ഠയായ ദുർഗ്ഗ ഭഗവതി പ്രതിഷ്ഠ ബാലാലയത്തിലേക്കു മാറ്റിയിരിക്കുന്നു.

Leave a Comment