146: വള്ളൂർ ദുർഗ്ഗാക്ഷേത്രം ചെറുകുടങ്ങാട്

145: ആര്യാംബിക ദേവി ക്ഷേത്രം
June 3, 2023
148: ഉരപ്പുരങ്ങാട് മഹാദേവ ക്ഷേത്രം
June 6, 2023

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 146

പാളങ്ങളിലൂടെ ഉരുളുന്ന ഉരുക്കു ചക്രങ്ങളുടെ ശബ്ദം അസ്വസ്ഥമാക്കുന്നില്ല. കാലഭേദങ്ങളിൽ പെയ്തിതിറങ്ങുന്ന മഞ്ഞും മഴയുമൊക്കെ ആ ശിൽപ്പഖണ്ഡത്തിന് ചിരപരിചിതം. ദ്വാരപാലകൻ്റെ ഈ കരിങ്കൽ ശില റെയിൽവെയുടെ ചാമ്പ്രയിൽ കിടക്കാൻ തുടങ്ങിയിട്ട് 137 വർഷം പിന്നിട്ടു. ഒരു നൂറ്റാണ്ടിലേറെക്കാലം ഋതുഭേദങ്ങളേറ്റുവാങ്ങിയിട്ടും ദ്വാരപാലകൻ്റെ മനോഹാരിതയ്ക്ക് തെല്ലു പോലും മങ്ങലേറ്റിട്ടില്ല. സമീപത്തു തന്നെ ക്ഷേത്രാവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്നുമുണ്ട്. ശ്രീകോവിൽ നിന്നിരുന്നതിൻ്റെ മീതെയാണ് ട്രെയിനുകൾ ചീറിപ്പായുന്നത്.

150 വർഷം മുമ്പു വരെ ഇവിടെ ഒരു മഹാക്ഷേത്രമുണ്ടായിരുന്നു. ചരിത്ര പ്രസിദ്ധമായ വള്ളൂർ ദുർഗ്ഗാക്ഷേത്രമാണത്. റെയിൽപ്പാളം നിർമ്മിക്കുന്നതിൻ്റെ ഭാഗമായി ബ്രിട്ടീഷുകാർ തകർത്ത ക്ഷേത്രം. റെയിലിൻ്റെ ചാമ്പ്രയിൽ അംഗഭംഗം വന്ന ദ്വാരപാലകൻ്റേയും പീഠത്തിൻ്റേയുമൊക്കെ അവശിഷ്ടങ്ങൾ മണ്ണുമൂടാതെ കിടക്കുന്നതു കൊണ്ടു മാത്രമാണ് ഇവിടെ ഒരു മഹാ ക്ഷേത്രമുണ്ടെന്ന ചരിത്ര സത്യം കണ്ടെത്താൻ എനിയ്ക്ക് സാധിച്ചത്. പാലക്കാട് ജില്ലയിൽ പട്ടാമ്പി താലൂക്കിലെ പരുതൂർ പഞ്ചായത്തിലുള്ള ചെറുകുടങ്ങാട് എന്ന സ്ഥലത്തെ കണ്ണാട് എന്ന ഭാഗത്താണ് പ്രദേശത്തിൻ്റെ സാംസ്കാരിക നവോത്ഥാനത്തിന് വെളിച്ചം വിതറിയതിൻ്റെ പ്രഭവകേന്ദ്രമായി വളളൂർ ദുർഗ്ഗാക്ഷേത്രം സ്ഥിതി ചെയ്തിരുന്നത്. തകർന്ന ചില അവശേഷിപ്പുകൾ മാത്രമായി കിടക്കുന്ന ഇവിടെയുണ്ടായിരുന്ന മഹാക്ഷേത്രത്തിൻ്റെ ചരിത്രത്തിലേക്ക് കടുന്നുചെല്ലണമെങ്കിൽ കേരളത്തിലെ ദുർഗ്ഗാക്ഷേത്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചികയേണ്ടതുണ്ട്.

തകർക്കപ്പെട്ട ദ്വാരപാലകൻ

“ദുർഗ്ഗാലയങ്ങൾ നൂറ്റെട്ടും ദുഷ്കൃതം ദൂരെ നീങ്ങുവാൻ ദു:ഖം പോക്കേണമെൻ പോറ്റി ദുർഗ്ഗാദേവീ നമോസ്തുതേ” ദുർഗ്ഗാദേവിയുടെ പ്രാധാന്യം ചൂണ്ടിക്കാണിക്കുന്ന ധ്യാന ശ്ലോകമാണിത്. പരശുരാമൻ കേരളത്തിൽ പ്രതിഷ്ഠിച്ചത് 108 ദുർഗ്ഗാക്ഷേത്രങ്ങളാണ്. ഈ ക്ഷേത്രങ്ങളെക്കുറിച്ച് ഒരു സ്തോത്രം തന്നെയുണ്ട്. “വലയാലയമാദിക്കും തൈക്കാടും കടലായിലും കന്യാകുമാരി മേക്ഷി മൂകാംബി ചെറുകുന്നിലും കുമരനെല്ലൂരുകാവീടു ചേരനെല്ലൂരു ചെങ്ങളം തൊടിപ്പാളിയിടപ്പള്ളി പേരൂർക്കാവ് മയിൽ പുരം വെള്ളിത്തട്ടകത്തെന്നും ചാത്തനൂര് നെല്ലുവായിലും അന്തിക്കാട് പണങ്ങോട് അയ്യന്തോളയ്യ കുന്നിലും കടപ്പൂരുഴലൂരെന്നും ചൊല്ലാം പുന്നരിയമ്മയും കാരമുക്കു മടക്കുന്നിചെമ്പുക്കാവിട നാടുമേ പൂവ്വത്തിശ്ശേരി ചേർപ്പെന്നും കുട്ടനെല്ലൂരു ചേർത്തല വെള്ളിക്കുന്നെന്നു ചൊല്ലുന്ന വെണ്ടൂർ മാണിക്യമംഗലം വിളിപ്പാ വിളിയന്നൂരും വെളിയങ്കോടുവിട കൊടി ഈങ്ങയൂരുമിടപ്പറ കുട്ടലും കരുമാപ്പുറെ ചൊല്ലാം കൈവാലയം പത്തുരാരൂരു ചെങ്ങണ പോത്തന്നൂരു വിളിയന്നൂരു പന്തല്ലൂരു പന്നിയങ്കര കന്നിപതേണൂര് മറവഞ്ചീരി ഞാങ്ങാട്ടിരി പങ്കണ്ണൂര് കാട്ടൂരു പിഷാരി ചിറ്റണ്ടചോറ്റാനിക്കര രണ്ടിലും തിരുക്കുളം കിടങ്ങേത്ത് വിരങ്ങാട്ടൂര് ശിരസ്സിലും പേരച്ചന്നൂര മാങ്ങാട്ടൂര് തത്തംപള്ളി വരയ്ക്കലും കരിങ്ങാച്ചിറ ചെങ്ങന്നൂര് തൊഴാന്നൂരു തേവലക്കോടിളമ്പാറ കുറിഞ്ഞിക്കാട്ടുകാരയിൽ തൃക്കണ്ടിക്കാടുമീയിടെ ഉണ്ണൂര് മംഗലമെന്നിവ തെച്ചിക്കോട്ടോല മുക്കോല ഭക്തിയാർ ഭക്തിശകിഴക്കനിടക്കാടഴിയൂര് ” വള്ളൂര് ” വള്ളൊടി – കുന്നിമലയും പന്നിയൂര് തിരുവാലത്തൂര് ചൂരക്കോട്ടെന്നു കീഴടൂര് ഇരിങ്ങേളം കടംഞ്ചേരി തൃച്ഛംബരമിതാദരാൽ ഋണ – നാരായണം നെല്ലൂര് ക്രമത്താൽശാല രണ്ടിലും അഷ്ടമി കാർത്തിക ചൊവ്വാ നവമി വെള്ളിയാഴ്ചയും പതിനാലും തിങ്കൾ മുതൽ സന്ധ്യ കാലേ വിശേഷത ” പരശുരാമൻ പ്രതിഷ്ഠിച്ച 108 ദുർഗ്ഗാക്ഷേത്രങ്ങളെക്കുറിച്ചുള്ള സ്തോത്രമാണിത്.

ഈ സ്തോത്രത്തിൽ പരാമർശിക്കുന്ന “വള്ളൂര് ” ഇവിടെ വിഷയീഭവിച്ചവള്ളൂർ ദുർഗ്ഗാക്ഷേത്രമാണ്. സ്തോത്രത്തിൽ വാക്കുകളുടെ പ്രയോഗത്തിൽ പിൽക്കാലത്തുണ്ടായ മാറ്റം ശ്രദ്ധേയമാണ്. പങ്കണ്ണൂര് കുററിപ്പുറത്തിനുത്ത പൈങ്കണ്ണൂരും, പേരച്ചന്നൂര് പേരശ്ശന്നൂരുമാണ്. തോഴന്നൂര് വളാഞ്ചേരിക്കടുത്ത തൊഴുവാനൂരാണ്. ഈ മൂന്ന് ക്ഷേത്രങ്ങളും മലപ്പുറം ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. തത്തംപള്ളി പാലക്കാട് ജില്ലയിലെ തത്തനം പുള്ളിയാണ്. പേരശ്ശന്നൂർ ദുർഗ്ഗാക്ഷേത്രം ടിപ്പുവിൻ്റെ പടയോട്ടത്തിൽ തകർക്കുയും അടിച്ചുടച്ച ദേവീ വിഗ്രഹം ഭാരതപ്പുഴയിൽ എറിയുകയും ചെയ്തു. ഈ ക്ഷേത്രം ഇപ്പോൾ പുനരുദ്ധാരണം കഴിഞ്ഞു. തകർക്കപ്പെട്ട വിഗ്രഹഭാഗങ്ങൾ ഭാരതപ്പുഴയിലെ കയത്താൽ നിന്നും കണ്ടെടുക്കുകയും ചെയ്തു. തത്തനം പുള്ളി ദുർഗ്ഗാക്ഷേത്രം ഇപ്പോഴും തകർക്കപ്പെട്ട നിലയിൽത്തന്നെയാണുള്ളത്. ടിപ്പുവിൻ്റെ സൈന്യം അടിച്ചുടച്ച നിലയിൽ ഇപ്പോഴുമുണ്ട്.

പഴയ കാല നാട്ടുരാജ്യമായ നെടുങ്ങനാട്ടിലാണ് പരശുരാമൻ പ്രതിഷ്ഠിച്ച 108 ദുർഗ്ഗാലയങ്ങളിലൊന്നായ വള്ളൂർ ദുർഗ്ഗാക്ഷേത്രം സ്ഥിതി ചെയ്തിരുന്നത്. ക്ഷേത്ര ഭൂമിക്ക് അരഞ്ഞാണം ചാർത്തി ഒരു പുരാതന തോടും ഒഴുകിയിരുന്നു. വളളൂർ തോട് എന്ന പേരിലാണ് ഇത് അറിയപ്പെട്ടിരുന്നത്. രണ്ട് ഏക്കറോളം വിസ്തൃതിയുള്ള വയലിനു മദ്ധ്യേയുള്ള ക്ഷേത്രത്തിന് പരശുരാമ കാലത്തിൻ്റെ പഴക്കമുണ്ട്. നിത്യപൂജയും ചുറ്റമ്പലവും കൊടിമരവും ആണ്ടിനാൽ പൂരവുമൊക്കെയുണ്ടായിരുന്നിരിക്കണം. തീർത്ഥക്കിണറിൻ്റെ സ്ഥാനം വടക്കു കിഴക്കുഭാഗത്തായിരുന്നു. അതിനും വടക്കുഭാഗത്താണ് തീർത്ഥക്കുളം. നെടുങ്ങനാട് രാജാക്കൻമാരായിരുന്നു ക്ഷേത്രം പരിപാലിച്ചിരുന്നത്. പിൽക്കാലത്ത് നെടുങ്ങനാട് സാമൂതിരി പിടിച്ചടക്കി.

സാമൂതിരിയുടെ ഭരണ പ്രദേശമായ 32 ചേരിക്കലിൽ ഒന്നാണ് പരുതൂർ, ചെറുകുടങ്ങാട് പ്രദേശങ്ങൾ. പ്രാദേശിക ഭരണവ്യവസ്ഥിതിക്ക് കാര്യക്കാരെ ദേശച്ചുമതലയേൽപ്പിച്ചു. പുന്നശ്ശേരി നമ്പിയാണ് ആ കാര്യക്കാരനെന്നാണ് വിശ്വസിക്കപ്പെട്ടു വരുന്നത്. പുന്നശ്ശേരി ദേവസ്വത്തിൻ്റെ കീഴിലായിരുന്നു ഈ ക്ഷേത്രം എന്ന ധാരണ ആ വിശ്വാസത്തെ ബലപ്പെടുത്തുന്നതാണ്. പുന്നശ്ശേരിയാണ് വള്ളൂർ ദുർഗ്ഗാക്ഷേത്രത്തിൻ്റെ ഊരാളർ എന്നാണ് ഇപ്പോഴും പറയപ്പെടുന്നത്. ക്ഷേത്രഭൂമിക്ക് സമീപം പരുതൂർ പാലത്തറയിൽ ഒരു കോവിലകമുണ്ടായിരുന്നു. സാമൂതിരിയുടെ കോവിലകമാണെന്ന് വാമൊഴി ചരിത്രമുള്ള ആ കോവിലകം ഇപ്പോൾ ഇല്ല.

ക്ഷേത്രാവശിഷ്ടം

മലബാറിൽ നിന്നും പോത്തനൂർ വഴി മദിരാശിയിലേക്ക് ചരക്കുനീക്കം നടത്തുന്നതിനു വേണ്ടി ബ്രിട്ടീഷ് ഗവർമ്മേണ്ട് എ.ഡി. 1885 ൽ തിരൂരിൽ നിന്നും തെക്കോട്ടേക്ക് റെയിൽപ്പാത നിർമ്മിച്ചു. കേരളത്തിലെ ആദ്യത്തെ റെയിൽപ്പാത തിരൂർ- ബേപ്പൂർ പാതയായിരുന്നു. 30.5 കിലോമീറ്റർ ദൈർഘ്യമുള്ള റെയിൽവെയുടെ ആദ്യത്തെ റെയിൽവെ സ്റ്റേഷൻ ബേപ്പൂരിനു തെക്കുള്ള ചാലിയത്തും. എ.ഡി.1960 ലാണ് ബ്രിട്ടീഷുകർ ഈ പാത നിർമ്മിച്ചത്. പരപ്പനാട് തളി മഹാദേവ ക്ഷേത്രഭൂമിയിലൂടെയാണ് ആദ്യ പാതയുടെ നിർമ്മാണം. അതിൽപ്പിന്നെ 25 വർഷത്തിനുശേഷമാണ് കുറ്റിപ്പുറം പട്ടാമ്പി വഴി പോത്തനൂരിലേക്ക് പാത നിർമ്മിച്ചത്. റെയിൽപ്പാതക്ക് വേണ്ടി ലാൻറ് മാർക്കിംങ്ങ് നടത്തുമ്പോൾ കഴിയുന്നതും വളവില്ലാതെത്തന്നെ പാതക്കുള്ള സ്ഥലം രേഖപ്പെടുത്താൻ ഗവർമ്മേണ്ട് പ്രത്യേകം നിഷ്ക്കർഷിക്കുകയുണ്ടായി. ഇപ്രകാരം ലാൻറ് മാർക്കിംങ്ങ് നടത്തിയപ്പോൾ പല ക്ഷേത്രഭൂമികളും ഉൾപ്പെട്ടു.

ബ്രിട്ടീഷ് ഗവർമ്മേണ്ടിന് ക്ഷേത്രവും ക്ഷേത്രഭൂമികളും പാത നിർമ്മാണത്തിന് തടസ്സമായില്ല. ക്ഷേത്രഭൂമി ഒഴിവാക്കണമെന്നു പറയാൻ അക്കാലത്ത് ഹിന്ദു പക്ഷത്ത് ആരും ഉണ്ടായതുമില്ല. എത്ര ക്ഷേത്രങ്ങൾ തകർത്തു കൊണ്ടാണ് ബ്രിട്ടീഷുകാർ റെയിൽപ്പാത നിർമ്മിച്ചത് എന്നതിന് ഒരുകണക്കുമില്ല. തിരൂരിനും തിരുന്നാവായക്കുമിടയിൽ ഒരു ക്ഷേത്രം തകർത്തിട്ടുണ്ട്. വെളിപ്പെട്ട മറ്റൊരു ക്ഷേത്രമാണ് വള്ളൂർ ദുർഗ്ഗാക്ഷേത്രം.

ക്ഷേത്ര ഭൂമിയിലൂടെ റെയിൽപ്പാത നിർമ്മിക്കുമ്പോൾ ബ്രിട്ടീഷുകാർ എന്തെല്ലാം നടപടി ക്രമങ്ങൾ പാലിച്ചിരുന്നു എന്നതിനെക്കുറിച്ച് ഇക്കാലത്ത് വ്യക്തതയൊന്നുമില്ല. ക്ഷേത്രം ഇടിച്ചു നിരപ്പാക്കി. തീർത്ഥക്കിണറും തീർത്ഥക്കുളവും മണ്ണിട്ട് നികത്തി. ശ്രീ കോവിൽ തറയ്ക്ക് സമാന്തരമായി മണ്ണിട്ടുയർത്തി ഉരുക്കു പാളങ്ങൾ കയറ്റി വെക്കുകയായിരുന്നു. ക്ഷേത്രത്തിലെ പ്രതിഷ്ഠ പെരുമുടിയൂരിലുള്ള പുന്നശ്ശേരി നമ്പിയുടെ ഇഹാപുരേശ്വരി ക്ഷേത്രത്തിലേക്ക് മാറ്റിയിട്ടുണ്ടെന്ന് സംശയിക്കുന്നു. അതിനും വ്യക്തതയില്ല. ഒരു വസ്തുത തീർത്തും വ്യക്തമാണ്‌. പരശുരാമൻ കേരളത്തിൽ പ്രതിഷ്ഠിച്ച വള്ളൂർ ദുർഗ്ഗാക്ഷേത്രം തകർത്ത് അതിനു മുകളിലൂടെയാണ് ബ്രിട്ടീഷുകാർ റെയിൽ പാത നിർമ്മിച്ചിരിക്കുന്നത്.

എ.ഡി.1885 ലാണല്ലോ ക്ഷേത്രം തകർത്തത്. ഇതെഴുതുമ്പോൾ ക്ഷേത്രം തകർത്തിട്ട് 137 വർഷം പിന്നിട്ടിരിക്കുന്നു. അന്നത്തെ കാഴ്ചകൾ കണ്ടവരൊന്നും ഇന്ന് ജീവിച്ചിരിക്കുന്നില്ല. എന്നാൽ എ.ഡി. 1970 കാലഘട്ടത്തിൽ ജീവിച്ചിരുന്നവരുടെ യൗവ്വനകാലത്ത് ക്ഷേത്രഭൂമിയുടെ അവസ്ഥ കണ്ടിട്ടുണ്ട്. പ്രദേശവാസിയും എഴുപത്തൊന്നു വയസ്സുമുള്ള മാക്കോവിലകത്തുപടി രാമൻ എന്നയാളെ കണ്ട് വിവരം ശേഖരിക്കാൻ എനിക്ക് കഴിഞ്ഞു. രാമൻ്റെ വീട്ടു പേരിലും ഒരു ചരിത്രം ഒളിഞ്ഞുകിടപ്പുണ്ട്. മാക്കോവിലകം എന്നു പേരുള്ള കോവിലകത്തിൻ്റെ ആശ്രിതരായിരുന്നിരിക്കണം രാമൻ്റെ കുടുംബം. നേരത്തെ സൂചിപ്പിച്ചതും നിലവിൽ ഇല്ലാത്തതുമായ കോവിലകമായിരിക്കണമിത്.

നെഞ്ചകം തകരുന്ന കാഴ്ചയായിരുന്നു അതെന്ന് രാമൻ ആമുഖമായി പറഞ്ഞു. അക്കാലത്ത് അദ്ദേഹത്തിൻ്റെ പ്രായം 21 വയസ്സാണ്. റെയിൽവെ ചാമ്പ്രയിലെങ്ങും ക്ഷേത്രാവശിഷ്ടങ്ങൾ .നിരവധി വിഗ്രഹങ്ങളും ബലിക്കല്ലുകളും ദ്വാരപാലകരുടെ ശിൽപ്പങ്ങളുമൊക്കെയുണ്ട്. ക്ഷേത്ര ശ്രീകോവിലിനു മുകളിലൂടെ റെയിൽപ്പാളങ്ങൾ വെച്ച ബ്രിട്ടീഷുകാർ ക്ഷേത്രാവശിഷ്ടങ്ങളൊന്നും കൊണ്ടു പോയിരുന്നില്ല. കൊത്തുപണികളോടെയുള്ള ക്ഷേത്രത്തിൻ്റെ വലിയ കരിങ്കൽ തൂണുകളൊക്കെ കൂട്ടിയിട്ടിരിക്കുകയായിരുന്നു. ആരാലും ശ്രദ്ധിക്കപ്പെടാതെ 1970 വരെ ക്ഷേത്രത്തിൻ്റെ വിഗ്രഹങ്ങളും മറ്റും കുന്നു കൂടിയും ചിതറിയും കിടന്നിരുന്നു. അതിനു ശേഷം ക്ഷേത്രാവശിഷ്ടങ്ങൾക്ക് എന്തു സംഭവിച്ചു?. രാമൻ അതിനും സാക്ഷിയായിരുന്നു.

ക്ഷേത്രത്തിൻ്റെ കരിങ്കൽ തൂണുകളിലും മറ്റും കച്ചവടക്കണ്ണ കണ്ടത് ഒരു ഹിന്ദുവിനായിരുന്നു. വിഗ്രഹങ്ങളും തൂണുകളും ഉടച്ചെടുത്താൽ ലോഡുകണക്കിന് കരിങ്കല്ലു കിട്ടും. അതിന് നല്ല വിലയും കിട്ടും. അനാഥമായി കിടന്ന ക്ഷേത്രാവശിഷ്ടങ്ങളിൽ അവകാശം പറയാനോ എതിർക്കാനോ വരാൻ ആരുമില്ലെന്ന് അയാൾക്ക് അറിയാമായിരുന്നു. എരുമത്തടത്തിൽ എന്ന വീട്ടു പേരുള്ള ഒരു തറവാട്ടിലെ അംഗമാണ് ദുർഗ്ഗാക്ഷേത്രത്തിൻ്റെ അവശിഷ്ടങ്ങളിൽ കണ്ണുവെച്ചത്. ക്ഷേത്രാവശിഷ്ടങ്ങൾ ഉടച്ചെടുക്കാൻ കരിങ്കൽ പണിക്കാരായ ഹിന്ദുക്കളെയാണ് അയാൾ ആദ്യം കൊണ്ടുവന്നത്. ക്ഷേത്രത്തൂണുകളും വിഗ്രഹങ്ങളുമൊക്കെ ആയതു കൊണ്ട് അവർ അതിനു തയ്യാറായില്ല. തുടർന്ന് കാരക്കാടു നിന്നും മാപ്പിളമാരെ കൊണ്ടുവന്ന് കരിങ്കൽ തൂണുകളും വിഗ്രഹങ്ങളുമൊക്കെ ഉടച്ച് ആ കരിങ്കല്ല് വിറ്റു. അങ്ങനെ ചെയ്തയാൾ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്. ക്ഷേത്രഭൂമി റെയിൽവെക്ക് വേണ്ടി എടുത്തെങ്കിലും 45 സെൻ്റ് ഭൂമി ഒഴിവാക്കി കിടക്കുന്നുണ്ടെന്നാണ് രാമൻ്റെ അറിവ്. അത് എരുമത്തടത്തിൽ എന്ന വീട്ടുകാർ അധീനതയിലാക്കിയിട്ടുണ്ടെന്നും രാമൻ പറഞ്ഞു. എരുമത്തടത്തിൽ വീട്ടുകാരെ കാണാനോ, അവർക്കു പറയാനുള്ളത് രേഖപ്പെടുത്താനോ കഴിഞ്ഞിട്ടില്ല. അവർക്ക് പറയാനുള്ളതുകൂടി ഈ ചരിത്രത്തിൽ ചേർക്കേണ്ടതുണ്ട്.

ക്ഷേത്രാവശിഷ്ടം

2022 ഫിബ്രവരി മൂന്നിനാണ് ഞാൻ വളളൂർ ദുർഗ്ഗാക്ഷേത്രഭൂമിയിലെത്തിയത്. വള്ളൂർ തോട്ഗതകാല സ്മരണകളോടെ ഒഴുകിക്കൊണ്ടേയിരിക്കുന്നു. ശ്രീ കോവിൽ നിന്നിരുന്നതിനു മീതെയുള്ള പാളങ്ങളിലൂടെ ട്രെയിനുകൾ കുതിച്ചു പായുന്നു. ഉടച്ചു വിൽക്കാത്ത ക്ഷേത്രാവശിഷ്ടങ്ങളിൽ ചിലത് റെയിലിൻ്റെ പടിഞ്ഞാറെ ചാമ്പ്രയിൽ പുൽക്കാടുകളിലുണ്ട്. ദ്വാരപാലകരുടെ അംഗഭംഗം വന്ന ശിൽപ്പം ,ക്ഷേത്രത്തിൻ്റെ തൂണുകളുടെ ചില ഭാഗങ്ങൾ, തിടപ്പള്ളിയിലെ അവശിഷ്ടങ്ങൾ എന്നിവയൊക്കെ കാണാൻ സാധിച്ചു. തീർത്ഥക്കുളം നികത്തിയിരിക്കുന്നു. പാത ഇരട്ടിപ്പിക്കുന്ന വേളയിൽ തീർത്ഥക്കിണർ കണ്ടെങ്കിലും വീണ്ടും അത് മണ്ണിട്ട് മൂടി. ഇവിടെയാണ് പരശുരാമകാലത്തോളം പഴക്കമുള്ളവള്ളൂർ ദുർഗ്ഗാക്ഷേത്രമുണ്ടായിരുന്നത് എന്ന് പിൽക്കാലത്ത് എപ്പോഴെങ്കിലും തെളിയട്ടെയെന്ന ദേവിയുടെ ഇംഗിതമായിരിക്കാം ക്ഷേത്രാവശിഷ്ടങ്ങൾ ഉടച്ച് വിറ്റയാൾക്ക് ഒരു ദ്വാരപാലകൻ്റെയും ചെറിയ ചില തൂണുകളും ഉടയ്ക്കാൻ തോന്നാതിരുന്നത്. ഇവയും ഉടച്ചുവിറ്റിരുന്നെങ്കിൽ ഈ ക്ഷേത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ ഒരിക്കലും പുറത്തു കൊണ്ടുവരാൻ കഴിയുമായിരുന്നില്ല.

വള്ളൂർ ദുർഗ്ഗാക്ഷേത്രം ഓരോഭാരതീയൻ്റെയും അഭിമാന പ്രശ്നമായി ഉയർന്നു വരണം. ബ്രിട്ടീഷുകാർ തകർത്ത ക്ഷേത്രം പ്രദേശത്ത് പുന:സ്ഥാപിച്ചുകൊണ്ട് അഭിമാന ക്ഷതം ഇല്ലാതാക്കണം. റെയിലിനു വേണ്ടി ക്ഷേത്രം തകർത്തതും ക്ഷേത്രാവശിഷ്ടങ്ങൾഉടച്ചുവിറ്റതുമൊക്കെ തൽക്കാലം മറക്കണം. ക്ഷേത്രത്തിന് 45 സെൻ്റ് ഭൂമിയുണ്ടെന്ന വസ്തുത ശരിയാണെങ്കിൽ ആ ഭൂമിയിൽ ദുർഗ്ഗാക്ഷേത്രം പുന:സ്ഥാപിക്കേണ്ടതുണ്ട്. ദേവഭൂമിയോ അതിലെ ഒരു പിടി മണ്ണോ സ്വന്തമാക്കി വെക്കാൻ ആർക്കും അധികാരമില്ല. ക്ഷേത്രത്തിൻ്റെ ഭൂമി അവശേഷിക്കുന്നില്ലെങ്കിൽ ക്ഷേത്രത്തിനു വേണ്ടി പ്രദേശത്തു തന്നെ ഒരു സ്ഥലം സമ്പാദിച്ച് അതിൽ ദുർഗ്ഗാക്ഷേത്രം പുന:സ്ഥാപിക്കണം, ചരിത്ര പ്രാധാന്യമുള്ള ഒരു ക്ഷേത്രവും വിസ്മൃതിയിലായിക്കൂടാ. കാരണം, ഓരോ ക്ഷേത്രവും അത് സ്ഥിതി ചെയ്യുന്ന ഗ്രാമത്തിൻ്റെ സാംസ്ക്കാരിക ചരിത്രത്തിൻ്റെ പ്രഭവകേന്ദ്രമാണ്. ക്ഷേത്രം പുന:സ്ഥാപിക്കുന്നതുവരെ അതീവചരിത്ര പ്രാധാന്യമുള്ള അവശേഷിക്കുന്ന ക്ഷേത്രാവശിഷ്ടങ്ങൾ സംരക്ഷിക്കുകയും വേണം.

Leave a Comment