112: ആലത്തിയൂർ ശ്രീ വൈദ്യൻ തൃക്കോവിൽ മഹാശിവക്ഷേത്രം

111: പെരിന്തിരുത്തി ദേവീക്ഷേത്രം
May 4, 2023
113: തത്തനം പുള്ളി മഹാവിഷ്ണു ക്ഷേത്രം
May 4, 2023

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 112

ടിപ്പുവിൻ്റെ പടയോട്ടക്കാലത്ത് തകർക്കപ്പെട്ട ഒരു ക്ഷേത്രമാണ് മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിൽ ആലത്തിയൂരിലുള്ള ആലത്തിയൂർ ശ്രീ വൈദ്യൻ തൃക്കോവിൽ മഹാശിവക്ഷേത്രം. പടയോട്ടക്കാലത്ത് ഒട്ടുമിക്ക ക്ഷേത്രങ്ങളും തകർക്കപ്പെട്ട കൂട്ടത്തിലാണ് വൈദ്യൻ തൃക്കോവിൽ ശിവക്ഷേത്രവും തകർക്കപ്പെട്ടത്. ദ്വാരപാലകരുടെ കൈകൾ വെട്ടിമാറ്റിയ ശേഷം ശിവലിംഗം പുഴക്കിയെടുക്കാൻ ശ്രമിച്ചെങ്കിലും സ്വയംഭൂ ശിവലിംഗമായതിനാൽ അതിനു കഴിഞ്ഞില്ല. അടിച്ചുടക്കാനുള്ള ശ്രമവും പരാജയപ്പെട്ടു. ഹാമറിംങ്ങിലുണ്ടായ ചെറിയ വിള്ളൽ ശിവലിംഗത്തിനുണ്ട്. തകർക്കപ്പെട്ട ക്ഷേത്രം ഏറെക്കാലം കാട് മൂടിക്കിടന്നു. അതിൽപ്പിന്നെ ചെറിയ രീതിയിൽ പുനരുദ്ധാരണം നടത്തി പൂജ ചെയ്തു വരികയായിരുന്നു. ശോച്യാവസ്ഥയിൽ നിന്നും ക്ഷേത്രം കരകയറിയില്ല. കൈകൾ വെട്ടിയ നിലയിലാണ് ദ്വാരപാലകർ ഇപ്പോഴുമുള്ളത്. ദേവലോകത്തെ വൈദ്യ ദേവൻമാരായ അശ്വനി ദേവൻമാരുടെ ഗുരുസ്ഥാനിയരെന്ന ഐതിഹ്യമുള്ള ആലത്തിയൂർ നമ്പിമാരുടെ ഊരായ്മയിലുള്ളതാണ് വൈദ്യൻ തൃക്കോവിൽ ശിവക്ഷേത്രം.

ആലത്തിയൂർ ശ്രീ വൈദ്യൻ തൃക്കോവിൽ മഹാശിവക്ഷേത്രം

ആലത്തിയൂർ നമ്പി ഇല്ലത്തിൻ്റെ പടിഞ്ഞാറു ഭാഗത്തായി പടിഞ്ഞാട്ട് ദർശനത്തോടെയാണ് ചതുര ശ്രീകോവിലോടുകൂടിയുള്ള ഈ പുരാതന ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 2008 ൽ ക്ഷേത്രത്തിൽ സ്വർണ്ണ പ്രശ്നം നടത്തി. 2012 മുതലാണ് പുനരുദ്ധാരണ പ്രവർത്തനം തുടങ്ങിയത്. ചുറ്റമ്പലത്തിൻ്റെ നിർമ്മാണം ഇനിയും പൂർത്തി ആയിട്ടില്ല. നാലമ്പലത്തിനകത്തുണ്ടായിരുന്ന ധന്വന്തരി, മഹാവിഷ്ണു വിഗ്രഹങ്ങൾ നാലമ്പലത്തിനു വെളിയിൽ ക്ഷേത്രങ്ങളുണ്ടാക്കി മാറ്റി പ്രതിഷ്ഠിച്ചിട്ടുണ്ട്. നടപ്പുരയുടെ നിർമ്മാണവും പൂർത്തിയാക്കി. ശ്രീകോവിലിനോടു ചേർന്നാണ് ഗണപതി പ്രതിഷ്ഠ. കിഴക്കുപടിഞ്ഞാറെ ഭാഗത്ത് കുണ്ടിൽ അയ്യപ്പൻ്റെ ഉപപ്രതിഷ്ഠയുമുണ്ട്. ക്ഷേത്ര മതിൽക്കെട്ടിനു തെക്കുപടിഞ്ഞാറെ മൂലയിൽ ശാസ്താ പ്രതിഷ്ഠയുമുണ്ട്. ക്ഷേത്രത്തിൻ്റെ വടക്കു കിഴക്കെ മൂലയിലാണ് തീർത്ഥക്കുളം. വൈദ്യൻ തൃക്കോവിലപ്പന് തൃപ്രങ്ങോട് ശിവക്ഷേത്രത്തിൽ നടത്തുന്ന ശംഖാഭിഷേകം അടക്കമുള്ള വഴിപാടുകൾ നടത്തി വരുന്നു.

ഈ ക്ഷേത്രത്തിലെ മുഖ്യമായ ഒരു വഴിപാടാണ് മുക്കിടി നിവേദ്യം. സർവ്വ രോഗനാശകനും വിഷ്ണുവിൻ്റെ അവതാരവുമായ ധന്വന്തരിക്കാണ് മുക്കിടി നിവേദ്യം കഴിക്കുന്നത്. ഏതു രോഗശമനത്തിനും മുക്കിടി നിവേദ്യം വഴിപാട് ഉത്തമമാണെന്നും മാരകമായ അസുഖങ്ങൾ പോലും മുക്കിടി നേദ്യം വഴിപാടു നേർന്നതിലൂടെ ഭേദമായതിൻ്റെ അനുഭവങ്ങളുണ്ടെന്നും ആലത്തിയൂർ ഉണ്ണികൃഷ്ണൻ നമ്പി പറഞ്ഞു. ക്ഷേത്രത്തിലെ മുക്കിടി നേദ്യം വഴിപാടിൻ്റെ മാഹാത്മ്യം പ്രചരിച്ചാൽത്തന്നെ ഈ ക്ഷേത്രം സർവ്വതോൻമുഖ പുരോഗതിയിലെത്തുമെന്നാണ് ഭക്തജനങ്ങൾ വിശ്വസിക്കുന്നത്. സി. സുബ്രഹ്മണ്യൻ പ്രസിഡൻ്റും, കെ.ദാസൻ സെക്രട്ടറിയും, ഉണ്ണികൃഷ്ണൻ നമ്പി ഖജാഞ്ചിയുമായ ഒരു കമ്മിറ്റിയാണ് ക്ഷേത്ര ഭരണം നടത്തുന്നത്.

ക്ഷേത്രത്തിലെ ധന്വന്തരി ,മഹാവിഷ്ണു ക്ഷേത്രങ്ങൾ.

1 Comment

  1. ഗായത്രി says:

    ഇതെല്ലാം ഹിന്ദു ഭൂരിപക്ഷമുള്ള രാജാവും നാടിവഴിയും ഉള്ള പഴയ കാലത്തു നിർമിച്ചവയാണ്
    ഇന്ന് തകർന്നു കിടക്കുന്നു മലബാർ കലാപം ടിപ്പു ഒകെ ആണ് കാരണം. ഇത് എല്ലാം പുണരുദ്ധരിക്കാൻ തക്ക സാമ്പത്തിക ശേഷി ഇന്ന് ഇവിടത്തെ ഹിന്ദുവിന് ഇല്ല പക്ഷെ ഇവയൊക്കെ അതിന്റെ രേഖമൂലം ഉള്ള സ്വത്തുക്കൾ നഷ്ടപ്പെടാതെ സൂക്ഷിക്കാൻ അന്യദീനപെടാതെ ഇരിക്കാൻ ഒരുമിച്ചു നിൽക്കാനും ഹിന്ദുവിന് കഴിയണം നിലനിൽപ്പിന്റെ പ്രശ്നമാണ് അടുത്ത തലമുറയ്ക്ക് കൈമാറാനുള്ള പൈതൃക സമ്പത്തും ചരിത്രവും ആണ് അത്

Leave a Comment