80: വടശ്ശേരി മഹാവിഷ്ണു ക്ഷേത്രം

79: തിരുവള്ളിക്കാവ് മഹാദേവ ക്ഷേത്രം
March 18, 2023
81: ആരിക്കുന്നത്ത് ശിവക്ഷേത്രം
March 21, 2023

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 80

“കാടുവെട്ടിത്തെളിയിച്ചപ്പോൾ വലിയ ഒരു കൊക്കർണി (കല്ലുവെട്ടിയുണ്ടാക്കിയ കിണർ) കണ്ടു. അതിനകവും കാടായിരുന്നു. അതെല്ലാം വെട്ടിത്തെളിയിച്ച ശേഷം കിണർ വൃത്തിയാക്കുമ്പോഴാണ് ചാക്കിൽ കെട്ടിയ നിലയിൽ ഭാരമുള്ള വസ്തു കണ്ടെത്തിയത്. അത് മുകളിലേക്കെടുത്ത് തുറന്നു നോക്കി. കണ്ടവരൊക്കെ നടുങ്ങിപ്പോയി. മഹാവിഷ്ണുവിന്റെ വിഗ്രഹമായിരുന്നു അത്. നിരവധി കഷണങ്ങളാക്കിയ ശിലാവിഗ്രഹം “. എഴുപത്തിമൂന്ന് വയസ്സുള്ള ചേലൂർ അയ്യപ്പൻ പറഞ്ഞു.

മലപ്പുറം ജില്ലയിൽ ആതവനാട് പഞ്ചായത്ത് പതിനേഴാം വാർഡിലുള്ള വടശ്ശേരി മഹാവിഷ്ണു ക്ഷേത്രത്തിന്റെ ചരിത്രത്തിലേക്കാണ് അദ്ദേഹം കടന്നു ചെന്നത്.

എടശ്ശേരി ദേശത്താണ് വടശ്ശേരി ക്ഷേത്രഭൂമിയുള്ളത്. ഈ ക്ഷേത്രത്തിൽ നിന്നും ഒരു കിലോമീറ്റർ അകലം മാത്രമേ മേപ്പുത്തൂർ ഇല്ലത്തേക്കുള്ളു. നാരായണീയ കർത്താവ് നാരായണ ഭട്ടതിരിപ്പാടിന്റെ ഇല്ലപ്പേരാണ് മേപ്പുത്തൂർ. മേപ്പുത്തൂർ ഇല്ലത്തെ കുറിച്ച് ആരിക്കുന്നത്ത് ശിവക്ഷേത്രത്തിന്റെ ചരിത്രത്തിൽ പറയുന്നതിനാൽ ഇവിടെ വിശദമാക്കുന്നില്ല.

പാക്കത്ത് മനയുടെ ഊരായ്മയിലാണ് വടശ്ശേരി മഹാവിഷ്ണു ക്ഷേത്രം. പഴയ കാലത്ത് പ്രമുഖ ബ്രാഹ്മണ ഗൃഹങ്ങൾ ഉണ്ടായിരുന്ന പ്രദേശമാണിത്. ഇപ്പോൾ പാക്കത്ത് മന മാത്രമെയുള്ളു. വടശ്ശേരി ഒരു നമ്പൂതിരി കുടുംബത്തിന്റെ തറവാട്ടു പേരാണ്. വടശ്ശേരി നമ്പൂതിരിമാരുടെ ഊരായ്മയിൽ ഉണ്ടായിരുന്ന ക്ഷേത്രമാണ് ഇതെന്നു കരുതേണ്ടിയിരിക്കുന്നു. വടശ്ശേരി മന അന്യം നിലച്ചപ്പോഴോ  ഈ മനക്കാർ എന്തെങ്കിലും കാരണവശാൽ പലായനം ചെയ്തപ്പോഴോ പഴയ കാലത്ത് നമ്പൂതിരി സമുദായത്തിൽ നിലവിലുണ്ടായിരുന്ന നിയമം അനുസരിച്ച് വടശ്ശേരിമഹാവിഷ്ണു ക്ഷേത്രവും അനുബന്ധ ഭൂമികളും തൊട്ടടുത്ത നമ്പൂതിരി കുടുംബമായ പാക്കത്ത് മനയിലേക്ക് ലയിച്ചതാവണം. ഇത് നിർണ്ണയിക്കാവുന്ന രേഖകളൊന്നുമില്ല. അതേ സമയം പഴയകാല വെട്ടത്തുനാട്ടിൽ വടശ്ശേരി എന്ന പേരിൽ ഒരു നമ്പൂതിരി മന ഉണ്ടായിരുന്നുവെന്ന് ചരിത്രം പറയുന്നുണ്ട്.

ലോക പ്രശസ്ത ഗണിത ശാസ്ത്ര പണ്ഡിതനായ വടശ്ശേരി പരമേശ്വരൻ നമ്പൂതിരിയാണിത്. ക്രിസ്തുവർഷം 1360 നും 1460 നുമിടയിലാണ് അദ്ദേഹത്തിന്റെ ജീവിതകാലം. ഭാരതപ്പുഴയോരത്ത് അരനൂറ്റാണ്ടോളം വാനനിരീക്ഷണം നടത്തി ആകാശഗോളങ്ങളുടെ സഞ്ചാര ഗതി പഠിച്ചശ്ശേഷം ദൃഗ്ഗണ്ണിതം എന്ന വിഖ്യാത ഗണിത ഗ്രന്ഥം രചിച്ചിട്ടുണ്ട്. സിദ്ധാന്ത ദീപിക, ഗ്രഹണ ന്യായ ദീപിക, ഗ്രഹണ മണ്ഡലം എന്നിവയാണ് പരമേശ്വരൻ നമ്പൂതിരിയുടെ മറ്റു ഗ്രന്ഥങ്ങൾ അദ്ദേഹത്തിന്റെ മകൻ ദാമോദരൻ നമ്പൂതിരിയും പ്രസിദ്ധ ഗണിത പണ്ഡിതനും ജ്യോതിശാസ്ത്രജ്ഞനുമായിരുന്നു.

ഭാരതപ്പുഴയോരത്ത് തിരുന്നാവായ കൊടക്കല്ലിൽ മാമാങ്ക സ്മാരകമെന്ന് പറഞ്ഞ് സംരക്ഷിക്കുന്ന മണിക്കിണർ  ആകാശഗോളങ്ങളുടെ സഞ്ചാര ഗതി കാണാൻ വെട്ടത്തു നാട്ടിലെ ഗണിത ശാസ്ത്ര പണ്ഡിതർക്കായി നിർമ്മിക്കപ്പെട്ടതാണെന്നും ചില പഠനങ്ങളിൽ സൂചനയുണ്ട്. വടശ്ശേരി മന എവിടെയാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. വടശ്ശേരി മഹാവിഷ്ണു ക്ഷേത്രത്തിൽ എത്തിയപ്പോൾ ഈ ക്ഷേത്രം വടശ്ശേരി പരമേശ്വരന്റെ മനയിലേക്ക് അവകാശപ്പെട്ടതും അവരുടെ ഉടമസ്ഥയിൽ ഉണ്ടായിരുന്നതാണെന്നും കരുതേണ്ടിയിരിക്കുന്നു.

തകർക്കപ്പെട്ട വടശ്ശേരി മഹാവിഷ്ണു ക്ഷേത്രം പുനർനിർമ്മിച്ചപ്പോൾ

മുഖമണ്ഡപവും ചുറ്റമ്പലവുമൊക്കെ ഉണ്ടായിരുന്ന ക്ഷേത്രമാണ്. രണ്ടായിരത്തോളം വർഷം പഴക്കം തോന്നിക്കുന്ന ചതുരശ്രീകോവിലോടെയുള്ള വടശ്ശേരി മഹാവിഷ്ണു ക്ഷേത്രത്തിന്റെ ദർശനം പടിഞ്ഞാട്ടാണ്. ശാസ്താവ്, ഗണപതി, രക്ഷസ്സ്, നാഗങ്ങൾ എന്നീ ഉപപ്രതിഷ്ഠകളും ഉണ്ടായിരുന്നു. ക്ഷേത്രത്തിന്റെ തെക്കുഭാഗം മതിലകത്തിനു വെളിയിൽ കളരിയുണ്ട്. ഖളൂരികാ ദേവിയാണ് കളരി പരദേവത. വിദ്യാകളരിയാണിതെന്നു വിശ്വസിക്കപ്പെട്ടു വരുന്നു. 

പിൽക്കാലത്ത് ക്ഷേത്രം  തകർക്കലിന് വിധേയമായിട്ടുണ്ട്. മൈസൂർ അധിനിവേശക്കാലത്തോമാപ്പിള ലഹളക്കാലത്തോ നടന്ന അക്രമത്തിൽ തകർന്നതാണ്. 1959 കാലഘട്ടത്തിൽ ക്ഷേത്രത്തിലെ വിഷ്ണു വിഗ്രഹത്തിന് കേടുപാടുകൾ സംഭവിച്ചിരുന്നില്ല. അതിൽപ്പിന്നെ പൂജകളെല്ലാം മുടങ്ങി ക്ഷേത്രഭൂമി കാടുകയറിക്കിടന്നു.

2004 ലാണ് വിഷ്ണു ക്ഷേത്രം പുനരുദ്ധാരണം ചെയ്യണമെന്ന്‌ ഭക്തജനങ്ങൾക്ക് ആഗ്രഹമുണ്ടായത്. തുടർന്ന് വടശ്ശേരി മഹാവിഷ്ണു ക്ഷേത്ര സംരക്ഷണ സമിതി രൂപീകരിച്ചു. എം.ശ്രീധരൻ പ്രസിഡന്റും വി.രതീഷ് സെക്രട്ടറിയും അയ്യപ്പൻ ചേലൂർ ഖജാൻഞ്ചിയുമായ 30 അംഗസമിതിയാണ് നിലവിലുള്ളത്. കാട് വെട്ടിത്തെളിയിച്ചപ്പോൾ തകർന്ന ഭിത്തിയോടെയുള്ള ശ്രീകോവിൽ കണ്ടെത്തി. ശ്രീ കോവിലിനുള്ളിലെ പീഠത്തിൽ വിഗ്രഹത്തിന്റെ പാദം മാത്രമേയുള്ളു. പാദം പീഠത്തിൽ ഉറപ്പിച്ച നിലയിലായിരുന്നു. വിഗ്രഹം തകർത്ത് നീക്കം ചെയ്തതാണ്. ശ്രീകോവിലിന്റെ ചുറ്റമ്പലം പൂർണ്ണമായും തകർന്നിരുന്നു.

ക്ഷേത്രഭൂമിയിൽ നിന്നും കശാപ്പുചെയ്ത മൃഗങ്ങളുടെ നിരവധി അസ്ഥികൾ കണ്ടെടുത്തു. അസ്ഥികൾ കണ്ടെത്തിയതിനാൽ ക്ഷേത്രത്തിലെ പ്രതിഷ്ഠയുടെ ചൈതന്യം ഇല്ലാതാക്കാൻ സാമൂഹ്യ വിരുദ്ധർ ശ്രമിച്ചുവെന്നത് വ്യക്തമാണ്. അതിനു ശേഷം വിഗ്രഹവും തകർത്തു. 1959 നു ശേഷമാണ് ഇതെല്ലാം നടന്നത്. ക്ഷേത്രഭൂമിയിൽ നിന്നും വാറോടുകളുടെ ധാരാളം ചെറിയ കഷണങ്ങൾ കിട്ടിയതിനാൽ ഈ ക്ഷേത്രം വാറോടു മേഞ്ഞിരുന്നതാണെന്നും വ്യക്തമാണ്. മണ്ഡപവും തകർക്കപ്പെട്ടിരുന്നു. മുഖമണ്ഡപത്തിലുള്ള വലിയ ബലിക്കല്ലിന് കേടുപാടുകൾ സംഭവിച്ചിരുന്നില്ല. കാടുപിടിച്ച കൊക്കർണ്ണിയാണ് തീർത്ഥക്കിണർ ഇത് വൃത്തിയാക്കുന്നതിനിടയിലാണ് തകർക്കപ്പെട്ട വിഗ്രഹം ചാക്കിൽ കെട്ടി കിണറ്റിൽ താഴ്ത്തിയ നിലയിൽ കണ്ടെത്തിയത്. ഈ കൊക്കർണ്ണി ഒറ്റ രാത്രി കൊണ്ട് ദേവതകൾ നിർമ്മിച്ചതാണെന്ന ഐതിഹ്യമുണ്ട്. സമീപത്തുള്ള വലിയ നടക്കുന്ന് ഈ കൊക്കർണ്ണിയുടെ മണ്ണാണെന്നും വിശ്വസിക്കപ്പെട്ടു വരുന്നു.

വടശ്ശേരി മഹാവിഷ്ണു ക്ഷേത്രത്തിൽ പൂജിക്കുന്ന വിഷ്ണു പാദം

ഈ കൊക്കർണിയിൽത്തന്നെ ഇപ്പോൾപുതിയ കിണർ നിർമ്മാണം നടത്തി വരികയാണ്. ശ്രീകോവിൽ പുതുക്കി പണിതിട്ടുണ്ട്. വിഗ്രഹത്തിന്റെ തകർന്ന പാദമാണ് പൂജിക്കുന്നത്. ഇരു കൈകളും വെട്ടിമാറ്റിയതും നെഞ്ചും മുഖവും അടിച്ചുടച്ചതുമായ വിഗ്രഹം ശ്രീകോവിലിനുള്ളിൽ കിടത്തി വെച്ചിരിക്കുകയാണ്. ചുറ്റമ്പലം തകർന്ന നിലയിൽത്തന്നെയാണ് കിടക്കുന്നത്. പടിഞ്ഞാറു ഭാഗത്ത് കഴുങ്ങിന്റെ അലകുവെച്ച് ഏതാനും ഭാഗം ഓടുമേഞ്ഞിട്ടുണ്ട്. മതിൽക്കെട്ടിനു പുറത്ത് കിഴക്കു ഭാഗത്ത് ഇലഞ്ഞിത്തറയുണ്ട്. ഇതും തകർന്ന നിലയിലാണ്. നമസ്കാരമണ്ഡപത്തറ നിർമ്മിച്ചിട്ടുണ്ടെങ്കിലും പൂർത്തീകരിക്കാനായിട്ടില്ല. ശ്രീകോവിൽ മാത്രമേ പുനർനിർമ്മിച്ചിട്ടുള്ളു. ബാക്കിയുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങൾ തുടങ്ങാനുള്ള പ്രാപ്തി ക്ഷേത്ര സംരക്ഷണ സമിതിക്കില്ല.

സാമ്പത്തിക ഭദ്രതയുള്ളവർ സഹായിച്ചാൽ പുനരുദ്ധാരണം നടത്താമെന്ന പ്രതീക്ഷയാണ് സമിതിക്കുള്ളത്. ക്ഷേത്രപ്പരിസരത്ത് വെറും നാല് ഹിന്ദു വീടുകളേയുള്ളൂ. 99 ശതമാനവും മുസ്ലീംങ്ങളാണ്. കുറുമ്പത്തൂർ വില്ലേജിൽ റീസ:334 ൽ 1 എന്ന സർവ്വെ നമ്പറിൽ 60 സെന്റ് വിസ്തൃതിയാണ് ഇപ്പോൾ ക്ഷേത്രത്തിനുള്ളത്. ഈ ക്ഷേത്രത്തിന് അധികം അകലെയല്ലാതെ ഭാനുപുരം വിഷ്ണു ക്ഷേത്രവും ആരിക്കുന്ന് ശിവക്ഷേത്രവുമുണ്ട്. ശ്രീചക്ര മാതൃകയിലാണ് ഈ മൂന്ന് ക്ഷേത്രങ്ങളും നിർമ്മിച്ചിട്ടുള്ളത്. കല്ലൂർ മനക്കാർക്കാണ് തന്ത്രി സ്ഥാനം. തകർന്ന വിഗ്രഹത്തിന് അവിൽ പൂജ എല്ലാ ദിവസവും നടത്തുന്നത് കിഴക്കെ മoത്തിൽ ശംഭു എമ്പ്രാന്തിരിയാണ്. 

വടശ്ശേരി മഹാവിഷ്ണു ക്ഷേത്രത്തിലെ ബലിക്കല്

Leave a Comment