33: കുറുശ്ശിയിൽ ഭഗവതി ക്ഷേത്രം
July 7, 202331: കൂറ്റനാട് അസുര മഹാകാളൻ ക്ഷേത്രം
July 7, 2023തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 32
യക്ഷികൾ ഒരു രാത്രി കൊണ്ട് നിർമ്മിച്ചുവെന്ന് വിശ്വസിക്കുന്ന ഒരു ക്ഷേത്രമാണ് മലപ്പുറം ജില്ലയിലെ എടയൂർ പഞ്ചായത്തിൽ വടക്കുമ്പ്രം വില്ലേജിലുള്ള യക്ഷേശ്വര ക്ഷേത്രം. വളാഞ്ചേരിയിൽ നിന്നും കരേക്കാട് ഭാഗത്തേക്ക് പോകുന്ന ബസ്സിൽ നമ്പൂതിരിപ്പടി എന്ന സ്റ്റോപ്പിൽ ഇറങ്ങിയാൽ യക്ഷേശ്വര ക്ഷേത്രത്തിലെത്താം. യക്ഷികൾ ഒറ്റ രാത്രി കൊണ്ട് ക്ഷേത്രം നിർമ്മിച്ചുവെന്നും നിർമ്മാണം പൂർണ്ണമായപ്പോഴേക്കും നേരം വെളുത്തതോടെ യക്ഷികൾ അപ്രത്യക്ഷരായെന്നുമാണ് വിശ്വാസം. ശുകപുരം ഗ്രാമചരിത്രത്തിൽ സ്ഥാനം പിടിച്ച തൊഴുവാനൂർ മനയാണ് ക്ഷേത്രത്തിൻ്റെ ഊരാളൻമാർ. ക്ഷേത്രത്തിന് മുവ്വായിരം വർഷത്തെ പഴക്കമുണ്ടെന്നാണ് വിശ്വസിക്കപ്പെട്ടു വരുന്നത്. ക്ഷേത്രത്തിൻ്റെ പൂർണ്ണമായ ഒരു ഉൽപ്പത്തിക്കഥയോ ചരിത്രരേഖയോ ലഭ്യമല്ല. തൊഴുവാനൂർ മന വളാഞ്ചേരിയിൽ നിന്നും ഏതാണ്ട് അഞ്ചു കിലോമീറ്റർ അകലെയുള്ള തൊഴുവാനൂർ ഗ്രാമത്തിലാണ് സ്ഥിതി ചെയ്തിരുന്നത്. ആ കാലഘട്ടത്തിൽ യക്ഷേശ്വര ക്ഷേത്രത്തിൻ്റെ ഊരാളൻമാർ മറ്റൊരു മനക്കാരായിരുന്നു. ഇപ്പോൾ തൊഴുവാനൂർ മനയിലെ അംഗങ്ങൾ താമസിച്ചു വരുന്ന മനയിലായിരുന്നു മുമ്പുണ്ടായിരുന്ന ഊരാളൻമാർ താമസിച്ചു വന്നിരുന്നതായി കരുതുന്നു.
മനയിലുള്ളവർ അന്യം നിലച്ചതോടെ അക്കാലത്തെ നമ്പൂതിരി ആചാരപ്രകാരം തൊഴുവാനൂർ മനയിലേക്ക് സിദ്ധിക്കുകയായിരുന്നു. ഒറ്റക്കല്ലിൽ തീർത്ത അപൂർവ്വ ക്ഷേത്രങ്ങളിലൊന്നാണ് യക്ഷേശ്വര ക്ഷേത്രം. ഭിത്തികളിൽ ചുമർചിത്ര രചനയുടെ ശേഷിപ്പുകളുണ്ട്. നൂറു വർഷം മുമ്പെങ്കിലും വരച്ചതാകാം ഇതെന്നു കരുതുന്നു. എൺപതു വയസ്സുള്ളവർ അവരുടെ കുട്ടിക്കാലത്ത് ഈ ചുമർചിത്രം കണ്ടതായി ഓർക്കുന്നു. പരിരക്ഷയില്ലായ്മയാൽ ചിത്രം മാഞ്ഞു പോവുകയായിരുന്നു. പടിഞ്ഞാട്ട് ദർശനമുള്ള ചതുരശ്രീകോവിലോടു കൂടിയ ഈ ക്ഷേത്രത്തിൻ്റെ വെളിയിൽ ശ്രീകോവിലിൻ്റെ ഭിത്തിയിൽ ഭഗവതി സങ്കൽപ്പത്തിൽ പൂജ നടത്തി വരുന്നുണ്ട്. ശ്രീകോവിലിൻ്റെ പിറകുവശത്ത് ഭിത്തിയോടു ചേർന്ന് ഒരടി നീളമുള്ള മഹാവിഷ്ണുവിൻ്റെ വിഗ്രഹം വെച്ചിട്ടുണ്ട്. വിഷ്ണുവിന് ഇവിടെ പൂജ നടത്തി വരുന്നു. വിഷ്ണു വിഗ്രഹം ഉപപ്രതിഷ്ഠ എന്ന നിലയിൽ ക്ഷേത്രം നിർമ്മിച്ച് മാറ്റി പ്രതിഷ്ഠിക്കാൻ ശ്രമിച്ചെങ്കിലും അവിടെത്തന്നെ ഇരിക്കാനാണ് ദേവൻ്റെ താൽപ്പര്യം എന്നതുകൊണ്ട് ഇപ്പോഴും ഭിത്തിയോടു ചാരി വെച്ച വിഷ്ണുവിന് അവിടെത്തന്നെ പൂജ നടത്തി വരികയാണ്. ക്ഷേത്രം ഓടുമേഞ്ഞതാണ്. തൊട്ടു മുന്നിൽ നമസക്കാര മണ്ഡപവും ചുറ്റമ്പലവുമുണ്ട്. ക്ഷേത്രത്തിനു വെളിയിൽ കിഴക്കോട്ടു ദർശനമായി അയ്യപ്പക്ഷേത്രവുമുണ്ട്. പടിഞ്ഞാറ് വയലാണ്. തീർത്ഥക്കുളവും ക്ഷേത്രഭൂമിയിലുണ്ട്. ക്ഷേത്രവളപ്പിൽ നിന്നും സിമൻറിൽ നിർമ്മിച്ച തല ഇല്ലാത്ത ഒരു പട്ടിയുടെ ശിൽപ്പം കണ്ടെത്തുകയുണ്ടായി. കരിങ്കൽ തൂണുകളും ക്ഷേത്രവളപ്പിൽ കണ്ടു.
ടിപ്പുവിൻ്റെ പടയോട്ടക്കാലത്ത് ക്ഷേത്രം പൂർണ്ണമായും തകർക്കപ്പെട്ടുവെന്ന് ഭക്തജനങ്ങൾ പറഞ്ഞു. ശ്രീകോവിലിൻ്റെ മുൻവശത്ത് ഇരുഭാഗങ്ങളിലുമുള്ള ദ്വാരപാലകരുടെ കൈകൾ വെട്ടിമാറ്റിയ നിലയിലാണ് ഇപ്പോഴുമുള്ളത്. പടയോട്ടക്കാലത്തിനു ശേഷം ക്ഷേത്രം പുനരുദ്ധാരണം ചെയ്തു. ഇപ്രകാരം പുനരുദ്ധാരണം ചെയ്തതിൻ്റെ രേഖകൾ കണ്ടെടുക്കാനായിട്ടില്ല. ഭരണമേൽപ്പ് ശാസന പ്രകാരം ക്ഷേത്ര ഭരണം അങ്ങാടിപ്പുറത്തെ ഒരു ട്രസ്റ്റിഷിപ്പിൻ കീഴിലായി. തൊഴുവാനൂർ മനയിലെ ഹരീശ്വരൻ നമ്പൂതിരിയായിരുന്നു ട്രസ്റ്റി. ഹരീശ്വരൻ നമ്പൂതിരിക്ക് ഇപ്പോൾ 94 വയസ്സുണ്ട്. 2013 ൽ ക്ഷേത്രം മലബാർ ദേവസ്വം ബോർഡിന് വിട്ടുകൊടുത്തു. 50 സെൻ്റ് വിസ്തൃതിയാണ് ക്ഷേത്രത്തിനുള്ളത്. ക്ഷേത്രത്തിലുള്ള അയ്യപ്പൻ പനാവൂര് മനയിലേതാണ്. ക്ഷേത്രത്തിലെ തന്ത്രിയും പനാവൂർ മനക്കാർ തന്നെ. 2016 ൽ നടത്തിയ അഷ്ടമംഗല പ്രശ്നത്തിൽ ക്ഷേത്രത്തിൽ കുബേര സാന്നിദ്ധ്യം ഉണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. ക്ഷേത്ര കാര്യങ്ങൾ നിർവ്വഹിക്കുന്നതിന് യക്ഷേശ്വര ക്ഷേത്ര സംരക്ഷണ സമിതി എന്ന പേരിൽ ഒരു കമ്മിറ്റി രൂപീകരിച്ചാണ് പ്രവർത്തനം.