138: അയ്യംകുളങ്ങര ഉമാമഹേശ്വര ക്ഷേത്രം
May 25, 2023140: മുടപ്പക്കാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം
May 27, 2023തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 139
നൂറ്റാണ്ടുകളേറെയായി അന്തിത്തിരി പോലും കൊളുത്താൻ ആളില്ലാതെ മനുഷ്യഗന്ധമേൽക്കാത്ത കാട് മൂടിയ ദേവഭൂമിയിലേക്ക് കാലെടുത്തു വെക്കുമ്പോൾ കൂടെ വരാൻ ആരും ധൈര്യപ്പെട്ടില്ല. നിശ്ചലം സ്ഥിതി ചെയ്യുന്ന കാട്ടിൽ ഉഗ്രസർപ്പങ്ങൾ ഉണ്ടാകുമെന്ന ഭീതിയായിരുന്നു അവരുടെയുള്ളിൽ പെരുകിയത്. എനിക്കാണെങ്കിൽ ആ കാട്ടിനകത്തെ കാഴ്ചകൾ കാണേണ്ടതും ക്യാമറയിൽ ചിത്രീകരിക്കണ്ടതുമുണ്ട്. അവരെ കുറ്റപ്പെടുത്താനാവുകയില്ല. കാരണം പട്ടാപകൽ കടവാവലിൻ്റെ ചിറകടിയും ചീവീടുകൾ മുഖരിതമാക്കുന്ന അന്തരീക്ഷവും ആരേയും ഭയപ്പെടുത്തുന്നത് തന്നെയായിരുന്നു. ആ ദേവഭൂമി നമിച്ചു കൊണ്ടാണ് കാട്ടിനകത്തെ കാഴ്ചകൾ കാണാൻ ആരണ്യകത്തിൽ പ്രവേശിച്ചത്.
കിഴക്കോട്ടു ദർശനമായ ചതുര ശ്രീകോവിലോടു കൂടിയ ഒരു ക്ഷേത്രം എനിക്കവിടെ കാണാൻ സാധിച്ചു. ചെങ്കല്ലു കൊണ്ട് നിർമ്മിച്ച ക്ഷേത്രത്തിന് 1500 – 2000 വർഷത്തെ പഴക്കം തോന്നിക്കും. ശ്രീകോവിലിൻ്റെ ഭിത്തിയിൽ വിള്ളലുകളുണ്ട്. ശ്രീകോവിലിൻ്റെ മുകളിൽ കല്ലുകൊണ്ടുള്ള തൊരവാണ്. അതിനു മീതെ ഓടുമേഞ്ഞതായോ മറ്റോ കണ്ടില്ല. പരിപാലനക്കുറവു നിമിത്തം കാലപ്പഴക്കത്താൽ ഓടുകൾ നഷ്ടപ്പെട്ടു പോയതായി കരുതേണ്ടിയിരിക്കുന്നു. ശ്രീകോവിലിനുള്ളിൽ പീഠമുണ്ട്. അതിൽ വിഗ്രഹമില്ല. ചുറ്റമ്പലത്തോടു കൂടിയ ഒരു ക്ഷേത്രമായിരുന്നു ഇത്. ചുറ്റമ്പലത്തറ കാടുമൂടി കിടക്കുകയാണ്.
മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിൽ തൃപ്രങ്ങോട് പഞ്ചായത്തിലെ പതിനാലാം വാർഡിലാണ് തകർന്നു കാട് മൂടിക്കിടക്കുന്ന ഈ ക്ഷേത്രമുള്ളത്. കിഴക്കോട്ട് ദർശനമായുള്ള ക്ഷേത്രത്തിൻ്റെ കിഴക്കുഭാഗത്തേക്ക് ഇറങ്ങിച്ചെല്ലുന്നത് തൃപ്രങ്ങോട് മഹാദേവ ക്ഷേത്രത്തിൻ്റെ വടക്കെ തീർത്ഥക്കുളത്തിലേക്കാണ്. പ്രസ്തുത തീർത്ഥക്കുളത്തിൻ്റെ പടിഞ്ഞാറെ കരയിലാണ് തൃപ്രങ്ങോട് സുബ്രഹ്മണ്യ ക്ഷേത്രമുള്ളത്. ഈ ക്ഷേത്രഭൂമി അടക്കമുള്ള പറമ്പ് കോവിലകം പറമ്പ് എന്ന പേരിലാണ് അറിയപ്പെടുന്നത്. പഴയ കാലത്ത് വെട്ടത്ത് രാജാവിൻ്റെ ഒരു കോവിലകം ഇവിടെ ഉണ്ടായിരുന്നുവെന്നും തൃപ്രങ്ങോട് മഹാദേവനെ തൊഴാനെത്തുന്ന വെട്ടത്ത് രാജാവ് തൃപ്രങ്ങോട് കോവിലകത്ത് വിശ്രമിക്കാറുണ്ടെന്നുമാണ് വാമൊഴി ചരിത്രം. ഇന്നുള്ള വെട്ടത്തു കാവ് ഭഗവതി ക്ഷേത്രത്തിൻ്റെ ചുറ്റിലും നാല് കോവിലകങ്ങളോടു കൂടിയ കെട്ടിട സമുച്ചയമായിരുന്നു വെട്ടത്ത് രാജാവിൻ്റെ കോവിലകം
. അതിനാൽത്തന്നെ ഈ കോവിലകത്തു നിന്നും അധികം ദൂരമില്ലാത്ത തൃപ്രങ്ങോട് മഹാദേവ ക്ഷേത്ര സമീപം ഒരു കോവിലകം നിർമ്മിക്കേണ്ടതില്ല. എന്നാൽ ക്ഷത്രിയരായ വെട്ടത്ത് രാജവംശവുമായി അടുത്ത ബന്ധമുള്ള മറ്റൊരു ക്ഷത്രിയ വംശജരുടെ കോവിലകമാണ് ഇവിടെ ഉണ്ടായിരുന്നതെന്നു തീർച്ചയാക്കാവുന്നതാണ്. ഏതായാലും എൻ്റെ അന്വേഷണം ആ വഴിക്ക് നീങ്ങുകയും പാലക്കാട് ജില്ലയിൽ ഒലവക്കോടിനടുത്തുള്ള കാവിൽപ്പാട് പ്രദേശത്തെ പുളിക്കൽ ശങ്കരോടത്ത് കോവിലകത്ത് എത്തി നിൽക്കുകയും ചെയ്തു. ഉണ്ണിയോഗേന്ദ്ര എന്നറിയപ്പെടുന്ന വാഴുന്നോർ മാനവേന്ദ്ര ശർമ്മാജിയുടെ കോവിലകമാണത്. രാജവംശങ്ങൾക്ക് ലഭിക്കാറുള്ള യോഗ്യാദ്രിയായി വാഴിക്കപ്പെട്ട ഉണ്ണിയോഗേന്ദ്രയുടെ തായ് വേര് വെട്ടത്തു നാട്ടിലാണ്. വെട്ടംപള്ളിപ്രത്ത് (തൃപ്രങ്ങോട്) തങ്ങൾക്ക് പൂർവ്വിക കാലത്ത് കോവിലകമുണ്ടായിരുന്നുവെന്നും സുബ്രഹ്മണ്യ ക്ഷേത്രമുണ്ടായിരുന്നുവെന്നും പൂർവ്വികർ പറഞ്ഞു വെച്ച അറിവ് ഉണ്ണിയോഗേന്ദ്ര പങ്കുവെച്ചു.
തൃപ്രങ്ങോട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രമാണ് ഉണ്ണിയോഗേന്ദ്ര പറഞ്ഞ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം. വെട്ടം പള്ളിപ്രത്തുണ്ടെന്ന് പറയുന്ന കോവിലകം സ്ഥിതി ചെയ്തിരുന്നത് മേൽപ്പറഞ്ഞ തൃപ്രങ്ങോട് കോവിലകം പറമ്പിലും. ഇപ്പോൾ ഒലവക്കോട് കാവിൽ പാട്ടുള്ള പുളിക്കൽ ശങ്കരോടത്ത് കോവിലകമാണ് തൃപ്രങ്ങോട് വടക്കെ തീർത്ഥക്കുളത്തിന് പടിഞ്ഞാറു ഭാഗത്തുണ്ടായിരുന്നത്. പുളിക്കൽ ശങ്കരോടത്ത് കോവിലകക്കാരുടെ ഹ്രസ്വ ചരിത്രം, ക്ഷേത്രം ഈ രീതിയിൽ അനാഥമായതെങ്ങനെ എന്നിവയെല്ലാം തൃപ്രങ്ങോട് സുബ്രഹ്മണ്യ ക്ഷേത്ര ചരികത്തിൻ്റെ ഭാഗമായതിനാൽ അവ കൂടിപരിശോധിച്ചു. ഇവക്കൊന്നും ആധികാരിക രേഖയൊന്നുമില്ല. തലമുറകളായി പകർന്ന വാമൊഴി ചരിത്രമാണ് അവയൊക്കയും. അത് ഇപ്രകാരമാണ് –
പുളിക്കൽ ശങ്കരോടത്ത് കോവിലകത്തിൻ്റെ പൂർവ്വിക കോവിലകം സ്ഥിതി ചെയ്തിരുന്നത് വെട്ടം പള്ളിപ്രത്തെ തൃപ്രങ്ങോട്ടാണ്. വെള്ളാട്ടിരി കോവിലകം എന്ന പേരിലാണ് ഇത് അറിയപ്പെട്ടിരുന്നത്. ക്ഷത്രിയ വംശജരാണ് ഈ വെള്ളാട്ടിരിമാർ. എന്നാൽ അവർക്ക് വള്ളുവനാട് രാജവംശവുമായി ബന്ധമില്ല. വെട്ടത്തു രാജാവിൻ്റെ ഭരണ പ്രക്രിയയിലും വെള്ളാട്ടിരിമാർക്ക് തേർച്ചയുണ്ടായിരുന്നില്ല. സുബ്രഹ്മണ്യൻ, ഭഗവതി, ഗോശാലകൃഷ്ണൻ തുടങ്ങിയവയായിരുന്നു വെളളാട്ടിരി കോവിലകക്കാരുടെ ഉപാസനാദേവതകൾ. കോവിലകം പറമ്പിലെ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ഉപദേവതകളായി ഉണ്ടായിരുന്നത്. ഇവരുടെ കുലദേവത പോർക്കലി ഭഗവതിയാണ്. തിരുമാന്ധാംകുന്നിലമ്മയാണ് പരദേവത. അതാതു കാലത്തെ കാരണവർ “വാഴുന്നോർ” ആണ്. ഇപ്പോഴത്തെ വാഴുന്നോരാണ് ഉണ്ണിയോഗേന്ദ്ര. വാഴുന്നോരുടെ ആണ്ടുപിറന്നാൾ ദിവസം തൃപ്രങ്ങോട്ടപ്പനെ തൊഴുകയും യഥാവിധി വഴിപാടുകൾ ചെയ്യണമെന്നുമാണ് പരമ്പരാഗതമായുള്ള നിയമം. വെള്ളാട്ടിരിമാരെ ” ശർമ്മൻ ” എന്നും സംബോധന ചെയ്യാറുണ്ട്. ശങ്കരാചാര്യസ്വാമികളുടെ ഭാഷ്യം സ്വീകരിച്ചതിനാലാണ് ശർമ്മൻ എന്നു പേരിനോടൊപ്പം ചേർക്കാനിടയായത്. വെള്ളാട്ടിരിമാർ വിശ്വാമിത്ര ഗോത്ര പാരമ്പര്യമാണ് പിന്തുടരുന്നത്.
പഴയകാലത്ത് തിരുന്നാവായക്ക് മേൽ വള്ളുവനാട് രാജാവിന് അധീശത്വമുണ്ടായിരുന്നു. വള്ളുവനാട് രാജാക്കൻമാർ ക്ഷത്രിയരല്ല. വള്ളുവനാട് രാജാവിൻ്റെ സാമന്ത പദവി ഇവർക്കുണ്ടായിരുന്നു. എന്നാൽ വെള്ളാട്ടിരിമാർ രാജ ഭരണം നടത്തിയിട്ടില്ല. വള്ളുവ നാടിൻ്റെ സുരക്ഷയുമായി ബന്ധപ്പെട്ട ചുമതല വെള്ളാട്ടിരി കോവിലകക്കാരിൽ നിക്ഷിപ്തമായിരുന്നു. വെട്ടത്തുനാടിൻ്റെ അധീശത്വം സ്ഥാപിച്ചെടുക്കാൻ സാമൂതിരി രാജാവ് നടത്തിയ നീക്കങ്ങളെത്തുടർന്ന് അതാതു കാലങ്ങളിലെ വെട്ടത്തു രാജാക്കൻമാരും സാമൂതിരിയും അസ്വാരസ്യത്തിലായിരുന്നു. അതു കൊണ്ടു തന്നെ വെള്ളാട്ടിരിമാർ വെട്ടത്തു നാട്ടിൽ സുരക്ഷിതരായിരുന്നു. അതേ സമയം വള്ളുവനാടിൻ്റെ സാമന്ത പദവി ഉണ്ടായിരുന്നതിനാലും വെട്ടത്ത് രാജാവുമായുളള ബന്ധം നിമിത്തവും വെള്ളാട്ടിരിമാരോട് സാമൂതിരി ശത്രുതയിലായിരുന്നു. ഒരിക്കൽ വെട്ടം പള്ളിപ്രത്ത് വലിയൊരു യുദ്ധം നടന്നു. സാമൂതിരിയുടെ സൈന്യമാണ് അക്രമിച്ചതെന്നാണ് വാമൊഴി ചരിത്രം. ഇങ്ങനെ യുദ്ധം നടന്ന സ്ഥലം പെരിന്തല്ലൂർ എന്ന പേരിലാണ് അറിയപ്പെടുന്നത്. ( പെരും = വലിയ, തല്ല് = അടി അഥവാ യുദ്ധം. ഊര് = നാട്). ഈ യുദ്ധ സമയത്താവണം വെള്ളാട്ടിരിമാർ കോവിലകം ഉപേക്ഷിച്ച് പലായനം ചെയ്തത്. വെള്ളാട്ടിരിമാരുടെ തലെച്ചൊന്നാരായ പള്ളിപ്പുറത്ത് പണിക്കരാണ് കോവിലകത്തെ തമ്പുരാട്ടിയെ രക്ഷപ്പെടുത്തിയത്. ഇത് അഞ്ച് തലമുറ മുമ്പാണ്. രക്ഷപ്പെട്ട കോവിലകത്തെ ഒരു വിഭാഗം ചേർത്തലയിലെ വരനാട്ടേക്കാണ് പോയത്. തമ്പുരാട്ടിയെ ഒരു വലിയ കുന്നിൻ മുകളിൽ എത്തിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. ഈ മലയുടെ പേരാണ് കുറിച്യാമല. കുറിച്ചിപ്പടയാണ് തമ്പുരാട്ടിയെ സംരക്ഷിച്ചിരുന്നതെന്നും അലിഖിത ചരിത്രമുണ്ട്.
മലയുടെ താഴെയുള്ള ഭൂമിയെല്ലാം നാടുവാഴിക്ക് തുല്യമായ ഒരു നായരുടേതായിരുന്നു. മലയിറങ്ങി വന്ന തമ്പുരാട്ടിക്ക് ഈ നായർ കാവിൽപ്പാട്ട് ഭൂമിയും കാവും വസിക്കാൻ കോവിലകവും നൽകി. ഈ കോവിലകമാണ് ശങ്കരോടത്ത് കോവിലകം. വടക്കെ കോവിലകം എന്ന പുതിയ പേരും ഈ കോവിലകത്തിനുണ്ട്. അമ്പോറ്റി, കുലശേഖര എന്നീ സ്ഥാനപ്പേരുകളും ഇവർക്കുണ്ട്. തിരുന്നാവായ തളിക്ഷേത്രമായ മണികർണ്ണപുരം ക്ഷേത്രത്തിൽ ഇവർക്ക് അവകാശങ്ങളുണ്ടായിരുന്നു. തിരുന്നാവായ മാഘമക മഹോത്സവക്കാലത്ത് വെള്ളാട്ടിരി കോവിലകത്തെ യോഗീശ്വരൻമാർ വള്ളുവനാടിനു വേണ്ടി ആയുധമെടുത്തിരുന്നു. വള്ളുവനാട്ടിലെ ചാവേറുകളോടൊപ്പം കോവിലകത്തെ യോഗീശ്വരൻമാരും കൊല്ലപ്പെട്ടിട്ടുണ്ട്. മാഘമാസത്തിൽ തിരുന്നാവായയിൽ കൊല്ലപ്പെട്ട യോഗീശ്വരൻമാർക്ക് പുളിക്കൽ ശങ്കരോടത്ത് കോവിലകത്ത് ഇക്കാലത്തും ശ്രാദ്ധമൂട്ടാറുണ്ട്. വംശത്തിലെ കെട്ടിലമ്മമാരാണ് പാദുകങ്ങൾ, ഉടവാൾ എന്നിവ വെച്ച് ശ്രാദ്ധമൂട്ടുക. മാഘമാസത്തിൽ പൂയ്യം, ആയില്യം നാളുകളിൽ ഒരിക്കൽ ഇരിക്കും. മകത്തിനാണ് ശ്രാദ്ധമൂട്ടും. തൃപ്രങ്ങോട്ടു നിന്നും വെള്ളാട്ടിരി കോവിലകക്കാർ പലായനം ചെയ്തതോടെ കോവിലകവും ക്ഷേത്രവും പരിരക്ഷിക്കാനാളില്ലാതെ അനാഥമായി. 1980 കാലഘട്ടം വരെ കോവിലകം പറമ്പ് ഒഴിഞ്ഞുകിടന്നിരുന്നു. ഇതിനിടയിൽ കോവിലകം തകർന്നു മണ്ണടിഞ്ഞു.
പിൽക്കാലത്ത് കോവിലകം പറമ്പിൽ വീടുകൾ വന്നു. വടക്കേപ്പാട്ടുകളത്തിൽ നായൻമാരുടെ കൈവശത്തിലാണ് ഇപ്പോൾ കോവിലകം പറമ്പ്. ക്ഷേത്രവും ക്ഷേത്രഭൂമിയും അനാഥമായി കിടക്കുകയാണ്. ക്ഷേത്രം പുരുദ്ധാരണം ചെയ്യുന്നതിനോ ക്ഷേത്ര പുനരുദ്ധാരണം ചെയ്യാൻ താൽപ്പര്യമുള്ളവർക്ക് വിട്ടുകൊടുക്കുന്നതിനോ ഇവർ ഇതുവരെ താൽപ്പര്യപ്പെട്ടിട്ടില്ല. ക്ഷേത്രം പുനരുദ്ധാരണം ചെയ്യണമെന്ന് നാട്ടുകാർക്ക് ആഗ്രഹവുമുണ്ട്. ക്ഷേത്രഭൂമിയുടെ വടക്കുകിഴക്കെ പറമ്പിൽ തീർത്ഥക്കിണർ ഉപയോഗശൂന്യമായി കിടക്കുകയാണ്. കോവിലകം പറമ്പിൽ കൊടക്കല്ലിൻ്റെ അവശിഷ്ടം കാണാൻ കഴിഞ്ഞു. കോവിലകത്തെ ഏതോ കാലത്തു ജീവിച്ചിരുന്ന യോഗീശ്വരൻ്റെ സമാധി സ്ഥലമാണ് ഇതെന്നാണ് വിശ്വാസം.