84: പാലക്കുന്ന് ഭഗവതി ക്ഷേത്രം
March 24, 202386: ഭഗവതിമല ദേവീക്ഷേത്രം
March 26, 2023തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 85
ടിപ്പുവിൻ്റെ പടയോട്ടക്കാലത്തെ അക്രമങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിലുള്ള ഒരു ക്ഷേത്രമാണ് തൃപ്രങ്ങോട് മഹാദേവ ക്ഷേത്രം. മലപ്പുറം ജില്ലയിൽ തൃപ്രങ്ങോട് പഞ്ചായത്തിലാണ് ഐതിഹ്യവും ചരിത്രവും കെട്ടുപിണഞ്ഞു കിടക്കുന്ന ക്ഷേത്രമുള്ളത്. ഭാരതപ്പുഴയുടെ വടക്കുഭാഗത്ത് പഴയ കാല വെട്ടത്തു നാട്ടിലെ ഒരു പ്രധാനക്ഷേത്രമാണിത്. കാല സംഹാരകൻ സങ്കൽപ്പമുള്ളതിനാൽ രോഗ ദുരിത ശാന്തിക്കായി ദക്ഷിണേന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നും ദിവസേന നൂറുകണക്കിനു ഭക്തരാണ് ഇവിടെയെത്തുന്നത്. മുവ്വായിരത്തോളം വർഷം പഴക്കമുണ്ടെന്നു കരുതുന്ന ക്ഷേത്രത്തിന് എട്ടാം നൂറ്റാണ്ടു മുതലുള്ള രേഖയുണ്ട്. പരകോഡമാണ് തൃപ്രങ്ങോട് ആയതെന്നും തിരുപറങ്ങോടനാണ് തൃപ്രങ്ങോട് എന്ന പേരിന്നാധാരമെന്നും പക്ഷാന്തരമുണ്ട്.
പറങ്ങോടൻ ശിവൻ്റെ പര്യായപദമാണ്. പറങ്ങോട്ട് എന്ന പേരിൽ ഒരു പുരാതന ബ്രാഹ്മണ ഗൃഹം ഇവിടെയുണ്ടായിരുന്നു. പ്രസിദ്ധ ഗണിത ശാസ്ത്ര പണ്ഡിതനായിരുന്ന ജ്യേഷ്ഠദേവൻ നമ്പൂതിരി പറങ്ങോട്ട് ഇല്ലക്കാരനായിരുന്നു. തൃപ്രങ്ങോട്ട് പറങ്ങോട്ട് ഇല്ലം ഇന്നില്ല. കേരളാധീശ്വരപുരത്ത് വട്ടത്താണിക്ക് പടിഞ്ഞാറു ഭാഗത്ത് പറക്കോട്ട് ഇല്ല പറമ്പും അവിടെ ഒരു പുതിയ വീട്ടുമുണ്ട്. തൃപ്രങ്ങോട്ടു നിന്നും ഈ ഇല്ലക്കാർ കേരളാധീശ്വര പുരത്തേക്ക് വന്നതാകുമെന്ന് അനുമാനിക്കാവുന്നതാണ്. ഇവിടെ ഉണ്ടായിരുന്ന ഇല്ലക്കാർ അന്യം നിലച്ചു. ഇല്ലം സ്ഥിതി ചെയ്തിരുന്ന ഭൂമിയിൽ ഇപ്പോഴുള്ള വീട്ടുകാർ ബ്രാഹ്മണരുമല്ല. ഇവിടെ തൃപ്രങ്ങോട്ടപ്പനെ പ്രതിഷ്ഠിച്ച് പൂജിക്കുന്ന ഒരു ചെറിയ മണ്ഡപമുണ്ട്. തൃപ്രങ്ങോട്ടപ്പൻ പറങ്ങോട്ട് ഇല്ലക്കാരുടെ ഉപാസനാ ദേവനായിരിക്കാമെന്നും വിശ്വസിക്കേണ്ടിയിരിക്കുന്നു. ചേരരാജാക്കൻമാരുടെ നിയന്ത്രണത്തിൽ ഈ ക്ഷേത്രം ഒരു കാലഘട്ടത്തിലുണ്ടായിരുന്നു. അതിനു ശേഷം വെട്ടത്ത് രാജവംശത്തിൻ്റെ നിയന്ത്രണത്തിലായി. ഏറെക്കാലം വെട്ടത്ത് രാജവംശത്തിനായിരുന്നു ഊരായ്മ സ്ഥാനം.
തൃപ്രങ്ങോട്ട് ക്ഷേത്രത്തിൻ്റെ വലിയ ചിറയുടെ പടിഞ്ഞാറു ഭാഗത്തെ പറമ്പിന് കോവിലകം പറമ്പെന്നാണ് പേര്. വെട്ടത്തു രാജാവിൻ്റെ ഒരു ചെറിയ കോവിലകം ഇവിടെയുണ്ടായിരുന്നുവെന്നും ക്ഷേത്ര ദർശനത്തിന് എത്തിയാൽ രാജാവ് തൃപ്രങ്ങോട് കോവിലകത്ത് താമസിച്ചിരുന്നുവെന്നും വാമൊഴിച്ചരിത്രമുണ്ട് . വെട്ടത്തു രാജാവ് ഊരാളനായി ഇരിക്കെയാണ് ടിപ്പുവിൻ്റെ അക്രമമുണ്ടായത്. ആനപ്പള്ളമതിലോടു കൂടിയ ക്ഷേത്രത്തിൻ്റെ കിഴക്കും പടിഞ്ഞാറും വലിയ ഗോപുരങ്ങളുണ്ടായിരുന്നു. പടിഞ്ഞാറോട്ടു ദർശനമായിരിക്കുന്ന ക്ഷേത്രത്തിൻ്റെ പടിഞ്ഞാറെ ഗോപുരം തകർത്താണ് ടിപ്പുവിൻ്റെ സൈന്യം ക്ഷേത്രത്തിനകത്തേക്ക് പ്രവേശിച്ചത്. ലക്ഷം വിളക്കുതെളിയിച്ചിരുന്ന വിളക്കുമാടവും, കൂത്തമ്പലവും തകർത്തു. കാരണത്തിൽ ശിവക്ഷേത്രത്തിൻ്റെ മുഖമണ്ഡപവും ചുറ്റമ്പലവും തകർത്തു. പ്രതിഷ്ഠകൾ തകർത്തിരുന്നുവോ എന്നു വ്യക്തമല്ല. ഇടവത്തിലെ പുണർതത്തിൽ പ്രതിഷ്ഠാദിനം ആഘോഷിക്കുന്നുണ്ട്. പ്രതിഷ്ഠകൾക്ക് കേടു സംഭവിച്ചിരുന്നുവെന്നും പിൽക്കാലത്ത് പുനരുദ്ധാരണം ചെയ്തിട്ടുണ്ടെന്നും വ്യക്തമാണ്.
ക്ഷേത്രത്തിൻ്റെ തെക്കുഭാഗത്ത് പ്രദക്ഷിണ വഴിയുടെ വടക്കായി അപസ്മാര യക്ഷൻ എന്ന പേരിൽ ഒരു വിഗ്രഹമുണ്ട്. ഈ വിഗ്രഹത്തിൻ്റെ കൈ വെട്ടിമാറ്റിയ നിലയിലാണ്. മാർക്കണ്ഡേയനെ കാലപാശത്തിൽ നിന്നും ശിവഭഗവാൻ രക്ഷിച്ച ഐതിഹ്യം നടന്നത് ഈ ക്ഷേത്രത്തിലാണെന്ന വിശ്വാസമുണ്ട്. അപസ്മാര യക്ഷൻ എന്ന പേരിൽ വച്ചിട്ടുള്ള വിഗ്രഹം ഈ ഐതിഹ്യത്തെ ഓർമ്മിപ്പിക്കുന്ന വിധത്തിലുള്ളതാണ്. തൃപ്രങ്ങോട് ശിവക്ഷേത്രത്തിൽ പടിഞ്ഞാട്ട്ദർശനമായി മൂന്ന് ശിവക്ഷേത്രങ്ങളാണുള്ളത്. കാലനെ വധിക്കാൻ ശിവൻ വച്ച തൃപ്പാദങ്ങൾ പതിഞ്ഞ ഭാഗത്താണ് മൂന്നു ക്ഷേത്രങ്ങൾ. കാരണത്തിൽ ശിവക്ഷേത്രമാണ് മൂലസ്ഥാനം. തകർന്ന ഭാഗങ്ങൾ പുനരുദ്ധാരണം ചെയ്യാൻ ദേവസ്വം ആലോചിക്കുന്നുണ്ട്. 1793 മെയ് 24 ന് വെട്ടത്ത് രാമവർമ്മ വലിയ രാജ കൊല്ലപ്പെട്ടതിനു ശേഷം വെട്ടത്തു നാട് കോഴിക്കോട് സാമൂതിരി രാജാവ് ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയിൽ നിന്നും പാട്ടത്തിനെടുത്തു. ഇതോടെ തൃപ്രങ്ങോട് ക്ഷേത്രത്തിൻ്റെ ഊരാളൻമാർ സാമൂതിരിമാരായി. സാമൂതിരി ട്രസ്റ്റി ഷിപ്പിൻ കീഴിലാണ് തൃപ്രങ്ങോട് മഹാദേവ ക്ഷേത്രം.