
ടിപ്പുവിൻ്റെ പടയോട്ടം
May 7, 2014
15: ആതാടി ശിവക്ഷേത്രം
June 7, 2021തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 1
കനത്ത കരിങ്കല്‍ പാളിയുടെ പടിക്കെട്ടിറങ്ങി മതിലകത്തു കടന്നാല്‍ വലതുഭാഗത്തെ തറയ്ക്കപ്പുറം തല വെട്ടിമാറ്റിയ നന്ദികേശൻ്റെ ശില്‍പ്പം കാണാം. അതിനു താഴെ അഞ്ച് അടി നീളമുള്ള ഒരു കരിങ്കല്‍ തൂണും കിടപ്പുണ്ട്. ഇത് കരിങ്കല്‍ തൂണല്ല, ആന കല്ല് ആയതാണെന്നും ആനയുടെ കാലാണ് ഇതെന്നും പഴമക്കാര്‍ വിശ്വസിക്കുന്നു. പ്രദക്ഷിണവഴിയുടെ വലതുഭാഗത്ത് നാലമ്പലത്തോടു ചേര്‍ന്ന് ക്ഷേത്രത്തിനു ചുറ്റിലും വലിയ ഒരു തറ ഗതകാല പ്രതാപത്തിൻ്റെ ശേഷിപ്പായി പുല്‍ക്കാടുപിടിച്ചു കിടക്കുന്നു. വടക്കെ നടയില്‍ ആണ്ടില്‍ ഒരു നാള്‍ മാത്രം തുറക്കുന്ന വാതില്‍ അടഞ്ഞു കിടക്കുന്നതായും കാണാം. പ്രഥമദൃഷ്ടിയില്‍ പ്രത്യേകതകളൊന്നും തോന്നുകയില്ല. എന്നാല്‍, ഇതെല്ലാം അറിയപ്പെടാത്ത ചരിത്രത്തിൻ്റെ ശേഷിപ്പുകളാണ്.
അധിനിവേശത്തിൻ്റെ നെഞ്ചകം തകരുന്ന ചരിത്രങ്ങള്‍, സാമൂഹ്യ വ്യവസ്ഥിതിയുടെ ഉഗ്രശാസനകളുടെ ഗര്‍ജ്ജനങ്ങള്‍ ഇവയെല്ലാം നടന്ന ഭൂതകാലത്തിൻ്റെ ചരിത്രം ഈ ശേഷിപ്പുകളില്‍ നിന്നും നമുക്ക് വായിച്ചെടുക്കാന്‍ സാധിക്കും. ഇത് തൃക്കണ്ടിയൂര്‍ മഹാദേവക്ഷേത്രത്തിൻ്റെ കുതിപ്പും കിതപ്പുമാണ്. മലപ്പുറം ജില്ലയുടെ പടിഞ്ഞാറ് സമുദ്രത്തോടു ചേര്‍ന്നു കിടക്കുന്ന പഴയകാല വെട്ടത്തുനാട്ടിലാണ് തൃക്കണ്ടിയൂര്‍ മഹാദേവക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

കേരളത്തിലെ ആദ്യത്തെ സാംസ്കാരിക നാടാണ് വെട്ടത്തുനാട്. വെട്ടം എന്നാല്‍ വെളിച്ചം അഥവാ ജ്ഞാനം ആണ്. അജ്ഞാനികളുടെ അന്ധകാരമില്ലാത്ത വിജ്ഞാനികളുടെ നാട് അതു വെട്ടത്തു നാടാണ്. ഗണിതം, ജ്യോതിഷം, വൈദ്യം, വ്യാകരണം തുടങ്ങി സമസ്ത മണ്ഡലങ്ങളിലേയും അമരക്കാര്‍ വെട്ടത്തു നാട്ടുകാരായിരുന്നു. തന്ത്രസംഗ്രഹം എന്ന വിഖ്യാത ഗണിതശാസ്ത്ര ഗ്രന്ഥത്തിൻ്റെ ഉപജ്ഞാതാവ് കേളല്ലൂര്‍ നീലകണ്ഠസോമയാജിപ്പാട്, ദൃഗ്ഗണ്ണിതം എന്ന ഗണിതത്തിൻ്റെ ഉപജ്ഞാതാവ് വടശ്ശേരി പരമേശ്വരന്‍ അടക്കം 38 പണ്ഡിതന്‍മാരുടെ ജന്മഭൂമിയും കര്‍മ്മഭൂമിയുമാണ് വെട്ടത്തുനാട്. ഇതിൻ്റെ തലസ്ഥാനം തൃക്കണ്ടിയൂര്‍ ആണ്.
ഇന്നത്തെ തിരൂര്‍ താലൂക്ക് പൂര്‍ണ്ണമായും പഴയ കാല വെട്ടത്തു നാട്ടില്‍ ഉള്‍പ്പെട്ടതായിരുന്നു. സംസ്കൃത കാലത്ത് കുണ്ഡപുരം എന്ന പേരിലാണ് തൃക്കണ്ടിയൂര്‍ അറിയപ്പെട്ടിരുന്നത്. കുണ്ഡപുരാധീശന്‍ ഉമയോടു കൂടിയ പാര്‍വതീ സമേതനായ പരമശിവനാണ്. ക്ഷേത്രത്തിൻ്റെ പടിഞ്ഞാറു ഭാഗത്ത് പടിഞ്ഞാറെ ചിറ എന്ന പേരില്‍ ഒരു തീര്‍ത്ഥക്കുളമുണ്ട്. പരശുരാമന്‍ ഇവിടെ യാഗം നടത്തിയിരുന്നുവെന്നും യാഗകുണ്ഡമായിരുന്നു അതെന്നും വിശ്വാസമുണ്ട്. യാഗകുണ്ഡം പില്‍ക്കാലത്ത് തീര്‍ത്ഥക്കുളമായി. യാഗകുണ്ഡമുണ്ടായതിനാലാണ് കുണ്ഡപുരം എന്ന പേരു വന്നതെന്നും വിശ്വസിക്കപ്പെട്ടിരിക്കുന്നു. കിഴക്കോട്ടാണ് ദര്‍ശനം. ശിവഭഗവാന്‍ ഇവിടെ ധ്യാനനിരതനായ ഭാവമാണ്. ഭഗവാന്‍ ധ്യാനത്തില്‍ നിന്നും വൃതിചലിച്ചാല്‍ തൃക്കണ്ണ് തുറക്കുമെന്നും അനന്തരഫലം ദുരിതമായിരിക്കുമെന്നുമാണ് വിശ്വാസം.
പണ്ടൊരിക്കല്‍ വള്ളുവനാട്ടിലെ അരിമ്പ്ര കോവിലകത്ത് തീപിടുത്തമുണ്ടായി. തീപിടുത്തത്തെക്കുറിച്ച് അറിയാന്‍ വള്ളുവക്കോനാതിരി ജ്യോതിഷപ്രശ്നം നടത്തി. കുണ്ഡപുരാധീശന്‍ തൃക്കണ്ണു തുറന്നതാണ് തീപിടുത്തമുണ്ടാവാന്‍ കാരണമെന്നു തെളിഞ്ഞു. ഇനിയും ശ്രീപരമേശ്വരന്‍ കണ്ണുതുറന്നേക്കും. അപ്പോഴൊക്കെ അഗ്നിവര്‍ഷമുണ്ടാവുമെന്നും ആപത്തില്‍ നിന്നും രക്ഷനേടാന്‍ ക്ഷേത്രത്തിനു മുന്‍വശത്ത് ക്ഷേത്രഭൂമിയുടെ അതേ വിസ്താരത്തില്‍ കുളം നിര്‍മ്മിക്കണമെന്നും പ്രതിവിധിയുണ്ടായി.
ക്ഷേത്രഭൂമിയുടെ അതേ അളവില്‍ കിഴക്കുഭാഗത്തെ ചിറ നിര്‍മ്മിച്ചത് വള്ളുവക്കോനാതിരിയാണ്. ഇടക്കാലത്തു വച്ച് ചിറ പുനര്‍നിര്‍മ്മിച്ചിട്ടുണ്ട്. ഓരോ കടവും ദേശത്തെ പ്രമുഖ തറവാട്ടുകാരാണ് സ്പോണ്‍സര്‍ ചെയ്തത്. അതു സംബന്ധിച്ച് ഓരോ കടവിലും കല്ലില്‍ കൊത്തിയ ശിലാഫലകങ്ങളുണ്ടായിരുന്നു. ചില ഫലകങ്ങള്‍ അലക്കാനുള്ള കല്ലായി കടവുകളില്‍ ഇപ്പോഴുമുണ്ട്. നാലുഭാഗത്തും ഗോപുരങ്ങളോടെയുള്ള ക്ഷേത്രമായിരുന്നു തൃക്കണ്ടിയൂര്‍ മഹാദേവക്ഷേത്രം. ലക്ഷദീപം തെളിയിച്ചിരുന്ന വിളക്കുമാടവും ക്ഷേത്രത്തിനുണ്ടായിരുന്നു. ഗജപ്യഷ്ഠാകൃതിയിലുള്ള ശ്രീകോവിലിൻ്റെ ഭിത്തിയില്‍ മനോഹരമായ കൊത്തുപണികള്‍ കാണാം. കന്നിമൂലയില്‍ ഗണപതിയേയും വടക്കു കിഴക്കെ മൂലയില്‍ പരശുരാമനേയും ഉപദേവന്‍മാരായി പ്രതിഷ്ഠിച്ചിരിക്കുന്നു.
പരശുരാമ പ്രതിഷ്ഠയുള്ള അപൂര്‍വ്വ ക്ഷേത്രങ്ങളിലൊന്നാണിത്. ഇവിടെയുള്ള ഗണപതി വിഗ്രഹം അപൂര്‍വശിലയാല്‍ നിര്‍മ്മിച്ചതും തുമ്പിക്കെ വെച്ചിരിക്കുന്നത് വിപരീത ദിശയിലേക്കുമാണ്. തിരുവിതാംകൂറില്‍ നിന്നാണ് ഈ വിഗ്രഹം തൃക്കണ്ടിയൂരിലേക്ക് കൊണ്ടുവന്നത്. ക്ഷേത്രത്തിനു പുറത്ത് തെക്കുഭാഗത്തായി കിഴക്കോട്ടു ദര്‍ശനത്തില്‍ അന്തിമഹാകാളനും വടക്കുഭാഗത്ത് കിഴക്കോട്ടു ദര്‍ശനമായി മഹാവിഷ്ണുവുമുണ്ട്. ശിവക്ഷേത്രത്തിൻ്റെ പടിഞ്ഞാറു ഭാഗത്തുണ്ടായിരുന്ന ഒരു ബ്രാഹ്മണ ഗൃഹത്തിലെ പൂജാവിഗ്രഹമായിരുന്നു ഈ വിഷ്ണു വിഗ്രഹം. ഇല്ലം അന്യം നിലച്ചതോടെ പ്രസ്തുത വിഗ്രഹം തൃക്കണ്ടിയൂര്‍ മഹാദേവത്തിനുള്ളില്‍ പ്രതിഷ്ഠിച്ചു. ഏറെ കാലത്തിനു ശേഷം നടന്ന ദേവപ്രശ്നത്തില്‍ മഹാവിഷ്ണുവിന് പ്രത്യേകം ക്ഷേത്രമുണ്ടാക്കി മാറ്റി പ്രതിഷ്ഠിക്കണമെന്നു കണ്ടു. അതിനെ തുടര്‍ന്നാണ് നാലമ്പലത്തിനു വെളിയില്‍ പ്രത്യേകം ക്ഷേത്രം നിര്‍മ്മിച്ച് അതില്‍ പ്രതിഷ്ഠിച്ചത്.
പരശുരാമന്‍ പ്രതിഷ്ഠിച്ച 108 ശിവാലയങ്ങളിലൊന്നാണ് തൃക്കണ്ടിയൂര്‍ മഹാദേവക്ഷേത്രം. തിരുവിതാംകൂര്‍ ഭാഗത്തുനിന്നും വെട്ടത്തുനാട്ടിലെത്തിയ 90 ബ്രാഹ്മണ കുടുംബങ്ങളാണ് ആദ്യകാലത്ത് ഈ ക്ഷേത്രം പരിരക്ഷിച്ചിരുന്നത്. അവര്‍ പില്‍ക്കാലത്ത് ഇവിടെ നിന്നും പോകുമ്പോള്‍ ഏതാനും മൂസ്സത് മാരെ ക്ഷേത്രഭരണം ഏല്‍പ്പിച്ചു. അതില്‍ നാല് മൂസ്സത് കുടുംബങ്ങള്‍ ക്ഷേത്രത്തില്‍ കഴകക്കാരായി ഇപ്പോഴുമുണ്ട്. തൃക്കണ്ടിയൂര്‍ ദേവസ്വം ജന്മിയായ ഭൂമിയിലാണ് ഈ കുടുംബങ്ങള്‍ ഇപ്പോഴും താമസിക്കുന്നത്. അതില്‍പ്പിന്നെ ക്ഷേത്രഭരണം വെട്ടത്ത് രാജവംശത്തിനു ലഭിച്ചു. 1793 മെയ് മാസം 24 ന് ഒടുവിലത്തെ വെട്ടത്ത് രാജാവ് രാമവര്‍മ്മ വലിയരാജ ശത്രുസൈന്യത്താല്‍ നിഗ്രഹിക്കപ്പെട്ടതോടെ വെട്ടത്ത് നാട് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍ ലയിച്ചു. തുടര്‍ന്ന് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍ നിന്നും കോഴിക്കോട് സാമൂതിരി രാജ വെട്ടത്ത് നാട് പാട്ടത്തിന് ഏറ്റെടുത്തു. ഇതോടെ തൃക്കണ്ടിയൂര്‍ മഹാശിവക്ഷേത്രം സാമൂതിരിയുടെ ട്രസ്റ്റിഷിപ്പിന്‍ കീഴിലായി.
പതിനാറാം നൂറ്റാണ്ടിലെ പണ്ഡിതന്മാരുടെ അമരക്കാരന്‍ തൃക്കണ്ടിയൂര്‍ അച്ചുതപിഷാരടി ഈ മഹാദേവ ക്ഷേത്രത്തിലെ കഴകപ്രവൃത്തി ചെയ്തിരുന്നു. ഗോള ദീപിക അടക്കം ഒമ്പത് ശാസ്ത്ര ഗ്രന്ഥങ്ങളുടെ കര്‍ത്താവായ തൃക്കണ്ടിയൂര്‍ അച്യുതപിഷാരടി പടിഞ്ഞാറെ ചിറ വക്കത്തുള്ള പടിഞ്ഞാറെ ഷാരത്തു പറമ്പിലാണ് വസിച്ചിരുന്നത്. വ്യാകരണം, ജ്യോതിഷം, വൈദ്യം, ഗണിതം എന്നീ മേഖലകളില്‍ പണ്ഡിതനായിരുന്നു അദ്ദേഹം. പതിനാറാം നൂറ്റാണ്ടില്‍ കേരളത്തിലെ പ്രമുഖ സര്‍വകലാശാലക്ക് തുല്യമായി തൃക്കണ്ടിയൂര്‍ ഷാരം പരിലസിച്ചിരുന്നുവെന്ന് പണ്ഡിതന്മാര്‍ പറഞ്ഞിട്ടുണ്ട്.
തൃക്കണ്ടിയൂരപ്പനും അച്ചുതപിഷാരടിയും തമ്മിലുള്ള ബന്ധം ദൃഢമായിരുന്നു. ഗുരുവായൂരപ്പന് എങ്ങനെയാണോ പൂന്താനം അതുപോലൊരു ബന്ധമായിരുന്നു തൃക്കണ്ടിയൂരപ്പനും ഷാരടിയും തമ്മിലുണ്ടായിരുന്നത്. വ്യാകരണം പഠിക്കാന്‍ മേപ്പുത്തൂര്‍ ഭട്ടതിരി അച്ചുതപിഷാരടിയുടെ ശിഷ്യത്വം സ്വീകരിച്ചു. ഗുരുകുലസമ്പ്രദായ പ്രകാരമായിരുന്നു അദ്ധ്യയനം. അച്യുതപിഷാരടി അവിവാഹിതനായിരുന്നു. അദ്ദേഹത്തിൻ്റെ മരുമകളെ (അകാലത്തില്‍ പൊലിഞ്ഞ സഹോദരിയുടെ പുത്രി) മേപ്പുത്തൂര്‍ ഭട്ടതിരി വേളിയാക്കി. ഭട്ടതിരി തൃക്കണ്ടിയൂര്‍ ഷാരത്ത് ജീവിച്ചിരുന്ന കാലത്ത് നിത്യദര്‍ശനം നടത്തിയിരുന്ന ക്ഷേത്രമായിരുന്നു ഇത്.
ആ കാലഘട്ടത്തില്‍ തൃക്കണ്ടിയൂര്‍ മഹാദേവക്ഷേത്രത്തില്‍ ദിവസേന കൂത്തുണ്ടായിരുന്നു. കുട്ടഞ്ചേരി ഇരവി ചാക്യാരാണ് കൂത്തു നടത്തിയിരുന്നത്. ഒരിക്കല്‍ രാമായണം കൂത്ത് നടത്തുകയായിരുന്നു ഇരവിചാക്യാര്‍. രാമലക്ഷമണന്മാരുടെ വനവാസകാലമാണ് കഥാഭാഗം. ശൂര്‍പ്പണഖയുടെ മൂക്കും മുലയും ഛേദിച്ച ഭാഗം വരെ പറഞ്ഞു നിര്‍ത്തിയ ചാക്യാര്‍ പിറ്റേന്ന് പറയേണ്ട ഭാഗം രാവണൻ്റെ മുന്നിലെത്തി ശൂര്‍പ്പണഖ സങ്കടപ്പെടുന്നതാണ്. മൂക്കില്ലാത്ത ശൂര്‍പ്പണഖ ഏതു വിധത്തിലാണ് രാവണനോട് പറയേണ്ടത്?. ഇതറിയാതെ വിഷമിച്ച ചാക്യാര്‍ക്ക് മേപ്പുത്തൂര്‍ ഭട്ടതിരിയാണ് അനുനാസികാക്രമത്തില്‍ ആ ഭാഗം എഴുതി കൊടുത്തത്. ചാക്യാര്‍ ഭംഗിയായി ആ ഭാഗം അവതരിപ്പിക്കുകയും ചെയ്തു.
തുടര്‍ന്ന് വാമനാവതാരം, ദക്ഷയാഗം, ഗജേന്ദ്രമോക്ഷം, ഏകാദശി മാഹാത്മ്യം, ത്രിപുര ദഹനം, ദക്ഷയാഗം, വ്യാസോല്‍പ്പത്തി, നാരദമോഹനം, സ്യമന്തകം, സ്വാഹാസുധാകരം തുടങ്ങിയ കൂത്തുകഥകളെല്ലാം ഭട്ടതിരി എഴുതി. തുഞ്ചത്തെഴുത്തച്ഛന്‍ നിത്യദര്‍ശനം നടത്തിയിരുന്ന ക്ഷേത്രവും ഇതാണ്. കലാസാഹിത്യാദി മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഏറെ ഐശ്വര്യവും അനുഗ്രഹവും ചൊരിയുന്ന മഹാദേവനാണ് തൃക്കണ്ടിയൂരപ്പന്‍.
തൃക്കണ്ടിയൂര്‍ ക്ഷേത്രമതിലകത്തായിരുന്നു വെട്ടത്തുനാട്ടിലെ ആദ്യകാല കോടതി പ്രവര്‍ത്തിച്ചിരുന്നത്. തൃക്കണ്ടിയൂര്‍ യോഗമെന്ന പേരായിരുന്നു കോടതിയുടേത്. തൃക്കണ്ടിയൂര്‍ ടെമ്പിള്‍ സങ്കേതമെന്നാണ് ഇംഗ്ലീഷ് രേഖകളില്‍ കാണുന്നത്. ജനങ്ങളുടെ മേല്‍ പരമാധികാരം ഉണ്ടായിരുന്ന ഒരു കോടതിയായിരുന്നു തൃക്കണ്ടിയൂര്‍ യോഗം അഥവാ തൃക്കണ്ടിയൂര്‍ ടെമ്പിള്‍ സങ്കേതം. കൊച്ചി രാജ്യ ചരിത്രകാരനായ കെ.പി. പത്മനാഭമേനോൻ്റെ അഭിപ്രായ പ്രകാരം രാജാവിനെ പോലും ശിക്ഷിക്കാന്‍ അധികാരമുണ്ടായിരുന്ന ഉന്നതാധികാരമുള്ള സ്വതന്ത്രകോടതിയായിരുന്നു. പ്രൊഫ: പി.കെ.എസ്. രാജയും തൃക്കണ്ടിയൂര്‍ ടെമ്പിള്‍ സങ്കേതത്തിന് സ്വതന്ത്ര പദവിയായിരുന്നുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. തൃക്കണ്ടിയൂരപ്പനെ സാക്ഷിയാക്കിയാണ് വിചാരണയും ശിക്ഷയുമെല്ലാം നടന്നിരുന്നത്.
വെട്ടത്തു രാജാവാണ് ടെമ്പിള്‍ സങ്കേതം മാനേജ് ചെയ്തിരുന്നത്. സാമൂതിരി രാജാവ്, വള്ളുവനാട് രാജാവ് എന്നിവരുടെ നായര്‍ ഭടന്മാരെ ടെമ്പിള്‍ സങ്കേതത്തില്‍ ഡ്യൂട്ടിക്ക് അയച്ചിരുന്നു ഇതിനു പ്രതിഫലമായി റെവന്യു വരുമാനത്തിൻ്റെ ഒരു വിഹിതം നല്‍കും. ക്രിമിനല്‍ കേസുകളില്‍ തീരുമാനമെടുക്കുമ്പോള്‍ വെട്ടത്ത് രാജാവിൻ്റെ ഉപദേശം തേടിയിരുന്നു. തൃക്കണ്ടിയൂര്‍ മഹാദേവക്ഷേത്രത്തില്‍ ടെമ്പിള്‍ സങ്കേതം എന്ന കോടതി തുടങ്ങിയത് ഏതു കാലം മുതല്‍ക്കാണെന്നറിയില്ല. പതിനാറാം നൂറ്റാണ്ടുവരെ കോടതി പ്രവര്‍ത്തിച്ചിരുന്നു. തൃക്കണ്ടിയൂര്‍ യോഗ നടപടികളില്‍ ചിലത് വഞ്ഞേരി ഗ്രന്ഥ വരിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കൊല്ലം 785 ധനു ഞായറാഴ്ച (എ.ഡി 1609) മോഷണക്കുറ്റത്തിന് പുതുക്കുളങ്ങര ഇട്ടിഉണ്ണിയേയും കൊല്ലം 783 മകരം 15 ന് കൊലപാതക കേസിലെ പ്രതി ഈരകത്ത് ഉണ്ണാമനെയും വധശിക്ഷക്ക് വിധിച്ചതിന് രേഖയുണ്ട്.
സാമൂഹ്യപ്രശ്നങ്ങളിലും നീതിനിര്‍വഹണ പ്രശ്നങ്ങളിലും തൃക്കണ്ടിയൂര്‍ മഹാദേവക്ഷേത്രമതിലകത്തെ കോടതി സജീവമായി ഇടപെട്ടിരുന്നു. മലബാറിലെ ആദ്യത്തെ നിരാഹാര സത്യാഗ്രഹം നടന്നത് തൃക്കണ്ടിയൂര്‍ മഹാദേവക്ഷേത്രത്തിൻ്റെ പടിഞ്ഞാറെ ചിറവക്കത്താണ്. കൊല്ലം 810 ഇടവം ഞായര്‍ ഒന്നിന് പടിഞ്ഞാറെ ചിറ വൃത്തിയാക്കി പുണ്യാഹം ചെയ്തു. അതിനു ശേഷം ഇടവം ഞായര്‍ 22 ന് അരയക്കുട്ടികള്‍ വന്ന് ചിറ തൊടുകയും അതില്‍ കുളിക്കുകയും ചെയ്തതോടെ ചിറ അശുദ്ധമായി. തുടര്‍ന്ന് ജനവും സമുദായവും കൂടി ആലോചിച്ചു. ചെറായമരക്കാരുടെ പിള്ളേരാണ് ചിറ തൊട്ട് അശുദ്ധമാക്കിയത്. ഇതിനെ ചോദ്യം ചെയ്യാന്‍ ചെറായ മരക്കാരുടെ അടുത്തേക്ക് ആളെ അയച്ചപ്പോള്‍ ഞാന്‍ തൊടും എന്ന് അയാള്‍ ധിക്കാരത്തോടെ മറുപടി പറയുകയാണുണ്ടായത്. വെട്ടത്തു രാജാവാകട്ടെ നടപടിയെടുത്തതുമില്ല. തുടര്‍ന്ന് ബ്രാഹ്മണര്‍ ചിറവക്കത്ത് പട്ടിണിസമരം നടത്തുകയായിരുന്നു .
ക്ഷേത്രത്തിൻ്റെ വടക്കെ നട അടച്ചിട്ടതിനു പിന്നില്‍ ഒരു പ്രണയദുരന്ത കഥയാണ് പറയാനുള്ളത്. തൃക്കണ്ടിയൂര്‍ ദേശത്തിനു പടിഞ്ഞാറാണ് പൊന്നേങ്കാവ് അയ്യപ്പക്ഷേത്രം സ്ഥിതി ചെയ്തിരുന്നത്. ഇപ്പോള്‍ അവിടെ ക്ഷേത്രമില്ല. ഒരു ഇസ്‌ലാംമത വിശ്വാസിയുടെ കൈവശത്തിലാണ് ഈ ക്ഷേത്രഭൂമി ഇപ്പോഴുള്ളത്. ഇതെഴുതുന്ന സമയത്ത് അവിടെ ഒരു മുസ്ലീം പള്ളിയുടെ നിര്‍മ്മാണം ഏതാണ്ട് പൂര്‍ത്തിയായിരിക്കുന്നു. അയ്യപ്പക്ഷേത്രത്തിൻ്റെ കുളത്തിനു സമീപത്താണ് കുറുങ്ങാട്ട ഇല്ലം സ്ഥിതി ചെയ്തിരുന്നത്. ഇല്ലത്ത് വേളി കഴിയാത്ത ഒരു നമ്പൂതിരി താമസിച്ചിരുന്നു. ഇദ്ദേഹം അന്നാരയിലൂടെ നടന്നു വരുമ്പോള്‍ ഒരു കുടിലില്‍ നിന്നും മനോഹരമായ നാടന്‍ പാട്ടു കേട്ടു. കരീട്ടില്‍ എന്നു വീട്ടു പേരുള്ള തിയ്യ ജാതി കുടുംബം താമസിക്കുന്ന കുടിലാണ് അതെന്നും അവിടെയുള്ള കോച്ചി എന്ന പെണ്ണാണ് പാട്ടു പാടുന്നതെന്നും നമ്പൂതിരി മനസ്സിലാക്കി. മധുരമായി പാടുന്ന പെണ്ണിനെ കാണാന്‍
നമ്പൂതിരിയുടെയുള്ളില്‍ ആഗ്രഹം മുളപൊട്ടി. അക്കാലത്തെ കൊടിയ ജാതി വ്യവസ്ഥ നമ്പൂതിരിയുടെ ആഗ്രഹത്തിനു തടസ്സമായി.
ഒരു ദിവസം രാത്രി നമ്പൂതിരി കുടിലില്‍ ചെന്ന് കരീട്ടില്‍ കോച്ചിയെ കണ്ടു. അതീവ സുന്ദരിയായിരുന്നു അവള്‍. ഭൂമി മുട്ടെ മുടിയുള്ള ആ സുന്ദരിയുടെ ചുണ്ടുകള്‍ മുറുക്കി ചുവന്നതായിരുന്നു. കോച്ചിയും നമ്പൂതിരിയും തമ്മില്‍ ജാത്യാചാരം ലംഘിച്ചു കൊണ്ടുള്ള പ്രണയം അന്നു തുടങ്ങി. ഈ പ്രണയം ആരും അറിഞ്ഞില്ല. ഒരു രാത്രിയില്‍ ദേശം ഉറക്കത്തിലായ സമയത്ത് കോച്ചിയെ ഇല്ലത്തേക്ക് കൊണ്ടുവന്ന് അന്തര്‍ജ്ജനത്തിൻ്റെ സ്ഥാനം കൊടുത്തു. മേല്‍ജാതിക്കാരനായ നമ്പൂതിരി താണ ജാതിക്കാരിയെ പത്നിയാക്കിയ ആദ്യത്തെ സംഭവമായിരിക്കുമിത്.
ഇല്ലത്തു നിന്നും പുറത്തിറങ്ങാതെയാണ് കോച്ചി അവിടെ കഴിഞ്ഞത്. കോച്ചിയെ ഇല്ലത്തു നിന്നും പുറത്തിറക്കി നടത്തണമെന്ന ആഗ്രഹം നമ്പൂതിരിക്കുമുണ്ടായിരുന്നു. അദ്ദേഹം അതിനൊരു പദ്ധതിയൊരുക്കി. ഒരു ദിവസം നമ്പൂതിരി കോച്ചിയോട് തൃക്കണ്ടിയൂര്‍ മഹാദേവക്ഷേത്രത്തിൻ്റെ കിഴക്കെ ചിറയില്‍ കുളിച്ചു വരാന്‍ പറഞ്ഞു. ബ്രാഹ്മണര്‍ മാത്രം കുളിച്ചുത്ത് നടത്തുന്ന ചിറയില്‍ താണ ജാതിയില്‍പെട്ട താന്‍ കുളിക്കുകയോ?. കോച്ചിക്ക് ഭയമായി. ഇപ്പോഴത്തെ ജീവിത സാഹചര്യം മാറ്റിയെടുക്കണമെങ്കില്‍ പരീക്ഷണത്തില്‍ വിജയിച്ചേ മതിയാകൂ എന്ന് നമ്പൂതിരിയും പറഞ്ഞു. പുറത്തിറങ്ങി നടക്കാന്‍ കോച്ചിയും ആഗ്രഹിച്ചിരുന്നു. ഒടുവില്‍, കോച്ചി പരീക്ഷണത്തിനു തയ്യാറായി.
അന്തര്‍ജ്ജനത്തിൻ്റെ വേഷം കെട്ടി മറക്കുടയും പിടിച്ച് ഓടത്തില്‍ താളിയുമായി കോച്ചി പുറത്തിറങ്ങി. ചിറയിലേക്ക് പോകുന്ന വഴിയില്‍ ദേശത്തെ അന്തര്‍ജ്ജനങ്ങള്‍ കോച്ചിയെ കണ്ടു. മുമ്പു കണ്ടു പരിചയമില്ലാത്ത പുതിയ അന്തര്‍ജ്ജനത്തെ അവര്‍ പരിചയപ്പെട്ടു. കുറുങ്ങാട്ടില്ലത്തെ വേളിയാണെന്ന് കോച്ചി പറയുകയും ചെയ്തു. പരിഭ്രമത്തോടെ ചിറയിലിറങ്ങി അതിവേഗം മുങ്ങി നിവര്‍ന്ന കോച്ചി വേഗം തലതുവര്‍ത്തി. ഈ സമയത്ത് മുടിയുടെ ഒരറ്റം പടവിലെ ചെറിയ ചെടിയില്‍ ചുറ്റിപ്പോയി. ചുറ്റ് അഴിച്ചെടുക്കാൻ പോലും കാത്തു നില്‍ക്കാതെ മുടി പൊട്ടിച്ചെടുത്ത് കോച്ചി വേഗം ഇല്ലത്തേക്ക് നടന്നു. വലിയൊരു പരീക്ഷണം വിജയിച്ച സന്തോഷമായിരുന്നു നമ്പൂതിരിക്ക്.
മറ്റൊരു ദിവസം, നമ്പൂതിരി കോച്ചിയോടു പറഞ്ഞു, നമുക്ക് തൃക്കണ്ടിയൂര്‍ അമ്പലത്തില്‍ ചാക്യാര്‍കൂത്ത് കാണാന്‍ പോകാമെന്ന്. അതു കേട്ട് കോച്ചി ഭയചകിതയായി. താണ ജാതിക്കാര്‍ ക്ഷേത്രത്തിനകത്തു കയറുകയോ?. ഞാനില്ലെന്നു കോച്ചി. ഒടുവില്‍ നമ്പൂതിരിയുടെ നിര്‍ബ്ബന്ധത്തിനു വഴങ്ങി കോച്ചി കൂത്തു കാണാന്‍ വരാമെന്നു സമ്മതിച്ചു. നമ്പൂതിരിയാകട്ടെ, കോച്ചിക്ക് ക്ഷേത്രത്തില്‍ പാലിക്കേണ്ട മര്യാദകളൊക്കെ പറഞ്ഞു കൊടുത്തു. എല്ലാം പറഞ്ഞുവെങ്കിലും പതിവായി വെറ്റില മുറുക്കുന്നത് ശീലമാക്കിയ കോച്ചിയോട് ക്ഷേത്രത്തിനുള്ളില്‍ വെറ്റില മുറുക്കരുതെന്നു പറയാന്‍ മറന്നു. കോച്ചിയാകട്ടെ, ഒരു നേരം മുറുക്കാനുള്ള വക മടിയില്‍ കരുതിവെച്ചു.
അന്തര്‍ജ്ജനത്തിൻ്റെ വേഷത്തില്‍ കോച്ചി നമ്പൂതിരിയോടൊപ്പം ക്ഷേത്രത്തിലെത്തി. ക്ഷേത്രത്തിനകത്തെ കൂത്തമ്പലത്തിനു മുന്നില്‍ നമ്പൂതിരിമാരും അന്തര്‍ജ്ജനങ്ങളും നിരന്നിരുന്നു. നമ്പൂതിരിയും കോച്ചിയും കൂത്തു കാണാനിരിപ്പായി. അന്തര്‍ജ്ജനങ്ങള്‍ ഒരു വശത്തും നമ്പൂതിരിമാര്‍ വേറൊരു വശത്തുമായാണ് ഇരിക്കുന്നത്. കുട്ടഞ്ചേരി ഇരവിചാക്യാരുടെ നര്‍മ്മരസപ്രാധാനവും കാവ്യാത്മകവുമായ കൂത്തുകേട്ട് നമ്പൂതിരിമാരും അന്തര്‍ജ്ജനങ്ങളുമങ്ങനെ ലയിച്ചിരിക്കുകയായിരുന്നു. സംസ്കൃതത്തിലാണല്ലോ കൂത്ത്. കോച്ചിക്ക് സംസ്കൃതം അറിയില്ല. അതുകൊണ്ടുതന്നെ മനസ്സിലായതുമില്ല. കോച്ചിക്ക് വിരസത അനുഭവപ്പെട്ടു. അവര്‍ മടിയിലെ മുളിയിലപ്പൊതി തുറന്ന് വെറ്റിലയും പാക്കും വായിലേക്കിട്ട് ചവക്കാന്‍ തുടങ്ങി. ഒരു അന്തര്‍ജ്ജനം ഇതു കണ്ടു.
കുറുങ്ങാട്ടില്ലത്തെ വേളി ക്ഷേത്രത്തിനകത്ത് വെറ്റില മുറുക്കുന്നു. ആ അന്തര്‍ജ്ജനം അടുത്തിരിക്കുന്ന അന്തര്‍ജ്ജനത്തിൻ്റെ കാതില്‍ വിവരം കൊടുത്തു. കുറഞ്ഞ നേരത്തിനുള്ളില്‍ അന്തര്‍ജ്ജനങ്ങളൊക്കെ അറിയുകയും വെറ്റില മുറുക്കുന്ന കോച്ചിയെ അമ്പരപ്പോടെ നോക്കുകയും ചെയ്തു. എല്ലാവരും തന്നെ തുറിച്ചു നോക്കുന്നത് എന്തിനാണെന്നന്ന് കോച്ചിക്ക് മനസ്സിലായില്ല. ഇനി, വെറ്റില മുറുക്കുന്നതു കൊണ്ടായിരിക്കുമോ? അവര്‍ വലതു കൈക്കുമ്പിളിലേക്ക് വെറ്റിലച്ചണ്ടി തുപ്പി. ഇതോടെ ബഹളമായി. കൂത്തുനിലച്ചു. ബ്രാഹ്മണര്‍ കുറുങ്ങാട്ട് ഇല്ലത്തെ വേളിയെ ചോദ്യം ചെയ്തപ്പോഴാണ് ബ്രാഹ്മണ സ്ത്രീ അല്ലെന്നും കരീട്ടില്‍ കോച്ചിയാണെന്നും
മനസ്സിലായത്. കോപാകുലരായ ബ്രാഹ്മണര്‍ ഇരുവരേയും വടക്കെ നടയിലൂടെ പുറത്താക്കി വാതിലടച്ചു. ഇനി ഈ വാതില്‍ തുറക്കരുതെന്നും വിലക്കി. തൃക്കണ്ടിയൂര്‍ മഹാദേവക്ഷേത്രത്തിൻ്റെ വടക്കെനട ഇന്നും അടഞ്ഞുകിടക്കുന്നതിൻ്റെ വാമൊഴി ചരിത്രമാണിത്.
ക്ഷേത്രത്തില്‍ നിന്നും പുറത്തിറങ്ങിയ കോച്ചിയും നമ്പൂതിരിയും ഓടി തിരുവൂര്‍ പുഴയുടെ കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്നു. തെറ്റു ചെയ്തവരെ വെറുതെ വിട്ടത് ശരിയായില്ലെന്നും തൃക്കണ്ടിയൂര്‍ യോഗത്തില്‍ കൊണ്ടുവന്ന്
ശിക്ഷിക്കണമെന്നും ഒരു വിഭാഗം പറഞ്ഞതോടെ ഇരുവരേയും പിടികൂടാന്‍ ബ്രാഹ്മണര്‍ നാലു ദിക്കിലേക്കും പാഞ്ഞു. അവര്‍ തങ്ങളെ പിടികൂടാന്‍ വരുമെന്നും നമ്പൂതിരിക്ക് ഭ്രഷ്ട് കല്‍പ്പിക്കുകയും കോച്ചിയെ വധിക്കുകയും ചെയ്യുമെന്ന് അവര്‍ക്ക് അറിയാമായിരുന്നു. ഒരുമിച്ചു ജീവിക്കാന്‍ ഈ ലോകത്ത് കഴിയില്ലെന്ന് ബോദ്ധ്യമായതോടെ ഒരു കുന്നോളം മോഹങ്ങള്‍ ബാക്കിവെച്ച് അവര്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു. ഇരുവരും തലമുടി കൂട്ടിക്കെട്ടി പുഴയിലേക്ക് ചാടി. ഏറ്റിരിക്കടവ് എന്ന ഭാഗത്താണ് ജഡങ്ങള്‍ പൊങ്ങിയത്. ഇരുവരുടേയും മൃതദേഹങ്ങള്‍ ഒരു കുഴിയിലിട്ട് മൂടി അതിനു മീതെ മാവു നട്ടു. പുഴയോരത്തുള്ള ഈ പറമ്പിന് മൂച്ചിത്തറ എന്നാണു പേര്.
മരണാനന്തര ക്രിയകള്‍ കിട്ടാതെ കോച്ചിയും നമ്പൂതിരിയും ദമ്പതി രക്ഷസ്സുകളായെന്നാണ് വിശ്വാസം. തൃക്കണ്ടിയൂരില്‍ പണ്ടാരത്തില്‍ എന്നു വീട്ടുപേരുള്ള ഒരു തറവാടിൻ്റെ പറമ്പില്‍ ദമ്പതി രക്ഷസ്സുകള്‍ക്ക് കുടിവെപ്പു ക്ഷേത്രമുണ്ട്. താനൂര്‍ ശോഭാപറമ്പ് ഭഗവതി ക്ഷേത്രത്തിലും കാളാട് വാമനമൂര്‍ത്തി ക്ഷേത്രത്തിലും ദമ്പതിരക്ഷസ്സുകള്‍ ഉപപ്രതിഷ്ഠകളാണ്. തിരൂര്‍ താലൂക്കിൻ്റെ വിവിധ ഭാഗങ്ങളില്‍ ചുരുങ്ങിയത് 300 വീടുകളിലെങ്കിലും ഓരോ വര്‍ഷവും ദമ്പതി രക്ഷസ്സുകളെ ചന്ദനമുട്ടിയില്‍ ആവാഹിച്ച് പ്രീതിപ്പെടുത്താറുണ്ട്. കരീട്ടില്‍ കോച്ചിയുടെ കുടുംബം ഇക്കാലത്തും അന്നാരയില്‍ ജീവിക്കുന്നുണ്ട്. കുറുങ്ങാട്ട് ഇല്ലപ്പറമ്പിലാണ് അവര്‍ താമസിക്കുന്നത്.
എ.ഡി. 1627 ല്‍ അതായത് കൊല്ലവര്‍ഷം 803 വൃശ്ചികം 18ന് ശനിയാഴ്ച രാത്രി ശിവക്ഷേത്രത്തില്‍ തീപിടുത്തമുണ്ടായതിന് രേഖയുണ്ട്. തുലാമാസത്തിലെ അഷ്ടമി മുതല്‍ അമാവാസി വരെയുള്ള എട്ടു ദിവസമാണ് ഉത്സവം. വാവുത്സവം എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. കൊടിമരം ഇല്ലാത്ത ക്ഷേത്രത്തില്‍ ആനയെ എഴുന്നെള്ളിക്കാറില്ല. പരശുരാമ പ്രതിഷ്ഠയുള്ളതുകൊണ്ടാണ് ആനയെ എഴുന്നെള്ളിക്കാത്തത്. ഇതിനു വിപരീതമായി ഒരിക്കല്‍ ആനയെ എഴുന്നെള്ളിച്ചപ്പോള്‍ ആന കല്ലായി പോയെന്നും പ്രസ്തുത ആനയു
ടെ കാലാണ് ക്ഷേത്രവളപ്പില്‍ കിടക്കുന്നതെന്നും വിശ്വസിക്കുന്നവരുണ്ട്. വൃശ്ചികം ഒന്നു മുതല്‍ 41 ദിവസം നടത്തുന്ന ശക്തിപൂജ പ്രധാന വഴിപാടാണ്. ഹൈദരാലിയുടേയും ടിപ്പുവിൻ്റെയും പടയോട്ടം തൃക്കണ്ടിയൂര്‍ മഹാദേവക്ഷേത്രത്തിന് വന്‍ നാശനഷ്ടമുണ്ടാക്കി. ക്ഷേത്രത്തിൻ്റെ ഗോപുരം പൂര്‍ണ്ണമായും തകര്‍ത്ത് ക്ഷേത്ര മതില്‍ക്കെട്ടിനകത്തേക്ക് കയറിയ അക്രമിസംഘം വിളക്കുമാടം തകര്‍ത്തു. കരിങ്കല്ലില്‍ തീര്‍ത്ത നന്ദികേശൻ്റെ കഴുത്ത് വെട്ടിയിട്ടു. ശ്രീകോവിലിനകത്തു കയറി ശിവലിംഗം പുഴക്കി മാറ്റാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
ക്ഷുഭിതരായ അക്രമികള്‍ ശിവലിംഗം വെട്ടിപ്പൊളിച്ചു. അക്കാലത്ത് വെട്ടേറ്റ ശിവലിംഗമാണ് ഇപ്പോഴും ശ്രീകോവിലില്‍ പൂജിക്കുന്നത്. പടയോട്ടക്കാലത്ത് തകര്‍ക്കപ്പെട്ട ഗോപുരത്തിൻ്റെ കാലാണ് ആനകല്ലായി പോയതാണെന്നു പ്രചരിപ്പിക്കപ്പെട്ടത്. തകര്‍ത്ത ഗോപുരത്തിൻ്റെയും വിളക്കുമാടത്തിൻ്റെയും തറ ഇപ്പോഴുമുണ്ട്. വിളക്കുമാടം പുതുക്കി നിര്‍മ്മിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ക്ഷേത്രഭൂമിയുടെ കുറേ ഭാഗം സ്വകാര്യ വ്യക്തികളുടെ കൈവശമാണ്. തിരൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും ഒന്നര കിലോമീറ്റര്‍ തെക്കാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തൃക്കണ്ടിയൂര്‍ മഹാദേവ ക്ഷേത്രം പുനരുദ്ധരിക്കാന്‍ ഇപ്പോള്‍ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. പടയോട്ടത്തില്‍ തകര്‍ക്കപ്പെട്ട വിളക്കുമാടവും ഗോപുരവും പുതുക്കി പണിയുക, പ്രദക്ഷിണവഴി ഉയരം കുറച്ച് കരിങ്കല്‍ പാകുക, ശ്രീകോവില്‍ ചെമ്പുമേയുക തുടങ്ങിയവയാണ് ചെയ്യാനുദ്ദേശിക്കുന്നത്.