2: തിരുന്നാവായ തളിക്ഷേത്രം

ടിപ്പുവിൻ്റെ പടയോട്ടം
May 7, 2014

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 2

പരശുരാമൻ കേരളത്തിൽ പ്രതിഷ്ഠിച്ച 108 ശിവാലയങ്ങളിലൊന്ന് തിരുന്നാവായയിലാണ്. ശിവാലയ സ്തോത്രത്തിൽ – “ശൃംഗപുരം കോട്ടൂരു മമ്മിയൂരു പറമ്പുന്തള തിരുന്നാവായ ക്കരിക്കാട്ടു തെൻമല” എന്നു കാണാം. പരശുരാമൻ പ്രതിഷ്ഠിച്ച നൂറ്റെട്ടു ശിവാലയങ്ങൾ ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം മഹത്തരമാണ്.
ഈ ക്ഷേത്രങ്ങളിലൂടെ ഒരു തീർത്ഥ യാത്ര നടത്തിയാൽ തിരുന്നാവായ തളി ശിവക്ഷേത്രം നമുക്ക് കണ്ടെത്താനാവില്ല. നാട്ടുകാരോട് ചോദിച്ചാൽ കൈമലർത്തും. കാരണം, തിരുന്നാവായ പഞ്ചായത്തിൽ ഒരു ശിവക്ഷേത്രമില്ല. ഗൂഗിളിൽ തെരഞ്ഞാൽ തിരുന്നാവായ ശിവക്ഷേത്രം എന്ന പേരിൽ ഭാരതപ്പുഴയുടെ തെക്കുഭാഗത്ത് തവനൂർ പഞ്ചായത്തിലുള്ള ശിവക്ഷേത്രം പോസ്റ്റ് ചെയ്തതായി കാണാം.

തവനൂർ ശിവക്ഷേത്രം തിരുന്നാവായ ശിവക്ഷേത്രമായി കാണിച്ചത് തെറ്റാണ്. എങ്കിൽ എവിെടെയാണ് തിരുന്നാവായ ശിവക്ഷേത്രം?. ഈ ചോദ്യത്തിന് ഉത്തരം തേടിച്ചെന്നാൽ എത്തിച്ചേരുക കൊടക്കൽ ജംങ്ഷനിലുള്ള ഒരു തറയുടെ മുന്നിലായിരിക്കും. ദീർഘചതുരത്തിൽ ഭംഗിയായി കെട്ടിയ ഒരു തറ. പുരാതനമായ ഒരു കിണർ ഈ തറയിൽ കാണാം. അതോടൊപ്പം കാലപ്പഴക്കം നിർണ്ണയിക്കാനാവാത്ത വലിയ കരിങ്കൽ പാളിയും അതിനു മീതെ കൊത്തുപണികളോടെ വൃത്താകാരത്തിൽ ഒരു വലിയ പീഠവും കാണാം. ഈ പീഠം മഹാക്ഷേത്രങ്ങളിൽ കാണുന്നതാണ്. തൊട്ടടുത്ത് സർക്കാർ വക സ്ഥാപിച്ച ഒരു ബോർഡു കാണാം. ‘നിലപാടുതറ ‘ എന്നെഴുതി വച്ചിരിക്കുന്നു. സംസ്ഥാന പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് ടൂറിസം വകുപ്പ് വിനോദസഞ്ചാരികൾക്ക് തുറന്നു കൊടുത്ത പൈതൃക ചരിത്ര സ്മാരകം തിരുന്നാവായ മാമാങ്കത്തിന് സാമൂതിരി രാജാവ് നിലപാടു നിന്നിരുന്ന ‘നിലപാടുതറ’ യാണ് ഇതെന്നാണ് സർക്കാർ ഭാഷ്യം.

നിലപാടുതറയിൽ എങ്ങനെ പുരാതന കിണർ വന്നു, അതുപോലെ ക്ഷേത്രാവശിഷ്ടം നിലപാടുതറയിൽ പ്രത്യക്ഷപ്പെടാൻ കാരണമെന്ത് എന്ന അന്വേഷണത്തിലാണ് കേരളം നടുങ്ങുന്ന രഹസ്യത്തിൻ്റെ ചുരുളഴിഞ്ഞത്. ഇവിടെയാണ് പരശുരാമൻ പ്രതിഷ്ഠിച്ച തിരുന്നാവായ ശിവക്ഷേത്രമുണ്ടായിരുന്നത്. തിരുന്നാവായ തളി ശിവക്ഷേത്രമാണത്. ഈ ക്ഷേത്രം തകർത്ത് കുഴിച്ചുമൂടിയിട്ട് നൂറ്റാണ്ടുകൾ പിന്നിട്ടു. 2003 ൽ ഉൽഖനനം ചെയ്ത് ശിവലിംഗവും പീഠവും കണ്ടെത്തിയെങ്കിലും രഹസ്യമായി അവ വീണ്ടും കുഴിച്ചുമൂടി. മലപ്പുറം ജില്ലയിലെ തിരുന്നാവായയിൽ തളിക്ഷേത്രം കുഴിച്ചുമൂടിയത് ഒരു ഹിന്ദുവിനേയും വേദനിപ്പിച്ചില്ല. പ്രതികരിക്കാൻ താൽപ്പര്യമുള്ളവർക്കാണെങ്കിൽ ഭയമാണ്. ക്ഷേത്രം കുഴിച്ചുമൂടിയാലും കുഴപ്പമില്ല മതേതരത്വം തകരരുത് എന്ന ചിന്തയാണ് അവർ വച്ചു പുലർത്തിയത്.

തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രത്തിൽ നിന്നും ഏതാണ്ട് ഒരു നാഴിക പടിഞ്ഞാറു മാറി ഒരു കുന്നിൻ പ്രദേശമുണ്ട്. ഇതാണ് തിരുന്നാവായ തളി. തിരുന്നാവായ റീ സ . 316/2 ബി എന്ന സർവ്വെ നമ്പറിലുള്ള ഭൂമിയുടെ പേര് തളി എന്നാണ്. ഈ സർവ്വെ നമ്പറിലടക്കം മൊത്തം ഭൂമിയുടെ വിസ്തീർണ്ണം 46.18 ഏക്കറാണ്. തിരുന്നാവായ തളിയിലാണ് പുരാതന കാലത്ത് തളിയോഗങ്ങൾ ( കലക്കങ്ങൾ എന്നും പറയും) നടന്നിരുന്നത്. കേരളത്തിൽ ആദ്യത്തെ പെരുമാളിനെ തെരഞ്ഞെടുത്തത് തിരുന്നാവായ മണപ്പുറത്താണെന്ന് കേരള ചരിത്രം അടക്കമുള്ള ചരിത്രം പറയുന്നു. തിരുന്നാവായ മണപ്പുറം എന്നത് ഭാരതപ്പുഴയോടു ചേർന്നു കിടക്കുന്ന തിരുന്നാവായ തളിയെ ഉദ്ദേശിച്ചാണ്. തിരുന്നാവായ മാഘമക ഉൽസവം (മാമാങ്കം) എന്നു പറയുന്നത് പ്രാചീന കാലത്ത് മൂന്നു വർഷം കൂടുമ്പോഴും പിൽക്കാലത്ത് 12 വർഷം കൂടുമ്പോഴും നടത്തിവന്നിരുന്ന ഭാരതപ്പുഴയുടെ ഉൽസവമാണ്. മാഘമാസത്തിൽ മകം വരെയുള്ള 28 ദിവസം നിളയിൽ (ഭാരതപ്പുഴ) ഗംഗ തുടങ്ങിയ പുണ്യനദികളുടെ സാന്നിദ്ധ്യമുണ്ടാകുമെന്നും ഈ ദിവസങ്ങളിൽ നിളയിൽ സ്നാനം ചെയ്യുന്നത് ശ്രേഷ്ഠമാണെന്നുമാണ് പരമ്പരാഗത വിശ്വാസം. ഇതിനു വേണ്ടി നാടിൻ്റെ നാനാഭാഗങ്ങളിൽ നിന്നും ആളുകൾ ത്രിമൂർത്തി സംഗമസ്ഥാനത്ത് എത്തിച്ചേർന്നിരുന്നു. ഉത്തരേന്ത്യയിൽ നടക്കാറുള്ള കുംഭമേളകൾക്ക് സമാനമായിരുന്നു ഭാരതപ്പുഴയുടെ ഉൽസവം ആഘോഷിച്ചിരുന്നത്.

കേരളത്തിൻ്റെ രക്ഷാപുരുഷൻ എന്ന സ്ഥാനവും വഹിച്ച് പെരുമാക്കൻമാർ നിലവിൽ വന്നതിനു ശേഷം ഓരോ മാമാങ്കകാലത്തും പെരുമാൾ തിരുന്നാവായയിലേക്ക് എഴുന്നെള്ളാറുണ്ട്. നിലപാടു നിൽക്കൽ എന്ന ഒരു ചടങ്ങ് മാമാങ്കത്തിലുണ്ട്. ഉയർന്ന ഒരു തറയിൽ കയറി നിന്ന് ഉടവാൾ ഇളക്കുന്നതാണ് പ്രസ്തുത ചടങ്ങ്. ഇത് നാവാമുകുന്ദ ക്ഷേത്രത്തിൻ്റെ പടിഞ്ഞാറു ഭാഗത്ത് അതാതു കാലത്ത് താൽക്കാലികമായി നിർമ്മിക്കുന്ന ഒരു തറയാണ്. ഒടുവിലെ ചേരമാൻ പെരുമാൾ കൊച്ചി രാജവംശത്തിലെ തൃപ്പൂണിത്തുറ കൊട്ടാരത്തിലെ രാമവർമ്മയായിരുന്നു. അദ്ദേഹം രാജ്യഭാരം ഉപേക്ഷിച്ച് സംന്യാസം സ്വീകരിച്ച് സുന്ദരമൂർത്തി സ്വാമികൾ എന്ന പേരിൽ ശേഷിച്ച ജീവിതം നയിച്ച് സമാധിയടയുകയാണുണ്ടായത്. ചേരമാൻ രാമവർമ്മക്ക് ശേഷം തിരുന്നാവായ മാമാങ്കം നടത്തിയിരുന്നത് വള്ളുവക്കോനാതിരിയാണ്. അദ്ദേഹം എ.ഡി. 1101 വരെ ഒരു നൂറ്റാണ്ടുകാലം മാമാങ്കം നടത്തിയിരിക്കാമെന്നാണ് കൃഷ്ണയ്യർ രേഖപ്പെടുത്തുന്നത്. ദക്ഷിണ കേരളത്തിലെ ഏറ്റവും വലിയ സാംസ്കാരികോത്സവത്തിൻ്റെ നടത്തിപ്പ് പിൽക്കാലത്ത് കോഴിക്കോട് സാമൂതിരി പിടിച്ചടക്കി. പന്നിയൂർ കൂറുകാരനായ ഒരു നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള സൈന്യം നിലപാടു നിന്ന വള്ളുവനാട് രാജാവിനെ വധിച്ചാണ് മാമാങ്കം പിടിച്ചടക്കിയത്. മാമാങ്കം നടത്താനും നിലപാടു നിൽക്കാനുമുള്ള അധികാരം പിടിച്ചടക്കിയ സാമൂതിരി മാഘമാസത്തിലെ മാമാങ്ക നാളുകളിൽ കേന്ദ്രീകരിച്ചിരുന്നത് തിരുന്നാവായ തളിയിലായിരുന്നു. ഇവിടെ സാമൂതിരിക്ക് വേണ്ടി താൽക്കാലികമായി പ്രത്യേകം കോവിലകം നിർമ്മിക്കാറുണ്ട്. വാകയൂർ കോവിലകം എന്നായിരുന്നു ഇതിൻ്റെ പേര്. വാകയൂർ കോവിലകത്തു നിന്നും ഘോഷയാത്രയായി ഭാരതപ്പുഴയിലെത്തി സ്നാനം ചെയ്ത ശേഷം നിലപാടു നിൽക്കുകയാണ് പതിവ്. മൈസൂർ സൈന്യം ലക്ഷ്യം വെച്ചിരുന്നത് സാമൂതിരിയുമായുള്ള ബിംബങ്ങളും കൂടി തകർക്കുക എന്നതായിരുന്നു. ടിപ്പുവിൻ്റെ നേതൃത്വത്തിൽ എത്തിയ മാപ്പിള പടയാളികൾ തിരുന്നാവായ തളി തകർത്തു. അതിനു ശേഷം തളി ശിവക്ഷേത്രം കാട് മൂടി കിടക്കുകയായിരുന്നു. അതിൽപ്പിന്നെ ബാസൽ ജർമ്മൻ എവാഞ്ചലിക്കൽ മിഷൻ മത പരിവർത്തനം ലക്ഷ്യമിട്ട് തിരുന്നാവായയിൽ എത്തി. അക്കാലത്ത് ഈ പ്രദേശങ്ങളിൽ ധാരാളം നായാടിമാർ വസിച്ചിരുന്നു. ഇവരെ മതം മാറ്റുന്നതിന് മിഷണറി നിയോഗിച്ചത് ഗുണ്ടർട്ടിനെയാണ്. അദ്ദേഹം ഇവിടെ വന്ന് നായാടിമാരെ കണ്ടപ്പോൾ അത്ഭുതപ്പെട്ടു. മനുഷ്യരായി ജനിക്കുകയും മനുഷ്യരെ പോലെ ജീവിക്കാനാവാതെ നാറിപ്പുളിച്ച് ജീവിക്കുകയും ചെയ്യുന്ന ഇവരെ മതം മാറ്റാൻ ഗുണ്ടർട്ട് തയ്യാറായില്ല. അദ്ദേഹം സൊസൈറ്റിക്ക് ഇങ്ങനെ എഴുതി-“നമ്മൾ ഇതിനു മുമ്പ് നമ്പൂതിരിമാരേയും നായൻമാരേയും മതം മാറ്റിയിട്ടുണ്ട്. ഇവിടെയുള്ള നായാടിമാരെ മതം മാറ്റി ക്രിസ്ത്യാനികളാക്കിയാൽ ഇവരോടൊപ്പമിരുന്ന് മുന്നെ പറഞ്ഞ വിഭാഗം പന്തിഭോജനം പോലും നടത്തില്ല. അതിനാൽ ഞാൻ ഈ ദൗത്യത്തിൽ നിന്നും പിൻമാറുന്നു”. ഇക്കാര്യം ഗുണ്ടർട്ടിൻ്റെ ഡയറിക്കുറിപ്പുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട് (വിവരശേഖരണ സമയത്ത് ചരിത്ര പണ്ഡിതൻ വെളുത്താട്ട് കേശവൻ ഈ ലേഖകനോടു പറഞ്ഞത്).

ഗുണ്ടർട്ടിനു ശേഷം മിഖായേൽ ഫ്രിറ്റ്സ് എന്ന മിഷണറിയെയാണ് ദൗത്യപൂർത്തീകരണത്തിനു നിയോഗിച്ചത്. കലക്ടറായ ഹെൻട്രി കനോലി പൊന്നാനിയിൽ കേന്ദ്രീകരിച്ച് ഇതിനെല്ലാം ഒത്താശ ചെയ്തു. ഒരു ടൈൽ ഫാക്ടറി സ്ഥാപിക്കാനായിരുന്നു തീരുമാനം. അതിന് അവർ തെരഞ്ഞെടുത്തത് ടിപ്പു തകർത്ത തളി ക്ഷേത്രഭൂമിയാണ്. ആഴ്വാഞ്ചേരി തമ്പ്രാക്കളിൽ നിന്നും 99 വർഷത്തേക്ക് പാട്ടത്തിനെടുത്തതായി രേഖയുണ്ടാക്കിയ മിഷണറിമാർ തളിക്ഷേത്രഭൂമി കയ്യേറി ക്ഷേത്രം കുഴിച്ചുമൂടി അതിനു മീതെ ടൈൽ ഫാക്ടറി നിർമ്മിച്ചു. കൊടക്കൽ ഓട്ടുകമ്പനി എന്ന പേരിലാണ് ഇത് അറിയപ്പെട്ടിരുന്നത്. തളി നിൽക്കുന്ന പ്രദേശത്തിന് കൊടക്കൽ എന്നും പേരുണ്ട്. മതം മാറുന്ന നായാടികൾക്ക് ഭൂമിയും വീടും ടൈൽ ഫാക്ടറിയിൽ ജോലിയും നൽകുമെന്നായിരുന്നു വാഗ്ദാനം. നിരവധി നായാടികൾ മതം മാറി ക്രിസ്ത്യാനികളായി. മതം മാറാൻ വിസമ്മതിച്ച ഒരു പറ്റം നായാടികൾ ഭാരതപ്പുഴ കടന്ന് പൊന്നാനിയിൽ താവളമാക്കി. നായാടി കോളനി എന്ന പേരിൽ ഇന്നു കാണുന്ന കോളനിയിലുള്ളവർ അക്കാലത്ത് മതം മാറാൻ വിസമ്മതിച്ചവരുടെ പരമ്പരയാണ്. ഒരു നൂറ്റാണ്ടിലേറെ കാലം തളി ശിവക്ഷേത്രം കുഴിച്ചു മൂടിക്കിടന്നു. അതിനു ശേഷം ടൈൽ ഫാക്ടറിയും അനുബന്ധ ഭൂമിയും കോയമ്പത്തൂരിലെ വ്യവസായി സുബ്ബയ്യ ചെട്ടിയാർ വിലക്ക് വാങ്ങി. പാട്ട ഭൂമി വിൽപ്പന നടത്താൻ പാടില്ലാത്തതും അത് ഗവർമെണ്ടിലേക്ക് ലയിക്കേണ്ടതുമായിരുന്നു. സുബ്ബയ്യ ചെട്ടിയാരുടെ മരണശേഷം മകൻ എസ്.പി. പളനിയപ്പനാണ് ടൈൽ ഫാക്ടറി നോക്കി നടത്തിയിരുന്നത്. ഇതിനിടെ ഈ ഭൂമി സി.ആർ. 141/73 നമ്പർ കേസിൽ ഉൾപ്പെട്ടു. പളനിയപ്പനാകട്ടെ, ഭൂമിയിൽ നല്ലൊരു ഭാഗം പലർക്കായി മുറിച്ചു വിറ്റു. ടൈൽ ഫാക്ടറിയും സ്ഥലവും പട്ടാമ്പിയിലെ ഒരാൾക്കും വിറ്റു. റജിസ്ട്രേഷൻ വകുപ്പ് ഇക്കാര്യത്തിൽ മൗനം പാലിച്ചു. സർക്കാർ ഒരു പടി കൂടി മുന്നോട്ടു പോയി ഭൂമാഫിയക്ക് ശക്തി പകർന്നത് തളി ഭൂമിയുടെ തെക്കുഭാഗത്ത് കെ.എസ്.ഇ.ബിക്ക് വേണ്ടി സ്ഥലം അക്വയർ ചെയ്തു കൊണ്ടാണ്. സർക്കാരിലേക്ക് വീണ്ടെടുക്കേണ്ട ഭൂമി സർക്കാർ വില കൊടുത്തു വാങ്ങുകയാണ് ചെയ്തത്. ടൈൽ ഫാക്ടറിയും ഭൂമിയും മുസ്ലീം മതക്കാരനു വിറ്റ് പട്ടാമ്പിക്കാരൻ കയ്യൊഴിഞ്ഞു. പുതിയ കൈവശക്കാരൻ ടൈൽ ഫാക്ടറി പൊളിച്ചുനീക്കി. ആ ഭാഗത്ത് ഒരു മരമില്ലും വന്നു. തളിയിൽ കശാപ്പു മൃഗങ്ങളെ കെട്ടാനും തുടങ്ങി. ഇതിനിടയിലാണ് മാമാങ്ക സ്മാരകങ്ങൾ കണ്ടെത്താൻ മലപ്പുറം ജില്ലാ കലക്ടർ 2003 ലെഫിൻ – 2/30 500/2003 കത്ത് പ്രകാരം പുരാവസ്തു വകുപ്പിനോട് ആവശ്യപ്പെട്ടത്. 2003 സെപ്തംബർ 13, 14 തിയ്യതികളിൽ റെവന്യു ഉദ്യോഗസ്ഥരുടെ സഹായത്തോടെ പുരാവസ്തു വകുപ്പ് തിരുന്നാവായയിൽ പരിശോധന നടത്തി. ടൈൽ ഫാക്ടറി ഭൂമിയിൽ ഉൽഖനനം ചെയ്തപ്പോൾ തളിക്ഷേത്രാവശിഷ്ടങ്ങൾ കണ്ടെത്തുകയായിരുന്നു. ശിവലിംഗവും പീഠവും ബാഹ്യസമ്മർദ്ദത്തെ തുടർന്ന് അവിടെത്തന്നെ കുഴിച്ചുമൂടി. രേഖകൾ പരിശോധിക്കാതെ ചിലരുടെ വാക്കു കേട്ട് നിലപാടുതറയാണ് ഇവിടെയുള്ളതെന്ന് രേഖപ്പെടുത്തി ഏഴേകാൽ സെൻ്റ് ഏറ്റെടുക്കുകയായിരുന്നു. ടൂറിസം വകുപ്പ് ‘നിലപാടുതറ ‘ എന്ന ബോർഡും വെച്ചു. തളിക്ഷേത്രത്തിൻ്റെ ബാക്കി ഭൂമി ഭൂമാഫിയക്ക് അനായാസം കൈകാര്യം ചെയ്യാൻ അവസരമൊരുക്കി കൊടുക്കുകയാണ് പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥർ ചെയ്തത്.

തളി ഭൂമി ഉൾപ്പെട്ട സീലിംങ്ങ് കേസിൽ 2017 മാർച്ച് ഏഴിന് വിധി വന്നിട്ടുണ്ട്. ഈ ഭൂമി മുഴുവൻ മിച്ചഭൂമിയായി പ്രഖ്യാപിച്ചു. ആധാരങ്ങളും പട്ടയങ്ങളും റദ്ദായി. പതിനഞ്ചു ദിവസത്തിനകം മിച്ചഭൂമി സർക്കാർ കരസ്ഥപ്പെടുത്തണമെന്നാണ് ലാന്റ് ബോർഡ് ചെയർമാൻ ടി.വി.സുഭാഷ് ഉത്തരവിട്ടത്. ഇതു തയ്യാറാക്കുന്നത് വരെ വിധി നടപ്പാക്കിയിട്ടില്ല. രണ്ട് കൈവശക്കാർ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. സർക്കാർ അഭിഭാഷകൻ കണ്ണു ചിമ്മിയാൽ ലാന്റ് ബോർഡ് വിധി തകിടം മറിയും. ലാൻറ് ബോർഡിൻ്റെയും ഹൈക്കോടതിയുടേയും മുന്നിൽ ഇത് തിരുന്നാവായ തളിയാണെന്ന പരമാർത്ഥം വന്നിട്ടില്ല. പരശുരാമൻ പ്രതിഷ്ഠിച്ച ശിവാലയം ശിവലിംഗത്തോടെ ഇപ്പോഴും മണ്ണിനടിയിലാണ്. വീണ്ടും ഉൽഖനനം ചെയ്ത് ശിവലിംഗവും പീഠവും പുറത്തെടുത്ത് തിരുന്നാവായ തളി പുന:സ്ഥാപിക്കണമെങ്കിൽ സർക്കാർ വിചാരിക്കണം. പക്ഷെ, സർക്കാർ അതു ചെയ്യാൻ തയ്യാറല്ല. കോടതിയുടെ ഇടപെടൽ ആവശ്യമാണ്. അനുകൂല വിധി പ്രതീക്ഷിക്കാവുന്ന പ്രബല രേഖകൾ നിലവിലുണ്ട്.

Leave a Comment