52: തൃക്കൈകടവ് ശ്രീ നരസിംഹമൂർത്തി ക്ഷേത്രം

53: തലക്കാട് അയ്യപ്പക്ഷേത്രം
June 30, 2023
51: അവണംകുളം ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം
July 3, 2023

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 52

ബാല്യം തൊട്ട് കാണാൻ തുടങ്ങിയതാണ് ഈ ക്ഷേത്രഭൂമി. തകർക്കപ്പെട്ട് കാടുമൂടിക്കിടന്നിരുന്ന ദേവസ്ഥാനം മനസ്സിൽ ഉണങ്ങാത്ത മുറിപ്പാടുണ്ടാക്കി തുടങ്ങിയത് നേരറിവിൻ്റെ പ്രായം തൊട്ടാണ്. ഏക്കറുകളോളം ഭൂമി ക്ഷേത്രത്തിനുണ്ടായിരുന്നു. ഒടുവിൽ പത്തു സെൻറ്റിലൊതുങ്ങി. ഈ ദേവഭൂമിയൊന്ന് സനാതനമായിരുന്നെങ്കിലെന്ന് കൗമാര കാലത്തു തന്നെ ആഗ്രഹം രൂഢമൂലമായി ഉണ്ടായിരുന്നു. സനാതന ധർമ്മതത്ത്വങ്ങളിലേക്ക് യുവത്വം അറിയാതെ കടന്നു ചെന്നപ്പോൾ ചിന്തകളിൽ പടർന്നു കേറിയത് ക്ഷേത്ര പുനരുദ്ധാരണമെന്ന ധാർമ്മിക ചുമതലയാണ്. അത് കാലം എന്നെ ഏൽപ്പിച്ച ദൗത്യമാണെന്ന ബോധമാണ് അതിനുള്ള മാർഗ്ഗങ്ങളിലേക്ക് വഴി തുറന്നത്. ക്ഷേത്ര പുനരുദ്ധാരണം പൂർണ്ണമായും യാഥാർത്ഥ്യമായില്ലെങ്കിലും ശ്രമം തുടരുന്നു. വിളിച്ചാൽ വിളിപ്പുറത്തണയുന്ന ഭഗവാൻ്റെ ശക്തി ചൈതന്യം തിരിച്ചറിയുന്ന സ്വദേശത്തോ പരദേശത്തോ ഉള്ള സാമ്പത്തിക ഭദ്രതയുള്ള ഭക്തർ അവരുടെ ശക്തിക്കൊത്ത് ക്ഷേത്ര പുനർനിർമ്മാണ പ്രക്രിയ ഏറ്റെടുക്കാൻ വരുമെന്ന പ്രതീക്ഷയിലാണ്. പള്ളിയിൽ ബാബു പറഞ്ഞു തുടങ്ങിയത് അങ്ങനെയാണ്. മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ ചെറുവല്ലൂർ തപാൽ പരിധിയിലുള്ള തൃക്കൈകടവ് ശ്രീ നരസിംഹമൂർത്തി ക്ഷേത്രഭൂമിയിലാണ് തകർക്കപ്പെട്ട ക്ഷേത്രഭൂമി തേടിയുള്ള യാത്രയിൽ ഞാനെത്തിച്ചേർന്നത്. അതിപ്പോൾ മൂന്നാമത്തെ ഘട്ടത്തിൽ എത്തി നിൽക്കുന്നു. പെരുമ്പടപ്പ് വില്ലേജിൽ പെരുമ്പടപ്പ് പഞ്ചായത്ത് എട്ടാം വാർഡിലാണ് സംഭവബഹുലമായ ചരിത്രമുള്ള ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തട്ടാൻ പടിയെന്നും ചെറുവല്ലൂർ കിഴക്കുംമുറിയെന്നും ഈ പ്രദേശത്തിനു പേരുണ്ട്.

തകർക്കപ്പെട്ട തൃക്കൈകടവ് നരസിംഹ ക്ഷേത്രം

വടക്കുകിഴക്ക് ഭാഗത്തായി പടിഞ്ഞാട്ടേക്ക് നീരൊഴുക്കുള്ള നീലക്കായലിൻ്റെ തെക്കുപടിഞ്ഞാറെ കരയിലാണ് ക്ഷേത്രഭൂമി. ഈ ക്ഷേത്രത്തിന് തൃക്കൈകടവ് എന്ന പേരു വരുവാനുള്ള കാരണത്തിന് ഒരു ഐതിഹ്യമാണുള്ളത്. ഒരിക്കൽ ക്ഷേത്രത്തിൽ കലശം നടക്കുന്ന സമയത്ത് കർമ്മത്തിനു വന്ന നമ്പൂതിരി കടുക് ചോദിച്ചു. കടുക് എന്നു മുഴുവൻ കേൾക്കാതെ ‘കടു’ എന്നാണ് മനസ്സിലാക്കിയത്. വായ് ഭാഗത്തിൻ്റെ രണ്ട് അറ്റത്തും കൂർത്തമുള്ള് ഉള്ള ഒരു കായൽ മൽസ്യത്തിൻ്റെ പേരാണ് കടു. ഇതായിരിക്കാം നമ്പൂതിരി ആവശ്യപ്പെട്ടതെന്നു കരുതി കായലിൽ നിന്നും കടു മൽസ്യത്തെ കുടത്തിലാക്കി എത്തിച്ചു. കടുകിനായി കുടത്തിൽ കയ്യിട്ട നമ്പൂതിരിയെ മൽസ്യം കുത്തി. തുടർന്ന് ഈ കൈ ക്ഷേത്രത്തിൻ്റെ വടക്കു കിഴക്കുഭാഗത്തുള്ള തീർത്ഥക്കുളത്തിൽ കഴുകിയത്രെ. ക്ഷേത്രത്തിൻ്റെ പേരിന്നാധാര ഐതിഹ്യമാണിത്. മലബാർ മേഖലയിൽ തൃക്കൈ എന്ന പേരിൽ തുടങ്ങുന്ന ചില ക്ഷേത്രങ്ങളുണ്ട്. താനൂരിൽ തൃക്കൈക്കാട്ട് ശിവക്ഷേത്രം അതിന് ഒരു ഉദാഹരണം മാത്രം. ഇത്തരം ക്ഷേത്രോൽപ്പത്തി കഥകളിൽ ഒരു യോഗിക്കോ ഒരു ഭക്തനോ മുന്നിൽ ഉപാസനാ ദേവത പ്രത്യക്ഷപ്പെട്ട് തൃക്കൈ ചൂണ്ടി ഇനി മുതൽ ഞാൻ അവിടെയുണ്ടാകും എന്നെ തേടി വരേണ്ട അവിടെ ഇരുന്ന് എന്നെ ഭജിച്ചാൽ മതി എന്നു പറയുന്ന ഐതിഹ്യമാണുള്ളത്. അത്തരം ഒരു ഐതിഹ്യം ഈ ക്ഷേത്രത്തിനും ഉണ്ടായിക്കൂടെന്നില്ല. ക്ഷേത്രത്തിന് ആയിരത്തിലേറെ വർഷത്തെ പഴക്കമുള്ളതായാണ് കരുതുന്നത്. ഒരു മഹായോഗീശ്വരൻ ഈ ക്ഷേത്രഭൂമി സ്ഥിതി ചെയ്യുന്ന പ്രദേശത്ത് എത്തിപ്പെടുകയും നരസിംഹത്തെ ഉപാസിച്ചിരുന്ന ഇദ്ദേഹത്തിൻ്റെ തപോഭൂമിയിൽ നരസിംഹമൂർത്തി പ്രത്യക്ഷപ്പെടുകയും തടർന്ന് ഋഷിവര്യനാൽ നരസിംഹത്തെ പ്രതിഷ്ഠിക്കുകയും ചെയ്തുവെന്നാണ് ക്ഷേത്രോൽപ്പത്തിയുമായി ബന്ധപ്പെട്ട ഐതിഹ്യം.

ചെവല്ലൂർ കിഴക്കുംമുറി പ്രദേശം നിരവധി ബ്രാഹ്മണാലയങ്ങളുണ്ടായിരുന്ന പ്രദേശമായിരുന്നു. വേദത്തിലും താന്ത്രികത്തിലും അഗാധ പാണ്ഡിത്യമുണ്ടായിരുന്നവർ ജീവിച്ചിരുന്ന പ്രദേശം കൂടിയായിരുന്നു ഇത്. സനാതന ധർമ്മാചരണ ഗ്രാമത്തിൻ്റെ പരിച്ഛേദമായിരുന്നിരിക്കണം പൂർവ്വിക കാലത്ത് ഈ ഗ്രാമം. പഴയ കാലത്ത് ഈ ക്ഷേത്രം ഏതു രീതിയിലായിരുന്നുവെന്ന് അനുമാനിക്കാനും ഏകദേശ ചിത്രം ലഭിക്കാനും ഉപകരിക്കുന്ന അവശേഷിപ്പുകൾ ക്ഷേത്രഭൂമിയിലുണ്ട്. പഴക്കം ചെന്ന കല്ലുകൾ, അസ്തിവാരങ്ങൾ, മാറോടു കഷണങ്ങൾ എന്നിവയെല്ലാം പഴയ കാലത്തെ ക്ഷേത്രം ഏങ്ങനെയായിരുന്നുവെന്ന് അനുമാനിക്കാൻ മതിയായതാണ്. കിഴക്കോട്ട് ദർശനമായി ചതുര ശ്രീകോവിലോടെ ചെങ്കൽ പടവിൽ നിർമ്മിച്ചതായിരുന്നു ശ്രീകോവിൽ. ശ്രീകോവിലിന് തറനിരപ്പിൽ നിന്നു 24 അടിയോളം ഉയരമുണ്ടായിരുന്നു. സോപാനം കയറി ചെന്നാൽ മുഖഭാഗവും അതിനു നടുവിൽ ശ്രീകോവിലുമായിരുന്നു. ശ്രീകോവിലിനു ചുറ്റും 5 അടി വീതിയിൽ ചുറ്റിലുമായി പാസ്സേജും ഭിത്തിയും ഉണ്ടായിരുന്നു. ചുറ്റമ്പലത്തോടുകൂടിയ ക്ഷേത്രത്തിൻ്റെ കിഴക്കുഭാഗത്ത് ബലിക്കല്ലും അതിനു വടക്കുഭാഗത്ത് തീർത്ഥക്കുളവും ഉണ്ടായിരുന്നു. ചുറ്റമ്പലത്തിൻ്റെ വടക്കു കിഴക്കെ മൂലയിലാണ് തീർത്ഥക്കിണർ ഉണ്ടായിരുന്നത്. വിഗ്രഹത്തിൻ്റെ അവശിഷ്ടം പരിശോധിച്ചതിൽ നിന്നും വിഗ്രഹത്തിന് നാല് നാലര അടി ഉയരമുണ്ടായിരിക്കാമെന്നാണ്. പഴയ കാലത്ത് ആറാട്ട് നടന്നിരുന്ന ഒരു ക്ഷേത്രമായിരുന്നുവോ എന്നു വ്യക്തമല്ല. നീല കായൽ ക്ഷേത്രത്തിനോടു ചേർന്നു കാണുന്നതിനാൽ കായലിന് ക്ഷേത്രവുമായി ബന്ധമുണ്ടായിരുന്നുവെന്നും ഇവിടെ ഒരു ആറാട്ട് കടവ് ഉണ്ടായിരുന്നുവെന്നും കരുതാവുന്നതാണ്. വാരം, ഊട്ട്, കൊടിമരം മുതലായവ ഉണ്ടായിരുന്ന ക്ഷേത്രമായിരുന്നുവെന്നാണ് നാട്ടറിവ് .

ക്ഷേത്ര കിണറ്റിൽ നിന്നും കണ്ടെത്തിയ തകർക്കപ്പെട്ട വിഗ്രഹാവശിഷ്ടങ്ങൾ

പൂർവ്വിക കാലത്ത് ഒന്നോ അതിലധികമോ നമ്പൂതിരി കുടുംബങ്ങളുടെ ഊരായ്മയിൽ ഉണ്ടായിരുന്ന ക്ഷേത്രമാണിതെന്ന് കരുതേണ്ടിയിരിക്കുന്നു. പരദേശികളുടെ അധിനിവേശക്കാലത്ത് നിലനിൽപ്പ് ഭദ്രമല്ലെന്നു കണ്ട് ക്ഷേത്രവും അനുബന്ധ ഭൂമികളും ആശ്രിതരോ കാര്യക്കാരോ ആയ കുടുംബത്തെ ഏൽപ്പിച്ച് ഊരാള കുടുംബം പലായനം ചെയ്തതായും വിശ്വസിക്കപ്പെടേണ്ടതുണ്ട്. ഇത്തരത്തിൽ ഏൽപ്പിക്കപ്പെടുന്നത് നായർ വിഭാഗത്തേയോ ക്ഷേത്ര കഴകവൃത്തി ചെയ്യുന്ന വിഭാഗങ്ങളെയോ ആണ്. തൃക്കൈകടവ് ക്ഷേത്രത്തിൻ്റെ ഊരാള കുടുംബം നായർ വിഭാഗമായതിൻ്റെ കാരണവും അതാകുമെന്ന് കരുതേണ്ടിയിരിക്കുന്നു. മുളയ്ക്കാം പറമ്പത്ത് തറവാട്ടുകാരാണ് ഊരാള കുടുംബം. ക്ഷേത്രഭൂമിയിൽ കാണുന്ന മാറോടിൻ്റെ അവശിഷ്ടങ്ങളിൽ നിന്നും ഈ ക്ഷേത്രം മാറോടു പതിച്ച ക്ഷേത്രമായിരുന്നുവെന്ന് കരുതാവുന്നതാണ്. പൂർവ്വിക കാലത്ത് ഓല മേഞ്ഞതും അതിനു ശേഷം ഓടുമേഞ്ഞ് പുതുക്കിയതുമായിരിക്കണം. ക്ഷേത്രത്തിനു നേർക്ക് ഏതൊക്കെ ഘട്ടങ്ങളിൽ എന്തുമാത്രം ആഘാതമേൽപ്പിച്ചു കൊണ്ടുള്ള അക്രമമാണ് ഉണ്ടായതെന്നു വ്യക്തമല്ല. ക്ഷേത്രം ഇതുവരെ കടന്നു പോയത് മൂന്നു ഘട്ടങ്ങളായാണ്. ഒന്നാമത്തെ ഘട്ടം ക്ഷേത്രം സ്ഥാപിക്കുന്നതും രണ്ടാമത്തെ ഘട്ടം തകർക്കപ്പെടലുമാണ്. മൂന്നാമത്തെ ഘട്ടമെന്നു പറയുന്നത് അധിനിവേശവും അനാഥത്വവുമാണ്. ക്ഷേത്രഭൂമിയുടെ സിംഹഭാഗവും അന്യാധീനപ്പെട്ടു. ക്ഷേത്രഭൂമി കാടുകയറി മനുഷ്യൻ കടന്നു ചെല്ലാത്ത ഭാഗമായി. പതിനൊന്നു സെൻ്റ് വിസ്തൃതി ഉണ്ടായിരുന്ന തീർത്ഥക്കുളം മണ്ണിട്ടു മൂടി കൃഷി ഭൂമിയാക്കി. ബലിക്കല്ല് നിന്നിരുന്ന അഞ്ചു സെൻ്റ് ഭൂമിയും അന്യാധീനപ്പെട്ടു. ഭൂമി കൈവശം വെച്ചിരുന്ന സ്വകാര്യ വ്യക്തി ബലിക്കല്ല് നീക്കം ചെയ്ത് ക്ഷേത്രഭൂമിയിൽ വീടു നിർമ്മിക്കാൻ തറ കെട്ടി. സെപ്റ്റിക് ടാങ്കും നിർമ്മിച്ചു. ഈ ടാങ്കിലേക്ക് മലിനജലം ഒഴുക്കാനും തുടങ്ങി.

ബലിക്കല്ലു നിന്നിരുന്ന ഭൂമിയിൽ വീടു വന്നാൽ ക്ഷേത്രഭൂമി Iand locked ആയിത്തീരും. പ്രദേശത്ത് ധാരാളം ഹിന്ദു കുടുംബങ്ങളുണ്ടെങ്കിലും അന്യാധീനപ്പെട്ട ക്ഷേത്രഭൂമി തിരികെ വാങ്ങി ക്ഷേത്ര പുനരുദ്ധാരണത്തിന് അവർ അശക്തരായിരുന്നു. ഈ ദൗത്യവുമായി ഒരാൾ രംഗത്തു വരാതിരുന്നതും അങ്ങനെയൊരു ചിന്തയ്ക്ക് ഇടമില്ലാതെ പോയി. എന്നാൽ തൃക്കൈകടവ് നരസിംഹമൂർത്തി ക്ഷേത്രം പുനരുദ്ധാരണം ചെയ്യണമെന്ന ഉൽക്കട മോഹവുമായി ഒരാൾ അവർക്കിടയിലുണ്ടായിരുന്നു. ഊരാള കുടുംബത്തിലെ അംഗമായ പള്ളിയിൽ ബാബുവായിരുന്നു അത്. ഒറ്റയാൾ പട്ടാളം പോലെ അദ്ദേഹം ഉണ്ടായിരുന്നുവെങ്കിലും ശക്തമായ പിന്തുണ അദ്ദേഹത്തിന് കിട്ടിയിരുന്നില്ല. ക്ഷേത്രത്തിൻ്റെ കിഴക്കെ നടയ്ക്കൽ തന്നെ ദേവൻ്റെ ദൃഷ്ടി മറച്ചുകൊണ്ട് വീടു നിർമ്മിക്കുന്ന ദുരവസ്ഥ ബാബുവിൻ്റെ ചിന്തകളെ വരിഞ്ഞുമുറുക്കി. അനിർവ്വചനീയമായ ആത്മസംഘർഷമായിരുന്നു അനുഭവിച്ചതെന്നും അത് നരസിംഹ ഭഗവാൻ്റെ പ്രചോദനമായിരുന്നുവെന്നുമാണ് ബാബു വിശ്വസിക്കുന്നത്. സ്വകാര്യ വ്യക്തി വീടു നിർമ്മിക്കുന്ന അഞ്ചു സെൻ്റ് ഭൂമി തിരികെ ദേവനു തന്നെ ലഭിക്കണം. അവിടെ ഉണ്ടായിരുന്ന ബലിക്കല്ല് പുന:സ്ഥാപിക്കണം. ക്ഷേത്രത്തിനു മുൻവശത്ത് ഒരു ആൽമരം വേണം. ഇതൊക്കെയായിരുന്നു ചിന്ത. ക്ഷേത്രഭൂമി പട്ടയം വാങ്ങി കൈവശം വെച്ചിരുന്ന വ്യക്തിയോട് ആ ഭൂമി വിലയ്ക്ക് വാങ്ങാനും തീരുമാനിച്ചു. സെന്ററിന് രണ്ടു ലക്ഷം രൂപ മാർക്കറ്റ് വില കിട്ടാവുന്ന അഞ്ചു സെൻ്റ് ഭൂമിക്ക് 25 ലക്ഷം രൂപയാണ് ഉടമസ്ഥൻ ആവശ്യപ്പെട്ടത്. ആ വില തരാമെന്ന് ബാബു സമ്മതിക്കുമ്പോൾ മുന്നിൽ ശൂന്യത മാത്രമായിരുന്നു. ആകെയുള്ള സമ്പാദ്യം ഒരു സ്വർണ്ണ മോതിരവും ഒരു ബൈക്കും മാത്രം. അവ വിറ്റുകിട്ടിയ പണം അടക്കം രണ്ടു ലക്ഷം രൂപ അഡ്വാൻസു നൽകി ഭൂമി കരസ്ഥമാക്കി. ബാക്കി 23 ലക്ഷം രൂപ എങ്ങനെ സ്വരൂപിക്കുമെന്നതിനെക്കുറിച്ച് ഒരു രൂപവുമുണ്ടായിരുന്നില്ല. അതേ സമയം ക്ഷേത്രഭൂമി വില കൊടുത്തു തിരിച്ചു വാങ്ങിയ ബാബുവിൻ്റെ നടപടി നാട്ടിലെ ഭക്തജനങ്ങളിൽ ചലനമുണ്ടാക്കി. അത് ബാബുവിൻ്റെ ചിന്തകൾക്ക് അനുകൂലമായിരുന്നു. ബാക്കി തുക സമാഹരിക്കുന്നതിനും ക്ഷേത്ര പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കുമായി ഒരു ട്രസ്റ്റ് രൂപീകരിക്കാൻ ഇതു സഹായിച്ചു. 22 പേർ ചേർന്നാണ് ട്രസ്റ്റ് രൂപീകരിച്ചത്. സന്നദ്ധ വ്യക്തികളുടെ സഹായത്തോടെ ബാക്കി പ്രതിഫല സംഖ്യ സ്വരൂപിച്ച് ദേവൻ്റെ ഭൂമി വില കൊടുത്ത് വാങ്ങി. അവിടെ ഒരു ഷെഡ്ഡ് നിർമ്മിച്ചു. ബലിക്കല്ലിൻ്റെ സ്ഥാനത്ത് താൽക്കാലികമായി ദീപസ്തംഭം സ്ഥാപിച്ചു. ബാബുവിൻ്റെ ആഗ്രഹപ്രകാരം ആൽമരവും നട്ടു.

ക്ഷേത്രത്തിലെ ചെങ്കൽ പീഠങ്ങൾ

നാട്ടുകാരായ ഭക്തജനങ്ങളുടെ ശക്തമായ ഒരു കൂട്ടായ്മയാണ് പിന്നീട് രൂപപ്പെട്ടത്. അവർ കാടുവെട്ടിത്തെളിയിച്ചു. തകർന്ന ക്ഷേത്രാവശിഷ്ടങ്ങൾക്കു മുന്നിൽ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ അവർ വിളക്കുതെളിയിച്ചു. ക്ഷേത്രത്തിലെ തീർത്ഥക്കിണറിനു കണ്ടെത്തിയ സ്ഥാനത്ത് കിളച്ചത് മണ്ണുമൂടിക്കിടന്നിരുന്ന പഴയ തീർത്ഥക്കിണറിൻ്റെ സ്ഥാനത്തു തന്നെയായിരുന്നു. കിണറ്റിൽ നിന്നും ഉടലിൽ നിന്നും വേർപെട്ട മഹാവിഷ്ണുവിൻ്റെ ശംഖ് ചക്രത്തോടെയുള്ള ശിരസ്സ്, ബലിക്കല്ലുകൾ, പൊട്ടിയ സോപാനം, വലതുകയ്യും ഉടലും തലയും വേർപെട്ട ശാസ്താവ് എന്നിവ കണ്ടെടുത്തു. തകർക്കപ്പെട്ട ക്ഷേത്ര ഭിത്തികളുടെ കല്ലുകളും കിണറ്റിലാണ് എറിഞ്ഞിരുന്നത്. അവയും പുറത്തെടുത്തു. 2018 ഏപ്രിൽ 11ന് അരയൻ കാവ് ബ്രഹ്മശ്രീ പുതു വാമന ഹരിദാസൻ, എളവള്ളി പ്രശാന്ത്, കളരിക്കൽ ഗംഗാധര പണിക്കർ, പുന്നയത്തു മാങ്കുളം വിഷ്ണു നമ്പൂതിരി എന്നിവർ ചേർന്നു നടത്തിയ അഷ്ടമംഗല പ്രശ്നത്തിൽ ക്ഷേത്ര പുനരുദ്ധാരണത്തിൻ്റെ മാർഗ്ഗങ്ങൾ തെളിഞ്ഞു വന്നു. വിഗ്രഹത്തിന്റേതടക്കം ക്ഷേത്രാവശിഷ്ടങ്ങൾ ക്ഷേത്രക്കുളത്തിലാണുള്ളത്. പറമ്പാക്കി മാറ്റിയ ഭാഗത്ത് ക്ഷേത്രക്കുളത്തിൻ്റെ മുകൾ വരിയിലെ കല്ലുകൾ ഇപ്പോഴും കാണാം. 1.30 കോടി രൂപയാണ് ക്ഷേത്ര പുനരുദ്ധാരണത്തിൻ്റെ എസ്റ്റിമേറ്റ്. ചുറ്റുമതിൽ കെട്ടുന്നത് അടക്കമുള്ള ജോലികളുണ്ട്. ചൈതന്യം അസ്തമിക്കാത്ത ദേവഭൂമി സനാതനമാക്കാൻ ഇവിടുത്തെ വഴിപാടിൻ്റെ ഫലസിദ്ധി തിരിച്ചറിഞ്ഞ് ഭക്തജനങ്ങൾ എത്തിച്ചേരുമെന്നാണ് പ്രതീക്ഷ. സന്താനഭാഗ്യം, മംഗല്യ സിദ്ധി എന്നിവക്ക് മലർ പറയാണ് പ്രധാന വഴിപാട്. മലയാള മാസത്തിലെ ആദ്യ വ്യാഴാഴ്ചയിൽ പത്മമിട്ട് നിവേദ്യം വെച്ച് പൂജ ചെയ്യും. നിത്യവും രണ്ടു നേരം വിളക്കുവെച്ച് പ്രാർത്ഥനയുണ്ട്. വ്യാഴാഴ്ചകളിൽ സന്ധ്യക്ക് മാതൃസമിതി നാമജപവും ശനിയാഴ്ച കുട്ടികൾ ഭജനയും നടത്തി വരുന്നുണ്ട്. തീർത്ഥക്കുളത്തിൻ്റെ ഭൂമി വീണ്ടെടുത്ത് ക്ഷേത്രക്കുളം പുനഃസ്ഥാപിക്കാനും ഭക്തർ ആഗ്രഹിക്കുന്നു. ഇടത്തരക്കാരും അതിനു താഴെയുമുള്ളവരാണ് ക്ഷേത്രഭൂമി സ്ഥിതി ചെയ്യുന്ന പ്രദേശത്തു താമസിക്കുന്നത്. ക്ഷേത്ര പുനരുദ്ധാരണത്തിന് വിവിധ ഘട്ടങ്ങൾ സ്പോൺസർ ചെയ്ത് യാഥാർത്ഥ്യമാക്കിത്തരുവാൻ സാമ്പത്തിക ഭദ്രതയുള്ള വ്യക്തികളോ പ്രസ്ഥാനങ്ങളോ മുന്നോട്ടു വരുമെന്ന പ്രതീക്ഷയിലാണ് കമ്മിറ്റി ഭാരവാഹികളും ഭക്തജനങ്ങളും.

Leave a Comment