78: പാലത്തോൾ ശ്രീരാമസ്വാമി ക്ഷേത്രം
March 17, 202380: വടശ്ശേരി മഹാവിഷ്ണു ക്ഷേത്രം
March 20, 2023തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 79
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിലാണ് തിരുവള്ളിക്കാട് മഹാദേവ ക്ഷേത്രഭൂമി സ്ഥിതി ചെയ്യുന്നത്. മാനത്തുമംഗലം ക്ഷേത്രം എന്ന പേരിലും ഈ ക്ഷേത്രം അറിയപ്പെടുന്നുണ്ട്. പെരിന്തൽമണ്ണ വില്ലേജിലുള്ള ഈ ക്ഷേത്രം മലബാർ ദേവസ്വം ബോർഡിന്റെ കീഴിലാണ്. ക്ഷേത്രത്തിന്റെ ഉൽപ്പത്തിയെക്കുറിച്ചൊന്നും അറിവുള്ളവർ പ്രദേശത്തില്ല. മാനത്തുമംഗലം എന്ന പേരു വന്നത് ഇതേ വീട്ടുപേരിൽ ഒരു ബ്രാഹ്മണ കുടുംബം പെരിന്തൽമണ്ണയിൽ ഉണ്ടായിരുന്നതിനാലാണ്. മംഗലം എന്ന പേര് നമ്പൂതിരി മനകളെ സൂചിപ്പിക്കുന്ന പദമാണ്. മനത്തുമംഗലം മനയുടെ ഊരായ്മയിലുണ്ടായിരുന്ന ഒരു ക്ഷേത്രമായിരുന്നു ഇത് എന്നു കരുതേണ്ടിയിരിക്കുന്നു. ഈ പേരോടു കൂടിയ ഒരു ബ്രാഹ്മണ ഗൃഹം ഇപ്പോൾ ഇല്ല .
മൈസൂർ അധിനിവേശക്കാലത്ത് പെരിന്തൽമണ്ണയിലും പരിസര പ്രദേശങ്ങളിലും ക്ഷേത്രങ്ങൾക്കുനേരെ വ്യാപകമായ അക്രമങ്ങളുണ്ടായിരുന്നു. മലബാർ കലാപകാലത്തും അക്രമങ്ങളും മതപരിവർത്തനങ്ങളുമുണ്ടായി. അങ്ങാടിപ്പുറം തളിക്ഷേത്രം, നടക്കാവ് നരസിംഹ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങൾ തകർക്കലിന് ഇരയായവയാണ്. തിരുവള്ളിക്കാവ് മഹാദേവ ക്ഷേത്രത്തിന്റെ നാശവും ഇക്കാലത്തായിരുന്നുവോ എന്നു വ്യക്തമല്ല.
രണ്ടായിരത്തിലേറെ വർഷം പഴക്കമുള്ള ഒരു ക്ഷേത്രമാണിതെന്നാണ് വിശ്വാസം. കാടുമൂടിക്കിടന്ന ക്ഷേത്രഭൂമി ഭക്തജനങ്ങൾ ചേർന്ന് കാട് വെട്ടിത്തെളിയിച്ചു. ചുറ്റമ്പലവും മുഖമണ്ഡപവും ശ്രീകോവിലും നമസ്കാര മണ്ഡപവും തകർന്ന നിലയിലായിരുന്നു. തുടർന്ന് നാട്ടുകാർ ചേർന്ന് പുനരുദ്ധാരണം നടത്തിയ ശേഷം മലബാർ ദേവസ്വം ബോർഡിന് വിട്ടുകൊടുത്തു.
മലബാർ ദേവസ്വം ബോർഡ് ക്ഷേത്രം ഏറ്റെടുത്തതല്ലാതെ യാതൊരു വിധ തുടർ പുനരുദ്ധാരണ പ്രവർത്തനവും നടത്തിയിട്ടില്ല. ശ്രീ കോവിലും തിടപ്പള്ളിയും ഉപദേവനായ ശാസ്താവിന്റെ ക്ഷേത്രവും മാത്രമേ പുനരുദ്ധാരണം നടത്തിയിട്ടുള്ളു. ചുറ്റമ്പലത്തിന്റെ തറപ്പണി പൂർത്തിയാക്കിയിട്ടുണ്ട്. നാലമ്പലത്തിനുള്ളിലെ നിലം കരിങ്കൽ പാളി പാകിയ താണ്. ഇത് പഴയ ക്ഷേത്രത്തിന്റെ അവശിഷ്ടമാണ്. തകർന്ന ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ ക്ഷേത്രഭൂമിയിൽ അങ്ങിങ്ങു കാണാൻ കഴിഞ്ഞു. മൊടപ്പിലാപ്പിള്ളി മനക്കാരാണ് തന്ത്രി കുടുംബം.