87: തിരുമല ദുർഗ്ഗാദേവി ക്ഷേത്രം

86: ഭഗവതിമല ദേവീക്ഷേത്രം
March 26, 2023
88: ശ്രീ നാരായണമംഗലം മഹാവിഷ്ണു – മഹാദേവ ക്ഷേത്രം
March 28, 2023

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 87

പൊട്ടിത്തകർന്ന വിഗ്രഹത്തിൻ്റെ നെഞ്ചിൻ്റെ ഭാഗം ബാലാലയത്തിൽ പ്രതിഷ്ഠിച്ച് പൂജ നടത്തി വരികയാണ് ഭക്തർ. ചെമ്പുപാകിയ മേൽക്കൂരയോടു കൂടിയ ശ്രീകോവിൽ പുനർനിർമ്മിച്ചിട്ടുണ്ടെങ്കിലും സോപാനവും ചുറ്റമ്പല നിർമ്മാണവും ബാക്കിയാണ്. ഒട്ടേറെ പുനരുദ്ധാരണ പ്രക്രിയ നടത്തിയതിൻ്റെ കുതിപ്പിലും കിതപ്പിലും കഴിയുന്ന ഭക്തർ അവശേഷിക്കുന്ന പ്രവർത്തി ഇനി എന്ന് പൂർത്തിയാക്കാൻ കഴിയുമെന്നറിയാതെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. മലപ്പുറം ജില്ലയിലെ ചെറുകാവ് പഞ്ചായത്ത് പന്ത്രണ്ടാം വാർഡിലുള്ള തിരുമല ദുർഗ്ഗാദേവി ക്ഷേത്രത്തിൻ്റെ ഇപ്പോഴത്തെ അവസ്ഥയാണ് മേൽ ചുരുക്കി വിവരിച്ചിരിക്കുന്നത്. പഴയ കാലത്ത് ഇവിടം ഒരു വനപ്രദേശമായിരുന്നു. ഒരു മലയുടെ ചെരിവിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രോത്ഭവത്തെക്കുറിച്ചുള്ള ഐതിഹ്യം ഇങ്ങനെയാണ് –

ദിവ്യാസ്ത്രം ലഭിക്കുന്നതിന് പരമശിവനെ പ്രത്യക്ഷപ്പെടുത്തുന്നതിനു വേണ്ടി തപസ്സു ചെയ്ത അർജ്ജുനനെ അനുഗ്രഹിക്കാൻ പാർവ്വതീസമേതനായി കിരാത വേഷത്തിൽ സഞ്ചരിക്കുകയായിരുന്നു. ഈ പ്രദേശത്തു വന്നപ്പോൾ വിശ്രമത്തിനും സ്നാനത്തിനുമുള്ള സമയമായി. കിരാത ഭാവത്തിലുള്ള ശിവഭഗവാൻ അസ്ത്രമെയ്ത് ഒരു തീർത്ഥവാഹിനി സൃഷ്ടിച്ചു. ദേവി സ്നാനം ചെയ്യുകയും വിശ്രമിക്കുകയും ചെയ്തു. അതിൽപ്പിന്നെ ഋഷീശ്വരൻമാർ ഈ വനഭൂമി തപോഭൂമിയാക്കി മാറ്റി. ദേവീചൈതന്യം ഇവിടെ നിത്യമായിരിക്കുന്നുണ്ടെന്നു ബോദ്ധ്യപ്പെട്ടതിനെത്തുടർന്ന് ക്ഷേത്രം നിർമ്മിക്കുകയായിരുന്നു. വട്ട ശ്രീകോവിലോടെയുള്ള ക്ഷേത്രത്തിൽ ശ്രീ പാർവ്വതിയെ വനദുർഗ്ഗഭാവത്തിലും ശ്രീകോവിലിനു വെളിയിൽ ഭിത്തിയിലായി ഒക്കത്ത് ഗണപതി സങ്കൽപ്പത്തിൽ ഗണപതിയേയും പ്രതിഷ്ഠിച്ചു. എന്നാണ് ക്ഷേത്രം നിർമ്മിച്ചത് എന്നതിനു വ്യക്തതയില്ലെങ്കിലും ക്ഷേത്രത്തിന് 1500 വർഷത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. 10 ഏക്കറോളം വിസ്തൃതിയുള്ള വനം ക്ഷേത്രത്തിൻ്റെതായി ഉണ്ടായിരുന്നു. മുതൽ പുരേടത്ത് എന്ന നായർ തറവാട്ടുകാരുടെ ഊരായ്മയിലാണ് ക്ഷേത്രമുള്ളത്. മൈസൂരിൻ്റെ അധിനിവേശക്കാലത്ത് ഈ ക്ഷേത്രം തകർക്കപ്പെട്ടു. ശ്രീകോവിലും നമസ്കാര മണ്ഡപവും തകർത്തു. ശ്രീകോവിലിനുള്ളിലെ ദേവീവിഗ്രഹം അടിച്ചുടച്ചു. ദ്വാരപാലകരുടെ കൈകൾ വെട്ടിയരിഞ്ഞു. തകർക്കപ്പെട്ട വിഗ്രഹം പല ഭാഗങ്ങളിലേക്കും വലിച്ചെറിഞ്ഞു. ഒരു ഭാഗം തീർത്ഥക്കിണറ്റിലേക്കാണ് എറിഞ്ഞത്. ചുറ്റമ്പലം തകർത്തു.

തിരുമല ദുർഗ്ഗാക്ഷേത്രം

അതിൽപ്പിന്നെ ക്ഷേത്രം കാട് മൂടിക്കിടന്നു. മണ്ണൊലിച്ചു വന്ന് ക്ഷേത്രം മണ്ണിൽ പുതഞ്ഞു കിടന്നു. ആരും തിരിഞ്ഞു നോക്കാതെ നൂറ്റാണ്ടുകളോളമാണ് ക്ഷേത്രം മണ്ണുമൂടിക്കിടന്നത്. ഈ പ്രദേശത്ത് ചേവായൂർ എന്നൊരു സ്ഥലമുണ്ട്. അവിടെയുള്ള സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഗീതാ പ്രഭാഷണത്തിനു വന്ന സംന്യാസിക്ക് ഒരു ഉൾവിളിയാലെന്ന പോലെയാണ് തിരുമല ദുർഗ്ഗാദേവി ക്ഷേത്രത്തെക്കുറിച്ച് ജ്ഞാനം ലഭിച്ചത്. അദ്ദേഹം തകർന്നു കിടക്കുന്ന ക്ഷേത്രഭൂമിയിലെത്തി വിളക്കുതെളിയിച്ചു. ഗീതാ പ്രഭാഷണത്തിനു കിട്ടിയ പണക്കിഴി ക്ഷേത്ര പുനരുദ്ധാരണത്തിന് സമർപ്പിക്കുകയും ചെയ്തു. അതിനെത്തുടർന്ന് ബാലൻ പൂതേരി, പ്രൊഫ: വി.ജി.കെ.നായർ തുടങ്ങിയവരുടെ മാർഗ്ഗ നിർദ്ദേശപ്രകാരം ഊരാളരെ ചെന്നു കണ്ട് ക്ഷേത്ര പുനരുദ്ധാരണത്തിന് അനുവാദം ചോദിക്കുകയുണ്ടായി. തറവാട്ടിൽ വസ്തുഭാഗം കഴിഞ്ഞ ശേഷം ക്ഷേത്രം ഭക്തജനങ്ങൾക്കു തരാമെന്നു പറഞ്ഞ് ഊരാള കുടുംബത്തിലെ കാരണവരായ ജനാർദ്ദനമേനോൻ അവരെ തിരിച്ചയക്കുകയായിരുന്നു. അതിൽപ്പിന്നെ ഊരാള കുടുബത്തിലെ ഭൂമി അവകാശികൾ ഭാഗിച്ചു. ക്ഷേത്രഭൂമിയടക്കമുള്ള വസ്തു ഒരു അംഗത്തിന് തിരിച്ചു വച്ചു. ക്ഷേത്ര ഭൂമി അടക്കമുള്ള ഓഹരി ഇയാൾ മുസ്ലീംങ്ങൾക്ക് വിൽക്കാൻ പോകുന്നതായി സൂക്ഷ്മ വിവരം കിട്ടിയ ഭക്തജനങ്ങൾ ക്ഷേത്രഭൂമിയിൽ പ്രവേശിച്ചു.

ഊരാള കുടുംബത്തിൻ്റെ പരാതിയെത്തുടർന്ന് കൊണ്ടോട്ടി പോലീസെത്തി ഭക്തരെ വിരട്ടി .നാട്ടുകാരുടെ ക്ഷേത്രമാണെങ്കിൽ അതിനുള്ള രേഖയുമായി വന്നിട്ട് ക്ഷേത്രഭൂമിയിൽ പ്രവേശിച്ചാൽ മതിയെന്നായിരുന്നു പോലീസിൻ്റെ നിലപാട്. പ്രശ്‌നം സബ്ഡിവിഷണൽ മജിസ്‌ട്രേറ്റിൻ്റെ മുമ്പിലുമെത്തി. ഇതിനിടെ ആരാധനാ സ്വാതന്ത്ര്യം ആവശ്യപ്പെട്ട് ഭക്തർ സിവിൽ കോടതിയെ സമീപിച്ചു. ക്ഷേത്രഭൂമി സ്ഥിതി ചെയ്യുന്ന ഒന്നര ഏക്കറിനാണ് ഭക്തർ അവകാശമുന്നയിച്ചത്. കേസിൽ ഊരാളൻ എക്സ് പാർട്ടി ആയതോടെ ഒന്നര ഏക്കർ ക്ഷേത്രഭൂമി ഭക്തജനങ്ങൾക്ക് കിട്ടുകയായിരുന്നു. തുടർന്ന് ടി.പി.കെ.നായർ പ്രസിഡന്റും, കെ.അജീഷ് സെക്രട്ടറിയും, സോമൻ തിരുമല ട്രഷററുമായി തിരുമല ദേവീക്ഷേത്രം നവീകരണ സമിതി രൂപീകരിച്ചു. കാടുപിടിച്ചു കിടന്നിരുന്ന ക്ഷേത്രഭൂമിയിലെ ശ്രീകോവിലിനുള്ളിൽ വലിയ മരങ്ങൾ നിന്നിരുന്നു. 1993 ൽ കാട് വെട്ടിത്തെളിയിച്ച് വിളക്കു വെച്ച് ആരാധിക്കാൻ തുടങ്ങി. തീർത്ഥക്കിണർ വൃത്തിയാക്കുമ്പോഴാണ് തകർക്കപ്പെട്ട ദേവീ വിഗ്രഹത്തിൻ്റെ നെഞ്ചിൻ്റെയും പാദത്തിൻ്റെയും ഭാഗങ്ങൾ കണ്ടെത്തിയത്. പുനരുദ്ധാരണ പ്രക്രിയയുടെ ഭാഗമായി ഇവ ബാലാലയത്തിൽ വെച്ചിരിക്കുകയാണ്‌. മറ്റ് അവശിഷ്ടങ്ങൾ ക്ഷേത്രഭൂമിയിൽ ഉപ്പോഴുമുണ്ട്.

ഇടവലത്ത് പുടയൂർ മനക്കാരാണ് ക്ഷേത്രത്തിൻ്റെ തന്ത്രി. 1994, 2016 വർഷങ്ങളിൽ നടന്ന പ്രശ്ന വിധിയെത്തുടർന്നാണ് പുനർ നിർമ്മാണ പ്രവർത്തികൾ തുടങ്ങിയത്. തകർക്കപ്പെട്ട ക്ഷേത്രാവശിഷ്ടങ്ങൾ ഉപയോഗിച്ചു കൊണ്ടു തന്നെ ശ്രീകോവിൽ പുനർനിർമ്മിച്ചു. സോപാനവും വിഗ്രഹവും പുനർനിർമ്മിക്കാനുണ്ട്. ശ്രീകോവിലിൻ്റെ മേൽക്കൂര ചെമ്പുതകിട് പാകിയിരിക്കുന്നു. നമസ്കാര മണ്ഡപത്തിൻ്റെ നിർമ്മാണവും പൂർത്തിയായി. ചുറ്റമ്പലത്തിൻ്റെ തറ കെട്ടിയിട്ടുണ്ടെങ്കിലും ഭിത്തിയും മേൽക്കൂരയും നിർമ്മിക്കാൻ ബാക്കിയാണ്. ബാലാലയിൽ നിത്യപൂജ നടക്കുന്നുണ്ട്. മലഞ്ചെരിവിൽ നിന്നും ക്ഷേത്രഭൂമിയിലെത്താൻ യാതൊരു മാർഗ്ഗവുമുണ്ടായിരുന്നില്ല. കല്ല് പാകി പടിക്കെട്ടു നിർമ്മിച്ച് ക്ഷേത്രത്തിലെത്താൻ മനോഹരമായ വഴിയും നിർമ്മിച്ചിട്ടുണ്ട്.

തിരുമല ദുർഗ്ഗാക്ഷേത്രത്തിൻ്റെ ദ്വാരപാലകരുടെ കൈകൾ വെട്ടിമാറ്റിയ നിലയിൽ

Leave a Comment