35: കല്ലാർ മംഗലം വിഷ്ണു ക്ഷേത്രം
July 7, 202333: കുറുശ്ശിയിൽ ഭഗവതി ക്ഷേത്രം
July 7, 2023തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 34
അംഗഭംഗം സംഭവിച്ച ദ്വാരപാലകരുടെ ശിൽപ്പങ്ങൾ ശക്തമായ ഒരു അക്രമത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ഈ ശിവക്ഷേത്രത്തിൻ്റെ ശ്രീകോവിലിനു മുന്നിലെ ഭിത്തിയിൽ ഇപ്പോഴും സ്ഥിതി ചെയ്യുന്നു. നമസക്കാര മണ്ഡപം ഒരു തറ മാത്രമാണ്. അതും തകർക്കലിൻ്റെ അവശേഷിപ്പു തന്നെ. മലപ്പുറം ജില്ലയിൽ എടയൂർ പഞ്ചായത്തിലെ തിണ്ടലം എന്ന സ്ഥലത്താണ് ഒരു കാലഘട്ടത്തിൽ അക്രമത്തിനിരയായ അടയാളങ്ങളോടെ തിണ്ടലം ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സോപാനത്തിനും കേടുപാടുകളുണ്ട്. കിഴക്കോട്ട് ദർശനമായുള്ള ശ്രീകോവിലിലേക്ക് പ്രവേശിക്കുന്നതിന് കരിങ്കല്ലിൽ തീർത്ത അഞ്ചടി ഉയരമുള്ള പ്രവേശന ഭാഗമുണ്ടെങ്കിലും വാതിൽ ഇല്ല. ടിപ്പുവിൻ്റെ പടയോട്ടക്കാലത്താണ് തിണ്ടലം ശിവക്ഷേത്രം തകർത്തതെന്നാണ് തലമുറകൾ കൈമാറിയ നാട്ടറിവു വച്ച് ഭക്തജനങ്ങൾ പറയുന്നത്. ക്ഷേത്രത്തിൻ്റെ പിറകുവശമുള്ള മതിൽ തകർത്ത് അകത്തു പ്രവേശിച്ച അക്രമികൾ നമസക്കാര മണ്ഡപങ്ങളും നാലമ്പലവും പൂർണ്ണമായും തകർത്തു. ശ്രീകോവിലിൻ്റെ ഇരുഭാഗത്തുമായി സ്ഥാപിച്ച ദ്വാരപാലകരുടെ മുഖവും നെഞ്ചും കൈകാലുകളും അടിച്ചുടച്ചു. ശ്രീകോവിലിൻ്റെ വാതിൽ തകർത്ത് ശ്രീകോവിലിനകത്തു കയറി പ്രതിഷ്ഠക്ക് ക്ഷതം വരുത്തി.
മൈസൂരിൻ്റെ അധിനിവേശ പദ്ധതിയിൽ തകർക്കപ്പെട്ട ക്ഷേത്രങ്ങളുടെ പട്ടികയിൽ അങ്ങനെ തിണ്ടലം ശിവക്ഷേത്രവും ഉൾപ്പെട്ടു. രണ്ടായിരം വർഷം പഴക്കമുള്ള ക്ഷേത്രത്തിന് മൂന്ന് ഊരാളൻമാരാണ് ഉണ്ടായിരുന്നത്. മൂത്തമല മന, കീഴൂര് മന, വടക്കുമ്പ്രത്തെ പനയ്ക്കാട്ട് മന എന്നിവരായിരുന്നു ഉടമസ്ഥർ. ശിവക്ഷേത്രം വട്ട ശ്രീകോവിലാണ്. ചെങ്കല്ലിൽ രണ്ടു നിലകളിലായാണ് ഈ മഹാശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഒന്നാമത്തെ നില വെള്ള വലിച്ചിട്ടുണ്ട്. മുകൾ നില ചെങ്കല്ലിൽ പഴമയുടെ പ്രൗഢിയോടെത്തന്നെ നിലനിൽക്കുന്ന മനോഹരമായ ശിൽപ്പ ചാതുരി ചെങ്കൽ ഭിത്തികളിൽ കാണാം. ഒന്നാമത്തെ നിലയിലെ മേൽക്കൂര എട്ട് കോൺ ആകൃതിയിലും മുകൾ നില ആറ് കോൺ ആകൃതിയിലും നിർമ്മിക്കപ്പെട്ടിരിക്കുന്നു. ഇടതു വശത്തായി കിഴക്കോട്ട് ദർശനമായി വിഷ്ണുവിൻ്റെ ഉപക്ഷേത്രമുണ്ട്. ഇതിൻ്റെ മുൻവശത്തെ നമസ്കാര മണ്ഡപവും തകർത്തിരിക്കുന്നു. കിഴക്കുഭാഗത്ത് മതിൽക്കെട്ടിനു വെളിയിലുള്ള വലിയ ബലിക്കല്ല് തകർക്കപ്പെട്ടിട്ടില്ല. അയ്യപ്പൻ, ഗണപതി, ദക്ഷിണാ മൂർത്തി എന്നീ ഉപപ്രതിഷ്ഠകളും ക്ഷേത്രത്തിലുണ്ട്. ക്ഷേത്രത്തിൻ്റെ പ്രധാന ഗോപുരവാതിലും തകർത്തിരിക്കുന്നു. മലബാർ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള ഈ ക്ഷേത്രം പുനരുദ്ധാരണം ചെയ്യാൻ ദേവസ്വം ബോർഡ് യാതൊരു നടപടിയും എടുത്തിട്ടില്ല. നിത്യപൂജയുള്ള തിണ്ടലം ശിവക്ഷേത്രത്തിൽ ശിവരാത്രി ആഘോഷിക്കാറുണ്ട്. ക്ഷേത്ര പുനരുദ്ധാരണം വേണമെന്ന് ഭക്തജനങ്ങൾക്ക് ആഗ്രഹമുണ്ടെങ്കിലും പ്രതിബന്ധമായി അവരുടെ മുന്നിലുള്ളത് മലബാർ ദേവസ്വം ബോർഡാണ്.