19: തൃപ്പാലൂർ നരസിംഹമൂർത്തി ക്ഷേത്രം
July 11, 202317: കൈലാസം ശിവക്ഷേത്രം
July 12, 2023തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 18
നാല് മുഖങ്ങളുള്ള ബ്രഹ്മാവിൻ്റെ ഭാരതത്തിലുള്ള ഏക ക്ഷേത്രമാണ് തവനൂർ ബ്രഹ്മ ക്ഷേത്രം. മലപ്പുറം ജില്ലയിൽ പെട്ട പൊന്നാനി താലൂക്കിൽ തവനൂർ പഞ്ചായത്തിലാണ് ഐതിഹ്യവും ചരിത്രവും കെട്ടുപിണഞ്ഞു കിടക്കുന്ന തവനൂർ ബ്രഹ്മ ക്ഷേത്രമുള്ളത്. 1993 ലാണ് ഞാൻ ആദ്യമായി ഈ ക്ഷേത്രം സന്ദർശിക്കുന്നത്. അക്കാലത്ത് കാട്ടിനുള്ളിൽ തകർന്ന ഒരു ക്ഷേത്രവും തകർക്കപ്പെട്ട കരിങ്കല്ലിൻ്റെ വലിയ പാളികളും ഞാൻ കാണുകയുണ്ടായി. മൈസൂരിൻ്റെ പടയോട്ടക്കാലത്ത് തവനൂരിലെ മിക്ക ക്ഷേത്രങ്ങളും തകർത്ത കൂട്ടത്തിൽ ബ്രഹ്മാവിൻ്റെ ക്ഷേത്രവും തകർക്കുകയായിരുന്നു. ക്ഷേത്രത്തിലെ സ്വർണ്ണവും പണവും കവർച്ച ചെയ്തു. വിഗ്രഹം തകർത്തു. ബ്രഹ്മാവിൻ്റെ ക്ഷേത്രത്തിന് 100 മീറ്റർ പടിഞ്ഞാറു ഭാഗത്തുള്ള ശിവക്ഷേത്രവും ഇതിനു തൊട്ടു വടക്കുള്ള ഓത്താൻമാർ മഠവും തകർത്തു. കോഴിക്കോട് സാമൂതിരി രാജാവിൻ്റെ ഉപദേശകൻ എന്ന് ഉറപ്പിച്ചു പറയാവുന്ന തവനൂർ വെള്ളമനയിലെ നമ്പൂതിരി ഹൈദറിൻ്റെ അന്നത്തെ അക്രമങ്ങൾക്കു സാക്ഷിയാണ്. വെള്ളയുടെ ചരിത്രം എന്ന പേരിൽ അദ്ദേഹം ഇക്കാര്യങ്ങളെല്ലാം രേഖപ്പെടുത്തി വെച്ചത് ചരിത്രത്തിന് വലിയ മുതൽക്കൂട്ടാണ്. ഹൈദരാലി നടത്തിയ അക്രമത്തെ വെള്ളനമ്പൂതിരി ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു –
“നവാബ് കോയമ്പത്തൂർ ചെന്നിരുന്ന് കോയമ്പത്തൂർ ഇരിക്കുമ്പോൾ ഈ രാജ്യം യുദ്ധം ചെയ്താൽ കിട്ടുമെന്നു വെച്ച് (ഹൈദരാലി പടയോട്ടം നടത്തി ആധിപത്യം സ്ഥാപിച്ച നാടുകൾ തിരിച്ചുപിടിക്കാനുള്ള ശ്രമം) പുതിയ കോവിലകത്തെ ഒരു രാജാവ് ഏതാനും ആളുകളെ കൂട്ടി യുദ്ധം ചെയ്യാൻ തുടങ്ങിയാറെ അവര് ഓരോരോ ദിക്ക് ഒഴിച്ചു. പിന്നെ, മാദണ്ഡൻ തിരുന്നാവായെ ആകുന്നു. അവിടേയും യുദ്ധം തുടങ്ങി. അപ്പോൾ അവര് അമ്പലത്തിലും കോവിലകത്തും അടച്ചു പാർത്തതേയുള്ളു. യുദ്ധം ചെയ്കയുമുണ്ട്. ചൊനകര ഒക്കയും ആസ്ഥയായ ഏറ്റു. അന്ന് പിന്നെ കാളാട്ട് ഗോപാലൻ എന്ന പിഷാരടി പൊന്നാനി വായ്കൽ തലശ്ശേന്നവരായി കൽപ്പിച്ചിരിക്കുന്നു. അയാളു കൂടിയുണ്ട്. ഈയവസ്ഥ കോയമ്പത്തൂര് കെട്ടിട നവാബും വലിയ പാളയവും പുറപ്പെട്ട് വേഗേന വന്നപ്പോൾ ബൗദ്ധൻമാരും തെക്കെ കര വന്ന് ഏറ്റു. പ്രഭുക്കൻമാരും പുരുഷാരവും അവിടെയാകുന്നു. അവിടെച്ചെന്ന് ഏറ്റപ്പോൾ അവരെല്ലാവരും ഒഴിച്ചു പോയി. നവാബും പുരുഷാരവും വെള്ളനാട്ടുകയും വന്ന് പെൺപിള്ളയേയും ബ്രാഹ്മണരേയും കണ്ടവരെ പിടിച്ച് കൊണ്ട് പോകയും ക്ഷേത്രങ്ങളും ഭവനങ്ങളും ചൂടുകയും പലരേയും തൂക്കുകയും വെട്ടിക്കൊല്ലുകയും ചെയ്തു. പിന്നെ, തിരുന്നാവായ വടക്കെക്കരെ നവാബും പാളയവും വന്നിരുന്നു. തെക്കെക്കരെ കണ്ണൂക്കാര് മാപ്പിളമാരും മറ്റുള്ളവരിൽ പലരും കൂടി ഈ ദിക്കിലുള്ള ഭവനങ്ങളും ഓത്താൻമാരുടെ മഠവും ഇങ്ങനെ ഒരു പന്തി ചുടുകയും ചെയ്തു. വെട്ടത്തു നാട്ടിൽ ക്ഷേത്രങ്ങളും ഇല്ലങ്ങളും ഭവനങ്ങളും ചുടുകയും ബിംബ ഹാനി ഒരു പന്തി എല്ലാടവും വെട്ടത്തു നാട്ടിൽ വിശേഷിച്ച് പലരേയും തൊപ്പി ഇടീക്കയും ചെയ്തു. പിന്നെ ഒരു പന്തി ഒക്കയും ഓരോരോ വഴിക്ക് പുറപ്പെട്ട് പോകയും ചെയ്തു. ഇങ്ങനെ ഒരു കലശല് മുമ്പ് ഉണ്ടായിട്ടില്ല എന്നേ പറയാവൂ. ആപത്ത് ഇതിൽപ്പരം വരാനില്ലല്ലോ. വിശേഷിച്ച് തിരുന്നാവായെ ഗോപുരങ്ങളും ക്ഷേത്രങ്ങളും ഒക്കയും ചുടുകയും ചെയ്തു. ഇങ്ങനെ അവസ്ഥ.”
വെള്ളയുടെ വിവരണം വെച്ചു നോക്കിയാൽ ഭാരതപ്പുഴയുടെ തെക്കെകരയിൽ നടത്തിയ അക്രമങ്ങൾ ഹൈദരാലിയുടെ അക്രമി സംഘത്തിലുണ്ടായിരുന്ന കണ്ണൂർ മാപ്പിളമാരാണ്. തിരുന്നാവായയുടെ നേരെ തെക്കേ കരയിലാണ് തവനൂർ. ഇവിടെ ഏതൊക്കെ ക്ഷേത്രങ്ങൾ നശിപ്പിച്ചുവെന്ന് വെള്ള വ്യക്തമായി രേഖപ്പെടുത്തിയിട്ടില്ല. ഓത്താൻമാർ മഠം അഗ്നിക്കിരയാക്കിയത് വ്യക്തമായി പറഞ്ഞിട്ടുണ്ട്. ബ്രാഹ്മണരുടെ ഒരു പ്രധാന സ്ഥാപനമായതിനാലാകണം വെള്ള നമ്പൂതിരി അക്കാര്യം എടുത്തു പറയാൻ കാരണം. ബ്രഹ്മാവിൻ്റെ ക്ഷേത്രത്തിൻ്റെ ഇപ്പോഴത്തെ അവസ്ഥയിലേക്ക് കടന്നു ചെല്ലുന്നതിനു മുമ്പ് കുറേക്കൂടി പഴയ കാലഘട്ടത്തിലേക്കും ഐതിഹ്യത്തിലേക്കും കടന്നു ചെല്ലേണ്ടതുണ്ട്. ഇത് ഭാരതപ്പുഴയുടെ ഉൽഭവം, ത്രിമൂർത്തി ക്ഷേത്രങ്ങളുടെ സ്ഥാപനം, മാമാങ്കം എന്നിവയുടെ ചരിത്രത്തിലേക്ക് കൂടി കടന്നു ചെല്ലാൻ സഹായിക്കും. ബ്രഹ്മാവിൻ്റെ യാഗത്തിൽ നിന്നാണ് മാമാങ്ക മഹോത്സവത്തിൻ്റെ ഐതിഹ്യം തുടങ്ങുന്നത്. ഉത്തര ഭാരതത്തിൽ പുഷ്ക്കര തീർത്ഥയിലും ഹരിദ്വാറിൽ ഖനകയിലും അലഹബാദിൽ ഗംഗാ യമുനാ സംഗമസ്ഥാനമായ പ്രയാഗിലും ബ്രഹ്മാവ് യാഗം നടത്തിയിട്ടുണ്ട്. കേരളത്തിൻ്റെ അഭിവൃദ്ധിക്കായി കേരളത്തിലും ഒരു യാഗം നടത്തണമെന്ന് സൃഷ്ടികർത്താവായ ബ്രഹ്മാവിനോട് പരശുരാമൻ അപേക്ഷിച്ചു.
യാഗത്തിൻ്റെ ഫലസിദ്ധി കേരളത്തിൻ്റെ രണ്ട് അറ്റങ്ങളിലേക്കും എത്തിക്കുന്നതിന് കണ്ടെത്തിയ യാഗ ഭൂമി ഗോകർണ്ണത്തിനും കന്യാകുമാരിക്കും മദ്ധ്യേ, പശ്ചിമഘട്ടത്തിൻ്റെ ഏറ്റവും ഉയർന്ന കൊടുമുടിയായ ‘ആനമുടി’യായിരുന്നു. യാഗത്തിൽ യജമാനൻ്റെ പാർശ്വഭാഗത്ത് ഉപവിഷ്ടയാവാൻ സരസ്വതീ ദേവിയെയാണ് ദേവൻമാർ ക്ഷണിച്ചത്. ആനമുടിയിൽ യാഗത്തിനുള്ള ഒരുക്കങ്ങളൊക്കെ പൂർത്തിയായി. മഹാവിഷ്ണുവും പരശുരാമനും ഇന്ദ്രാദിദേവൻമാരും സകല മുനിമാരും യാഗവേദിയിൽ എത്തിച്ചേർന്നു. ബ്രഹ്മർഷികളുടെ കാർമ്മികത്വത്തിൽ യാഗം തുടങ്ങാനിരിക്കെ സരസ്വതീ ദേവി എത്തിച്ചേർന്നില്ല. യാഗം കൃത്യ സമയത്ത് തുടങ്ങുകയും വേണം. ബ്രഹ്മാവിൻ്റെ പാർശ്വഭാഗത്ത് ആരെയാണ് ഇരുത്തേണ്ടത് എന്ന ഉൽക്കണ്ഠ എല്ലാവരിലുമുണ്ടായി. യാഗഭൂമിയിൽ സന്നിഹിതയായിരുന്ന ഗായത്രീ ദേവിയോട് ബ്രഹ്മാവിൻ്റെ പാർശ്വഭാഗത്തിരുന്ന് യാഗം തുടങ്ങുന്നതിന് സഹായിക്കണമെന്ന് ദേവൻമാർ അപേക്ഷിച്ചു. അതനുസരിച്ച് ഗായത്രീ ദേവി ബ്രഹ്മാവിൻ്റെ പാർശ്വഭാഗത്ത് ഉപവിഷ്ഠയാവുകയും യാഗം തുടങ്ങുകയും ചെയ്തു. അപ്പോഴേക്കും സരസ്വതീ ദേവി അവിടെ എത്തിക്കഴിഞ്ഞിരുന്നു.
ബ്രഹ്മാവിൻ്റെ ചാരത്ത് ഗായത്രീ ദേവിയെ കണ്ടതോടെ സരസ്വതി ദേവിക്ക് സഹിക്കാനായില്ല. തന്നെ അപമാനിച്ചുവെന്ന ഒരു തോന്നലാണ് ഉണ്ടായത്. ഉടനെ സരസ്വതീ ദേവി ഗായത്രീ ദേവിയെ നീ നദിയായിത്തീരട്ടെയെന്ന് ശപിച്ചു. ദേവൻമാർ അമ്പരന്നു പോയി. ഗായത്രീ ദേവിയാകട്ടെ ക്ഷോഭത്തോടെ സരസ്വതീ ദേവിയേയും ശപിച്ചു. സരസ്വതി ഒരു നദിയായിത്തീരട്ടെയെന്ന്. ദേവതമാരുടെ ക്ഷോഭം നിമിത്തം നല്ല ഉദ്ദേശ്യ ശുദ്ധിയോടെ തുടങ്ങിയ യാഗം മുടങ്ങി. ദേവൻമാർ സങ്കടപ്പെട്ടു. ഇങ്ങനെയെല്ലാം സംഭവിക്കാൻ കാരണമെന്താണെന്നും ശാപമോക്ഷത്തിന് എന്താണ് മാർഗ്ഗമെന്നും സരസ്വതി ദേവിയോടു ചോദിച്ചു. യാഗത്തിനു മുമ്പ് ഗണപതിയെ പ്രീതിപ്പെടുത്താത്തതാണ് യാഗം മുടങ്ങാൻ കാരണമെന്ന് സരസ്വതി ദേവി പറഞ്ഞു. അന്യോ ന്യമുള്ള ശാപങ്ങൾ ഫലിക്കേണ്ടതുണ്ട്. ആ ശാപം ലഘൂകരിക്കാൻ ഗായത്രിയുടെ ഒരംശം നദിയായാൽ മതിയെന്ന് സരസ്വതി ദേവിയും സരസ്വതി ദേവിയുടെ ഒരംശം നദിയായാൽ മതിയെന്ന് ഗായത്രീ ദേവിയും പറഞ്ഞു. മറ്റു ദേവതമാർ അവരുടെ അംശങ്ങളെക്കൊണ്ട് പോഷക നദികളാവണമന്നും ദേവിമാർ ഉപദേശിച്ചു. അങ്ങനെ, ഗായത്രി, സരസ്വതി ദേവിമാരുടെ അംശങ്ങൾ ആനമുടിയിൽ നിന്നും ഉൽഭവിച്ചൊഴുകി. ലക്ഷ്മി, പാർവ്വതി, ശുചി എന്നീ ദേവിമാരുടെ അംശങ്ങൾ പോഷകനദികളുമായി. ഇതാണ് പുണ്യനദിയായ ഭാരതപ്പുഴ. ആനമുടിയിൽ മുടങ്ങിയ യാഗം പിന്നീടു നടത്തിയത് ഭാരതപ്പുഴയുടെ തെക്കെ കരയിലുള്ള താപസന്നൂരിലാണ്.
തവനൂരിൻ്റെ പഴയ സ്ഥലനാമം അതാണ്. ധാരാളം സന്യാസിമാർ തപസ്സനുഷ്ഠിക്കാൻ തെരഞ്ഞെടുത്ത പ്രദേശമായതിനാലാണ് താപസന്നൂർ എന്ന പേരു വന്നത്. ഈ സ്ഥലനാമം ലോപിച്ച് പിൽക്കാലത്ത് തവനൂർ ആയതാണ്. ബ്രഹ്മാവ് ഈ യാഗം നടത്തിയത് മാഘമാസത്തിൽ മകം നക്ഷത്രം വരെയുള്ള 28 ദിവസങ്ങളിലാണെന്നും ഈ ദിവസങ്ങളിൽ ഗംഗ അടക്കമുള്ള പുണ്യനദികളുടെ സാന്നിദ്ധ്യം ഭാരതപ്പുഴയിൽ ഉണ്ടായിരുന്നുവെന്നും വിശ്വസിക്കപ്പെട്ടു വരുന്നു. മാഘമാസത്തിൽ മകം വരെയുള്ള 28 ദിവസം ഭാരതപ്പുഴയിൽ ഗംഗ തുടങ്ങിയ പുണ്യനദികളുടെ സാന്നിദ്ധ്യമുണ്ടാകുമെന്നാണ് വിശ്വാസം. ഭാരതപ്പുഴക്ക് നിള, പ്രതീചി, പേരാറ് എന്നീ പേരുകളുമുണ്ട്. മാഘമാസത്തിലെ മകം വരെയുള്ള 28 ദിവസം നിളയിൽ സപ്ത നദികളുടെ സാന്നിദ്ധ്യമുണ്ടാകുമെന്നതിനാൽ മാഘമക ഉൽസവം എല്ലാ മാഘമാസത്തിലും ആഘോഷിച്ചു വന്നു. മകം നക്ഷത്രത്തിലാണ് പ്രധാന ആഘോഷം. ഇത് കുംഭമേളക്ക് സമാനമായി നടത്തിവന്നിരുന്ന ഭാരതപ്പുഴയുടെ ഉൽസവമായിരുന്നു. ചേരമാൻ പെരുമാക്കൻമാരുടെ കാലത്ത് മൂന്നു വർഷത്തിലും പിന്നീട് അഞ്ചു വർഷം കൂടുമ്പോഴുമാണ് ഈ ഉത്സവം ആഘോഷിച്ചിരുന്നതെന്ന് വി.എം.സി. നമ്പൂതിരി തലമുറകൾ കൈമാറിയ നാട്ടറിവു വച്ച് എന്നോടു പറഞ്ഞിട്ടുണ്ട്.
വെള്ളമനയിലെ ഇപ്പോഴത്തെ കാരണവരാണ് അദ്ദേഹം. പിൽക്കാലത്ത് പന്ത്രണ്ടു വർഷം കൂടുമ്പോഴാണ് ഭാരതപ്പുഴയുടെ ഉൽസവം ആഘോഷിച്ചിരുന്നത്. മാഘമക ഉൽസവം എന്ന പേരിലും മാമാങ്കം എന്ന പേരിലും ഇത് അറിയപ്പെട്ടു. ഏറ്റവും പുതിയ രേഖ പ്രകാരം 1766 ലാണ് ഒടുവിലെ മാമാങ്കം ആഘോഷിച്ചത്. അതിനു ശേഷം മാഘ മകം ആഘോഷിച്ചിട്ടില്ല. അതേ സമയം ഇതിൻ്റെ പ്രാധാന്യം അറിയാവുന്ന കേരളത്തിനു പുറത്തുള്ള ഭക്തജനങ്ങൾ മാഘമകത്തിൽ നിളയിൽ സ്നാനം ചെയ്ത് പുണ്യനദികളിൽ സ്നാനം ചെയ്തതിൻ്റെ പുണ്യം അനുഭവിക്കാൻ എത്താറുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിൽ ഓറൽ ഹിസ്റ്ററി റിസർച്ച് ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ 2017 മുതൽ കുംഭമേള തുടങ്ങി. തവനൂർ ബ്രഹ്മാവിൻ്റെ ക്ഷേത്രം ത്രേതായുഗത്തിൽ നിർമ്മിച്ച ദക്ഷിണേന്ത്യയിലെ ഏക ബ്രഹ്മക്ഷേത്രമാണ്. പത്മ പുരാണത്തിൽ തവനൂർ ബ്രഹ്മ ക്ഷേത്രത്തെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. ബ്രഹ്മാവ് യാഗം നടത്തിയ സ്ഥലത്ത് വസിഷ്ഠ മുനിയുടെ നേതൃത്വത്തിൽ സകല ദേവീദേവൻമാരുടേയും സമ്മതത്തോടെ ഒരു ക്ഷേത്രം നിർമ്മിച്ച് ബ്രഹ്മാവിൻ്റെ പ്രതിഷ്ഠ നടത്തുകയായിരുന്നുവെന്നാണ് ക്ഷേത്രോൽപ്പത്തിയുമായി ബന്ധപ്പെട്ട ഐതിഹ്യം. ബ്രഹ്മ ക്ഷേത്രത്തിൻ്റെ പടിഞ്ഞാറുള്ള ശിവക്ഷേത്രം, യാഗത്തിൽ സംബന്ധിക്കാനെത്തിയ ശ്രീ പരമേശ്വരൻ വിശ്രമിച്ച സ്ഥലത്ത് ഭൃഗു, അഗസ്ത്യൻ തുടങ്ങിയ മഹർഷിമാർ നിർമ്മിച്ചതാണ്. അവിടെ ധ്യാനയോഗത്തിലുള്ള പ്രതിഷ്ഠയാണ് നടത്തിയത്.
ഈ ശിവക്ഷേത്രത്തിൻ്റെ തെക്കുള്ള വേദപാഠശാലയായ ഓത്താൻമാർ മഠം പരശുരാമനും, വസിഷ്ഠാദി മുനിമാരും തുടങ്ങി വെച്ച കേരളത്തിലെ ആദ്യ വേദ പാഠശാലയാണ്. ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ ഈ തീർത്ഥ സങ്കേതത്തിലെ ബ്രഹ്മാവിൻ്റെ ക്ഷേത്രമാണ് മൈസൂർപ്പട മുച്ചൂടും മുടിച്ചത്. അതിൽപ്പിന്നെയുണ്ടായ വെള്ളപ്പൊക്കവും ക്ഷേത്രത്തെ കൂടുതൽ ഇല്ലായ്മ ചെയ്തു. തവനൂർ മനക്കലേക്കാണ് ഊരായ്മ സ്ഥാനം. ഊരായ്മക്കാരും ക്ഷേത്രത്തിലേക്ക് തിരിഞ്ഞു നോക്കിയില്ല. 19 സെന്റിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അനുബന്ധമായുള്ള ഭൂമി മനയുടെ ഉടമസ്ഥതയിലാണ്. 2010 ലാണ് ക്ഷേത്ര പുനരുദ്ധാരണത്തിന് ഭക്തജനങ്ങളുടെ കമ്മിറ്റി രൂപീകരിച്ചത്. തവനൂർ മനക്കൽ പരമേശ്വര സോമയാജിപ്പാടായിരുന്നു പ്രസിഡന്റ്. പുതിയ പ്രസിഡന്റ് രാജഗോപാലനും, സെക്രട്ടറി രാധ ടീച്ചറുമാണ്. കാടുവെട്ടിത്തെളിയിച്ചെങ്കിലും പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കുള്ള തുക കണ്ടെത്താൻ ബുദ്ധിമുട്ടി. തവനൂർ സമ്പന്നരായ ഹിന്ദുക്കൾ താമസിക്കുന്ന പ്രദേശമല്ല. അവർക്ക് നൽകാൻ കഴിയുന്ന സാമ്പത്തിക വിഹിതത്തിന് പരിമിതിയുണ്ടായിരുന്നു. ഒരു ഊക്കിന് പുന:പ്രതിഷ്ഠയും ചില പ്രവർത്തികളും നടത്തി. ഇപ്പോൾ പുനർനിർമ്മാണ പ്രവർത്തനങ്ങൾ നിലച്ചിരിക്കുകയാണ്. കേരളത്തിനകത്തും പുറത്തുമുള്ള ധനസ്ഥിതിയുള്ള വ്യക്തികളോ സംഘടനകളോ എത്തുമെന്ന പ്രതീക്ഷയിലിരിക്കുമ്പോഴാണ് ഞാൻ ക്ഷേത്രം സന്ദർശിച്ചത്. പടിഞ്ഞാറും കിഴക്കും ഭാഗങ്ങളിൽ നിന്നും ക്ഷേത്രത്തിൽ പ്രവേശിക്കാം.
വടക്കെ വാതിൽ ഇറങ്ങിയെത്തുന്നത് നിളയിലേക്കാണ്. ഇതിന് പഴയ കാലത്തെ കൽപ്പടവുകൾ തകർന്ന നിലയിൽ കിടക്കുന്നുണ്ട്. നാലമ്പലത്തിൻ്റെ മേൽക്കൂരകളിൽ മരം കയറ്റിയിട്ടുണ്ടെങ്കിലും തുടർ പ്രവർത്തി ചെയ്യാൻ പണമില്ലാത്തതിനാൽ ഓലയും പ്ലാസ്റ്റിക് ഷീറ്റും വലിച്ചുകെട്ടിയിരിക്കുകയാണ്. ശ്രീകോവിലിന് ഇപ്പോഴും മേൽപ്പുരയില്ല. പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചിരിക്കുകയാണ്. ബലിക്കല്ലുകൾ തകർന്നു തന്നെ കിടക്കുന്നു. ഉപപ്രതിഷ്ഠയായി ഗണപതിയുണ്ട്. സരസ്വതി ദേവിയെ ഉപപ്രതിഷ്ഠയായി കുടിയിരുത്തി പൂജിക്കേണ്ടതുണ്ടെങ്കിലും അതിനും കഴിഞ്ഞിട്ടില്ല. നാല് മുഖമുള്ള ഭാരതത്തിലെ ഏക ബ്രഹ്മാവിൻ്റെ ക്ഷേത്രം ആരേയും വേദനിപ്പിക്കുന്നതാണ്. ഭാരത ദേശത്തുള്ള ഭക്തർ ഒഴുകിയെത്തേണ്ട ഒരു തീർത്ഥാടന കേന്ദ്രമാണ് പണമില്ലാത്തതിൻ്റെ പേരിൽ തകർന്നു കിടക്കുന്നത്. തിരുന്നാവായയിൽ പിതൃക്രിയകൾക്കായി കേരളത്തിനകത്തും പുറത്തു നിന്നും ആളുകൾ എത്തുന്നത് ഇവിടം ത്രിമൂർത്തി സംഗമസ്ഥാനമായതിനാലാണ്. ഇതിലൂടെ നാവാമുകുന്ദ ക്ഷേത്രത്തിന് വലിയ വരുമാനമുണ്ടെങ്കിലും തെക്കേക്കരയിലെ ക്ഷേത്രങ്ങൾ നിത്യവൃത്തിക്ക് പോലും ബുദ്ധിമുട്ടുകയാണ്. ബ്രഹ്മാവിൻ്റെയും ശിവൻ്റെയും ക്ഷേത്രത്തിൽ നിന്നും 250 മീറ്റർ തെക്കു മാറി വിഷ്ണു വിഗ്രഹമുള്ള ക്ഷേത്രമുണ്ട്. വിഷ്ണുവാണ് പ്രതിഷ്ഠയെങ്കിലും ശ്രീകൃഷ്ണ ക്ഷേത്രം എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. ഈ മൂന്നു ക്ഷേത്രങ്ങളും പരിശോധിക്കുമ്പോൾ ഭാരതപ്പുഴയുടെ തെക്കേ കരയായ ബ്രഹ്മാവിൻ്റെ യാഗഭൂമി ത്രിമൂർത്തി സങ്കേതമാണ്.
ഭാരതപ്പുഴയിൽ ബലിതർപ്പണ പടവുകൾ സ്ഥാപിച്ച് ബലിതർപ്പണം തുടങ്ങിയാൽ തവനൂർ ലോകപ്രസിദ്ധമായ തീർത്ഥാടന കേന്ദ്രമായിത്തീരും. പ്രത്യേകിച്ച് കുംഭമേള തുടങ്ങിയ സാഹചര്യത്തിൽ. തിരുന്നാവായയിൽ നിന്നും തെക്കെകരയിലേക്ക് ഒരു പാലം നിർമ്മിച്ചാൽ തിരുന്നാവായ എത്തുന്ന ഭക്തർക്ക് തെക്കെകരയിലെ ത്രിമൂർത്തി സംഗമസ്ഥാനത്തും ദർശനം നടത്താം. തീർത്ഥാടക ടൂറിസത്തിൽ ഉൾപ്പെടുത്തി വികസിപ്പിക്കേണ്ട പ്രദേശമാണ് ബ്രഹ്മാവിൻ്റെ യാഗഭൂമി. ഇതിനൊക്കെ കൃത്യതയോടെ ചുക്കാൻ പിടിക്കാൻ ഇച്ഛാശക്തിയുള്ള ഒരു സംഘം രൂപീകൃതമാകേണ്ടിയിരിക്കുന്നു. മീനമാസത്തിലെ മകീര്യം നക്ഷത്രത്തിലാണ് ബ്രഹ്മാവിൻ്റെ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം. കുറ്റിപ്പുറത്തു നിന്നും പൊന്നാനിയിലേക്കും പൊന്നാനിയിൽ നിന്നും കുറ്റിപ്പുറത്തേക്കുമുള്ള ബസ്സിൽ തവനൂരിൽ ഇറങ്ങിയാൽ ക്ഷേത്രത്തിലെത്താം. ഈ ക്ഷേത്രത്തിനു സമീപത്തായാണ് കേരള ഗാന്ധി കേളപ്പജിയെ സംസ്കരിച്ച ശവകുടീരമുള്ളത്.