21: അങ്ങാടിപ്പുറം തളി മഹാദേവ ക്ഷേത്രം

5: നരിക്കോട്ടേരി നരസിംഹ ക്ഷേത്രം
June 29, 2021
കുണ്ടുകൂളി മഹാവിഷ്ണു ക്ഷേത്രം
July 21, 2021

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 21

2007 ആഗസ്റ്റ് 31 പുലർച്ചെ മൂന്നു മണി. അങ്ങാടിപ്പുറം തളിക്ഷേത്രത്തിൽ നിന്നും നിലക്കാത്ത മണിമുഴക്കം. നാടും നഗരവും  ഗാഢ നിദ്രയിലായതിനാൽ ആ മണി മുഴക്കം വലിയ വ്യാസത്തിൽ വ്യാപിച്ചു. അതു കേട്ട് ഭക്തജനങ്ങളും നാട്ടുകാരും ഞെട്ടിയുണർന്നു. നാലു ഭാഗത്തു നിന്നും ഓടിയെത്തിയവർക്ക് മുഖത്തു നിന്നും രക്തം വാർന്നൊഴുകുന്നതായി തോന്നി. തളി ഗോപുരവാതിൽ ആരോ കത്തിച്ചിരിക്കുന്നു. തൊട്ടുപിന്നാലെ മറ്റൊരു വാർത്തയുമെത്തി. സമീപത്തെ മുതുവറ വിഷ്ണു ക്ഷേത്രത്തിലും മക്കരപറമ്പ് ആറങ്ങോട്ട് ശിവക്ഷേത്രത്തിലും മത്സ്യം വിതറിയിരിക്കുന്നു. ക്ഷേത്രത്തിൽ ശാന്തിക്കാർ എത്തിയപ്പോഴാണ് മൽസ്യം വിതറിയ നിലയിൽ കണ്ടത്. ഭക്തജനങ്ങളെ  അപമാനിക്കാൻ ഇതൊക്കെ ചെയ്തത് ആരാണെന്ന് ഇതുവരെ തെളിയിക്കാനായില്ല. നിരവധി നേതാക്കളും അന്നത്തെ മന്ത്രിമാരും പാഞ്ഞെത്തി. പോലീസ് നൂറുകണക്കിനാളുകളെ ചോദ്യം ചെയ്തു. ഒടുവിൽ തെളിയിക്കാൻ കഴിയാത്ത കേസുകളുടെ കൂട്ടത്തിൽ തളിക്ഷേത്രത്തിൻ്റെ ഗോപുരവാതിൽ കത്തിച്ച കേസും അകപ്പെട്ടു. ഞാൻ 2018 ജൂൺ 14 ന് തളിക്ഷേത്രം സന്ദർശിക്കുമ്പോൾ ഗോപുരവാതിൽ പുതുക്കി പണിതിരുന്നു. നാരായണീയ പാരായണം മുഴങ്ങുന്നുണ്ട്. അന്ന് തളി മഹാദേവ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവമായിരുന്നു. പഞ്ചാക്ഷരി ജപിക്കുന്ന ഭക്തജനങ്ങൾ മറ്റൊരിടത്ത്. ദീപാലംകൃതമായ ശ്രീകോവിലിൽ പരിലസിക്കുന്ന മഹാദേവനെ തൊഴുതു നിന്നപ്പോൾ തളിക്ഷേത്രത്തിൻ്റെ ഭൂതകാല ചിത്രങ്ങൾ തെളിഞ്ഞു വന്നു. വാമൊഴിയായും രേഖാമൂലവും അറിഞ്ഞ യഥാർത്ഥ്യങ്ങളുടെ നേർച്ചിത്രങ്ങളായിരുന്നു അവ. അതാകട്ടെ തളിക്ഷേത്രത്തിൻ്റെ ചരിത്രവും.

അത് ഇങ്ങനെയാണ്  –  കേരളത്തിൽ നിരവധി തളികളുണ്ട്. പതിനെട്ടര തളികൾ പ്രസിദ്ധമാണ്. ഇതിനു പുറമെയാണ് മറ്റു തളികൾ. തളി എന്നു പേരു വെച്ചുള്ള സ്ഥലനാമങ്ങളും’ തളി’ എന്ന പേരുള്ള ഭൂമികളും തളികൾ തന്നെ. പൗരാണിക കേരള ചരിത്രത്തിൽ സംഘകാല ചേരൻമാരുടെ ഭരണത്തിനു ശേഷം ബ്രാഹ്മണ പ്രമുഖർ ഒന്നിച്ചിരുന്ന് ഗ്രാമത്തിൻ്റെ ഭരണ കാര്യത്തെക്കുറിച്ചു തീരുമാനങ്ങൾ എടുത്തിരുന്നത് അതാത് തളികളിൽ വെച്ചായിരുന്നു. തളികളുടെ നായകൻ തളിയാതിരി എന്ന സ്ഥാനമാണുണ്ടായിരുന്നത്. ഓരോ തളിയിലും ഓരോ ശിവക്ഷേത്രങ്ങളുണ്ടായിരിക്കും. ശിവക്ഷേത്രങ്ങളോടെയുള്ള തളികൾക്ക് കൈലാസത്തിനു സമാനമായ പവിത്രത കൽപ്പിച്ചിരുന്നു. ‘സ്ഥലി’ എന്ന സംസ്കൃത രൂപത്തിൽ നിന്നാണ് തളി എന്ന പദമുണ്ടായത്. അപൂർവ്വം ചില തളികളിൽ വിഷ്ണു ക്ഷേത്രവും കാണാം. രാമനാട്ടുകരയിലെ തളിക്ഷേത്രത്തിൽ വിഷ്ണുവാണ് പ്രതിഷ്ഠ. കോഴിക്കോട് ജില്ലയിൽ കു റ്റ്യാടിക്കടുത്തുള്ള തളിക്കരയിലെ തളിക്ഷേത്രത്തിൽ സുബ്രഹ്മണ്യസ്വാമിയാണ് പ്രതിഷ്ഠ. ഇത്തരത്തിൽ ഉണ്ടായിരുന്ന തളിയാണ് മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിലുള്ള അങ്ങാടിപ്പുറം തളി. അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്ര പൂരപറമ്പിൻ്റെ കിഴക്കുഭാഗത്തു സ്ഥിതി ചെയ്യുന്ന അൽപ്പാക്കുളം മുതൽ അങ്ങാടിപ്പുറം വരേയും കുറ്റിപ്പുറം റോഡിൽ കോട്ടപ്പറമ്പു വരേയും വ്യാപിച്ചുകിടന്നിരുന്ന ബൃഹത്തായ ക്ഷേത്ര സങ്കേതമായിരുന്നു പുരാതന അങ്ങാടിപ്പുറം തളി. അൽപ്പാക്കുളത്തിനു സമീപത്തായിരുന്നു ക്ഷേത്രത്തിൻ്റെ ഗോപുരം. ഇപ്പോൾ പാലക്കാട് – കോഴിക്കോട് ദേശീയപാത കടന്നു പോകുന്ന ഭാഗത്തായിരുന്നു ക്ഷേത്രത്തിൻ്റെ തീർത്ഥക്കിണർ. തളിക്ഷേത്രത്തിൻ്റെ അവശിഷ്ടങ്ങൾ കോട്ടപറമ്പു വരെ വ്യാപിച്ചുകിടന്നിരുന്നു. തളിയിൽ തൊടി എന്നാണ് ഭൂരേഖയിൽ സ്ഥലനാമം പറയുന്നത്. തൊടി എന്നാൽ പറമ്പ് എന്നാണ് അർത്ഥം. തളിക്ഷേത്രത്തിൻ്റെ കാലപ്പഴക്കമോ തളിക്ഷേത്രത്തിനു നേരെ നടന്ന അക്രമത്തെക്കുറിച്ചോ ആധികാരികമായി പറയാൻ രേഖകളൊന്നും ലഭ്യമല്ല. അതേ സമയം ടിപ്പുവിൻ്റെ പടയോട്ടത്തിൽ ഈ ക്ഷേത്രം തകർത്തുവെന്ന് പഴമക്കാർ കൈമാറിയ വാമൊഴി ചരിത്രം വിശ്വാസപ്പെടുത്തിയിരിക്കുന്നു. ഇപ്പോൾ 19 സെന്റിലാണ് തളിക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കേരളത്തിൽ തളിയാതിരിമാരുടെ ഭരണം അവസാനിച്ചതോടെ തളികളുടെ പ്രസക്തിയും നഷ്ടപ്പെട്ടു. ടിപ്പുവിൻ്റെ പടയോട്ടക്കാലത്താണ് അങ്ങാടിപ്പുറം തളിയും തകർത്തത്.

ക്ഷേത്രം നിലം പരിശാക്കിയെങ്കിലും ശിവലിംഗവും പീഠവും തകർത്തിരുന്നില്ല. പടയോട്ടത്തിനു ശേഷം ആരും ശ്രദ്ധിക്കാതെ തളിക്ഷേത്രം കാടുകയറിക്കിടന്നു. ഈ കാലഘട്ടത്തിൽ നടന്ന മറ്റൊരു സംഭവം ക്ഷേത്ര പുനരുദ്ധാരണ ചരിത്രത്തിൻ്റെ ഭാഗമായി പരിഗണിക്കപ്പെട്ടു പോരുന്നതിനാൽ അക്കാര്യവും ഇവിടെ രേഖപ്പെടുത്തുന്നു. ക്ഷേത്രങ്ങളുടെ നാശത്തിന് ഇടയാക്കിയത് മൂന്ന് കാരണങ്ങളാലാണ്. വൈഷ്ണവ – ശൈവ പോരാട്ടങ്ങൾ ക്ഷേത്രങ്ങൾ തകരുന്നതിന് പ്രഥമ കാരണമായി. രണ്ടാമത് മൈസൂർ അധിനിവേശക്കാലത്ത് ക്ഷേത്രങ്ങൾ കൊള്ളയടിച്ച ശേഷം തകർത്തു. ഭൂപരിഷ്കരണ നിയമം ക്ഷേത്രങ്ങൾക്ക് ഏൽപ്പിച്ച ആഘാതവും വലുതാണ്. ഭൂപരിഷ്ക്കരണ നിയമത്തോടെ ക്ഷേത്ര സ്വത്തുക്കൾ അന്യാധീനപ്പെട്ടു. ക്ഷേത്ര സ്വത്തുക്കൾ കൈവിട്ടു പോയതോടെ ക്ഷേത്രങ്ങൾ പരിരക്ഷിക്കാൻ ധനസ്ഥിതി ഇല്ലാത്തതിൻ്റെ പേരിൽ ഊരാളൻമാരും കൈവിട്ടു. ഈ വിധത്തിൽ സാംസ്കാരിക കേന്ദ്രങ്ങളായ അനവധി ക്ഷേത്രങ്ങൾ മലബാറിലെങ്ങും അനാഥമായി കിടന്നിരുന്നു. ഇങ്ങനെയുള്ള ഘട്ടത്തിലാണ് ക്ഷേത്രാവശിഷ്ടങ്ങൾ കുഴിച്ചുമൂടി ക്ഷേത്രഭൂമിക്ക് നികുതിയടച്ച് സ്വകാര്യ വ്യക്തികൾ പിടിച്ചടക്കം ചെയ്തത്. ഇത്തരം ക്ഷേത്രങ്ങൾ ഭക്തജനങ്ങൾ നേരിട്ട് നടത്തണമെന്ന ഒരു ആവശ്യം പൊതുവായി ഉയർന്നു. അങ്ങനെയാണ് കേളപ്പജി അദ്ധ്യക്ഷനായി മലബാർ ക്ഷേത്ര സംരക്ഷണ സമിതി രൂപം കൊണ്ടത്. ടി.നാരായണൻ നമ്പ്യാർ, തറമ്മൽ കൃഷ്ണൻ എന്നിവർ വൈസ് പ്രസിഡന്റുമാരും വി.എം.കോറാത്ത് ജനറൽ സെക്രട്ടറിയും, ടി.കെ.കുഞ്ഞനന്തൻ ജോയന്റ് സെക്രട്ടറിയും, കെ.വി.അച്യുതൻ കുട്ടി ഖജാഞ്ചിയുമായിരുന്നു. പ്രവർത്തകർ ക്ഷേത്ര സംരക്ഷണ സമിതിയുടെ ലക്ഷ്യങ്ങൾ  ജനങ്ങളിൽ എത്തിക്കാൻ പ്രചാരണ പ്രവർത്തനങ്ങളിൽ ഏർപ്പെടണമെന്നും തീരുമാനമായി.

സമിതിയുടെ പ്രചാരണത്തിന് കേളപ്പജിയും സജീവമായി രംഗത്തിറങ്ങിയിരുന്നു. ഈ കാലഘട്ടത്തിൽ ക്ഷേത്ര പുനരുദ്ധാരണത്തിന് നാന്ദി കുറിച്ചു കൊണ്ട് 1924 ലാണ് ആദ്യമായി ക്ഷേത്രഭൂമിയിൽ വിളക്കുതെളിയിച്ചത്. കാടുവെട്ടിത്തെളിയിച്ച് അവിടെയുണ്ടായിരുന്ന ശിവലിംഗം ജലമൊഴിച്ചു കഴുകി വൃത്തിയാക്കി വിളക്കു വെച്ചത് മുളയത്ത് ലക്ഷമിയമ്മയുടെ മകൻ വേലായുധനാണ് സ്വയം തോന്നിയ ഒരു ബുദ്ധിക്ക് ഇങ്ങനെ ചെയ്തത്. മൂന്നു ദിവസം തുടർച്ചയായി വിളക്കു വെച്ച് തൊഴുതെ  തുടരാനായില്ല. വേലായുധൻ വിളക്കു വെക്കുന്നതും തൊഴുന്നതും എല്ലാവരും കാണുന്നുണ്ട്. പക്ഷെ, ആരും ഇദ്ദേഹത്തോടൊപ്പം സഹകരിച്ചില്ല. തളി പിന്നേയും കാടുകയറി. 1967 ൽ  കോച്ചാട്ടിൽ ബാലകൃഷ്ണമേനോൻ്റെ നേതൃത്വത്തിൽ ഒരു സംഘം ഭക്തജനങ്ങൾ ക്ഷേത്ര പുനരുദ്ധാരണത്തെക്കുറിച്ച് ചിന്തിച്ചു. തുടർന്ന് 1968 ഒക്ടോബറിൽ അവർ അങ്ങാടിപ്പുറം തളിക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റി രൂപീകരിച്ചു. പി.രാവുണ്ണി നായർ പ്രസിഡൻറും, സി.കെ.വേണുഗോപാൽ സെക്രട്ടറിയും, ടി.ഗോപാലകൃഷ്ണൻ ഖജാൻഞ്ചിയുമായിരുന്നു. ശിവലിംഗം സ്ഥിതി ചെയ്യുന്ന ക്ഷേത്രഭൂമി വേലി കെട്ടി മലീമസമായ അന്തരീക്ഷത്തിൽ നിന്നും മോചിപ്പിക്കുക, ശ്രീകോവിൽ പണിത് മാസത്തിൽ ഒരു പൂജ നടത്തുക എന്ന ഒരു സ്വപ്നം മാത്രമേ ആദ്യം അവർക്കുണ്ടായിരുന്നുള്ളു. ഈ സമയത്താണ് ഒരു വിവാഹത്തിൽ പങ്കെടുക്കാൻ കേളപ്പജി അങ്ങാടിപ്പുറത്ത് വന്നത്.  അനാഥമായി കിടക്കുന്ന തളിക്ഷേത്രത്തെക്കുറിച്ച് അദ്ദേഹം അറിഞ്ഞു. ക്ഷേത്രഭൂമി കാണണമെന്ന ആഗ്രഹം കേളപ്പജി അവിടെ ഉണ്ടായിരുന്നവരോടു പറഞ്ഞു. തുടർന്ന് അദ്ദേഹം തളിക്ഷേത്രഭൂമിയിലെത്തുകയും അനാഥമായി കിടക്കുന്ന ശിവലിംഗവും പീഠവും നോക്കി ഏറെ നേരം ചിന്തിച്ചു നിൽക്കുകയും ചെയ്തു. ക്ഷേത്രഭൂമിയിലെ കാട്ടിനുളളിൽ മലമൂത്ര വിസർജ്ജനം ചെയ്യുന്നതും മീൻ കൊട്ടകൾ ക്ഷേത്രത്തറയിൽവെക്കാറുള്ളതും കൂടെയുണ്ടായിരുന്നവർ കേളപ്പജിയെ ധരിപ്പിച്ചു. കേളപ്പജി കോഴിക്കോട്ടേക്ക്‌ മടങ്ങിയത് ക്ഷേത്രഭൂമിയിൽ ചെലവഴിച്ച സമയത്ത് ഉരുത്തിരിഞ്ഞ പദ്ധതിയോടെയായിരുന്നു. തളിക്ഷേത്ര പുനരുദ്ധാരണത്തിന് ഭക്തജനങ്ങൾ ഒരുങ്ങുന്നുവെന്ന വർത്തമാനം മുസ്ലീം വിഭാഗത്തെ ചൊടിപ്പിച്ചു. പൊതുവെ വിഗ്രഹ വിരോധികളാണല്ലോ മുസ്ലീംങ്ങൾ.

രാഷ്ട്രീയ ലാഭത്തിന് മാപ്പിളമാരെ സ്വാധീനിക്കാൻ എന്തും ചെയ്യാൻ മടിയില്ലാത്ത മാർക്സിസ്റ്റ് പാർട്ടിയുടെ സഹായവും അവർ പ്രതീക്ഷിച്ചു. ഏതു വിധേനയും ക്ഷേത്ര പുനരുദ്ധാരണം തടയാൻ മാപ്പിളമാർ ഗൂഢാലോചന നടത്തി. ക്ഷേത്രഭൂമിയുടെ തെക്കുഭാഗം എട്ട് അടി വീതിയിൽ കിഴക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഒരു വഴിയാണ്. ഇതിനും അപ്പുറത്ത് ഒരു വിഷവൈദ്യശാലയാണ് പ്രവർത്തിച്ചിരുന്നത്. അമ്പത് സെൻ്റ് വിസ്തീർണ്ണമുള്ള ഭൂമി പളിഞ്ഞക്കാട്ടിൽ അപ്പുകുട്ടൻ നായർ എന്നൊരാളുടെ കൈവശമായിരുന്നു. കാടുമൂടിക്കിടന്നിരുന്ന ഈ ഭൂമി പുല്ലൂർശങ്ങാട്ടിൽ കുഞ്ഞാപ്പുവെന്ന മാപ്പിളക്ക് വിറ്റു. മരക്കച്ചവടക്കാരനായിരുന്ന കുഞ്ഞാപ്പു രാമസിംഹൻ വധക്കേസിലെ ഒരു പ്രതിയാണ്. കുഞ്ഞാപ്പു ഈ ഭൂമിയിൽ ആദ്യം മരക്കച്ചവടത്തിൻ്റെ ഓഫീസുണ്ടാക്കി. അതിനു ശേഷമാണ് വിഷവൈദ്യശാലയാക്കിയത്. അങ്ങാടിപ്പുറം തളിയിൽ ക്ഷേത്രം ഉയരുന്നത് തടയാനുള്ള ഗൂഢാലോചനയിൽ ഉരുത്തിരിഞ്ഞ ആശയം കുഞ്ഞാപ്പുവിൻ്റെ വിഷവൈദ്യശാല പള്ളിയാക്കി മാറ്റുകയെന്നതായിരുന്നു. പള്ളിയോടു ചേർന്ന് ക്ഷേത്രം നിർമ്മിക്കാൻ അനുവാദം കിട്ടില്ലെന്നും അവർ നിരൂപിച്ചിരുന്നു. പിറ്റേ ദിവസം വിഷവൈദ്യശാലയുടെ ബോർഡിൻ്റെ സ്ഥാനത്ത് നമസ്കാര പള്ളിയുടെ ബോർഡുയർന്നു. ഈ ബോർഡ് വരും നാളുകളിൽ ഉണ്ടാക്കിയേക്കാവുന്ന രക്തരൂഷിത പോരാട്ടത്തെക്കുറിച്ച് ഹിന്ദുക്കൾ അറിഞ്ഞതേയില്ല. കേളപ്പജിയെ തളിക്ഷേത്രഭൂമിയുടെ അവസ്ഥ വല്ലാതെ വേദനിപ്പിച്ചിരുന്നു.

അദ്ദേഹം ക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റിക്കാരെ കോഴിക്കോട്ടേക്ക് വിളിപ്പിച്ചു. വി.എം.കോറാത്തും കുഞ്ഞനന്തനുമാണ് കേളപ്പജിയുടെ ദൂതൻമാരായി അങ്ങാടിപ്പുറത്ത് എത്തിയത്. കോഴിക്കോട്ടു ചേർന്ന യോഗത്തിൽ ആരാധനാ സ്വാതന്ത്ര്യത്തെ മുൻനിർത്തിയുള്ള പ്രവർത്തന പദ്ധതികൾക്ക് രൂപം നൽകി. ക്ഷേത്രഭൂമി സമിതിക്ക് വിട്ടുതരാൻ ആവശ്യപ്പെട്ട് കലക്ടർക്ക് ഒരു നിവേദനം നൽകിയിരുന്നു. ഈ നിവേദനത്തിൻ മേൽ തീർപ്പുണ്ടാവാത്തതും ഭാവി പരിപാടികൾ ആവിഷ്ക്കരിക്കാൻ സാഹചര്യമൊരുക്കി. 1968 ഒക്ടോബർ 30. അന്ന് ദുർഗ്ഗാഷ്ടമിയാണ്. കോഴിക്കോട്ടെ യോഗ തീരുമാനപ്രകാരം സ്ത്രീകൾ അടക്കമുള്ള ഭക്തജനങ്ങൾ ക്ഷേത്രഭൂമിയിലെത്തി. ശിവലിംഗം ഉറപ്പിച്ചിരുന്ന പീഠത്തോടു ചേർന്നു കണ്ട മീൻ കൊട്ടകൾ എടുത്തു മാറ്റി. ചപ്പുചവറുകൾ വാരിക്കൂട്ടി കത്തിച്ചു. കാട് വെട്ടിത്തെളിയിച്ചു. മനുഷ്യവിസർജ്ജനങ്ങൾ നീക്കം ചെയ്ത് പരിശുദ്ധമാക്കി. ക്ഷേത്രം ശുചീകരിക്കാനെത്തിയ ഭക്തജനങ്ങളുടെ കൂട്ടത്തിൽ എൺപത് വയസ്സുള്ള മാറുമറയ്ക്കാത്ത ഒരു മുത്തശ്ശിയും ഉണ്ടായിരുന്നു. കായക്കുണ്ടിൽ നീലിയായിരുന്നു ആ മുത്തശ്ശി. കാടുവെട്ടിത്തെളിയിക്കാൻ ആവേശത്തോടെ ചെറുപ്പക്കാരോടൊപ്പം നിന്ന നീലിമുത്തശ്ശിയാണ് രണ്ടു കൊട്ട പശുവിൻ ചാണകം കൊണ്ടുവന്ന് മെഴുകി വൃത്തിയാക്കിയത്. അങ്ങാടിപ്പുറം അമ്പലക്കാട്ടിലേക്ക് ഭക്തജനങ്ങൾ പ്രവേശിച്ച വാർത്ത കാട്ടുതീ പോലെ പരന്നു. മാപ്പിളമാർ അങ്ങിങ്ങു കൂട്ടം കൂടി നിന്നു. ഇതിനിടയിൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി സി.എച്ച്.മുഹമ്മത് കോയക്ക് ഫോൺ കോൾ ചെന്നു കഴിഞ്ഞിരുന്നു. ക്ഷേത്രഭൂമിയിൽ നിന്നും ഭക്തജനങ്ങളെ ഒഴിപ്പിക്കുകയായിരുന്നു ആ ഫോൺ വിളിക്ക് പിന്നിൽ.

വിഷവൈദ്യശാല പള്ളിയാക്കിയ കുഞ്ഞാപ്പുവിന് മന്ത്രിയുമായി നല്ല ബന്ധമുണ്ടായിരുന്നതിനാൽ മന്ത്രിക്ക് ഫോൺ ചെയ്തത് കുഞ്ഞാപ്പു തന്നെ യാണെന്ന് എല്ലാവരും വിശ്വസിച്ചു. മന്ത്രി സി.എച്ച്.മുഹമ്മത് കോയയുടെ നിർദ്ദേശ പ്രകാരം സർക്കിൾ ഇൻസ്പെക്ടറും വൻ പോലീസ് സംഘവും കുതിച്ചെത്തി. കേളപ്പജിയുടെ നേതൃത്വത്തിലാണ് ഭക്തജനങ്ങൾ തളിയിൽ എത്തിയതെന്നു മനസ്സിലാക്കിയ പോലീസ് ഭക്തജനങ്ങളോട് മടങ്ങിപോകാൻ ആവശ്യപ്പെട്ടു. സർക്കാർ അധീനതയിലുള്ള ഭൂമിയിൽ അതിക്രമിച്ചു കടക്കരുതെന്നും ജില്ലാ കലക്ടറുടെ അനുമതിയുണ്ടെങ്കിലേ ക്ഷേത്രഭൂമിയിൽ പ്രവേശിക്കാവൂ എന്നും പറഞ്ഞു. ഭക്തജനങ്ങൾ അതിനു വഴിപ്പെട്ടില്ല. ക്ഷേത്രഭൂമിയിൽ ആരാധന നടത്താൻ ഹിന്ദുക്കൾക്ക് ആരുടേയും അനുവാദം ആവശ്യമില്ലെന്നായിരുന്നു ഭക്തജനങ്ങളുടെ മറുപടി. തൊട്ടടുത്ത് മുസ്സീം പള്ളിയാണ്. ഇവിടെ ഭജന നടത്തുന്നത് അവർക്ക് പ്രാർത്ഥനക്ക് തടസ്സമുണ്ടാക്കുമെന്നും മാത്രമല്ല, തളിയിൽ ക്ഷേത്രം നിർമ്മിക്കുന്നതിനോട് മുസ്ലിംങ്ങൾക്ക് എതിർപ്പുണ്ടെന്നും പോലീസ് പറഞ്ഞു. വിഷവൈദ്യശാലയുടെ ബോർഡുമാറ്റി പള്ളിയെന്ന് ബോർഡുവെച്ച് ക്ഷേത്രഭൂമിയിലെ ആരാധന തടയാനുള്ള നീക്കം വിലപ്പോവില്ലെന്നും ഭക്തജനങ്ങൾ ഏകസ്വരത്തിൽ പറഞ്ഞു. ഇതോടെ പ്രദേശം സംഘർഷഭരിതമായി. സർക്കിൾ ഇൻസ്‌പെക്ടർ കേളപ്പജിയെ കണ്ടു പറഞ്ഞിട്ടും ഫലമുണ്ടായില്ല. ക്ഷേത്രഭൂമിയിൽ ഭക്തജനങ്ങൾ ഭജന നടത്തുമെന്ന് അദ്ദേഹം തറപ്പിച്ച് പറഞ്ഞു. ധാരാളം മാപ്പിളമാർ അപ്പോഴേക്കും അവിടെ എത്തിച്ചേർന്നു കഴിഞ്ഞിരുന്നു. സന്ധ്യയോടെ ശിവലിംഗത്തിനു മുന്നിൽ വിളക്കുതെളിയിച്ചപ്പോൾ നൂറുകണക്കിന് ഭക്തജനങ്ങൾ പഞ്ചാക്ഷരി ജപിച്ചു. ടി.എൻ.ഭരതൻ, വി.കെ.ബാലചന്ദ്രൻ, സി.പി.ജനാർദ്ദനൻ, പി.വാസുദേവൻ തുടങ്ങിയവർ ക്ഷേത്ര ഭൂമിയിലുണ്ടായിരുന്നു. വിളക്കുവെപ്പിനു ശേഷം ഭജന നടന്നു. തുടർന്ന്  ഭാവി പരിപാടികളെക്കുറിച്ചും പുനരുദ്ധാരണ പ്രവർത്തനങ്ങളെക്കുറിച്ചും തീരുമാനങ്ങളെടുത്തു. ഈ സമയത്തെല്ലാം ക്ഷേത്രഭൂമിക്ക് ചുറ്റും പോലീസ് നിലയുറപ്പിച്ചിരുന്നു. ഭക്തജനങ്ങളെ ഓടിക്കാൻ വന്ന പോലീസ് ഭക്തജനങ്ങൾക്ക് കാവൽ നിൽക്കേണ്ടി വന്നു. തുടർന്നുള്ള ദിവസങ്ങളിലും ഇത് ആവർത്തിച്ചു.

ഒക്ടോബർ 31 ന് പാലക്കാട് ജില്ലാ കലക്ടർ നിരോധനാജ്ഞ പുറപ്പെടുവിച്ചു. കേളപ്പജി, വി.എം.കോറാത്ത്, ശേഷു അയ്യർ, ടി. കുഞ്ഞനന്തൻ, വി.കെ.ബാലചന്ദ്രൻ, കെ രാധാകൃഷ്ണമേനോൻ തുടങ്ങി പത്തോളം പേർ നിരോധനാജ്ഞ ലംഘിച്ച് ക്ഷേത്രഭൂമിയിൽ പ്രവേശിച്ചതോടെ അറസ്റ്റ് ചെയ്ത് പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. വൈകീട്ട് വിട്ടയക്കുകയും ചെയ്തു. ഇത് തുടർന്നുള്ള ദിവസങ്ങളിലും ആവർത്തിച്ചു. ഇതോടെ സർക്കാർ ഈ സമരത്തെ തന്ത്രപൂർവ്വം തകർക്കാനുള്ള നീക്കം നടത്തി. റവന്യു, പോലീസ് ഉദ്യോഗസ്ഥൻമാർ ഭക്തജനങ്ങളെക്കണ്ട് പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാമെന്നും ഒരു മാസത്തേക്ക് ആരാധന നിർത്തിവെക്കാനും അപേക്ഷിച്ചു. ക്ഷേത്രഭൂമി സമിതിക്ക് വിട്ടുകിട്ടാനുള്ള അപേക്ഷയിൽ അനുകൂല തീരുമാനമുണ്ടാകുമെന്നാണ് ഭക്തജനങ്ങൾ കരുതിയത്. എന്നാൽ സർക്കാർ തന്നെ ശിവലിംഗം സംരക്ഷിക്കാനുള്ള തീരുമാനം കൈക്കൊള്ളുമെന്ന മറുപടിയാണ് കലക്ടറിൽ നിന്നും ലഭിച്ചത്. ഇതോടെ കേളപ്പജിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം ആരാധനാ സ്വാതന്ത്ര്യമെന്ന മൗലികാവകാശം നേടിയെടുക്കാൻ ശക്തമായ സമരമാരംഭിക്കാൻ തീരുമാനിച്ചു. നവംബർ 17ന് കേളപ്പജിയും പ്രവർത്തകരും ക്ഷേത്രത്തിലെത്തിയപ്പോൾ അവരെ പോലീസ് അറസ്റ്റ് ചെയ്തു വാനിൽ കയറ്റി. വാനിൽ കയറുമ്പോൾ ക്ഷേത്രത്തിൽ ഭജന നടത്താൻ കേളപ്പജി ഭക്തജനങ്ങളോട് ആവശ്യപ്പെട്ടു. കേളപ്പജിയേയും സംഘത്തേയും കൊണ്ടുപോയതിനു ശേഷം ക്ഷേത്രത്തിൽ പ്രവേശിക്കാനെത്തിയ മൂന്ന് സംഘങ്ങളെ കൂടി അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരെ എല്ലാവരേയും വിട്ടയച്ചു. രണ്ടാം ദിവസവും നിരോധനാജ്ഞ ലംഘിക്കാൻ തീരുമാനിച്ചു. കേളപ്പജിയെ അറസ്റ്റ് ചെയ്തതിൽ വ്യാപകമായ പ്രതിധേമുയർന്നു. രണ്ടാം ദിവസം കേളപ്പജി അടക്കം ഇരുപത്തിയൊന്നു പേർ അറസ്റ്റിലായി.

മൂന്നാമത്തെ ദിവസവും സമരം തുടരാൻ തീരുമാനിച്ചിരിക്കവെ കേളപ്പജിയെ കാണാൻ മുഖ്യമന്ത്രി ടി.ബി.യിൽ കാത്തിരിക്കുന്നുവെന്ന സന്ദേശം ലഭിച്ചു. ഇതനുസരിച്ച് മുഖ്യമന്ത്രി ഇ.എം.എസ്.നമ്പൂതിരിപ്പാടിനെ കണ്ട കളപ്പജിയോട് ‘അനാവശ്യ സമരത്തിൽ നിന്നും പിൻമാറു, ‘ എന്നാണു പറഞ്ഞത്. ” ക്ഷേത്രഭൂമിയിൽ ഭക്തജനങ്ങൾ പ്രവേശിക്കുന്നതിനെതിരെയുള്ള നിരോധനാജ്ഞ പിൻവലിക്കൂ എന്നായിരുന്നു കേളപ്പജിയുടെ മറുപടി. മൂന്നാമത്തെ ദിവസവും കേളപ്പജിയുടെ നേതൃത്വത്തിലുള്ള സംഘത്തെ ക്ഷേത്രഭൂമിയുടെ മുന്നിൽ വെച്ചു തടയുകയും അറസ്റ്റ് ചെയ്ത് വിട്ടയക്കുകയും ചെയതു. തുടർന്നുള്ള ദിവസങ്ങളിലും ഇത് ആവർത്തിച്ചു. ഇതിനിടെ  സി.വി.കേശവൻ നിരോധനാജ്ഞക്കെതിരെ ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചു. ഈ ഹർജി 18 ന് ജസ്റ്റിസ് മാത്യു തള്ളിക്കളഞ്ഞു. പിറ്റേ ദിവസം പത്രങ്ങളിൽ ഈ വാർത്തയോടൊപ്പം മറ്റൊരു വാർത്ത കൂടി ജനങ്ങൾ വായിച്ചു. തളിക്ഷേത്രത്തിലെ ആരാധന തടയാൻ സർക്കാർ പ്രഖ്യാപിച്ച നിരോധനാജ്ഞക്കെതിരെയുള്ള റിട്ട് ഹർജി തള്ളിയ ജഡ്ജി വീട്ടിലേക്ക് തിരിക്കുമ്പോൾ വീണു പരിക്കുപറ്റി. തളിക്ഷേത്ര സമരം സംസ്ഥാന വ്യാപകമായി ശ്രദ്ധിക്കപ്പെട്ടു. നിരോധനാജ്ഞ ലംഘിച്ചുകൊണ്ടുള്ള സത്യഗ്രഹ സമരത്തിൽ സ്ത്രീകളുടെ എണ്ണം വർദ്ധിച്ചു.

യശോദ മാധവൻ്റെ നേതൃത്വത്തിൽ സ്ത്രീകൾ അണി നിരന്നു. അങ്ങാടിപ്പുറത്ത് ദിവസേന സത്യഗ്രഹവും അറസ്റ്റും തുടർന്നു കൊണ്ടേയിരുന്നു. ഒരു ക്ഷേത്രം ഇല്ലാതായാൽ അത്രയും അന്ധവിശ്വാസം കുറഞ്ഞുവെന്നു പറയുന്ന കമ്യൂണിസ്റ്റ് സർക്കാരിൽ നിന്നും ഹിന്ദു ജനതക്ക് നീതി കിട്ടുകയില്ലെന്ന പ്രത്യക്ഷക്ക് ഉദാഹരണമായിരുന്നു തളിക്ഷേത്രത്തിലെ ആരാധനാ സ്വാതന്ത്ര്യ സമരം. ആരാധനാ സ്വാതന്ത്ര്യത്തിനുള്ള സമര പോരാട്ടത്തിൽ വിദ്യാർത്ഥികൾ പോലും രംഗത്തിറങ്ങി. തളിക്ഷേത്രഭൂമിയും ശിവലിംഗവും പീഠവും പുരാവസ്തു വകുപ്പിൻ്റെ കീഴിലാക്കാനാണ് ഗവർമ്മേണ്ട് പിന്നീടു നീക്കം നടത്തിയത്. ഇ കെ.ഇമ്പിച്ചി ബാവക്കായിരുന്നു പുരാവസ്തു വകുപ്പിൻ്റെ ചുമതല. തളിക്ഷേത്രഭൂമി പുരാവസ്തു വകുപ്പ് ഏറ്റെടുത്തതായി നവംബർ 21ന് സർക്കാർ പ്രഖ്യാപിച്ചു. ഇമ്പിച്ചി ബാവയുടെ നിർദ്ദേശമനുസരിച്ച് സംസ്ഥാന പുരാവസ്തു വകുപ്പ് ഡയറക്ടർ തളിക്ഷേത്രഭൂമി സന്ദർശിച്ചു. മതിലു കെട്ടി ആരാധന തടയുകയായിരുന്നു ലക്ഷ്യം. ഇതിനെതിരെ വ്യാപക പ്രതിഷേധമുയരുകയും കേരളത്തിലെ ക്ഷേത്ര വിശ്വാസികൾക്കെല്ലാം അഭിമാനക്ഷതമുണ്ടാക്കാൻ കമ്യൂണിസ്റ്റ് സർക്കാർ കൈക്കൊണ്ട നിലപാടായി വിശ്വസിക്കുകയും ചെയ്തു. സർക്കാർ നിലപാടിനെതിരെ നവംബർ 24 ന്  ആയിരക്കണക്കിന് ഭക്തജനങ്ങൾ പങ്കെടുത്ത ജാഥ അങ്ങാടിപ്പുറത്ത് എത്തിച്ചേർന്നു. ക്ഷേത്രഭൂമി അടച്ചു കെട്ടാൻ കൊണ്ടുവന്ന കല്ലുകൾ റോഡിൽ ഇറക്കാൻ അനുവദിക്കാതെ തിരിച്ചയച്ചു. നവംബർ 23ന് തളിക്ഷേത്ര സമരം പുതിയ തലത്തിലേക്ക് നീങ്ങിയിരുന്നു. നിരോധനാജ്ഞ ലഘിച്ച് അറസ്റ്റിലായ കേളപ്പജി ഉപവാസമാരംഭിച്ചു. അറസ്റ്റ് ചെയ്ത് വിട്ടയക്കുന്ന ഏർപ്പാട് നിർത്തണമെന്നും കോടതിയിൽ ഹാജരാക്കണമെന്നുമായിരുന്നു കേളപ്പജിയുടെ ആവശ്യം. പോലീസാകട്ടെ സ്വഭാവം മാറ്റി. ആരാധനാ സ്വാതന്ത്ര്യ സമരക്കാരെ ക്രൂരമായി ലാത്തിച്ചാർജ്ജ് ചെയ്തു.

ഗവർമെണ്ടിൻ്റെ നിലപാടിൽ പ്രതിഷേധിച്ച് വ്യാപാരികൾ ബന്ദു നടത്തി. സർക്കാർ കടുത്ത നിലപാടിൽ തന്നെയായിരുന്നു. കനത്ത പോലീസ് കാവലിൽ ശിവലിംഗവും പീഠവും മതിൽ കെട്ടിയടച്ചു. തോക്കും ലാത്തിയും ഭയക്കാതെ ഒരു കൂട്ടം യുവാക്കളും വിദ്യാർത്ഥികളും ഇരച്ചു കയറി ശിവലിംഗം കെട്ടിപ്പിടിച്ച് ആരാധനാ സ്വാതന്ത്ര്യത്തിന് മുദ്രാവാക്യം വിളിച്ചു. പ്രക്ഷോഭകരെ കൂട്ടം കൂട്ടമായി അറസ്റ്റ് ചെയ്തു കൊണ്ടിരുന്നു. പോലീസ് വലയം ഭേദിച്ച് ഭക്തജനങ്ങൾ പുരാവസ്തു വകുപ്പു കെട്ടിയ മതിൽ തകർത്തു. കേളപ്പജിയുടെ ഉപവാസത്തോടെ ആരാധനാ സ്വാതന്ത്ര്യത്തിനുള്ള സമരത്തിന് ശക്തി പ്രാപിച്ചു.  മലബാർ ക്ഷേത്ര സംരക്ഷണ സമിതി സെക്രട്ടറി വി.എം.കോറാത്തിൻ്റെ ആഹ്വാന പ്രകാരം നവംബർ 25 ന് ആരാധനാ സ്വാതന്ത്ര്യ ദിനം ആചരിച്ചു. ഇവരെല്ലാവരും അറസ്റ്റ് ചെയ്യപ്പെട്ടു. കേരളത്തിലെ ജനങ്ങൾ മുഴുവൻ ഇനി എന്തൊക്കെ സംഭവിക്കുമെന്ന് ഉൽക്കണ്ഠപ്പെട്ടു. ഈ സമയത്താണ് ചരിത്ര രേഖയായി മാറിക്കൊണ്ട് പെരിന്തൽമണ്ണ മുൻസിഫ് കോടതിയുടെ വിധി വന്നത്. പാലക്കാട് ജില്ലാ കലക്ടർ പുറപ്പെടുവിച്ച നിരോധനാജ്ഞ റദ്ദാക്കി. ഹൈക്കോടതി അഡ്മിഷൻ സ്റ്റേജിൽ തള്ളിയ റിട്ട് ഹർജിമേലും അനുകൂല വിധി ഉണ്ടായിരുന്നു. പാണ്ട ത്ത് മാധവതരകനാണ് മുൻസിഫ് കോടതിയെ സമീപിച്ചത്.

നിരോധനാജ്ഞ റദ്ദാക്കിയതോടെ കേളപ്പജി ഉപവാസം അവസാനിപ്പിച്ചു. 25 ന് വൈകീട്ട് നാലു മണിയോടെ കേളപ്പജിയുടെ നേതൃത്വത്തിൽ ആയിരക്കണക്കിനാളുകൾ ആരാധനക്കായി ക്ഷേത്രഭൂമിയിലേക്ക് നീങ്ങി. പോലീസ് തടഞ്ഞെങ്കിലും നിരോധനാജ്ഞ റദ്ദാക്കിയതിനാൽ വഴി ഒഴിഞ്ഞു കൊടുക്കേണ്ടി വന്നു. കേളപ്പജി നാരങ്ങാനീരു കുടിച്ചാണ് ഉപവാസം അവസാനിപ്പിച്ചത്. കേളപ്പജിയുടെ ഏറ്റവും ഒടുവിലത്തെ സമരമായിരുന്നു അങ്ങാടിപ്പുറം തളിക്ഷേത്ര ആരാധനസ്വാതന്ത്ര്യസമരം. ഇ.എം.എസ്. മന്ത്രി സഭക്ക് ശേഷം വന്ന സി.അച്ചുതമേനോൻ തളിവിഷയത്തിൽ അനുഭാവ നിലപാട് എടുക്കുകയും ക്ഷേത്രഭൂമി സമിതിക്ക് കൈമാറി ഉത്തരവു നൽകുകയും ചെയ്തു. ക്ഷേത്ര പുനർനിർമ്മാണത്തിന് ചിൻമയാനന്ദ സ്വാമികൾ നൽകിയ കാൽ ലക്ഷം രൂപ കൊണ്ട് ശ്രീ കോവിലിൻ്റെ തറപ്പണിയാരംഭിച്ചു. പൊതുവായി പിരിഞ്ഞു കിട്ടിയ പണം കൊണ്ട് ചുറ്റുമതിൽ പണിതു. മാവൂർ ഗ്വാളിയോർ റയോൺസ് മേധാവി സാബു നൽകിയ പതിനായിരം രൂപയും ശ്രീകോവിലിൻ്റെ തറപ്പണിക്ക് വിനിയോഗിച്ചു. ക്ഷേത്ര നിർമ്മാണം പൂർത്തിയാക്കി നവീകരണം നടത്തുക എന്നത് കേളപ്പജിയുടെ വലിയ മോഹമായിരുന്നു. ആ സ്വപ്നം പൂവണിയും മുമ്പ് കേളപ്പജി ദിവംഗതനായി. കേളപ്പജിയുടെ വേർപാട് ക്ഷേത്ര സംരക്ഷണ സമിതിയെയും തളിക്ഷേത്ര പുനരുദ്ധാരണ പ്രവർത്തനങ്ങളേയും സാരമായി ബാധിച്ചു. കാരണം, കേളപ്പജി ഇവയുടെയെല്ലാം ജീവവായുവായിരുന്നുവല്ലോ. പിന്നീട് തറമ്മൽ കൃഷ്ണൻ പ്രസിഡന്റായും, പി.ആർ.നായർ ജനറൽ സെക്രട്ടറിയായും ക്ഷേത്ര സംരക്ഷണ സമിതി പുന:സംഘടിപ്പിച്ചു.

തുടർന്ന് തളിക്ഷേത്ര നിർമ്മാണത്തിന് ധനസഹായം ലഭിക്കുന്നതിന് വി.എം.കോറാത്ത്, പി.ആർ.നായർ, വി.കെ.ബാലചന്ദ്രൻ, കെ.മഹാദേവൻ എന്നിവരുടെ നേതൃത്വത്തിൽ പാലക്കാട് ധർമ്മരക്ഷായാത്ര നടത്തി. സ്വീകരണ സ്ഥലങ്ങളിൽ നിന്നെല്ലാം പണക്കിഴികൾ ലഭിച്ചു. ക്ഷേത്ര നിർമ്മാണത്തിന് കൂപ്പണുകളുമായി വിദ്യാർത്ഥികൾ വരെ രംഗത്തിറങ്ങി. രാഷ്ട്രീയ സ്വയംസേവക സംഘം ശാഖാതലത്തിൽ ധനസമാഹരണം നടത്തി. അങ്ങാടിപ്പുറം തളിക്ഷേത്രത്തിനു വേണ്ടിയുള്ള പ്രക്ഷോഭം മുതൽ പുനരുദ്ധാരണം വരെയുള്ള സംഭവബഹുലമായ ചരിത്രത്തിൽ ആർ.എസ്.എസ്.വഹിച്ച പങ്ക് വളരെ വലുതാണ്. അങ്ങനെ, ഭക്തജനങ്ങളുടെ സഹകരണത്തോടെ തളിക്ഷേത്രം നിരീശ്വരവാദികളുടെ ബന്ധനത്തിൽ നിന്നും മോചിക്കപ്പെട്ടു. തളിക്ഷേത്രം കേളപ്പജിയുടെ പോരാട്ട വീര്യത്തിൻ്റെ അഭിമാനസ്തംഭമാണ്. തളിക്ഷേത്രത്തിൽ ആരാധനാ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരത്തിൽ കേളപ്പജിയെ കമ്യൂണിസ്റ്റ് പാർട്ടിയും മാപ്പിളമത മൗലികവാദികളും നിന്ദിച്ചതിനു കയ്യും കണക്കുമില്ല.”നായ പാത്തിയ കല്ലിമ്മേൽ ചന്ദനം തേച്ച കേളപ്പാ ” എന്ന മുദ്രാവാക്യം വരെ എതിരാളികൾ വിളി ച്ചു. കേളപ്പജിയെ കൊല്ലുമെന്നു വരെ ഭീഷണിപ്പെടുത്തി. അന്യാധീനപ്പെട്ട ക്ഷേത്രഭൂമികൾ തിരിച്ചുപിടിച്ച് സനാതനമാക്കാൻ ശ്രമിക്കുന്നവർ ആദ്യം പഠിക്കേണ്ടത് അങ്ങാടിപ്പുറം തളിക്ഷേത്ര പ്രക്ഷോഭമാണ്. കാരണം, തളിക്ഷേത്രം ഹൈന്ദവ ജനതയുടെ ആത്മാഭിമാനത്തിൻ്റെ അനുഭൂതി രേഖയാണ്. കോഴിക്കോട്-പാലക്കാട് ഹൈവെയിൽ അങ്ങാടിപ്പുറത്ത് ബസ്സിറങ്ങിയാൽ റോഡരുകിൽത്തന്നെ മനോഹരമായ ഈ ക്ഷേത്രം കാണാം. ശിവരാത്രി, വിഷുക്കണി, തിരുവാതിര, ഓണാഘോഷം, നവംബർ 25 ന് ആരാധനാസ്വാതന്ത്ര്യ ദിനം, ഇടവത്തിലെ മകീര്യം നാളിൽ പ്രതിഷ്ഠാദിനം, കന്നിമാസത്തിലെ ആയില്ലത്തിന് സർപ്പബലി, ചിങ്ങമാസത്തിലെ പൂരം നാളിൽ കേളപ്പജിദിനാഘോഷം, കർക്കിടകത്തിൽ രാമായണ മാസാചരണം എന്നിവ നടത്തി വരുന്നു.

അങ്ങാടിപ്പുറം തളിക്ഷേത്ര ആരാധന പ്രക്ഷോഭം
മാതൃഭൂമി റിപ്പോർട്ട്
തളിക്ഷേത്ര ഗോപുര വാതിൽ
കേളപ്പജിയെ അറസ്റ്റു ചെയ്ത വാർത്ത പ്രസിദ്ധികരിച്ച മാതൃഭൂമി
പ്രക്ഷോഭകാരികളെ ലാത്തിചാർജ് ചെയ്‌ത വാർത്ത
തളി മഹാദേവ ക്ഷേത്രം

Leave a Comment