87: തിരുമല ദുർഗ്ഗാദേവി ക്ഷേത്രം
March 27, 202389: ചെറുകുടങ്ങാട് ഇരട്ടയപ്പൻ മഹാദേവ ക്ഷേത്രം
March 30, 2023തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 88
തകർക്കപ്പെട്ട വിഗ്രഹം തോട്ടിൽ നിന്നാണു കിട്ടിയത്. അത് തകർന്ന ശ്രീകോവിലിൽ വച്ച് വിളക്കു വെപ്പും ആരാധനയും തുടർന്നെങ്കിലും ഒരു രാത്രിയിൽ വിഗ്രഹം അപ്രത്യക്ഷമായി. ആരാധന പുന:സ്ഥാപിച്ചതിൽ അസഹിഷ്ണുക്കളായവർ ആരൊക്കെയാണെന്ന് അറിയാവുന്നവർക്ക് വിഗ്രഹം പോയ വഴി വ്യക്തം. ജലാശയത്തിൽ ഉപേക്ഷിച്ചതായാണ് പ്രശ്നവിധിയിൽ തെളിഞ്ഞത്. പ്രദേശത്ത് സംഘർഷത്തിന് ഇടയാകരുതെന്നു കരുതി വിഗ്രഹമോഷണത്തിനു പിന്നാലെ പോവാതെ തകർന്ന പീഠത്തിൽ ഈശ്വര സങ്കൽപ്പത്തിലാണ് ഇപ്പോൾ പൂജ നടക്കുന്നത്. പാലക്കാട് ജില്ലയിൽ തിരുവേഗപ്പുറ ഗ്രാമ പഞ്ചായത്തിലെ നടുവട്ടം എന്ന ഗ്രാമത്തിലാണ് 1500 വർഷം പഴക്കമുള്ള ഈ ക്ഷേത്രഭൂമി സ്ഥിതി ചെയ്യുന്നത്. മഹാവിഷ്ണു ക്ഷേത്രമാണെങ്കിലും ഉഗ്രനരസിംഹഭാവമായതിനാൽ നരസിംഹമൂർത്തി ക്ഷേത്രം എന്ന പേരിലും അറിയപ്പെടുന്നു. നാറാണത്ത് മനയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ക്ഷേത്രമാണ് ഇതെന്ന് രേഖകളിൽ കാണുന്നു. പടിഞ്ഞാറും വടക്കും ഭാഗങ്ങളിൽ വയലുകളാണ്. തെക്കുഭാഗത്ത് കുന്നുപോലെ ഉയരമുള്ള വിശാലമായ പറമ്പുമുണ്ട്. തെക്കു നിന്നും വടക്കോട്ട് വീതിയുള്ള ഒരു തോടും കാണുന്നു. പറമ്പിൻ്റെ വടക്കുഭാഗം ക്ഷേത്രഭൂമിയാണ്. ഇതിൻ്റെ തെക്കുഭാഗ ത്തെ പറമ്പിന് നാറാണത്ത് പറമ്പ് എന്നാണു പേര്. കോഴിക്കോട് റീജ്യണൽ ആർക്കൈവ്സിലെ വള്ളുവനാട് താലൂക്ക് 311-ാം നമ്പർ സർവ്വെ സെറ്റിൽമെന്റ് റജിസ്റ്റർ പ്രകാരം റീസ: 76 ൽ 2 ലാണ് നാറാണത്ത് പറമ്പ് സ്ഥിതി ചെയ്യുന്നത്. ഇവിടെ പുരാതനമായ ഒരു മന ഉണ്ടായിരുന്നു. ധാരാളം ഭൂസ്വത്തുള്ള ഇല്ലമായിരുന്നു ഇതെന്ന് ആർകൈവ്സ് രേഖകളിൽ നിന്നു വ്യക്തമാണ്.
റീസ: 74 ൽ 3 ലാണ് ക്ഷേത്രം. രേഖയിൽ നാറാണത്ത് ക്ഷേത്രം എന്നു കാണുന്നു. ചുറ്റുഭാഗവുമുള്ള വയലിനും ഇല്ലപ്പേരാണ്. നാറാണത്ത് പള്ളിയാൽ, നാറാണത്ത് പാടം, നിലം എന്നിങ്ങനെയാണ് പേര്. തോട് ഉൾപ്പെടെ നാറാണത്ത് മനയുടെ മുഴുവൻ ഭൂമിയും റീസ 74ൽ 2,5,6, 7, 8, 9, 10 എന്നീ സർവ്വെ നമ്പറുകളിലാണ് സ്ഥിതി ചെയ്യുന്നത്. നാറാണത്ത് ഭ്രാന്തനുമായി ബന്ധമുണ്ടായിരുന്ന ഒരു മനയായിരുന്നു ഇത്. പിൽക്കാലത്ത് മനയിൽ ആരുമില്ലാതായി. നാറാണത്ത് എന്ന പേരുള്ള നമ്പൂതിരി ഗൃഹക്കാർ ഇപ്പോഴും മലബാറിലുണ്ട്. എന്നാൽ ഈ മനയിലുള്ളവർ എന്തു കാരണത്താലാണ് ഇവിടം വിട്ടു പോയതെന്ന് അറിയില്ല. ഒരിക്കൽ നാറാണത്തു ഭ്രാന്തൻ ഇതുവഴി പോകവെ ആൾ പാർപ്പില്ലാത്ത മന കണ്ടുവെന്നും അദ്ദേഹം കുറച്ചു ദിവസം നാറാണത്ത് മനയിൽ താമസിച്ചു വെന്നും ഒരു ഐതിഹ്യമുണ്ട്. നാറാണത്തു ഭ്രാന്തൻ മനയിലെ പൂജാമുറിയിൽ ചതുർബാഹുവായ നരസിംഹമൂർത്തിയുടെ വിഗ്രഹവും, ശിവലിംഗവും കണ്ടു. ഇവ രണ്ടും അദ്ദേഹം ഓരോ വൃക്ഷച്ചുവടുകളിൽ പ്രതിഷ്ഠിച്ചു. പിന്നീട് രണ്ട് ശ്രീകോവിലുകളോടെ രണ്ടു പ്രതിഷ്ഠയ്ക്കും ക്ഷേത്രം നിർമ്മിക്കുകയായിരുന്നു. പടിഞ്ഞാട്ട് ദർശനത്തോടെയുള്ള ക്ഷേത്രത്തിൻ്റെ മുൻവശത്ത് തോടിനോടു ചേർന്നും ക്ഷേത്രത്തിൻ്റെ പിറകിലും ഓരോ തീർത്ഥക്കുളങ്ങളുണ്ട്. നരസിംഹമൂർത്തിയുടെ ഉഗ്രഭാവത്തെ സൂചിപ്പിക്കുന്നതാണ് ഈ കുളങ്ങൾ. ശിവൻ കിരാതമൂർത്തിയാണ്. തെക്കു ഭാഗത്ത് ശാസ്താവും ക്ഷേത്രവളപ്പിൽ രണ്ട് കാവുകളുമുണ്ട്. മതിലകത്ത് ഗണപതി ഉപപ്രതിഷ്ഠയാണ്.
ക്ഷേത്രം നശിപ്പിക്കപ്പെട്ടതാണെന്നും ടിപ്പുവിൻ്റെ പടയോട്ടക്കാലത്താണ് തകർക്കലുണ്ടായതെന്നും ഭക്തർ പറഞ്ഞു. നരസിംഹ വിഗ്രഹം തല്ലിയുടച്ച് വലിച്ചെറിഞ്ഞു. ചുറ്റമ്പലവും നമസ്കാര മണ്ഡപങ്ങളും തകർത്തു. കോഴിക്കോട് സാമൂതിരി രാജ വംശത്തിൻ്റെ ഊരായ്മയിൽ രായിരനെല്ലൂർ ദേവസ്വം കീഴേടമായാണ് നാരായണമംഗലം ദേവസ്വത്തെ കരുതിപ്പോരുന്നത്. 2013 വരെ ആരും തിരിഞ്ഞു നോക്കാതെ ക്ഷേത്രം കാട് മൂടിക്കിടന്നു. ശിവൻ്റെയും നരസിംഹമൂർത്തിയുടേയും ശ്രീകോവിലുകൾക്കു മീതെ വലിയ മരങ്ങളായിരുന്നു. കാടുമൂടിക്കിടന്ന കാലത്തും ചിലർ ഇവിടെ വന്ന് വിളക്കു വെച്ചിരുന്നതായും ഭക്തർ പറഞ്ഞു. തെക്കെക്കര നാരായണ മേനോൻ, മാനിച്ചൻ ഏറാടി, ചൂരലിൽ ഉണ്ണികൃഷ്ണമേനോൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ചെറിയ രീതിയിൽ കാട് വെട്ടിത്തെളിയിക്കുകയും തകർന്ന് പ്രതിഷ്ഠയില്ലാത്ത ശ്രീകോവിലുകളിൽ പൂജ നടത്തുവാനും തുടങ്ങി. വെങ്കിടേശ്വരൻ എമ്പ്രാന്തിരിയായിരുന്നു പൂജാരി.
1985 ൽ ഇവരെല്ലാവരും ചേർന്ന് ശ്രീകോവിലുകൾ കോൺക്രീറ്റ് ചെയ്തു. 2013 ലാണ് സജീവമായ ഒരു പുനരുദ്ധാരണ കമ്മിറ്റി രൂപീകരണമുണ്ടായത്. പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കിടയിലാണ് തോട്ടിൽ നിന്നും തകർക്കപ്പെട്ട നരസിംഹ വിഗ്രഹം ലഭിച്ചത്. ഇത് വച്ച് പൂജ നടത്തിയിരുന്നുവെങ്കിലും ക്ഷേത്ര പുനരുദ്ധാരണത്തെ ഭയപ്പെട്ട ചിലർ ഈ വിഗ്രഹം മോഷ്ടിച്ച് വലിച്ചെറിയുകയായിരുന്നു. ചുറ്റമ്പലത്തിനുള്ള തറ കെട്ടിയിട്ടുണ്ട്. തറയിൽ നിറയ്ക്കാനുള്ള മണ്ണിനുള്ള പണം കിട്ടാത്തതിനാൽ അതേ പ്രകാരം കിടക്കുന്നു. ശിവക്ഷേത്രത്തിൻ്റെ പീഠം തകർന്ന നിലയിലാണ്. പിറകുവശത്തെ തീർത്ഥക്കുളവും നവീകരിക്കാനുണ്ട്. മുൻവശത്തെ തീർത്ഥക്കുളം അന്യകൈവശമാണ്. കുളം നികത്തി അത് നെൽവയലാക്കിക്കഴിഞ്ഞു. കുളത്തിൻ്റെ അവശിഷ്ടം ഇപ്പോഴും വയലിൽ കാണാം.
ശ്രീകോവിലുകളുടെ മീതെ ഓടു പതിക്കാനും താഴികക്കുടങ്ങൾ സ്ഥാപിക്കാനും വിഗ്രഹങ്ങൾ പുതുക്കി പ്രതിഷ്ഠിക്കാനുമുണ്ട്. നിത്യപൂജയുള്ള ഈ ക്ഷേത്രത്തിൽ സജീവമായ ഒരു കമ്മിറ്റിയുണ്ടെങ്കിലും പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് മതിയായ ഫണ്ട് ലഭിക്കുന്നില്ല. ഇതിനു പ്രധാന കാരണം ഒരു ക്ഷേത്ര ഗ്രാമമാണിത്. പതിനഞ്ചോളം ക്ഷേത്രങ്ങൾ ഒരു കിലോമീറ്റർ ചുറ്റളവിലുണ്ട്. ഹിന്ദുക്കൾ കുറവാണ്. മേൽപ്പറഞ്ഞ ക്ഷേത്രങ്ങൾക്കെല്ലാം വിവിധ കാര്യങ്ങൾക്കു പണം നൽകേണ്ടത് കുറഞ്ഞ ഹിന്ദുക്കളാണ്. പുറമെ നിന്നും സാമ്പത്തിക ഭദ്രതയുള്ള വിശ്വാസികൾ സഹായിച്ചെങ്കിൽ മാത്രമേ ക്ഷേത്ര പുനരുദ്ധാരണം പൂർണ്ണമാവുകയുള്ളു. വേണുഗോപാലൻ പത്തായപ്പുരക്കൽ പ്രസിഡൻറും, സ്വാമിനാഥൻ കൂമ്പറ്റ സെക്രട്ടറിയും, മുകുന്ദൻ നാറാണത്ത് ഖജാൻഞ്ചിയുമായി 21 അംഗ കമ്മിറ്റിയാണ് ഇപ്പോഴുള്ളത്. കാലടി പടിഞ്ഞാറേടത്തുമനക്കാർക്കാണ് തന്ത്രി സ്ഥാനം.