135: ശിവമല

134: വയനാട്ടുകുലവൻ ദേവസ്ഥാനം
May 22, 2023
136: തലവിൽ മഹാവിഷ്ണു ക്ഷേത്രം
May 24, 2023

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 135

ഋഷീശ്വരൻമാരുടെ ഉപാസനയിൽ സംപ്രീതനായ ശ്രീപരമേശ്വരൻ പാർവ്വതീ സമേതം ഭൂമിയിൽ തൃപ്പാദമൂന്നിയ ശിവമലയിലേക്കാണ് എൻ്റെ യാത്ര. കരിങ്കൽ ക്വാറിയിലേക്ക് വെട്ടിയുണ്ടാക്കിയ റോഡിലൂടെ കുറച്ചു ദൂരം വാഹനത്തിൽ പോകാമെന്നല്ലാതെ, ശിവമലയിലെത്താൻ വേറെ യാതൊരു വഴിയുമില്ല. പ്രസാദ് കാഞ്ഞിരക്കോൽ, അർജുൻ പുല്ലായിക്കൊടി, കുറ്റിപ്പുറം നടുവട്ടത്തെ ശശി എന്നിവർ ഈ യാത്രയിൽ എൻ്റെ കൂടെയുണ്ട്. കിളിപ്പാട്ടുകേൾക്കാമെന്ന പ്രതീക്ഷയോടെയാണ് പച്ചപുതച്ചു നിൽക്കുന്ന നിരവധി മലകളുടെ അടിവാരത്തേക്ക് ഞാൻ ഇറങ്ങിച്ചെന്നത്. എന്നാൽ, അവിടെ ഉയർന്നു കൊണ്ടിരുന്നത് തീത്തുണ്ട് തട്ടിയ വെടിമരുന്നിൻ്റെ സിംഹ ഗർജ്ജനങ്ങളായിരുന്നു. അതാകട്ടെ, എൻ്റെ കണ്ണോട്ടത്തുള്ള ഹരിതാഭമായ മലകളുടെ മരണമണിയായിട്ടാണ് എനിയ്ക്ക് തോന്നിയത്. പരിസ്ഥിതി സംരക്ഷണ പ്രദേശമായി സംരക്ഷിക്കപ്പെടേണ്ട ഒരു മേഖലയിലാണ് പാറമടകൾ പ്രകൃതിയെ ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്ന കാഴ്ചയുള്ളത്. ശിരസ്സുയർത്തി നിൽക്കുന്ന ശിവമലയുടെ ശിഖരം രണ്ടു കിലോമീറ്റർ ഇപ്പുറത്തു നിന്നു തന്നെ കാണാം.

മലയുടെ മുകൾ ഭാഗം

കണ്ണൂർ ജില്ലയിൽ ചപ്പാരപ്പടവ് പഞ്ചായത്തിലെ ഒന്നാം വാർഡ് സ്ഥിതി ചെയ്യുന്ന തലവിൽ പ്രദേശത്തെ “തിമിരി “യിലാണ് ശിവമല സ്ഥിതി ചെയ്യുന്നത്. ജനവാസമുള്ള ഒരു പ്രദേശമല്ല ഇത്. നിരവധി ചെറുമലകൾ അടങ്ങുന്ന ഈ ഭൂപ്രദേശത്തിൻ്റെ സ്വഭാവത്തിൽ നിന്നും പൂർവ്വിക കാലത്ത് ഇവിടം ഒരു വനമേഖലയായിരുന്നുവെന്നാണ് മനസ്സിലാവുന്നത്. എന്നാൽ, ശിവമലയുടെ അടിവാരത്തിൽ അഞ്ച് ക്രിസ്തീയ കുടുംബങ്ങൾ വീടുവെച്ച് താമസിക്കുന്നുണ്ട്. ശിവമലയുടെ മുകളിലെത്താൻ പ്രത്യേകം വഴി ഒന്നുമില്ല. റബർ എസ്റ്റേറ്റിലെ ഒറ്റയടിപ്പാതയിലൂടെ മാത്രമെ മലമുകളിൽ എത്താൻ കഴിയുകയുള്ളു. ശിവമല ഹിന്ദു തീർത്ഥാടന കേന്ദ്രത്തിൻ്റെ അടിത്തറയാണെന്നിരിക്കെ, ശിവമലയുടെ മുകൾ പരപ്പ് ഒഴികെയുള്ള ഭൂമി മുഴുവൻ സ്വകാര്യ വ്യക്തികൾ റബർ എസ്റ്റേറ്റ് ആക്കിയിരിക്കുകയാണ്. മല കയറിച്ചെന്നാൽ ഒരു ഫ്ലക്സ് ബോർഡാണ് നമ്മെ സ്വാഗതം ചെയ്യുക. “ശിവൻമല, ശ്രീ.തലവിൽ തൃപ്പന്നിക്കുന്ന് ശിവക്ഷേത്രം, ശ്രീ മഹാവിഷ്ണു ക്ഷേത്രം വക സ്ഥലം ” എന്ന് അതിലെഴുതിയിരിക്കുന്നു. ക്ഷേത്രഭൂമിയാണ് ഇതെന്നു വ്യക്തമാക്കുന്ന ബോർഡാണത്.

ശിവപാർവ്വതി പ്രത്യക്ഷപ്പെട്ട സ്ഥലം

ഒരു കാലഘട്ടത്തിൽ ഋഷീശ്വരൻമാരാൽ മന്ത്രമുഖരിതമായ പുണ്യഭൂമി. ഹോമകുണ്ഡങ്ങൾ അണയാതിരുന്ന ഭൂതകാല ചരിത്രം നെഞ്ചേറ്റി നിൽക്കുകയാണ് ശിവമല. ശിവമലയുടെ ഉപരിതലത്തിന് ഒന്നര ഏക്കർ വിസ്തൃതിയാണുള്ളത്. മലയുടെ മുകളിൽ എത്തിയപ്പോഴുണ്ടായ അസാധാരണമായ അനുഭവം അവാച്യമാണ്. ഈ പുണ്യഭൂമി സന്ദർശിക്കാൻ കഴിയുന്നത് ജൻമസുകൃതമാണെന്നു പറഞ്ഞാൽ അതിന് ഒട്ടും അതിശയോക്തിയുണ്ടാവില്ല. കാരണം, സിദ്ധയോഗികളുടെ ഉപാസനകളെക്കൊണ്ടും, കർമ്മ പദ്ധതികളെക്കൊണ്ടും ശക്തിയും ചൈതന്യവും സിദ്ധിച്ച ഒരു സർവ്വ പരിഹാര കേന്ദ്രമാണിത്. ഈ വസ്തുത മനസ്സിലാക്കിയ ക്രിസ്തു മതക്കാർ ഇവിടെയുള്ള മുനിയറകൾ അടച്ച് മലമുകളിൽ കുരിശുനാട്ടാനുള്ള നീക്കം നടത്തുകയുണ്ടായി. ഈ വിവരം അറിഞ്ഞ ചില ഭക്തന്മാർ ക്രിസ്തുമത പുരോഹിതരെക്കണ്ട് ശിവമലയുടെ പ്രാധാന്യവും ഐതിഹ്യവും ക്ഷേത്രഭൂമിയാണെന്ന വസ്തുതയും ബോദ്ധ്യപ്പെടുത്തി. അതിൻ്റെ അടിസ്ഥാനത്തിൽ അവർ തങ്ങളുടെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. ഭക്തരുടെ സമയോചിത ഇടപെടൽ ഉണ്ടായിരുന്നില്ലെങ്കിൽ ശിവമലയെ നിങ്ങൾക്കു പരിചയപ്പെടുത്താൻ എനിക്ക് കഴിയുമായിരുന്നില്ല.

കൈലാസത്തിൽ നിന്നും പാർവ്വതീ സമേതനായ ശ്രീ പരമേശ്വരൻ പ്രത്യക്ഷപ്പെട്ട ഭാഗം ശിവമലയുടെ നിറുകയിൽ കാണാം. ഋഷീശ്വരൻമാർക്ക് ജ്ഞാനം പകരുന്നതിന് ദക്ഷിണമൂർത്തീഭാവത്തിൽ ഭഗവാൻ ഇവിടെ പ്രത്യക്ഷപ്പെട്ടുവെന്നാണ് ഐതിഹ്യം. ഗുഹയിൽ അർദ്ധനാരീശ്വരൻ്റെ സ്വയംഭൂ ശിലയുണ്ടായിരുന്നുവെന്നും പിൽക്കാലത്ത് ശില അന്തർദ്ധാനം ചെയ്തുവെന്നുമാണ് നാട്ടറിവ്. പത്ത് അടി വ്യാസത്തിലാണ് ഗുഹയുടെ ഉൾഭാഗം. ഇവിടെ ഇപ്പോൾ കാണുന്ന രണ്ടു ശിലകൾ സ്വയംഭൂ ശിലയുടെ പ്രതീകാത്മകമായി സംരക്ഷിക്കപ്പെട്ടു വരുന്നു. കുറേ പാറക്കഷണങ്ങൾ ഗുഹയുടെ മുകൾ പരപ്പിൽ കൂട്ടിയിട്ടിരിക്കുന്നതായി കണ്ടു. ശിവമല കയ്യേറുന്നതിൻ്റെ ഭാഗമായി ഗുഹ നികത്തിയ പാറക്കല്ലുകളാണത്. ശിവ സംരക്ഷണ യത്നത്തിൽ പങ്കാളികളായ ഭക്തരാണ് ഇവയെല്ലാം നീക്കം ചെയ്തത്. ശിവമലയുടെ മറ്റൊരു ഭാഗത്തേക്കാണ് സഹയാത്രികർ എന്നെ കൊണ്ടു പോയത്. പാമ്പുകളുടെ വിഹാരകേന്ദ്രമാണ് ആ ഭാഗം. പഞ്ചാക്ഷരി ജപിച്ചു കൊണ്ടായിരുന്നു കൂടെയുള്ളവരുടെ നടത്തം. ശേഷിച്ച വിവരങ്ങൾ ശേഖരിക്കാനുള്ള കൗതുകത്തോടെയാണ് ഞാൻ അവരോടൊപ്പം നടന്നത്.

ഗണപതി ഗുഹ

പൂർവ്വിക കാലത്ത് സിദ്ധയോഗികളായ മുനിമാർ തപസ്സു ചെയ്തിരുന്ന ഒരു വലിയ ഗുഹയുടെ മുന്നിലേക്കാണ് ഇറങ്ങിച്ചെന്നത്. ഗുഹാമുഖം ഏതാണ്ട് പൂർണ്ണമായും മണ്ണടിഞ്ഞു കിടക്കുകയാണ്. ഋഷീശ്വരൻമാർ ഈ കർമ്മഭൂമിയിൽ മഹാസമാധികളുണ്ടായിട്ടുണ്ടെന്നും വിശ്വസിക്കുപ്പെട്ടു വരുന്നു. ശിവമലയുടെ കന്നിമൂല ഭാഗത്താണ് മറ്റു ചില വിശേഷക്കാഴ്ചയുള്ളത്. സിദ്ധ തന്ത്രത്തിലെ ആരാധനാക്രമങ്ങൾ നടന്നു വന്നിരുന്ന ശിവ മലയിൽ നാഗങ്ങളുടെ സാന്നിദ്ധ്യം അനുഭവപ്പെട്ടതിനെ തുടർന്ന്, നാഗങ്ങൾക്കായുള്ള ഋഷീശ്വരൻമാരുടെ നിർമ്മിതിയായ അറ്റം നിജപ്പെടുത്താനാവാത്ത ചെറിയ വ്യാസത്തിലുള്ള ഗുഹയുണ്ട്. വന സ്വഭാവ മേഖലയിൽ അനവധി വിഷസർപ്പങ്ങളുണ്ടെന്നും ശിവമലയുടെ കാവൽക്കാരാണ് തക്ഷകൻ്റെ ഈ പിൻമുറക്കാരെന്നും വിശ്വസിക്കപ്പെട്ടു വരുന്നു. ഋഷീശ്വരൻമാർ തങ്ങളുടെ മന്ത്രശക്തിയിൽ ഗണപതിയെ പ്രസാദിപ്പിച്ച് കുടിയിരുത്തി പൂജിച്ചു വന്നതാണെന്നു നാട്ടറിവുള്ള മറ്റൊരു ഗുഹാമുഖവും കാണാൻ കഴിഞ്ഞു. ഈ ഗുഹയും മണ്ണ് മൂടി കിടക്കുകയാണ്.

ഈ ദേവഭൂമി അഥവാ ഋഷികളുടെ ഭൂമിയുടെ ഒരു പ്രത്യേകത ദേവ സങ്കൽപ്പങ്ങൾക്കൊന്നും പ്രതിഷ്ഠകൾ ഇല്ലെന്നുള്ളതാണ്. ഋഷീശ്വരൻമാർ, കാലം നിജപ്പെടുത്താനാവാത്ത കാലത്തോളം അവരുടെ തപശ്ശക്തി കൊണ്ട് ഓരോ ദേവഗണങ്ങളേയും പ്രത്യക്ഷപ്പെടുത്തി, യഥാവിധി പൂജകളും യജ്ഞങ്ങളും ഹോമങ്ങളും നടത്തിവരികയാണ് ചെയ്തിരുന്നത്. കാട് മൂടിക്കിടന്നിരുന്ന ശിവമലയുടെ മുകൾ പരപ്പിലേക്ക് കാലങ്ങളായി ആരും കടന്നു ചെന്നിരുന്നില്ല. ക്രിസ്തുമതക്കാർ ഈ ദേവഭൂമിയിൽ കുരിശു നാട്ടാൻ ശ്രമിച്ചതും ഇക്കാരണം കൊണ്ടു തന്നെയായിരുന്നു. വർത്തമാനകാലത്ത് ജീവിക്കുന്ന ജ്ഞാനികളായ അപൂർവ്വ സിദ്ധൻമാരുടെ നിയോഗമാണ് ശിവമലയുടെ പുനരുജ്ജീവന ചിന്തകൾക്കു തിരിതെളിയിച്ചത്. 2021 ലെ മഹാശിവരാത്രി ഈ യജ്ഞ ഭൂമിയിൽ സിദ്ധ തന്ത്രപ്രകാരം ആചരിക്കുകയും ചെയ്തു. ഇവിടെ ഒരു ക്ഷേത്രസമുച്ചയമല്ല ഭക്തജനങ്ങൾ വിഭാവനം ചെയ്യുന്നത്. പൂർവ്വകാലത്ത് ശിവമലയിൽ എന്തൊക്കെ, ഏതൊക്കെ വിധത്തിൽ ആയിരുന്നുവോ, നഷ്ടപ്പെട്ട ആ പൈതൃകത്തിൻ്റെ വീണ്ടെടുപ്പാണ് ഭക്തജനങ്ങൾ ഇവിടെ ആഗ്രഹിക്കുന്നത്.

ശിലായുഗ സ്മാരകം

ശിവമലയുടെ മറ്റൊരു കൗതുകമാണ് “തൊടാ നീര് “. ശിവമലയിൽ നിന്നും രണ്ടു കിലോമീറ്റർ അകലെ മറ്റൊരു മലയിലാണിത്. മലയുടെ മുകളിൽ നിന്നും “ഗംഗാതീർത്ഥം”അനുസ്യൂതം ഒഴുകിക്കൊണ്ടിരിക്കുകയാണ്. കത്തിയെരിയുന്ന വേനൽച്ചൂടിൽ പോലും ഇതിൻ്റെ ഉറവ വറ്റിയിട്ടില്ല. ശിവ മലയിൽ യജ്ഞം നടത്തുന്നതിന് ആവശ്യമായ ജലലഭ്യത ഉണ്ടായിരുന്നില്ല. ഇതിനു പരിഹാരം തേടി ഋഷീശ്വരൻമാർ ശ്രീ പരമേശ്വരനെ പ്രാർത്ഥിച്ചു. അതിൻ്റെ ഫലമായി ഭഗവാൻ കാരുണ്യവർഷം കണക്കെ, ഇവിടെ ഗംഗാപ്രവാഹം സൃഷ്ടിച്ചുവെന്നതാണ് തൊടാനീരിൻ്റെ പുരാവൃത്തം. ഋഷീശ്വരൻമാർ കാലഭൈരവതത്ത്വം പ്രകൃതിയിൽ ലയിപ്പിച്ച് ഉപാസിച്ചിരുന്ന ഭാഗവും ഇവിടെ കാണാം. ഈ മലയുടെ താഴ്വരകളിൽ നിരവധി മുനിയറകൾ എനിക്ക് കാണാൻ സാധിച്ചു. ശിലായുഗ സംസ്കാരത്തിൻ്റെ മറ്റ് അവശേഷിപ്പുകളും ഇവിടെയുണ്ട്. ശിവമലയും അനുബന്ധ പ്രദേശങ്ങളും Important heritage area ആണ്. ചമ്പൽക്കാടുകളിൽ തകർന്നടിഞ്ഞ ക്ഷേത്ര സമുച്ചയം ശ്രമകരമായി പുനരുദ്ധാരണം ചെയ്ത വകുപ്പാണ് ആർക്കിയോളജിക്കൽ സർവ്വെ ഓഫ് ഇന്ത്യ. ആർക്കിയോളജിക്കൽ സർവ്വെ ഓഫ് ഇന്ത്യയുടെ ഇടപെടൽ ശിവമലയുടെ കാര്യത്തിലും ഉണ്ടാകേണ്ടിയിരിക്കുന്നു. ഈ പ്രദേശത്തിൻ്റെ ചരിത്ര പ്രാധാന്യം കണക്കിലെടുത്ത് ആർക്കിയോളജിക്കൽ സർവ്വെ ഓഫ് ഇന്ത്യ ഈ പ്രദേശത്തെ important heritage area ആയി പ്രഖ്യാപിച്ച് സംരക്ഷിക്കേണ്ടതുണ്ട്. ഇന്ത്യാ ഗവർമെണ്ടിൻ്റെ പൈതൃക തീർത്ഥാടക ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി ലോകത്തിലെ ശ്രദ്ധേയമായ ഒരു തീർത്ഥാടന കേന്ദ്രമാക്കി ഋഷീശ്വരൻമാരുടെ ഈ പുണ്യഭൂമിയെ മാറ്റിയെടുക്കാൻ കഴിഞ്ഞാൽ അത്, പിന്നോക്കം നിൽക്കുന്ന ഈ പ്രദേശത്തിൻ്റെ സമഗ്ര വികസനത്തിനു തന്നെ സഹായകമായിത്തീരുന്നതാണ്.

Leave a Comment