124: ശിവകുന്നത്ത് ശിവക്ഷേത്രം

123: തേവർ ഇരുത്തി പറമ്പ് ശിവക്ഷേത്രം
May 11, 2023
125: കച്ചേരിക്കാവ് ക്ഷേത്രം കാടാച്ചിറ
May 15, 2023

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 124

കണ്ണൂർ ജില്ലയുടെ പടിഞ്ഞാറുള്ള കടലിലെ തിരമാലകൾ കരയിലേക്ക് വന്നടിഞ്ഞ് ഒടുങ്ങിയമരുന്ന കാഴ്ച എന്നെ ഭൂതകാല ചരിത്രത്തിലേക്കാണ് കൈപിടിച്ചു കൊണ്ടു പോയത്. ബ്രിട്ടീഷുകാരും പോർച്ചുഗീസുകാരും പേർഷ്യക്കാരുമൊക്കെ നടത്തിയ വ്യാപാരത്തിനായുള്ള പോരാട്ടത്തിൻ്റേയും അധിനിവേശത്തിൻ്റെയും ചെറുത്തു നിൽപ്പിൻ്റെയുമൊക്കെ മാപ്പുസാക്ഷിയാണീ കടൽ. ഈ കടലോരത്തിൽ നിന്നും ഇരുനൂറ് മീറ്റർ കിഴക്കോട്ടു സഞ്ചരിച്ചാൽ ഇതിനെല്ലാമുപരി മറ്റൊരു ചരിത്രം കൂടി നമുക്കു ലഭിക്കും. അത് മൈസൂർ അധിനിവേശത്തിൻ്റെ ചരിത്രമാണ്. ക്ഷേത്രങ്ങൾ തകർത്തും ഹിന്ദു ഭവനങ്ങൾ ചുട്ടെരിച്ചുമുള്ള മൈസൂരിൻ്റെ അധിനിവേശ ചരിത്രം. അക്കാലത്ത് തകർക്കപ്പെട്ട ക്ഷേത്രങ്ങളുടെ വിവരശേഖരണത്തിനാണ് ഞാൻ ചരിത്രത്തിൻ്റെ കലവറയായ കണ്ണൂരിലെത്തിയത്.

ഗജപൃഷ്ട്ട ആകൃതിയിൽ ഉള്ള ശ്രീകോവിൽ തറ

കേരളത്തിലെ ആദ്യകാല മാപ്പിള രാജ്യമായിരുന്നു കണ്ണൂർ. കണ്ണൂരിലെ ആലി രാജയും കോലത്തിരി രാജാവും കാലങ്ങളായി കുടിപ്പകയിലായിരുന്നുവെന്നാണ് പുരാവൃത്തം. കോലത്തിരിക്കെതിരെ പടയൊരുക്കത്തിന് ആലി രാജ സഹായം തേടിയത് ഹൈദരാലിയോടാണ്. പിൽക്കാലത്ത് മലബാറിലേക്ക് പടയോട്ടം നടത്താൻ ഹൈദരാലിയെ പ്രേരിപ്പിച്ച ചേതോവികാരത്തിൻ്റെ ഒരു പ്രധാന പങ്ക് കണ്ണൂർ രാജാവിനുണ്ട്. പാലക്കാട്ടെ സന്ധി പ്രകാരം സാമൂതിരി രാജാവിൽ നിന്നും മൈസൂരിനു കിട്ടാനുള്ള യുദ്ധപ്പണം വസൂലാക്കാനുള്ള പദ്ധതി അതിനൊരു നിമിത്തവുമായി. 1766 ഫിബ്രവരിയിൽ കുഞ്ഞിമംഗലത്തുള്ള ഒരു ക്ഷേത്രം കയ്യേറിക്കൊണ്ടായിരുന്നു മലബാറിലേക്ക് മൈസൂരിൻ്റെ പടയോട്ടം തുടങ്ങിയത്. വില്യം ലോഗൻ മലബാർ മാന്വലിൽ രേഖപ്പെടുത്തിയത് ഇങ്ങനെയാണ് –

” നാലുകാതം ദൂരത്തിൽ വഴി നീളെ വെട്ടി നുറുക്കിയ മനുഷ്യ ജഡങ്ങൾ എങ്ങും വീണു കിടക്കുന്നു. സ്ത്രീകളേയും കുട്ടികളേയും അവരുടെ വാളുകൾ ഒഴിവാക്കിയില്ല. എങ്ങും എവിടെയും ആൾ പാർപ്പില്ലാത്ത ഗ്രാമങ്ങളും പെരുവഴികളും, കത്തിയെരിഞ്ഞ കോട്ടകളും കുത്തിക്കവർന്ന ക്ഷേത്രങ്ങളും. ” മൈസൂർ സൈന്യത്തിന് ശക്തി പകർന്നു കൊണ്ട് സകലതും ഉൻമൂലനം ചെയ്തത് കണ്ണൂർ രാജാവിൻ്റെ ഹാലിളകിയ മാപ്പിള പടയാളികളാണ്. കണ്ണൂരും തലശ്ശേരിയുമൊക്കെ മരണ ഗന്ധം വമിച്ച് നിന്ന നിശ്ചലാവസ്ഥ. പടയോട്ടക്കാലത്ത് തകർക്കപ്പെട്ട ഒരു ക്ഷേത്രമാണ് കണ്ണൂരിലെ എടക്കാടുള്ള ശിവകുന്നത്ത് ശിവക്ഷേത്രം. ഇത് കണ്ണൂർ കോർപ്പറേഷനിൽ മുപ്പത്തിനാലാം വാർഡിലാണ്. കടലിൽ നിന്നും ഇരുനൂറ് മീറ്റർ കിഴക്കു മാറി മുപ്പത്താറ് മീറ്റർ ഉയരമുള്ള ഒരു കുന്നിൻ പ്രദേശത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. എടക്കാട് – കുറ്റിക്കകം മുനമ്പ് റോഡിലൂടെ ക്ഷേത്ര ഭൂമിയിലേക്ക് പ്രവേശിക്കാൻ വഴിയുണ്ടങ്കിലും കുന്നിൻ താഴ്വരയിലുള്ള എരഞ്ഞിക്കൽ ഭഗവതി ക്ഷേത്രത്തിൽ നിന്നും ഈ ക്ഷേത്രഭൂമിയിലെത്താൻ കെട്ടിയുണ്ടാക്കിയ നൂറ്റെട്ടു പടികൾ കയറിയാണ് ഞാൻ ശിവകുന്ന് ശിവക്ഷേത്രത്തിലെത്തിയത്.

ക്ഷേത്രത്തിൻ്റെ അവശിഷ്ടങ്ങൾ

പുനരുദ്ധാരണ പ്രക്രിയയിലുള്ള ഒരു ശ്രീകോവിൽ തറ മാത്രമാണ് അവിടെയുള്ളത്. ഗജ പൃഷ്ഠാകൃതിയിലുള്ള ഒരു ശിവക്ഷേത്രമായിരുന്നു ഇത്. മൈസൂരിൻ്റെ പടയോട്ടക്കാലത്ത് ഈ ക്ഷേത്രം തകർക്കപ്പെട്ടു. ശിവലിംഗം ഉടച്ച് രണ്ടു കഷണമാക്കി. അതിനു ശേഷം ഈ ക്ഷേത്ര ഭൂമികാടുകയറി കിടക്കുകയായിരുന്നു. ഈ ക്ഷേത്രത്തിൻ്റെ പുനരുദ്ധാരണ ശ്രമങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. ഗർഭഗൃഹത്തിനുള്ള ചെങ്കല്ലുകൾ ചെത്തിമിനുക്കുന്ന ജോലിക്കാരേയും എനിക്കവിടെ കാണാൻ സാധിച്ചു. അടിച്ചുടച്ച ശിവലിംഗം ബാലാലയത്തിൽ പ്രതിഷ്ഠിച്ചിരിക്കുകയാണ്. ഇങ്ങനെ ബാലാലയത്തിൽ ശിവലിംഗം പൂജിക്കാൻ തുടങ്ങിയിട്ട് പത്തു വർഷമായി. ശ്രീകോവിൽ പൂർണ്ണ പുനരുദ്ധാരണം ചെയ്യാൻ ഭക്തജനങ്ങൾക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ബാലാലയത്തോടു ചേർന്ന് വലതു വശത്തായി ഗണപതി വിഗ്രഹവും പ്രതിഷ്ഠിച്ചിട്ടുണ്ട്. പഴയ കാലത്ത് ഒരു നമ്പൂതിരി കുടുംബത്തിൻ്റെ ഊരായ്മയിലുണ്ടായിരുന്ന ക്ഷേത്രമായിരുന്നു ശിവകുന്നത്ത് ശിവക്ഷേത്രം. പിൽക്കാലത്ത് നമ്പൂതിരി കുടുംബം ദേശത്തു നിന്നും പലായനം ചെയ്തു.

അതിൽപ്പിന്നെ ക്ഷേത്രഭൂമി അങ്ങേ വീട്ടിൽ എന്ന നായർ തറവാട്ടുകാരിലാണ് ക്ഷേത്ര പരിരക്ഷാ ചുമതല വന്നു ചേർന്നത്. ഈ നായർ തറവാട്ടുകാർ പ്രസ്തുത നമ്പൂതിരി കുടുംബത്തിൻ്റെ കാര്യസ്ഥ പദവി വഹിച്ചു വന്നവരായിരിക്കണം. ക്ഷേത്രഭൂമിക്ക് പുറമെ ക്ഷേത്രത്തിൻ്റെ നിത്യനിദാന ചിലവുകൾ നിർവ്വഹിക്കാൻ വേറേയും ഭൂമി നൽകിയിട്ടായിരിക്കണം നമ്പൂതിരി കുടുംബം പലായനം ചെയ്തത്. മൈസൂരിൻ്റെ പടയോട്ടം നമ്പൂതിരി കുടുംബത്തിൻ്റെ പലായനത്തിനു കാരണമായി എന്നു വിശ്വസിക്കേണ്ടിയിരിക്കുന്നു. എരഞ്ഞിക്കൽ ഭഗവതി ക്ഷേത്രത്തിൽ 2009 ൽ നടത്തിയ അഷ്ടമംഗല പ്രശ്നത്തിലാണ് കാട് മൂടിക്കിടക്കുന്ന ശിവക്ഷേത്രം പുനരുദ്ധാരണം ചെയ്യണമെന്ന പ്രശ്ന വിധിയുണ്ടായത്. തുടർന്ന് നാട്ടുകാർ കാട് വെട്ടിത്തെളിയിച്ചപ്പോഴാണ് തകർക്കപ്പെട്ട ശിവക്ഷേത്രവും ശിവലിംഗമമൊക്കെ കണ്ടെത്തിയത്. തീർത്ഥക്കിണർ മണ്ണ് മൂടികിടക്കുകയായിരുന്നു. മണ്ണ് നീക്കം ചെയ്തപ്പോഴാണ് ഗണപതിയുടെ വിഗ്രഹം ലഭിച്ചത്. ലോഹ നിർമ്മിതമായ ഒരു ഭണ്ഡാരവും ലഭിച്ചു.

ഗണപതി പ്രതിഷ്‌ഠ

2011 ൽ ശിവകുന്ന് ശിവക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റി രൂപീകരിച്ചു. നന്ദകുമാർ പ്രസിഡൻ്റും, കോണത്ത് വിജയൻ മാസ്റ്റർ സെക്രട്ടറിയും, ബൈജു ഖജാഞ്ചിയുമായി പതിനേഴ് അംഗ കമ്മിറ്റിയാണുള്ളത്. എടക്കാട് വില്ലേജ് റീ.സ.72 ൽ 6 ൽ 20 സെൻ്റ് വിസ്തൃതിയിലാണ് ക്ഷേത്രഭൂമി. ചുറ്റുഭാഗവുമുള്ള ഭൂമി അന്യകൈവശമാണ്. ക്ഷേത്ര പ്രദേശത്തുള്ള ഹിന്ദുക്കൾ സാധാരണക്കാരായ കുടുംബങ്ങളാണ്. തകർന്ന ക്ഷേത്രം പുനരുദ്ധാരണം ചെയ്യാൻ ആഗ്രഹമുണ്ടെങ്കിലും പൂർണ്ണ പുനരുദ്ധാരണം പത്തു വർഷമായിട്ടും യാഥാർത്ഥ്യമായിട്ടില്ല. ശ്രീകോവിൽത്തറ മാത്രമേ പൂർത്തിയായിട്ടുള്ളു. പലരിൽ നിന്നും കടം പോലും വാങ്ങിയാണ് ഇതുവരെയുള്ള പ്രവർത്തനങ്ങൾ നടത്തിയതെന്നും അവശേഷിക്കുന്ന പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ ആരുടെ സഹായമാണ് തേടേണ്ടത്, ഏതു വാതിലാണ് മുട്ടേണ്ടത് എന്നറിയാത്ത അസന്നിഗ്ദാവസ്ഥയാണെന്ന് കോണത്ത് വിജയൻ മാസ്റ്റർ പറഞ്ഞു. ഗർഭഗൃഹത്തിനുള്ള വാതിൽ, പുതിയ ശിവലിംഗം എന്നിവയൊക്കെ സംഭരിച്ചു വച്ചിട്ട് ഏറെ വർഷങ്ങളായി.

ഒരു ഭാഗത്ത് തകർക്കപ്പെട്ട ക്ഷേത്രത്തിൻ്റെ അവശിഷ്ടങ്ങൾ കുന്നുകൂടി കിടക്കുന്നത് ആരേയും വേദനിപ്പിക്കുന്ന കാഴ്ചയാണ്. അതിലേറെ മനോവ്യഥയുണ്ടാക്കുന്ന കാഴ്ചയാണ് പുനരുദ്ധാരണം പൂർത്തിയാക്കാൻ കഴിയാതെ കിടക്കുന്ന ഗജ പൃഷ്ഠാകൃതിയിൽ നിർമ്മിച്ചുവെച്ചിരിക്കുന്ന ശ്രീകോവിൽത്തറ. തറ മഴയും വെയിലുമേറ്റ് കേടുവരാതിരിക്കാൻ മുകളിൽ ടിൻ ഷീറ്റ് വിരിച്ചിരിക്കുകയാണ്. മഹാക്ഷേത്രങ്ങളിൽ കോടിക്കണക്കിന് രൂപയും സ്വർണ്ണവുമൊക്കെ കാഴ്ചവെക്കുന്ന സാമ്പത്തിക ഭദ്രതയുള്ള എത്രയോ ഭക്തർ സമൂഹത്തിലുണ്ട്. ഇവരുടെയൊക്കെ ശ്രദ്ധയിൽ ഈ ക്ഷേത്രം ഉൾപ്പെടട്ടെയെന്നും ഒട്ടും വൈകാതെ ശിവകുന്നത്ത് ശിവക്ഷേത്രം പൂർണ്ണ പുനരുദ്ധാരണം ചെയ്യാനിടവരട്ടെയെന്നുമുള്ള പ്രാർത്ഥനയോടെയാണ് ഞാൻ മഹാദേവഭൂമിയിൽ നിന്നും മടങ്ങിയത്.

Leave a Comment