
156: സീതാദേവി ലവകുശ ക്ഷേത്രം
June 19, 2023
158: പാക്കം കോട്ട ക്ഷേത്രസമുച്ചയം
June 21, 2023തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 157
നട്ടുച്ചനേരത്താണ് ടിപ്പുവും സൈന്യവും പുൽപ്പള്ളിയിലെത്തിയത്. വയനാട്ടിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളും കൊള്ളയടിച്ചു തകർത്ത ടിപ്പുവിൻ്റെ അടുത്ത ലക്ഷ്യം പുൽപ്പള്ളിയിലെ സീതാലവകുശ ക്ഷേത്രമായിരുന്നു. ജനക പുത്രിക്കും മക്കൾക്കും കാവലായി പടിഞ്ഞാറേ നടയിൽ ലക്ഷ്മണൻ കാവൽ നിൽക്കുന്നുണ്ടെന്ന വിശ്വാസമുള്ള ക്ഷേത്രത്തിലേക്ക് ടിപ്പുവും സൈന്യവും ഇരച്ചു കേറി. പെട്ടെന്ന് അന്തരീക്ഷത്തിൽ ഇരുൾ പരന്നു. ഇരുട്ടിൽ ദിശ അറിയാതെ ടിപ്പുവും സൈന്യവും പരിഭ്രമിച്ചു. ഭയചകിതരായ മൈസൂർ സൈന്യം ക്ഷേത്രം കൊള്ളയടിക്കാനോ തകർക്കാനോ കഴിയാതെ തിരിച്ചുപോയി.
നട്ടുച്ചക്ക് കൂരിരുൾ സൃഷ്ടിച്ച് ടിപ്പുവിനും സംഘത്തിനും ദിഗ്ഭ്രമമുണ്ടാക്കിയത് സീതാദേവിയാണെന്നാണ് വിശ്വാസം. ഈ അനുഭവം തലമുറകളായി കൈമാറിയ ഒരു നാട്ടറിവാണ്. കൊള്ളയടിക്കാനെത്തി പേടിച്ചരണ്ട് മടങ്ങിയ ഇതുപോലുള്ള അപൂർവ്വം ക്ഷേത്രങ്ങൾ മലബാറിൽ വേറേയുമുണ്ട്. മലബാർ ദേവസ്വത്തിൻ്റെ നിയന്ത്രണത്തിലുള്ള മുരിക്കൻമാർ ദേവസ്വത്തിൻ്റെ പുൽപ്പള്ളി സീതാലവകുശ ക്ഷേത്രമാണിത്. തകർക്കപ്പെട്ട ഒരു ക്ഷേത്രസമുച്ചയമല്ല. രാമായണ കഥയിലെ ഉത്തരരാമായണത്തിൽ പറയുന്ന കാര്യങ്ങൾ നടന്ന കൗതുകം നിറഞ്ഞ ഒരു പ്രദേശമായതിനാൽ ഈ ക്ഷേത്രത്തിൻ്റെ വിശേഷങ്ങളും കാഴ്ചകളും ഇവിടെ പങ്കുവെക്കുകയാണ്.

സീതാ പരിത്യാഗത്തിനു ശേഷമുള്ള രാമായണത്തിലെ സംഭവങ്ങളാണ് പുൽപ്പള്ളിയിലുണ്ടായത്. നമുക്ക് ഈ പ്രദേശത്തോട് രാമായണത്തെ ബന്ധപ്പെടുത്താൻ കഴിയുന്നത് എങ്ങനെയാണെന്നു നോക്കാം. സീതാ പരിത്യാഗവും തുടർന്നുള്ള രാമകഥാ ഭാഗങ്ങളും ഉത്തരരാമായണത്തിലാണുള്ളത്. തുഞ്ചത്താചാര്യൻ്റെ അദ്ധ്യാത്മരാമായണത്തിൽ മൂന്നാം അദ്ധ്യായമായിട്ടാണ് ഉത്തര രാമായണം തുടങ്ങുന്നത്. വനവാസകാലം കഴിഞ്ഞ് അയോദ്ധ്യയിൽ തിരിച്ചെത്തിയ ശേഷം ശ്രീരാമൻ അയോദ്ധ്യാധിപനായി സീതാ സമേതം വസിച്ചു കൊണ്ടിരിക്കെ സീതാദേവി ഗർഭിണിയായി. ഗർഭകാലത്ത് ഗർഭിണികളുടെ ആഗ്രഹം സാധിച്ചു കൊടുക്കണമെന്നാണല്ലോ പൊതുവെ പറയുക. അതനുസരിച്ച് ശ്രീരാമൻ സീതയോടു ചോദിച്ചു -“വല്ലഭേ ! നിനക്കിപ്പോൾ ഗർഭമുണ്ടല്ലോ തവ വല്ലതുമഭിരുചിയുള്ളതു പറയേണം ഗർഭിണി മാർക്കു വാഞ്ഛയുള്ളതു നൽകീടാഞ്ഞാലർഭകൻമാർക്കോരോരോകുറ്റങ്ങളുണ്ടായ് വരും ദുർലഭമെന്നാകിലും ഞാനതു നൽകി വൻചൊല്ലൂ നീ മനോരഥമെന്നോടു മടിയാതെ “അതു കേട്ട ദേവിക്ക് വലിയ സന്തോഷമായി. വനവാസകാലത്തു കണ്ട ആശ്രമങ്ങൾ, മുനിമാർ, മുനിപത്നിമാർ, മുനികുമാരൻമാർ അവരെയൊക്കെ എനിക്ക് കാണണമെന്നുണ്ടെന്ന് സീതാദേവി പറഞ്ഞു. എങ്കിൽ ശരി, ലക്ഷമണനോട് നാളെത്തന്നെ ദേവിയുടെ ആഗ്രഹം സഫലീകരിച്ചുനൽകാൻ പറയുമെന്ന് ശ്രീരാമനും പറഞ്ഞു.
അതിനു ശേഷമാണ് മാഗധനും, കലകനും, ദുനു മെക്കെ രാമചന്ദ്രപ്രഭുവിനെ മുഖം കാണിക്കാനെത്തിയത്. തൻ്റെ ഭരണത്തിൽ പ്രജകളുടെ അഭിപ്രായമെന്താണെന്ന് ശ്രീരാമൻ ചോദിച്ചു.”ഗുണദോഷ സമ്മിശ്രമാണ് അഭിപ്രായം. എന്നാൽ ഒരു കാര്യത്തിൽ പ്രജകൾക്ക് വലിയ ശങ്കയുണ്ട്. “എന്തായിരുന്നു അവരുടെ ആശങ്ക ?രാമായണത്തിലെ ആ ഭാഗമിങ്ങനെ -“അച്യുതനോടു സമനായ രാഘവൻ പുനരിച്ചെയ്ത കർമ്മമെന്തു -മറ്റുള്ളോർക്കറിയാവൂ? ന്യായമില്ലാതെ ദശകണ്ഠനാം നിശാചരൻ മായയുമേറ്റുളേളാൻ കട്ടുകൊണ്ടങ്ങു പോയി ലങ്കയിൽ പലകാലം വച്ചിരുന്നവൾ തന്നെ ശ്ശങ്ക കൂടാതെ പരിഗ്രഹിച്ചതെന്തു രാമൻ? രാജാവുകൽപ്പിച്ചതു കാര്യമെന്നൊഴിഞ്ഞു -മറ്റാചാരമെന്തു പറയുന്നതു പൗരജനം? എന്നെല്ലാം ചിലർ പറയുന്നതു കേൾപ്പാനുണ്ടു മന്നവ! മറ്റൊന്നില്ല ദോഷമായിട്ടു ചൊല്ലുവാൻ. “സീതാദേവിയെ ദീർഘകാലം രാവണൻ അധീനതയിൽ വെച്ചിട്ട് ഒരു സംശയവുമില്ലാതെ ദേവിയെ സ്വീകരിച്ചതിലാണ് പൗരജനം സംശയിക്കുന്നത്. ഏതായാലും പൗരൻമാരുടെ സംശയത്തിന് ഒരു പരിഹാരം മാത്രമേയുള്ളു. സീതയെ പരിത്യജിക്കുക. കാനനത്തിലെ ആശ്രമങ്ങളിൽ പോകാൻ ആഗ്രഹം പ്രകടിപ്പിച്ച സ്ഥിതിക്ക് ദേവിയെ വനത്തിൽ തന്നെ ഉപേക്ഷിക്കാമെന്ന് ശ്രീരാമൻ തീരുമാനിച്ചു. അതിന് ലക്ഷ്മണനെത്തന്നെ ചുമതലപ്പെടുത്തി. “രാവണൻ കൊണ്ടുപോയി ലങ്കയിൽ വെച്ചു കൊണ്ട ദേവിയെ പരിഗ്രഹിച്ചീടുവാൻ ന്യായമില്ല”എന്നാണ് ശ്രീരാമൻ പറഞ്ഞത്. എന്നിട്ട് ശ്രീരാമൻ്റെ ഉത്തരവ് ഇങ്ങനെ -” കാനനത്തിങ്കൽ മുനി ശ്രേഷൻമാരാ- ശ്രമത്തിൽ ജാനകി തന്നെക്കൊണ്ടയാക്കി നീ പോന്നീടുക “ലക്ഷ്മണന് ഇതിൽപ്പരം സങ്കടമുണ്ടായില്ല. കൽപ്പിക്കുന്നത് രാജാവും ജ്യേഷ്ഠനുമാണ്. നിവൃത്തിച്ചുകൊടുക്കാതിരിക്കാനുമാവില്ല. അങ്ങനെയാണ് ലക്ഷ്മണൻ രാജശാസന പ്രകാരം സീതാദേവിയെ വയനാട്ടിലെ വനത്തിൽ കൊണ്ടുവന്നുപേക്ഷിച്ചത്. അപ്രകാരം ഉപേക്ഷിച്ച സ്ഥലമാണ് പൊൻ കുഴി. വനമേഖലയായ ഇവിടെ ഒരു ക്ഷേത്രമുണ്ട്.
700 വർഷം മുമ്പ് മഹാജ്ഞാനിയായ ഒരു രാജാവ് ഇതുവഴി പോകുമ്പോൾ സന്ന്യാസിമാർ ആരാധിച്ചിരുന്ന സാള ഗ്രാമങ്ങളും തകർന്ന ഒരു ക്ഷേത്രത്തിൻ്റെ അവശിഷ്ടങ്ങളും കാണാനിടവന്നു. തുടർന്ന് സാളഗ്രാമങ്ങൾ അത് കണ്ടെത്തിയ ഭാഗത്ത് സൂക്ഷിച്ചു വെക്കാൻ ആജ്ഞ നൽകുകയും പൂജ നടത്താൻ ബ്രാഹ്മണരെ ചുമതലപ്പെടുത്തുകയും ചെയ്തു. അതിൽപ്പിന്നെ പൊൻ കുഴി ക്ഷേത്രം ശോച്യാവസ്ഥയിലാവുകയും ഗണപതിവട്ടം മഹാഗണപതി ക്ഷേത്ര സമിതിയുടെ ആഭിമുഖ്യത്തിൽ പുനരുദ്ധാരണം നടത്തി 2004 ഏപ്രിൽ അഞ്ചിന് പുന:പ്രതിഷ്ഠ നടത്തുകയും ചെയ്തു. ശ്രീകോവിലിൽ ശ്രീരാമൻ, ലക്ഷമണൻ, സീതാദേവി, ഹനുമാൻ എന്നീ വിഗ്രഹങ്ങളും ദക്ഷിണാ മൂർത്തിക്ക് പ്രത്യേക പ്രതിഷ്ഠയും നടത്തി. പൊൻകുഴി എന്ന പേരു വന്നത് ഇവിടെയുള്ള ഉറവ വറ്റാത്ത കണ്ണീർത്തടാകത്തെ തുടർന്നാണ്. ഇവിടെയുള്ള തടാക സദൃശമായ ജലസംഭരണി സീതാദേവിയുടെ കണ്ണുനീർ വീണ കുഴിയാണെന്ന ഒരു വിശ്വാസവും നിലവിലുണ്ട്. ഉപേക്ഷിക്കപ്പെട്ട സീതാദേവി വനത്തിലെ പാറപ്പുറത്ത് വീണുരുണ്ട് വിലപിച്ചുവെന്നാണ് ഐതിഹ്യം

.
വനത്തിൽ ഉപേക്ഷിക്കപ്പെട്ട സീതാദേവിയുടെ വിലാപം അദ്ധ്യാത്മരാമായണത്തിൽ ഇങ്ങനെയാണ് -” അയ്യോ! ഭർത്താവേ!വെടിഞ്ഞായോ മാം വെറുതെ നീ? തിയ്യിൽ ചാടണമെന്നു ചൊന്നതും -ചെയ്തേനല്ലോവഹ്നിയിൽചാടി മരിക്കാമെന്നു -നിരൂപിച്ചാൽ വഹ്നിയും ചുടുകയില്ലെന്നെ -യെന്താവതയ്യോ!…..കാള സർപ്പത്തെക്കൊണ്ടുകടിപ്പിച്ചീടുകയാ? കാളകൂടത്തെപ്പാനം ചെയ്തുതു -ചാകയോ നല്ലൂ… “ഈ വിധം വിലപിച്ചു കൊണ്ടിരിക്കുമ്പോഴാണ് ചമതയൊരുക്കാനിറങ്ങിയ മുനികുമാരൻമാർ വീണ് ഉരുണ്ട് വിലപിക്കുന്ന സീതാദേവിയെ കാണുന്നത്. കൊടുംവനത്തിൽ ഇങ്ങനെ വിലപിക്കുന്ന ആ സ്ത്രീരത്നം ശ്രീ ഭഗവതിയാണോ എന്നുപോലും അവർ സംശയിച്ചു പോയി. വാല്മീകി മുനിയുടെ ആശ്രമത്തിൽ ചെന്ന് ഗുരുവിനോട് ഉണർത്തിച്ചു -” ളിന്നൊരു നാരി ഗംഗാതീരേ-കാനനദേശേ വീണുടൻ കിടന്നുരുണ്ടേറ്റവും -കരയുന്നോൾവാനവർ നാരിമാരിലാരാനുമല്ലയല്ലീ? ശ്രീ ഭഗവതിയെന്നു തോന്നീടും -കാണും തോറുംതാപമുണ്ടായതവൾക്കെന്തെന്നു -മറിഞ്ഞീല……………….. പക്ഷികൾ വൃക്ഷംതോറും -ശബ്ദിക്കുന്നതുമില്ല രക്ഷിച്ചീടുക വേണമവളെ – തപോ നിധേ “മുനികുമാരൻമാരുടെ വിവരണം കേട്ട വാല്മീകി മഹർഷി സീതാദേവിയെ കണ്ടെത്തുകയും ആശ്രമത്തിലേക്ക് കൊണ്ടുവരികയും ചെയ്തു. [രാമായണത്തിൽ ഗംഗാ തീരത്തുള്ള കാനനത്തിലാണ് ദേവിയെ ഉപേക്ഷിച്ചതെന്ന് കാണുന്നു. വയനാട്ടിലുള്ള പ്രമുഖ നദി കബനിയാണ് ] പൊൻ കുഴിയിൽ നിന്നും ഏതാണ്ട് നാലുകിലോമീറ്റർ അകലെ അമരക്കുനി എന്ന ഒരു സ്ഥലമുണ്ട്. ആശ്രമക്കൊല്ലി എന്നപേരിലും ഈ സ്ഥലം അറിയപ്പെടുന്നു. ഇവിടെ വാല്മീകിയുടെ ആശ്രമവും ഏതാണ്ട് നൂറ് മീറ്റർ മാറി മുനിപ്പാറയുമുണ്ട്.
വാല്മീകിയുടെ ആശ്രമം സീതാശ്രമം എന്ന പേരിൽക്കൂടി പ്രസിദ്ധമാണ്. ഇവിടെ പുല്ലുമേഞ്ഞ ഒരു ആശ്രമം കാണാം. സീതാദേവി പ്രസവിച്ചത് ഇവിടെയാണെന്നാണ് വിശ്വസിക്കപ്പെട്ടു വരുന്നത്. പ്രസവത്തിനായി വാല്മീകി മുനി വനവാസികളോടു നിർദ്ദേശിച്ച പ്രകാരം വനവാസികളാണ് ഇത് നിർമ്മിച്ചത്. മാടപ്പള്ളി നായക്ക വിഭാഗത്തിനാണ് ആശ്രമം അതാതു കാലം കെട്ടി മേയാനുള്ള ചുമതല. ഇക്കാലത്തും അവർ അങ്ങനെ ചെയ്യുന്നുണ്ട്. സീതാശ്രമത്തിനു മുന്നിൽ പ്രായം നിർണ്ണയിക്കാനാവാത്ത ഒരു മന്ദാര വൃക്ഷമുണ്ട്. അതിൽ വിരിയുന്ന പൂവിന് വയലറ്റു നിറമാണ്. ദിവസേന രണ്ട് പൂക്കൾ ഈ മരത്തിലുണ്ടാവുമെന്നും അവ ലവ കുശൻമാരുടെ പ്രതീകമാണെന്നും വിശ്വസിക്കപ്പെട്ടു വരുന്നു. പ്രസ്തുത വൃക്ഷത്തിൽ രണ്ട് പൂക്കൾ എനിക്ക് കാണാൻ സാധിച്ചു. സീതാശ്രമത്തിനു താഴെയാണ് നേരത്തെ പറഞ്ഞ മുനിപ്പാറയുള്ളത്. ഈ പാറയുടെ മുകളിലാണ് വാല്മീകി മുനി തപസ്സു ചെയതിരുന്നത് എന്നാണു വിശ്വാസം. വിഷു കഴിഞ്ഞ് ഏഴാമത്തെ ദിവസം ഇവിടെ പ്രത്യേക പൂജയുണ്ട്. പാറയുടെ തൊട്ടു മുന്നിൽ ഒരു തീർത്ഥ സ്ഥാനം കാണാം. പാഴ് ചെടികൾ വളർന്നു നശിച്ച നിലയിലാണ് ഇപ്പോഴത്. വയനാടൻ വനങ്ങളിൽ ആറും ഏഴും അടി ഉയരത്തിലുള്ള മൺപുറ്റുകൾ കാണാം. അവയെല്ലാം തപോനിധികളുടെ പ്രതീകമായാണ് കരുതിപ്പോരുന്നത്. പൊൻ കുഴിക്കടുത്ത് മുത്തങ്ങയിൽ ആലികുളം എന്ന സ്ഥലത്തുള്ള ഒരു മരത്തിൽ വനവാസികൾ പൂജ നടത്താറുണ്ട്. ശ്രീരാമൻ നടത്താൻ തീരുമാനിച്ച അശ്വമേധയാഗത്തിൻ്റെ അശ്വത്തെ ലവ കുശൻമാർ ഈ മരത്തിൽ പിടിച്ചുകെട്ടിയെന്നാണു വിശ്വാസം.

ഇവിടെ പ്രധാനമായും വിഷയീഭവിച്ച സീതാദേവി ലവ കുശ ക്ഷേത്രം പുൽപ്പള്ളിയിലാണ്. വയനാട് ജില്ലയുടെ വടക്കുകിഴക്കുഭാഗത്ത് കർണ്ണാടകയോട് ചേർന്നു കിടക്കുന്ന പ്രദേശമാണ് പുൽപ്പള്ളി. കൽപ്പറ്റ – മാനന്തവാടി റോഡിൽ പനമരത്തു നിന്ന് 16 കിലോമീറ്റർ സഞ്ചരിച്ച് പാക്കം കോട്ടയും കുറുവ ദ്വീപും കടന്നാൽ പുൽപ്പള്ളിയായി. (പുൽ+ ഹളളി = പുൽപ്പള്ളി. ഹളളി ഗ്രാമമാണ്. ഇത് കന്നഡ പദവുമാണ്) .കുപ്പത്തോട് നായർ തറവാടിൻ്റെ ഊരായ്മയിലുള്ള പുൽപ്പള്ളി മുരിക്കൻമാർ ദേവസ്വത്തിൻ്റെ നിയന്ത്രണത്തിലാണ് ഈ ക്ഷേത്രം. പനമരത്തുള്ള കുപ്പത്തോട് തറവാടിൻ്റെ ആസ്ഥാനമായ നെല്ലാറാട്ട് ഇടത്തിൽ നിന്ന് കുപ്പത്തോട് മൂപ്പിൽ നായർ ഇതിൻ്റെ ഭരണം നടത്തി പോന്നു. ഈ തറവാട്ടുകാർ സീതാ പരിത്യാഗ സമയത്ത് അയോദ്ധ്യയിൽ നിന്നും സീതാദേവിയെ അനുഗമിച്ചവരാണെന്ന ഒരു വിവക്ഷയുണ്ട് സീതാദേവിയും ലവകുശൻമാരും വസിക്കുകയും ശസ്ത്രാഭ്യാസം നടത്തുകയും ചെയ്തിരുന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്തിരുന്നത്. 1498 ഏക്കർ ഭൂമി ഈ ക്ഷേത്രത്തിനുണ്ടായിരുന്നു. ലവകുശൻമാരുടെ പേരിലാണിത്. മുനികുമാരൻമാർ മുരിക്കൻമാർ എന്നും അറിയപ്പെടുന്നു.
സീതാദേവിയുമായി ബന്ധപ്പെട്ട ക്ഷേത്രഭൂമികളിലൊന്നും അട്ടകൾ ഉണ്ടാവാറില്ല. ഒരിക്കൽ ലവകുശൻമാരെ അട്ട കടിച്ചപ്പോൾ ദേവി ശപിച്ചതാണത്രെ ഇതിനു കാരണം. ഇവിടെ സീതാദേവിയുടെ ക്ഷേത്രം കിഴക്കോട്ടു ദർശനത്തിലാണ്. തുല്യ പ്രാധാന്യത്തിൽ മരം കൊണ്ടുള്ള ശ്രീലകത്ത് പടിഞ്ഞാറോട്ടു ദർശനമായി ലവകുശൻമാരുടെ ക്ഷേത്രമുണ്ട്. ലവകുശൻമാർക്ക് അഭിമുഖമായി കിഴക്കോട്ടു ദർശനത്തിൽ കിരാത ഭാവത്തിലുള്ള തലച്ചില്ലൻ്റെ ക്ഷേത്രവും കാണാം. വേട്ടക്കൊരു മകൻ, ഗണപതി, സുബ്രഹ്മണ്യൻ, പ്രഭാ സത്യകസമേതനായ ധർമ്മശാസ്താവ് എന്നിവ ഉപപ്രതിഷ്ഠകളാണ്. ആറ് ഏക്കറോളമാണ് ക്ഷേത്രഭൂമി. ഇതിൽ ഒന്നര ഏക്കറോളമുള്ള മതിലകത്താണ് ക്ഷേത്രമുച്ചയം. തെക്കുഭാഗത്ത് തീർത്ഥക്കുളവുമുണ്ട്.
ധനുമാസം 18നാണ് ഉത്സവം തുടങ്ങുക. താന്ത്രിക കർമ്മങ്ങൾക്കു പുറമെ വിശേഷാൽ പൂജകളും, ശീവേലി, താലപ്പൊലി എന്നിവയും ഉണ്ടാകും.
മുരിക്കൻമാർ ദേവസ്വത്തിൻ്റെ ഭരണത്തിലുള്ള മറ്റൊരു സീതാക്ഷേത്രമാണ് ചേട്ടാറ്റിൻകാവ്. പുൽപ്പള്ളി സീതാദേവി ലവ കുശ ക്ഷേത്രത്തിൽ നിന്നും ഒന്നര കിലോമീറ്റർ തെക്കു മാറിയാണിത്. യാഗാശ്വത്തെ ലവകുശൻമാർ പിടിച്ചുകെട്ടിയ കാര്യം മുകളിൽ പറഞ്ഞുവല്ലോ. അശ്വത്തെ സ്വതന്ത്രമാക്കുവാൻ ശ്രമിച്ച ചന്ദ്ര കേതുവിനും അതിനു കഴിഞ്ഞില്ല. തുടർന്ന് അശ്വത്തെ പിടിച്ചു കെട്ടിയത് ആരാണെന്നറിയാൻ ശ്രീരാമനെത്തി. ഇവിടെ വച്ച് സീതാദേവിയെ കാണുകയും അശ്വ ബന്ധനം നടത്തിയത് തൻ്റെ പുത്രൻമാരാണെന്നു മനസ്സിലാവുകയും ചെയ്തു. ദേവിയേയും മക്കളേയും അയോദ്ധ്യയിലേക്ക് കൊണ്ടു പോവാൻ തീരുമാനിക്കുകയും ചെയ്തു. അതിനു മുമ്പ് ദേവി പരസ്യമായി പരിശുദ്ധയാണെന്ന സത്യം തെളിയിക്കണം. ഇതിൽ താൽപ്പര്യമില്ലാതിരുന്ന ദേവി പിളർന്ന ഭൂമിയിൽ അന്തർദ്ധാനം ചെയ്തു. ഭൂമിയിലേക്ക് ആഴ്ന്നിറങ്ങുന്ന ദേവിയുടെ തലമുടി പിടിച്ച ശ്രീരാമന് ദേവിയുടെ തലമുടി മാത്രമാണ് കിട്ടിയത്. സീതാദേവി അന്തർദ്ധാനം ചെയ്ത ഭാഗം ഇപ്പോഴും സംരക്ഷിച്ചുവരുന്നുണ്ട്.’ സീതാദേവി അന്തർദ്ധാനംചെയ്ത ഭാഗത്ത് മുടിയറ്റ (ജഡയറ്റ) അമ്മയായി പ്രതിഷ്ഠിച്ചു. ഇതാണ് ജഡയറ്റകാവ് എന്ന പേരിൽ അറിയപ്പെടുന്നത്.അശോകവനികയും അതിൽ ധ്യാനത്തിലിരിക്കുന്ന സീതാദേവിയുടെ പ്രതിഷ്ഠയും കാണാം. സപ്തമാതൃക്കൾ, ഗണപതി, വീരഭദ്രൻ എന്നിവയാണ് മറ്റു ഉപപ്രതിഷ്ഠകൾ സപ്തമാതൃക്കളുടെ മാതൃശാലയും കാണാം. സീതാദേവിയും ലവകുശൻമാരും നീരാട്ട് നടത്തിയ പഞ്ച തീർത്ഥ സ്ഥാനവും ഇവിടെയുണ്ട്.

വയനാട്ടിലെ ചിതലയം ഗ്രാമത്തിൻ്റെ പുരാതന സ്ഥലനാമം സീതാലയം എന്നാണ്. രാമായണത്തിൽ സീതാപരിത്യാഗം മുതൽ ദേവി അന്തർദ്ധാനം ചെയ്യുന്നത് വരെയുള്ള സംഭവങ്ങൾ നടന്നത് വയനാടൻ വനത്തിലാണെന്നാണ് വിശ്വസിക്കുന്നതിന് പര്യാപ്തമാണ് ഇവിടെയുള്ള ഐതിഹ്യങ്ങൾ. വയനാട്ടിൽ പുൽപ്പള്ളിക്ക് സമീപമുള്ള ചിതലയവും അതിൻ്റെ ഉദാഹരണമാണ്. ഇവിടേയുമുണ്ട് ഒരു സീതാ ലവകുശ ക്ഷേത്രം. ഇവിടെയുളള ചെട്ടിമാരുടെ വീടുകളിലെല്ലാം ഓരോ സീതാക്ഷേത്രമുണ്ട് .ഇത് കുടുംബക്ഷേത്രമാണ്. സീതാലയം എന്നാണ് എല്ലാ വീടുകളും പൊതുവിൽ അറിയപ്പെടുന്നത്. അയോദ്ധ്യയിൽ നിരവധി ചെറുരാമക്ഷേത്രങ്ങൾ ഉള്ളതുപോലെയാണ് വയനാട്ടിലെ സീതാലയങ്ങൾ. സീതാദേവി ഇവരുടെ പരദേവതയും ഐശ്വര്യവുമാണ്.