
155: കിടങ്ങനാട് ബസ്തി ജൈനക്ഷേത്രം
June 16, 2023
157: സീതാദേവി ലവ കുശ ക്ഷേത്രം
June 20, 2023തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 156
തകർക്കപ്പെട്ട ക്ഷേത്രങ്ങൾ തേടിയുള്ള യാത്രയിൽ വയനാട്ടിലെത്തിയപ്പോഴാണ് രാമായണകാലവുമായി ബന്ധപ്പെട്ട ഒട്ടേറെ സ്ഥലങ്ങളും ഐതിഹ്യങ്ങളും പുൽപ്പളളി, ഇരുളം പ്രദേശങ്ങളിലുണ്ടെന്ന് അറിഞ്ഞത്. ക്ഷേത്രങ്ങൾ, ആശ്രമങ്ങൾ, തടാകം തുടങ്ങിയവയൊക്കെ രാമായണ കാലത്തെ ബന്ധപ്പെട്ട് വളരെ നല്ല നിലയിൽ സംരക്ഷിച്ചു വരുന്നുണ്ടെന്ന വിവരം കൗതുകം ജനിപ്പിക്കുകയും ആ പുണ്യഭൂമികളെല്ലാം ഒന്നു കാണണമെന്ന് ആഗ്രഹിക്കുകയും ചെയ്തു. അത്തരം സ്ഥലങ്ങൾ സന്ദർശിച്ച് വീഡിയോ ചെയ്തപ്പോഴാണ് ഉത്തര കേരളത്തിലെ രാമായണ സങ്കൽപ്പമുള്ള ഭൂപ്രദേശങ്ങൾ ലോകത്തിനു മുമ്പാകെ കൊണ്ടുവരണമെന്ന തോന്നലുണ്ടായത്. തകർക്കപ്പെടലിൻ്റെ ചരിത്രമല്ല ഇതിനുള്ളത് എങ്കിലും ഈ പ്ലാറ്റ് ഫോമിൽ കൗതുക ജന്യമായ ആ ക്ഷേത്രങ്ങളെ പരിചയപ്പെടുത്തുകയാണ്. അതിൽ ഒരു ക്ഷേത്രമാണ് വയനാട് ജില്ലയിൽ ഇരുളം എന്ന സ്ഥലത്തുള്ള സീതാദേവി ലവ കുശ ക്ഷേത്രം.

അയോദ്ധ്യയിലാണ് ശ്രീരാമൻ്റെ ജനനം എന്ന കാര്യത്തിൽ തർക്കമില്ല. സരയൂ നദീതീരത്തുള്ള അയോദ്ധ്യാ നഗരിയുടെ വർണ്ണനയോടെയാണ് വാല്മീകി രാമായണം തുടങ്ങുന്നത്. എന്നാൽ ശ്രീരാമചന്ദ്രപ്രഭുവിൻ്റെ വനവാസകാലത്തെ ആശയക്കുഴപ്പത്തിലാക്കുന്നതാണ് വയനാട്ടിലുള്ള രാമായണകാല സങ്കൽപ്പമുള്ള പ്രദേശങ്ങളും അവിടുന്ന് വടക്കോട്ട് ജടായുപ്പാറവരെയുള്ള സങ്കൽപ്പവും. രാമൻ്റെ വനയാത്രയുമായി ബന്ധപ്പെട്ട് പഠനം നടത്തിയാൽ രാമായണത്തിൽ പറയുന്ന പല സ്ഥലങ്ങളും ഉത്തര-ദക്ഷിണ കേരളത്തിലുള്ളതായി കാണാം. രാമായണത്തിൽ വനവാസം ഗംഗാ നദി കടന്നതിനു ശേഷമുള്ള വനപ്രദേശമാണ്. സീതാദേവിയെ തട്ടിക്കൊണ്ടുപോയ രാവണൻ്റെ ലങ്കാപുരിയാകട്ടെ കേരളത്തിൻ്റെ മദ്ധ്യഭാഗത്തു നിന്നും കിഴക്കു തെക്കു മാറിയാണ്.
ഉത്തരേന്ത്യൻ ലിഖിതങ്ങളിൽ ശ്രീരാമൻ്റെ വനവാസകാലവും വനയാത്രയും കേരളവുമായി ബന്ധപ്പെടുത്താതെയാണ് കടന്നു പോകുന്നത്. അതേ സമയം വയനാട്ടിലുള്ള പുൽപ്പള്ളിയിലും ഇരുളത്തുമുള്ള സീതാ ലവകുശ ക്ഷേത്രങ്ങൾ, വാല്മീകി ആശ്രമം, പൊൻ കുഴി ക്ഷേത്രം, ചേട്ടാറ്റിൻകാവ് ക്ഷേത്രം, മുനിപ്പാറ എന്നിവയും മലപ്പുറം ജില്ലയിൽ വെട്ടത്തും മലപ്പുറം – പെരിന്തൽമണ്ണ റോഡിലുള്ള രാമപുരങ്ങളും തൃശൂർ ജില്ലയിൽ പൊന്നാനി കൊടുങ്ങല്ലൂർ റൂട്ടിലുള്ള പഞ്ചവടിയും പാലക്കാട് ജില്ലയിൽ തിരുവില്വാമലയിലെ ഹനുമാൻ സ്വാമി പാദവുമൊക്കെ രാമായണകാലവുമായി ബന്ധപ്പെട്ട ദക്ഷിണ കേരളത്തിലെ പ്രദേശങ്ങളും അവശേഷിപ്പുകളുമായി കരുതിപ്പോരുന്നു. അതു പോലെ പട്ടാമ്പി താലൂക്കിലുള്ള രാമഗിരിക്കുന്നുകൾക്കും രാമായണകഥയുമായി ബന്ധമുണ്ട്.
രാമായണ കാലത്തെ രാമൻ്റെ യാത്രയുമായി ബന്ധപ്പെട്ട സമഗ്രമായ ഒരു പഠനം ഇതുവരെ നടന്നിട്ടില്ല. ചരിത്ര കുതുകികളായ പുതിയ തലമുറയിൽ പെട്ട ആരെങ്കിലുമൊക്കെ ചരിത്രത്തിൽ ഏറെ സ്ഥാനം പിടിച്ചേക്കാവുന്ന ഈ ചരിത്രം രേഖപ്പെടുത്താൻ മുന്നോട്ടു വരുമെന്ന് കരുതുന്നു. ഏതായാലും സീതാ പരിത്യാഗവുമായി ബന്ധപ്പെട്ട ശക്തമായ ഐതിഹ്യവും ദൃഢവിശ്വാസവും അവശേഷിപ്പുകളും ഇവിടെയുണ്ട്. അതു കൊണ്ടു തന്നെ രാമായന്ന കാലവുമായി ബന്ധപ്പെട്ട വയനാട്ടിലെ ഐതിഹ്യങ്ങൾ അവഗണിക്കാവുന്നതല്ല.
‘ ഇരുളടഞ്ഞ ‘എന്നു ധ്വനിപ്പിക്കുന്ന പദമാണ് ഇരുളം. ഈ പദം രാത്രിയെ സൂചിപ്പിക്കുന്നു. അതോടൊപ്പം വനപ്രദേശമാണിത്. സൂര്യരശ്മി ഭൂമിയിൽ പതിക്കാത്ത വിധമുള്ള നിബിഡ വനം പകൽ നേരത്തും ഇരുളടഞ്ഞിരിക്കും. അതുകൊണ്ട് ഈ പദം നിബിഡവനത്തെ ചൂണ്ടിക്കാണിക്കുന്ന പദം കൂടിയായി കരുതാവുന്നതാണ്. എന്നാൽ തലമുറകളായി പകർന്നു നിൽക്കുന്ന വാമൊഴിചരിത്ര പ്രകാരം ഇരുളം എന്ന പദം രാമായണവുമായി ബന്ധപ്പെടുത്തുന്നുണ്ട്. ഇപ്പോൾ സീതാദേവി ലവ കുശ ക്ഷേത്രം സ്ഥിതി ചെയ്യുന്ന മലനിരപ്പിൽ നിന്നും അഞ്ച് കിലോമീറ്റർ അകലെ ആശ്രമം കൊല്ലി എന്ന ഒരു സ്ഥലമുണ്ട്. സീതാദേവിയും ലവകുശൻമാരും വാല്മീകി മഹർഷിയുടെ ആശ്രമത്തിൽ ജീവിച്ചു വരവെ വിനോദത്തിന് അമ്മയും മക്കളും വനത്തിലൂടെ യാത്ര ചെയ്തു. പകൽ വെളിച്ചം പോയി ഇരുളടഞ്ഞതോടെ സീതാദേവിയും ലവകുശൻമാരും തിരികെ ആശ്രമത്തിലെത്താൻ വിഷമിച്ചു. തുടർന്ന് പരിസരത്തുണ്ടായിരുന്ന കൗണ്ടർമാർ അവരെ രക്ഷിച്ചു വെന്നാണ് ഐതിഹ്യം

വനത്തിനുള്ളിൽ പൂർവ്വിക കാലത്ത് ഒരു തറയായി കിടന്നിരുന്നതാണ് ക്ഷേത്ര സ്ഥാനം. പിൽക്കാലത്താണ് ക്ഷേത്രം നിർമ്മിച്ചത്. സീതാദേവിയേയും ലവകുശൻമാരേയും രക്ഷിച്ച കൗണ്ടർമാർ മലമുകളിൽ കൊണ്ടുപോയി അവരെ സുരക്ഷിതരാക്കി. ഈ സമയത്ത് സീതാദേവിയുടെ രക്ഷയ്ക്ക് മഹാവിഷ്ണു, ശിവ ചൈതന്യം അവിടെ ഉണ്ടായെന്നും വിശ്വസിക്കപ്പെട്ടു വരുന്നു. അതിൽപ്പിന്നെയാണ് സീതാദേവി ലവ കുശ ക്ഷേത്രം നിർമ്മിക്കുന്നത്. സീതാദേവിയുടെ മടിയിൽ ലവകുശൻമാർ ഭദ്രമായി ഇരിക്കുന്ന തരത്തിലുള്ളതാണ് പ്രതിഷ്ഠ. ഈ പ്രതിഷ്ഠ ഒരു ശ്രീകോവിലിലാണ്. ഇതിനോടു ചേർന്ന് മറ്റൊരു ശ്രീകോവിൽ നിർമ്മിച്ച്അതിൽ ശിവനേയും പ്രതിഷ്ഠിച്ചിരിക്കുന്നു. നാഗങ്ങൾ തുടങ്ങിയ ഉപപ്രതിഷ്ഠകളുമുണ്ട്. ഒരു മലമുകളിലെ പരപ്പിലാണ് മനോഹരമായ ഈ ക്ഷേത്രമുള്ളത്. ധാരാളം ഭക്തജനങ്ങളും ചരിത്രാന്വേഷികളും ഈ ക്ഷേത്രത്തിൽ ദർശനം നടത്തി വരുന്നുണ്ട്. പൂതാടി ദേവസ്വത്തിൻ്റെ ഭരണത്തിലാണ് ക്ഷേത്രം.
രാമായണ മാസത്തിൽ രാമായണ കാലവുമായി ബന്ധപ്പെട്ട ഈ ക്ഷേത്രം രാമായണ ശീലുകളാൽ ഭക്തി സാന്ദ്രമായിരിക്കും. എല്ലാ വർഷവും ജനുവരി എട്ട്, ഒമ്പത്, പത്ത് തിയ്യതികളിലാണ് ഉത്സവം. ഉത്തര മലബാറിലെ തിറയും താലപ്പൊലിയും ഉത്സവത്തിൻ്റെ ഭാഗമാണ്. മണ്ഡലകാലത്തും ഭക്തർധാരാളമായി എത്തിച്ചേരാറുണ്ട്. സപ്താഹം, നവാഹം എന്നിവയും നടത്തി വരുന്നു.