82: രാമപുരം സീതാദേവി ക്ഷേത്രം

81: ആരിക്കുന്നത്ത് ശിവക്ഷേത്രം
March 21, 2023
83: പനങ്ങാങ്ങര ശിവക്ഷേത്രം
March 23, 2023

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 82

ചൊവ്വാണ ചെറുപുഴയുടെ ഓരത്തുള്ള വയലിൽ നഷ്ടപ്പെട്ട സീതാദേവി ക്ഷേത്രത്തിൻ്റെ പുനരുദ്ധാരണത്തിനുള്ള ഒരുക്കങ്ങൾ നടത്തുകയാണ് ഭക്തജനങ്ങൾ. ബാലാലയത്തിന് ഒരു തറ കെട്ടിയപ്പോഴേക്കും ക്ഷേത്രം ഉയരുന്നതിനെതിരെ ആരുടേയോ പരാതിയും റെവന്യു വകുപ്പിൽ കടന്നു പറ്റിയിട്ടുണ്ട്. ഭൂമി തരം മാറ്റുന്നതിനെതിരെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണവും നടന്നു കഴിഞ്ഞു. പുതിയ ഒരു ക്ഷേത്രത്തിൻ്റെ നിർമ്മാണമല്ല അവിടെ നടക്കാനിരിക്കുന്നത്. പഴയ ഒരു ക്ഷേത്രം അവിടെയുണ്ടായിരുന്നുവെന്നതിൻ്റെ അവശിഷ്ടങ്ങൾ വയലിലുണ്ട്. പ്രതിബന്ധങ്ങളെ തരണം ചെയ്ത് സീതാദേവി ക്ഷേത്രം പുനരുദ്ധാരണം ചെയ്യാൻ കഴിയുമെന്നു തന്നെയാണ് ഭക്തജനങ്ങളുടെ പ്രതീക്ഷ.

മലപ്പുറം ജില്ലയിൽ പുഴക്കാട്ടിരി പഞ്ചായത്തിൽ പതിനേഴാം വാർഡിലാണ് പുരാതനമായ സീതാദേവി ക്ഷേത്രഭൂമിയുള്ളത്.

രാമപുരമെന്നാണ് പ്രദേശത്തിൻ്റെ പേര്. മലപ്പുറത്തു നിന്നും പെരിന്തൽമണ്ണയിലേക്കുള്ള ദേശീയ പാത കടന്നു പോകുന്നത് രാമപുരം ഗ്രാമത്തിലൂടെയാണ്. രാമായണകാലത്തെ ഓർമ്മിപ്പിച്ചു കൊണ്ടുള്ള നാലു ക്ഷേത്രങ്ങൾ ഇവിടെയുണ്ട്. ശ്രീരാമനേയും ലക്ഷ്മണൻ്റെയും ശത്രുഘ്നൻ്റെയും ക്ഷേത്രങ്ങളാണിവ. പഴയ കാലത്ത് നാലു ക്ഷേത്രങ്ങളല്ല സീതാദേവിയുടെ ക്ഷേത്രം അടക്കം അഞ്ച് ക്ഷേത്രങ്ങൾ ഉണ്ടായിരുന്നതായി പഴമക്കാർക്ക് കേട്ട അറിവുണ്ട്. അതു കൊണ്ടു തന്നെ കേരളത്തിലെ മറ്റു നാലമ്പലങ്ങളേക്കാൾ പ്രസക്തി രാമപുരത്തെ ക്ഷേത്രങ്ങൾക്കുണ്ടായിരുന്നു. ഒരു പുരാതന ദേവീക്ഷേത്രം രാമപുരത്തുണ്ടായിരുന്നുവെന്ന വാമൊഴി ചരിത്രമല്ലാതെ പുതിയ തലമുറയ്ക്ക് ഈ ക്ഷേത്രത്തെക്കുറിച്ച് യാതൊരു അറിവും ഉണ്ടായിരുന്നില്ല. ശ്രീരാമ ക്ഷേത്രമൊഴികെ മറ്റു ക്ഷേത്രങ്ങളെല്ലാം തകർക്കപ്പെട്ട നിലയിൽ കിടക്കുകയായിരുന്നു. എ.ഡി. 1841 ഏപ്രിൽ അഞ്ചിനു രാമപുരത്തു നടന്ന മാപ്പിള അതിക്രമത്തിൽ തകർന്ന ക്ഷേത്രങ്ങളായിരുന്നു ഇവ. വിഗ്രഹങ്ങൾ തകർത്ത നിലയിലായിരുന്നു. ലക്ഷ്മണ സ്വാമി ക്ഷേത്രമാണ് ആദ്യം പുനരുദ്ധാരണം നടത്തിയത്. വിശ്വാമിത്ര മുനിയുടെ തപോഭൂമിയായിരുന്നുവത്രെ ഇത്. പിന്നീട് മറ്റു ക്ഷേത്രങ്ങളും പുനരുദ്ധാരണം ചെയ്തു. പത്തു കിലോമീറ്റർ ചുറ്റളവിനുള്ളിലാണ് നാലു ക്ഷേത്രങ്ങളുമുള്ളത്.

രാമപുരം സീതാദേവി ക്ഷേത്രം സ്ഥിതി ചെയ്തിരുന്ന സ്ഥലം

അയോദ്ധ്യാ ലക്ഷ്മണ ക്ഷേത്രത്തിൻ്റെ പുനരുദ്ധാരണത്തിനു വേണ്ടി ആമയൂർ വേണുഗോപാല പണിക്കരുടെ നേതൃത്വത്തിൽ നടത്തിയ അഷ്ടമംഗല പ്രശ്നത്തിലാണ് രാമപുരം ഗ്രാമത്തിലുണ്ടായിരുന്ന സീതാദേവി ക്ഷേത്രത്തെക്കുറിച്ചു തെളിഞ്ഞത്. ക്ഷേത്രഭൂമി കൃഷിയിടമായിട്ടുണ്ടെന്നും സമീപത്ത് പുഴയുണ്ടെന്നും പ്രശ്നത്തിൽ തെളിഞ്ഞു. എന്നാൽ ഈ ക്ഷേത്രഭൂമി എവിടെയാണെന്ന് കൃത്യമായി കണ്ടെത്താൻ കഴിഞ്ഞില്ല. അന്യാധീനപ്പെട്ട ക്ഷേത്രഭൂമി ഭക്തർക്ക് തിരിച്ചുകിട്ടുമെന്നും അതുവരെ ലക്ഷ്മണ ക്ഷേത്രത്തിൽ എല്ലാ പൗർണ്ണമി നാളിലും സീതാദേവി ആസ്ഥാനദിദൃക്ഷാ പൂജയും ലളിതാസഹസ്രനാമ സമൂഹ അർച്ചനയും നടത്താൻ നിർദ്ദേശിച്ചു. ഒമ്പത് പൂജ പൂർത്തി ആയപ്പോഴേക്കും സീതാദേവി ക്ഷേത്രഭൂമി ഭക്തജനങ്ങൾക്ക് തിരികെ ലഭിച്ചു. തയ്യിൽ എന്നു പേരുള്ള മുസ്ലീം കുടുംബത്തിൻ്റെ പക്കലായിരുന്നു സീതാദേവി ക്ഷേത്രഭൂമി. ഇത് ക്ഷേത്രഭൂമിയാണെന്ന് അവർക്കും അറിഞ്ഞു കൂടായിരുന്നു.

തയ്യിൽ കുടുംബത്തിനു വന്നു ചേർന്ന ചില ദുർനിമിത്തങ്ങളെത്തുടർന്നാണ് ഈ ഭൂമി വിൽക്കാൻ തീരുമാനിച്ചതെന്ന് ഭക്തജനങ്ങൾ പറയുന്നു. വയലിൽ ദീർഘചതുരാകൃതിയിൽ ഒരു സെൻറ് വിസ്തൃതിയിൽ ഒരടി ഉയരത്തിൽ തരിശു സ്ഥലവും അടങ്ങുന്നതായിരുന്നു ക്ഷേത്രഭൂമി. ചൊവ്വാണ ചെറുപുഴയുടെ സമീപത്താണ് ഭൂമി. അഷ്ടമംഗല പ്രശ്നത്തിലെ സൂചനയിൽ പറയുന്ന ഭൂമി ആയതിനാൽ 40 സെൻറ് വിസ്തൃതിയുള്ള ഭൂമി വിലയ്ക്ക് വാങ്ങുകയാണുണ്ടായത്. 2014 ലാണ് ക്ഷേത്രഭൂമി വിലയ്ക്കെടുത്തത്. തുടർന്ന് ഭക്തജനങ്ങൾ 2014 ജൂൺ 19 ന് യോഗം ചേർന്ന് ട്രസ്റ്റ് രൂപീകരിക്കാനും ക്ഷേത്ര പുനരുദ്ധാരണം നടത്താനും തീരുമാനിച്ചു. അങ്ങനെ, നാലാംകുളം സീതാദേവി ക്ഷേത്ര ചാരിറ്റബിൾ ട്രസ്റ്റ് റജിസ്റ്റർ ചെയ്തു. കുട്ടല്ലൂർ മനക്കൽ ചെറിയ നാരായണൻ നമ്പൂതിരി, രാധാകൃഷ്ണൻ, കൃഷ്ണൻകുട്ടി തുടങ്ങിയവർ രക്ഷാധികാരികളും ,പറോട്ടിൽ ഹരിദാസൻ ചെയർമാനും, എൻ.കൃഷ്ണദാസ് കട്ടിലശ്ശേരി വൈസ് ചെയർമാനും, അരീക്കാട്ടു പറമ്പിൽ സുബ്രഹ്മണ്യൻ സെക്രട്ടറിയും, എ.അഭിലാഷ്, കെ.ടി.വിനോദ് കുമാർ എന്നിവർ ജോയന്റ് സെക്രട്ടറിയും എം.കെ.ജനാർദ്ദനൻ ട്രഷററുമായുള്ള കമ്മിറ്റിയാണ് രൂപീകരിച്ചത്.

വയലിൽ കിളയ്ക്കുമ്പോൾ പഴയ ക്ഷേത്രത്തിൻ്റെ അസ്തിവാരം കണ്ടെത്തിയിട്ടുണ്ട്. ക്ഷേത്രഭൂമി വയലിൽ സ്ഥിതി ചെയ്തിരുന്നതായിരുന്നുവെന്നത് സ്പഷ്ടമാണ്.അതേസമയം കാലപ്പഴക്കം നിർണ്ണയിക്കാൻ തക്ക യാതൊരു തെളിവും സ്ഥലത്തില്ല. കുട്ടല്ലൂർ മനയ്ക്ക് തന്ത്ര സ്ഥാനമുള്ള   ക്ഷേത്രങ്ങളുടെ പട്ടികയിൽ സീതാദേവി ക്ഷേത്രമില്ല .ഈ ക്ഷേത്രത്തിൻ്റെ യഥാർത്ഥ ഊരാളൻമാർ ആരാണെന്നും വ്യക്തമല്ല. രാമപുരത്ത് രാമായണ കഥയിലെ പ്രധാന കഥാപാത്രങ്ങളുടെ ക്ഷേത്രങ്ങളുണ്ടാവാൻ എന്താണ് കാരണമെന്നതിനെക്കുറിച്ച് യാതൊരു ഐതിഹ്യവും പറഞ്ഞു കേട്ടവരില്ല. ഓരോ ക്ഷേത്രത്തിനും പ്രത്യേകം ഊരാളൻമാരാണ് ഉണ്ടായിരുന്നത്.

രാമപുരം സീതാദേവി ക്ഷേത്രത്തിലെ ബാലാലയ പ്രതിഷ്ഠ

പഴയ കാലത്ത് ഈ പ്രദേശത്ത് പ്രബല നമ്പൂതിരി മനകൾ ഉണ്ടായിരുന്നു. അതിൽ ഒരു മനയുടെ അധീനതയിൽ ഉണ്ടായിരുന്ന ക്ഷേത്രമായിരിക്കാം ഇതെന്നു കരുതാനേ നിവൃത്തിയുള്ളു. സീതാദേവി ക്ഷേത്രം എങ്ങനെ തകർന്നുവെന്നുള്ള കാര്യവും ആർക്കും അറിയില്ല. ബാലാലയം നിർമ്മിച്ച് വാൽക്കണ്ണാടി പ്രതിഷ്ഠിച്ച് ഭക്തജനങ്ങൾ ഇവിടെ സീതാദേവിയെ ആരാധിച്ച് വരുന്നു. ബാലാലയത്തിലെ പ്രതിഷ്ഠയുടെ ദർശനം പടിഞ്ഞാട്ടാണ്. മാസത്തിൽ ഒരു നേരം പൂജയുണ്ടായിരുന്നുവെങ്കിലും അത് മുടങ്ങി. ഭൂമി വാങ്ങിയതിൽത്തന്നെ പത്തുലക്ഷത്തോളം രൂപയുടെ ബാദ്ധ്യതയുള്ളതിനാൽ പുനരുദ്ധാരണ പ്രവർത്തിയെക്കുറിച്ച് ആലോചിച്ചിട്ടില്ല. ഘട്ടം ഘട്ടമായി പുനരുദ്ധാരണ പ്രവർത്തികൾ തുടങ്ങാനാവുമെന്നാണ് ഭക്തരുടെ പ്രതീക്ഷ.

Leave a Comment