47: പൂക്കാട്ടിയൂർ ശ്രീ തൃക്കണ്ണാപുരം ശ്രീ കൃഷ്ണ ക്ഷേത്രം

48: ഞാളൂർച്ചിറ മഹാദേവക്ഷേത്രം
July 4, 2023
46: പുറമണ്ണൂർ ഗണപതിയൻകാവ് നരസിംഹമൂർത്തിക്ഷേത്രം
July 4, 2023

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 47

തകർന്നു കാടുമൂടിക്കിടന്നിരുന്ന ഒരു പ്രദേശം. അവിടെ ശ്രീകോവിലിൽ പ്രതിഷ്ഠയുടെ പാദവും പീഠവും മാത്രം. വലിയ ഒരു തകർച്ചയുടെ ശേഷിപ്പുകളാണ് അവിടെയുണ്ടായിരുന്നത്. പൂക്കാട്ടിയൂർ ശ്രീ തൃക്കണാപുരം ശ്രീ കൃഷ്ണ ക്ഷേത്രത്തെക്കുറിച്ച് എനിക്ക് കിട്ടിയ പ്രഥമ വിവരണം അങ്ങനെയായിരുന്നു. തകർന്ന നിരവധി ക്ഷേത്രഭൂമികൾ കാണാൻ കഴിഞ്ഞ എനിക്ക് ആദ്യം കിട്ടിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ക്ഷേത്രഭൂമിയെക്കുറിച്ച് ഒരു ഏകദേശ ചിത്രം മനസ്സിൽ തെളിഞ്ഞു വന്നു. പുനരുദ്ധാരണം ചെയ്യാൻ കഴിവില്ലാതെ കൈ മലർത്തുന്ന ഭക്തജനങ്ങളെ പ്രതീക്ഷിച്ചാണ് മലപ്പുറം ജില്ലയിലെ എടയൂർ പഞ്ചായത്ത് എട്ടാം വാർഡിലുള്ള പൂക്കാട്ടിയൂർ ശ്രീ തൃക്കണ്ണാപുരം ശ്രീ കൃഷ്ണ ക്ഷേത്രത്തിലെത്തിയത്. അവിടെ കണ്ട കാഴ്ച എന്നെ അതിശയിപ്പിച്ചു. തകർന്ന് കാട് കയറിക്കിടന്ന ക്ഷേത്രത്തിനു പകരം മനസ്സിനെ ഭക്തിനിർഭരമാക്കുന്ന അന്തരീക്ഷത്തിൽ പൂർവ്വാധികം ഭംഗിയോടെ ഒരു ക്ഷേത്രം! . തകർന്നു തരിപ്പണമായ ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിനു ഗതിയില്ലാതെ പരാധീനതയുടെ ദൈന്യഭാവമുള്ള ഭക്തരുടെ പതിവുമുഖവുമല്ല അവിടെ കണ്ടത്. “ഇദം നമമ :” എന്ന ഭാവത്തിൽ മുക്കടെക്കാട്ട് സതീശനും, പി.കെ.ഹരിദാസനും, ഗോപാലകൃഷ്ണനും ക്ഷേത്രത്തിലുണ്ടായിരുന്നു. ക്ഷേത്ര പുനരുദ്ധാരണ പ്രവർത്തനത്തിലേർപ്പെട്ട കമ്മിറ്റിക്കാർക്കും, തകർന്നു കിടക്കുന്ന ക്ഷേത്രത്തിനു ചുറ്റും ഇതികർത്തവ്യഥാ മൂഢരായി ജീവിക്കുന്ന ഹിന്ദുക്കൾക്കും മാതൃകയാണ് ഈ ക്ഷേത്രവും അതിൻ്റെ പുനരുദ്ധാരണ പ്രവർത്തനത്തിൻ്റെ പിന്നിട്ട നാൾവഴികളും

പൂക്കാട്ടിരി ശ്രീകൃഷ്ണ ക്ഷേത്രത്തിനു പിറകിൽ ശിവക്ഷേത്രമാണ്. ഈ ദേവൻമാരുടെ കണ്ണോട്ടമേറ്റു കിടക്കുന്ന പ്രദേശമായതിനാലാണ് തൃക്കണ്ണാപുരം ശ്രീ കൃഷ്ണ ക്ഷേത്രം എന്ന പേരു വരാനിടയായത് എന്നു കരുതുന്നു. മുത്തശ്ശിയാർ കാവ്, കോട്ടയിൽ തൃപുരാന്തക ക്ഷേത്രം, മതിയത്ത് അമ്പലം, ഭട്ടിയിൽ അമ്പലം എന്നിവയൊക്കെ ഒരു വിളിപ്പാടിനുള്ളിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രങ്ങളാണ്. ഇതിൽ ഭട്ടിയിൽ അമ്പലം ഇപ്പോഴില്ല. മൈസൂരിൻ്റെ അധിനിവേശത്തോടെ വ്യാപകമായി നടന്ന നിർബ്ബന്ധമതപരിവർത്തനത്തെ തുടർന്ന് ക്ഷേത്ര പരിപാലനത്തിന് ഹിന്ദുക്കൾ ഇല്ലാതായി. ഇതോടെ ഭട്ടിയിൽ അമ്പലം തകർന്നടിഞ്ഞു. ടിപ്പുവിൻ്റെ പടയോട്ടക്കാലത്ത് ഭട്ടി ക്ഷേത്രം തകർത്തുവെന്ന് വിശ്വസിക്കുന്നവരും കുറവല്ല. ദൂരെ നിന്നും ഭക്തർ വന്ന് ക്ഷേത്ര പുനരുദ്ധാരണം നടത്തിയാൽ പോലും ക്ഷേത്രം സുരക്ഷിതമായിരിക്കില്ലെന്ന് തോന്നിയതോടെ ആരും അവിടേക്ക് തിരിഞ്ഞു നോക്കിയില്ല. ഭട്ടി ക്ഷേത്രത്തെ ആ പ്രദേശത്തുള്ളവർ പട്ടിയമ്പലം എന്നാണത്രെ പറയാറ്. കാടുകയറിയ ശ്രീകോവിൽത്തറയിൽ പട്ടി പെറ്റു കിടന്നിരുന്നുവെന്നും അതിനാലാണ് പട്ടിയമ്പലമെന്ന് പിൽക്കാലത്ത്‌ പറയാനിടയാക്കിയതെന്നും പറയപ്പെടുന്നു. ഭട്ടി ക്ഷേത്രഭൂമി ഇപ്പോഴുമുണ്ട്. ക്ഷേത്രത്തിൻ്റെ കല്ലുകൾ കൊണ്ടുപോയി സമീപത്തെ ഒരു തോട്ടിനു ഭിത്തി കെട്ടി. മറ്റു ക്ഷേത്രാവശിഷ്ടങ്ങളും പലരും കൊണ്ടുപോയി. ഭട്ടിയമ്പലത്തെക്കുറിച്ച് പറഞ്ഞപ്പോൾ ഇക്കാര്യം രേഖപ്പെടുത്തിയെന്നു മാത്രം.

ക്ഷേത്രത്തിൽ കണ്ട ആനയുടെ ശിൽപ്പം

തൃക്കണ്ണാപുരം ശ്രീ കൃഷ്ണ ക്ഷേത്രത്തിനു നേർക്ക് മൈസൂർ അധിനിവേശ കാലത്ത് അക്രമം ഉണ്ടായതായി ആർക്കും കേട്ട അറിവില്ല. ഏതായാലും ക്ഷേത്രം ഒരു തകർക്കലിന് ഇരയായിട്ടുണ്ടെന്നതിൻ്റെ ശേഷിപ്പുകൾ ഇപ്പോഴും കാണാം. അതേസമയം വിഗ്രഹത്തിൻ്റെ പാദങ്ങൾ ഒഴികെ ശേഷം ഭാഗങ്ങൾ കണ്ടെത്താൻ കഴിയാത്തതിനാലും ഉൽഖനനത്തിൽ കരിക്കട്ടകൾ ധാരാളമായി കണ്ടെത്തിയതിനാലും ക്ഷേത്രത്തിനു നേരെ ശക്തമായ അക്രമം നടന്നിട്ടുണ്ടെന്നു തന്നെ അനുമാനിക്കേണ്ടിയിരിക്കുന്നു. പഴയ കാലത്ത് നാലു ഗോപുരവും ആനപ്പള്ള മതിലും ഉണ്ടായിരുന്ന ക്ഷേത്രമാണിത്. എട്ട് അടിയോളം വീതിച്ചുള്ള ഗോപുരത്തിൻ്റെ കരിങ്കൽ നിർമ്മിത കട്ടിള ഇപ്പോഴും ക്ഷേത്രവളപ്പിലുണ്ട്. കംസ നിഗ്രഹം കഴിഞ്ഞ് പൂർണ്ണ ശാന്തതയിൽ എത്താത്തതും ബാല ഭാവം വിടാത്തതുമായ സങ്കൽപ്പമാണ് വിഗ്രഹത്തിനുണ്ടായിരുന്നത്. മുൻവശത്തെ ക്ഷേത്രക്കുളം ഈ സങ്കൽപ്പത്തെ ബലപ്പെടുത്തുന്നു. പടിഞ്ഞാട്ടാണ് ക്ഷേത്ര മുഖം.

പഴയ കാലത്ത് മൂപ്പിൽ സ്ഥാനമുള്ള നാടുവാഴികളായിരുന്ന ഇരിക്കാലിക്കര എടമന നായൻമാരുടെ ഊരായ്മയിലുള്ള ക്ഷേത്രമാണിത്. അങ്ങുന്നത്തെ നായർ എന്ന വിളിപ്പേരും മൂപ്പിൽ നായർക്കുണ്ട്. തറവാട്ടിലെ മൂത്ത കാരണവരാണ് അതാതു കാലത്തെ മൂപ്പിൽ നായർ സ്ഥാനം ഏറ്റെടുക്കുക. ഇതിന് പ്രത്യേകം ചടങ്ങുകളുണ്ടായിരുന്നു. വള്ളുവനാട് രാജാവാണ് ഇവർക്ക് മൂപ്പിൽ നായർ സ്ഥാനം കൽപ്പിച്ചു നൽകിയത്. മരിച്ച ശങ്കുണ്ണി മൂപ്പിൽ നായരുടെ മകൻ എം.സതീശനെ ഇപ്പോഴത്തെ മൂപ്പിൽ നായരായ ശങ്കരനുണ്ണി അങ്ങുന്ന് ക്ഷേത്ര നടത്തിപ്പിനായി നിയമിച്ചിരിക്കുന്നു. മൂപ്പിൽ നായർ സ്ഥാനം അക്കാലത്തെ രാജാക്കൻമാർ കൽപ്പിച്ചു നൽകാറുണ്ട്. മലപ്പുറം ജില്ലയിൽ പുറത്തൂർ ഭയങ്കാവ് ക്ഷേത്രത്തിൻ്റെ ഭരണാധികാരികൾ മൂപ്പിൽ നായർ സ്ഥാനികളാണ്. കവളപ്പാറ മൂപ്പിൽ നായർ പാലക്കാട് ജില്ലയിലെ പ്രമുഖ മൂപ്പിൽ സ്ഥാനികളാണല്ലോ.

തൃക്കണാപുരം കൃഷ്ണ ക്ഷേത്രം പുനരുദ്ധാരണ ശേഷം

തൃക്കണ്ണാപുരം ശ്രീ കൃഷ്ണ ക്ഷേത്രം നീതിന്യായ നിർവ്വഹണത്തിൻ്റെ ഒരു കേന്ദ്രം കൂടിയായിരുന്നു. ക്ഷേത്രസമീപത്തുള്ള കോഴിക്കുന്ന് എന്ന പേരിൽ ഉയർന്ന ഭാഗവും അവിടെ ഒരു തറയുമുണ്ട്. തൃക്കണ്ണാപുരം യോഗം എന്ന പേരിൽ ഇവിടെ പ്രവർത്തിച്ചിരുന്ന കോടതി അറിയപ്പെട്ടിട്ടുണ്ടാവണം. രാജാവിൻ്റെ പ്രതിനിധികളും മറ്റും അംഗങ്ങളായാണ് കോടതി പ്രവർത്തിച്ചിരുന്നത്. കോഴിക്കുന്നിൽ വച്ച് വിചാരണയും ശിക്ഷയും നടപ്പിലാക്കിയിരുന്നുവെന്ന് പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നത് ടെമ്പിൾ സങ്കേതത്തിലേക്ക് വിരൽ ചൂണ്ടുന്നു.

തകർക്കപ്പെടലിനു ശേഷം ക്ഷേത്രഭൂമി കാടുമൂടി കിടക്കുകയായിരുന്നു.”എൻ്റെ ചെറുപ്പത്തിൽ ഭയങ്കര കാടായിരുന്നു. ക്ഷേത്രഭൂമിയുടെ സമീപത്തേക്ക് പോകാറു പോലുമില്ലെന്ന്” മുക്കടെക്കാട്ട് സതീശൻ ഓർമ്മച്ചെപ്പു തുറന്ന് പറഞ്ഞു. ഇത് വിജനമായ ഒരു സ്ഥലമായിരുന്നു. ക്ഷേത്രഭൂമി സ്ഥിതി ചെയ്യുന്നത് ഒരു ഏക്കർ പതിനാറു സെന്റിലും മുൻവശത്തുള്ള കുളത്തിൻ്റെ വിസ്തീർണ്ണം 48 സെന്റുമാണ്. കാടുകയറിക്കിടക്കുന്ന ക്ഷേത്രത്തിൻ്റെ പുനരുദ്ധാരണം വേണമെന്ന ചിന്ത 2011 ലാണുണ്ടായത്. ക്ഷേത്രനടത്തിപ്പിൻ്റെ ചുമതല മുക്കടെക്കാട്ട് സതീശനെ ഏൽപ്പിച്ചത് ക്ഷേത്രത്തിനു ഭാഗ്യ ജാതകമെഴുതാനിടയാക്കി. പ്രദേശത്തെ മുഴുവൻ ഭക്തജനങ്ങളും ക്ഷേത്ര പുനരുദ്ധാരണത്തിന് ഒരു മനസ്സോടെ തയ്യാറായി വന്നതും തുടർ പ്രവർത്തനങ്ങളുടെ വേഗത വർദ്ധിപ്പിച്ചു. 2011 ഡിസംബർ നാലിന് ക്ഷേത്രത്തിൻ്റെ പുനരുദ്ധാരണത്തിനും പ്രവർത്തനങ്ങൾക്കും കമ്മിറ്റി രൂപീകരിച്ചു. 15 അംഗങ്ങൾ ഉള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് പി.കെ.ഹരിദാസ്, എ.ഗോപാലകൃഷ്ണൻ, കെ.വി.സുരേന്ദ്രൻ, പി.വി.സുരേന്ദ്രൻ മാസ്റ്റർ, ബാലൻ മാസ്റ്റർ, എം.സതീശൻ എന്നിവർ യഥാക്രമം പ്രസിഡന്റ്, വൈസ് പ്രസിഡന്റുമാർ, സെക്രട്ടറി, ജോ: സെക്രട്ടറി, ഖജാൻഞ്ചി എന്നീ സ്ഥാനങ്ങൾ ഏറ്റെടുത്തു. ഇതിനു പുറമെ മൂത്ത മലമന വിഷ്ണു നമ്പൂതിരി, മുരളി മാരാത്ത്, കുഞ്ഞിക്കരിയൻ ഗുരുസ്വാമി എന്നിവർ ഉപദേശക സമിതിയിൽ പ്രവർത്തിക്കുന്നു.

അയ്യപ്പക്ഷേത്രം പുനരുദ്ധാരണത്തിന് ശേഷം

കാടുവെട്ടിത്തെളിയിച്ചപ്പോൾ ഇടിഞ്ഞുതകർന്ന ശ്രീകോവിൽ തറയിൽ കണ്ടത് പ്രതിഷ്ഠയുടെ പാദം മാത്രമായിരുന്നു. പുനരുദ്ധാരണത്തിൻ്റെ ഭാഗമായി നടത്തിയ ദേവപ്രശ്നത്തിലാണ് പ്രധാന പ്രതിഷ്ഠയുടെ ഭാവം തെളിഞ്ഞത്. ക്ഷേത്ര വളപ്പിൽ തീർത്ഥക്കിണറിനുള്ള സ്ഥാനം നോക്കി കുഴിച്ചപ്പോൾ കരിക്കട്ടകൾ, സ്വർണ്ണത്തിൻ്റെ തൃക്കണ്ണ് എന്നിവ ലഭിച്ചു. കരിക്കട്ട പണ്ടെന്നോ നടന്നതായി കരുതേണ്ട അഗ്നി ബാധയിലേക്കാണ് വിരൽ ചൂണ്ടിയത്. തകർക്കപ്പെടലും തീവെപ്പും ഒരേ സമയത്തുനടന്നതാണോ, രണ്ടു ഘട്ടങ്ങളിൽ അക്രമം നടന്നുവോ എന്നു നിർണ്ണയിക്കാൻ യാതൊരുവഴിയുമില്ല. ക്ഷേത്രം അക്രമിച്ച് തീ വെച്ചതായിരിക്കുമെന്നാണ് എൻ്റെ നിഗമനം. തൃക്കണ്ണ് കിണറ്റിൽ നിന്നും കണ്ടെത്തിയതും വിഗ്രഹത്തിൻ്റെ ശിഷ്ടഭാഗം ലഭിക്കാതിരുന്നതും അനുബന്ധമായി കണക്കാക്കാവുന്നതാണ്. ഭക്തജനങ്ങൾ തോളോടുതോളുരുമ്മി പുനരുദ്ധാരണ പ്രവർത്തനത്തിന് അണിനിരന്നതും ഈ ക്ഷേത്രത്തിൻ്റെ പുനരുദ്ധാരണ ചരിത്രത്തിൽ പ്രത്യേകം രേഖപ്പെടുത്തേണ്ടിയിരിക്കുന്നു.

എന്നും വൈകുന്നേരങ്ങളിൽ ഭക്തജനങ്ങളായ കുറച്ചാളുകൾ ക്ഷേത്ര സങ്കേതത്തിൽ വന്നിരിക്കും. വലിയ വനെന്നോ, ചെറിയവനെന്നോ, ഉദ്യോഗസ്ഥനെന്നോ, കൂലിപ്പണിക്കാരനെന്നോ വ്യത്യാസമില്ലാതെ ഭക്തർ എന്ന നിലയിലുള്ള കൂടിച്ചേരലായിരുന്നു അത്. ക്ഷേത്രം ഏതു രീതിയിൽ പുനരുദ്ധാരണം നടത്താം എന്ന വിഷയം മാത്രം അവർ ചർച്ച ചെയ്തു. ഭക്തരുടെ ചർച്ച വെറും അധര വ്യായാമമായിരുന്നില്ല. ആ ഇച്ഛാശക്തിയാണ് ക്ഷേത്രത്തെ ഇന്നത്തെ നിലയിലേക്ക് പരിവർത്തനപ്പെടുത്തിയത്. ക്ഷേത്രഭൂമിയുടെ വടക്കുഭാഗം ചെറിയ ചെങ്കൽ കുന്നായിരുന്നു. ഈ കുന്ന് വെട്ടിയെടുത്തപ്പോൾ ക്ഷേത്ര നിർമ്മാണത്തിനു കിട്ടിയത് ഏഴായിരത്തിലേറെ ഒന്നാം തരം കല്ലുകൾ. രാവിലെ മുതൽ വൈകീട്ടു വരെ ജോലി ചെയ്തു വരുന്നവർ ക്ഷീണം പോലും വകവെക്കാതെ പിന്നീടുള്ള സമയം കല്ലുവെട്ടാനും ഭിത്തി കെട്ടാനുമൊക്കെ ചെലവഴിച്ചു. മനുഷ്യാദ്ധ്വാനം സംഭാവന ചെയ്തു കൊണ്ടുള്ള ശ്ലാഘനീയമായ പ്രവർത്തനമായിരുന്നു അത്. സാമ്പത്തിക ഭദ്രതയുള്ളവർ മറ്റു കാര്യങ്ങൾക്കുള്ള സഹായവും നൽകിയിട്ടുണ്ട്. ശ്രീകോവിൽ, ചുറ്റമ്പലം, പ്രദക്ഷിണ വഴി, മേൽപ്പന്തൽ, അഗ്രശാല എന്നിവയെല്ലാം നിർമ്മിച്ചു. ഉപയോഗ ശൂന്യമായ കുളം നന്നാക്കി. എണ്ണൂറ് ലോഡ് മണ്ണു നീക്കിയായിരുന്നു കുളത്തിൻ്റെ പുനർനിർമ്മാണം. ഒക്കത്തു ഗണപതി, ഭഗവതി എന്നീ ഉപപ്രതിഷ്ഠകളും നടത്തി. നാഗദേവതയ്ക്കും സ്ഥാനനിർണ്ണയം ചെയ്ത് പ്രതിഷ്ഠയുണ്ട്.

ക്ഷേത്രത്തിൻ്റെ ആനപ്പള്ളമതിൽ

തീർത്ഥാടന യാത്ര നടത്തിക്കൊണ്ട് ഒരു തീർത്ഥാടന ടൂറിസം പദ്ധതി അനുബന്ധമായി നടത്തിക്കൊണ്ടിരിക്കുന്നു. ഇതിൽ നിന്നും കിട്ടുന്ന ലാഭം ക്ഷേത്രത്തിൻ്റെ പ്രവർത്തനങ്ങൾക്കാണ് വിനിയോഗിക്കുന്നത്. കളംപാട്ട്, പന്തീരായിരം, കർക്കിടകത്തിൽ സപ്താഹം, അഖണ്ഡനാമ യജ്ഞം തുടങ്ങിയവ നടത്തുന്നുണ്ട്. ദിവസപൂജയുള്ള ക്ഷേത്രത്തിലെ പ്രധാന വഴിപാട് ഉദയാസ്തമയപൂജയാണ്. കാലടി പടിഞ്ഞാറേടത്ത് ശങ്കരനുണ്ണി നമ്പൂതിരിയാണ് തന്ത്രി. പുതുമന മഠം വിനീത് എമ്പ്രാന്തിരി മേൽശാന്തിയുമാണ്. മുകുന്ദവാര്യരാണ് കഴകം. മീനത്തിൽ രോഹിണി നക്ഷത്രത്തിൽ പ്രതിഷ്ഠാദിനം ആഘോഷിക്കുന്നു. ആനപ്പള്ളമതിൽ പുനഃസ്ഥാപിക്കുന്നത് അടക്കമുള്ള ജോലികൾ ബാക്കിയുണ്ടെങ്കിലും തകർന്നു തരിപ്പണമായി കാടുപിടിച്ചു കിടന്ന ഈ ക്ഷേത്രഭൂമിയിൽ ഇന്നു കാണുന്ന വിധത്തിലുള്ള പുനരുദ്ധാരണം നടത്താൻ ഭഗവാൻ നൽകിയ ആത്മ ബലത്തിൽ സന്തോഷത്തിലാണ് ഭക്തജനങ്ങളും ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും. ശേഷിച്ച പ്രവർത്തനങ്ങളും കാലവിളംബം ഇല്ലാതെ പൂർത്തിയാക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഇവിടുത്തെ ഭക്തജനങ്ങൾ.

Leave a Comment