104: പോത്തനൂർ ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രം

103: ആലടി ശ്രീ മഹാദേവ ക്ഷേത്രം 
April 22, 2023
105: പോത്തനൂർ അന്തിമഹാകാള ക്ഷേത്രം
April 25, 2023

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 104

വലിയ ബലിക്കല്ലിൻ്റെ അവശിഷ്ടങ്ങളുടെ ഒരു കൂന കണ്ടു കൊണ്ടാണ് ഞാൻ ആ ക്ഷേത്രത്തിലെത്തിയത്. നാലമ്പലത്തിലേക്ക് കടന്നു ചെന്നപ്പോൾ പ്രതിഷ്ഠയെക്കുറിച്ച് ക്ഷേത്രം ഭാരവാഹികളോട് അന്വേഷിച്ചു. വിഗ്രഹം ഇല്ല. പീഠത്തിനു മദ്ധ്യേയുള്ള ദ്വാരത്തിൽ തകർന്ന് താഴേക്ക് പോയിരിക്കുന്നു. അതിൻ്റെ ഒരു തലപ്പ് മാത്രമെയുള്ളുവെന്ന് അവർ പറഞ്ഞു.

മലപ്പുറം ജില്ലയിൽ കാലടി പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ പോത്തനൂർ വില്ലേജിലുള്ള പോത്തനൂർ ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രമാണിത്.

പോത്തനൂർ ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിലെ കൈ വെട്ടിയ നിലയിൽ ദ്വാരപാലക ശിൽപ്പം.

പോത്തനൂർ എന്ന സ്ഥലനാമം പഴയ കാലത്ത് മഹിഷമംഗലം എന്നായിരുന്നുവത്രെ. മഹിഷാസുരനെ നിഗ്രഹിച്ച ദുർഗ്ഗാദേവിയുമായി ബന്ധപ്പെട്ട ഒരു പേരായിരുന്നിരിക്കണം ഇത്. ബോധനൂർ പിൽക്കാലത്ത് പോത്തന്നൂർ ആയതാവാമെന്ന് എഴുത്തുകാരൻ വട്ടംകുളം ശങ്കുണ്ണിയുടെ നിരീക്ഷണവുമുണ്ടായിട്ടുണ്ട്. അങ്ങനെയൊരു നിരീക്ഷണത്തിൽ എത്താനുണ്ടായ കാരണം വേദ പണ്ഡിതരായ പന്നിയൂർ ഗ്രാമത്തിൽ പെട്ട പത്ത് നമ്പൂതിരി മനകൾ ഇവിടെ ഉണ്ടായിരുന്നുവെന്നാണ്. വേദ പണ്ഡിതർ ബോധജ്ഞാനികളാണല്ലോ. പണ്ഡിതരായ കുടുംബങ്ങൾ വസിക്കുന്ന ഊര് എന്നതാണ് ബോധന്നൂർ എന്ന പേരിന് ആധാരമാക്കിയിരിക്കുന്നത്. പത്ത് ബ്രാഹ്മണാലയങ്ങൾ ഉണ്ടായിരുന്നുവെന്ന കേട്ട അറിവു മാത്രമെ ഗ്രാമത്തിലെ പ്രായം ചെന്നവർക്കുള്ളു. അഞ്ച് ബ്രാഹ്മണാലയങ്ങളെക്കുറിച്ചുള്ള വിവരം ഈ ക്ഷേത്രത്തിൻ്റെ ആധാരങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കുറുങ്ങാട്ട് മന, ഇളയേടത്ത് മന, തെക്കുമ്പാട്ട് മന, പൂതേരി മന, ചേലയിൽ മന എന്നിവയാണ് ആ അഞ്ച് ബ്രാഹ്മണാലയങ്ങൾ. ഇതിൽ കുറുങ്ങാട്ട്, ഇളയേടത്ത് മനകളാണ് ഇപ്പോഴുള്ളത്.

പരശുരാമൻ പ്രതിഷ്ഠിച്ച 108 ദുർഗ്ഗാക്ഷേത്രങ്ങളിലൊന്നാണ് പോത്തനൂർ ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രം. പടിഞ്ഞാട്ട് ദർശനമായി വട്ട ശ്രീകോവിലിലാണ് പ്രതിഷ്ഠ. ഉപദേവനായി ഗണപതിയാണുള്ളത്. 

തീർത്ഥക്കിണർ ശ്രീകോവിലുമായി ബന്ധപ്പെടുത്തിയ നിലയിലാണ്. അഭിഷേകം ചെയ്താൽ ശ്രീകോവിലിലെ പുഷ്പം തീർത്ഥക്കിണറിൽ എത്തുമെന്ന ഒരു വിശ്വാസവുമുണ്ട്. പടിഞ്ഞാറെ നടയിൽ ബലിക്കൽ പുരയും വലിയ ബലിക്കല്ലും ഉണ്ടായിരുന്നു.

ആനപ്പള്ളമതിലും മതിൽക്കെട്ടിൽ കിഴക്കും പടിഞ്ഞാറും ഗോപുരങ്ങളും ഉണ്ടായിരുന്ന ക്ഷേത്രമാണ്. പോത്തനൂർ ദേവസ്വത്തിൻ്റെ പ്രധാന ക്ഷേത്രമായ ഈ ക്ഷേത്രത്തിന് കീഴേടമായി അന്ത്യാളം കുടം ക്ഷേത്രം, അന്തിമഹാകാളൻ ക്ഷേത്രം, തിരുവാങ്കണ്ടം മഹാവിഷ്ണു ക്ഷേത്രം, കുറുങ്ങാട്ട് തൃക്കോവിൽ മഹാവിഷ്ണു ക്ഷേത്രം എന്നിവയുമുണ്ട്. കൊണ്ടയാർ പാലം മുതൽ ചമ്രവട്ടം വരെയുള്ള ഭൂമികൾ പോത്തനൂർ ദേവസ്വത്തിൻ്റെതായിരുന്നു. പാട്ടമായി 3000 പറ നെല്ലാണ് ആണ്ടിനാൽ ക്ഷേത്രത്തിനു ലഭിച്ചിരുന്നത്. ഇപ്രകാരം ലഭിക്കുന്ന നെല്ല് സൂക്ഷിക്കാൻ ക്ഷേത്രത്തിൻ്റെ തെക്കുഭാഗത്ത് വലിയ ഒരു പത്തായപ്പുരയും ഉണ്ടായിരുന്നു. ക്ഷേത്രത്തിൽ പഴയ കാലത്ത് കഞ്ഞി നൽകിയിരുന്നു. ദേവിയുടെ പ്രസാദമായ കഞ്ഞി കുടിക്കാൻ ധാരാളം ആളുകൾ ക്ഷേത്രത്തിൽ വന്നിരുന്നതായി നാട്ടറിവുണ്ട്. കഞ്ഞി വെക്കാൻ വെള്ളമെടുക്കുന്ന ‘കൊക്കർണ്ണി’ (കല്ലുവെട്ടിയ കുളം )ക്ഷേത്രത്തിൻ്റെ തെക്കുഭാഗത്തായി ഉണ്ടായിരുന്നു. കാടുപിടിച്ച നിലയിൽ കൊക്കർണ്ണി ഇപ്പോഴുമുണ്ട്.

കൊടിമരവും ആറാട്ടും നടന്നിരുന്ന ക്ഷേത്രമായിരുന്നു ഇത്. പോത്തനൂർ ദുർഗ്ഗാദേവി ക്ഷേത്രത്തിൻ്റെ കിഴക്കുഭാഗത്തായി ആറാട്ട് കടവോടു കൂടിയ ഒരു കുളമുണ്ട്. ഈ തീർത്ഥക്കുളത്തിലാണ് ആറാട്ട് നടന്നിരുന്നതെന്ന് കരുതുന്നു.

പോത്തനൂർ ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിലെ തകർന്ന പത്തായപ്പുരയുടെ വാതിൽ

പ്രശോഭിതമായി പരിലസിച്ചിരുന്ന ഈ ക്ഷേത്രം നൂറ്റാണ്ടുകൾക്ക് മുമ്പ് തകർക്കപ്പെട്ടു. തകർക്കപ്പെട്ട കാലമോ ആരാണ് തകർത്തതെന്നോ വ്യക്തതയില്ല. ടിപ്പുവിൻ്റെ പടയോട്ടക്കാലത്ത് ഭാരതപ്പുഴയുടെ ഇരുകരകളിലുമുള്ള നിരവധി ക്ഷേത്രങ്ങൾ തകർത്തിട്ടുണ്ട്. പ്രസ്തുത കാലഘട്ടത്തിലാണ് ഭാരതപ്പുഴയുടെ തെക്കെ കരയിലുള്ള  ഈ ക്ഷേത്രവും തകർന്നതെന്നാണ് പഴമക്കാർ അവർക്കു കൈമാറിക്കിട്ടിയ അറിവു വച്ച് പറയുന്നത്. ക്ഷേത്രത്തിൻ്റെ കിഴക്കും പടിഞ്ഞാറുമുള്ള ഗോപുരം തകർത്ത സ്വഭാവം പരിശോധിക്കുമ്പോൾ ക്ഷേത്ര ധ്വംസകർ രണ്ടു സംഘങ്ങളായി വന്ന് കിഴക്കും പടിഞ്ഞാറും ഭാഗത്തു കൂടി ക്ഷേത്രത്തിൽ പ്രവേശിച്ചതായി കരുതാവുന്നതാണ്. പടിഞ്ഞാറു ഭാഗത്തു നിന്നും വന്ന സംഘം വലിയ നമസ്ക്കാര മണ്ഡപം തകർത്തു. പിന്നീട് യോജിച്ച അക്രമമായി. ബലിക്കൽ പുര, ചുറ്റമ്പലം, എന്നിവ തകർത്ത ശേഷം ദ്വാരപാലകരുടെ കൈകൾ അടിച്ചുടച്ചു. ശ്രീകോവിലിൻ്റെ വാതിൽ തകർത്ത് അകത്തു പ്രവേശിച്ച് ദേവീ വിഗ്രഹം അടിച്ചുടച്ചു. ഉടഞ്ഞ വിഗ്രഹക്കഷണങ്ങൾ പീഠത്തിനകത്തേക്കിറങ്ങിപ്പോയി. പീഠത്തിൻ്റെ ദ്വാരത്തിനുള്ള ആഴം ഇപ്പോഴും വ്യക്തമല്ല.

മേൽപ്രകാരം ഉടഞ്ഞ വിഗ്രഹം ഇറങ്ങിപ്പോയതിൻ്റെ അഗ്ര ഭാഗമാണ് ഇപ്പോഴും കാണാനാവുക. ഉപപ്രതിഷ്ഠയായ ഗണപതി വിഗ്രഹവും തല്ലിത്തകർത്തു. അക്രമികളുടെ ആക്രമണത്തിനു ശേഷം ഏറെക്കാലം ക്ഷേത്രം അതേ നിലയിൽ കിടന്നു. പത്തായപ്പുരയും തകർന്ന നിലയിലാണ്. ക്ഷേത്ര പുനരുദ്ധാരണത്തിന് തുടക്കം കുറിച്ചത് 1155 കുംഭം അഞ്ചിനാണ്. പാവറട്ടി ഷൺമുഖൻ നായരുടെ നേതൃത്വത്തിലാണ് അഷ്ടമംഗല പ്രശ്നം നടത്തിയത്. അതനുസരിച്ച് രൂപീകൃതമായ പുനരുദ്ധാരണ കമ്മിറ്റി ക്ഷേത്ര പുനരുദ്ധാരണം കുറേശ്ശെയായി നടത്തി വരുന്നു. വിഗ്രഹം ഉടഞ്ഞു കിടക്കുകയാണെങ്കിലും ചൈതന്യവത്താണെന്ന പ്രശ്ന വിധിയെത്തുടർന്ന് പുന:പ്രതിഷ്ഠ നടത്തിയിട്ടില്ല. വട്ട ശ്രീകോവിലിൻ്റെ മേൽക്കൂര നശിച്ചിരുന്നു. അത് പുനരുദ്ധാരണം ചെയ്തപ്പോൾ അഷ്ട കോണാക്കിയാണ് നിർമ്മിച്ചത്. മേൽക്കൂര വൃത്താകാരത്തിൽ തന്നെ നിർമ്മിക്കണമെന്ന് പിന്നീട് വേഴപ്പറമ്പൻ നിർദ്ദേശിച്ചു. അപ്രകാരമുള്ള പ്രവൃത്തി ബാക്കിയാണ്. തീർത്ഥക്കിണറിൽ ജലദൗർലഭ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് കിണർ മണ്ണെടുത്ത് അഴം കൂട്ടാൻ ശ്രമിച്ചെങ്കിലും കിണറ്റിൽ നിന്നുണ്ടായ അസാധാരണത്വം നിമിത്തം അത് ഉപേക്ഷിക്കേണ്ടി വന്നു. കിണറ്റിനടിയിൽ മൂന്ന് കല്ലുകൾ കിണർ വൃത്തിയാക്കുന്നവർ കണ്ടു. ഈ കല്ല് ഇളക്കിയതോടെ പൂക്കൾ കാണാനിടയാവുകയും ഓക്സിജൻ്റെ ലഭ്യത കുറയുകയും ചെയ്തു. ഭയചകിതരായ അവർ കല്ല് യഥാസ്ഥാനത്തു വച്ച് കയറുകയായിരുന്നു. ശ്രീലകത്തു നിന്നുള്ള പൂക്കൾ തീർത്ഥക്കിണറ്റിലെത്തുമെന്ന വിശ്വാസത്തെ ബലപ്പെടുത്തുന്നതായിരുന്നു ഈ സംഭവം. കല്ലുകൾ ശ്രീചക്ര ഭാവത്തിൽ സ്ഥാപിച്ചതായിരുന്നുവെന്നാണ് വിശ്വസിക്കപ്പെട്ടു വരുന്നത്. ഗണപതി പ്രതിഷ്ഠ നടത്തുകയും നമസ്ക്കാര മണ്ഡപവും ബലിക്കൽ പുര നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്. ബലിക്കൽ പുരയുടെ അവസ്ഥ ശോചനീയമാണ്. ഇത് സ്ഥായിയായി പുനരുദ്ധാരണം ചെയ്യേണ്ടതുണ്ട്.

ആനപ്പള്ളമതിൽ, ഇരു ഭാഗത്തേയും ഗോപുരങ്ങൾ, പത്തായപ്പുര എന്നിവ പുനസ്ഥാപിക്കാനും പുതിയ ബലിക്കല്ല്, പ്രദക്ഷിണവഴി എന്നിവ ഉണ്ടാക്കുവാനുമുണ്ട്. ഗതകാല പ്രൗഢിയുടെ ലക്ഷണങ്ങൾ അവശേഷിക്കുന്ന ക്ഷേത്രത്തിൽ നിത്യപൂജയുണ്ട്. സാമ്പത്തിക ഭദ്രതയുള്ളവർ സഹായിച്ചെങ്കിൽ മാത്രമേ ഇതെല്ലാം സാദ്ധ്യമാവുകയുള്ളൂ. മകരത്തിൽ രണ്ടാമത്തെ ചൊവ്വാഴ്ച പോത്തന്നൂർ വേല എന്ന പേരിൽ ഉത്സവം നടത്തി വരുന്നു. കുറുങ്ങാട്ട് വാസുദേവൻ നമ്പൂതിരി പ്രസിഡന്റായും, ശിവശങ്കരൻ പോത്തന്നൂർ വൈസ് പ്രസിഡന്റായും, കെ.വി.ഷാജി സെക്രട്ടറിയായും, പ്രവീൺ കല്ലിങ്ങൽ ഖജാഞ്ചിയായും 11 അംഗ ജീർണ്ണോദ്ധാരണ കമ്മിറ്റിയാണ് ഇപ്പോഴുള്ളത്.

പോത്തനൂർ ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രം

Leave a Comment