110: മലയിൽ ഭഗവതി ക്ഷേത്രം
May 2, 2023112: ആലത്തിയൂർ ശ്രീ വൈദ്യൻ തൃക്കോവിൽ മഹാശിവക്ഷേത്രം
May 4, 2023തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 111
അകലെ നിന്നു കാണുമ്പോൾ പക്ഷികൾ ചിലയ്ക്കുന്ന കാട് നിബിഡമായ ഒരു കാവ് ആണെന്നേ തോന്നുകയുള്ളു. അകത്തേക്ക് കടന്നു ചെന്നാൽ പഴയ നിർമ്മിതികളുടെ അവശേഷിപ്പുകൾ നമുക്കു കാണാൻ സാധിക്കും. പരശ്ശതം വർഷങ്ങളായി മനുഷ്യ ഗന്ധമേൽക്കാതെ കാടുകയറിക്കിടക്കുന്ന തകർന്ന ഒരു പുരാതന ക്ഷേത്രത്തിൻ്റെ അവശിഷ്ടങ്ങളാണത് . ചതുര ശ്രീകോവിലോടെയുള്ള ആയിരത്തഞ്ഞൂറ് വർഷത്തെ പഴക്കം തോന്നിക്കുന്ന ക്ഷേത്രഭൂമി ആരും തിരിഞ്ഞു നോക്കാതെ കിടക്കുകയാണ്. കരിങ്കല്ലിൽ കൊത്തുപണികളോടെയുള്ള ശ്രീകോവിലിൻ്റെ തറയ്ക്ക് മീതെ വലിയ മരങ്ങളും മുൾക്കാടുകളൂം വളർന്നു നിൽക്കുന്നു. മണ്ണിനോടുള്ള മനുഷ്യൻ്റെ ഒടുങ്ങാത്ത ആർത്തിയുടെ ദുരന്തമേറ്റു വാങ്ങേണ്ടി വന്ന ക്ഷേത്രത്തിൻ്റെ തീർത്ഥക്കിണറും കാട് മൂടി കിടക്കുകയാണ്. മലപ്പുറം ജില്ലയിൽ പുറത്തൂർ പഞ്ചായത്തിലെ തൃത്തല്ലൂരിലുള്ള പെരുന്തിരുത്തി ദേവീ ക്ഷേത്രഭൂമിയാണിത്.
കിഴക്കോട്ട് ദർശനമായി സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിൻ്റെ വടക്കു കിഴക്കെ മൂലയിലാണ് തീർത്ഥക്കിണറുള്ളത്. ചുറ്റമ്പലത്തിൻ്റെ തറയും കാടുമൂടി കിടക്കുകയാണ്. മേൽക്കൂരയും ഭിത്തിയും കാണാനില്ല. അതേ സമയം കൽ വിളക്കുകൾ ഘടിപ്പിച്ച നിലയിൽ നാലമ്പലത്തിൻ്റെ ചുറ്റുമതിൽ തകർന്ന നിലയിലുണ്ട്. ക്ഷേത്രത്തിൻ്റെ കിഴക്കു ഭാഗം വിശാലമായ നെൽവയലുകളായിരുന്നു. ക്ഷേത്രഭൂമിയിലേക്ക് പ്രവേശിക്കാൻ വയലിലൂടെ വലിയ വരമ്പാണ് ഉണ്ടായിരുന്നത്. വയലിൽ വലിയ ഒരു അരയാലും ക്ഷേത്രഭൂമിയിലേക്ക് പ്രവേശിക്കുന്നിടത്ത് മറ്റൊരു അരയാലും ഉണ്ടായിരുന്നു. വയലുകൾ നികത്തി വീടുകൾ വച്ചതോടെ ഒരു അരയാൽ നശിപ്പിച്ചു. നൂറ് വർഷത്തോളമായി പെരുന്തിരുത്തി ദേവീക്ഷേത്രം ശോച്യാവസ്ഥയിൽത്തന്നെയാണ്. പുനരുദ്ധാരണം ചെയ്യാത്ത നിലയിൽത്തന്നെ ഉത്സവങ്ങൾ നടത്തിയിരുന്നതായി തൻ്റെ കുട്ടിക്കാലത്തെ ഓർമ്മകൾ പങ്കുവെച്ചുകൊണ്ട് ക്ഷേത്ര ഊരാള കുടുംബത്തിൽപെട്ട കണ്ടാണത്ത് പുത്തൻവീട്ടിൽ രവീന്ദ്രൻ പറഞ്ഞു.
പുറത്തൂരിലെ പ്രമുഖ തറവാട്ടുകാരായ എടമിറ്റത്ത് പണിക്കൻമാരുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ക്ഷേത്രമാണിത്. എടമിറ്റത്ത് ഗോപാല പണിക്കരുടെ കാലശേഷമാണ് ഈ ദേവഭൂമി ഇങ്ങനെ തകർന്നടിഞ്ഞത്. അതിനു പിന്നിൽ ഒരു കയ്യേറ്റത്തിൻ്റേയും വിശ്വാസ വഞ്ചനയുടേയും ചരിത്രം ഒളിഞ്ഞു കിടക്കുന്നുണ്ട്. പെരുന്തിരുത്തി ദേവീക്ഷേത്രത്തിനു പുറമെ, കണ്ണന്തളി ശിവക്ഷേത്രം, പൊന്നാരങ്ങശാല ശിവക്ഷേത്രം, തൃത്തല്ലൂർ അയോധനക്കളരി എന്നിവയൊക്കെ എടമിറ്റത്തു പണിക്കൻമാരുടേതാണ്. ധാരാളം ആശ്രിതരും കുടുംബ സുഹൃത്തുക്കളും എടമിറ്റത്ത് ഗോപാല പണിക്കർക്കുണ്ടായിരുന്നു. അതിൽ ഒരാളായിരുന്നു പൊന്നാനിയിലെ ഏന്തീൻ കുട്ടി. പിൽക്കാലത്തുണ്ടായ ജീവിത സാഹചര്യങ്ങളെത്തുടർന്ന് ഗോപാല പണിക്കർ ഏന്തീൻ കുട്ടിയുടെ പക്കൽ നിന്ന് പലപ്പോഴായി പണം കടം വാങ്ങിയിരുന്നു. ഈ തുക തിരിച്ചു വാങ്ങാൻ ഏതീൻ കുട്ടി തയ്യാറായില്ല. പണം കടം കൊടുക്കുമ്പോൾ എന്തീൻ കുട്ടിയുടെ ലക്ഷ്യം ഗോപാല പണിക്കരുടെ ഭൂമി കൈവശപ്പെടുത്തുക എന്നതായിരുന്നു.
ഈ ആവശ്യം എന്തീൻ കുട്ടി ഉന്നയിച്ചപ്പോഴാണ് അയാളുടെ ഗൂഢലക്ഷ്യം ഗോപാലപണിക്കർ തിരിച്ചറിഞ്ഞത്. പിടിച്ചെടുക്കുന്ന രീതിയിൽ ഭൂമി റജിസ്റ്റർ ചെയ്തു തരില്ലെന്ന് ഗോപാല പണിക്കർ പറഞ്ഞു. അതേ സമയം എടമിറ്റത്തു പണിക്കരുടെ ഭൂമി ഏന്തീൻ കുട്ടി പിടിച്ചടക്കി. രേഖയില്ലാതെ ഒരാളുടെ ഭൂമിക്ക് മേൽ മറ്റൊരാൾ അവകാശവാദമുന്നയിച്ചാൽ അതിന് നിയമ സാധുതയില്ലെന്ന് അറിയാവുന്ന ഗോപാല പണിക്കർ എന്തീൻ്റെ അവകാശവാദത്തിനു മുന്നിൽ കണ്ണടച്ചു. അങ്ങനെ പിടിച്ചടക്കം ചെയ്ത ഭൂമിയിൽ പെട്ടതാണ് പെരുന്തിരുത്തി ദേവീക്ഷേത്രവും അനുബന്ധ സ്വത്തുക്കളും. ഗോപാലപണിക്കർ ഏന്തീൻ കുട്ടിക്ക് ഭൂമി സംബന്ധിച്ച് യാതൊരു രേഖയും റജിസ്റ്റർ ചെയ്തു കൊടുത്തിട്ടില്ലെന്നാണ് പണിക്കരുടെ പിൻമുറക്കാർ പറയുന്നത്. അതേ സമയം വേറെ വിധത്തിൽ വല്ല രേഖയും ഉണ്ടാക്കിയിട്ടുണ്ടോയെന്ന സംശയവും അവർക്കുണ്ട്. ഗോപാല പണിക്കരുടെ ഭൂമി കൈവശം വെച്ചിരുന്ന ഏന്തീൻ കുട്ടിയിൽ നിന്നും പിൽക്കാലത്ത് കുഞ്ഞൂസ്സൻ എന്നൊരാളിലെത്തി. ഇയാളിൽ നിന്നും ക്ഷേത്രഭൂമി അടക്കമുള്ളവ പലരിലേക്കും കൈമാറ്റം ചെയ്യപ്പെട്ടു.
ക്ഷേത്രത്തിൻ്റെ കിഴക്കെ നടയിൽ നിന്നും ഇറങ്ങിയെത്തുന്ന ഭൂമി ഇപ്പോൾ തെങ്ങിൻ തോപ്പ് ആണ്. കിഴക്കെ ആൽമരം ഇടക്കാലത്തുവെച്ച് വെട്ടിനശിപ്പിക്കാൻ ശ്രമിച്ചെങ്കിലും സർപ്പഭയം നിമിത്തം പിന്തിരിയുകയായിരുന്നു. ക്ഷേത്ര ഭൂമിയുടെ ചുറ്റുമുള്ള ഭാഗം ഹിന്ദുക്കളാണ് കൈവശം വെച്ചു വരുന്നത്. ക്ഷേത്രത്തിന് ധാരാളം ഭൂമിയുണ്ടായിരുന്നുവെന്നാണ് എടമിറ്റത്ത് ഗോപാല പണിക്കരുടെ പിന്തുടർച്ചക്കാർ പറയുന്നത്. ക്ഷേത്രത്തിൻ്റെ വടക്കു ഭാഗത്താണ് വിശാലമായ ക്ഷേത്രകുളമുള്ളത് . ഇതും അന്യ കൈവശത്തിലാണ്. ക്ഷേത്ര പുനരുദ്ധാരണത്തിന് ഒരു ആലോചനയുണ്ടായെങ്കിലും എവിടേയുമെത്തിയില്ല. ധാരാളം ഹിന്ദുക്കൾ വസിക്കുന്ന പ്രദേശത്താണ് ക്ഷേത്രം തകർന്നു കിടക്കുന്നത്. ക്ഷേത്ര ചൈതന്യം നശിക്കാൻ വേസ്റ്റ് ക്ഷേത്രത്തിനകത്ത് കൊണ്ടുവന്നിട്ട കാഴ്ചയും അവിടെ കണ്ടു. ക്ഷേത്രത്തിൻ്റെ ഭൂമി പലരുടേയും കൈവശത്തിലായതിനാലാണ് ഭക്തർ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങാത്തതെന്നാണ് ലഭ്യമായ വിവരം. ക്ഷേത്ര പുനരുദ്ധാരണത്തിന് പ്രദേശത്തുള്ളവർ തയ്യാറായാൽ ഊരാള കുടുംബം സഹകരിക്കാൻ സന്നദ്ധമാണ്.