67: പെരുമ്പറമ്പ് തൊറങ്കര ശിവക്ഷേത്രം

66: ചെറുപൊയിലം ശ്രീ മഹാവിഷ്ണു ക്ഷേത്രം
March 9, 2023
68: പള്ളിയിൽ ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രം
March 16, 2023

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 67

കൊടും കാടിനത്ത് ഒരു പുരാതന ക്ഷേത്രസമുച്ചയമുണ്ടെന്നു മാത്രമേ നാട്ടുകാർക്ക് അറിയുകയുള്ളൂ. പകൽ പോലും അതിനടുത്തേക്ക് ചെല്ലാൻ ആരും ധൈര്യപ്പെട്ടിരുന്നില്ല. അതേ സമയം ആകാട്ടിലേക്ക് പോകാൻ ധൈര്യം കാണിച്ച ചിലരുണ്ട്. ദൂരെ നിന്നുമൊക്കെ എത്തിയിരുന്ന സാമൂഹ്യ വിരുദ്ധരായിരുന്നു അവർ. ചീട്ടുകളി, മദ്യപാനം എന്നു വേണ്ട സകല സാമൂഹ്യ വിരുദ്ധ പ്രവർത്തനത്തിന്റേയും കേന്ദ്രമായി ആ ദേവഭൂമി അധ:പ്പതിപ്പിച്ചു. ഈ ക്ഷേത്രഭൂമിയുടെ ദുരവസ്ഥയിൽ മനംനൊന്തു കഴിഞ്ഞിരുന്നവരിൽ ഒരാളായിരുന്നു കായലു പള്ളത്തിൽ സുനിൽ. കാടു നീക്കം ചെയ്ത് ക്ഷേത്രഭൂമിയിൽ വിളക്കു വെപ്പു തുടങ്ങണമെന്നും അദ്ദേഹം ആഗ്രഹിച്ചു. ഇതോടെ ആ ക്ഷേത്രഭൂമിയുടെ തലവര മാറുകയായിരുന്നു.

കാടുവെട്ടിത്തെളിയിച്ചപ്പോൾ കണ്ടെത്തിയ തൊറങ്കര ശിവക്ഷേത്ര സമുച്ചയം

         പൊന്നാനി താലൂക്കിൽ എടപ്പാൾ പഞ്ചായത്തിലുള്ള പെരുമ്പറമ്പ് തൊറങ്കര ശിവക്ഷേത്രത്തെക്കുറിച്ചു ലഭിച്ച ചെറിയ വിവരണം അത്ര മാത്രം. പൊന്നാനി താലൂക്കിൽ പൊന്നാഴിക്കരയിലുള്ള കിഴക്കെ പൊൽപ്പാക്കരമനയാണ് തൊറങ്കര ശിവക്ഷേത്രത്തിന്റെ ഊരാളൻ.

പെരുമ്പറമ്പ് ,തൊറങ്കര എന്നീ പേരുകൾ സ്ഥലനാമമായി വരാനുള്ള ഐതിഹ്യമോ ചരിത്രമോ ആർക്കും അറിയില്ല. എന്നാൽ പൊന്നാനിയുടെ സ്ഥലനാമ ചരിത്രം ആഴ്വഞ്ചേരി തമ്പ്രാക്കളുടെ സ്വർണ്ണപ്പശുവും പാക്കനാരും തമ്മിലുള്ള ഒരു കഥയാണു നിലവിലുള്ളത്. അതേ സമയം, പൊന്നാഴിയാണ് പൊന്നാനി എന്ന പേരിൽ അറിയപ്പെടാനിടയായത്. മത്സ്യ ബന്ധനവുമായി ബന്ധപ്പെട്ട ഒരു തുറമുഖ നാടാണ് പൊന്നാനി. മുക്കുവരെ സംബന്ധിച്ചിടത്തോളം മത്സ്യസമ്പത്ത് പൊന്നാണ്. ഒരു കാലഘട്ടത്തിൽ പൊന്നാനി കടൽ മേഖല വലിയ മത്സ്യസമ്പത്തുണ്ടായിരുന്നത് ആയിരിക്കണം. കാണാപ്പൊന്ന് അത്യധികമുള്ള ആഴിയെ അഥവാ കടലിനെ അവർ പൊന്നാഴിയെന്ന് നെഞ്ചോടു ചേർത്തു പറഞ്ഞിരിക്കാം. അങ്ങനെ സ്ഥലപ്പേരും പൊന്നാഴിയായി. പിൽക്കാലത്ത് പൊന്നാഴി പൊന്നാനിയായി പരിണമിച്ചു. കിഴക്കെ പൊൽപ്പാക്കര മനസ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ പേര് പൊന്നാഴിക്കര എന്നാണെന്ന കാര്യം സ്ഥലനാമ ചരിത്രത്തെ ബലപ്പെടുത്തുന്നതാണ്.

പീഠത്തിൽ വിഷ്ണു പാദം മാത്രം തൊറങ്കര ശിവക്ഷേത്രം

  പെരുമ്പറമ്പിൽ പൊൽപ്പാക്കര മനയടക്കം നാല് പ്രമുഖ മനകൾ ഉണ്ടായിരുന്നു. നാല് മനക്കാരും ചേർന്ന് പെരുമ്പറമ്പിൽ ഒരു ശിവക്ഷേത്രം നിർമ്മിച്ചു. 750 വർഷം മുമ്പാണ് ഈ ക്ഷേത്രത്തിന്റെ നിർമ്മിതി. രണ്ട് തീർത്ഥക്കിണറും തീർത്ഥക്കുളവും അനുബന്ധമായി നിർമ്മിച്ചു.

       ഏറെക്കാലത്തിനു ശേഷം മൂന്ന് മനക്കാർ ദേശം വിട്ടു പോയി. ഈ മനകളുടെ പേരുവിവരങ്ങൾ ആർക്കും അറിയില്ല. അപ്രകാരം അവർ പലായനം ചെയ്യുന്നതിനു മുമ്പ് മനയിൽ ഉപാസിച്ചിരുന്ന വിഗ്രഹങ്ങൾ തൊറങ്കര ശിവക്ഷേത്രത്തിൽ വച്ചിരുന്നു. ഒരു ശിവൻ, രണ്ട് വിഷ്ണു വിഗ്രഹങ്ങളാണ് ഇങ്ങനെ ലഭിച്ചത്. മൂന്നു മനക്കാരും നാടുവിട്ടു പോയ ശ്രമം ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം പൊന്നാഴിക്കരയിലെ കിഴക്കെ പൊൽപ്പാക്കര മനക്കാർക്കു മാത്രമായി.

        അങ്ങനെയിരിക്കെ, ഊരാളൻമാർ ക്ഷേത്ര പരിപാലനത്തിൽ ശ്രദ്ധിക്കാഞ്ഞതോടെ ക്ഷേത്രം ക്രമേണ കാട് മൂടി തകർന്നു. കാടുമൂടിയ ക്ഷേത്രഭൂമി നൂറ്റാണ്ടുകളോളം അനാഥമായിക്കിടന്നു. 2005ലാണ് തൊറങ്കര ശിവക്ഷേത്രം പുനരുദ്ധാരണം ചെയ്യാനുള്ള ആലോചനയുണ്ടായത്. തുടർന്ന് നാട്ടുകാരായ ഭക്തജനങ്ങൾ ചേർന്ന് പുനരുദ്ധാരണ കമ്മിറ്റി രൂപീകരിച്ചു. ഊരാള കുടുംബത്തിലെ നാരായണൻ നമ്പൂതിരി പ്രസിഡന്റും കായലു പള്ളത്ത് സുനിൽ സെക്രട്ടറിയും ആശാരിപുരക്കൽ അറമുഖൻ ജോയന്റ് സെക്രട്ടറിയും രജീഷ് ട്രഷററുമായി 15 അംഗ കമ്മിറ്റിയാണ് രൂപം കൊണ്ടത്.

      ഭക്തജനങ്ങൾ ചേർന്ന് കാട് പൂർണ്ണമായും നീക്കം ചെയ്തപ്പോർ നാല് പഴയ ശ്രീ കോവിലിന്റെ അവശിഷ്ടങ്ങളും ഒരു നമസ്കാര മണ്ഡപത്തറയും കണ്ടെത്തി. ശ്രീകോവിലുകളുടെ ചുമരുകൾ ഇടിഞ്ഞ നിലയിലായിരുന്നു. പഴയ കാലത്ത് ആദ്യം നിർമ്മിച്ച ക്ഷേത്രത്തിലെ ശിവൻ കിരാതമൂർത്തീഭാവത്തിലുള്ളതായിരുന്നു. ഇതിന്റെ വലതുഭാഗത്ത് ഒരു ശിവക്ഷേത്രവും ഇടതുഭാഗത്ത് വിഷ്ണുവുമാണ്. ഈ വിഷ്ണുവിന്റെ പാദം മാത്രമെ ലഭിച്ചുള്ളൂ. ക്ഷേത്രം കാടുമൂടി കിടന്ന കാലഘട്ടത്തിൽ വിഗ്രഹം സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചതായാണ് നാട്ടുകാർ കരുതുന്നത്. ഈ ക്ഷേത്രത്തിനും ഇടതുഭാഗത്ത് ഒരു വിഷ്ണു ക്ഷേത്രം കൂടി കണ്ടെത്തി.

        തകർന്ന ക്ഷേത്രങ്ങൾക്ക് ശ്രീകോവിലുകൾ നിർമ്മിച്ചു. നമസ്ക്കാര മണ്ഡപം പുനർനിർമ്മിച്ചിട്ടില്ല. വിഷ്ണുവിന്റെ രണ്ട് ക്ഷേത്രത്തിലും പുതിയ വിഗ്രഹം പ്രതിഷ്ഠിക്കാനുണ്ട്. ചുറ്റുമതിൽ, ചുറ്റമ്പലം എന്നിവയെല്ലാം പുനരുദ്ധാരന പദ്ധതിയിലുണ്ട്. സാമ്പത്തിക ക്ലേശത്തെ തുടർന്ന് പുനരുദ്ധാരണം പൂർണ്ണമാക്കാൻ സാധിച്ചിട്ടില്ല മാസത്തിലെ ആദ്യത്തെ തിങ്കളാഴ്ച വൈകുന്നേരം ഒരു നേരം മാത്രമാണ് പൂജയുള്ളത്.

പുനരുദ്ധാരണം നടന്നു കൊണ്ടിരിക്കുന്ന തൊറങ്കര ശിവക്ഷേത്ര സമുച്ചയം

Leave a Comment