
58: കുന്നംപുള്ളി ശിവപാർവ്വതി ക്ഷേത്രം
February 12, 2023
61: കൊളമ്പി അറയ്ക്കൽ ഭഗവതി ക്ഷേത്രം
February 19, 2023തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 60
1992 ഡിസംബർ മാസം. തിയ്യതിയൊന്നും ഓർമ്മയിൽ വരുന്നില്ല. അയോദ്ധ്യയിൽ തർക്കമന്ദിരം തകർത്തതിന്റെ കലിപ്പിൽ കനത്തു നിൽക്കുകയാണ് മലപ്പുറം ജില്ലയിലെ ഒരു വിഭാഗമാളുകൾ .രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവർത്തകരും അനുഭാവികളും അവരുടെ കണ്ണിൽ ശത്രുവായി. മുസ്ലീം വിഭാഗം ഹിന്ദു തൊഴിലാളികൾക്ക് ജോലി നിഷേധിച്ചു. പലരും മാപ്പിളമാരുടെ അക്രമം ഉണ്ടാവുമെന്ന് ഭയപ്പെട്ട് ഒളിച്ചു കഴിഞ്ഞു.

ഞങ്ങളുടെ ഗ്രാമത്തിലെ ഹിന്ദുക്കൾ കൂലിപ്പണിയെടുത്തും തെങ്ങുകയറൽ കെട്ടിട നിർമ്മാണം അങ്ങനെയൊക്കെയുള്ള ജോലി ചെയ്തു ജീവിക്കുന്നവരാണ്.ഭൂരിഭാഗവും മുസ്ലീംങ്ങളുള്ള പ്രദേശമാണിത്. തൊഴിൽ നിഷേധിച്ചതോടെ ഹിന്ദുക്കൾ ദുരിതത്തിലായി. ചേറൂരുള്ള മാപ്പിളമാരെല്ലാവരും കൂടി ചെനക്കപറമ്പിലേക്ക് പ്രതിഷേധ ജാഥ നടത്തി. പകയുടെ കനലു മായിനടക്കുന്ന അവർ അക്രമിക്കാൻ വരുമെന്ന് എല്ലാവരും ഭയപ്പെട്ടു. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവർത്തകരും അനുഭാവികളും കുടുംബവും അവരുടെ ശത്രു പട്ടികയിലായിക്കഴിഞ്ഞിരുന്നു.
“ഞാനും കുറച്ചു പേരും വീടിനു പുറത്തുള്ള ഒരിടത്ത് കരുതലോടെ ഇരുന്നു. അകലെ ചൂട്ടു കറ്റകൾ വീശി കുറേ പേർ പോകുന്നതു കണ്ടു. ഞങ്ങൾക്ക് അവിടെ ഇരുന്നാൽ വളരെ ദൂരെയുള്ള സ്ഥലം വരെ കാണാമായിരുന്നു. ആരൊക്കെയാണ് പോകുന്നതെന്ന് ഇരുട്ടായതിനാൽ മനസ്സിലാക്കാൻ സാധിച്ചില്ല. എന്നാൽ അവർ പോകുന്നത് പെരണ്ടക്കൽ ഭഗവതി ക്ഷേത്രം ലക്ഷ്യം വച്ചാണെന്നു വ്യക്തമായിരുന്നു. അവരെ പിന്തുടരാനും പിന്തിരിപ്പിക്കാനുമുള്ള ഒരു അന്തരീക്ഷമായിരുന്നില്ല. അവിടെ എന്തൊക്കെ സംഭവിച്ചുവെന്ന് അപ്പോൾ അറിയാൻ കഴിഞ്ഞില്ല. പിറ്റേ ദിവസം കേട്ടത് പെരണ്ടക്കൽ ക്ഷേത്രം ബോംബുവെച്ചു തകർത്തെന്നാണ്. ബോംബുവെച്ചിട്ടില്ല. കനത്ത അക്രമമാണ് അന്നത്തെ രാത്രിയിൽ പെരണ്ടക്കൽ ഭഗവതി ക്ഷേത്രത്തിനു നേരെയുണ്ടായത്”. ചക്കുവായി കൃഷ്ണൻകുട്ടി ഖിന്ന ചിത്തനായിക്കൊണ്ടാണ് അത്രയും പറഞ്ഞത്.
മലപ്പുറം ജില്ലയിൽ കണ്ണമംഗലം പഞ്ചായത്തിലുള്ള പെരണ്ടക്കൽ ഭഗവതി ക്ഷേത്രത്തിന്റെ ഭൂതകാലം അക്രമങ്ങൾക്ക് ഇരയായതിന്റെ ചരിത്രം മാത്രമെ പറയാനുള്ളു.
അന്ന് ക്ഷേത്രത്തിൽ നടന്ന അക്രമ സംഭവങ്ങളെക്കുറിച്ച് ക്ഷേത്ര കമ്മിറ്റി സെക്രട്ടറി പൂർത്തിയാക്കിയതിങ്ങനെ-
ക്ഷേത്രത്തിന് ഇന്നത്തെ പോലെ അടച്ചുറപ്പുള്ള വാതിലുകളൊന്നുമില്ല. ഗ്രില്ലു വെച്ചതായിരുന്നു. അക്രമികൾ ഗ്രില്ലുതകർത്ത് അകത്തു കയറി. ശ്രീ കോവിലിനുള്ളിൽ കയറി ദേവീ വിഗ്രഹം അടിച്ചുടച്ച് കിണറ്റിലെറിഞ്ഞു. വിളക്കുകൾ മുഴുവൻ തകർത്തു. ശ്രീകോവിലിനകത്തേക്ക് ഓലയും മടലും കൊണ്ടുവന്നിട്ടു. ഒട്ടേറെ നാശനഷ്ടങ്ങൾ വരുത്തിയാണ് അവർ മടങ്ങിയത്.
മറ്റ് കമ്മിറ്റി അംഗങ്ങളുടെ മൊഴികളിൽ നിന്നു തന്നെ അക്രമത്തിന്റെ തോത് മനസ്സിലാക്കാവുന്നതാണ്. മാപ്പിള ലഹളക്കാലത്തെ അനുഭവങ്ങളാണ് നേരത്തെ ഇതേ രീതിയിൽ വിവരിച്ചു കാണുന്നത്.
വേങ്ങര പോലീസ് ഈ അക്രമസംഭവത്തിൽ കേസു റജിസ്റ്റർ ചെയ്തു. ചില പ്രതികൾ അറസ്റ്റിലായി. എന്നാൽ ഒരു പ്രതിയും ശിക്ഷിക്കപ്പെട്ടില്ല.

ക്ഷേത്രത്തിന്റെ ഉൽപ്പത്തിയെക്കുറിച്ച് വ്യക്തമായ വിവരമൊന്നും ആർക്കും അറിയില്ല. ക്ഷേത്രത്തിന് 50 ഏക്കർ ഭൂമിയുണ്ടായിരുന്നു. ക്ഷേത്രത്തിന്റെ ഊരാളൻമാർ ആരാണെന്നതിനും വ്യക്തതയില്ല. ഗുരുവായൂരിൽ കിഴക്കെ നടയിലുള്ള പുഷ്പകം വാര്യർമാർ ഈ ക്ഷേത്രത്തിൽ പഴയ കാലത്ത് കഴകപ്രവൃത്തി ചെയ്തിരുന്നവരാണെന്ന വിവരമുണ്ട്. പിൽക്കാലത്ത് ക്ഷേത്രം കോഴിക്കോട് സാമൂതിരിയുടെ നിയന്ത്രണത്തിൽ വന്നിരുന്നതായി കരുതുന്നു. കിഴക്കും പടിഞ്ഞാറും ഗോപുരത്തോടെ ആനപ്പള്ളമതിലു നിർമ്മിച്ചത് സാമൂതിരിയാണ്.
മൈസൂരിന്റ അധിനിവേശക്കാലത്ത് ഈ ക്ഷേത്രം തകർക്കപ്പെട്ടു. ഹൈദറോ ടിപ്പുവോ തകർത്തതാണെന്നു പറയാനാവില്ല. മൈസൂർ അധിനിവേശക്കാലത്ത് അതിന്റെ വീര്യത്തിൽ പല ഗ്രാമങ്ങളിലും ക്ഷേത്രങ്ങൾക്കുനേരെ അക്രമം നടന്നിട്ടുണ്ട്. പ്രാദേശികമായുള്ള സംഘങ്ങളാവാം ക്ഷേത്രം തകർത്തതെന്ന് കരുതേണ്ടിയിരിക്കുന്നു. തകർക്കപ്പെട്ട ക്ഷേത്രത്തിൽ നിന്നും കൂറ്റൻ കരിങ്കൽ തൂണുകൾ ആനയെക്കൊണ്ട് കെട്ടി വലിപ്പിച്ച് കുണ്ടോട്ടിയിലേക്ക് കൊണ്ടു പോയിരുന്നതായി പറഞ്ഞു കേട്ടിട്ടുണ്ടെന്ന് പഴമക്കാർ പറയുന്നു.
മൈസൂരിന്റെ കാലത്തെ അക്രമത്തിനു ശേഷം 1977 വരെ ക്ഷേത്രഭൂമി കാടുപിടിച്ചു കിടക്കുകയായിരുന്നു. പ്രദേശത്തുള്ള ഒരാളുടെ സ്വപ്നദർശനമാണ് ക്ഷേത്ര പുനരുദ്ധാരണ ചിന്തകൾക്ക് തിരികൊളുത്തിയത്. കാടു പടർന്ന ക്ഷേത്രഭൂമിയിൽ വന്ന് ആദ്യം വിളക്കുതെളിയിച്ചത് അദ്ദേഹമാണ്. തുടർന്ന് 1978 മുതൽ ക്ഷേത്ര പുനരുദ്ധാരണത്തിന്റെ പ്രവർത്തനം കുറേശ്ശെ തുടങ്ങി.
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവർത്തനം ക്ഷേത്ര പുനരുദ്ധാരണ പ്രക്രിയയുടെ ചരിത്രത്തിൽ പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്. ശാഖാതലങ്ങളിൽ നിന്നും ദിവസേന സ്വയം സേവകരെത്തി കാടുവെട്ടിത്തെളിയിച്ചും സമർപ്പിച്ചും സജീവമായി പുനർനിർമ്മാണത്തിൽ പങ്കെടുത്തു. തകർക്കപ്പെട്ട ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ ക്ഷേത്രഭൂമിയുടെ പല ഭാഗങ്ങളിൽ നിന്നും കണ്ടെടുത്തു. തീർത്ഥകിണറ്റിൽ കശാപ്പുചെയ്ത മൃഗങ്ങളുടെ അവശിഷ്ടങ്ങൾ തള്ളി മൂടിയ നിലയിലായിരുന്നു. കിണർ തുറന്നു വൃത്തിയാക്കി. 1992 ഡിസംബറിൽ ക്ഷേത്രത്തിനു നേരെ നടന്ന അക്രമത്തിൽ അടിച്ചുടച്ചവിഗ്രഹാവശിഷ്ടങ്ങൾ കിണറ്റിൽ നിന്നും എടുത്ത ശേഷം ശ്രീകോവിലിൽ തിരികെ കൊണ്ടുവന്ന് ഒട്ടിച്ചുവെച്ച് അതിനു മുന്നിൽ ശ്രീ ചക്രം വെച്ചാണ് പൂജിച്ചു വരുന്നത്.

ഭക്തജനങ്ങളുടെ കൂട്ടായ പരിശ്രമത്തെ തുടർന്ന് അറുപത് ശതമാനം പുനരുദ്ധാരണം പൂർത്തിയായിട്ടുണ്ട്. പടിഞ്ഞാട്ട് ദർശനമായ ക്ഷേത്രത്തിന്റെ പടിഞ്ഞാറും കിഴക്കുംഭാഗങ്ങളിൽ പഴയ കാലത്ത് തകർത്ത ഗോപുരത്തിന്റെ തറ ഇപ്പോഴും സംരക്ഷിച്ചു വരുന്നുണ്ട്. പഴയ കാലത്ത് മാടോടു പതിച്ചിരുന്ന ഒരു ക്ഷേത്രമായിരുന്നു പെരണ്ടക്കൽ ഭഗവതി ക്ഷേത്രം. 1999 ലാണ് നവീകരണകലശം നടന്നത്. മീനമാസത്തിലെ അത്തം നക്ഷത്രമാണ് പ്രതിഷ്ഠാദിനം. കക്കാട്ട് ഇല്ലത്തെ സുബ്രഹ്മണ്യൻ എന്ന അനിയൻ നമ്പൂതിരിയാണ് തന്ത്രി .
കൊടിമരം സ്ഥാപിക്കാൻ അടക്കമുള്ള നാൽപ്പത് ശതമാനം പ്രവൃത്തിയാണ് ഇനി പൂർത്തീകരിക്കാനുള്ളത്. ഒരു ഏക്കർ ഇരുപത്തിമൂന്നുസെന്റ് ഭൂമിയിലാണ് പെരണ്ടക്കൽ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.