151:പഴേരി വീട്ടിക്കുറ്റി മഹാവിഷ്ണു ക്ഷേത്രം 

150: കാരക്കുന്ന് മഹാദേവ ക്ഷേത്രം
June 10, 2023
152: വിഷ്ണു ഗിരി മഹാവിഷ്ണു ക്ഷേത്രം
June 12, 2023

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 151

ടിപ്പുവിൻ്റെ പടയോട്ടക്കാലത്ത് കൊള്ളയടിച്ചു തകർക്കാൻ ഇരച്ചു കയറിയ മൈസൂർ സൈന്യം പഴേരി വീട്ടിക്കുറ്റി മഹാവിഷ്ണു ക്ഷേത്രം അടിച്ചു തകർത്തു. വനമേഖലയോടു ചേർന്ന് സ്ഥിതി ചെയ്യുന്നവിഷ്ണു ക്ഷേത്രം അടിച്ചു തകർക്കുമ്പോൾ ഒന്നുറക്കെ കരയാൻ പോലും കെൽപ്പില്ലാത്ത അന്നത്തെ ഹിന്ദു സമൂഹത്തിന് ടിപ്പുവിൻ്റെ ഹാമറിംങ്ങ് മരം മറഞ്ഞുനിന്നു കണ്ട് മാപ്പുസാക്ഷിയാവാനേ കഴിഞ്ഞുള്ളു. ടിപ്പുവിൻ്റെ പടയാളികൾ ക്ഷേത്രത്തോടൊപ്പം വിഷ്ണു വിഗ്രഹം അടിച്ചുടച്ച് മൂന്നു കഷണമാക്കി. ഒരു അന്തർജ്ജനത്തെ പിടികൂടി കൊണ്ടുവന്ന് തീർത്ഥക്കിണറ്റിൽ കൊന്നു തള്ളി. തകർക്കലിൻ്റ ഭീകര മുഖവുമായി പുനരുദ്ധാരണ പ്രവർത്തികൾ എങ്ങുമെത്താതെ കിടക്കുകയാണ് ഈ ക്ഷേത്രം.

തകർക്കപ്പെട്ട ക്ഷേത്രാവശിഷ്ടങ്ങളും തകർന്ന വിഷ്ണു വിഗ്രഹവും ഇപ്പോഴും ക്ഷേത്രഭൂമിയിലുണ്ട്. മലബാർ അക്രമിക്കാൻ ചുരമിറങ്ങുന്നതിനായി  പടനയിച്ച് പടിയിറങ്ങി ടിപ്പുവന്ന പാതയാണ് മൈസൂരിൽനിന്നും സുൽത്താൻ ബത്തേരി കടന്നു പോകുന്ന റോഡ്. മലബാർ അക്രമിച്ച് കീഴ്പ്പെടുത്തുക മാത്രമല്ല, തരം കിട്ടിയാൽ കേരളം മുഴുവൻ മൈസൂർ ഭരണത്തിനു കീഴിൽ കൊണ്ടുവരികയുമായിരുന്നു ടിപ്പുവിൻ്റെ പടയോട്ടത്തിനു പിന്നിലുള്ള ഗൂഢലക്ഷ്യം. കേരളത്തിലെ ക്ഷേത്രങ്ങളിൽ രത്നങ്ങളും സ്വർണ്ണവുമൊക്കെയായിവൻ നിധിശേഖരമുണ്ടെന്നും അവകൊള്ളയടിച്ച ശേഷം ക്ഷേത്രങ്ങൾ തകർക്കണമെന്നും ടിപ്പു തീരുമാനിച്ചുറപ്പിച്ചതായിരുന്നു.

എന്നാൽ ഇടതു ചരിത്രകാരൻമാർ രാഷ്ട്രീയ ലാഭത്തിനു വേണ്ടിയും മുസ്ലീം ചരിത്രകാരൻമാർ ടിപ്പുവിൻ്റെ ക്രൂരത മറച്ചുവെക്കാനും പടയോട്ടക്കാലത്തിൻ്റെ കറുത്ത അദ്ധ്യായം വെളുപ്പിച്ചുകൊണ്ടിരിക്കുന്നതിൽ ഇന്നും സജീവമാണ്. ടിപ്പു ക്ഷേത്രധ്വംസകൻ ആയിരുന്നില്ലെന്നും ക്ഷേത്രങ്ങൾ പുനരുദ്ധാരണം നടത്താൻ സഹായം നൽകുകയും ക്ഷേത്രങ്ങൾക്ക് കരമൊഴിവാക്കി ഭൂമി നൽകിയ വിശാലമനസ്കനാണ് ടിപ്പു വെന്നുമാണ് ഇത്തരക്കാർ പറയുന്നത്. ക്ഷേത്രങ്ങൾ പുനരുദ്ധരിക്കണമെങ്കിൽ നശിക്കണമല്ലോ. ടിപ്പു പുനരുദ്ധാരണത്തിന് ധനസഹായം നൽകിയ ക്ഷേത്രങ്ങൾ നശിച്ചതെങ്ങനെയാണ് ?. ടിപ്പു നശിപ്പിച്ചതു തന്നെ.

ടിപ്പു തകർത്ത എല്ലാ ക്ഷേത്രങ്ങൾക്കും ധനസഹായം നൽകിയിട്ടില്ല. നൽകിയ ധന സഹായം നാമമാത്രവുമാണ്. എന്തുകൊണ്ടാണ് ടിപ്പു അപ്രകാരം ധനസഹായം നൽകിയത് ?. ടിപ്പു തികഞ്ഞ ജ്യോതിഷ വിശ്വാസിയായിരുന്നു. തുടർച്ചയായ തൻ്റെ പരാജയങ്ങൾക്കു കാരണവും പ്രതിവിധിയും തേടിയതിനെത്തുടർന്ന് ജ്യോതിഷികൾ നിർദ്ദേശിച്ച പ്രകാരമാണ്  ടിപ്പു ക്ഷേത്രങ്ങൾ പുനരുദ്ധാരണം ചെയ്യാൻ പണം നൽകിയത്. തുടർച്ചയായ പരാജയങ്ങൾക്കു കാരണം ക്ഷേത്രങ്ങൾ നശിപ്പിച്ചതിനെത്തുടർന്നുണ്ടായ ദൈവകോപമാണെന്നും ക്ഷേത്ര പുനരുദ്ധാരണം നടത്തുകയാണ് പ്രതിവിധിയെന്നുമാണ് ജ്യോതിഷികൾ പ്രശ്നവശാൽ വിധിച്ചത്.

ഇനി ഗുരുവായൂർ ക്ഷേത്രത്തിനടക്കം ടിപ്പു ഭൂമി വിട്ടു നൽകിയെന്ന വാദവും ബാലിശമാണ്. ഇംഗ്ലീഷുകാർക്കും മുമ്പ് മലബാർ പിടിച്ചടക്കാൻ ജിഹാദ് നടത്തിയ ടിപ്പു സ്വയംഭരണാധികാരിയായി പ്രഖ്യാപിക്കുകയായിരുന്നു. തൻ്റെ ഔദാര്യമായി വ്യാഖ്യാനിച്ച്ദേവൻ്റെ ഭൂമിദേവനു തന്നെ നൽകി എന്ന രേഖകൾക്ക് കടലാസിൻ്റെ വിലപോലും കൽപ്പിക്കണ്ടതില്ല. ടിപ്പുവിൻ്റെ പടയോട്ടത്തെ ഭയന്ന് ഗുരുവായൂരപ്പൻ്റെ വിഗ്രഹം അമ്പലപ്പുഴയിലെ കായലിൽ ഭദ്രമായിപൂഴ്ത്തിവെക്കുക പോലുമുണ്ടായല്ലോ.

ടിപ്പുവിൻ്റെ പടയോട്ടക്കാലത്ത് വയനാടു മുതൽ കൊച്ചി രാജ്യാതിർത്തി വരെയുള്ള ഭാഗങ്ങളിലായി പതിനായിരക്കണക്കിന് ഹിന്ദു ക്ഷേത്രങ്ങളും നൂറിലേറെ ജൈനക്ഷേത്രങ്ങളുമാണ് തകർക്കപ്പെട്ടത്. അനവധി ഹിന്ദു ക്ഷേത്രങ്ങൾ കയ്യേറി ബിംബം പുഴക്കിമാറ്റി ബാങ്കുവിളിച്ച് മുസ്ലീം പള്ളികളാക്കുകയും ഒരിക്കലും അവക്ഷേത്രങ്ങളാക്കി മാറ്റാതിരിക്കാൻ ക്ഷേത്ര ഭൂമികൾ ഖബർസ്ഥാനാക്കി മാറ്റുകയും ചെയ്തു. തകർക്കപ്പെട്ട ക്ഷേത്രങ്ങളിൽ ഏറെയും പിൽക്കാലത്ത് ഭക്തജനങ്ങൾ പുനരുദ്ധാരണം ചെയ്തു. പുനരുദ്ധാരണം ചെയ്യാനാവാതെ തകർന്നു കിടക്കുന്ന ക്ഷേത്രങ്ങൾ ഇനിയുമുണ്ട്. അതിലൊന്നാണ് ആ മുഖമായി പറഞ്ഞ പഴേരി വീട്ടിക്കുറ്റി  മഹാവിഷ്ണുക്ഷേത്രം. വയനാട് ജില്ലയിൽ സുൽത്താൻ ബത്തേരി നഗരസഭയിൽ പെട്ട കുപ്പാടി വില്ലേജിലാണ് ഈ ക്ഷേത്രഭൂമിസ്ഥിതി ചെയ്യുന്നത്.   

തകർക്കപ്പെട്ട വിഷ്ണു വിഗ്രഹം

                        

തകർക്കപ്പെട്ട ക്ഷേത്രാവശിഷ്ടങ്ങളും ബാലാലയത്തിൽ പ്രതിഷ്ഠിച്ചതും തകർന്നതും അപൂർണ്ണവുമായ മഹാവിഷ്ണു വിഗ്രഹം, ഉപപ്രതിഷ്ഠകളുടെ ബാലാലയങ്ങൾ എന്നിവ ഈ ക്ഷേത്രത്തെ മനസ്സിലാക്കുന്നതിന് ആധാരമാക്കിയിട്ടുണ്ട്. തുടർന്നുള്ള നിരീക്ഷണത്തിന് വാമൊഴി ചരിത്രങ്ങളും സ്വീകരിച്ചു. ക്ഷേത്രത്തിൻ്റെ പൂർവ്വ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ലിഖിത ചരിത്രങ്ങളൊന്നും പരിശോധനയ്ക്ക് ലഭിച്ചിട്ടില്ല. സ്വർണ്ണ പ്രശ്നത്തിൽ തെളിഞ്ഞ നിഗമനങ്ങളുംക്ഷേത്രത്തിൻ്റെ പൂർവ്വ വൃത്താന്തം കണ്ടെത്തുന്നതിന് ആധാരമാക്കിയിട്ടുണ്ട്. 2022 ജൂൺ 17നാണ് ഞാൻ ഈ ക്ഷേത്രഭൂമി സന്ദർശിച്ചത്.                                           

കുപ്പാടി എന്ന സ്ഥലനാമത്തിൻ്റെ വ്യക്തമായ ചരിത്രമൊന്നും ലഭിച്ചിട്ടില്ല. താണസമുദായക്കാർ ഒരു കാലഘട്ടത്തിൽ കൂട്ടമായി വസിച്ചിരുന്ന ഒരു പ്രദേശമായ “കുപ്പപ്പാടുകൾ ” (താണസമുദായക്കാരുടെ പാർപ്പിടങ്ങൾ കുപ്പപ്പാട് എന്ന പേരിൽ അറിയപ്പെട്ടിരുന്നു) നിറഞ്ഞിരുന്നതുകൊണ്ടാവാം ആ പേരു വന്നതെന്നും പിൽക്കാലത്ത് കുപ്പാടി എന്നു പേരുവന്നതാകാനുമിടയുണ്ട്. കുപ്പപ്പാടുകളിൽ താമസിച്ചിരുന്നവർ വനവാസി ഗോത്ര സമുദായങ്ങളായിരുന്നിരിക്കണം. കുപ്പാടി അടക്കുമുള്ള വയനാടൻ പ്രദേശങ്ങൾ ഒരു  കാലഘട്ടത്തിൽ ജൈനമതക്കാരുടെ കേന്ദ്രങ്ങളായിരുന്നു. സ്ഥലനാമം അവരുമായിബന്ധപ്പെട്ടുവന്നതല്ല.       

പഴേരി വീട്ടിക്കുററി മഹാവിഷ്ണു ക്ഷേത്രത്തിന് 3000 വർഷം പഴക്കമുള്ളതായാണ് നിഗമനം. ഉപാസകനായ ഒരുയോഗി പ്രതിഷ്ഠിച്ച ക്ഷേത്രമായാണ് കരുതുന്നത്. യോഗീശ്വരനെ ഗുരുവായി സങ്കൽപ്പിച്ച് ഇക്കാലത്തും വിളക്കു വെച്ച്പ്രാർത്ഥന നടത്തുന്നുണ്ട്. ഋഷീശ്വരൻമാരുടെ തപോഭൂമിയായിരുന്നു ഇവിടമെന്ന നാട്ടറിവുകളും ക്ഷേത്രത്തിൻ്റെ ഉപജ്ഞാതാവ് ഒരു യോഗീശ്വരനായിരുന്നു എന്ന നിഗമനത്തെ ബലപ്പെടുത്തുന്നതാണ്. കുറിച്ചിയാട് ഫോറസ്റ്റ് റേഞ്ചിൽ ഉൾപ്പെട്ട വനപ്രദേശത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വനവാസികളുടെ ആരാധനാ കേന്ദ്രം കൂടിയാണിത്.

വീട്ടി എന്നു പേരുള്ള മരങ്ങൾ ധാരാളമായി ഇവിടെയുണ്ടായിരുന്നു. പിൽക്കാലത്ത് അവയെല്ലാം മുറിച്ചു പോവുകയാ മുറിഞ്ഞുപോവുകയാ ചെയ്തതു നിമിത്തം അനേകം വീട്ടിക്കുറ്റികളുണ്ടായി. ക്ഷേത്രത്തിൻ്റെ പേരിനു മുമ്പ് വീട്ടിക്കുറ്റി എന്ന പേരു വന്നത് അങ്ങനെയാണെന്നാണ് വനവാസി ഗോത്രത്തിൽ പെട്ട എൺപത് വയസ്സുള്ള അച്യുതൻ പറഞ്ഞത്. വീട്ടിക്കുറ്റി എന്ന വീട്ടുപേരുള്ള വീടുകളുമുണ്ട്. അച്യുതൻ വീട്ടിക്കുറ്റി എന്നാണ് അദ്ദേഹവും അറിയപ്പെടുന്നത്. പഴേരി വീട്ടിക്കുറ്റി എന്നാണല്ലോ ക്ഷേത്രത്തിൻ്റെ പേരിനു മുമ്പുള്ളപദം. പഴേരി എന്ന പേരിന്നാധാരം വ്യക്തമല്ല. പഴേരി എന്ന പേരിൽ ഒരു വീട് ഇവിടെയുണ്ട്. ഈ ക്ഷേത്രത്തിൻ്റെ പുനരുദ്ധാരണ കമ്മിറ്റിയുടെ രക്ഷാധികാരിയായ രാമൻകുട്ടിയുടെ വീട്ടു പേര് പഴേരി എന്നാണ്. എന്നാൽ ഈ വീട്ടു പേരുള്ള രണ്ടു പേരുടേയും കുടുംബത്തോടുബന്ധപ്പെട്ട ഒരു ക്ഷേത്രവുമല്ല ഇത്.

കോട്ടയം രാജാക്കൻമാരാണ് ക്ഷേത്രത്തിൻ്റെ ഊരാളൻമാർ എന്നാണ് കാണുന്നത്. വീരപഴശ്ശിയുടെ യുദ്ധഭൂമി കൂടിയാണല്ലോ വയനാടു പ്രദേശം. കോട്ടയം രാജവംശംക്ഷേത്രം പരിപാലിക്കാൻ ഏഴ് നമ്പൂതിരികുടുംബങ്ങളെ ചുമതലപ്പെടുത്തി. അവരുടെ മനകൾ ക്ഷേത്രപ്പരിസരങ്ങളിൽ ഉണ്ടായിരുന്നു. കലാപ സമയത്ത് ഒരു അന്തർജ്ജനം കലാപക്കാരുടെ കയ്യിൽ പെടുകയും അപ്രകാരം അപകടത്തിൽ പെട്ട അന്തർജ്ജനത്തിൻ്റെ ജഡം ക്ഷേത്രത്തിലെ തീർത്ഥക്കിണറിൽ കണ്ടെത്തുകയും ചെയ്തു. ഈ ഘട്ടത്തിൽ മേൽപ്പറഞ്ഞ ഇല്ലക്കാർ പ്രദേശത്തു നിന്നും എല്ലാം ഇട്ടെറിഞ്ഞ് പലായനം ചെയ്തു. കലാപകാലം എന്നത് ബ്രിട്ടീഷുകാരുമായുള്ള പഴശ്ശികലാപവുമായി ബന്ധപ്പെടുത്താനാവില്ല. പഴശ്ശി കലാപ ചരിത്രത്തിൽ എവിടേയും ക്ഷേത്രങ്ങൾ നശിപ്പിച്ചതായി കാണുന്നില്ല. അതേ സമയം ടിപ്പുവിൻ്റെപടയോട്ടക്കാലത്ത് അനവധി ക്ഷേത്രങ്ങൾ വയനാട്ടിലുടനീളം ടിപ്പു തകർത്തിട്ടുണ്ട്. ക്ഷേത്രം ടിപ്പു തകർത്തതാണെന്ന് തലമുറകളായി കൈമാറിയവാമൊഴി ചരിത്രവുമുണ്ട്. അതിനാൽ കലാപക്കാലമെന്നത് ടിപ്പുവിൻ്റെ പടയോട്ടക്കാലം തന്നെയാണ്.                      

തകർക്കപ്പെട്ട ഭദ്രകാളി വിഗ്രഹം

                       

മേൽ വിവരിച്ച പ്രകാരം ക്ഷേത്രം തകർക്കപ്പെട്ടത് ടിപ്പുവിൻ്റെ പടയോട്ടക്കാലത്താണ്. ക്ഷേത്രവും നമസക്കാര മണ്ഡപവും തകർത്തു. നാല് അടിയോളം ഉയരമുള്ള വിഷ്ണുവിൻ്റെ വിഗ്രഹം അടിച്ചു തകർത്ത് മൂന്നു കഷണമാക്കി. ഉപക്ഷേത്ര മണ്ഡപങ്ങളും ചുറ്റമ്പലവുമൊക്കെ ആ നശീകരണത്തിൽ നിലം പൊത്തി. തകർക്കപ്പെടലിന് ഇരയായ ക്ഷേത്രഭൂമി കാടുമൂടിക്കിടന്നത്നൂറ്റാണ്ടുകളാണ്. തകർന്ന ശ്രീകോവിലിൻ്റെ തറ കാടുമൂടി ഉയർന്നു കിടന്നിരുന്നു. ഊരാളൻമാരായ രാജവംശമോ അസംഘടിതരായതിനാൽ ഹിന്ദു സമൂഹമോ തകർന്നു നാമാവശേഷമായ ക്ഷേത്രഭൂമിയിലേക്ക് തിരിഞ്ഞു നോക്കിയതുപോലുമില്ല.      

തകർക്കപ്പെട്ട് കാടുമൂടിക്കിടക്കുന്ന പഴേരി വീട്ടിക്കുററി മഹാവിഷ്ണു ക്ഷേത്രത്തിൻ്റ പുനരുദ്ധാരണ ചിന്തകൾക്ക് ചിറകു മുളച്ചത് 1980കാം ഘട്ടത്തിലാണ്. ഭക്തജനങ്ങൾ കാടുവെട്ടിത്തെളിയിച്ചപ്പോഴാണ് ക്ഷേത്രാവശിഷ്ടങ്ങളും ബലിക്കല്ലുകളുമൊക്കെ കണ്ടെത്തിയത്. വിഷ്ണു വിഗ്രഹത്തിൻ്റെ രണ്ടു കഷണങ്ങൾ കിട്ടി. പാദ ഭാഗവും കഴുത്തിനു താഴെയുമാണ് തകർത്തിരുന്നത്. തോളിനു മീതെയുള്ള ഭാഗം ഇതുവരെ ലഭിച്ചിട്ടില്ല. തീർത്ഥക്കിണർ മണ്ണ് മൂടി തിരിച്ചറിയാനാവാതെ കിടക്കുകയാണ്. തുടർന്ന് രാഘവൻ മാസ്റ്റർ പച്ചേനി പ്രസിഡൻ്റും, വീട്ടിക്കുറ്റി മണികണ്ഠൻ സെക്രട്ടറിയുമായി 1994 ൽ ഒരു പുനരുദ്ധാരണ കമ്മിറ്റി രൂപീകരിച്ചു. തുടർന്നു നടത്തിയ സ്വർണ്ണ പ്രശ്നത്തിലാണ് ഉപപ്രതിഷ്ഠകളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. 1994 ൽ ത്തന്നെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചെങ്കിലും സാമ്പത്തിക പരാധീനത കാരണം ക്ഷേത്ര പുനരുദ്ധാരണം യാഥാർത്ഥ്യമാവാത്ത സ്വപ്നമായി മാറി.

ഞാൻ ഈ ക്ഷേത്രഭൂമി സന്ദർശിച്ച സമയത്ത് കണ്ട കാഴ്ചകളാണ് ഇനി വിവരിക്കുന്നത്. വട്ട ശ്രീകോവിലിനുള്ളപാദുകത്തിൻ്റെ നിർമ്മാണമേ പൂർത്തിആയിട്ടുള്ളു. 36 കോൽ ചുറ്റളവുള്ളതാണ് ശ്രീകോവിലിൻ്റെ പാദുകം. പഴയ കാലത്ത് മഹാക്ഷേത്രമായിരുന്നു ഇതെന്നു വ്യക്തം. ക്ഷേത്രഭൂമിയുടെ പടിഞ്ഞാറുഭാഗത്തായി ബാലാലയം കണ്ടു. ഇത് ഭിത്തി പോലുമില്ലാത്ത ഒരു ഷെഡ്ഡ് ആണ്. അതിനകത്ത് പീoത്തിലാണ് തകർക്കപ്പെട്ട വിഗ്രഹത്തിൻ്റെ രണ്ടു കഷണങ്ങൾ ഒട്ടിച്ചു വെച്ച് പ്രതിഷ്ഠിച്ചിരിക്കുന്നത്. എല്ലാ വ്യാഴാഴ്ച്ചയും ബാലാലയ പ്രതിഷ്ഠയ്ക്ക് പൂജ നടത്തി വരുന്നുണ്ട്. കിരാത ശിവന് കിഴക്കുഭാഗത്ത് പടിഞ്ഞാട്ട് ദർശനമായി മറ്റൊരു ബാലാലയവുമുണ്ട്. വിഷ്ണു ക്ഷേത്രം കിഴക്കോട്ടു ദർശനമാണ്. നമസ്കാര മണ്ഡപത്തിൻ്റെ അടയാളം മാത്രമേയുള്ളു. തറയൊക്കെ നഷ്ടപ്പെട്ടിരിക്കുന്നു. തെക്കുഭാഗത്ത് രക്ഷസ്സിൻ്റെ തറയുണ്ട്. ക്ഷേത്രഭൂമിയുടെ കിഴക്കുഭാഗത്ത് കണ്ട കരി കൽകൂനകളെല്ലാം തകർക്കപ്പെട്ട ക്ഷേത്രത്തിൻ്റെ അവശിഷ്ടങ്ങളാണ്. ബലിക്കല്ലുകളും ഈ കൽക്കൂനകളിലുണ്ട്. കൊത്തുപണികളോടെയുള്ള കൽത്തൂണുകളുടെ ഭാഗങ്ങളും കാണാൻ കഴിഞ്ഞു. താഴെക്കാവ് എന്നു പറയുന്നഭാഗം വിഷ്ണു ക്ഷേത്ര ശ്രീകോവിലിൽനിന്നും ഏതാണ്ട് 30 മീറ്റർ കിഴക്കു മാറിയാണ്. ഭദ്രകാളി, ദുർഗ്ഗ ക്ഷേത്രങ്ങളുടെബാലാലയങ്ങൾ, നാഗ പ്രതിഷ്ഠ, ഗുളികൻ തറ എന്നിവയാണ് അവിടെയുള്ളത്. ദേവതകളുടെ ബാലാലയങ്ങൾ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയ നിലയിലാണ് നിർമ്മിച്ചിരിക്കുന്നത്.   

ക്ഷേത്രാവശിഷ്ടങ്ങൾ

പഴേരി വീട്ടിക്കുറ്റി മഹാവിഷ്ണു ക്ഷേത്രത്തിൻ്റെ പുനരുദ്ധാരണം യാഥാർത്ഥ്യമാവണമെങ്കിൽ വനമേഖലയുമായി ബന്ധപ്പെട്ട ഇവിടുത്തെ നാട്ടുകാർ വിചാരിച്ചാൽ നടക്കില്ല. സൻമനസ്സുള്ള വ്യക്തികളോ സംഘടനകളോ ഇവരെ സഹായിച്ചാൽ മാത്രമേ ടിപ്പുതകർത്ത ഈ ക്ഷേത്രം പുനരുദ്ധാരണം ചെയ്യാൻ കഴിയുകയുള്ളു. ശനിദശ മാറി ഈ ക്ഷേത്രം പുനരുദ്ധാരണം ചെയ്യാൻ സുമനസ്സുകൾ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Leave a Comment