126: കുന്നോത്ത് ഇടം ക്ഷേത്രം
May 16, 2023128: കുനിമ്മൽ ഇടം ക്ഷേത്രം
May 18, 2023തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 127
മാവിലക്കാവ് ദൈവത്താറീശ്വര ക്ഷേത്രവുമായി ബന്ധപ്പെട്ട എട്ടിടങ്ങളിലെ മറ്റൊരു ക്ഷേത്രമാണ് പഴയിടം ഇടം ക്ഷേത്രം. എട്ടിടംമഠം, കുന്നോത്തിടം എന്നിവയാണ് മാവിലക്കാവിൻ്റെ ഉപക്ഷേത്രങ്ങൾ. കണ്ണൂർ ജില്ലയിൽ പെരളശ്ശേരി പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ മോച്ചേരി എന്ന സ്ഥലത്താണ് പഴയിടം ഇടം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കൊക്കൂറ കണ്ണോത്ത് തറവാട്ടുകാരാണ് ക്ഷേത്രത്തിൻ്റെ ഊരാള കുടുംബം. എട്ടിടങ്ങൾക്കും എട്ട് ഊരാളൻമാരെയാണ് നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. ഈ ക്ഷേത്രങ്ങളുടെയെല്ലാം സിരാകേന്ദ്രമാണ് മാവിലക്കാവ് ദൈവത്താറീശ്വര ക്ഷേത്രം. പഴയിടം ഇടം ക്ഷേത്ര ശ്രീകോവിലിലേക്കാണ് ഞാൻ നടന്നു കയറിയത്. പഴകി ദ്രവിച്ച ചെങ്കല്ലിൻ്റെ സോപാന പടവുകളിൽ ഇരുവശങ്ങളിലുമായി മൺചെരാതുകൾ വെച്ചിരിക്കുന്നു.
മദ്ധ്യഭാഗത്തായി കത്തിയ കരിന്തിരിയുമായി ഒരു നിലവിളക്കുണ്ട്. അതും കടന്നാണ് ശ്രീകോവിലിനകത്തു കടന്നത്. ശ്രീകോവിലിനുള്ളിലെ കാഴ്ച ഹൃദയ ഭേദകമായിരുന്നു. ചെങ്കല്ലിൽ തീർത്ത ചതുരത്തിലുള്ള പീഠവും അതിനു മുകളിൽ പൊട്ടിത്തകർന്ന ഒരു വിഗ്രഹവും കണ്ടു. വിഗ്രഹത്തിൻ്റെ കഴുത്തിൽ നിന്നും തലവേറിട്ടിരിക്കുന്നു. മുഖ ഭാഗം വേറിട്ട കഴുത്തിനു മീതെ ഇറക്കി വെച്ചിരിക്കുകയാണ്. ശിരോഭാഗം തകർന്നു പോയിരിക്കുന്നു. മണ്ണു കൊണ്ടു നിർമ്മിച്ച വിഗ്രഹമാണിത്. കേരളത്തിൽ മണ്ണിൽ നിർമ്മിച്ച വിഗ്രഹങ്ങൾ ക്ഷേത്ര ശ്രീകോവിലുകളിൽ അപൂർവ്വമായേ കാണാൻ കഴിയുകയുള്ളു. ശനീശ്വര ദേവനായാണ് ഇവിടുത്തെ പ്രതിഷ്ഠ പൂജിക്കപ്പെടുന്നത്. ദൈവത്താരീശ്വരൻ ശനീശ്വരനാണെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. കേരളത്തിലെ വിഗ്രഹങ്ങളുടെ സ്വഭാവത്തിലേക്ക് കണ്ണോടിക്കാൻ ഈ മൺ പ്രതിഷ്ഠ എനിക്ക് പ്രചോദനമുണ്ടാക്കി. വിഗ്രഹങ്ങളെക്കുറിച്ച് ഒരു ശ്ലോകമുണ്ട്. അതിങ്ങനെയാണ് –
” ശൈലീ ദാരുമീ ലൌഹി
ലേപ്യാ ലേഖ്യാ ച സൈകതാ
മനോമയീ മണിമയീ “
അവ എന്താണെന്നന്നു നോക്കാം –
ശൈലി: ഇത് സാധാരണയായി ക്ഷേത്രങ്ങളിൽ കാണുന്ന ശിലാവിഗ്രഹമാണ്. ഗുരുവായൂരിലെ പ്രതിഷ്ഠ അഞ്ജന ശിലയാണ്. തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ സാളഗ്രാമങ്ങൾ കുടശ്ശർക്കരയോഗം എന്ന പശകൊണ്ടു നിർമ്മിച്ചതാണ്. വെട്ടുകല്ലിൻ്റെ വിഗ്രഹങ്ങളാണ് ചോറ്റാനിക്കര ദേവിയുടേയും മറ്റും പ്രതിഷ്ഠ.
ദാരുമയി: മരങ്ങൾ കൊണ്ടു നിർമ്മിക്കുന്ന വിഗ്രഹങ്ങൾ ദാരുമയിയാണ്. ഭദ്രകാളീ ക്ഷേത്രങ്ങളിൽ മരം കൊണ്ടു നിർമ്മിച്ച ചാന്താടി കോലങ്ങൾ കാണാം.
ലൌഹി: ലോഹത്താൽ നിർമ്മിക്കുന്ന വിഗ്രഹങ്ങൾ ലൌഹി ഗണത്തിൽ പെടുന്നു. സ്വർണ്ണം, വെള്ളി, തങ്കം തുടങ്ങിയ ലോഹങ്ങളാണ് സാധാരണയായി വിഗ്രഹങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കാറുള്ളത്. അപൂർവ്വം ചില ക്ഷേത്രങ്ങളിൽ അഞ്ച് ലോഹങ്ങളാൽ നിർമ്മിച്ച പഞ്ചലോഹ പ്രതിഷ്ഠയുമുണ്ട്.
ലേപ്യ: ദിവ്യ ഔഷധങ്ങൾ, മഞ്ഞൾ, ചാണകം ഇവയിലേതെങ്കിലും വിശുദ്ധ വസ്തുതുക്കൾ ഉരുട്ടി ഉണ്ടാക്കുന്ന വിഗ്രഹങ്ങളെയാണ് ലേപ്യ വിഗ്രഹങ്ങളെന്നു പറയുന്നത്.
ലേഖ്യ: ലേഖനം ചെയ്തവ എന്നാണ് ലേഖ്യ എന്ന പദം കൊണ്ടുദ്ദേശിക്കുന്നത്. ചുമർചിത്രങ്ങൾ, കളമെഴുത്ത്, തുണിയിൽ ആലേഖനം ചെയ്യുന്ന ചിത്രങ്ങൾ എന്നിവയൊക്കെ ലേഖ്യ വിഭാഗത്തിൽ പെടുന്നു.
സൈകതം : മണൽ കൊണ്ട് സൃഷ്ടിക്കുന്ന വിഗ്രഹങ്ങളാണ് സൈകതം. ഗോപികമാർ യമുനാ നദിയുടെ തീരത്ത് പാർവ്വതി (ദുർഗ്ഗ) യുടെ മണൽ വിഗ്രഹം വെച്ചു പൂജിച്ചതായി ഭാഗവതത്തിൽ കാണാം. അർജുനൻ മണ്ണുകൊണ്ട് ശിവലിംഗമുണ്ടാക്കിയെന്ന് പുരാണങ്ങളിൽ പറയുന്നുണ്ട്. യക്ഷിയുടെ ഉരൌവം വെപ്പായി മണ്ണിൽ തീർത്ത വിഗ്രഹങ്ങൾ തിരുവനന്തപുരം ജില്ലയിൽ പ്രസിദ്ധമാണ്.
മണിമയി: വില കൂടിയ കല്ലുകളാണ് മണിമയി .
മനോമയി : മനസ്സിൽ സങ്കൽപ്പിക്കുന്ന ഭാവനാവിഗ്രഹമാണ് മനോമയി.
സൈകതം വിഗ്രഹങ്ങൾ പൂർവ്വിക നിർമ്മിതികളാണ്. ദൈവത്താരീശ്വര പ്രതിഷ്ഠ സൈകതം ഗണത്തിൽ പെട്ട വിഗ്രഹമാണ്. ടിപ്പുവിൻ്റെ പടയോട്ടക്കാലത്താണ് പഴയിടം ഇടം ക്ഷേത്രം അടക്കമുള്ള ക്ഷേത്രങ്ങൾ തകർത്തത്. ദൈവത്താറീശ്വര ക്ഷേത്രങ്ങളുടേയും വിഗ്രഹങ്ങളുടേയും തകർച്ച എല്ലാം തന്നെ സമാന രീതിയിലുള്ളതാണ്.
പഴയിടം ഇടം ക്ഷേത്രം നിത്യപൂജയുള്ള ക്ഷേത്രമല്ല. എന്നാൽ ഭക്തജനങ്ങൾ നിത്യേന വിളക്കു വെച്ച് പ്രാർത്ഥിക്കുന്നുണ്ട്. മേടമാസം ഒന്നു മുതൽ ആറ് ദിവസങ്ങളിലായി നടക്കുന്ന മാവിലക്കാവ് ക്ഷേത്രോത്സവം എട്ടിടങ്ങളിൽ ഉൾപ്പെട്ട പഴയിടം ഇടം ക്ഷേത്രത്തിൻ്റെ ഉത്സവം കൂടിയാണ്. ദൈവത്താറീശ്വരൻ്റെ തെയ്യം പഴയിടം ഇടത്തിൽ പ്രവേശിക്കുന്ന ചടങ്ങുണ്ട്. ഭിത്തിയെല്ലാം തകർന്ന ശ്രീകോവിലിനകത്താണ് തകർന്ന വിഗ്രഹമുള്ളത്. മഴയും വെയിലുമേൽക്കാതിരിക്കാൻ മീതെ ഷീറ്റു വിരിച്ചിരിക്കുകയാണ്. ക്ഷേത്രം പുനരുദ്ധാരണം ചെയ്യണമെന്ന് ഭക്തജനങ്ങൾക്ക് ആഗ്രഹമുണ്ടെങ്കിലും ഇതുവരെ അതിനു കഴിഞ്ഞിട്ടില്ല. ക്ഷേത്രം പുനരുദ്ധാരണം ചെയ്യുന്നത് ഒരു സാംസ്കാരിക പൈതൃകത്തിൻ്റെ പുനരുദ്ധാരണം കൂടിയായിരിക്കും. ടിപ്പുവിൻ്റെ പടയോട്ടക്കാലത്ത് തകർക്കപ്പെട്ട ദൈവത്താറീശ്വരൻ്റെ ഈ ക്ഷേത്രം എത്രയും വേഗം പുനരുദ്ധാരണം ചെയ്യാനുള്ള അവസരം ഉണ്ടാവട്ടെയെന്ന പ്രാർത്ഥനയോടെയാണ് ഈ ദേവഭൂമിയിൽ നിന്നും ഞാൻ മടങ്ങിയത്.