120: പിണ്ടാലിക്കുന്ന് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം
May 9, 2023122: കുമരപ്പനാൽ ശിവക്ഷേത്രം
May 11, 2023തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 121
ഇല്ലിമുളങ്കാടുകൾ ഉരഞ്ഞുയരുന്ന മർമ്മരം കേട്ടുകൊണ്ടാണ് ഞാൻ ഈ ക്ഷേത്ര ഭൂമിയിലെത്തിയത്. കാട് മൂടിക്കിടക്കുന്ന ക്ഷേത്രം. ഇടയ്ക്കെന്നോ കാടുവെട്ടിത്തെളിയിച്ചതിൻ്റെ ലക്ഷണങ്ങൾ. മുൾക്കാടു നിറഞ്ഞ് മനുഷ്യ ഗന്ധമേൽക്കാത്ത കാട്ടിനകത്തേക്ക് ഞാൻ മെല്ലെ കയറിച്ചെന്നു.
പട്ടാമ്പി താലൂക്കിൽ തിരുമിറ്റക്കോട് പഞ്ചായത്തിൽ തിരുമിറ്റക്കോട് (ഒന്ന്) വില്ലേജിലെ പെരിങ്കന്നൂരിൽ സ്ഥിതി ചെയ്യുന്ന പത്തീശ്വരം ശിവക്ഷേത്രമാണിത്. തിരുമിറ്റക്കോട് വില്ലേജ് റീസ . 267/8 ൽ ഇരുപത്തൊന്നു സെൻ്റാണ് ക്ഷേത്രഭൂമി. തകർന്നടിഞ്ഞ ചുറ്റമ്പലത്തിൻ്റെ അവശിഷ്ടമായുള്ളത് അതിൻ്റെ കൽത്തറ മാത്രമാണ്. കിഴക്കോട്ട് ദർശനമായ ക്ഷേത്രത്തിലേക്ക് പ്രവേശിക്കാനുള്ള ഭാഗം കടന്നു ചെന്നപ്പോൾ കണ്ടത് നമസ്ക്കാര മണ്ഡപത്തിൻ്റെ ചെറിയ തറയാണ്. ഇതിൻ്റെ തൊട്ടു വടക്കുഭാഗത്ത്, അതായത് ശ്രീകോവിലിൻ്റെ വടക്കു കിഴക്കുഭാഗത്തായി ക്ഷേത്രത്തിൻ്റെ തീർത്ഥക്കിണറും കാണാൻ കഴിഞ്ഞു. ആൾ മറയില്ലാത്ത കിണറാണത്. ചതുരാകൃതിയിലാണ് ശ്രീകോവിൽ. അടിത്തറ കരിങ്കല്ലു കൊണ്ടും ഭിത്തി ചെങ്കല്ലു കൊണ്ടും നിർമ്മിച്ചതാണ്. സോപാനത്തിന് കേടുപാടുകൾ സംഭവിച്ചിട്ടില്ല. ശ്രീകോവിലിനകത്ത് കണ്ട കാഴ്ച ഹൃദയ ഭേദകമായിരുന്നു. കാറ്റിൽ പറന്നു വീഴുന്ന കരിയിലകളാൽ അഭിഷേകം കൊള്ളുന്ന ശിവലിംഗം എനിക്കവിടെ കാണാൻ കഴിഞ്ഞു. ശിവലിംഗം മനോഹരവും പീഠത്തിൽ ഉറപ്പിച്ച നിലയിലുമാണ്. സ്വയംഭൂ ശിവലിംഗമാണെന്ന് പ്രദേശവാസികൾ പറഞ്ഞു. ശ്രീകോവിലിൻ്റെ മേൽക്കൂര നഷ്ടപ്പെട്ടിരിക്കുന്നു. അതിനാൽ ശിവലിംഗം മഴയും വെയിലുമേറ്റു കിടക്കുകയാണ്. ശ്രീകോവിലിൻ്റെ ഭിത്തി പൂർണ്ണമായും വിണ്ടുകീറിയിരിക്കുന്നു. വൈകാതെ ശ്രീകോവിൽ ഭിത്തി മുഴുവൻ ഇടിഞ്ഞു വീഴാവുന്ന നിലയിലാണ്. ആയിരത്തിലേറെ വർഷം പഴക്കം തോന്നിക്കുന്ന ഒരു ക്ഷേത്രമാണിത് . അപൂർവ്വ ശക്തിയുള്ള ഒരു ശിവക്ഷേത്രമാണിത് എന്നാണ് വിശ്വസിക്കപ്പെട്ടു വരുന്നത്. ശിവ ചൈതന്യം പത്തിരട്ടിയാണെന്നും പത്തീശ്വരം ശിവക്ഷേത്രമെന്ന പേര് ഈ ക്ഷേത്രത്തിനു വരാൻ കാരണം ഇതാണെന്നും കരുതേണ്ടിയിരിക്കുന്നു.
പരദേശികളുടെ പടയോട്ടക്കാലത്ത് തകർക്കപ്പെട്ട ക്ഷേത്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താവുന്ന ഒരു ക്ഷേത്രമല്ല ഇത്. ഊരാളൻമാർക്ക് പരിപാലിക്കാൻ കഴിയാതെ സ്വാഭാവിക തകർച്ച നേരിടുകയായിരുന്നു ഈ ക്ഷേത്രം. ക്ഷേത്രത്തോടനുബന്ധിച്ച് ഒരു കാവുമുണ്ടായിരുന്നു. കാവും നശിച്ചുപോയി. പരിയാനംപറ്റ മനയ്ക്കാണ് ക്ഷേത്രത്തിൻ്റെ ഊരായ്മ സ്ഥാനം പൂർവ്വിക കാലത്ത് വളരെ നല്ല നിലയിൽ പരിപാലിക്കപ്പെട്ടിരുന്നു. 1970-71 കാലഘട്ടം വരെ ക്ഷേത്രത്തിൽ വിളക്കു വെപ്പും പൂജയും നടന്നിട്ടുണ്ട്. ഊരാളൻമാരുടെ ഭൂമികളിൽ നിന്നും ലഭിച്ചു വന്നിരുന്ന ആദായം കൊണ്ടാണ് ക്ഷേത്രം പരിപാലിക്കപ്പെട്ടിരുന്നത്. പത്തീശ്വരം ശിവക്ഷേത്രത്തെ നാശോന്മുഖമാക്കിയത് കേരള ഭൂപരിഷ്കരണ നിയമമാണ്. അനവധി ക്ഷേത്രങ്ങളെ ഭൂപരിഷ്ക്കരണ നിയമം തകർത്തിട്ടുണ്ട്. ക്ഷേത്രഭൂമി പാട്ടത്തിനു കൈവശം വെച്ചിരുന്നവർക്കെല്ലാം സർക്കാർ പട്ടയം കൊടുത്തതോടെ പത്തീശ്വരം ശിവക്ഷേത്രം 21 സെൻ്റിൽ ചുരുങ്ങി ഒതുങ്ങി. വരുമാനം നിലച്ചതോടെ പരമാവധി നിലനിർത്താൻ ശ്രമിച്ചെങ്കിലും പിൽക്കാലത്ത് ഊരാളൻമാർക്ക് ക്ഷേത്ര പരിപാലനം അസാദ്ധ്യമായിത്തീർന്നു. ഊരാളരായ പരിയാനം പറ്റ മനക്കാർക്ക് മറ്റൊരു ക്ഷേത്രവും മനയോടു ചേർന്നുണ്ട്. അത് മഹാഗണപതി ക്ഷേത്രമാണ്.
പത്തീശ്വരം ശിവക്ഷേത്രത്തിൽ നിന്നും ദൂരെയാണ് പരിയാരം പറ്റ മന സ്ഥിതി ചെയ്യുന്നത്. കാട് മൂടിക്കിടന്നിരുന്ന പത്തീശ്വരം ശിവക്ഷേത്രഭൂമിയുടെ സമീപത്തേക്ക് വരാൻ പോലും നാട്ടുകാർ ഭയപ്പെട്ടു. ഉഗ്രശക്തിയുള്ള ശിവൻ കോപിഷ്ഠനാണെന്ന ഭയമായിരുന്നു എല്ലാവർക്കും. പുതിയ തലമുറയ്ക്ക് ഈ കാട്ടിനുള്ളിൽ ഒരു ശിവലിംഗമുണ്ടെന്ന കേട്ടുകേൾവി മാത്രമേയുള്ളു. 2009 ൽ പ്രദേശത്തെ സുന്ദരാട്ട് ജ്യോതിനാഥും ചേലിക്കാട്ടിൽ രാഹുലും അടങ്ങുന്ന ഒരു സംഘം ചെറുപ്പക്കാർ ക്ഷേത്രഭൂമിയിൽ പ്രവേശിച്ചു. അവർ കാട് വെട്ടിത്തെളിയിച്ചപ്പോൾ മേൽക്കൂരയെല്ലാം തകർന്ന് ഓടും കല്ലുകളും മൂടിയ ശ്രീകോവിലും ശിവലിംഗവുമൊക്കെയാണ് കണ്ടത്. ക്ഷേത്രം ഓടുമേഞ്ഞതായിരുന്നു എന്ന വിവരം വെച്ചു നോക്കുമ്പോൾ പൂർവ്വിക കാലത്ത് ഓല മേഞ്ഞതും പിൽക്കാലത്ത് ഓടുമേഞ്ഞതും ആവാനാണ് സാദ്ധ്യത . ഒരു പക്ഷെ, ഓടുമേഞ്ഞത് പിൽക്കാലത്തുണ്ടായ പുനരുദ്ധാരണത്തിൻ്റെ ഭാഗമായിരിക്കണം. ജ്യോതിനാഥും സംഘവും ക്ഷേത്ര ശ്രീകോവിൽ വൃത്തിയാക്കി. അവർ പഞ്ചാക്ഷരി ജപിച്ച് ശിവലിംഗത്തിൽ ഇളനീർ അഭിഷേകം നടത്തി. പിന്നീട് ആരും ക്ഷേത്രഭൂമിയിലേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. അതിനു ശേഷം പിന്നേയും ക്ഷേത്ര ഭൂമി കാട് മൂടിക്കിടന്നു.
പത്തീശ്വരം ശിവക്ഷേത്രം പുനരുദ്ധാരണം ചെയ്യണമെന്ന ആഗ്രഹം ഭക്തജനങ്ങൾക്കുണ്ട്. പുനരുദ്ധാരണം ചെയ്യാൻ ഊരാളർക്കു കഴിവില്ല. ഭക്തജനങ്ങൾ കമ്മിറ്റി രൂപീകരിച്ച് പുനരുദ്ധാരണത്തിനിറങ്ങിയാൽ ഊരാളരുടെ സഹകരണം ഉണ്ടാവുകയും ചെയ്യും. നാട്ടുകാർ കമ്മിറ്റി രൂപീകരിച്ചാൽത്തന്നെ പുനരുദ്ധാരണ ഫണ്ട് സ്വരൂപിക്കൽ എന്ന കടമ്പ കടക്കാൻ സാധിക്കുകയുമില്ല. കാരണം, സാമ്പത്തിക ഭദ്രതയുള്ള കുടുംബങ്ങൾ വിരളമാണ്. ക്ഷേത്ര പുനരുദ്ധാരണത്തിന് സഹായിക്കാൻ ആരെങ്കിലും വന്നാൽ കമ്മിറ്റി രൂപീകരിച്ച് സജീവമാവാൻ നാട്ടുകാരും തയ്യാറാണ്. അതിന് വഴിയൊരുങ്ങട്ടെ എന്ന പ്രാർത്ഥയോടെയാണ് പത്തീശ്വരം ശിവക്ഷേത്രത്തിൽ നിന്നും മടങ്ങിയത്.