90: പരുതൂർ തെക്കേകുന്ന് ശ്രീ മഹാദേവ ക്ഷേത്രം

89: ചെറുകുടങ്ങാട് ഇരട്ടയപ്പൻ മഹാദേവ ക്ഷേത്രം
March 30, 2023
91: അയിനിക്കാട്ട് മഹാവിഷ്ണു ക്ഷേത്രം
April 1, 2023

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 90

വൻ മരങ്ങൾ വളർന്നു നിൽക്കുന്ന തകർന്നു തരിപ്പണമായ ശ്രീകോവിലിനുള്ളിൽ പീഠത്തോടൊപ്പം ചെരിഞ്ഞു കിടക്കുകയായിരുന്നു മഹാദേവ പ്രതിഷ്ഠ. വൻ മരങ്ങൾ വെട്ടിമാറ്റിയത് പുനരുദ്ധാരണ ശ്രമത്തിൻ്റെ ഭാഗമായിട്ടായിരുന്നു. ഞാൻ ഈ ക്ഷേത്രഭൂമിയിൽ എത്തുമ്പോൾ സ്ത്രീകളടക്കം മുപ്പതോളം ഭക്തർ ഉണ്ടായിരുന്നു. ക്ഷേത്ര പുനരുദ്ധാരണത്തിന് കമ്മിറ്റി രൂപീകരിക്കാനുള്ള ഒരുക്കത്തിലായിരുന്നു അവർ. പാലക്കാട് ജില്ലയിൽ പരുതൂർ വില്ലേജിലെ തെക്കേകുന്ന് മഹാദേവ ക്ഷേത്രഭൂമിയിലാണ് ഞാൻ എത്തിച്ചേർന്നിട്ടുള്ളത്.

പരുതൂർ മഹാദേവക്ഷേത്രത്തിൻ്റെ ശ്രീകോവിൽ

2800 വർഷം പഴക്കം കണക്കാക്കുന്ന ക്ഷേത്രം രണ്ടു നിലയുള്ളതും ചതുരശ്രീകോവിലുള്ളതുമായ ഒരു ക്ഷേത്രമായിരുന്നു. ഇതിനു സമീപം തന്നെ ഒരു വിഷ്ണുനരസിംഹ ക്ഷേത്രവും ബ്രഹ്മാവിൻ്റെ അമ്പലവുമുണ്ട്. അതിനാൽ ഈ ഗ്രാമം ഒരു ത്രിമൂർത്തി സംഗമസ്ഥാനമായും കരുതിപ്പോരുന്നു. പടിഞ്ഞാട്ട് ദർശനമായുള്ള മഹാദേവ ക്ഷേത്രം ചുറ്റമ്പലം, ഉപപ്രതിഷ്ഠകൾ എന്നിവയോടു കൂടിയുള്ളതായിരുന്നു. കേലിടത്ത് മൂസ്സത് മാരുടെ ഊരായ്മയിലായിരുന്ന ക്ഷേത്രം പിൽക്കാലത്ത് നെടുങ്ങനാട് രാജാക്കൻമാരുടെ വരുതിയിലായി. കോഴിക്കോട് സാമൂതിരി നെടുങ്ങനാട് പിടിച്ചടക്കിയതോടെ ക്ഷേത്രം സാമൂതിരിയുടെ അധീനതയിലായി. സാമൂതിരി പിന്നീട് ക്ഷേത്രം നോക്കി നടത്താൻ ആവശ്യമായ ഭൂസ്വത്തുക്കളോടെ ഒരു ശൂദ്ര കുടുംബത്തെ ഏൽപ്പിച്ചുവെന്നുമാണ് ക്ഷേത്രം ഉടമസ്ഥാവകാശം സംബന്ധിച്ചുള്ള വിവരങ്ങൾ. പഴയ കാലത്ത് ധാരാളം ബ്രാഹ്മണർ അധിവസിച്ചിരുന്ന പ്രദേശമായിരുന്നു പരുതൂർ ഗ്രാമം. പിൽക്കാലത്ത് ബ്രാഹ്മണർ പലായനം ചെയ്തു. ക്ഷേത്രം തകരാനിടയാക്കിയ സാഹചര്യത്തെക്കുറിച്ച് ആർക്കും കേട്ട അറിവില്ല. പ്രായമുള്ളവർ അവരുടെ ബാല്യകാലത്ത് ക്ഷേത്രം തകർന്ന നിലയിൽത്തന്നെയാണ് കണ്ടിട്ടുള്ളത്.

മുല്ലപ്പള്ളി നാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ഭക്തജനങ്ങൾ നടത്തിയ ദേവപ്രശ്നത്തിൽ അഗ്നിഹോത്രി പരമ്പരയിൽ പെട്ടവർ പ്രതിഷ്ഠിച്ച ക്ഷേത്രമാണിതെന്ന് പറയുന്നുണ്ട്. നൂറ്റാണ്ടുകളായി കാടുകയറിക്കിടന്നിരുന്ന ക്ഷേത്രഭൂമി ഭക്തജനങ്ങൾ വെട്ടിത്തെളിയിച്ചു. മരങ്ങൾ വെട്ടിമാറ്റി. പീഠത്തോടു കൂടി ശിവലിംഗം ചെരിഞ്ഞു കിടക്കുന്ന നിലയിലാണ് കണ്ടത്. ക്ഷേത്രത്തിലെ വില പിടിപ്പുള്ള നിധി കണ്ടെത്താനുള്ള ശ്രമത്തിനിടെ ക്ഷേത്രം തകർത്തതാണെന്നും ശ്രീകോവിലിൽ ശിവലിംഗവും പീഠവും ചെരിഞ്ഞു കിടക്കുന്നത് അതിൻ്റെ തെളിവാണെന്നും ഭക്തജനങ്ങൾ വിശ്വസിക്കുന്നു. അതേ സമയം ഒരു തകർക്കലിൻ്റെ യാതൊരു ലക്ഷണവും കാണാൻ കഴിഞ്ഞില്ല. ടിപ്പുവിൻ്റെ പടയോട്ടക്കാലത്ത് തകർത്തതാണെന്നു കരുതുന്നവരും കുറവല്ല. ക്ഷേത്രത്തിലേക്ക് പ്രവേശിച്ചിരുന്ന വാതിലിൻ്റെ കട്ടിളയുടെ അടിഭാഗം ക്ഷേത്രത്തിൻ്റെ മുൻവശത്തുണ്ട്. ക്ഷേത്രത്തിൻ്റെ സ്വഭാവം പരിശോധിച്ചപ്പോൾ ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ നമസ്കാര മണ്ഡപവും മതിൽക്കെട്ടിനു പുറത്ത് വലിയ ബലിക്കല്ലും ഉണ്ടാകേണ്ടതാണ്. അതൊന്നും കാണാൻ കഴിഞ്ഞില്ല. ക്ഷേത്ര പുനരുദ്ധാരണത്തിന് കമ്മിറ്റി രൂപീകരിച്ചു കഴിഞ്ഞാൽ ക്ഷേത്ര പുനരുദ്ധാരണം തുടങ്ങാനാണ് ഭക്തജനങ്ങളുടെ തീരുമാനം.

പരുതൂർ മഹാദേവക്ഷേത്രത്തിൽ കണ്ടെത്തിയ പീഠം

Leave a Comment