23: പരുത്തിക്കോട്ടുമണ്ണ മഹാദേവ ക്ഷേത്രം

24: വാരിയത്ത് പറമ്പ് ചോലക്കര ദുർഗ്ഗാ ഭഗവതി ക്ഷേത്രം
July 10, 2023
22: അമ്പലക്കോത്ത് മഹാവിഷ്ണു ക്ഷേത്രം
July 11, 2023

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 23

നിത്യവും കാണാറുള്ള ആ കൊടും കാട്ടിനുള്ളിൽ ഒരു മഹാശിവക്ഷേത്രമുണ്ടെന്ന നാട്ടറിവാണ് 2013 ൽ ഒരു സംഘം ഭക്തജനങ്ങളെ ആ കാട്ടിലേക്ക് നയിച്ചത്. വൃക്ഷ നിബിഡമായ ആ പ്രദേശത്തെ കുറ്റിച്ചെടികളൂം മരങ്ങളും വെട്ടിമാറ്റിയപ്പോൾ അവർ കണ്ടത് വലിയൊരു മൺകൂനയാണ്. മൺകൂന നീക്കം ചെയ്തു കൊണ്ടിരുന്നപ്പോൾ അവരുടെ കയ്യിലെ പണിയായുധങ്ങൾ ശക്തമായ പ്രതലത്തിൽ തട്ടിക്കൊണ്ടിരുന്നു. നാട്ടറിവ് സത്യമാവുമെന്ന ആത്മവിശ്വാസം അവരിൽ വർദ്ധിച്ചു. കുഞ്ഞേട്ടൻ എന്നു വിളിക്കുന്ന ചെക്കുവിൻ്റെ പ്രചോദനം കൂടി ആയപ്പോൾ രണ്ടിലൊന്ന് അറിഞ്ഞിട്ടു തന്നെ കാര്യമെന്ന് ഭക്തജനങ്ങൾ തീരുമാനിച്ചു. അവിശ്വസനീയമായ കാഴ്ചകളാണ് പിന്നീട് അവിടെ കണ്ടത്. വലിയ ഒരു വട്ട ശ്രീകോവിലിൻ്റെ തറയാണ് മണ്ണ് നീക്കിയപ്പോൾ പ്രത്യക്ഷപ്പെട്ടത്. ഇതോടെ അവിടെ കൂടിയവരിൽ പലരുടേയും കണ്ണുകൾ നിറഞ്ഞൊഴുകി. എത്രയോ നൂറ്റാണ്ടുകൾക്കു ശേഷം ആ ദേവഭൂമിയിൽ പഞ്ചാക്ഷരി മന്ത്രം മുഴങ്ങി. കുറ്റിക്കാട്ടിലൂടെ ഒരാൾക്ക് മാത്രം നടന്നു പോകാവുന്ന വഴിയിലൂടെ ചെറിയ കുന്നുകയറുമ്പോൾ കുഞ്ഞൻ ആമുഖമായി പറഞ്ഞത് പരുത്തിക്കോട്ടുമണ്ണ ശ്രീ മഹാദേവ ക്ഷേത്രത്തെക്കുറിച്ചാണ്. 2018 ജൂൺ 24 നാണ് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിൽ മുതുവല്ലൂർ പഞ്ചായത്തിൽപെട്ട വിളയിൽ എന്ന പ്രദേശത്ത് പരുത്തിക്കോട്ടുമണ്ണ മഹാദേവ ക്ഷേത്രം തേടി ഞാൻ ചെല്ലുന്നത്. ഞാൻ ആദ്യം കണ്ടത് ഒരു ഗോശാലയാണ്. അവിടെ ഒരു പശുവും അതിൻ്റെ കിടാവ് മുതിർന്ന ഒരു കാളയും ഉണ്ടായിരുന്നു.

പുനരുദ്ധാരണ പ്രവർത്തനത്തിന് തുടക്കം കുറിച്ചപ്പോൾ സിംഗപ്പൂരിൽ നിന്നും ഒരു ഭക്തൻ സമർപ്പിച്ചതാണ് പശുവിനെയും കിടാവിനേയും. കുഞ്ഞൻ തന്നെയാണ് ഇവയെ പരിപാലിക്കുന്നത്. ഇടതുഭാഗത്തായി വലിയ കരിങ്കൽ തൂണുകളും ബലിക്കല്ലും കുറ്റിക്കാട്ടിൽ കിടക്കുന്നതു കണ്ടു. അതിനു സമീപം ക്ഷേത്ര കമ്മിറ്റിയുടെ വിശാലമായ ഓഫീസാണ്. അഞ്ച് അടി നീളമുള്ള ദീർഘചതുരാകൃതിയിൽ വലിയ കരിങ്കൽ തൂണുകൾ കണ്ടു. തറയിൽ സർവ്വെക്കല്ലു പോലെ ഒരു കരിങ്കല്ല് കുത്തി നിർത്തിയ നിലയിൽ ഉണ്ടായിരുന്നു. ക്ഷേത്രത്തിൻ്റെ പ്രഭാവ കാലത്ത് ആനപ്പുറത്ത് സ്വർണ്ണത്തിടമ്പേറ്റി ശീവേലി നടന്നിരുന്നുവെന്നും ആനയെ തളച്ചിരുന്ന കുറ്റിയാണിതെന്ന് വിശ്വസിക്കപ്പെട്ടു വരുന്നു. തെക്കുഭാഗത്ത് ഒരു മണ്ഡപത്തിൽ രണ്ട് മുറികളിലായി ശിവനേയും ഗണപതിയേയും പ്രതിഷ്ഠിച്ചിരിക്കുന്നു. ഇത് ബാലാലയമാണെന്ന് കുഞ്ഞൻ പറഞ്ഞു. ശിവനെ പ്രതിഷ്ഠിച്ച മുറിയുടെ മുന്നിൽ നിന്ന് അടഞ്ഞ വാതിലിലേക്ക് നോക്കി പഞ്ചാക്ഷരി ജപിച്ചപ്പോൾ എനിക്കുണ്ടായ അസാധാരണ അനുഭവം ഇവിടെ രേഖപ്പെടുത്താതിരിക്കാൻ വയ്യ. ശരീരത്തിൻ്റെ പിറകുവശം പിടലി വരെ അസാധാരണമായി ഒരു തരിപ്പ് പ്രവഹിക്കാൻ തുടങ്ങി. ഏതാണ്ട് പത്തു സെക്കന്റോളം അനിർവ്വചനീയ അനുഭൂതിയുടെ നിമിഷങ്ങളിലായിരുന്നു ഞാൻ നിന്നത്.

ക്ഷേത്രവളപ്പിൽ നിന്നും കണ്ടെത്തിയ ക്ഷേത്രാവശിഷ്ടങ്ങൾ

ഇതെഴുതുന്നതിനും രണ്ടു വർഷം മുമ്പ് പൊന്നാനി താലൂക്കിൽ നരിപ്പറമ്പിനടുത്തുള്ള തകർന്ന ഒരു നരസിംഹ ക്ഷേത്രത്തിനു മുന്നിൽ വെച്ചാണ് ഇതിനു മുമ്പ് ഇത്തരം ഒരു അനുഭവമുണ്ടായത്. തകർന്ന ചുറ്റമ്പലത്തിൻ്റെ തറ ക്ഷേത്രവളപ്പിൽ ഇപ്പോഴുമുണ്ട്. അതിൻ്റെ മദ്ധ്യഭാഗത്തായി ഒരു മഹാക്ഷേത്രത്തിൻ്റെ വൃത്താകാരത്തിലുള്ള ശ്രീകോവിൽ തറ കണ്ടു. ഈ തറയുടെ മദ്ധ്യത്തിൽ ചതുരാകൃതിയിൽ ഗർഭഗൃഹത്തിൻ്റെ ഭാഗവും ഉണ്ടായിരുന്നു പുനരുദ്ധാരണ പ്രവർത്തനത്തിൻ്റെ ഭാഗമായി അതിൻ്റെ ഉൾവശം മുഴുവൻ കല്ലുകൾ പാകിയിട്ടുണ്ട്. കിഴക്കുഭാഗത്ത് അയ്യപ്പൻ, ദുർഗ്ഗ, ഗുരു എന്നീ ഉപപ്രതിഷ്ഠളുടെ സ്ഥാനങ്ങളുണ്ട്. അതിനു മുപ്പത് വാര മാറി സർപ്പക്കാവുമാണ്. ശ്രീകോവിൽ തറയുടെ വടക്കും തെക്കും ഭാഗങ്ങളിൽ കൈകാലുകൾ വെട്ടിമാറ്റിയ ദ്വാരപാലകരുടെ ശിൽപ്പങ്ങളുണ്ട്. ഇവക്കെല്ലാം സമീപത്ത് ശ്രീകോവിലിലെ വലിയ ഓവ്, വലിയ ധാരാളം കരിങ്കൽ തൂണുകൾ കൂട്ടിയിട്ടിരിക്കുന്നു. തെക്കുപടിഞ്ഞാറേ മൂലയിൽ മണിക്കിണർ പുനർനിർമ്മിച്ചിട്ടുണ്ട്. ഈ കിണറ്റിൽ നിന്നാണ് തകർക്കപ്പെട്ട ശിവലിംഗവും ഗണപതി വിഗ്രഹവും ലഭിച്ചത്. ക്ഷേത്രത്തിൻ്റെ ഉൽഭവത്തെക്കുറിച്ചോ ചരിത്രത്തെക്കുറിച്ചോ വ്യക്തതയില്ല. പരുത്തിക്കോട്ടുമണ്ണ മഹാദേവ ക്ഷേത്രം എ.ഡി. 300 നും 900 നും ഇടക്കുള്ള കാലഘട്ടത്തിൽ നിർമ്മിച്ചതാവാമെന്നാണ് ക്ഷേത്ര പുനരുദ്ധാരണത്തിൻ്റെ പ്രൊജക്റ്റ് തയ്യാറാക്കിയ വാസ്തുവിദ്യാ പ്രതിഷ്ഠാനത്തിൻ്റെ പ്രതിനിധികൾ രേഖപ്പെടുത്തിയിരിക്കുന്നത്. ഗുരുസങ്കൽപ്പമുള്ളതിനാൽ അവധൂതനായ ഒരു ആചാര്യനാണ് ക്ഷേത്രത്തിൻ്റെ ഉപജ്ഞാതാവെന്ന് അനുമാനിക്കാവുന്നതാണ്.

ശ്രീകോവിൽത്തറയുടെ മുൻവശത്ത് ബലിപ്പുര തകർത്തതിൻ്റെ അവശിഷ്ടങ്ങളുണ്ട്. ഒരു കാലഘട്ടത്തിൽ പ്രഭാവത്തോടെ സ്ഥിതി ചെയ്തിരുന്ന ഒരു മഹാദേവ ക്ഷേത്രമായിരുന്നു ഇതെന്ന് നിർവിശങ്കം പറയുവാനാകും. അതിലേറെ എടുത്തു പറയേണ്ട ഒരു വസ്തുത എനിക്കവിടെ കണ്ടെത്താൻ സാധിച്ചു. ക്ഷേത്ര പറമ്പിൻ്റെ വടക്കുഭാഗത്ത് പൊട്ടിത്തകർന്ന കുറേ കളിമൺ ശിൽപ്പങ്ങളായിരുന്നു അവ. ക്ഷേത്രവളപ്പിലെ മണ്ണ് നീക്കം ചെയ്യുമ്പോൾ ലഭിച്ച ശിൽപ്പങ്ങളായിരുന്നു അവ. കാതുള്ള ഒരു ചെറിയ ലോഹ പാത്രവും ചില ലോഹ തകിടുകളും പ്രത്യേകതരം നിർമ്മിതിയിലുള്ള നടുഭാഗം വേർപെട്ട ഒരു ശിൽപ്പവും ഇതേ ഉൽഖനനത്തിൽ കിട്ടിയത് കമ്മിറ്റിക്കാർ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. ഇവയും ഞാൻ പരിശോധിച്ചു. നടുഭാഗം വേർപെട്ട ശിൽപ്പവും ക്ഷേത്രവളപ്പിൽ കൂട്ടിയിട്ട കളിമൺ ശിൽപ്പങ്ങളും പട്ടിയുടെ ശിൽപ്പങ്ങളാണ്. മഹാദേവ ക്ഷേത്രവളപ്പിൽ പട്ടിയുടെ വിഗ്രഹവും വളരെയധികം കളിമൺ ശിൽപ്പങ്ങളും എങ്ങനെ വന്നുവെന്ന് പഠനം നടത്തേണ്ട വിഷയമാണ്. മഹാദേവ ക്ഷേത്രം വരുന്നതിനു മുമ്പ് ക്ഷേത്രഭൂമിയിൽ നടന്ന ആരാധനാരീതിയുടെ അവശിഷ്ടങ്ങളാണ് അവയെന്നും പ്രാചീന ആരാധനാ സംസ്കാരത്തിൻ്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നവയാണ് ഈ ശിൽപ്പങ്ങളെന്നും വ്യക്തമാണ്.

ക്ഷേത്രവളപ്പിൽ നിന്നും ലഭിച്ച തകർന്ന പട്ടിയുടെ ശിൽപ്പം

ചമ്രവട്ടം അയ്യപ്പക്ഷേത്രത്തിന് സമീപമുള്ള കുറ്റിശ്ശേരി മനയിൽ പട്ടികളുടെ തകർന്ന രണ്ടു വിഗ്രഹങ്ങൾ സൂക്ഷിച്ചു വെച്ചത് ഞാൻ നേരത്തെ കണ്ടിട്ടുണ്ട്. വെട്ടത്തു നാട് ഐതിഹ്യവും ചരിത്രവുമെന്ന എൻ്റെ പുസ്തകത്തിൽ ഇക്കാര്യം ചിത്രം സഹിതം രേഖപ്പെടുത്തിയിരുന്നു. പട്ടികളെ ഉപാസിച്ചിരുന്ന ഒരു മത വിഭാഗം ചമ്രവട്ടത്ത് ഉണ്ടായിരുന്നു. അവരുടെ ക്ഷേത്രത്തിലെ വിഗ്രഹം പട്ടിയായിരുന്നു. മനയുടെ പറമ്പിന് സമീപത്ത് ഒരു നിർമ്മാണ പ്രവർത്തനത്തിന് കുഴിയെടുത്തപ്പോഴാണ് പട്ടിയുടെ ശിൽപ്പങ്ങൾ കിട്ടിയത്. ശങ്കരാചാര്യസ്വാമികളുടെ കാലത്ത് ധാരാളം മതങ്ങൾ ഭാരതത്തിലുണ്ടായിരുന്നു. മതങ്ങളിലൊന്നും തത്ത്വബോധത്തിലെത്താനുള്ള മാർഗ്ഗങ്ങളില്ലെന്നു പറഞ്ഞ് വൈദിക തത്ത്വങ്ങളിലൂടെ അത് സമർത്ഥിച്ച് വിവിധ മതക്കാരെ ധർമ്മാചരണത്തിലേക്ക് കൊണ്ടുവന്ന ശങ്കരവിജയങ്ങൾ പ്രസിദ്ധമാണല്ലോ. അക്കാലത്ത് പട്ടികളെ ഉപാസിച്ചിരുന്ന മത വിഭാഗമുണ്ടായിരുന്നതായി ശങ്കരാചാര്യരുടെ ചരിത്രത്തിൽ കാണാം. പി. ശേഷാദ്രി അയ്യർ രചിച്ച് പുറനാട്ടുകര ശ്രീകൃഷ്ണാശ്രമം പ്രസിദ്ധീകരിച്ച ശ്രീശങ്കരാചാര്യ ചരിതം 104, 105 പേജുകളിലായാണ് ഇക്കാര്യം രേഖപ്പെടുത്തിയിട്ടുള്ളത്.

ആ ഭാഗം ഇങ്ങനെയാണ് – ” കാഞ്ചി നഗരത്തിൽ ആചാര്യർ താമസിക്കുമ്പോൾ ആന്ധ്ര ദേശത്തെ പല പണ്ഡിതൻമാരും അദ്ദേഹത്തെ സ്വദേശത്തേക്ക് ക്ഷണിച്ചിരുന്നു. ഇപ്പോൾ അവർ വീണ്ടും ക്ഷണിച്ചതിനാൽ അദ്ദേഹം അങ്ങോട്ടു പുറപ്പെട്ടു. ആ ദേശം അക്കാലത്ത് പൂർവ്വ ചാലൂക്യ വംശത്തിൻ്റെ കൈവശമായിരുന്നു. ഭേംഗി ആയിരുന്നു തലസ്ഥാനം. രാജാവ് ജയസിംഹൻ രണ്ടാമനും പോകുന്ന വഴിയിൽ ആചാര്യരും അനുയായികളും മല്ലപുരത്തെത്തി. അവിടെയുള്ള വർമല്ലാരിയുടെ ഉപാസകരായിരുന്നു. ആ ഭഗവാൻ്റെ വാഹനമായ ശ്വാവിനെ സേവിക്കുകയാണ് അവരുടെ കൃത്യം. പട്ടിയുടെ വേഷം ചമയുക, അതിൻ്റെ ശബ്ദം അനുകരിക്കുക, മുതലായവ അവരുടെ ആചാരങ്ങളായിരുന്നു. അവരുടെ മൂഢതയെ ആചാര്യൻ മനസ്സിലാക്കിക്കൊടുത്തു. അവരെ പ്രായശ്ചിത്തം ചെയ്യിച്ച് സദാചാര തൽപ്പരരാക്കി. അവിടെ ഒരാഴ്ച താമസിച്ച് ആചാര്യർ ശുദ്ധമായ വൈദികധർമ്മം പുന:സ്ഥാപിച്ചു.”

ഇതിൽ നിന്നും നമുക്ക് ഒരു കാര്യം വ്യക്തമാകും മല്ലാരിയുടെ ക്ഷേത്രങ്ങൾ ഉണ്ടായിരുന്നു. ആ ഭഗവാൻ്റെ വാഹനമായ പട്ടിയുടെ പ്രതിമകളും ക്ഷേത്രത്തിലുണ്ടാകും. ശിവക്ഷേത്രങ്ങളിൽ നന്ദി ശിൽപ്പങ്ങൾ സ്ഥാപിച്ചതു പോലെ. വഴിപാടായി മല്ലാരി ദേവന് പട്ടിയുടെ പ്രതിമകൾ സമർപ്പിക്കാനുമിടയുണ്ട്. പരുത്തിക്കോട്ടുമണ്ണ മഹാദേവ ക്ഷേത്രം സ്ഥാപിതമാവുന്നതിനു മുമ്പ് വളരെ കാലമപ്പുറം മല്ലാരി ദേവോപാസകർ അവിടെ ഉണ്ടായിരുന്നിരിക്കാം. ഇനി മറ്റൊന്നു കണ്ടെത്താനുള്ളത് ഈ മഹാദേവ ക്ഷേത്രം ആര് തകർത്തുവെന്നുള്ളതാണ്. മലബാറിൽ പരക്കെ ക്ഷേത്രങ്ങൾ തകർത്തത് ടിപ്പുവിൻ്റെയും ഹൈദറിൻ്റെയും പടയോട്ടക്കാലത്താണ്‌. തലമുറകൾ കൈമാറിയ നാട്ടറിവുകൾ കേട്ടപ്പോൾ പരുത്തിക്കോട്ടുമണ്ണ ശിവക്ഷേത്രം തകർത്തതും മൈസൂർ അധിനിവേശക്കാലത്തു തന്നെ. എന്നാൽ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഗതാഗത സൗകര്യമില്ലാത്ത പ്രദേശത്താണ്. പീരങ്കി പാതകൾ നിർമ്മിച്ച് അതിലൂടെയാണ് ടിപ്പുവിൻ്റെ അക്രമി സൈന്യം ക്ഷേത്രങ്ങൾ തകർക്കാനെത്തിയത്. അങ്ങനെ ഗതാഗത സൗകര്യമില്ലാത്ത സാഹചര്യത്തിൽ ടിപ്പു ഇവിടെ നേരിട്ട് ഒരു അക്രമം നടത്തിയിരിക്കാനിടയില്ല. അതേ സമയം കാട്ടിലും മലകളിലും ഒളിവിൽ കഴിയുന്ന ഹിന്ദുക്കളെ പിടിച്ചു കൊണ്ടുവരാൻ ടിപ്പു പല ഘട്ടങ്ങളിലും കൽപ്പന കൊടുത്തിട്ടുണ്ട്. അപ്രകാരമെത്തിയ മൈസൂർ സൈന്യം ഈ ക്ഷേത്രം തകർത്തിരിക്കാം. ഏതായാലും വലിയൊരു അക്രമത്തിൻ്റെ സാക്ഷ്യപത്രമാണ് കിണറ്റിൽ തകർന്ന നിലയിൽ കണ്ടെത്തിയ ശിവലിംഗവും കൈകാലുകൾ വെട്ടിമാറ്റിയ ദ്വാരപാലകരുടെ ശിൽപ്പങ്ങളുമൊക്കെ. പവിത്രക്കെട്ടുമണ്ണ എന്ന പദം ലോപിച്ചാണ് പരുത്തിക്കോട്ടുമണ്ണ എന്ന സ്ഥലനാമം രൂപം കൊണ്ടത്. പവിത്രമെന്നാൽ കരാംഗുലീയം, മോതിരം എന്നീ നാനാർത്ഥങ്ങളുണ്ട്. സൽക്കർമ്മങ്ങൾ ചെയ്യുമ്പോൾ ദർഭ പുല്ലു കൊണ്ടു പ്രത്യേകമായ ഒരു കെട്ടുകെട്ടി ഉണ്ടാക്കുന്ന പവിത്രം വിരലിൽ അണിയാറുണ്ട്. ഈ കെട്ടിനെ പവിത്രക്കെട്ടെന്നു പറയും. പരുത്തിക്കോട്ടുമണ്ണ സ്ഥിതി ചെയ്യുന്ന പഞ്ചായത്തിനു സമീപം മൊറയൂര് എന്നൊരു ഗ്രാമമുണ്ട്. മുറജപ ഊര് പിൽക്കാലത്ത് മുറയൂരും മൊറയൂരുമായി. ഈ സ്ഥലനാമങ്ങളെല്ലാം പരിശോധിക്കുമ്പോൾ വളരെ പഴയ കാലത്ത് ഈ പ്രദേശങ്ങളിലെല്ലാം വൈദിക – യജ്ഞസംസ്കാരം നിലനിന്നിരുന്നതായി കരുതാവുന്നതാണ്.

ക്ഷേത്രത്തിൻ്റെ വർത്തമാനകാല ചരിത്രത്തിലേക്ക് പ്രവേശിച്ചാൽ ഈ ക്ഷേത്രം മുമ്പ് മുണ്ടമ്പ്ര കോവിലകത്തിൻ്റെ നിയന്ത്രണത്തിലായിരുന്നു. പ്രാദേശിക നാടുവാഴികളായിരുന്നു അവർ. ക്ഷേത്രത്തിൻ്റെ കിഴക്കുഭാഗത്തായിട്ടാണ് കോവിലകം സ്ഥിതി ചെയ്തിരുന്നത്. ഇപ്പോൾ ആ കോവിലകം വസ്തു പ്രമാണങ്ങളിൽ മാത്രം എഴുതി ചേർക്കുന്ന ഒരു വരിയിൽ ഒതുങ്ങി. ഈ കോവിലകത്തെ ആനയെയാണ് ശീവേലിക്കും ആറാട്ടിനും എഴുന്നെള്ളിച്ചിരുന്നത്. ക്ഷേത്രത്തിൻ്റെ ഇടതുഭാഗത്ത് ഏതാണ്ട് അര കിലോമീറ്റർ അകലത്തിൽ വീതിയുള്ള തോടും അവിടെ ആറാട്ടുകടവും ഉണ്ടായിരുന്നു. തേവർകടവ് എന്നാണ് ഈ കടവ് അറിയപ്പെട്ടിരുന്നത്. ക്ഷേത്രം നശിച്ച ശേഷം ആരും തിരിഞ്ഞു നോക്കാനില്ലാത്ത അവസ്ഥ വന്നതോടെ തേവർ കടവിൻ്റെ പേരും മാറ്റി. തേറോട് എന്ന പേരിലാണ് അറിയപ്പെടുന്നത്. പഴയ പേര് പുന:സ്ഥാപിക്കുന്നതിൻ്റെ ഭാഗമായി തേവർ കടവിൽ എല്ലാ കർക്കിടക മാസത്തിലും വാവ് ദിവസം പിതൃബലികർമ്മങ്ങൾ നടത്താൻ തുടങ്ങിയിട്ടുണ്ട്. കോവിലകത്തു നിന്നും ക്ഷേത്രഭൂമി അടക്കമുള്ള അനുബന്ധ ഭൂമി തലേ തൊടി ഇല്ലത്തെ നമ്പൂതിരി കുടുംബത്തിനും അവരിലൂടെ വിളയിൽ ഷാരടിമാർക്കും ലഭിച്ചു. വിളയിൽ ഷാരത്തെ ഭൂമികൾ ഭാഗം ചെയ്തപ്പോൾ ഓഹരി വിഹിതം കിട്ടിയവർ പലർക്കും തീരുവിറ്റു. റീസ .295 ൽ 6 എ സർവ്വെ നമ്പറിൽ 33 സെന്റിലാണ് പരുത്തിക്കോട്ടുമണ്ണ ക്ഷേത്രഭൂമി സ്ഥിതി ചെയ്യുന്നത്.

തകർക്കപ്പെട്ട ദ്വാരപാലകൻ

ഇത് ഉൾപ്പെടെ വിവിധ സർവ്വെ നമ്പറുകളിലായി 2 ഏക്കർ 72 സെന്റാണ് മൊത്തം അളവ്. ക്ഷേത്രഭൂമി ഭാഗപത്ര പ്രകാരം വിളയിൽ പിഷാരത്ത് ഉണ്ണികൃഷ്ണൻ്റെ താവഴിക്കാണ് ഇപ്പോൾ അവകാശമായി നിൽക്കുന്നത്. ക്ഷേത്രഭൂമി യിലെ കാട് വെട്ടിത്തെളിയിച്ചത് വസ്തു ഉടമയായ ഉണ്ണികൃഷ്ണൻ്റെ അനുവാദത്തോടെയായിരുന്നു. തുടർന്ന് ഭക്തജനങ്ങൾ യോഗം ചേർന്ന് പരുത്തിക്കോട്ടുമണ്ണ മഹാദേവ ക്ഷേത്രം പുനരുദ്ധാരണ സമിതി രൂപീകരിച്ചു. ചെക്കു എന്ന കുഞ്ഞൻ പ്രസിഡന്റ്, എം.കൃഷ്ണദാസ് സെക്രട്ടറിയുമായാണ് കമ്മിറ്റി. ശാരദ ടീച്ചർ പ്രസിഡന്റും, എം.തങ്കമണി സെക്രട്ടറിയുമായി ഒരു മാതൃസമിതിയും നിലവിലുണ്ട്. ക്ഷേത്ര പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതോടെ തങ്ങളുടെ ഭൂമിയിൽ അതിക്രമിച്ചു കയറി പുതിയ ക്ഷേത്രം പണിയുന്നതായി ആരോപിച്ച് കണ്ണഞ്ചേരി മമ്മദാലിക്കുട്ടിയുടെ മക്കൾ അബ്ദുറഹിമാൻ മുതലായവർ ചേക്കു എന്ന കുഞ്ഞനേയും പരുത്തിക്കോട്ടുമണ്ണ മഹാദേവ ക്ഷേത്ര കമ്മിറ്റിയേയും പ്രതി ചേർത്ത് മഞ്ചേരി സബ് കോടതിയിൽ 2013 ൽ ഒ.എസ്. 105 നമ്പറായി കേസുഫയൽ ചെയ്തത് നിലവിലാണ്.

മാപ്പിള കുടുംബത്തിൻ്റെ കൈവശമുള്ള ഭൂമിയുടെ സർവ്വെ നമ്പറിൽ പരുത്തിക്കോട്ടുമണ്ണ മഹാദേവ ക്ഷേത്രഭൂമി ഉൾപെട്ടിട്ടില്ല. അവർക്കു ലഭിച്ച ആധാരത്തിൽ ക്ഷേത്രഭൂമിയുടെ പട്ടിക ചേർക്കാൻ വിട്ടു പോയതാണെന്നാണ് അവരുടെ വാദം. ഇതേ രീതിയിൽ ക്ഷേത്രഭൂമിയിലേക്കുള്ള വഴി മേനായത്ത് അബ്ദുറഹിമാൻ എന്നൊരു മാപ്പിളയും തടസ്സപ്പെടുത്തി ഗേറ്റ് വെക്കുകയുണ്ടായി. അന്യായമായ എതിർപ്പുകൾ നിഷ്പ്രഭവമാവുമെന്നും സാമ്പത്തികമായി സഹായിക്കാൻ കഴിയുന്ന ഭക്തജനങ്ങൾ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കു സഹായം നൽകുമെന്നുമുള്ള ദൃഢവിശ്വാസത്തിലാണ് ഭക്തജനങ്ങൾ. വാസ്തു വിദ്യാ പ്രതിഷ്ഠാനത്തിൻ്റെ പ്രതിനിധികൾ തയ്യാറാക്കിയ എസ്റ്റിമേറ്റ് പ്രകാരം പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ഒട്ടാകെ പന്ത്രണ്ടര കോടി രൂപയാണ് ചെലവ്. ക്ഷേത്ര പുനരുദ്ധാരണം പൂർത്തിയായാൽ ക്ഷേത്ര ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ഒരു ചെറിയ മ്യൂസിയവും ഭക്തജനങ്ങൾ ആഗ്രഹിക്കുന്നു. തകർക്കപ്പെട്ട ചരിത്രാവശിഷ്ടങ്ങളും പ്രതിമകളും പ്രദർശിപ്പിക്കാനാണിത്.

Leave a Comment