129: പാറേത്ത് ഇടം ക്ഷേത്രം

128: കുനിമ്മൽ ഇടം ക്ഷേത്രം
May 18, 2023
130: ചിരുകണ്ടോത്തിടം ക്ഷേത്രം
May 18, 2023

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 128

കണ്ണൂർ ജില്ലയിൽ പെരളശ്ശേരി പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ മാവിലായി വില്ലേജിലെ മോച്ചേരി എന്ന സ്ഥലത്താണ് പാറേത്ത് ഇടം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഗ്രാമത്തിൻ്റെ സാംസ്കാരികത്തുടിപ്പുകളുടെ പ്രഭവകേന്ദ്രമാണ് തിറയും തെയ്യവും നിറഞ്ഞാടുന്ന ഇത്തരം ദേവ സ്ഥാനങ്ങൾ. റോഡിൽ നിന്നും പാറേത്ത് ഇടം ക്ഷേത്രത്തിലേക്ക് ഇറങ്ങിച്ചെല്ലുന്ന പടിക്കെട്ടുകൾ. പടിക്കെട്ടുകളും ക്ഷേത്രഭൂമിയെ വേർതിരിച്ചു കൊണ്ടുള്ള ഭിത്തിയുമൊക്കെ കുമ്മായം തേച്ച് മനോഹരമാക്കിയിരിക്കുന്നു. പുൽക്കാടെല്ലാം വെട്ടിത്തെളിയിച്ച് ഈ വിധം മനോഹരമാക്കിയത് മേട മാസത്തിലെ ഉൽസവത്തിൻ്റെ മുന്നോടി ആയാണ്.

തകർക്കപ്പെട്ട ക്ഷേത്രം

ഉത്സവത്തിൻ്റെ ഭാഗമായി ചടങ്ങുകളുള്ള അരിത്തറയുടെ അരികിലൂടെയാണ് ക്ഷേത്രത്തിനു മുന്നിലെത്തിയത്. പൂർണ്ണമായും തകർന്ന ക്ഷേത്രത്തിൻ്റെ സോപാനം കയറി ചെന്നപ്പോൾ കണ്ടത് തകർന്ന വിഗ്രഹത്തിൻ്റെ മുഖഭാഗമാണ്. വിഗ്രഹത്തിൻ്റെ മുഖം മലർത്തി വച്ചിരിക്കുന്നു. മണ്ണിൽ നിർമ്മിച്ച സൈകതം വിഭാഗത്തിലെ വിഗ്രഹമാണിത്. ദൈവത്താറീശ്വരൻ്റെ പ്രതിഷ്ഠാണിവിടെയുള്ളത്. ദൈവത്താറീശ്വരൻ ശനീശ്വരനാണ്. ക്ഷേത്ര ശ്രീകോവിലിൻ്റെ ചുറ്റുഭാഗത്തുമുള്ള ഭിത്തിയും തകർന്നു കിടക്കുന്നു. മേൽക്കൂരയും ഇല്ല. ക്ഷേത്രാവശിഷ്ടങ്ങളും വിഗ്രഹാവശിഷ്ടവും മഴയും വെയിലുമേറ്റു കിടക്കുകയാണ്.

ക്ഷേത്രം ഇങ്ങനെ കിടക്കാൻ തുടങ്ങിയിട്ട് എത്ര കാലമായെന്ന് ആർക്കും അറിയില്ല. പ്രദേശത്ത് ഇന്ന് ജീവിച്ചിരിക്കുന്ന പ്രായമുള്ളവർ പറയുന്നത് അവർക്ക് ഓർമ്മ വെച്ച കാലം മുതൽ ക്ഷേത്രം ഇതേ രീതിയിലായിരുന്നുവെന്നാണ്‌. ടിപ്പു സുൽത്താൻ്റെ പടയോട്ടക്കാലത്ത് തകർക്കപ്പെട്ട ക്ഷേത്രമാണിതെന്ന് തലമുറകൾ കൈമാറിയ നാട്ടറിവു വച്ച് ഭക്തർ പറയുന്നു. പഴയ കാലത്ത് മാറോടു മേഞ്ഞ ക്ഷേത്രമായിരുന്നു. ചെങ്കല്ലു കൊണ്ടാണ് ശ്രീകോവിൽ തറയും ശ്രീകോവിലും നിർമ്മിച്ചിരിക്കുന്നത്. വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നത് ചെങ്കല്ലു കൊണ്ടു നിർമ്മിച്ച പീഠത്തിലാണ്. 1500 വർഷത്തെ പഴക്കമാണ് പാറേത്ത് ഇടം ക്ഷേത്രത്തിനുള്ളത്. മാവിലക്കാവ് ക്ഷേത്രത്തിൻ്റെ എട്ടിടങ്ങളിലെ ഒരിടമാണ് ഈ ക്ഷേത്രം. പാറേത്ത് എന്ന കുടുംബമാണ് ക്ഷേത്രത്തിൻ്റെ ഊരാളർ. നിത്യപൂജ ഇല്ലാത്ത ക്ഷേത്രമാണെങ്കിലും ഭക്തജനങ്ങൾ ദിവസേന വിളക്കുവെച്ച് ആരാധിക്കുന്നുണ്ട്. മാവിലക്കാവ് ക്ഷേത്രത്തിൽ മേടം ഒന്നു മുതൽ ആറ് വരെ തിയ്യതികളിലായി നടത്തുന്ന ഉൽസവം പാറേത്ത് ഇടം ക്ഷേത്രം അടക്കം എട്ടിടങ്ങളിലെ കൂടി ഉത്സവമാണ്. മാവിലക്കാവ് ക്ഷേത്രോത്സവ ദിനങ്ങൾ പെരളശ്ശേരി, മാവിലായി ഗ്രാമങ്ങളെ ഭക്തിനിർഭരമാക്കിത്തീർക്കുന്നു. ദൈവത്താറീശ്വരൻ്റെ തെയ്യമാണ് പാറേത്ത് ഇടം ക്ഷേത്രത്തിൻ്റെ മുഖ്യ ആകർഷണം. ദൈവത്താറീശ്വരൻ്റെ തെയ്യക്കോലം കെട്ടുന്നത് പാരമ്പര്യ അവകാശികളായ വണ്ണാൻ സമുദായ കുടുംബമാണ്.

വിഗ്രഹത്തിൻ്റെ തല പീഠത്തിൽ

പെരുവണ്ണാൻ എന്ന സ്ഥാനപ്പേരുള്ള വണ്ണാനാണ് തെയ്യത്തിൻ്റെ മുടിയേറ്റു നടത്തുക. ഒന്നിടവിട്ടുള്ള വർഷങ്ങളിൽ പാറേത്ത് ഇടത്തിൽ മുടിയേറ്റുണ്ടാകും. ഇത് കാണാൻ ആയിരക്കണക്കിന് ഭക്തജനങ്ങൾ എത്തിച്ചേരും. മാവിലക്കാവ് ക്ഷേത്രത്തിലെ മൂന്നാം ദിവസത്തെ ഉത്സവം തുടങ്ങുന്നത് ഈ ക്ഷേത്രത്തിലാണ്. മുടിയേറ്റിനു ശേഷം നേർച്ചകൾ സ്വീകരിച്ചു കൊണ്ട് ദൈവത്താറും പരിവാരങ്ങളും മോച്ചേരി വയൽ, ആറാട്ടുതര, ചാത്തോത്തിടം എന്നീ വഴികളിലൂടെ മാവിലക്കാവ് ക്ഷേത്രത്തിലെത്തും. ഈ വഴികളിൽ വച്ച് ‘കൈക്കോളൻമാർ ‘ തമ്മിൽ ഉന്തും തള്ളും നടത്തും. ഈ ചടങ്ങിന് ‘ തിക്കൽ’ എന്നാണ് പറയുക. ദൈവത്താർ തെയ്യം മാവിലക്കാവ് ക്ഷേത്രത്തിലെത്തി മുടി അഴിക്കുന്നതോടെ പാറേത്ത് ഇടം ക്ഷേത്രത്തിലെ ഉത്സവം സമാപിക്കും. നൂറ്റാണ്ടുകളായി തകർന്നു കിടക്കുന്ന ക്ഷേത്രവും പ്രതിഷ്ഠയും പുനരുദ്ധാരണം ചെയ്യണമെന്ന് ഭക്തജനങ്ങൾക്ക് ആഗ്രഹമുണ്ടെങ്കിലും ഇതുവരെ ആ സ്വപ്നം യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞിട്ടില്ല.

അരിത്തറ

Leave a Comment