
62: ആർക്കേശ്വരം ശ്രീരാമസ്വാമി ക്ഷേത്രം
February 23, 2023
64: ആനിക്കോട് അഞ്ചുമൂർത്തി ക്ഷേത്രം
March 2, 2023തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 63
ദേവിയുടെ മൂന്നു ഭാവം ഒരേ സമയം പ്രകടമാവുന്ന ആ വിഗ്രഹം കണ്ടാൽ നമിയ്ക്കാത്ത ശിരസ്സുകളുണ്ടാവില്ല. മഹിഷാസുരന്റെ നിറുകയിൽ ചവിട്ടി സുസ്മേരവദനയായ ദേവിയുടെ വിഗ്രഹത്തിന്റെ സൗന്ദര്യം അനിതരസാധാരണമാണ്. മനോഹരമായ ഒരു ശ്രീകോവിലിനുള്ളിൽ സർവ്വാഭരണ വിഭൂഷിതയാക്കി പൂജിച്ചു വന്നിരുന്നുവെങ്കിൽ ദേവീചൈതന്യം ഗ്രാമത്തെയാകെ ഐശ്വര്യ സമ്പുഷ്ടമാക്കിയേനെ. നൂറ്റാണ്ടുകൾക്കു മുമ്പ് അത്തരത്തിൽ വിളങ്ങി നിന്നിരുന്ന ദേവിയായിരുന്നു ഇതെന്ന് അനുമാനിക്കാവുന്ന അനുബന്ധങ്ങൾ അവിടെയുണ്ടുതാനും.
ഇന്ന് തകർന്നടിഞ്ഞ ശ്രീകോവിലിൽ മഞ്ഞും മഴയും വെയിലുമേറ്റ് നഷ്ടപ്രതാപത്തെ ഒരു ചെറുപുഞ്ചിരിയിലൊതുക്കി നിൽക്കുകയാണ് ദേവി.
തകർന്നടിഞ്ഞ ശ്രീകോവിലിനകത്തു കയറി പൂർണ്ണതയുള്ള ദേവിയുടെ തിരുമുന്നിൽ പ്രണമിച്ചപ്പോൾ മനസ്സിൽ അറിയാതെ ആരോടെന്നില്ലാത്ത വെറുപ്പു തോന്നി. തകർക്കപ്പെട്ട ക്ഷേത്രങ്ങൾ തേടിയുള്ള യാത്രക്കിടയിൽ കണ്ട അറുപത്തിമൂന്നാമത്തെ ക്ഷേത്രമായിരുന്നു ഇത്. മഹാക്ഷേത്രങ്ങളിൽ ലക്ഷക്കണക്കിന് രൂപ കോരിച്ചൊരിയാൻ ഭക്തർക്ക് ഒരു മടിയുമില്ല. എന്നാൽ ഇത്തരം തകർന്ന ക്ഷേത്രങ്ങൾ പുനരുദ്ധാരണം നടത്താൻ ആരും മുന്നോട്ടു വരുന്നില്ല. തകർന്നു തരിപ്പണമായ ക്ഷേത്രങ്ങൾ പുനരുദ്ധാരണം ചെയ്യാൻ കയ്യയഞ്ഞു സഹായിക്കുന്നത് വലിയൊരു ധർമ്മമായിരിക്കും.സമൂഹത്തിന് അങ്ങനെയുള്ള ധർമ്മ വിചാരമില്ലായ്മ ഓർത്തപ്പോഴാണ് മനസ്സിൽ വെറുപ്പിന്റെ മുള പൊട്ടിയത്.

പാലക്കാട് ജില്ലയിലെ കണ്ണാടി പഞ്ചായത്തിലുള്ള ചേലക്കാട് പന്നിങ്കര ഭഗവതി ക്ഷേത്രത്തിലാണ് ഞാൻ എത്തിച്ചേർന്നിരിക്കുന്നത്.
ക്ഷേത്രത്തിന്റെ ഭൂതകാല ചരിത്രം പരിശോധിക്കാൻ രേഖകൾ ഒന്നും തന്നെയില്ല. പഴമക്കാർ തലമുറകളായി കൈമാറിയ നാട്ടറിവും ക്ഷേത്രഭൂമിയിൽ ഇന്നു കാണുന്ന അവശിഷ്ടങ്ങളും കൊണ്ട് പഴയ കാലത്തെ ഏകദേശചരിത്രം നമുക്ക് മനസ്സിലാക്കാൻ സാധിക്കും.
കൊല്ലങ്കോട് രാജവംശത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ക്ഷേത്രങ്ങളിലൊന്നായിരുന്നു പന്നി ങ്കര ഭഗവതി ക്ഷേത്രം. ധാരാളം ഭൂമി ക്ഷേത്രത്തിനുണ്ടായിരുന്നു. ക്ഷേത്രത്തിന്റെ ഉൽപ്പത്തിയെക്കുറിച്ച് അറിയാവുന്ന ആരും ഇന്നു ജീവിച്ചിരിപ്പില്ല. വിഗ്രഹത്തിനു മുൻവശത്ത് പീഠത്തിൽ തകർന്ന നിലയിൽ ശിവലിംഗാകൃതിയിൽ ഒരു ശിലയുണ്ട്. ഇത് ദേവിയുടെ സ്വയംഭൂവി ഗ്രഹമാണെന്നു വിശ്വസിക്കപ്പെട്ടു വരുന്നു. ഇത്തരത്തിലുള്ള പല ക്ഷേത്രങ്ങളുടേയും പിന്നിലുള്ള ഐതിഹ്യം ഉപാസകനു മുന്നിൽ ഉപാസനാമൂർത്തി പ്രത്യക്ഷപ്പെട്ടുവെന്നും അവിടെ ക്ഷേത്രം നിർമ്മിച്ചുവെന്നുമാണ്. ഈ ഐതിഹ്യങ്ങളെ ആധാരമാക്കി ഇവിടെ ഒരു ഉപാസകന് മുന്നിൽ ദേവി പ്രത്യക്ഷയായി എന്നും തുടർന്ന് ഒരു പ്രബല ബ്രാഹ്മണ കുടുംബത്തിന്റെ സഹായത്തോടെ ക്ഷേത്ര നിർമ്മിതി നടന്നതായും കരുതേണ്ടിയിരിക്കുന്നു. അതിനു ശേഷം പൂർവ്വകാലത്ത് ഈ ബ്രാഹ്മണാലയത്തിന്റെ ഉടമസ്ഥതയിൽ ഈ ക്ഷേത്രം വരികയുണ്ടായി. മേൽപ്പറഞ്ഞ നിഗമനത്തെ ശരിവെക്കുന്നതാണ് 2018 ഒക്ടോബർ 10 ന് തൃശൂർ ഒളരിക്കര അയക്കാട്ട് മനവാസുദേവൻ നമ്പൂതിരി ഈ ക്ഷേത്രത്തിൽ നടത്തിയ താംബൂലപ്രശ്ന ചാർത്ത്.
അതിൽപ്പിന്നെ മേൽപ്പറഞ്ഞ ബ്രാഹ്മണ കുടുംബം അന്യം നിലച്ചു. തുടർന്ന് കൊല്ലങ്കോട് രാജാവിന്റെ അധീനതയിൽ വരികയും ക്ഷേത്ര പരിപാലനം മൂപ്പിൽ സ്ഥാനമുള്ള നാടുവാഴിക്ക് സമാനമായ നായർ കുടുംബത്തിന് വന്നു ചേരുകയുമുണ്ടായി.
ക്ഷേത്ര നിർമ്മാണത്തിന്റെ വൈദഗ്ദ്യവും സൂക്ഷമതയും അതിന്റെ അവശിഷ്ടങ്ങളിൽ നിന്നും പ്രകടമാണ്. വട്ട ശ്രീകോവിലോടെയുള്ള ക്ഷേത്രത്തിന്റെ ദർശനം കിഴക്കോട്ടാണ്. ശ്രീകോവിലിന്റെ തറകരിങ്കല്ലിലും ഭിത്തി ചെങ്കല്ലിലുമാണ് നിർമ്മിച്ചിട്ടുള്ളത്. ശ്രീകോവിലിൽ നിന്നുള്ള ഓവ് കല്ലിൽ കൊത്തിയ ചിത്രപ്പണികളോടെയായിരുന്നു. മുൻഭാഗത്ത് കരിങ്കൽ തറയും കരിങ്കൽ തൂണുകളുമുള്ള നമസ്കാര മണ്ഡപം ഉണ്ടായിരുന്നു. ചുറ്റമ്പലത്തിന്റെ തറ പൂർണ്ണമായും നീളമുള്ള കരിങ്കല്ലു പാകിയാണ് നിർമ്മിച്ചിട്ടുള്ളത്. തീർത്ഥക്കിണറും ഉണ്ടായിരുന്നു. ശ്രീ കോവിലിൽ നിന്നും ഇരുപത് മീറ്റർ കിഴക്കു മാറിയാണ് വലിയ ബലിക്കല്ല് സ്ഥാപിച്ചിരുന്നത്. അതിനും ഏതാണ്ട് നാൽപ്പത് മീറ്റർ കിഴക്കു മാറിയാണ് ക്ഷേത്രക്കുളം.
ക്ഷേത്രത്തിന്റെ ഇപ്പോഴത്തെ ഊരാളൻമാർ കൂടലാറ്റുപുറം മനക്കാരാണ്. ഷൊറണൂർ ചെറുതുരുത്തി പൈങ്കുളത്താണ് ഈ മന ഇപ്പോൾ സ്ഥിതി ചെയ്യുന്നത്. കോഴിക്കോട് സാമൂതിരിയാണ് ഈ ബ്രാഹ്മണ കുടുംബത്തെ ക്ഷേത്ര സംരക്ഷണത്തിന് ഊരായ്മ സ്ഥാനം നൽകിയതത്രെ.
ടിപ്പുവിന്റെ പടയോട്ടക്കാലത്ത് ഈ ക്ഷേത്രം തകർക്കപ്പെട്ടുവെന്നാണ് പ്രബലമായ വിശ്വാസം. അതിന് ഉപോൽബലകമായ രേഖകൾ ഒന്നും തന്നെയില്ല. തലമുറകൾ കൈമാറിയ നാട്ടറിവ് ശരിവെക്കുകയാണെങ്കിൽ സാമൂതിരിയുടെ അധീനതയിൽ ഈ ക്ഷേത്രം വരുന്നത് വരേയും അതിനു ശേഷം ചുരുങ്ങിയ കാലവും നാശ മൊന്നും സംഭവിക്കാതെ ക്ഷേത്രം പരിരക്ഷിച്ചു നിലനിർത്തിയിരുന്നതായി മനസ്സിലാക്കാം. പാലക്കാട് ജില്ലയിലെ ഏതാനുക്ഷേത്രങ്ങൾ സാമൂതിരിയുടെ അധീനതയിൽ ഉണ്ടായിരുന്നു. കോഴിക്കോട് സാമൂതിരിക്ക് പാലക്കാട്ടെ ക്ഷേത്രങ്ങളിൽ അധികാരം സിദ്ധിച്ചതി നെക്കുറിച്ചു പരിശോധിച്ചാൽ സാമൂതിരിയുടെ പടയോട്ടത്തെക്കുറിച്ചുള്ള ചരിത്രത്തിലാണ് എത്തിച്ചേരുക

1756 ലും 57ലുമായി രാജ്യ വിസ്തൃതി വർദ്ധിപ്പിക്കാൻ സാമൂതിരി പാലക്കാട്ടേക്ക് പട നയിക്കുകയുണ്ടായി. പാലക്കാട് പ്രവിശ്യയെ നെടുകെ പിളർത്തി നടുവട്ടം ഭാഗത്ത് സാമൂതിരി ആധിപത്യമുറപ്പിച്ചു. പാലക്കാടിന്റെശേഷിച്ച ഭാഗവും പിടിച്ചടക്കാൻ സാമൂതിരിക്ക് പദ്ധതി ഉണ്ടായിരുന്നു.
ശക്തമായ സൈന്യവ്യൂഹമുള്ള സാമൂതിരിയോട് ഏറ്റുമുട്ടാൻ തക്ക കരുത്ത് പാലക്കാട് രാജാവായ ഇട്ടിക്കൊമ്പി അച്ചനു (കോമു അച്ചൻ) ണ്ടായിരുന്നില്ല. അതിനാലാണ് പാലക്കാടിന്റെ പകുതി അനായാസം കയ്യടക്കാൻ സാമൂതിരിക്ക് കഴിഞ്ഞത്. ഈ സമയത്താണ് പിടിച്ചടക്കിയ പ്രദേശത്തെ ക്ഷേത്രങ്ങൾ സാമൂതിരിക്ക് ലഭിച്ചതെന്നും തുടർന്ന് ഇപ്പോഴത്തെ ഊരാളർക്ക് ക്ഷേത്രം ലഭിച്ചതെന്നും കരുതേണ്ടിയിരിക്കുന്നു.
സാമൂതിരിയുടെ അധിനിവേശ പ്രദേശങ്ങൾ തിരികെ ലഭിക്കാൻ ഇട്ടിക്കൊമ്പി അച്ചൻ സഹായം തേടിയത് ഹൈദരാലിയോടാണ്. മൈസൂരിന്റെ നാമമാത്രമായ മേൽക്കോയ്മ അംഗീകരിച്ച രാജ്യമായ ഡിണ്ടിഗലിന്റെ ഫൗജദാറായിരുന്നു അദ്ദേഹം. പാലക്കാട് രാജാവിനെ നേരിട്ടു സഹായിക്കാൻ ഹൈദരാലിക്ക് അന്നു സാധിച്ചില്ല. അതിനാൽ അളിയൻ മുഖ്ദ്യം സായിപ്പിന്റെ നേതൃത്വത്തിലുള്ള സൈന്യത്തെയാണ് പാലക്കാട് രാജാവിന്റെ പ്രതിസന്ധി നേരിടാൻ അയച്ചത്. 2000 കുതിരപ്പടയും 5000 കാലാൾപ്പടയും പടക്കോപ്പുമാണ് അയച്ചു കൊടുത്തത്. പാലക്കാട് നായർ പടയുടെ പിൻബലത്തോടെ മൈസൂർ സൈന്യം ഇരച്ചു കയറി. മലബാറിൽ മുഹമ്മദൻ സൈന്യം ആദ്യമായി പ്രവേശിച്ചത് ഈ ഘട്ടത്തിലാണ്. അതിൽപ്പിന്നെ ഹൈദറിന്റെയും ടിപ്പുവിന്റെയും ഒരു താവളം പാലക്കാടായിരുന്നു. നാട്ടറിവു വച്ച് നോക്കുകയാണെങ്കിൽ ഈ ഘട്ടത്തിലാണ് പന്നിങ്കര ഭഗവതി ക്ഷേത്രം തകർന്നതെന്നു വിശ്വസിക്കപ്പെട്ടു വരുന്നു.
ശക്തമായ അക്രമം നടന്നിരുന്നുവോ എന്നു വ്യക്തമല്ല. പൂർണ്ണകായ ദേവീപ്രതിമക്ക് യാതൊരു കേടും സംഭവിച്ചിട്ടില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്.
പന്നിങ്കര ഭഗവതി ക്ഷേത്രം നൂറ്റാണ്ടുകളോളം കാടുകയറിക്കിടക്കുകയായിരുന്നു. 1949 മുതൽ അപൂർവ്വമായി ചിലർ വന്ന് തൊഴുത് പ്രാർത്ഥിച്ച് വിളക്കു വെക്കാൻ തുടങ്ങി. 1984 ആയപ്പോഴേക്കും വെള്ളി, ചൊവ്വ ദിവസങ്ങളിൽ വിളക്കു വെപ്പു തുടങ്ങി. ക്ഷേത്രത്തിനു സമീപം താമസിക്കുന്ന ഉദയൻ ചേലക്കാട്, ശിവകുമാർ ശ്രീലകം, മണികണ്ഠൻ താഴത്തെ പുരക്കൽ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഭക്തജനങ്ങളിലാണ് ക്ഷേത്ര പുനരുദ്ധാരണം നടത്താനുള്ള ആഗ്രഹം ഉരുത്തിരിഞ്ഞത്. തുടർന്ന് ഇവർ ഊരാളരായ കൂടലാറ്റുപുറത്ത് മനയിൽ ചെന്ന് തങ്ങളുടെ ആഗ്രഹം പറയുകയും ക്ഷേത്ര പുനരുദ്ധാരണത്തിനും ക്ഷേത്ര പരിപാലനത്തിനും ഊരാളർ ഇവർക്ക് അനുവാദം നൽകുകയും ചെയ്തു. അതിൽപ്പിന്നെ 2018 ഒക്ടോബർ 10 ന് ( 1 194 കന്നി 24 ) തൃശൂർ ഒളരിക്കരയിലെ അയക്കാട്ട് മനവാസുദേവൻ നമ്പൂതിരിയെക്കൊണ്ട് താംബൂലപ്രശ്നം നടത്തുകയുണ്ടായി.താംബൂലപ്രശ്നത്തിൽ മേൽ വിശദമായി വിവരിച്ച ചരിത്രം തന്നെയാണ് ഏതാണ്ട് തെളിഞ്ഞു വന്നത്.ബ്രഹ്മഹത്യ അടക്കമുള്ള കാര്യങ്ങൾ പ്രശ്നത്തിൽ കണ്ടു.

ഇതിൽ കണ്ട പുനർനിർമ്മാണ പ്രവർത്തന പദ്ധതി ഇങ്ങനെയാണ് –
1. പ്രധാന ഭഗവതിയായി രൗദ്രകലയിലെ ഭദ്രകാളിയെ കിഴക്ക് മുഖമായി ശ്രീകോവിൽ പണിത് പ്രതിഷ്ഠിക്കുക.
2. ഭദ്രകാളിയുടെ തെക്കു കിഴക്ക് പടിഞ്ഞാട്ട് മുഖമായി കൊട്ടിൽ പണിത് ഭൈരവനെ പ്രതിഷ്ഠിക്കുക.
3. ഭദ്രകാളിയുടെ വടക്കുഭാഗത്ത് മതിലിനു പുറത്ത് കിഴക്ക് മുഖമായി മുല്ലത്തറ പണിത് കരിങ്കാളിയെ പ്രതിഷ്ഠിക്കുക.
4. സ്ഥല ബന്ധദമ്പതി രക്ഷസ്സിനും നാഗങ്ങൾക്കും കൊല്ലത്തിലൊരിക്കൽ പത്മമിട്ട് പൂജ നടത്തുക.
വടക്കുപടിഞ്ഞാറ് ഭാഗത്ത് സർപ്പക്കാവുണ്ടായിരുന്നതും സർപ്പ ഹത്യ നടന്നതായും പ്രശ്നത്തിൽ തെളിഞ്ഞിട്ടുണ്ട്.
താംബൂലപ്രശ്നത്തിനു ശേഷം നശിച്ചു കിടന്ന കിണർ ചുടുകട്ട ഉപയോഗിച്ച് പുനർ നിർമ്മിച്ചിട്ടുണ്ട്.
ക്ഷേത്രത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ഇപ്രകാരമാണ് –
ക്ഷേത്രക്കുളം അന്യകയ് വശം പോയിരിക്കുന്നു. ക്ഷേത്രക്കുളത്തിന് സ്വകാര്യ വ്യക്തി ലാന്റ് ട്രൈബ്യുണൽ മുഖേന പട്ടയം വാങ്ങിയതായാണ് അറിഞ്ഞത്. ചുറ്റിലുമുള്ള കുളപ്പടവുകൾ നഷ്ടപ്പെട്ടെങ്കിലും കുളം അവിടെയുണ്ട്. ക്ഷേത്രക്കുളം ഭാവിയിൽ മണ്ണിട്ടുനികത്തി പറമ്പാക്കിക്കൂടെന്നില്ല
ക്ഷേത്രത്തിന് മുൻവശത്തെ വലിയ ബലിക്കല്ല് കേടുകൂടാതെയുണ്ട്. ചുറ്റമ്പലത്തിന്റെ തറകാടുമൂടി കിടക്കുന്നു. നമസ്കാര മണ്ഡപത്തറയിൽ ഒരു വലിയ പാലമരം വളർന്നു നിൽക്കുന്നു. ശ്രീ കോവിലിന്റെ സോപാനം തകർന്നിട്ടുണ്ട്. വാതിലുകളില്ല. കരിങ്കല്ലിന്റെ വാതിൽ കട്ടിളകൾ ചെരിഞ്ഞ് നിലംപൊത്താൻ പാകത്തിൽ കിടക്കുകയാണ്.ശ്രീകോവിലിൽ രണ്ട് വലിയ മരങ്ങൾ ഉണ്ടായിരുന്നതായും അവ മുറിച്ചുമാറ്റിയതായും കണ്ടു.
ക്ഷേത്രത്തിന് രണ്ടായിരത്തോളം വർഷത്തെ പഴക്കമുള്ളതായി കണക്കാക്കുന്നു. ക്ഷേത്ര പുനരുദ്ധാരണത്തിന് കമ്മിറ്റി രൂപവൽക്കരിച്ചിട്ടില്ല. വൈകാതെ കമ്മിറ്റി രൂപീകരിച്ച് പുനരുദ്ധാരണ പ്രവർത്തനം നടത്താനാണ് ഉദ്ദേശിക്കുന്നത്. നാലര ഏക്കറിലധികം ഭൂസ്വത്ത് ഉണ്ടായിരുന്ന ക്ഷേത്രമാണിത്. ഇപ്പോൾ രണ്ടേകാൽ ഏക്കർ ഭൂമി മാത്രമേയുള്ളൂ.
കണ്ണാടി (ഒന്ന്) വില്ലേജ് പരിധിയിലാണ് പന്നിങ്കര ക്ഷേത്ര ഭൂമിയുള്ളത്. കണ്ണന്നൂർ -തേങ്കുറുശ്ശി റോഡിന്റെ വടക്കുഭാഗത്താണ് ക്ഷേത്രം. ക്ഷേത്ര പുനരുദ്ധാരണ പ്രവർത്തനത്തോടെ തന്ത്രിയെ നിശ്ചയിക്കും. വിളിച്ചാൽ വിളിപ്പുറത്തണയുന്ന അമ്മയാണ് പന്നിങ്കര ഭഗവതി എന്നാണു സങ്കൽപ്പം. തകർന്നു തരിപ്പണമായി കിടക്കുകയാണെങ്കിലും ചൈതന്യം നഷടപ്പെട്ടിട്ടില്ല.
കലാ സാഹിത്യാദി രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് ഏറ്റവും അനുകൂല ഫലങ്ങൾ ഇവിടെ പ്രാർത്ഥിച്ചാൽ ലഭിക്കും. ggvരോഗ നിവാരണം മംഗല്യഭാഗ്യം സന്താനലബ്ധി തുടങ്ങിയവയ്ക്ക് പന്നിങ്കര ഭഗവതി ശ്രേഷ്ഠ കേന്ദ്രമാണ്.ഇതിനെല്ലാം ആദ്യം വേണ്ടത് ക്ഷേത്ര പുനരുദ്ധാരണമാണ്. പ്രദേശത്തെ ഭക്തജനങ്ങളും ഊരാകുടുംബവും ഇതിനു വേണ്ടി തൽപ്പരർ ആണെങ്കിലും ചുറ്റുമതിലോടു കൂടി ഈ ക്ഷേത്രം നൂറു ശതമാനവും പുനരുദ്ധാരണം ചെയ്യാനുള്ള സാമ്പത്തിക ബാദ്ധ്യത തങ്ങാൻ ഗ്രാമത്തിലുള്ളവർക്കു കഴിയില്ല. ശ്രീ കോവിൽ, നമസ്കാര മണ്ഡപം ,ഉപപ്രതിഷ്ഠകളുടെ മണ്ഡപങ്ങൾ എന്നിവ സ്പോപോൺസർ ചെയ്യുവാൻ സാമ്പത്തിക ഭദ്രതയുള്ള ഭക്തരോ സന്നദ്ധ സംഘടനകളോ വന്നാൽ ക്ഷേത്ര പുനരുദ്ധാരണം അനായാസം പൂർത്തിയാക്കാൻ കഴിയും.