83: പനങ്ങാങ്ങര ശിവക്ഷേത്രം

82: രാമപുരം സീതാദേവി ക്ഷേത്രം
March 22, 2023
84: പാലക്കുന്ന് ഭഗവതി ക്ഷേത്രം
March 24, 2023

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 83

1841 ഏപ്രിൽ ആദ്യവാരം മുതൽ ഏതാനും ദിവസം മലപ്പുറത്തെ പുഴക്കാട്ടിരിയിൽ നടന്ന മാപ്പിള കലാപത്തിൽ തകർക്കപ്പെട്ട ക്ഷേത്രങ്ങളിലൊന്ന് പനങ്ങാങ്ങര ശിവക്ഷേത്രമായിരുന്നു.

അന്നത്തെ അക്രമസംഭവങ്ങളെക്കുറിച്ച് ലോഗൻ മലബാർ മാനുവലിൽ ഇപ്രകാരം എഴുതിയിരിക്കുന്നു.

1841 ഏപ്രിൽ അഞ്ചിന് തുമ്പമണ്ണിൽ കുഞ്ഞുണ്യാനും മറ്റു എട്ടു പേരും ചേർന്ന് ഒരു പെരുമ്പാളി നമ്പൂതിരിയെ കൊലചെയ്തു. വള്ളുവനാട് താലൂക്കിലെ പള്ളിപ്പുറത്ത് വേറൊരുവൻ പെരുമ്പാളി നമ്പൂതിരിയുടേയും അയാളുടെ ആശ്രിതർമാരായ മറ്റു നാലു പേരുടേയും വീടുകൾ അഗ്നിക്കിരയാക്കി. കൊള്ളിവെച്ച വീടുകളിലൊന്നിന്റെ ഉടമ പിന്നീട് മരിച്ചു. അക്രമണത്തിനു ശേഷം മാപ്പിളമാർ ബ്രാഹ്മണ ജൻമിയുടെ വീട്ടിൽ കയറി ഇരിക്കുകയും ഗവർമ്മേണ്ടധികാരത്തെ വെല്ലുവിളിക്കുകയും ചെയ്തു. നേറ്റീവ് (നാടൻ) ഇൻഫൻട്രി മുപ്പത്താറാം റെജിമെന്റിൽപ്പെട്ട ഒരു പട്ടാള സംഘം അക്രമികളെ നേരിടാൻ ചെന്നു. അടച്ചിട്ട വാതിലുകളിലൊന്ന് കുത്തിപ്പൊളിക്കാൻ പുറത്ത് നിന്ന് ഒരുക്കങ്ങൾ നടക്കുന്നതിനിടയിൽ, മറ്റൊരു വാതിൽ തട്ടിത്തുറന്ന് അക്രമികൾ പുറത്തേക്ക് ചാടിയപ്പോൾ പുറത്തുള്ളവരുമായി നടന്ന ഏറ്റുമുട്ടലിൽ അവർ മരിച്ചുവീണു. പുറത്തു തയ്യാറെടുത്തു നിന്ന പട്ടാളക്കാരടേയും പോലീസുകാരുടേയും സഹായത്തിനായി ആയുധധാരികളായ നാട്ടുകാരുമുണ്ടായിരുന്നു. സംഘട്ടത്തിനിടയിൽ പിലിക്കോട് രാമൻ നായർ എന്നൊരാൾ കൊല്ലപ്പെടുകയും നാട്ടുകാരിൽ നാലുപേർക്കും അഞ്ച് ശിപായിമാർക്കും ഒരു പട്ടാളക്കാരനും പരിക്കുപറ്റി. മേൽപ്പറഞ്ഞ അക്രമിസംഘത്തിൻ്റെ മുഖ്യ നായകൻ കുഞ്ഞ്യോലൻ എന്നൊരാളായിരുന്നു. ഏതോ ഒരു നമ്പൂതിരി ബ്രാഹ്മണ ജൻമിക്ക് ഈ കുഞ്ഞ്യോലൻ കുറച്ച് നിലം വാക്കാൽ ചാർത്തി വാങ്ങി 16 രൂപ അഡ്വാൻസ് കൊടുത്തിരുന്നു പ്രസ്തുത നിലത്തിന് കൈവശാവകാശം കിട്ടണമെന്ന് കുഞ്ഞ്യോലൻ ആവശ്യപ്പെട്ടു. ഇതേ സ്ഥലം ജൻമിയായ നമ്പൂതിരി വേറൊരു മുസ്ലീമിനും മേൽച്ചാർത്ത് (മേൽക്കാണം) കൊടുത്തിരുന്നത് കുഞ്ഞ്യോലൻ അറിയാതെയാണ്. നമ്പൂതിരിമാരുടെ ഈ ഉപജാപവും ചതിയുമാണ് കുഞ്ഞ്യോലനെ കുപിതനാക്കിയതെന്ന് പറയുന്നു. ഈ സംഭവത്തെക്കുറിച്ച് ലോഗൻ വിവരിച്ചത് ഇത്രമാത്രമേയുള്ളു.

പനങ്ങാങ്ങര ശിവക്ഷേത്രത്തിലെ കൈകൾ വെട്ടിയ ദ്വാരപാലകന്റെ ശിൽപ്പം

എന്നാൽ പെരുമ്പള്ളി മനയിലെ ആറ് അംഗങ്ങളെ കൊലപ്പെടുത്തിയെന്നാണ് നാട്ടറിവ്. പെരുമ്പള്ളി മന കാട് മൂടിയ നിലയിൽ ഇപ്പോഴുമുണ്ട്. സമീപത്തു തന്നെയുള്ള തറയിൽ അക്കാലത്ത് കൊല്ലപ്പെട്ട നമ്പൂതിരി കുടുംബാംഗങ്ങളെ ബ്രഹ്മരക്ഷസ്സിൻ്റെ സ്ഥാനപ്പേരിൽ പ്രതിഷ്ഠിച്ചിട്ടുമുണ്ട്. ഈ മനയും അനുബന്ധ സ്വത്തുക്കളും പിൽക്കാലത്ത് കുട്ടല്ലൂർ മനയിലേക്ക് ലയിച്ചു. 

പനങ്ങാങ്ങര ശിവക്ഷേത്രത്തിനു നേരെ ഈ കാലഘട്ടത്തിലാണ് അക്രമം ഉണ്ടായതെന്നു പറഞ്ഞുവല്ലോ. ക്ഷേത്രത്തിൻ്റെ ചുറ്റമ്പലം തകർത്ത അക്രമികൾ നമസ്കാര മണ്ഡപത്തിലെ നന്ദി വിഗ്രഹത്തിൻ്റെ പിൻഭാഗം ഇടതു വശത്തായി അടിച്ചു തകർത്തു. തകർത്തകഷണങ്ങൾ നന്ദി വിഗ്രഹത്തോടൊപ്പം കൂട്ടി വെച്ച നിലയിൽ ഇപ്പോഴും കാണാം. ദ്വാരപാലകരുടെ കൈകൾ വെട്ടിമാറ്റി. ശ്രീകോവിലിനുള്ളിൽ കടന്ന അക്രമികൾ ശിവലിംഗം പുഴക്കി മാറ്റാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അതോടെ ശിവലിംഗം തകർത്ത് പല കഷണങ്ങളാക്കി. തകർക്കപ്പെട്ട നിലയിൽ ഏറെക്കാലം ഈ ക്ഷേത്രം ആരും തിരിഞ്ഞു നോക്കാതെ കാടുകയറി കിടക്കുകയായിരുന്നു. 1964 ലാണ് ക്ഷേത്രം പുനരുദ്ധാരണം ചെയ്തത്. മേടമാസത്തിലെ രോഹിണി നക്ഷത്രത്തിൽ പ്രതിഷ്ടാദിനവും ആഘോഷിക്കുന്നുണ്ട്. ഗോളക ഇറക്കി തകർന്ന ശിവലിംഗത്തിലാണ് ഇപ്പോഴും പൂജ നടത്തി വരുന്നത്. കിഴക്കോട്ടു ദർശനമുള്ള ഉഗ്രഭാവത്തിലുള്ള ശിവ സങ്കൽപ്പമാണ്. മുൻഭാഗത്ത് വടക്കുനിന്നും തെക്കോട്ട് ഒഴുകുന്ന പുരാതന തോട് ദേവീ സാന്നിദ്ധ്യത്തെ സൂചിപ്പിക്കുന്നതായാണ് വിശ്വാസം. തോടിനുമപ്പുറം തീർത്ഥക്കുളമുണ്ട്. മതിൽക്കെട്ടിനുള്ളിൽ അയ്യപ്പൻ, ഭഗവതി, നാഗങ്ങൾ എന്നീ ഉപപ്രതിഷ്ഠകളുണ്ട്. അയ്യപ്പൻ്റെ വിഗ്രഹത്തിലെ രണ്ടു കൊഴ പൊട്ടിയ നിലയിലാണ്. പെരുമ്പള്ളി കുടുംബത്തിൻ്റെ ഉപാസനാ വിഗ്രഹം പിൽക്കാലത്ത് പനങ്ങാങ്ങര ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുകയായിരുന്നു.

പനങ്ങാങ്ങര ശിവക്ഷേത്രത്തിലെ തകർക്കപ്പെട്ട നന്ദി ശിൽപ്പം

നിത്യപൂജയുള്ള പനങ്ങാങ്ങര ശിവക്ഷേത്രത്തിന് രണ്ടായിരത്തിലേറെ വർഷത്തെ പഴക്കം കണക്കാക്കുന്നു. കുട്ടല്ലൂർ, ഏറണൂര്, കരിങ്ങനേഴി എന്നീ മനക്കാരാണ് ഊരാള കുടുംബങ്ങൾ . അതിനു മുമ്പ് പനങ്ങാങ്ങര ശിവക്ഷേത്രം കയ്പ്പശ്ശേരി മൂസ്സത് മാരുടെ ഉടമസ്ഥതയിലായിരുന്നു. ഈ കുടുംബം അന്യം നിലച്ചപ്പോഴാണ് കുട്ടല്ലൂർ മനയുൾപ്പെടെയുള്ള കുടുംബങ്ങൾക്ക് ഊരായ്മ സ്ഥാനം ലഭിച്ചത്. പനങ്ങാങ്ങര പ്രദേശത്ത് കരിങ്ങിനേഴി, മേലേപ്പാട്ട്, മലയിൽ എന്നീ പേരുകളുള്ള മനകൾ നേരത്തെയുണ്ടായിരുന്നു. ഏറണൂര്, ചോർളി, കുട്ടല്ലൂർ, പെരുമ്പള്ളി,ആനല്ലൂർ തുടങ്ങി എട്ട് ഇല്ലക്കാരാണ് പിന്നീട് അവശേഷിച്ചത്. കുട്ടല്ലൂർ നമ്പൂതിരി മാനേജിംങ് ട്രസ്റ്റിയായ ഒരു കമ്മിറ്റിയാണ് ക്ഷേത്രഭരണം നടത്തുന്നത്. 5000 പറ നെല്ല് പാട്ടം കിട്ടിയിരുന്ന ക്ഷേത്രത്തിന് ഇപ്പോൾ ഒരു ഏക്കർ ഭൂമി മാത്രമെയുള്ളൂ. ഭൂപരിഷ്കരണ നിയമത്തിൽ ദേവസ്വം ഭൂമികൾ നഷ്ടപ്പെടുകയായിരുന്നു. ഗതകാല സ്മരണകളോടെ പത്തായപ്പുരയും നെല്ല് സൂക്ഷിച്ചിരുന്ന പെരുംപത്തായവും ഇപ്പോഴുമുണ്ട്. ഇവിടെ നിന്നും അയ്യപ്പൻ്റെ അപൂർവ്വമായ പഴയ ഒരു കളർ ഫോട്ടോ കാണുകയുണ്ടായി. ചിതലുകയറി നശിച്ചതായിരുന്നു ആ ചിത്രം. പുലിപ്പുറത്തു വരുന്ന അയ്യപ്പൻ്റെ ചിത്രമാണ് സുപരിചിതം. എന്നാൽ സിംഹത്തിൻ്റെ പുറത്തു കയറി വരുന്ന രൗദ്രഭാവമുള്ള അയ്യപ്പൻ്റെ ചിത്രമാണത്. രാജാ രവിവർമ്മ വരച്ച ചിത്രമാണിതെന്നാണ് കരുതുന്നത്.

പനങ്ങാങ്ങര ശിവക്ഷേത്രത്തിലെ വലിയ ബലിക്കല്ല്

Leave a Comment