83: പനങ്ങാങ്ങര ശിവക്ഷേത്രം
March 23, 202385: തൃപ്രങ്ങോട് മഹാദേവ ക്ഷേത്രം
March 25, 2023തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 84
മലപ്പുറം ജില്ലയിൽ ആതവനാട് പഞ്ചായത്തിലെ പതിമൂന്നാം വാർഡിലാണ് പാലക്കുന്ന് ഭഗവതി ക്ഷേത്രമുണ്ടായിരുന്നത്. തകർന്ന ക്ഷേത്രാവശിഷ്ടം മാത്രമേ അവശേഷിച്ചിരുന്നുള്ളു. പാലക്കുന്ന് ഭഗവതി ക്ഷേത്രത്തിൻ്റെ ചരിത്രത്തിലേക്ക് കടക്കും മുമ്പ് ഈ ക്ഷേത്രവുമായി ബന്ധമുള്ള മഴൂർ വിഷ്ണു ക്ഷേത്രത്തിൻ്റെ ഭൂതകാലം കൂടി അറിയണം. മഴൂർ വിഷ്ണു ക്ഷേത്രവും പാലക്കുന്ന് ഭഗവതി ക്ഷേത്രവും 500 മീറ്റർ അകലമേയുള്ളു. മഴൂർ വിഷ്ണു ക്ഷേത്രം സ്ഥിതി ചെയ്യുന്ന പ്രദേശം പരിതി എന്ന പേരിലാണ് അറിയപ്പെടുന്നത്. ആതവനാട് വില്ലേജ് റീ.സ.277/ 1, 2, 3 എന്ന സർവ്വെ നമ്പറിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
സ്ഥലപ്പേര് പരിധി എന്നാണെന്നും കരുതുന്നു. പരിധി എന്ന പേരിന് അതിർത്തി എന്ന ഒരർത്ഥമുണ്ടല്ലോ. ആതവനാട് എന്ന പേരു വന്നതിന്നാധാരം ആഴുവാഞ്ചേരി തമ്പ്രാക്കൻമാരാണ്. ആഴുവാഞ്ചേരി തമ്പ്റാക്കൾ വാഴുംനാട് എന്ന പദത്തിൻ്റെ ചുരുക്കപ്പേരാണ് ആതവനാട്. പൂർവ്വിക കാലത്ത് ആതവനാട് പ്രദേശം വനനിബിഡമായിരുന്നു. അത് ശരി വെക്കുന്ന പ്രദേശങ്ങൾ ആതവനാട് ഇന്നുമുണ്ട്. കാട്ടിലങ്ങാടിയാണ് അതിലൊന്ന്. വനപ്രദേശം വെട്ടിത്തെളിയിച്ച് ഉണ്ടാക്കിയ അങ്ങാടി ആയതിനാലാണ് കാട്ടിലങ്ങാടിയെന്ന പേരു വന്നതത്രെ. അയ്യപ്പനോവ് എന്ന സ്ഥലവും ഇതിലേക്ക് വിരൽ ചൂണ്ടുന്നതാണ്. മഴൂർ വിഷ്ണു ക്ഷേത്രവും അതിൻ്റെ കീഴേടമായ പാലക്കുന്ന് ഭഗവതി ക്ഷേത്രവും ആഴുവാഞ്ചേരി തമ്പ്രാക്കളുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന ക്ഷേത്രങ്ങളാണ്. ടിപ്പുവിൻ്റെ പടയോട്ടക്കാലത്ത് മഴൂർ വിഷ്ണു ക്ഷേത്രം തകർക്കപ്പെട്ടു. വിഗ്രഹം പല കഷണങ്ങളാക്കി. ഇതേ സമയത്തു തന്നെയാണ് പാലക്കുന്ന് ഭഗവതി ക്ഷേത്രവും തകർത്തതെന്നാണ് കരുതുന്നത്.
മഴൂർ വിഷ്ണു ക്ഷേത്രത്തിൻ്റെ കിഴക്കും വടക്കും വയലാണ്. ഇന്നു ജീവിച്ചിരിക്കുന്ന പഴമക്കാരുടെ ഓർമ്മച്ചിത്രങ്ങളിൽ മഴൂർ വിഷ്ണു ക്ഷേത്രവുമുണ്ട്. തകർന്നു കിടക്കുന്ന ചുറ്റമ്പലത്തിൻ്റെ തറ മാത്രമെയുള്ളു. ശ്രീകോവിൽ തകർന്നു കിടക്കുന്നു. അതിനകത്ത് പണ്ടെങ്ങോ തല്ലിത്തകർത്ത വിഷ്ണു വിഗ്രഹവും. കർഷക തൊഴിലാളികൾ പണിയായുധങ്ങൾ സൂക്ഷിക്കാനും ഭക്ഷണം പാകം ചെയ്യാനുമായിട്ടുള്ള കേന്ദ്രമാക്കി മാറ്റി. ടിപ്പു തകർത്ത ക്ഷേത്രം എന്ന പേരിൽത്തന്നെയാണ് ഈ ക്ഷേത്രം അറിയപ്പെട്ടിരുന്നത്. 1961 ൽ രാഷ്ട്രീയ സ്വയംസേവക സംഘം ക്ഷേത്രഭൂമിയിൽ ശാഖ തുടങ്ങിയതോടെയാണ് മഴൂർ വിഷ്ണു ക്ഷേത്രം പുനരുദ്ധാരണം ചെയ്യണമെന്ന ആഗ്രഹത്തിന് ചിറകു മുളച്ചത്. തുടക്കത്തിൽ കമ്മിറ്റിയൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ചെറുകുന്നത്ത് സുകുമാരൻ നായരുടെ നേതൃത്വത്തിൽ ഒരു സംഘം ഭക്തജനങ്ങൾ പുനരുദ്ധാരണ പ്രവർത്തനങ്ങൾ തുടങ്ങി. ഇതോടെ ഈ ക്ഷേത്രം ചെറുകുന്നത്ത് തറവാട്ടുകാരുടെ മേൽനോട്ടത്തിലായി. 1964 ലാണ് പുനരുദ്ധാരണ കമ്മിറ്റി രൂപീകരിച്ചത്. പരമേശ്വരമേനോൻ, മഠത്തിൽ മാധവൻ നായർ, കുട്ടൻ നായർ, ശിവശങ്കരൻ തുടങ്ങിയവരൊക്കെയായിരുന്നു കമ്മിറ്റിയിലുണ്ടായിരുന്നത്. കമ്മിറ്റി രൂപീകരിച്ചതിനെത്തുടർന്ന്.
ആഴുവാഞ്ചേരി തമ്പ്രാക്കൾ ക്ഷേത്രം കമ്മിറ്റിക്ക് വിട്ടുകൊടുത്തു. ക്ഷേത്രഭൂമി സംരക്ഷിച്ചു കൊണ്ട് ചുറ്റുഭാഗവും മണ്ണു കൊണ്ട് മതിലു നിർമ്മിച്ചു കൊണ്ടായിരുന്നു പുനരുദ്ധാരണത്തിൻ്റെ തുടക്കം. ഭക്തർ അവരുടെ പറമ്പുകളിലെ ഒരു തെങ്ങിലെ ആദായം ക്ഷേത്രത്തിന് നൽകി. അതുപോലെ ക്ഷേത്രഭൂമിയിലേക്ക് ഓരോ തെങ്ങിൻ തൈയും നൽകി. മഴൂർ വിഷ്ണു ക്ഷേത്ര ഭൂമിയിൽ ഇന്നു കാണുന്ന തെങ്ങുകൾ 1964-68 കാലത്തിനിടയിൽ ഭക്തർ ദേവനു സമർപ്പിച്ചതാണ്. വെട്ടിമുറിച്ച വിഗ്രഹ ഭാഗങ്ങൾ കമ്പി കൊണ്ടു കെട്ടി നിർത്തിയായിരുന്നു ആദ്യ കാലത്ത് പൂജകൾ നടത്തിയിരുന്നത്. ശ്രീകാന്ത് നൂറം പറമ്പിൽ പ്രസിഡന്റ്, മോഹൻ ദാസ് സെക്രട്ടറിയുമായ ഒരു കമ്മിറ്റിയാണ് ഇപ്പോഴുള്ളത്. ഇതിനിടയ്ക്ക് ഭക്തർ ക്ഷേത്രം പുനഃരുദ്ധാരണം ചെയ്തു. ചുറ്റമ്പലം നിർമ്മിച്ചു. പുന:പ്രതിഷ്ഠയും നടത്തി. പടിഞ്ഞാട്ട് ദർശനമായ ക്ഷേത്രത്തിൻ്റെ വടക്കുപടിഞ്ഞാറെ മൂലയിലായിരുന്നു പുരാതന ക്ഷേത്രക്കുളമുണ്ടായിരുന്നത്. പുനഃപ്രതിഷ്ഠാകർമ്മങ്ങളുടെ ഭാഗമായി തകർക്കപ്പെട്ട വിഗ്രഹം നിമജ്ഞനം ചെയ്തത് ക്ഷേത്രക്കുളത്തിലാണ്. ഈ കുളം പിന്നീട് മണ്ണിട്ടു മൂടി. അതിനു ശേഷം തെക്കു കിഴക്കെ മൂലയിൽ ചെറിയൊരു കുളം നിർമ്മിച്ചിരിക്കുകയാണ് മിഥുന മാസത്തിലെ തിരുവോണം നക്ഷത്രത്തിലാണ് പ്രതിഷ്ഠാദിനം. ഗണപതി, ദുർഗ്ഗ, ശാസ്താവ് എന്നിവയാണ് ഉപപ്രതിഷ്ഠകൾ.
മഴൂർ ഉത്സവം മേടം ഒന്നിന് ആഘോഷിച്ചിരുന്നു. ക്ഷേത്രത്തിലേക്കുള്ള എഴുന്നെള്ളിപ്പ് കൊക്രാംകുന്നിൽ നിന്നാണ് തുടങ്ങിയിരുന്നത്. പാലക്കുന്ന് ദേവീക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്തിൻ്റെ പേരാണ് കൊക്രാംകുന്ന്. എഴുന്നെള്ളിപ്പിന് പല വിധ തടസ്സങ്ങളുണ്ടായതിനെത്തുടർന്ന് ക്ഷേത്രക്കമ്മിറ്റി താംബൂല പ്രശ്നം വെച്ചു. തകർക്കപ്പെട്ട പാലക്കുന്ന് ദേവിയെ ഉചിതമായ സ്ഥലത്ത് പ്രതിഷ്ഠിച്ചാൽ ഈ തടസ്സങ്ങൾ തീരുമെന്നായിരുന്നു പ്രശ്ന വിധി. പാലക്കുന്ന് ദേവീക്ഷേത്രത്തിൻ്റെ ഉൽഭവത്തെക്കുറിച്ചോ മറ്റോ ആർക്കും അറിയില്ല. 2019 ഏപ്രിൽ രണ്ടിനു നടത്തിയ താംബൂലപ്രശ്നത്തിലെ ചാർത്തിൽ നിന്നാണ് ക്ഷേത്രത്തിൻ്റെ ഉൽഭവത്തെക്കുറിച്ചുള്ള സൂചനയുള്ളത്. ലിഖിത രേഖകളോ വാമൊഴി ചരിത്രങ്ങളോ ഇല്ലാത്തതിനാൽ ക്ഷേത്രോൽപ്പത്തിയെക്കുറിച്ചറിയാൻ താംബൂലപ്രശ്നച്ചാർത്തിനെ ആശ്രയിക്കുകയേ നിവൃത്തിയുള്ളു. ഈ പ്രദേശം വനമേഖലയായിരുന്നുവെന്ന് നേരത്തെ പറഞ്ഞുവല്ലോ.
ഒരിക്കൽ അസമയത്ത് ഒരു ബ്രാഹ്മണ ബാലൻ ഈ വനത്തിലൂടെ യാത്ര ചെയ്യുമ്പോൾ കാട്ടുതീയിൽ അകപ്പെടുകയും ആ ബാലൻ പരദേവതകളെ വിളിച്ചു പ്രാർത്ഥിക്കുകയും ചെയ്തു. ക്ഷണനേരം കൊണ്ട് ഉൽഭവിച്ച ജലസ്രോതസ്സ് അഗ്നിയെ കെടുത്തി ബ്രാഹ്മണ ബാലനെ രക്ഷിച്ചു.ആ ബാലൻ്റെ ഇല്ലത്തെ പരദേവനായ വേട്ടക്കൊരുമകൻ്റെ ദേശ ദേവതയായ ഭഗവതിയുടേയും പ്രേരണയാൽ യക്ഷീ ഗന്ധർവ്വൻമാരാണ് പുഷ്ക്കരണിയുടെ രൂപത്തിൽ ജലപ്രവാഹം സൃഷ്ടിച്ചതത്രെ. പാലക്കുന്ന് ദേവീക്ഷേത്രം സ്ഥിതി ചെയ്തിരുന്ന പ്രദേശം കൊക്രാംകുന്ന് എന്ന പേരിലാണ് അറിയപ്പെടുന്നത്. കൊക്കർണ്ണി എന്ന പദം ലോപിച്ച് കൊക്രാംകുന്ന് ആയതാണ്. പുഷ്ക്കരണി ലോപിച്ച് കൊക്കർണ്ണിയുമായി.
ബാലനെ രക്ഷിച്ച ദേവതയെ നാടിൻ്റെ രക്ഷക്കായി ഗ്രാമവാസികൾ പാലമരച്ചുവട്ടിൽ കുടിയിരുത്തി. പുഷ്ക്കരണി സൃഷ്ടിച്ച യക്ഷീ ഗന്ധർവ്വൻമാരുടെ ആവാസ കേന്ദ്രമായ പാലമരമായിരുന്നുവത്രെ ആ വൃക്ഷം. പാലമരച്ചുവട്ടിലെ പ്രതിഷ്ഠ ആയതിനാലാണ് പാലക്കുന്ന് ഭഗവതിയെന്ന പേരു വന്നത്. ദാരികാവധത്തിനു ശേഷം ശാന്തസ്വരൂപത്തിലിരിക്കുന്ന ഭദ്രകാളിയാണ് പ്രതിഷ്ഠാ സങ്കൽപ്പം.
ആദ്യകാലത്ത് കാവ് സമ്പ്രദായത്തിലായിരുന്നു പൂജ. പിൽക്കാലത്ത് ക്ഷേത്രം നിർമ്മിച്ചു. നൂറ്റാണ്ടുകൾക്കു മുമ്പാണ് ക്ഷേത്രം തകർന്നത്. ഇതിൻ്റെ അവശിഷ്ടങ്ങൾ അവിടെയുണ്ടായിരുന്നു. ആഴുവാഞ്ചേരി തമ്പ്രാക്കളുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ക്ഷേത്രമായതിനാൽ ആരും തിരിഞ്ഞു നോക്കിയുമില്ല. ഇതിനിടെ ക്ഷേത്രഭൂമിയോടു ചേർന്നുള്ള ഭൂമി ഹൈസ്കൂളിനു വേണ്ടി സർക്കാർ അക്വയർ ചെയ്തു. മഴൂർ വിഷ്ണു ക്ഷേത്രത്തിലെ എഴുന്നെള്ളിന് തടസ്സങ്ങൾ പതിവായി കണ്ടതിനെത്തുടർന്നാണ് താബൂലപ്രശ്നം നടത്തിയത്. പാലക്കുന്ന് ഭഗവതിയെ മഴൂർ വിഷ്ണു ക്ഷേത്രഭൂമിയിലേക്ക് കൊണ്ടുവന്ന് ക്ഷേത്രം നിർമ്മിച്ച് പൂജിച്ച് ഉപാസിക്കണമെന്നാണ് തെളിഞ്ഞത്.
ഇനിനെത്തുടർന്ന് 2019 മെയ് 27 ന് ക്ഷേത്രഭൂമിയിലെ അവശിഷ്ടങ്ങൾ മഴൂർ വിഷ്ണു ക്ഷേത്രത്തിലേക്ക് കൊണ്ടുവരാൻ ഭക്തജനങ്ങൾ ചെന്നപ്പോൾ കണ്ടത് ക്ഷേത്രാവശിഷ്ടങ്ങൾക്കു മീതെ കരിങ്കൽ ലോഡുകൾ ഇറക്കിയതാണ്. ക്ഷേത്രഭൂമി ആറ് സെൻ്റ് സ്ഥലം ഒഴിവാക്കിയിട്ടാണ് അക്വസിഷൻ എന്നു പറയുന്നുണ്ടെങ്കിലും ഫലത്തിൽ ക്ഷേത്രഭൂമി കൂടി സ്കൂളിനോടു ചേർത്തിരിക്കുകയാണ്. പ്രദേശത്തുള്ള ഭക്തജനങ്ങൾക്ക് ക്ഷേത്രഭൂമി തിരിച്ചുപിടിക്കാൻ നടപടിയെടുക്കാനുള്ള കഴിവൊന്നുമില്ല. അവർക്ക് ഭൂമിയിൽ നിന്നും ലഭിച്ചത് ചൈതന്യവത്തായ ഒരു ശിലയാണ്. അത് ആചാരപ്രകാരം വലിയ ഘോഷത്തോടെ മഴൂർ വിഷ്ണു ക്ഷേത്രഭൂമിയിലെത്തിച്ച് ബാലാലയം നിർമ്മിച്ച് അതിൽ വച്ചിരിക്കുകയാണ്. മഴൂർ വിഷ്ണു ക്ഷേത്ര പുനരുദ്ധാരണത്തിനു തന്നെ വലിയ തുക ഭക്തജനങ്ങൾ വഹിക്കേണ്ടി വന്നിട്ടുണ്ട്. പാലക്കുന്ന് ഭഗവതിക്ക് കിഴക്കോട്ടു ദർശനമായി ക്ഷേത്രം നിർമ്മിച്ചു പ്രതിഷ്ഠ നടത്തേണ്ടതുണ്ട്. വിഷ്ണു ക്ഷേത്രത്തിൻ്റെ ഭാഗമായി ഭഗവതി ക്ഷേത്രവും കൂടി വരുന്നതോടെ ക്ഷേത്രത്തിനും നാടിനും കൂടുതൽ ചൈതന്യമുണ്ടാവുമെന്നാണ് ഭക്തജനങ്ങൾ കരുതുന്നത്. ദേവീക്ഷേത്ര നിർമ്മാണത്തിന് സഹായഹസ്തവുമായി ഉദാരമനസ്കരെ തേടുകയാണ് മഴൂർ വിഷ്ണു ക്ഷേത്ര കമ്മിറ്റി.