
153: ഗണപതി വട്ടം ശ്രീ മഹാഗണപതി ക്ഷേത്രം
June 15, 2023
155: കിടങ്ങനാട് ബസ്തി ജൈനക്ഷേത്രം
June 16, 2023തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 154
ടിപ്പുവിൻ്റെ പടയോട്ടക്കാലത്ത് പൂർണ്ണമായും തകർക്കപ്പെട്ട ഒരു ക്ഷേത്രമാണ് ഓടപ്പള്ളം കിരാത ശിവപാർവ്വതി ക്ഷേത്രം. പൂർവ്വിക കാലത്ത് മുവ്വായിരത്തോളം ഏക്കർ വിസ്തൃതി ഉണ്ടായിരുന്ന ഈ ക്ഷേത്രത്തിന് ദേവന് ഇരിക്കാനുള്ള ഒരുഇഞ്ച് ഭൂമി പോലുമില്ല. ശ്രീ കോവിൽ സ്ഥിതി ചെയ്തിരുന്ന ഭാഗത്ത് ഇപ്പോൾ ക്രിസ്തുമതക്കാരായ ഒരു കുടുംബത്തിൻ്റെ വീടാണ്. ക്ഷേത്രത്തിൻ്റെ അവശിഷ്ടങ്ങൾ പൂർണ്ണമായും ഈ വീടിനോടു ചേർന്നുള്ള ക്ലബ്ബിൻ്റെ മുറ്റത്ത് കുഴിച്ചുമൂടിയിരിക്കുന്നു.
ബ്രിട്ടീഷ് പട്ടയപ്രകാരം ദേവഭൂമി മുഴുവൻ കൈക്കലാക്കിയ സ്വകാര്യവ്യക്തികളിൽ നിന്നും ദേവഭൂമി വില കൊടുത്ത് അളന്നു മുറിച്ചെടുത്തവർ അതിലൊക്കെ വീടുവെച്ചു. ഇവിടെ ഉണ്ടായിരുന്നക്ഷേത്രം പുന:സ്ഥാപിക്കാനാവാത്ത ഒരവസ്ഥ. മൃത്യു ഭയത്താലും രോഗഭയത്താലും ജാതി മത ഭേദമന്യെ പൊറുതിമുട്ടിയതോടെ ജ്യോതിഷ വിചാരം നടത്തിയപ്പോഴാണ് ചൈതന്യവത്തായ വിഗ്രഹം മണ്ണിൽ പൂണ്ടു കിടക്കുന്നുണ്ടെന്നും അത് വീണ്ടെടുത്ത് ക്ഷേത്രം പുന:സ്ഥാപിച്ച് ആരാധന തുടങ്ങുന്നത് ദുരിത പരിഹാരമാവുമെന്നും പ്രശ്ന വിധിയിൽ തെളിഞ്ഞത്.
തുടർന്നു നടത്തിയ തെരച്ചിലിൽ ഒരു മരച്ചുവട്ടിലുണ്ടായിരുന്ന മൺപുറ്റിൽ നിന്നും തകർക്കപ്പെട്ട ഒരു ശിവലിംഗം കണ്ടെത്തി. നൂറ്റാണ്ടുകളായി മണ്ണിൽ പുതഞ്ഞു കിടന്നിരുന്ന ശിവലിംഗം കണ്ടെടുത്തത് ഭക്തജനങ്ങളിൽ ആവേശം ജനിപ്പിച്ചു. കയ്യും മെയ്യും മറന്ന് ക്ഷേത്ര പുന:സ്ഥാപനത്തിന് തയ്യാറെടുത്തവരുടെ മുന്നിൽ ഉയർന്ന ചോദ്യം ഈ ശിവലിംഗത്തെ എവിടെ പ്രതിഷ്ഠിക്കുമെന്നായിരുന്നു. വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി നഗരസഭയിൽ കുപ്പാടി വില്ലേജിലാണ് ടിപ്പു തകർത്ത ഓടപ്പള്ളം കിരാത പാർവ്വതി ക്ഷേത്രം സ്ഥിതി ചെയ്തിരുന്നത്.
മുവ്വായിരത്തോളം വർഷം പഴക്കമുണ്ടെന്നു വിശ്വസിക്കപ്പെട്ടു വരുന്ന ഓടപ്പള്ളം കിരാത ശിവപാർവ്വതീ ക്ഷേത്രത്തിൻ്റെ പഴക്കവും സ്വഭാവവും നിർണ്ണയിക്കാൻ പര്യാപ്തമായ തെളിവുകളൊന്നും ലഭ്യമല്ല. തകർക്കപ്പെട്ട ശിവലിംഗത്തിൻ്റെ ഭാഗവും ഒരു ക്ഷേത്രക്കുളവും മാത്രമേ ആധാരമാക്കാൻ നിലവിലുള്ളു. ഭൂമിയുടെ പേരു സംബന്ധിച്ചുള്ള വിവരങ്ങൾക്ക് ചില ആധാരങ്ങളും പഴയ കാലത്തെ ചരിത്രം കണ്ടെത്തുന്നതിന് വാമൊഴി ചരിത്രങ്ങളും ശേഖരിക്കാൻ കഴിഞ്ഞു.
ക്ഷേത്രം സ്ഥിതി ചെയ്തിരുന്ന ഭൂപ്രദേശം ഓടപ്പള്ളം എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇത് കുപ്പാടി വില്ലേജിലാണ്. കുപ്പാടിഎന്ന സ്ഥലനാമത്തെക്കുറിച്ചുള്ള നിഗമനം കഴിഞ്ഞ അദ്ധ്യായത്തിലെ ഒരു ക്ഷേത്രത്തെക്കുറിച്ചു പറഞ്ഞതിൽ വിശദീകരിച്ചിട്ടുണ്ട്. ഓടപ്പള്ളം എന്നു ഭൂപ്രദേശത്തിനു കാരണമായതൊന്നും വ്യക്തതയില്ലാത്തതാണ്.

ഋഷീശ്വരൻമാർ തപസ്സു ചെയ്തിരുന്ന ഒരു പ്രദേശമായിരുന്നു ഇവിടം. ശൈവാരാധകനായ ഒരു ഋഷീശ്വരൻ്റെ തപശ്ശക്തിയിൽ പാർവ്വതീസമേതനായ മഹാദേവൻ പ്രത്യക്ഷനായെന്നും അപ്രകാരം ശിവഭഗവാൻ പ്രത്യക്ഷപ്പെട്ട സ്ഥലത്ത് പ്രസ്തുത ഋഷീശ്വരൻ ശിവലിംഗം പ്രതിഷ്ഠിച്ച് പൂജനടത്തിയെന്നുമാണ് ക്ഷേത്രോത്ഭവത്തെക്കുറിച്ചുള്ള വാമൊഴി ചരിത്രം. തുടർന്ന് മഹാദേവൻ ഋഷീശ്വരൻമാരാൽ പൂജിക്കപ്പെട്ടു. ക്ഷേത്രവുമായി ബന്ധപ്പെട്ടു നടത്തിയ താംബൂല പ്രശ്നത്തിലും സ്വർണ്ണ പ്രശ്നത്തിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ക്ഷേത്രത്തിൻ്റെ ഊരാളൻമാർ പൂർവ്വികകാലത്ത് വേട രാജാക്കൻമാരായിരുന്നു. വേട രാജാക്കൻമാരെ തോൽപ്പിച്ച് വീരകേരള പഴശ്ശിരാജ വയനാട് മുഴുവൻ പിടിച്ചടക്കി തൻ്റെ കർമ്മഭൂമിയാക്കി. അതോടെ ക്ഷേത്രത്തിൻ്റെ ഉടമസ്ഥർ കോട്ടയം രാജകുടുംബത്തിൽ എത്തിച്ചേർന്നു.
ഓടപ്പള്ളം കിരാത ശിവപാർവ്വതി ക്ഷേത്രത്തിൻ്റെ നടത്തിപ്പ് പഴശ്ശിരാജയ്ക്ക് വന്നതിൽ പിന്നെ ക്ഷേത്ര പരിപാലനം ബ്രാഹ്മണ കുടുംബങ്ങളെ ഏൽപ്പിച്ചു. ഓടപ്പള്ളം കിരാത പാർവ്വതീ ക്ഷേത്രം ബ്രാഹ്മണകുടുംബങ്ങൾ പരിപാലിച്ചുകൊണ്ടിരിക്കെയാണ് ടിപ്പുവിൻ്റെ പടയോട്ടമുണ്ടായത്. പടയോട്ട സമയത്ത് ഓടപ്പള്ളം ശിവപാർവ്വതി ക്ഷേത്രം പൂർണ്ണമായും തകർത്തു. ശിവലിംഗം അടിച്ചുടച്ചു. പടയോട്ട ഭീതിയിൽ ക്ഷേത്രം പരിപാലിച്ചു വന്നിരുന്ന ബ്രാഹ്മണ കുടുംബങ്ങൾ പലായനം ചെയ്തു. ക്ഷേത്രം സ്ഥിതി ചെയ്തിരുന്ന പ്രദേശങ്ങളിൽ ബ്രാഹ്മണാലയങ്ങൾ ഉണ്ടായിരുന്നതായിപറയുന്നുണ്ടെങ്കിലും അതു സംബന്ധിച്ചതെളിവുകൾ നിലവിൽ ലഭ്യമല്ല.
ടിപ്പുവിൻ്റെ പടയോട്ടത്തിൽ തകർക്കപ്പെട്ട് കാട് മൂടിക്കിടന്നിരുന്ന ക്ഷേത്രഭൂമി വനവാസികളാൽ പരിപാലിക്കപ്പെട്ടു വന്നു. പഴശ്ശിരാജയുടെ കാലശേഷം വയനാട് പൂർണ്ണമായും ബ്രിട്ടീഷ് അധീനതയിലായി. വയനാടൻ മലകൾ സ്വന്തമാക്കാൻ വ്യഗ്രത പൂണ്ടു നടന്നിരുന്നവർക്ക് ബ്രിട്ടീഷുകാർ പട്ടയം നൽകി. ബ്രിട്ടീഷ് പട്ടയം എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. ഓടപ്പള്ളം പ്രദേശവും സ്വകാര്യ വ്യക്തികൾ ബ്രിട്ടീഷ് പട്ടയത്തിലൂടെ സ്വകാര്യ സ്വത്താക്കി മാറ്റി. ഓടപ്പള്ളം ക്ഷേത്രഭൂമി സ്വകാര്യ സ്വത്താക്കി മാറ്റിയതോടെ ക്ഷേത്ര പരിപാലനവും നിലച്ചു. ക്ഷേത്രഭൂമി കാടുകയറിക്കിടന്നു. ക്രിസ്ത്യ മത വിശ്വാസികൾ കൂടി പ്രദേശത്ത് കേന്ദ്രീകരിച്ചു. ഇവർ അടക്കമുള്ളവർ ക്ഷേത്രഭൂമി വിലപേശി കീറി മുറിച്ച് അതിരുകളിട്ട് വീടുകൾ നിർമ്മിച്ചു.
ഒരു വ്യക്തി ശ്രീകോവിൽത്തറ കൊത്തിക്കിളച്ച് കരിങ്കല്ലിൻ്റെ ക്ഷേത്രാവശിഷ്ടങ്ങൾ മുഴുവൻ കൊണ്ടുപോയി. അതിനു ശേഷം ശ്രീകോവിൽ ഭൂമി ക്രിസ്തുമത വിശ്വാസിക്ക് വിറ്റു. ശ്രീകോവിൽ ഭൂമി വിലയ്ക്ക് വാങ്ങിയ വ്യക്തിയാകട്ടെ ദേവാലയത്തിനു മീതെ മനുഷ്യാലയം നിർമ്മിച്ച് താമസവും തുടങ്ങി. ഈ സമയത്താണ് ക്ഷേത്രാവശിഷ്ടങ്ങൾ കടത്തിക്കൊണ്ടുപോയ വ്യക്തി മാറാദുരിതത്തിലും മാറാവ്യാധിയിലും അകപ്പെട്ടത്. തുടർന്ന് അയാൾ ജോത്സ്യനെ കാണുകയും ക്ഷേത്രാവശിഷ്ടങ്ങൾ എടുത്തിടത്തു തന്നെ തിരിച്ചു കൊണ്ടിടാൻ നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ ശ്രീകോവിൽ നിന്നിരുന്ന സ്ഥലത്ത് വീട് ഉയർന്നു കഴിഞ്ഞതിനാൽ അവശിഷ്ടങ്ങൾ അവിടെകൊണ്ടു വന്നിടാൻ കഴിഞ്ഞില്ല. തുടർന്ന് ഇതിനോടു ചേർന്നുള്ള ഭൂമിയിൽ കൊണ്ടു വന്നിടുകയാണ് ചെയ്തത്. ഈ ഭൂമിയാകട്ടെ ഒരു ക്ലബ്ബിൻ്റെ സ്ഥലവുമായിരുന്നു. അർച്ചന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് എന്ന പേരിൽ ഇന്നു കാണുന്ന ക്ലബിൻ്റെ നിർമ്മാണ ഘട്ടത്തിൽ അതിൻ്റെ മുൻവശത്തും പിറകുവശത്തുമായി വലിയൊരു കുഴി നിർമ്മിച്ച് ക്ഷേത്രാവശിഷ്ടങ്ങൾ അതിലിട്ട് മൂടി നിരപ്പാക്കി. ഉൽഖനനം ചെയ്താൽ ഈ അവശിഷ്ടങ്ങൾ കണ്ടെത്താനാകും.
തകർന്നു പോയാലും ചൈതന്യം കെടാത്ത ക്ഷേത്രങ്ങളുണ്ട്. അതിലൊന്നായിരുന്നു ഓടപ്പള്ളം കിരാത ശിവപാർവ്വതി ക്ഷേത്രം. ക്ഷേത്രമുണ്ടായിരുന്നതായും ക്ഷേത്രഭൂമി പൂർണ്ണമായി നഷ്ടപ്പെട്ടതായും എല്ലാവർക്കും അറിയാമായിരുന്നു. മണ്ണിനോടുള്ള ആർത്തിയിൽ വീണ്ടെടുക്കാനാവാത്ത വിധം ക്ഷേത്രഭൂമി മുത്തശ്ശിക്കഥയായതും അവർക്കറിയാം. ദേവാലയ ഭൂമിയിൽ വീടു നിർമ്മിക്കുന്നത് ദേവൻ്റെ സ്വത്ത് കവർന്നെടുത്തതിന് തുല്യമാണ്. ക്ഷേത്രത്തിൻ്റെ ഒരു തരിമണ്ണു പോലും സ്വന്തമാക്കരുതെന്നാണ് പ്രമാണം. നാട്ടിൽ അത്യാഹിതവും മറ്റു ദുരിതങ്ങളും നിരന്തരം വന്നത് നാട്ടുകാരിൽ ഭയം ജനിപ്പിച്ചു. ജ്യോതിഷ പ്രശ്നം നടത്തിയവർക്കെല്ലാം ദേവകോപമാണ് കാരണമെന്ന് പ്രശ്ന ചിന്തയിൽ തെളിഞ്ഞു. വയനാട് മേഖലയിൽ കാണുന്ന ആറും ഏഴും അടി ഉയരമുള്ള മൺപുറ്റുകൾ ഋഷീശ്വരൻമാരെ സൂചിപ്പിക്കുന്നതായാണ് വിശ്വാസം. ആയിരക്കണക്കിന് പുറ്റുകൾ വയനാട്ടിൽ കാണാം. ഓടപ്പള്ളം ശിവക്ഷേത്രത്തിലെ ചൈതന്യവത്തായശിവലിംഗം ഒരു മൺപുറ്റിലുണ്ടെന്നും അത് കണ്ടെത്തി ക്ഷേത്രം പുന:സ്ഥാപിക്കണമെന്നുമാണ് ദുരിതപരിഹാരമാർഗ്ഗമായി കണ്ടത്. തുടർന്ന് 2012ൽ ഭക്തജനങ്ങൾക്ക് ശ്രീകോവിൽ നിന്നിരുന്ന ഭൂമിയിൽ നിന്നും ഏതാണ്ട് 10 മീറ്റർ അകലെയുള്ള ഒരു മൺപുറ്റിൽ നിന്നും തകർക്കപ്പെട്ട നിലയിൽ ശിവലിംഗം ലഭിച്ചു.
തകർക്കപ്പെട്ട ശിവലിംഗം കയ്യിൽ വന്നുപെട്ടതോടെ ക്ഷേത്രം പുന:സ്ഥാപിക്കണമെന്ന ചിന്ത ഭക്തജനങ്ങൾക്കുണ്ടായി. ഹിന്ദുക്കളുടെ ആത്മാഭിമാനക്ഷതമായ ടിപ്പു തകർത്ത ക്ഷേത്രം പുന:സ്ഥാപിക്കുക എന്നൊരു ലക്ഷ്യം കൂടി അതിനുണ്ടായി. എന്നാൽ മുവായിരത്തോളം ഏക്കർ ഭൂമി ഉണ്ടായിരുന്ന ദേവന് ഒരിഞ്ചു ഭൂമി പോലുമില്ല. കുടിയൊഴിപ്പിക്കപ്പെട്ട ഒരു ദേവനായി മഹാദേവൻ മാറി. ശിവലിംഗം എവിടെ പ്രതിഷ്ഠിക്കുമെന്ന ചോദ്യം ഭക്തജനങ്ങൾക്ക് ബാലികേറാമലയായി. ഇതേ പ്രദേശത്തു തന്നെ പാമ്പലത്ത് വീട്ടുകാർക്ക് ഏതാണ്ട് ഒന്നേമുക്കാൽ ഏക്കർ ഭൂമിയുണ്ട്. ദേവന് ഒരു ഇരിപ്പിടത്തിനുള്ള ഭൂമി അവരിൽ നിന്നും വില കൊടുത്തു വാങ്ങാൻ ഭക്തർ തീരുമാനിച്ചു. നിലവിൽക്ഷേത്രം നിന്നിരുന്നതിൻ്റെ വടക്കുഭാഗത്തായാണ് ഈ വീട്ടുകാരുടെ ഭൂമി. സെൻ്റിന് 35,000 രൂപ വച്ച് 42 സെൻ്റ് ഭൂമി ഇവരിൽ നിന്നും വിലക്ക് വാങ്ങി ക്ഷേത്രം പുന:സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം. ഇതിനു വേണ്ടി കണിയാംകുടിയിൽ സതീഷ് പ്രസിഡൻ്റും പാമ്പലത്ത് അനീഷ് സെക്രട്ടറിയും കണിയാംകുടിയിൽ സാജു ഖജാഞ്ചിയുമായി ഒമ്പതംഗ കമ്മിറ്റിയും രൂപീകരിച്ചു.
തുടർന്ന് അഞ്ചുലക്ഷം രൂപ അഡ്വാൻസ് നൽകി 42 സെൻ്റ് ഭൂമി കരാർ പ്രകാരം ഏറ്റെടുത്തു. ബാലാലയം നിർമ്മിച്ച് ദേവഹിതപ്രകാരം, മൺപുറ്റിൽ നിന്നു കിട്ടിയ ശിവലിംഗം അതിൽ പ്രതിഷ്ഠിച്ചിരിക്കുകയാണ്. ശിവരാത്രിയും നവരാത്രിയുമൊക്കെ ആഘോഷിക്കുന്നുണ്ട്. മാസത്തിൽ ഒരു നേരം പൂജയും തിങ്കളാഴ്ചകളിൽ കൂട്ട നാമജപവുമുണ്ട്. ഹിന്ദുക്കൾ കുറവായ പ്രദേശമാണിത്. ഉള്ളവരാകട്ടെ സാമ്പത്തിക ഭദ്രതയില്ലാത്തവരുമാണ്. 22 സെൻ്റ് ഭൂമിയുടെ പണംകൊടുത്തിട്ടുണ്ട്. ബാക്കി 20 സെൻ്റ് ഭൂമിയുടെ പണം കൊടുത്താലേ ക്ഷേത്രത്തിന് ഭൂമി റജിസ്റ്റർ ചെയ്തു കിട്ടുകയുള്ളു. ബാക്കി പണം കൊടുക്കാൻ ഭക്തർക്കു കഴിവില്ല. ഇനി ഭൂമി റജിസ്റ്ററാക്കി വാങ്ങിയാൽത്തന്നെ ക്ഷേത്ര പുന:സ്ഥാപനത്തിന് ആരുടെ മുന്നിൽകൈ നീട്ടണമെന്ന് അറിയാത്ത നിസ്സഹായാവസ്ഥയിലാണ് ഭക്തജനങ്ങൾ. ഗുളികൻ കാവ്, മലദേവതാ സങ്കൽപ്പവും, വിഷ്ണു സങ്കൽപ്പവുമുള്ള ഒരു ക്ഷേത്രമായിരുന്നു പൂർവ്വിക കാലത്തെ ഓടപ്പളളം കിരാത ശിവപാർവ്വതീ ക്ഷേത്രം. കാട്ടാമ്പൊയിൽ ശ്രീകുമാർ ആണ് തന്ത്രി .
UPDATE: ഈ ക്ഷേത്രം ഇപ്പോൾ ഉഗ്രനരസിംഹ ചാരിറ്റബിൾ ട്രസ്ററ് ഏറ്റെടുത്ത് പുനരുദ്ധാരണം നടത്തിവരികയാണ്.
