49: പുളിയക്കുറുശ്ശി വിഷ്ണു ക്ഷേത്രം
July 4, 202347: പൂക്കാട്ടിയൂർ ശ്രീ തൃക്കണ്ണാപുരം ശ്രീ കൃഷ്ണ ക്ഷേത്രം
July 4, 2023തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 48
“ഗായത്രീമന്ത്രം ജപിച്ച് ജലാജ്ഞലി ചെയ്ത് കിഴക്കോട്ടുള്ള പടവുകൾ കയറിച്ചെല്ലുന്നത് പടിഞ്ഞാറെ നടയിലേക്കാണ്. ആറടിയിലേറെ ഉയരമുള്ള കരിങ്കൽ കട്ടിളയുള്ള കവാടം കടന്നാൽ നമസ്ക്കാര മണ്ഡപം. അതിനുമപ്പുറം പടിഞ്ഞാറോട്ട് ദർശനമായി ശ്രീ പരമേശ്വരൻ്റെ ശിവലിംഗം. പഞ്ചാക്ഷരിയുടെ അവാച്യമായ അനുഭൂതിയുടെ നിറവിൽ ശ്രീലകത്ത് വാണരുളുന്ന മഹാദേവനെ ഒരു നേരം തൊഴുന്നത് ജൻമ പുണ്യം തന്നെ ” തീർച്ചയായും പണ്ടുകാലത്ത് ഈ ക്ഷേത്രത്തെക്കുറിച്ച് ഇങ്ങനെ വർണ്ണിച്ചവർ ഏറെയുണ്ടായിരുന്നിരിക്കണം.
പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ വല്ലപ്പുഴ വില്ലേജിൽ ചെമ്മം കുഴി എന്ന പ്രദേശത്തുള്ള ഞാളൂച്ചിറ ശിവക്ഷേത്രഭൂമിയുടെ ഇന്നത്തെ ദയനീയ അവസ്ഥ നേരിട്ടു കണ്ടപ്പോൾ മനസ്സിൽതോന്നിയ ഒരു ചിന്ത മാത്രമായിരുന്നു അത്. തീർച്ചയായും അത്തരത്തിൽ പ്രമാദമായ ഒരു ക്ഷേത്രമായിരുന്നുവെന്ന് അനുമാനിക്കാൻ മതിയായ അവശേഷിപ്പുകൾ ഈ ക്ഷേത്രാങ്കണത്തിലുണ്ട്. പ്രദേശത്തെ പറമ്പുകളുടെ പേരും ഈ നിഗമനത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഞാളൂച്ചിറ പറമ്പ് എന്ന പേരാണ് പരിസരത്തുള്ള ഭൂമികളുടെ പേര്. ക്ഷേത്രത്തിനു മുൻവശത്തുള്ള വലിയ ചിറയുടെ പേര് ഞാളൂച്ചിറ എന്നാണ്. തീർത്ഥക്കുളത്തിൻ്റെ പേരിൽ ഒരു പ്രദേശം അറിയപ്പെടുമ്പോൾ നാടിൻ്റെ ചരിത്രത്തിൽ ഈ ചിറയ്ക്കുള്ള സ്ഥാനവും ചരിത്രവും ഊഹിക്കാവുന്നതേയുള്ളു. ഇത് അപൂർവ്വമായി കിട്ടുന്ന സൗഭാഗ്യവുമാണ്. ഈ ചിറയ്ക്ക് ഞാളൂച്ചിറ എന്ന പേരു വന്നത് എങ്ങനെയാണെന്നോ, പൂർവ്വകാലത്ത് ക്ഷേത്രം ഏതു രീതിയിലാണ് പ്രവർത്തിച്ചിരുന്നതെന്ന് മനസ്സിലാക്കാൻ തക്ക രേഖകളോ വാമൊഴി ചരിത്രമോ ഇല്ല. ക്ഷേത്രത്തിന് രണ്ടായിരത്തിലേറെ വർഷം പഴക്കമുള്ളതായാണ് കരുതുന്നത്.
ഞാളൂച്ചിറ മഹാദേവക്ഷേത്രത്തിന്ന് ഊരാളൻമാർ വല്ലപ്പുഴ മനക്കാരാണ്. ഈ മന ഇപ്പോഴില്ല. മനയെല്ലാം പൊളിച്ചു പോയി. വല്ലപ്പുഴ മനയിലെ അംഗങ്ങൾ തൃശൂർ ജില്ലയിൽ താമസിക്കുന്നതായാണ് അറിയുന്നത്. ഒരു കാലഘട്ടത്തിൽ പ്രദേശത്തുള്ള വലിയൊരു വിഭാഗം ഹിന്ദുക്കൾ നിർബ്ബന്ധിത മതപരിവർത്തനത്തിന് വിധേയമായെന്നും മതം മാറാൻ വിസമ്മതിച്ചവർ ഭൂമിയും വീടുമെല്ലാം ഉപേക്ഷിച്ച് തിരുവിതാംകൂർ ഭാഗത്തേക്ക് രക്ഷപ്പെട്ടെന്നും വാമൊഴി ചരിത്രമുണ്ട്. മൈസൂരിൻ്റെ അധിനിവേശ കാലത്താണ് ഇതുണ്ടായതെന്നാണ് കരുതുന്നത്. ഈ ഘട്ടത്തിലാണ് ക്ഷേത്രത്തിനു നേരേയും അക്രമം ഉണ്ടായത്. ഞാളൂച്ചിറ ക്ഷേത്രത്തിൻ്റെ നാലു കിലോമീറ്റർ അകലെ രാമഗിരി കോട്ട എന്നു പേരുള്ള കുന്നിൻ പ്രദേശമുണ്ട്. ടിപ്പു ഈ കുന്നു പിടിച്ചടക്കി താവളമടിച്ചിരുന്നു.ടിപ്പുവിൻ്റെ കാലത്തുള്ള അവശേഷിപ്പുകൾ ഇപ്പോഴും അവിടെയുണ്ടെന്ന് കേട്ടു. രാമഗിരി കോട്ടയിൽ എത്താനുള്ള വഴി ദുർഘടമായതിനാൽ ഈ കോട്ട കാണാനും വിവരങ്ങൾ ശേഖരിക്കാനുമുള്ള എൻ്റെ ആദ്യ ശ്രമം വിജയിച്ചില്ല. ആരാധന നടത്താൻ പ്രദേശത്ത് ഒരു ഹിന്ദു വീടു പോലും ഉണ്ടായില്ല. ഇപ്പോഴും അങ്ങനെത്തന്നെയാണ്. ശ്രീകോവിലിനു മീതെ പരന്ന ഓടുമേഞ്ഞു കാണുന്നതിനാൽ ആദ്യത്തെ അക്രമത്തിനു ശേഷം ശ്രീകോവിലിൻ്റെ മേൽപ്പുര ഓടുമേഞ്ഞതാകാനാണ് സാദ്ധ്യത. അതിനു മുമ്പ് ഓല മേഞ്ഞ ക്ഷേത്രമായിരുന്നിരിക്കണം. മൈസൂർ അധിനിവേശ കാലത്ത് നിരവധി ക്ഷേത്രങ്ങൾ അഗ്നിക്കിരയാക്കിയതായി പറയുന്നുണ്ട്. ഓല മേഞ്ഞവ ആയതിനാലാകണം ക്ഷേത്രങ്ങൾ വേഗത്തിൽ കത്തിക്കാൻ കഴിഞ്ഞത് എന്നു കരുതേണ്ടതുണ്ട്. ഞാളൂച്ചിറ മഹാദേവക്ഷേത്രവും ഇതേ രീതിയിൽ അഗ്നിക്കിരയായതായി അനുമാനിക്കുന്നവരുണ്ട്.
പടിഞ്ഞാട്ട് ദർശനമായുള്ള ശിവപ്രതിഷ്ഠ ധ്യാന നിരതനായിരിക്കുന്ന ശാന്തസ്വരൂപത്തിലുള്ള ശിവശക്തിയാണെന്ന് കരുതേണ്ടതുണ്ട്. അതേ സമയം തൃക്കണ്ണു തുറന്നാലത്തെ താപം മാനവരാശിക്ക് ഏൽപ്പിക്കാവുന്ന ആഘാതം തീവ്രമായിരിക്കുകയും ചെയ്യും. ശിവക്ഷേത്രത്തിന് മുൻവശത്ത് ചിറയോ കുളമോ ഉണ്ടെങ്കിൽ ആ ക്ഷേത്രത്തിലെ മഹാദേവനെ വേണ്ട പ്രകാരത്തിൽ പരിപാലിക്കണം. അല്ലെങ്കിൽ സഹികെട്ട് ശിവഭഗവാൻ തൃക്കണ്ണു തുറന്നാൽ സകലതും ചാമ്പലാവുമെന്നാണ് വിശ്വാസം. ശിവതാപത്തിൻ്റെ ശക്തി കുറയ്ക്കാനാണ് കുളം നിർമ്മിക്കുക. ഇപ്രകാരം നിർമ്മിക്കുന്ന കുളം ക്ഷേത്രത്തിൻ്റെ അതേ അളവിലായിരിക്കും. എന്നാൽ ഈ ക്ഷേത്രഭൂമിയുടെ വിസ്തീർണ്ണം 55 സെൻ്റ് ആണ്. ക്ഷേത്രത്തിൻ്റെ ഇപ്പോഴത്തെ അവസ്ഥ അത്യന്തം ശോചനീയമാണ്. ശ്രീകോവിലിൻ്റെ മുകൾഭാഗം പാതി തകർന്നു കിടക്കുകയാണ്. വട്ടശ്രീകോവിലാണ്. സോപാനം തകർന്ന നിലയിൽ കിടക്കുന്നു. തെക്കുഭാഗത്ത് സപ്തമാതൃക്കൾ പീഠത്തോടു കൂടി മണ്ണിൽ ആഴ്ന്ന് കിടക്കുന്നു. പഴയ കാലത്തെ ഓവോടു കൂടിയ പരന്ന ഒരു കരിങ്കൽ പാളിയും ക്ഷേത്രാങ്കണത്തിലുണ്ട്. ചുറ്റമ്പലത്തിൻ്റെ തറയും നമസ്കാര മണ്ഡപവും പഴയ കാലത്തെ തകർക്കപ്പെടലിൻ്റെ ശേഷിപ്പുകളായി കിടക്കുന്നു. തീർത്ഥക്കിണർ വൃത്തിയാക്കുമ്പോൾ മാലിന്യക്കൂമ്പാരമാണ് പുറത്തെടുത്തത്. ശിവക്ഷേത്രത്തിൻ്റെ തീർത്ഥക്കുളമായ ഞാളൂച്ചിറയും അനാഥം. കുളിച്ചൂത്തും പ്രാർത്ഥനയും പഞ്ചാക്ഷരിയുമൊക്കെയായി സജീവമായിരുന്ന ഞാളൂച്ചിറ മഹാദേവക്ഷേത്രാങ്കണം മുത്തശ്ശിക്കഥയായി.
ഞാളൂച്ചിറ ശിവക്ഷേത്രത്തിൻ്റെ ചിറ പൊതു ജലാശയമാക്കി മാറ്റാൻ ശ്രമിച്ചിട്ടുണ്ട്. അതിൻ്റെ ഭാഗമായി മുഹമ്മദ് മുഹ്സിൻ എം.എൽ.എ ഞാളൂച്ചിറക്കുളം കുടിവെള്ള പദ്ധതി 2016-2017 കാലഘട്ടത്തിൽ തുടങ്ങി. മൂന്നു ലക്ഷം രൂപ ചെലവു ചെയ്ത് 2018 മെയ് 18 ന് ഉൽഘാടനം ചെയ്തു. ചിറ ഭംഗിയായി കെട്ടിയിട്ടുണ്ട്. എന്നാൽ ക്ഷേത്രാചാരങ്ങൾ പാലിക്കാത്ത പ്രദേശത്തുള്ളവർ അലക്കുകയും കുളിക്കുകയുമൊക്കെ ചെയ്യുന്നു. രണ്ടര കിലോമീറ്റർ അകലെയാണ് ഹിന്ദുക്കൾ ഉള്ളത്. ഇതെല്ലാം നിർവികാരതയോടെ നോക്കി നിൽക്കാനേ അവർക്കാവുന്നുള്ളു. ക്ഷേത്ര പുനരുദ്ധാരണം അവർ ആഗ്രഹിക്കുന്നുമുണ്ട്. എനിക്ക് ഈ ക്ഷേത്രത്തിൻ്റെ വിവരങ്ങൾ പറഞ്ഞു തരാൻ സഹായിച്ച മണികണ്ഠനും മുരളിയുമൊക്കെ അവരിൽ ചിലരാണ്. ക്ഷേത്രം ഊരാളൻ മാരായ വല്ലപ്പുഴ മനയിലെ അംഗങ്ങൾ പരദേവതയെ പരിത്യജിച്ചതിലുള്ള ദേവിയുടെ കോപവും ക്ഷേത്ര നാശത്തിൻ്റെ കാരണമായി കണക്കാക്കുന്നു. മന പൊളിച്ചു വിൽക്കുമ്പോൾ മനയിലെ ദേവതയായ അകത്തേലമ്മയെ സമീപത്തുള്ള കാർത്ത്യായനീ ക്ഷേത്രത്തിനു വെളിയിൽ കുടിയിരുത്തിയിരുന്നു.
കാടുപിടിച്ചു കിടന്നിരുന്ന ക്ഷേത്രം 1949 ൽ എച്ച്.ആർ.ആൻറ്. സി ഏറ്റെടുത്തു. ഇപ്പോൾ മലബാർ ദേവസ്വം ബോർഡിൻ്റെ കീഴിലാണ്. തകർന്നു കിടക്കുന്ന ക്ഷേത്രം പുനരുദ്ധാരണം ചെയ്യാൻ പോലും ദേവസ്വം ബോർഡും തയ്യാറല്ല. പ്രദേശത്ത് ഹിന്ദുക്കൾ ഇല്ലെങ്കിലും ദൂരെ നിന്നുമെത്തി വല്ലതും ചെയ്യണമെങ്കിൽ ക്ഷേത്രം ഭക്തജനങ്ങൾക്ക് വിട്ടുകൊടുക്കേണ്ടതുണ്ട്. മലബാർ ദേവസ്വം ബോർഡിനു കീഴിൽ ക്ഷേത്രം ഇനിയും നില നിർത്തിയാൽ ക്ഷേത്രത്തിൻ്റെ അവശേഷിച്ച ഭാഗങ്ങളും ഇല്ലാതായിത്തീരും. ഈ ക്ഷേത്രം പുനരുദ്ധാരണം ചെയ്യണം. ഇത് ഇങ്ങനെ കിടക്കുന്നത് കാണുമ്പോൾ സങ്കടമുണ്ടെന്ന് ക്ഷേത്രത്തിനു സമീപത്തെ വീട്ടിലുള്ള ഒരു മുസ്ലീം യുവാവ് എന്നോട് പറയുകയുണ്ടായി. അദ്ദേഹത്തിനുണ്ടായ ഒരു വിങ്ങൽ പോലും മലബാർ ദേവസ്വം ബോർഡിനുണ്ടായില്ല എന്ന വസ്തുത ഗൗരവതരം തന്നെ.
തകർന്ന് കാടുപിടിച്ചു കിടന്നിരുന്ന ക്ഷേത്രം പുനരുദ്ധാരണം ചെയ്യാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇത് എഴുതുന്നത് വരെ അതിനു കഴിഞ്ഞിട്ടില്ല. ക്ഷേത്ര സംരക്ഷണത്തിൻ്റെ ഭാഗമായി 2016 ഒക്ടോബർ 26 ന് (കൊല്ലം 1192 തുലാം10) താംബൂലപ്രശനം നടത്തുകയുണ്ടായി. അതിൽ തെളിഞ്ഞ വസ്തുതകളും പരിഹാരവും പ്രധാനപ്പെട്ടത് ഇവയാണ്: ക്ഷേത്രം നശിപ്പിക്കപ്പെട്ടതും അഗ്നിബാധയിൽ നശിച്ചതുമാണ്. ജീർണ്ണാവസ്ഥയിലായിട്ടും ചൈതന്യം പൂർണ്ണമായിത്തന്നെയുണ്ട്. ക്ഷേത്രേശ കുടുംബത്തിലെ ചില ആരാധനാലയങ്ങൾ നശിപ്പിച്ചു കളഞ്ഞ ദുരിതവും കാണുന്നുണ്ട്. ക്ഷേത്ര സങ്കേതത്തിൽ ദുർമരണം നടന്നതായി കാണുന്നു .ക്ഷേത്രവും ചിറയും തമ്മിൽ അഭേദ്യ ബന്ധമുണ്ട്. ഘട്ടം ഘട്ടമായി ക്ഷേത്ര പുനരുദ്ധാരണത്തിന് ശ്രമിക്കുന്നതായാൽ അവ പൂർത്തിയാക്കി നവീകരണകലശം നടത്താൻ കഴിയുന്നതാണ്. പ്രശ്ന പരിഹാരത്തിൽ പ്രധാനമായി പറയുന്നത് പുനരുദ്ധാരണം തന്നെയാണ്. ശ്രീകോവിലിൻ്റെ മുകൾഭാഗം മാത്രം പൊളിച്ച് തടിയിൽ വട്ട ശ്രീകോവിലായിത്തന്നെ പുതുക്കി പണിയുക. സോപാനം പുനർനിർമ്മിക്കുക. ചുറ്റമ്പലത്തിൻ്റെ ഭാഗങ്ങൾ മതിൽ കെട്ടി സംരക്ഷിക്കുക. വലിയമ്പലം പുതുക്കി പണിയുക. അകത്തും പുറത്തും ബലി വട്ടം പുതുതായി ഉണ്ടാക്കുക. ഇതൊക്കെയാണ് പുനരുദ്ധാരണത്തിൻ്റെ ഭാഗമായി ചെയ്യാനുള്ളത്. 2013 ൽ ഒരു പുനരുദ്ധാരണ കമ്മിറ്റിയുണ്ടായിരുന്നു. ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതാവായിരുന്ന വെള്ളിനേഴി നാരായണൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലായിരുന്നു കമ്മിറ്റി രൂപീകരണം. മുരളി പൂന്തുരുത്തി പ്രസിഡന്റും, ഇ.ഹരിഗോവിന്ദൻ വൈസ് പ്രസിഡൻറും, എ.പ്രകാശൻ സെക്രട്ടറിയും, ഗോപകുമാർ, രാധാകൃഷ്ണൻ ജോ: സെക്രട്ടറിയും, സന്തോഷ് ട്രഷററുമായാണ് കമ്മിറ്റിയുണ്ടായത്.
2017 മെയ് അഞ്ചിന് രൂപീകരിച്ച ഒരു കമ്മിറ്റിയാണ് ഇപ്പോൾ നിലവിലുള്ളത്. വെളുത്തൂർ രാമചന്ദ്രൻ, ശ്രീ രാമജയം രാമചന്ദ്രൻ എന്നിവർ രക്ഷാധികാരികളും, സി.ശങ്കരനാരായണൻ പ്രസിഡന്റ്, എം.ഉജേഷ് സെക്രട്ടറി, കെ.മണികണ്ഠൻ ജോ: സെക്രട്ടറി, ടി.രാധാകൃഷ്ണൻ വൈസ് പ്രസിഡന്റ്, പി.ശിവദാസൻ സെക്രട്ടറിയുമായുള്ള 29 അംഗ കമ്മിറ്റിയാണിത്. ഒ.പി. മണികണ്ഠൻ, പി.മുരളീധരൻ, പൊട്ടച്ചിറ പ്രകാശൻ എന്നിവർ ക്ഷേത്ര പുനരുദ്ധാരണ വഴികൾ തേടി സജീവമായുണ്ട്. 2018ൽ ശിവരാത്രി ആഘോഷിച്ചു. ക്ഷേത്ര പുനരുദ്ധാരണത്തിന് കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് തയ്യാറാക്കിയ പ്ലാനുണ്ട്. കരിയന്നൂർ മനയിലെ ഭവത്രാതൻ നമ്പൂതിരിയാണ് ക്ഷേത്രം തന്ത്രി. ഞാളൂച്ചിറ മഹാദേവക്ഷേത്രത്തിൻ്റെ പൂർണ്ണമായ പുനരുദ്ധാരണമാണ് കമ്മിറ്റി ആഗ്രഹിക്കുന്നത്.