148: ഉരപ്പുരങ്ങാട് മഹാദേവ ക്ഷേത്രം
June 6, 2023150: കാരക്കുന്ന് മഹാദേവ ക്ഷേത്രം
June 10, 2023തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 149
പൂത്തുലഞ്ഞ വലിയ ഒരു കുങ്കുമ മരം. അതിനു ചുവട്ടിൽ തകർന്നു കിടക്കുന്ന ചതുരാകൃതിയിലൊരു കൽത്തറ. കുങ്കുമ മരത്തിന് പണ്ടെങ്ങോ കെട്ടിയ തറയാണ് അതെന്നേ തോന്നുകയുള്ളു. തൊട്ടപ്പുറത്ത് പെരും നാഗങ്ങൾ ഊരിയ വളകൾ. കാടുപിടിച്ചു കിടക്കുന്ന ഈ പറമ്പിലൂടെ സമീപസ്ഥർ അവരുടെ വീടുകളിലേക്ക് നടക്കുന്നതിൻ്റെ ഒറ്റയടിപ്പാതയുണ്ട്.
പട്ടിത്തറയിലുള്ള കോട്ടോപ്പാടത്തെ ചന്ദ്രൻ്റെ സഹായത്തോടെയാണ് ഞാനവിടെ എത്തിയത്. അപരിചിതനായ എന്നെ കണ്ട് തെല്ലു സംശയത്തോടെ ഏതാനും പേർ അവിടെയെത്തി. തകർന്ന ക്ഷേത്രങ്ങൾ കണ്ടെത്തി അവയുടെ ചരിത്രം രേഖപ്പെടുത്തുന്നതിനാണ് വന്നത് എന്നറിഞ്ഞപ്പോൾ വിവരശേഖരണത്തിനും തെളിവുകൾ കണ്ടെത്തുന്നതിനും അവരെന്നെ സഹായിച്ചു. ഇവിടെ പൂർവ്വിക കാലത്ത് ഒരു നരസിംഹ ക്ഷേത്രമുണ്ടായിരുന്നുവെന്ന അറിവേ തദ്ദേശിയർക്കുള്ളു. ഇന്ന് ജീവിച്ചിരിക്കുന്ന തലമുറയ്ക്ക് ഓർമ്മ വെച്ച കാലം മുതൽ ഇവിടം കാടുപിടിച്ചു കിടക്കുകയാണ്. ഇവിടെ ഇപ്പോൾ ക്ഷേത്രവുമായി ബന്ധപ്പെട്ട ഒന്നുമില്ല, വിഗ്രഹം പോലുമില്ലെന്നാണ് അവർ കരുതിയിരിക്കുന്നത്. അതു കൊണ്ടുതന്നെ ഈ തറയുടെ ഭാഗത്തേക്ക് ആരും കടന്നു വരാറ് പോലുമില്ല. എന്നാൽ അവരുടെ ആവിചാരത്തെ അംഗീകരിക്കാനും ചിത്രീകരണം നടത്താതെ മടങ്ങാനും എനിക്ക് കഴിഞ്ഞില്ല.
ഇവിടെ ക്ഷേത്രാവശിഷ്ടങ്ങളും വിഗ്രഹവുമുണ്ട്. ഒന്നു തിരഞ്ഞു നോക്കണം എന്നു പറഞ്ഞപ്പോൾ മറ്റുള്ളവർക്ക് കൗതുകമായി. ഒരു ക്ഷേത്രം കണ്ടെത്തുക എന്ന ദൗത്യമാണ് പിന്നീട് അവിടെ നടന്നത്. ആയുധങ്ങൾ കൊണ്ടുവന്ന് ചെറിയ രീതിയിൽ മണ്ണ് നീക്കം ചെയ്തപ്പോൾ ആദ്യം കണ്ടെത്തിയത് വിഗ്രഹത്തിൻ്റെ പാദ ഭാഗമാണ്. മറ്റൊരിടത്തു മണ്ണിനടിയിൽ നിന്നും വിഗ്രഹത്തിൻ്റെ ഉടൽ ഭംഗവും കണ്ടെത്തി. അവിടെ കൂടിയ ഭക്തർക്ക് അമ്പരപ്പുള്ള കാഴ്ചയായിരുന്നു അത്. കൈകൾ തകർത്ത വിഗ്രഹത്തിൻ്റെ ശിരോഭാഗം കണ്ടെത്തൻ കഴിഞ്ഞില്ല. വിഗ്രഹം നാല് കഷണങ്ങളാക്കിയെന്നാണ് ഞാൻ കരുതുന്നത്. രണ്ട് കഷണം മാത്രമേ കണ്ടെത്താൻ കഴിഞ്ഞുള്ളു. കുങ്കുമത്തറയുടെ ചുവട്ടിൽ പാദ ഭാഗത്തിനു മീതെ വിഗ്രഹത്തിൻ്റെ ഉടൽ ഭാഗം ചേർത്തുവെച്ച ശേഷമാണ് ഞാൻ ഈ ക്ഷേത്രത്തിൻ്റെ ഭൂതകാലം തെരഞ്ഞത്.
മുതൂർ നരസിംഹ ക്ഷേത്രം എന്ന പേരിലാണ് ഈ ക്ഷേത്രം അറിയപ്പെട്ടിരുന്നത്. പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ മുതുതല വില്ലേജിലാണ് തകർക്കപ്പെട്ട മുതുതല നരസിംഹ ക്ഷേത്രമുള്ളത്.
ഏതൊരു ഗ്രാമത്തിൻ്റെ ചരിത്രവും അവിടെയുള്ള ഗ്രാമ ക്ഷേത്രവുമായി ബന്ധപ്പെട്ടാണു കിടക്കുന്നത്. കേരളത്തിൽ ലിഖിത ചരിത്രം രൂപപ്പെടുന്നത് ബ്രിട്ടീഷ് അധിനിവേശ കാലം മുതൽക്കാണ്. അതിനു മുമ്പുള്ള ചരിത്രം കണ്ടെത്താനുള്ള തെളിവു സാമഗ്രികൾ വാമൊഴിചരിത്രം, വസ്തു കൈമാറ്റ ആധാരങ്ങൾ, ശിലകൾ, സ്ഥലനാമ ചരിത്രം, ഗ്രന്ഥവരികൾ തുടങ്ങിയവയാണ്. എന്നാലിവിടെ ക്ഷേത്രചരിത്രം കണ്ടെത്താൻ ഭൂമിയുടെ പേരുകളും വാമൊഴി ചരിത്രവും മാത്രമേയുള്ളു. ഇവ ആധാരമാക്കിയാണ് മുതുതല നരസിംഹ ക്ഷേത്രത്തൻ്റെ ഭൂതകാല ചരിത്രം സമാഹരിച്ചിട്ടുള്ളത്.
വിശാലമായ വയലിൻ്റെ മദ്ധ്യേയുള്ള ഒരു തുരുത്തിലാണ് ക്ഷേത്രഭൂമിയുള്ളത്. ഈ തുരുത്തിൻ്റെ ചുറ്റിലും വയലാണ്. തുരുത്തിൻ്റെ വടക്കുഭാഗത്തുള്ള പബ്ലിക് റോഡിൽ നിന്നും തെക്കുഭാഗത്തേക്ക് പുതിയ ഒരു റോഡുണ്ട്. തുരുത്തിൻ്റെ അരികിലൂടെ വന്ന് ക്ഷേത്രഭൂമിയുടെ തെക്കു ഭാഗത്തേക്ക് കയറിയെത്തി കിഴക്കു ഭാഗത്താണ് ഈ റോഡ് അവസാനിക്കുന്നത്. കിഴക്കുഭാഗത്തും തുരുത്തിൻ്റെ മറ്റിടങ്ങളിലുമുള്ളവർ ഗതാഗതത്തിനായി ഈ റോഡ് ഉപയോഗിക്കുന്നുണ്ട്. മുതുതല പഞ്ചായത്തിൽ കിഴക്കുപടിഞ്ഞാറായി ഒരു തോട് ഒഴുകുന്നുണ്ട്. ഗണപതിയൻ തോട് എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. രണ്ട് പുരാതന ഗ്രാമങ്ങളെ വേർതിരിക്കാനുള്ള അടയാളമാണ് ഗണപതിയൻ തോട് .
തോടിൻ്റെ വടക്കുഭാഗം വള്ളുവനാടിൻ്റെ പടിഞ്ഞാറെ തലയും (അറ്റവും ), തെക്കു ഭാഗം നെടുങ്ങനാടുമാണ്. കിഴക്കുള്ള പട്ടാമ്പി ഗ്രാമത്തിനും വടക്കുള്ള കൊപ്പം, തിരുവേഗപ്പുറ ഗ്രാമങ്ങൾക്കും, പടിഞ്ഞാറ് പരുതൂർ ഗ്രാമത്തിനുമിടയിൽ ഭാരതപ്പുഴയോടു ചേർന്നാണ് മുതുതല ഗ്രാമം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രഭൂമി സ്ഥിതി ചെയ്യുന്ന ഭാഗം ‘പണ്ടാര പറമ്പ് ‘ എന്ന പേരിൽ അറിയപ്പെടുന്നു. പണ്ടാരം എന്ന ഗ്രാമ്യ പദം ക്ഷോഭം വരുമ്പോൾ ഉപയോഗിക്കുന്ന ‘ നാശ’ ത്തിൻ്റെ ഒരു പ്രയോഗമാണ്. പണ്ടാരം, പണ്ടാറം ,പണ്ടാര മടങ്ങി , പണ്ടാരം പിടിച്ചത് എന്നതൊക്കെയാണ് പ്രസ്തുത ക്ഷുഭിത വാക്കുകൾ. ആണ്ടിപ്പണ്ടാരം എന്ന മറ്റൊരു പദപ്രയോഗം സുബ്രഹ്മണ്യസ്വാമി ഭക്തരുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ്. എന്നാൽ പണ്ടാരം എന്ന വാക്കിൻ്റെ ശുദ്ധപദം “ഭണ്ഡാരം ” എന്നാണ്. ക്ഷേത്രങ്ങളിൽ ഭണ്ഡാരം കാണാം. ഇതിനെ കാണിക്കവഞ്ചി എന്ന പേരിലും അറിയപ്പെടുന്നുണ്ട്. ഭണ്ഡാരം ലോപിച്ചുണ്ടായ പദമാണ് പണ്ടാരം. പഴയ ചിലഓലകളിൽ ഭണ്ഡാരത്തെ പണ്ടാരം എന്ന് എഴുതിക്കാണുന്നുണ്ട്. രാജ്യത്തിൻ്റെ പണവും അമൂല്യ വസ്തുക്കളും സൂക്ഷിക്കുന്ന ഇടങ്ങൾ ഭണ്ഡാരപ്പുര എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇന്നത്തെ ട്രഷറികൾ പഴയ കാലത്തെ ഭണ്ഡാരപ്പുരകളാണ്. ക്ഷേത്രഭൂമി സ്ഥിതി ചെയ്യുന്ന പ്രദേശത്ത് വള്ളുവനാടിൻ്റെ ട്രഷറി അഥവാ ഭണ്ഡാരപ്പുര പ്രവർത്തിച്ചിരുന്നു.
നാടിൻ്റെ പടിഞ്ഞാറെ ഭാഗം അതുകൊണ്ടുതന്നെ പ്രധാന സ്ഥലമായി. അതു കൊണ്ടാണ് മുതുതല എന്ന പേരു വന്നത്. ഭണ്ഡാരപ്പുര നിന്നിരുന്ന ഭാഗം ഭണ്ഡാര പറമ്പും പിൽക്കാലത്ത് പണ്ടാരപറമ്പ് എന്നുമായി. ഇതിന് ഞാൻ ആധാരമാക്കിയത് തൃക്കണ്ടിയൂരിലെ ഭണ്ഡാരക്കാവിനെയാണ്. പണ്ടാരക്കാവ് എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. വെട്ടത്തു നാടിൻ്റെ ഭണ്ഡാരപ്പുര സ്ഥിതി ചെയ്തിരുന്നത് തൃക്കണ്ടിയൂർക്കുന്നിലാണ്. നായർ ഭടൻമാരായിരുന്നു ഭണ്ഡാരം കാവൽക്കാർ. ഇവർ ദേവീ ഉപാസകരായിരുന്നു. ഭണ്ഡാരപ്പുരയുടെ ഈ കാവൽക്കാർ ഭണ്ഡാരപ്പുരയിൽ ദേവി സങ്കൽപ്പത്തിന് വിളക്കു വെക്കാറുണ്ട്. വെട്ടത്തു നാട്ടിലെ ഭണ്ഡാരപ്പുര കയ്യേറാൻ സാമൂതിരി ഒരു യുദ്ധം തന്നെ നടത്തിയ ചരിത്രമുണ്ട്. പിൽക്കാലത്ത് രാജഭരണം അവസാനിച്ചു. ഭണ്ഡാരപ്പുര മണ്ണടിഞ്ഞു. എന്നാൽ അവിടെയുണ്ടായിരുന്ന ദേവീചൈതന്യത്തെ ഭക്തജനങ്ങൾ ആരാധിച്ചു വന്നു. സമാനസ്വഭാവമാണ് മുതുതല നരസിംഹ ക്ഷേത്രത്തിനുമുള്ളത്.
പ്രദേശത്ത് വള്ളുവനാടിൻ്റെ ഭണ്ടാരപ്പുര ഉണ്ടായിരുന്നതിനെക്കുറിച്ച് മുകളിൽ സൂചിപ്പിച്ചു. അതിന് കാവൽ നിന്നിരുന്നവരുടെ ഉപാസനാമൂർത്തിയായിരുന്നു നരസിംഹമെന്നും പിൽക്കാലത്ത് ഉഗ്രനരസിംഹത്തെ ഇവിടെ ക്ഷേത്രം നിർമ്മിച്ച് പ്രതിഷ്ഠിച്ചുവെന്നും കരുതേണ്ടതുണ്ട്. ക്ഷേത്രം നിർമ്മിക്കുന്നതിനും മുമ്പുള്ള കാലഘട്ടത്തിൽ ആദിമ മനുഷ്യർ ഇവിടെ വസിച്ചിരുന്നു. ശിലായുഗ കാലഘട്ടത്തിൻ്റെ നിർമ്മിതി സ്വഭാവമുള്ള കിണറുകളാണ് ക്ഷേത്രഭൂമിയിലുള്ളത്. അവരുടെ ആരാധനാമൂർത്തിയെ പഴയ കാലത്ത് അവർ ഇവിടെ ആരാധിച്ചിരുന്നുവോ എന്നും വ്യക്തമല്ല. അപ്രകാരം ശിലായുഗ സംസ്കാരക്കാരുടെ ഉപാസനാമൂർത്തി സ്ഥാനത്ത്പിൽക്കാലത്ത് നരസിംഹ ക്ഷേത്രം നിർമ്മിച്ചതാവാനുമിടയുണ്ട്.
എൻ്റെ ഈ ചിന്തയിലുള്ള അന്വേഷണത്തിൽ പറമ്പുകളിൽ കുഴിയെടുക്കുമ്പോൾ നന്നങ്ങാടികൾ ലഭിച്ചിരുന്നതായി പറയുന്നുണ്ട്. മൂത്തേടത്ത് എന്നു പേരുള്ള മനക്കാരാണ് ക്ഷേത്രത്തിൻ്റെ ഊരാളൻമാർ എന്നാണ് ഭക്തരുടെ നിഗമനം. മൂത്തേടത്ത് മന പ്രദേശത്ത് ഇപ്പോൾ ഇല്ല. വെട്ടത്തു നാട്ടിൽ മൂത്തേടത്തു മനയുണ്ട്. നരസിംഹം ഇവരുടെ ഉപാസനാമൂർത്തികളിൽ പ്രധാനമാണ്. എ.ഡി. 1402 കാലഘട്ടത്തിൽ ഒരു നായർ കുടുംബം മുതുതലയിലെത്തി. തിരുവിതാംകൂർ ഭാഗത്തു നിന്നും വന്ന ഇവരുടെ വീട്ടു പേര് തോട്ടു പുറത്ത് എന്നാണ്.
നാടുവാഴി ക്ഷണിച്ചു കൊണ്ടുവന്ന് കുടി പാർപ്പിച്ചതാണ് ഇവരെ എന്നാണു വിശ്വസിക്കപ്പെട്ടു വരുന്നത്. ” തെക്കുംകൂറ്റിൽ തോട്ടുപുറത്ത് ” എന്നറിയപ്പെടുന്നവരാണ് ഈ കുടുംബം. തെക്കുംകൂർ എന്ന പേരിൽ പഴയ കാലത്ത് ഒരു നാട്ടുരാജ്യമുണ്ടായിരുന്നുവല്ലോ. ധാരാളം ഭൂമിയുള്ള ഈ തറവാട്ടുകാരാണ് മുതുതല നരസിംഹ ക്ഷേത്രഭൂമിയൊക്കെ പഴയ കാലത്ത് നോക്കി നടത്തിയിരുന്നത്. കൈതമനപറമ്പ് എന്ന പേരിൽ ഒരു പറമ്പുണ്ട്. കൈതമന എന്ന പേരിൽ ഒരു ബ്രാഹ്മണ ഗൃഹം ഇവിടെ ഉണ്ടായിരുന്നുവെന്നും കരുതേണ്ടതുണ്ട്. അവരും ക്ഷേത്രത്തിൻ്റെ ഊരാളരായി ഉണ്ടായിരുന്നുവെന്ന് വിചാരിക്കുന്നവരും കുറവല്ല.
മുതുതല നരസിംഹ ക്ഷേത്രത്തിൻ്റെ തകർച്ചയെക്കുറിച്ച് ഇന്നത്തെ തലമുറയ്ക്ക് വ്യക്തമായ അറിവൊന്നുമില്ല. മുതുതല നരസിംഹ ക്ഷേത്രത്തിന് 1200 ലേറെ വർഷത്തെ പഴക്കമുണ്ട്. ഈ ക്ഷേത്രത്തിൻ്റെ ചുറ്റുവട്ടത്തിൽ വേറെ നാല് ക്ഷേത്രങ്ങൾ കൂടി തകർന്നിട്ടുണ്ട്. പൂതൃക്കോവിൽ മഹാവിഷ്ണു ക്ഷേത്രം ഉൾപ്പെടെ അഞ്ച് ക്ഷേത്രങ്ങൾ ഒരേ രീതിയിൽ തകർന്നു പോയത് സ്വാഭാവിക തകർച്ചയായി കണക്കാക്കാൻ കഴിയില്ല. ഇവയെല്ലാം നൂറ്റാണ്ടുകളോളം കാടുപിടിച്ചു കിടന്നിരുന്നു.
ഗണപതി ക്ഷേത്രം മാത്രമാണ് പുനരുദ്ധാരണം ചെയ്തിട്ടുള്ളത്. മഹാവിഷ്ണു ക്ഷേത്രഭൂമിയിൽ അവകാശവാദം ഉന്നയിച്ചു നിൽക്കുന്നത് ഒരു മുസ്ലീം മതക്കാരനാണ്. 2022 ലാണ് ഈ ക്ഷേത്രത്തിൻ്റെ അവശിഷ്ടങ്ങൾ കൂടി തകർത്തത്. ഈ ക്ഷേത്രത്തെക്കുറിച്ച് മറ്റൊരു അദ്ധ്യായത്തിൽ വിവരിക്കാനുള്ളതിനാൽ അതിൻ്റെ വിശദാംശങ്ങൾ ഇവിടെ രേഖപ്പെടുത്തുന്നില്ല. എ.ഡി. 1750 നും 1800 നു മിടയിലാണ് ഈ ക്ഷേത്രങ്ങൾ തകർന്നിട്ടുള്ളത്. ഇതാകട്ടെ ടിപ്പുവിൻ്റെ പടയോട്ടക്കാലവുമാണ്. പട്ടാമ്പിക്കടുത്ത രാമഗിരിയിൽ തമ്പടിച്ചടിപ്പുവിൻ്റെ സൈന്യം പട്ടാമ്പി മേഖലയിലും തൂതപ്പഴ കടന്നും വൻതോതിൽ ക്ഷേത്രങ്ങൾ തകർത്തിട്ടുണ്ട്. മുതുതല പട്ടാമ്പി താലൂക്കിലാണ്.ഈ സാചര്യങ്ങൾ വച്ചു നോക്കുമ്പോൾ ടിപ്പുവിൻ്റെ പടയോട്ടക്കാലത്താണ് മുതുതല നരസിംഹ ക്ഷേത്രം തകർത്തത്. ക്ഷേത്ര ഭൂമിയിൽ കണ്ടെത്തിയ വിഗ്രഹം അടിയുടച്ച നിലയിലാണ്.
2022 ഫിബ്രവരി 27നാണ് ഞാൻ മുതുതല നരസിംഹ ക്ഷേത്രഭൂമിയിലെത്തിയത്. പ്രദേശവാസികളായ സുരേഷ് കുമാർ വേളക്കാട്ടിൽ, മനോജ് ഗണപതി പള്ള്യാൽ, സുരേഷ് പൂഴിയത്ത് പറമ്പിൽ, പി.ഐ. രാജേന്ദ്രൻ, സുനിൽകുമാർ വേളക്കാട്ടിൽ എന്നിവർ ക്ഷേത്രത്തക്കുറിച്ചുള്ള വിവരശേഖരണത്തിൽ സഹായികളായി. ഊരാള സ്ഥാനത്തേക്ക് പിൽക്കാലത്തു വന്ന തോട്ടുപുറത്തു തറവാട്ടിലെ അംഗം സ്വാമിദാസനെക്കണ്ടും വിവരങ്ങൾ ശേഖരിച്ചു. തുടക്കത്തിൽ സൂചിപ്പിച്ച പ്രകാരം പ്രഥമ പരിശോധനയിൽ ഒരു കുങ്കുമ മരവും ഒരു തറയും മാത്രമാണ് കണ്ടത്. തറ ചെങ്കല്ലിൽ ചതുരാകൃതിയിൽ നിർമ്മിച്ചതാണ്. തറ തകർന്ന് കിടക്കുന്നു. വലിയ ചില കരികല്ലുകൾ കിഴക്കോട്ട് വീണുകിടക്കുന്നതിനാൽ അതിനു കിഴക്കുഭാഗത്തെ മണ്ണ് നീക്കം ചെയ്തു നോക്കി. അവിടെ സോപാനത്തിൻ്റെ അവശിഷ്ടങ്ങൾ കണ്ടെത്തി.
ഇതിൽ നിന്നും കിഴക്കോട്ടു ദർശനമുള്ളതും 1200 ലേറെ വർഷം പഴക്കമുള്ളതുമായ ചതുരശ്രീകോവിലോടു കൂടിയ ഒരു ക്ഷേത്രമായിരുന്നു ഇതെന്നു കണ്ടെത്താൻ സാധിച്ചു. തുടർന്ന് പല ഭാഗങ്ങളിൽ നിന്നും മണ്ണ് നീക്കം ചെയ്തപ്പോൾ ആദ്യം വിഗ്രഹത്തിൻ്റെ പാദ ഭാഗവും മറ്റാരിടത്തു നിന്നും ഉടൽ ഭാഗവും കണ്ടെത്തി. വിഗ്രഹമോ മറ്റോ ഇല്ലാതെ കിടക്കുന്ന ക്ഷേത്രഭൂമിയാണ് ഇതെന്ന കാലങ്ങളായുളള ഭക്തജനങ്ങളുടെ വിശ്വാസത്തെ മാറ്റിമറിച്ച കണ്ടെത്തലായിരുന്നു അത്. വിഗ്രഹത്തിൻ്റെ ശേഷിച്ച ഭാഗം കണ്ടെത്തിയിട്ടില്ല. മൂന്നോ നാലോക്ഷണങ്ങളാക്കിയാണ് വിഗ്രഹം തകർത്തിട്ടുള്ളത്. കണ്ടെത്തിയ മറ്റ് അവശിഷ്ടങ്ങൾ കൂടി തെളിവു സാമഗ്രികളായി കണക്കാക്കിയതിൽ ചുറ്റമ്പലത്തോടു കൂടി വളരെ നല്ല നിലയിൽ സ്ഥിതി ചെയ്തിരുന്ന ക്ഷേത്രമായിരുന്നു ഇത്.
കുങ്കുമ മരം വളർന്നു നിൽക്കുന്നത് ശ്രീ കോവിൽത്തറയിലാണ്. ഉൽഖനനത്തിൽകണ്ടത്തിയ വിഗ്രഹത്തിൻ്റെ പാദത്തിനുമീതെ ഉടൽ ഭാഗവും കൂടി ചേർത്ത് കുങ്കുമ മരച്ചുവട്ടിൽ ഞാൻ തന്നെ വിഗ്രഹം പ്രതിഷ്ഠിച്ചശേഷമാണ് ബാക്കികാഴ്ചകൾകണ്ടത്. ശ്രീകോവിൽതറയുടെ മുൻവശത്ത് വടക്കു കിഴക്കെ മൂലയിൽ തീർത്ഥക്കിണർ പൂർണ്ണമായും മണ്ണുമൂടി കിടക്കുകയാണ്. ഈ കിണർ ഉൽഖനനം ചെയ്താൽ കൂടുതൽ ക്ഷേത്രാവശിഷ്ടങ്ങൾ കണ്ടുകിട്ടുന്നതാണ്. തീർത്ഥ കിണറിൻ്റെ വടക്കുഭാഗം ഏതാണ്ട് പത്തു മീറ്റർ അകലെ പത്തടി വീതിയിലും നീളത്തിലുമായി മറ്റൊരു കുഴികണ്ടു. കാഴ്ചയിൽ ചതുരക്കിണറായിട്ടാണ് എനിക്ക് തോന്നിയത്. എന്നാലിത് ക്ഷേത്രക്കുളമാണെന്ന് ഭക്തർ പറഞ്ഞു. അകത്തേക്ക് ഇറങ്ങാൻ പടികളോ പടവുകളോ കണ്ടില്ല. ഇവയ്ക്ക് രണ്ടിനും ആൾമറയില്ല. ചെങ്കല്ലുവെട്ടിയെടുത്തു നിർമ്മിച്ചതാണ്. ഇവിടെ നാഗങ്ങൾ ഊരിമാറ്റിയ വളകൾ ഭയം വിതച്ച് അങ്ങിങ്ങുകണ്ടു.
ക്ഷേത്രഭൂമിയിൽ ഒരു മുസ്ലീം മതക്കാരൻ അവകാശവാദമുന്നയിച്ചു നിൽക്കുകയാണ്. ക്ഷേത്രഭൂമി അടക്കമുള്ള ഭൂമി താൻ വില കൊടുത്തു വാങ്ങിയതാണെന്ന വാദമാണ് അയാൾക്കുള്ളത്. യൂസഫ് എന്നാണ് അയാളുടെ പേര്. ദേവഭൂമി എങ്ങനെയാണ് ഇദ്ദേഹത്തിന് വില കൊടുത്തു വാങ്ങാൻ കഴിഞ്ഞത് എന്നതിനെക്കുറിച്ച് വ്യക്തതയില്ല. ഇദ്ദേഹത്തെ കാണാനും അദ്ദേഹത്തിനു പറയാനുള്ളത് രേഖപ്പെടുത്താനും കഴിഞ്ഞിട്ടില്ല. മൈനറായ ദേവൻ്റെ ഭൂമിക്ക് റജിസ്ത്രേഷൻ നടപടി വല്ലതും ഉണ്ടായിട്ടുണ്ടെങ്കിൽ ത്തന്നെ നിയമത്തിൻ്റെ യാതൊരു ആനുകൂല്യവുമില്ലാത്ത അസാധുവായ രേഖയാണത്. മുതൂർ നരസിംഹ ക്ഷേത്രഭൂമി ഭക്തജനങ്ങൾക്ക് തിരികെ ലഭിക്കേണ്ടതുണ്ട്. ഈ പുരാതന ക്ഷേത്രം പുനരുദ്ധാരണം ചെയ്ത് നിത്യ പൂജയോടെ സജീവമാക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണ്. ഗ്രാമചരിത്രം മായ്ക്കപ്പെടാതിരിക്കാൻ അത്യന്താപേക്ഷിതവുമാണ്.