96: മുതലൂർ സുബ്രഹ്മണ്യ ക്ഷേത്രം

95: കറുകപ്പുത്തൂർ അയ്യപ്പക്ഷേത്രം
April 6, 2023
97: എഴുത്തച്ഛൻ പുറ്റ്
April 8, 2023

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 96

മുതലൂർ സുബ്രഹ്മണ്യ ക്ഷേത്രം

കറുകപ്പുത്തൂർ അയ്യപ്പക്ഷേത്രത്തിൽ നിന്നും ഏതാണ്ട് ഒരു കിലോമീറ്റർ വടക്കു മാറിയാണ് മുതലൂർ സുബ്രഹ്മണ്യ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മണ്ണാർക്കാട് താലൂക്കിൽ കോട്ടോപ്പാടം പഞ്ചായത്തിലാണ് ക്ഷേത്രം. ഇവിടെ നിന്നും രണ്ടു കിലോമീറ്റർ അകലെയാണ് സമുദ്രനിരപ്പിൽ നിന്നും 1200 അടി ഉയരമുള്ള പൊരുതൽ മലയുള്ളത്. കച്ചേരി പറമ്പ് ഒന്ന് വില്ലേജ് റി. സ.113 ൽ 2 എന്ന സർവ്വെ നമ്പറിൽ 27 സെന്റിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പഴയ കാലത്ത് കോട്ടോപ്പാടം പ്രദേശം ബ്രാഹ്മണ ഗൃഹങ്ങളെക്കൊണ്ട് സമ്പന്നമായിരുന്നു. അവരുടെ ഊരായ്മയിലും സംരക്ഷണത്തിലും ഉണ്ടായിരുന്ന ഈ ക്ഷേത്രത്തിൻ്റെ ഉടമസ്ഥാവകാശം പിൽക്കാലത്ത് സാമൂതിരി രാജവംശത്തിൻ്റെ ഊരായ്മയിലായി.

ടിപ്പുവിൻ്റെ പടയോട്ടക്കാലത്താണ് മുതലൂർ സുബ്രഹ്മണ്യ ക്ഷേത്രം തകർത്തതെന്നാണ് ഭക്തജനങ്ങൾ പറയുന്നത്. തീർത്ഥക്കുളം, കിണർ, ചുറ്റമ്പലം എന്നിവയോടു കൂടിയ ഈ ക്ഷേത്രഭൂമി തകർന്ന നിലയിൽത്തന്നെയാണ് കിടക്കുന്നത്. തകർക്കപ്പെട്ട ശ്രീകോവിൽ പുനരുദ്ധാരണം ചെയ്യാനുള്ള പ്രാരംഭ പ്രവൃത്തികൾ ചെയ്തെങ്കിലും ഇതുവരെ പൂർത്തിയായിട്ടില്ല. ക്ഷേത്രത്തിൻ്റെ തെക്കുഭാഗത്ത് ക്ഷേത്രാവശിഷ്ടങ്ങൾ കൂട്ടിയിട്ട നിലയിൽ കണ്ടു. ചുറ്റമ്പലത്തിൻ്റെയും നമസ്ക്കാരമണ്ഡപത്തിൻ്റെയും തറകൾ കാണാം. ക്ഷേത്രത്തിൻ്റെ പടിഞ്ഞാറു ഭാഗത്ത് എൺപത് ശതമാനം മണ്ണ് മൂടിയ നിലയിൽ ഒരു കുളത്തിൻ്റെ അവശിഷ്ടം കാണാൻ കഴിഞ്ഞു. ഇത് തീർത്ഥക്കുളമാണെന്നും സ്വകാര്യ വ്യക്തി കയ്യടക്കി വെച്ചിരിക്കുകയാണെന്നും ഭക്തജനങ്ങൾ പറഞ്ഞു. നാലമ്പലത്തിനു വെളിയിൽ കിഴക്കു ഭാഗത്ത് വലിയ ബലിക്കല്ല് കണ്ടു. അതിൻ്റെ മുകൾ ഭാഗത്തോളം മണ്ണ് മൂടി കിടക്കുകയാണ്. പുനരുദ്ധാരണ പ്രവർത്തനം എങ്ങുമെത്തിയിട്ടില്ലെങ്കിലും ഭാവിയിൽ സൻമനസ്സുള്ളവരുടെ സഹായത്താൽ പുനരുദ്ധാരണം ചെയ്യാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഭക്തജനങ്ങൾ .

മുതലൂർ സുബ്രഹ്മണ്യ ക്ഷേത്രത്തിന്റെ തീർത്ഥക്കിണർ

Leave a Comment