108: ചേറോട്ടുകാവ് അയ്യപ്പക്ഷേത്രം
May 1, 2023110: മലയിൽ ഭഗവതി ക്ഷേത്രം
May 2, 2023തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 109
മനുഷ്യന് കടന്നു ചെല്ലാനാവാത്ത വിധം ഭയാനകമായ ഒരു കാടായി കിടക്കുകയായിരുന്നു ആ ക്ഷേത്രഭൂമി. കാടിനകത്ത് ഒരു വിഷ്ണു ക്ഷേത്രമുണ്ടെന്ന് ബാല്യകാലത്ത് കേട്ട അറിവുള്ളവരാണ് പ്രദേശത്ത് ഇന്നു ജീവിച്ചിരിക്കുന്ന പഴമക്കാർ. വിളക്കു വെപ്പു പോലുമില്ലാതെ കിടക്കുന്ന കാട്ടിനുളളിലെ ക്ഷേത്രം സനാതനമാക്കണമെന്ന ആഗ്രഹത്തോടെ ഒരു സംഘം ഭക്തർ ക്ഷേത്രഭൂമിയിൽ കയറി കാട് വെട്ടിത്തെളിയിച്ചു. 2008 ലായിരുന്നു അത്. കാട് വെട്ടിത്തെളിയിച്ചപ്പോഴാണ് കേട്ട അറിവു മാത്രമുണ്ടായിരുന്ന വിഷ്ണു ക്ഷേത്രത്തിൻ്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം താലൂക്കിലുള്ള കരിമ്പുഴ പഞ്ചായത്ത് പതിനാറാം വാർഡിലാണ് തകർന്നു നാമാവശേഷമായ മുണ്ടോർശിക്കടവ് മഹാവിഷ്ണു ക്ഷേത്രം കാട്ടിനുള്ളിൽ നിന്നും ഭക്തർ മോചിപ്പിച്ചത്. കരിമ്പുഴയുടെ വടക്കെ കരയിലുള്ള കടവിൻ്റെ പേരാണ് മുണ്ടോർശിക്കടവ്. പഴയ കാലത്ത് ആറാട്ടു നടത്തിയിരുന്ന കടവായതുകൊണ്ടാവാം ക്ഷേത്രത്തിന് കടവിൻ്റെ പേരു വന്നതെന്നു കരുതേണ്ടിയിരിക്കുന്നു.
ഖിലാഫത്ത് കാലത്ത് ക്ഷേത്രം അക്രമത്തിനിരയായിട്ടുണ്ടെന്ന ഒരു നാട്ടറിവ് പ്രദേശത്തുള്ളവർ പങ്കുവെച്ചു. കരിമ്പുഴ ഭാഗങ്ങളിൽ മാപ്പിള ലഹള ശക്തി പ്രാപിച്ചിരുന്നതായി ലഹളയെക്കുറിച്ചുള്ള ചരിത്രങ്ങളിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്.
വലിയ ബലിക്കല്ല് , ചുറ്റമ്പലം, നമസ്കാരമണ്ഡപം എന്നിവയോടുകൂടി പടിഞ്ഞാട്ട് ദർശനമുള്ള ക്ഷേത്രമാണിത്. ക്ഷേത്രവുമായി ബന്ധപ്പെട്ട ഐതിഹ്യമോ, ചരിത്രമോ ലഭ്യമല്ല. 2015 ഫിബ്രവരി 9, 10 തിയ്യതികളിൽ നടന്ന അഷ്ടമംഗല പ്രശ്നത്തിൽ തെളിഞ്ഞ വിവരങ്ങളാണ് ക്ഷേത്രത്തിൻ്റെ ചരിത്രമായി ഭക്തർ കണക്കാക്കുന്നത്.
പഴയ കാലത്ത് പ്രദേശം ബ്രാഹ്മണരുടെ ആവാസ കേന്ദ്രമായിരുന്നു. യാഗാദികളും വേദാചരണങ്ങളുമൊക്കെ ഉണ്ടായിരുന്ന പ്രദേശം. അഞ്ച് ബ്രാഹ്മണ കുടുംബങ്ങളുടെ ഉടമസ്ഥതയിലായിരുന്നു ഈ ക്ഷേത്രം. കരിമ്പുഴ ശ്രീരാമസ്വാമി ക്ഷേത്രം, കോട്ടേക്കാവ് ഭഗവതി ക്ഷേത്രം, ബ്രഹ്മേശ്വരം മഹാദേവക്ഷേത്രം എന്നിവയും മുണ്ടോർശിക്കടവ് മഹാവിഷ്ണു ക്ഷേത്രത്തിന് അനുബന്ധമായി ഈ വില്ലേജിലുണ്ട്. മുണ്ടോർശിക്കടവ് മഹാവിഷ്ണു ക്ഷേത്രത്തിന് ധാരാളം ഭൂമിയുണ്ടായിരുന്നു. ക്ഷേത്രഭൂമിയുടെ പല ഭാഗങ്ങളും അന്യാധീനപ്പെട്ട് കിടക്കുകയാണ്. കരിമ്പുഴ വില്ലേജ് റീ.സ.350 ൽ 7 എന്ന സർവ്വെ നമ്പറിൽ ഇരുപത്തൊന്നര സെൻ്റ് മാത്രമെ ഇപ്പോഴുള്ളൂ.
ക്ഷേത്രത്തിൻ്റെ തകർച്ചക്ക് ആധാരമായി പറയുന്നത് ശൈവ-വൈഷ്ണവ സ്പർദ്ധയാൽ ആണെന്നാണ്. എ.ഡി. 1600 കാലഘട്ടത്തിൽ നാടുവാഴികളും അതിൽപ്പിന്നെ ഏറാൾപ്പാടുമാണ് ഈ ക്ഷേത്രവും അനുബന്ധ ക്ഷേത്രങ്ങളും ഭരിച്ചു വന്നിരുന്നത്. ഇപ്പോഴും ഏറാൾപ്പാടുമാരാണ് ഊരാളൻമാർ.
മാപ്പിള ലഹളക്കാലത്ത് ക്ഷേത്രത്തിനു നേരെ അക്രമം ഉണ്ടായതായി പറയുന്നുണ്ട്. വിഗ്രഹത്തിൻ്റെ കഴുത്ത് അറ്റു വീണ് കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ശിരസ്സ് കഴുത്തിനു മീതെ ഉറപ്പിച്ച് നിർത്തിയിരിക്കുകയാണ്. നമസ്കാര മണ്ഡപം, ചുറ്റമ്പലം എന്നിവ നശിച്ചിരിക്കുന്നു. ഇവയുടെ തറയുണ്ട്. തീർത്ഥക്കിണറിൽ നിന്നും ക്ഷേത്രാവശിഷ്ടങ്ങൾ കണ്ടുകിട്ടുകയുണ്ടായി. മരത്തിൻ്റെ നിർമ്മിതികളാണ് ലഭിച്ചത്. പീഠം, ബലിക്കല്ലുകൾ, സപ്തമാതൃക്കളുടെ ഭാഗങ്ങൾ എന്നിവയൊക്കെ ക്ഷേത്രഭൂമിയിൽ അങ്ങിങ്ങു ചിതറിക്കിടക്കുന്നതായി കണ്ടു. 1200 വർഷത്തെ പഴക്കമാണ് ക്ഷേത്രത്തിനുള്ളത്. മഹാവിഷ്ണുവിനെ നരസിംഹഭാവത്തിലാണ് പൂജിച്ചു വരുന്നത്. ഗണപതി മാത്രം ഉപപ്രതിഷ്ഠയായുള്ള ക്ഷേത്രത്തിൽ എല്ലാ മലയാള മാസവും തിരുവോണം നാളിലാണ് പൂജ നടക്കുന്നത്. ക്ഷേത്ര പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് പി.കുമാരൻ പ്രസിഡൻ്റും, വി.ശശി സെക്രട്ടറിയും, അരുൺകുമാർ ഖജാഞ്ചിയുമായി ഒരു കമ്മിറ്റിയുണ്ട്. ജയദേവരാജയാണ് മാനേജർ.
വൃത്ത ശ്രീകോവിലിനകത്ത് പ്രത്യേക ഗർഭഗൃഹത്തിലാണ് വിഗ്രഹമുള്ളത്. ക്ഷേത്ര പുനരുദ്ധാരണത്തിൻ്റെ ഭാഗമായി ആമയൂർ എൻ.വേണുഗോപാല പണിക്കർ, കോട്ടപ്പുറം ഗോപിനാഥപണിക്കർ, വിഷ്ണു എന്നിവരുടെ നേതൃത്വത്തിൽ അഷ്ടമംഗല പ്രശ്നം നടത്തുകയുണ്ടായി. ക്ഷേത്രം പുനരുദ്ധാരണം ചെയ്യേണ്ട മാർഗ്ഗദർശനങ്ങൾ പ്രശ്ന വിധിയിൽ തെളിഞ്ഞു. തുടർന്ന് ശ്രീകോവിലിൻ്റെ ഭിത്തി നിർമ്മാണം പൂർത്തിയാക്കിയെങ്കിലും പുനരുദ്ധാരണ പ്രവർത്തനം എങ്ങുമെത്തിയിട്ടില്ല. ഗർഭഗൃഹം ക്ഷയോൻ മുഖമായിത്തന്നെ കിടക്കുകയാണ്. ശ്രീകോവിലിൻ്റെ അടിത്തറ വിണ്ടുനിൽക്കുന്നതിനാൽ വിഗ്രഹം ബാലാലയത്തിലേക്ക് മാറ്റി പൂർണ്ണമായ പുനരുദ്ധാരണം നടത്തിയാലേ പഴയ പ്രൗഢിയോടെ ഈ ക്ഷേത്രത്തെ ഉയർത്തിക്കൊണ്ടുവരാൻ കഴിയുകയുള്ളു.