28: മലയമ്പാടി നരസിംഹ ക്ഷേത്രം

29: കുന്നംകുളങ്ങര സുബ്രഹ്മണ്യ ക്ഷേത്രം
July 7, 2023
27: മാലാപ്പറമ്പ് അയ്യപ്പക്ഷേത്രം
July 8, 2023

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 28

ആലത്തിയൂരിൽ ബസ്സിറങ്ങിയപ്പോൾ വലിയ വീട്ടിൽ വിഷ്ണുദാസും മുക്കടേക്കാട്ട് സുരേഷും അവിടെ കാത്തു നിന്നിരുന്നു. പുരാതനമായ മലയമ്പാടി നരസിംഹ ക്ഷേത്രം കാണാനാണ് ഞാൻ ആലത്തിയൂരിലെത്തിയത്. അവിടെ നിന്നും മംഗലം റോഡിലൂടെ ഒന്നര കിലോമീറ്റർ ബൈക്കിൽ. പുനരുദ്ധാരണം ചെയ്ത ഒരു കുളത്തിനു സമീപമാണ് യാത്ര അവസാനിച്ചത്. ഇത് മലയമ്പാടി ക്ഷേത്രക്കുളമാണെന്നും പഞ്ചായത്ത് പൊതു കുളമെന്ന നിലക്ക് പുനർനിർമ്മിച്ചതാണെന്നും സുരേഷ് പറഞ്ഞു. ക്ഷേത്രക്കുളത്തിൻ്റെ നാലു ഭാഗവും കരിങ്കൽ ഭിത്തി കെട്ടി സംരക്ഷിച്ചിരിക്കുന്നു. റോഡിൽ നിന്നും കുളത്തിൻ്റെ തെക്കുഭാഗത്തെ നടപ്പാതയിലൂടെ കയറിച്ചെന്നത് ഉയർന്ന ഒരു പറമ്പിലാണ്. ഇവിടെ കാടുകയറി തകർന്നു കിടക്കുന്ന ഒരു പഴയ ക്ഷേത്രം. ഇതാണ് ആലത്തിയൂർ മലയമ്പാടി നരസിംഹ ക്ഷേത്രം. വലിയ മരങ്ങൾ വളർന്നും കാടുമൂടിയും കിടക്കുന്ന ശ്രീകോവിൽ. കരിങ്കല്ലിൻ്റെ വട്ട ശ്രീകോവിലിനു മീതെ ചെങ്കല്ലു കൊണ്ടാണ് ശ്രീകോവിലിൻ്റെ ഭിത്തി നിർമ്മിച്ചിട്ടുള്ളത് ശ്രീകോവിലിനു മുകളിലെ കല്ലുകൾ താഴേക്ക് പതിച്ചു കിടക്കുന്നുണ്ട്. കരിങ്കല്ലിൻ്റെ വലിയ ആറ് പടികൾ കയറി ശ്രീകോവിലിൽ പ്രവേശിച്ചിരുന്നു. കൽപ്പടവുകൾ ഇപ്പോഴും അങ്ങനെത്തന്നെയുണ്ട്. ഇതിൻ്റെ ഇരുപുറവുമുള്ള സോപാനത്തിൻ്റെ അവശിഷ്ടം ക്ഷേത്രവളപ്പിൽ കിടക്കുന്നത് കണ്ടു. കിഴക്കോട്ട് ദർശനമായ ഒരു ക്ഷേത്രമായിരുന്നു. എട്ട് സെൻ്റ് വിസ്തൃതിയാണ് ക്ഷേത്ര ഭൂമി. ലക്ഷ്മീദേവി ഇല്ലാത്ത നരസിംഹമാണ് ഇവിടുത്തെ പ്രതിഷ്ഠ. ഉഗ്രഭാവത്തിലെ താപം ശമിക്കുന്നതിന് നിർമ്മിച്ച ക്ഷേത്രക്കുളമാണ് കിഴക്കു ഭാഗത്ത് പഞ്ചായത്ത് നവീകരിച്ച കുളം. ശ്രീകോവിലിൻ്റെ ഇടതുഭാഗത്ത് അൽപ്പം കിഴക്കോട്ടു മാറി ക്ഷേത്രത്തിൻ്റെ മണിക്കിണർ കാടുമൂടി കിടക്കുന്നുണ്ട്. ഈ കിണർ വൃത്തിയാക്കുമ്പോൾ നിരവധി വിഗ്രഹങ്ങൾ കണ്ടെടുക്കുകയുണ്ടായി.

ചതുർബാഹുവായ വിഷ്ണു, ഗണപതി, വാൽക്കണ്ണാടി, സുബ്രഹ്മണ്യൻ, നവഗ്രഹങ്ങൾ, ബലിക്കല്ലുകൾ തുടങ്ങിയവയാണ് ലഭിച്ചത്. ചില വിഗ്രഹങ്ങൾ തകർത്ത നിലയിലാണ്. ഇവയെല്ലാം ശ്രീകോവിലിൻ്റെ തെക്കുഭാഗത്ത് കൂട്ടിയിട്ടിരിക്കുന്നു. തോട്ടുവ മൂത്തേടത്ത് മനയുടെ കൈവശത്തിലാണ് ഈ ക്ഷേത്രം. വെട്ടത്തു രാജാവിൻ്റെ മന്ത്രിമാരിൽ പ്രമുഖരായിരുന്നു തോട്ടുവ മൂത്തേടത്ത് നമ്പൂതിരിമാർ. ഇല്ലത്ത് അനന്തിരാവകാശികൾ ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിൽ പരപ്പനാട്ടിലെ ഒരു ഇല്ലത്തു നിന്നും ഉണ്ടായ ദത്തിലെ പരമ്പരയാണ് ഇപ്പോഴുള്ളത്. ക്ഷേത്രം പുനരുദ്ധാരണം ചെയ്ത് നിത്യപൂജ തുടങ്ങണമെന്ന ആഗ്രഹം മനയിലെ അംഗങ്ങൾക്കുണ്ട്. നാട്ടുകാരിൽ ഒരു വിഭാഗവും ക്ഷേത്ര പുനരുദ്ധാരണം ആഗ്രഹിക്കുന്നവരാണ്. ഇതിൻ്റെ അടിസ്ഥാനത്തിൽ വലിയ വീട്ടിൽ വിഷ്ണുദാസ്, മുക്കടേക്കാട്ട് സുരേഷ്, തോട്ടുവ മൂത്തേടത്ത് കേശവൻ നമ്പൂതിരി, എടപ്പയിൽ ജയരാജൻ തുടങ്ങിയവർ ഉൾപ്പെടുന്ന ആലത്തിയൂർ ശ്രീ നരസിംഹമൂർത്തി ക്ഷേത്രം ട്രസ്റ്റ് രൂപീകരിച്ചിട്ടുണ്ട്.

ക്ഷേത്രത്തിലെ കിണറ്റിൽ നിന്നും കണ്ടെടുത്ത വിഗ്രഹങ്ങൾ

ഊരാളനായ കേശവൻ നമ്പൂതിരിയാണ് മാനേജിംങ്ങ് ട്രസ്റ്റി. തോട്ടുവ മൂത്തേടത്ത് ഇല്ലത്തിന് ഈ ക്ഷേത്രം കൂടാതെ കുന്നംകുളങ്ങരെ സുബ്രഹ്മണ്യ ക്ഷേത്രവും, വലിയ കപാലത്തിങ്കൽ ഭഗവതി ക്ഷേത്രവുമുണ്ട്. സുബ്രഹ്മണ്യ ക്ഷേത്രം പുനരുദ്ധരിച്ച ശേഷമേ ഈ ക്ഷേത്രം പുനരുദ്ധരിക്കാവൂ എന്ന പ്രശ്നവിധിയെ തുടർന്ന് സുബ്രഹ്മണ്യ ക്ഷേത്രത്തിൻ്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്. കാടുമൂടിക്കിടക്കുന്ന ഈ ക്ഷേത്രത്തിൽ നിത്യവും വിളക്കുവെക്കുന്നത് അമ്മേങ്ങര ജാനകിയമ്മയാണ്. ക്ഷേത്രഭൂമിയുടെ തൊട്ടു തെക്കുഭാഗത്താണ് ജാനകിയമ്മ താമസിക്കുന്നത്. എട്ടുവർഷം മുമ്പാണ് ഇവിടെ വീടുവെച്ചു താമസം തുടങ്ങിയതെന്നാണ് അമ്പത്താറു വയസ്സുള്ള ജാനകിയമ്മ പറഞ്ഞത്. തുടർന്ന് മുണ്ടത്തോട്ട് എന്ന തോട്ടുവ മൂത്തേടത്ത് ഇല്ലത്തു ചെന്ന് കേശവൻ നമ്പൂതിരിയെ കണ്ടു. എൺപത്താറു വയസ്സുള്ള കേശവൻ നമ്പൂതിരി തൻ്റെ ഓർമ്മകൾ ചികഞ്ഞ് നരസിംഹ ക്ഷേത്രത്തിൻ്റെ ഭൂതകാല ചിത്രമെടുത്തു. പ്രൗഢിയോടെ സ്ഥിതി ചെയ്തിരുന്ന ക്ഷേത്രമായിരുന്നു ഇതെന്നും തൻ്റെ അച്ഛൻ ത്രിവിക്രമൻ നമ്പൂതിരിയും അദ്ദേഹത്തിനു ശേഷം താനും ഈ ക്ഷേത്രത്തിൽ പൂജ ചെയ്തിരുന്നതായും അദ്ദേഹം പറഞ്ഞു. അയ്യപ്പൻ, ഗണപതി, ഭഗവതി എന്നീ ഉപപ്രതിഷ്ഠകളുണ്ടായിരുന്നു. ക്ഷേത്രം എങ്ങനെയാണ് തകർന്നതെന്നു പറയാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. ആരും ശ്രദ്ധിക്കാതെ കാലപ്പഴക്കത്താൽ തകർന്നതാവാമെന്നാണ് അദ്ദേഹത്തിൻ്റെ പക്ഷം. സ്വാഭാവികമായുള്ള തകർച്ചയാണെന്നു വിശ്വസിച്ചാൽത്തന്നെ വിഗ്രഹങ്ങൾ ആരാണ് ക്ഷേത്രക്കിണറ്റിൽ കൊണ്ടുവന്നിട്ടത് എന്ന കാര്യത്തിൽ കേട്ടുകേൾവി പോലും പറയാൻ കേശവൻ നമ്പൂതിരിക്ക് കഴിഞ്ഞില്ല. ക്ഷേത്ര പുനരുദ്ധാരണം നടന്നാൽ നല്ല ഒരു ക്ഷേത്രമായി ഇതു മാറുമെന്ന കാര്യത്തിൽ സംശയമില്ല. തിരൂരിൽ നിന്നോ പൊന്നാനിയിൽ നിന്നോ ബസ്സിനു വന്ന് ആലത്തിയൂർ സ്റ്റോപ്പിലിറങ്ങിയാൽ ക്ഷേത്രത്തിലെത്താം.

ക്ഷേത്രം കാട് മൂടി കിടക്കുന്നു

Leave a Comment