28: മലയമ്പാടി നരസിംഹ ക്ഷേത്രം
July 8, 202326:പെരുമണ്ണ ക്ലാരി മഹാവിഷ്ണു ക്ഷേത്രം
July 8, 2023തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 27
റബ്ബറും തെങ്ങും സമൃദ്ധമായി വളരുന്ന ഒരു കുന്നിൻ ചെരിവിലൂടെയുള്ള സ്വകാര്യ പാത ഇറങ്ങിച്ചെന്നത് പായൽമൂടിയ അമ്പതു സെന്റോളം വിസ്തൃതിയുള്ള ഒരു പുരാതന കുളത്തിൻ്റെ സമീപത്തേക്കാണ്. ഏതാനും മീറ്റർ കിഴക്കോട്ടു ചെന്നു കയറിയപ്പോൾ കണ്ടതാകട്ടെ തകർച്ചയുടെ ശേഷിപ്പുകൾ ഉള്ള ഒരു ക്ഷേത്ര ഭൂമിയും. മണ്ണിൽ പതിഞ്ഞു പഴകിയ ഒരു സോപാനം തകരാതെ കിടക്കുന്നത് മുമ്പ് ഒരു ക്ഷേത്രം ഇവിടെ സ്ഥിതി ചെയ്തിരുന്നുവെന്നതിൻ്റെ തെളിവായി അവശേഷിക്കുന്നു. പടിഞ്ഞാട്ട് ദർശനമായി ഉണ്ടായിരുന്ന ക്ഷേത്രമായിരുന്നു അത്. സോപാനത്തിന് പടികൾ ഇല്ല. അത് ചതുരാകൃതിയിലുള്ള ഒരു പഴകിയ തറയോട് ഘടിപ്പിച്ച നിലയിലാണ്. ശ്രീകോവിലിൻ്റെ വാതിൽപ്പടി കരിങ്കല്ലാണ്. അതിനുമപ്പുറം ചെറിയൊരു ചതുര കരിങ്കല്ലിൽ കുറച്ച് തെച്ചിപ്പൂക്കൾ ആരോ അർപ്പിച്ചിരിക്കുന്നു. തൊട്ടരികത്ത് എത്രയോ കാലമായി ദീപം തെളിയാത്ത ഒരു കൽവിളക്കുമുണ്ട്. തറയുടെ കല്ലുകൾ ഇളകി സ്ഥാനഭ്രംശം വന്ന നിലയിലാണ്. സോപാനത്തിനു മുന്നിൽ പണ്ടെങ്ങോ എണ്ണയും തിരിയും കണ്ട കൽവിളക്ക്. കുളത്തിനും ക്ഷേത്രഭൂമിക്കും മദ്ധ്യേ കാടുമൂടിയ കിണറുമുണ്ട്. ഇത് മാലാപറമ്പ് അയ്യപ്പൻകാവ് ക്ഷേത്രത്തിൻ്റെ ഇന്നത്തെ അവസ്ഥയാണ്. തകർന്ന ക്ഷേത്രങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങളെ സഹായിക്കാനിറങ്ങിയപ്പോൾ ഗിരീഷ് കീഴാറ്റൂർ ആണ് ഈ ക്ഷേത്ര ഭൂമിയിലേക്കുള്ള എൻ്റെ മാർഗ്ഗദർശി.
പെരിന്തൽമണ്ണ താലൂക്കിൽ കരുവമ്പലം വില്ലേജിലാണ് ഈ ക്ഷേത്രഭൂമി. മാറാപ്പിലപ്പൻ എന്ന പേരിലാണ് പഴയ കാലത്ത് അയ്യപ്പൻകാവ് അറിയപ്പെട്ടിരുന്നത്. ക്ഷേത്ര ഭൂമിയിൽ കാടുകയറിയ നിലയിൽ കണ്ട കിണർ ക്ഷേത്രത്തിൻ്റെ തീർത്ഥക്കിണറും കുളം ക്ഷേത്രക്കുളവുമാണ്. കിണറും സോപാനവുമുള്ളതു കൊണ്ട് ഒരു കാലഘട്ടത്തിൽ നിത്യപൂജ നടന്നിരുന്ന ക്ഷേത്രമായിരുന്നു ഇതെന്നു വ്യക്തം. ഇവിടെ പ്രതിഷ്ഠയൊന്നും കണ്ടില്ല. മാറാപ്പിലപ്പൻ എന്ന പേരു വന്നതിനു പിറകിൽ ഒരു ഐതിഹ്യമുണ്ട്. പഴയ കാലത്ത് ഒരു വാര്യർ ദൂരെയുള്ള ഇല്ലത്തു നിന്നും സ്വദേശത്തേക്ക് പോവുകയായിരുന്നു. അദ്ദേഹത്തിൻ്റെ ചുമലിൽ ഒരു മാറാപ്പുമുണ്ട് (ഭാണ്ഡം). ഇത് വാര്യരല്ലെന്നും ദളിതനാണെന്നും അഭിപ്രായമുണ്ട്. ഇവിടെ പ്രധാന ദിവസം മലയരയൻമാർക്ക് (വനവാസികൾ) ഭക്ഷണം കൊടുക്കുന്ന സമ്പ്രദായം ഉണ്ടായിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ ക്ഷേത്രോൽപ്പത്തിക്കഥ പരിശോധിക്കുമ്പോൾ മേൽപ്പറഞ്ഞ ഏകാന്തപഥികൻ താണ ജാതിയിൽപെട്ട ഒരാളായിരുന്നുവെന്ന് അനുമാനിക്കാവുന്നതാണ്. ഈ പ്രദേശത്തിൻ്റെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകൾ കാണുമ്പോൾ പഴയ കാലത്ത് ഇവിടെ ഒരു വന മേഖലയായിരുന്നുവെന്ന് കരുതാവുന്നതാണ്.
അങ്ങനെ മേൽപ്പറഞ്ഞ വ്യക്തി ഇപ്പോൾ ശ്രീകോവിൽ തറ സ്ഥിതി ചെയ്യുന്ന ഭാഗത്ത് ഭാണ്ഡം വെച്ച് കുളത്തിൽ കുളിക്കാനിറങ്ങി. തിരിച്ചു വന്ന് ഭാണ്ഡമെടുക്കാൻ ശ്രമിച്ചപ്പോൾ ഭാരം കൊണ്ട് ഭാണ്ഡം പൊങ്ങിയില്ല. ആ പഥികൻ അമ്പരന്നു. ഏതോ അദൃശ്യ ശക്തിയുടെ സാന്നിദ്ധ്യമുണ്ടെന്നു തോന്നിയ അയാൾ കൈ കൂപ്പി തൊഴുത് കരഞ്ഞു. ഭാണ്ഡവുമായി തന്നെ പോകാൻ അനുവദിക്കണമെന്നും അപേക്ഷിച്ചു. ഈ സമയത്ത് അയ്യപ്പൻ പ്രത്യക്ഷപ്പെട്ട് ഭാണ്ഡം ഇരിക്കുന്ന സ്ഥലത്ത് തൻ്റെ സാന്നിദ്ധ്യമുണ്ടാവുമെന്ന് അരുളിച്ചെയ്ത് അപ്രത്യക്ഷനായി. പഥികനാകട്ടെ, ഭാണ്ഡം അനായാസം എടുത്തു മാറ്റി അവിടെ ഒരു കല്ല് വെച്ച് ദീപം തെളിയിച്ചു. പിൽക്കാലത്ത് മാറാപ്പിലപ്പൻ എന്ന പേരോടെ ഒരു അയ്യപ്പൻകാവ് അവിടെ നിർമ്മിക്കുകയായിരുന്നു. ക്ഷേത്ര നിർമ്മാണത്തിൻ്റെ കാലം നിർണ്ണയിക്കാൻ യാതൊരു രേഖയുമില്ല. മേൽക്കൂരയില്ലാത്ത ഒരു ക്ഷേത്രമായിരുന്നു അത്. മാറാപ്പിലപ്പൻ എന്ന പേര് പിൽക്കാലത്ത് മാലാപറമ്പ് എന്ന പേരിൽ അറിയപ്പെട്ടുവെന്നാണ് വാമൊഴി ചരിത്രം. അതേസമയം ഇതേ പ്രദേശത്തിനു സമീപത്തെ മറ്റൊരു പ്രദേശത്തിൻ്റെ പേര് മാലാപ്പറമ്പ് എന്നു തന്നെയാണ്. അവിടുത്തെ സ്ഥലനാമ ചരിത്രവുമായി ഈ ക്ഷേത്ര നാമത്തിനുബന്ധമില്ല. രാമ രാവണ യുദ്ധകാലത്ത് ഹനുമാൻ മരുത്വാമല ഉള്ളം കയ്യിലെടുത്ത് വാനിലൂടെ പോകുമ്പോൾ മലയുടെ ഭാഗങ്ങൾ അടർന്നുവീണ സ്ഥലമായതിനാലാണ് പ്രദേശത്തിന് മാലാപറമ്പ് എന്ന പേരു വന്നതെന്നാണ് ഒരു ഐതിഹ്യം. മാമാങ്ക കാലത്ത് ചാവേറു പോകുന്ന വള്ളുവനാട്ടിലെ ചാവേറുകൾക്ക് ഇവിടെയുള്ള നരസിംഹ ക്ഷേത്രത്തിൽ വച്ച് മാലയിട്ടു കൊടുക്കാറുണ്ടായിരുന്നു. അതിനെ അടിസ്ഥാനമാക്കിയാണ് ആ പ്രദേശത്തിന് മാലാപറമ്പ് എന്ന പേരു വന്നത് എന്നതാണ് സ്ഥലനാമ ചരിത്രം.
മാലാപറമ്പ് അങ്ങാടിപ്പുറം വില്ലേജിലുള്ള ഒരു പ്രദേശമാണ്. മേൽപ്രകാരമുള്ള അയ്യപ്പൻകാവ് ക്ഷേത്രം നിർമ്മിച്ചത് കുണ്ടറക്കൽ മൂപ്പിൽ നായൻമാരാണ്. ഇവർ പഴയ കാലത്തെ പ്രാദേശിക ഭരണ കർത്താക്കളായിരുന്നു. മാലാപറമ്പ് നരസിംഹ ക്ഷേത്രം അടക്കം നിരവധി ക്ഷേത്രങ്ങളുടെ ഊരായ്മ ക്കാരായ കുണ്ടറക്കൽ മൂപ്പിൽ നായൻമാരുടെ ആസ്ഥാനം മാലാപറമ്പ് അയ്യപ്പക്ഷേത്രം സ്ഥിതി ചെയ്യുന്ന കരുവമ്പലത്തായിരുന്നു. ടിപ്പുവിൻ്റെ പടയോട്ടക്കാലത്ത് കുണ്ടറക്കൽ മൂപ്പിൽ നായൻമാർ പലായനം ചെയ്തു. അതോടെ ക്ഷേത്രം പരിരക്ഷിക്കാൻ ആളില്ലാതെ അനാഥമായി കാട് മൂടിക്കിടന്നു. ടിപ്പുവിൻ്റെ പടയോട്ടക്കാലത്ത് ക്ഷേത്രം തകർത്തുവെന്ന ഒരു കേട്ടു കേൾവി ഇവിടത്തുകാർക്കില്ല. അതേ സമയം പെരിന്തൽമണ്ണ മേഖലയിൽ ടിപ്പു തകർത്തതെന്നു വിശ്വസിക്കുന്ന നിരവധി ക്ഷേത്രങ്ങളുണ്ടുതാനും. ഇവിടെ ചോതി ഊട്ട് എന്നൊരു ചടങ്ങുണ്ടായിരുന്നു. ക്ഷേത്രം തന്ത്രിയുടെ നിർദ്ദേശപ്രകാരം 2014-15 കാലഘട്ടത്തിലാണ് ഭക്തജനങ്ങൾ കാടുവെട്ടിത്തെളിയിച്ചത്. ഇതിനു 30 മീറ്റർ കിഴക്കോട്ടു മാറി ഒരു ക്ഷേത്രമുണ്ട്. ഇന്നത്തെ തലമുറ മാലാപറമ്പ് അയ്യപ്പക്ഷേത്രം എന്നു വിളിച്ചു വരുന്നത് ഈ ക്ഷേത്രത്തെയാണ്. നേരത്തെ സൂചിപ്പിച്ച ക്ഷേത്ര സ്ഥാനം മൂലസ്ഥാനം എന്ന നിലക്കാണ് കണക്കാക്കിപോരുന്നത്. മാലാപറമ്പ് അയ്യപ്പക്ഷേത്രമെന്ന് ഇക്കാലത്ത് കണക്കാക്കി പോരുന്ന ക്ഷേത്രത്തിൽ ഒരു അയ്യപ്പവിഗ്രഹമുണ്ട്. വെട്ടിമാറ്റിയ തല കഴുത്തിനു മീതെ വെച്ചനിലയിലാണ്. പട്ടബന്ധം ബന്ധിച്ച് ധ്യാനയോഗത്തിലാണ് അയ്യപ്പൻ. ഈ വിഗ്രഹം തകർക്കപ്പെട്ടതാണോ എന്നു വ്യക്തമല്ല. തലയറ്റ വിഗ്രഹം എവിടെ നിന്നു ലഭിച്ചുവെന്ന് പറയാനും ആർക്കും അറിയില്ല.
ക്ഷേത്ര സമീപം മൂന്ന് ഹിന്ദുവീടുകൾ മാത്രമേയുള്ളു. ചുറ്റുഭാഗവും കുടിയേറ്റ ക്രിസ്ത്യാനികളാണ്. ക്ഷേത്രത്തിൽ വിശേഷ പരിപാടികൾ വല്ലതും നടത്തണമെങ്കിൽ ഒന്നര കിലോമീറ്റർ അകലെ നിന്നും ഭക്തജനങ്ങൾ എത്തിച്ചേരണം. ഈ ക്ഷേത്രത്തിന് 350 വർഷത്തെ പഴക്കമേയുള്ളു. നേരത്തെ ഇവിടെ തകർന്ന ഒരു ക്ഷേത്രമുണ്ടായിരുന്നതായി അനുമാനിക്കാവുന്ന അവശേഷിപ്പുകൾ ക്ഷേത്രത്തിൽ കണ്ടു. കിഴക്കോട്ട് ദർശനമായുള്ള ക്ഷേത്രത്തിൻ്റെ കിഴക്കുഭാഗത്തേക്ക് നാലമ്പലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് വാതിൽമാടത്തിൻ്റെ ഒരു കരിങ്കൽ തൂണ് ഇപ്പോഴുമുണ്ട്. പഴയ കൽക്കെട്ടുകളും കണ്ടു. കിഴക്കോട്ടുള്ള പ്രവേശന മാർഗ്ഗം സ്വകാര്യ വ്യക്തി അടച്ചതിനാൽ പ്രവേശനം മറ്റൊരു സ്വകാര്യ വ്യക്തിയുടെ പറമ്പിലൂടെയാണ്. ഇതാകട്ടെ പടിഞ്ഞാറ് ഭാഗത്തു കൂടിയും .പടിഞ്ഞാറെ നടയിലും നാലമ്പലത്തിലേക്ക് പ്രവേശിക്കാൻ വാതിൽ മാടമുണ്ടായിരുന്നതിൻ്റെ അവശിഷ്ടങ്ങൾ കാണാൻ കഴിഞ്ഞു. ക്ഷേത്രത്തിൽ ശിവനും വടക്കോട്ടു ദർശനമായി തിരുമാന്ധാംകുന്നിലമ്മയുമുണ്ട്. ഈ ക്ഷേത്രവും കാടുകയറി കിടക്കുകയായിരുന്നു. ഭക്തജനങ്ങളുടെ ഒരു കമ്മിറ്റിയാണ് കാടുവെട്ടിത്തെളിയിച്ചത്.
താഴികക്കുടം സ്ഥാപിച്ചിരുന്നതിൻ്റെ അവശിഷ്ടം ക്ഷേത്രവളപ്പിൽ കണ്ടെത്തി. പഴയ കാലത്ത് ക്ഷേത്രം പുനരുദ്ധാരണം ചെയ്തിട്ടുണ്ടെന്ന സൂചനയാണ് ഈ അവശിഷ്ടം സൂചിപ്പിക്കുന്നത്. 2015 ആഗസ്ത് 19 ന് ക്ഷേത്രത്തിൽ താംബൂലപ്രശ്നം നടത്തുകയുണ്ടായി. ക്ഷേത്രത്തിലെ പ്രതിഷ്ഠാ സങ്കൽപ്പത്തിൽ മാറ്റം വന്നതായി കണ്ടെത്തി. ശിവ സങ്കൽപ്പത്തിലുള്ള ക്ഷേത്രമായിരുന്നുവത്രെ. ക്ഷേത്രം പുരാതന കാലത്ത് ശിവക്ഷേത്രമായിരുന്നിരിക്കണം. മൂലസ്ഥാനമെന്ന് കരുതിപ്പോരുന്ന ക്ഷേത്രത്തിലെ തകർന്ന വിഗ്രഹം കണ്ടെത്തുകയും സമീപത്തെ തകർന്ന ക്ഷേത്രം പുനരുദ്ധാരണം നടത്തി അതിൽ അയ്യപ്പവിഗ്രഹം പ്രതിഷ്ഠിച്ചതാകാം. ഇതിനെക്കുറിച്ചു പറഞ്ഞു തരാൻ കഴിയുന്ന ആരും ക്ഷേത്രപരിസരത്തില്ല. മൂന്ന് ഏക്കർ ഭൂമിയാണ് ക്ഷേത്രത്തിനുണ്ടായിരുന്നത്. ഇപ്പോൾ 1 ഏക്കർ 8 സെൻറ് മാത്രമെയുള്ളു. രാമപുരത്തെ കുട്ടല്ലൂർ ചെറിയ നാരായണൻ നമ്പൂതിരിയാണ് ക്ഷേത്രത്തിലെ തന്ത്രി. ഇപ്പോൾ പൂജാരി മാത്രമേയുള്ളു. മലബാർ ദേവസ്വം ബോർഡിൻ്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രമാണിത്. പരിസരത്തെ ഹിന്ദുക്കളുടെ അഭാവം നിമിത്തം ക്ഷേത്ര നവീകരണം പോലും നടത്താൻ കഴിയാത്ത അവസ്ഥയാണ്.