20: മാലാപറമ്പ് മാട്ടുമ്മൽ നരസിംഹമൂർത്തി ക്ഷേത്രം

22: അമ്പലക്കോത്ത് മഹാവിഷ്ണു ക്ഷേത്രം
July 11, 2023
19: തൃപ്പാലൂർ നരസിംഹമൂർത്തി ക്ഷേത്രം
July 11, 2023

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 20

വളാഞ്ചേരിയിൽ നിന്നും പെരിന്തൽമണ്ണയിലേക്കുള്ള ബസ്സിൽ നാലു കിലോമീറ്റർ പിന്നിട്ട് എം.ഇ.എസ് മെഡിക്കൽ കോളേജ് സ്റ്റോപ്പിൽ ഇറങ്ങുമ്പോൾ കനത്ത മഴയായിരുന്നു. മാലാപറമ്പ് മാട്ടുമ്മൽ നരസിംഹമൂർത്തി ക്ഷേത്രത്തിലേക്കാണ് എനിക്ക് പോകേണ്ടത്. ബസ്സിറങ്ങി ഏതാണ്ട് മുപ്പത് മീറ്റർ പടിഞ്ഞാട്ടു നടന്നാൽ ഇടതുഭാഗത്തായി റോഡിൻ്റെ പ്രവേശന ഭാഗത്ത് ക്ഷേത്രത്തിൻ്റെ പേരുള്ള കമാനം കാണാമെന്ന് ക്ഷേത്ര കമ്മിറ്റി സെക്രട്ടറി കെ.സി.വാസു മാസ്റ്റർ അടയാളം പറഞ്ഞിരുന്നു. ഇടതുഭാഗത്ത് അകലെ മഞ്ഞിൽ പുതഞ്ഞു നിൽക്കുന്ന റബർ എസ്റ്റേറ്റുകളുടെ നേർച്ചിത്രം കണ്ടു. വാസു മാഷ് പറഞ്ഞ കമാനത്തിൻ്റെ സമീപമെത്തി. കമാനത്തിൻ്റെ ചുവട്ടിൽ തകർക്കപ്പെട്ട നിരവധി ക്ഷേത്ര ശിൽപ്പങ്ങൾ നിരത്തി വെച്ചത് കൗതുകവും അമ്പരപ്പുമുണ്ടാക്കി. എന്തിനാണ് ഇവ നിരത്തിവെച്ചിരിക്കുന്നത് എന്ന സംശയത്തോടെ ഏതാനും വാര തെക്കോട്ടു നടന്നപ്പോൾ നരസിംഹ ക്ഷേത്രം കണ്ടു. നട അടച്ചിരുന്നില്ല. നരസിംഹമൂർത്തിയെ വണങ്ങി ഓഫീസിൽ ചെന്നപ്പോൾ വാസു മാസ്റ്ററും ക്ഷേത്ര കമ്മിറ്റി ട്രഷറർ വെമ്പാലശ്ശേരി രാധാകൃഷ്ണനും എന്നെ കാത്തിരുന്നിരുന്നു. റോഡിൽ ക്ഷേത്ര കമാനത്തിൻ്റെ അരുകിൽ പൊട്ടിത്തകർന്ന അസുന്ദര ശിൽപ്പങ്ങൾ വെച്ചിരിക്കുന്നതിൻ്റെ രഹസ്യമായിരുന്നു എനിക്ക് ആദ്യം അറിയേണ്ടിയിരുന്നത്. ‘ ക്ഷേത്ര വിശ്വാസികളായ ഹിന്ദുക്കളെ അപമാനിക്കാൻ മാപ്പിളമാർ അടിച്ചു തകർത്ത ശിൽപ്പങ്ങളാണ് അവ. വെറുതെ വെച്ചതല്ല. ക്രൂരതയുടെ അടയാളങ്ങൾ പകൽ വെളിച്ചത്തിൽ എല്ലാവരും കാണുന്നതിനു വേണ്ടിത്തന്നെയാണ് ‘. അവരുടെ മറുപടി എന്നെ ഒട്ടും അതിശയിപ്പിച്ചില്ല. കാരണം, തുടർന്ന് അവർ പറഞ്ഞു തുടങ്ങിയത് ഐതിഹ്യമല്ല. രേഖാമൂലമുള്ള ചരിത്രവും നേരനുഭവങ്ങളുമായിരുന്നു.

ലോകത്തെ മുഴുവൻ ഹിന്ദുക്കളും അറിഞ്ഞു വെക്കേണ്ട വിലപ്പെട്ട വിവരങ്ങളാണ് അവരിലൂടെ ഞാൻ മനസ്സിലാക്കിയത്. സ്ഥലനാമ കൗതുകം അറിഞ്ഞ് ചരിത്രത്തിലേക്ക് കടക്കാം. മാലാപറമ്പ് എന്നത് ആ ഗ്രാമത്തിൻ്റെ പേരാണ്. രാമ രാവണ യുദ്ധകാലത്ത് മൃതസഞ്ജീവനി തേടി പോയ ഹനുമാൻ മരുത്വാമല തന്നെ കയ്യിലെടുത്ത് ആകാശ മാർഗ്ഗേന കുതിക്കുമ്പോൾ അതിൽ നിന്നും മാല കണക്കെ സസ്യങ്ങൾ അടർന്നു വീണതിനാലാണ് പ്രദേശത്തിന് മാലാപറമ്പ് എന്ന പേരു വന്നതെന്നാണ് ഐതിഹ്യം. ഇനി സ്ഥലനാമത്തെക്കുറിച്ചുള്ളത് ചരിത്രമാണ്. തിരുന്നാവായ മാമാങ്കത്തിൽ നിലപാടു നിൽക്കാൻ വരുന്ന വള്ളുവനാട്ടിലെ ചാവേറുകളെ ചെമ്പരത്തി മാലയിട്ട് സ്വീകരിച്ചിരുന്നത് ഇവിടെ വച്ചായിരുന്നു. നരസിംഹമൂർത്തിയെ തൊഴുത ശേഷം ചാവേറുകൾ തിരുന്നാവായക്ക് പോകും. ചാവേറുകളെ മാലയിട്ട് സ്വീകരിക്കുന്ന അമ്പല പറമ്പുള്ള പ്രദേശമായതിനാൽ ഗ്രാമത്തിന് മാലാപറമ്പ് എന്ന പേരു വന്നു. അങ്ങാടിപ്പുറത്തിനടുത്ത് ‘ചെരക്കാപറമ്പ് ‘ എന്നൊരു സ്ഥലമുണ്ട്. ചാവേറുകൾ തലമുണ്ഡനം ചെയ്തിരുന്ന പറമ്പുള്ള പ്രദേശമായതിനാലാണ് ചെരക്കാപറമ്പ് എന്ന പേരു വന്നത്.’ ചെരക്കുക ‘ എന്നത് താടിയും മുടിയും നീക്കം ചെയ്യുന്നതിനെ പറയുന്ന ഒരു ഗ്രാമ്യ പദമാണ്. ഇക്കാലത്തും ദേഷ്യം വരുമ്പോൾ ഈ പദം ഉപയോഗിക്കാറുണ്ട്. ചെരക്കാപറമ്പിനെ താരതമ്യം ചെയ്തു പരിശോധിക്കുമ്പോൾ മാലാപറമ്പ് എന്ന പേരു വന്നത് ചാവേർ ചരിത്രവുമായി ബന്ധപ്പെട്ടുണ്ടായതാണെന്ന് ഉറപ്പിക്കാവുന്നതാണ്. ക്ഷേത്രം സ്ഥിതി ചെയ്യുന്നത് അങ്ങാടിപ്പുറം വില്ലേജിൽ പരിയാപുരം (പരിഹാര പുരം) ദേശത്താണ്. ഗ്രാമത്തിലെ ‘മാട്ടുമ്മൽ ‘നരസിംഹമൂർത്തി ക്ഷേത്രമാണിത്. എന്തുകൊണ്ട് മാട്ടുമ്മൽ എന്ന പേരു വന്നുവെന്ന് ചിന്തിക്കുമ്പോൾ ചെന്നെത്തുന്നത് ഐതിഹ്യത്തിലേക്കാണ്.’ മാട് ‘പശുവാണ്. കുണ്ടറക്കൽ മൂപ്പിൽ നായൻമാരാണ് ക്ഷേത്രത്തിൻ്റെ ഊരാളൻമാർ. ഇവരുടെ ഊരാൺമയിൽ വേറേയും ക്ഷേത്രങ്ങളുണ്ടായിരുന്നു. പുലാമന്തോളിനടുത്തുള്ള കരുവമ്പലത്താണ് കുണ്ടറക്കൽ മൂപ്പിൽ നായൻമാരുടെ ആസ്ഥാനം.

ഒരിക്കൽ കുണ്ടറക്കൽ മൂപ്പിൽ നായർ നായാട്ടനു പോയ അവസരത്തിൽ അബദ്ധത്തിൽ ഗോഹത്യ നടത്താനിടയായി. ഇതിൽ മനംനൊന്ത മൂപ്പിൽ നായർ ഗോഹത്യാ പാപത്തിന് ഏതു വിധത്തിലാണ് പ്രായശ്ചിത്തം ചെയ്യേണ്ടതെന്ന് ഒരു ജ്ഞാനിയോട് ഉപദേശം തേടി. മരണം സംഭവിച്ച ഒരു പശുവിൻ്റെ ജഡം മരത്തിൽ കെട്ടിത്തൂക്കി അതിനു ചുവട്ടിലിരുന്ന് നാരായണനാമം ജപിക്കാനാണ് അദ്ദേഹം ഉപദേശിച്ചത്. അതനുസരിച്ച് അദ്ദേഹം ചെയ്തപ്പോൾ ഭഗവാൻ നരസിംഹഭാവത്തിൽ പ്രത്യക്ഷപ്പെട്ട് അനുഗ്രഹിച്ചു. തുടർന്ന് അദ്ദേഹം നരസിംഹമൂർത്തി ക്ഷേത്രം പുനരുദ്ധാരണം നടത്തി. മാട്ടുമ്മൽ എന്ന പേരു വന്നത് മൂപ്പിൽ നായരുടെ ഈ വിധമുണ്ടായ തപസ്സിനെത്തുടർന്നാണ്. ഇതിലൂടെ മറ്റൊരു വസ്തുത നമുക്ക് വെളിപ്പെടും. കുണ്ടറക്കൽ മൂപ്പിൽ നായർ ഊരാളനാവുന്നതിനു മുമ്പു തന്നെ ഈ ക്ഷേത്രം ഉണ്ടായിരുന്നുവെന്നും പിൽക്കാലത്ത് തകർന്നു പോയെന്നുമാണ്. ക്ഷേത്രത്തിന് 4000 വർഷത്തെ പഴക്കമുണ്ടെന്നാണ് കരുതുന്നത്. ക്ഷേത്രം സ്ഥിതി ചെയ്യുന്ന പ്രദേശം ഒരു കുന്നിൻ ചെരിവിൻ്റെ തുടക്കത്തിലാണ്. ആദി കാലത്ത് ഇത് വനമേഖലയായിരുന്നുവത്രെ. ധാരാളം ഋഷീശ്വരൻമാർ ഇവിടെ തപസ്സനുഷ്ഠിച്ചതിനാൽ ഈ പ്രദേശം ഈശ്വര ചൈതന്യവത്തായി. ഒരു ഋഷീശ്വരൻ്റെ തപസ്സിൽ സംപ്രീതനായി നരസിംഹമൂർത്തി പ്രത്യക്ഷപ്പെട്ടു. തുടർന്ന് ആ ഋഷീശ്വരനാണ് ക്ഷേത്രം നിർമ്മിച്ചതെന്നാണ് വിശ്വസിക്കപ്പെട്ടു വരുന്നത്. പിൽക്കാലത്ത് ബ്രാഹ്മണർക്കിടയിൽ ശൈവ-വൈഷ്ണവ വിഭാഗങ്ങളുടെ കലഹം നിമിത്തം ക്ഷേത്രത്തിന് ശോച്യാവസ്ഥ സംഭവിക്കുകയും ക്ഷേത്രം പൂർണ്ണമായും നശിക്കുകയും ചെയ്തു. കുണ്ടറക്കൽ മൂപ്പിൽ നായൻമാർ അക്കാലത്ത് നാടുവാഴികളായിരുന്നു. മാട്ടുമ്മൽ നരസിംഹ ക്ഷേത്ര സ്വത്തുക്കൾ ഇവരിൽ നിക്ഷിപ്തമായതും ഊരാള സ്ഥാനം ലഭിച്ചതും അങ്ങനെയാണ്.

പുതുക്കി പണിത വിഗ്രഹം

ടിപ്പുവിൻ്റെ പടയോട്ടക്കാലത്ത് നിരവധി ക്ഷേത്രങ്ങൾ തകർക്കപ്പെട്ട കൂട്ടത്തിൽ നരസിംഹമൂർത്തി ക്ഷേത്രവും തകർത്തു. വിഗ്രഹങ്ങളും ക്ഷേത്ര ശിൽപ്പങ്ങളും തല്ലിയുടച്ചു. 600 ഏക്കറാണ് പുരാതന കാലത്ത് നരസിംഹമൂർത്തി ക്ഷേത്രത്തിനുണ്ടായിരുന്നത്. ആയിരത്താണ്ടുകൾ മഹാക്ഷേത്രമായി പരിലസിച്ച ക്ഷേത്രമാണ് ടിപ്പുവും പടയും നിലം പരിശാക്കിയത്. പ്രദേശത്തെ ഹിന്ദുക്കളെ മതം മാറ്റി. മതപരിവർത്തനം ഭയന്ന് പലരും മലകളിലും കാടുകളിലും ഒളിച്ചു കഴിഞ്ഞു. ഹിന്ദുക്കൾക്കിടയിൽ ഭീതി പടർത്തിയതിനാൽ ടിപ്പു തകർത്ത നരസിംഹ ക്ഷേത്രത്തിലേക്ക് തിരിഞ്ഞു നോക്കാൻ പോലും ക്ഷേത്ര വിശ്വാസികൾ ഭയപ്പെട്ടു. ഇതു മൂലം ക്ഷേത്രം ദീർഘകാലം കാടുകയറിക്കിടന്നു. ഇസ്ലാം മതം ഉപേക്ഷിച്ച് സ്വധർമ്മം സ്വീകരിച്ച രാമസിംഹനാണ് ക്ഷേത്ര പുനരുദ്ധാരണം നടത്തിയത്. മാട്ടുമ്മൽ നരസിംഹ ക്ഷേത്രത്തിൻ്റെ ചരിത്രം രാമസിംഹൻ്റെ ജീവചരിത്രത്തോടു ബന്ധപ്പെട്ടു കിടക്കുന്നു. ക്ഷേത്രത്തിൽ രാമസിംഹൻ്റെ ചരിത്രം ഇംഗ്ലീഷിൽ തയ്യാറാക്കി പ്രദർശിപ്പിച്ചിട്ടുണ്ട്. ക്ഷേത്ര പുനരുദ്ധാരണത്തിന് രാമസിംഹൻ വഹിച്ച വലിയ പങ്ക് ക്ഷേത്ര ചരിത്രത്തിൽ നിന്നും മാറ്റി നിർത്താനാവാത്തതിനാൽ രാമസിംഹൻ്റെ ഹ്രസ്വ ചരിത്രം കുറിക്കുകയാണ്. മലപ്പുറം ജില്ലയിൽ കോടൂർ വില്ലേജിൽ ചെമ്മംകടവ് എന്നൊരു സ്ഥലമുണ്ട്. കിളിയ മണ്ണിൽ തെക്കെ പള്ളിയാളി എന്ന വീട്ടു പേരുള്ള തറവാട് ഇവിടെയാണ്.

പടയോട്ടക്കാലത്ത് മൈസൂർ പടയുടെ വധഭീഷണി ഭയന്ന് മതം മാറിയ കുടുംബമാണിത്. പിന്നീട് ഇവർ ഒരു യാഥാസ്ഥിതിക മുസ്ലീം കുടുംബമായിത്തീർന്നു. ഈ മൊയ്തു കിളിയമണ്ണിൽ തറവാട്ടിൽ കാലികളെ കശാപ്പു ചെയ്ത മാംസം വിളമ്പിയും വിതരണം ചെയ്തും വലിയ നേർച്ചകളും മറ്റും നടത്തിയിരുന്നു. ഉണ്ണീൻ, ആലിപ്പു എന്നീ രണ്ട് ആൺമക്കളാണ് മൊയ്തുവിനുണ്ടായിരുന്നത്. സാമാന്യ വിദ്യാഭ്യാസം ലഭിച്ച ഉണ്ണീൻ തൃശൂർ ജില്ലയിലെ പാലപ്പള്ളിയിൽ ഇംഗ്ലീഷുകാരുടെ റബർ എസ്റ്റേറ്റിൽ പ്രധാന ഉദ്യോഗസ്ഥനായി. റബർ കൃഷിയെക്കുറിച്ചും റബർ പാൽ സംസ്കരണത്തിനെക്കുറിച്ചും പഠിച്ച ഉണ്ണീൻ കുണ്ടറക്കൽ തറവാട്ടു കാരണവരിൽ നിന്നും 600 ഏക്കർ ഭൂമി പാട്ടത്തിനെടുത്ത് മാലാപറമ്പിൽ ഒരു റബർ എസ്റ്റേറ്റ് തുടങ്ങി. എസ്റ്റേറ്റിന് ബാപ്പയുടെ പേരു തന്നെയിട്ടു. മൊയ്തു റബർ എസ്റ്റേറ്റ് എന്നായിരുന്നു പേര്. യാഥാസ്ഥിതികനായ മുസ്ലീം ആണെങ്കിലും ഇംഗ്ലീഷുകാരുമായുള്ള ചങ്ങാത്തം വസ്ത്രധാരണ രീതിയിൽ പോലും മാറ്റമുണ്ടാക്കി. ഇംഗ്ലീഷുകാരാകട്ടെ തങ്ങളുടെ ചങ്ങാതിക്ക് ‘ഖാൻ’ പട്ടം നൽകി. ഉണ്ണീൻ സാഹിബിന് മലാപറമ്പിൽ ബംഗ്ലാവു നിർമ്മിച്ചു. ഇപ്പോൾ എം.ഇ.എസ്. മെഡിക്കൽ കോളേജ് സ്ഥിതി ചെയ്യുന്നത് ഉണ്ണീൻ സാഹിബ് ബംഗ്ലാവ് സ്ഥിതി ചെയ്തിരുന്നിടത്താണ്. ബംഗ്ലാവിലേക്കുള്ള ഗേറ്റിൻ്റെ ഒരു കാൽ ഇപ്പോഴും പൊളിക്കാതെ റോഡരുകിൽ കാണാം. മാട്ടുമ്മൽ നരസിംഹ ക്ഷേത്രത്തിൻ്റെ വടക്കുഭാഗത്തായിട്ടാണ് ഉണ്ണീൻ സാഹിബിൻ്റെ ബംഗ്ലാവ് ഉണ്ടായിരുന്നത്. ആദ്യകാലത്ത് ഉണ്ണീൻ സാഹിബ് കടുത്ത ഹിന്ദു വിരോധിയായിരുന്നു.

ക്ഷേത്രാവശിഷ്ടങ്ങൾ

ഹിന്ദുക്കളുടെ ആരാധനാരീതിയെ അപമാനിക്കാൻ അദ്ദേഹം ടിപ്പു തകർത്ത ഈ ക്ഷേത്രത്തിൻ്റെ കല്ലുകൾ കൊണ്ടു പോയി ബംഗ്ലാവിൽ കക്കൂസ് നിർമ്മിച്ചു. ഉണ്ണീൻ സാഹിബ് പ്രദേശത്ത് മാപ്പിള പ്രമാണിയായി ഉയർന്നു. ബ്രിട്ടീഷുകാർക്കു പോലും സ്വീകാര്യനായി. 1935 ൽ അഫ്ഖാനിസ്ഥാനിലെ ക്വറ്റായിലുണ്ടായ ഭൂമി കുലുക്കത്തിൽ ഭാരതത്തിലുടനീളം വൈസ്രോയിയുടെ നേതൃത്വത്തിൽ ദുരിതാശ്വാസ കമ്മിറ്റി രൂപീകരിച്ചപ്പോൾ മലപ്പുറം ഡിവിഷൻ്റെ ജോയിൻ്റ് സെക്രട്ടറിയായി ഉണ്ണീൻ സാഹിബിനെയാണ് നിയോഗിച്ചത്. മണ്ണാർക്കാട്ടെ പ്രമുഖ മര വ്യവസായിയും മുസ്ലീം പ്രമാണിയുമായിരുന്ന മണ്ണാർക്കാട്ടെ കല്ലടി ഉണ്ണിക്കമ്മുവിൻ്റെ മകളെയാണ് ഉണ്ണീൻ സാഹിബ് വിവാഹം കഴിച്ചിരുന്നത്. നല്ല നായാട്ടുകാരൻ കൂടിയായിരുന്ന ഇദ്ദേഹം മത്സ്യ മാംസാദികളിലും മദ്യ-മദിരാക്ഷികളിലും തൽപ്പരനായിരുന്നു. നിയന്ത്രണമില്ലാത്ത ഒരു ജീവിതത്തിലേക്ക് കടന്നു കയറിയതോടെ ഉണ്ണീൻ സാഹിബിന് രോഗ ദുരിതങ്ങൾ ഉണ്ടാവാൻ തുടങ്ങി. ക്ഷേത്ര ധ്വംസനമാണ് തൻ്റെ ദുരിതങ്ങൾക്കു കാരണമെന്നു മനസ്സിലാക്കിയ ഉണ്ണീൻ സാഹിബ് നരസിംഹ ക്ഷേത്രം പുനർനിർമ്മിക്കാൻ തീരുമാനിച്ചു. കാണിപ്പയ്യൂർ നമ്പൂതിരിയുടേയും തന്ത്രി കാലടി പടിഞ്ഞാറേടത്ത് നമ്പൂതിരിയുടേയും നിർദ്ദേശങ്ങൾ അനുസരിച്ചാണ് ക്ഷേത്ര പുനരുദ്ധാരണ പ്രവർത്തനങ്ങൾ തുടങ്ങിയത്. പ്രധാന ശ്രീകോവിലിനു പുറമെ ഉപദേവതാ ക്ഷേത്രങ്ങൾ, നാലമ്പലം, മണിക്കിണർ, തീർത്ഥക്കുളം എന്നിവയും നിർമ്മിച്ചു. പ്രധാന ശ്രീകോവിലിനും ഉപദേവതാ ക്ഷേത്രങ്ങൾക്കും ചെമ്പു കൊണ്ട് താഴികക്കുടങ്ങൾ സ്ഥാപിച്ചു. അങ്ങാടിപ്പുറത്തെ ഈശ്വരൻ എമ്പ്രാന്തിരിയെ ശാന്തിക്കാരനായും നിശ്ചയിച്ചു.

ടിപ്പു തകർത്ത ക്ഷേത്രം അങ്ങനെ ഉണ്ണീൻ സാഹിബ് പ്രായശ്ചിത്തമായി പുനർനിർമ്മാണം നടത്തി. ക്ഷേത്രത്തിൽ വിഗ്രഹപ്രതിഷ്ഠ നടത്താൻ ഉണ്ണീൻ സാഹിബു തന്നെയാണ് ശിൽപ്പിയെ കണ്ടെത്തിയത്. വേങ്ങരയിലെ ഒരു നരസിംഹ ക്ഷേത്രത്തിൻ്റെ പുനരുദ്ധാരണത്തിന് ശിൽപ്പി വിഗ്രഹം നിർമ്മിച്ചു കൊണ്ടിരിക്കുകയായിരുന്നു. പാതി തീർത്ത ആ വിഗ്രഹത്തോടെ ശിൽപ്പിയെ ഉണ്ണീൻ സാഹിബ് മാലാപറമ്പിലേക്ക് കൊണ്ടുവന്നു. ഈ വിഗ്രഹം പൂർണ്ണത വരുത്തി പ്രതിഷ്ഠിക്കുകയായിരുന്നു. ബംഗ്ലാവിൽ ഇരുന്നാൽ ഉണ്ണീൻ സാഹിബിന് ക്ഷേത്രം കാണാം. ബംഗ്ലാവിൽ ഇരുന്നു കൊണ്ടുള്ള ക്ഷേത്ര ദർശനം ഉണ്ണീൻ സാഹിബിൻ്റെ ജീവിതത്തിൽ വലിയ വഴിത്തിരിവുണ്ടാക്കി. അദ്ദേഹം മത്സ്യ മാംസാദികളും ദുഷ്പ്രവൃത്തികളും ദുഷ്ചിന്തകളും വെടിഞ്ഞു. സി. പ്പി.കേശവ തരകൻ എന്നൊരാളുടെ വീട്ടിൽ ഉണ്ണീൻ സാഹിബ് ഒത്തുകൂടുക പതിവായി. ഒരു തമിഴ് സിദ്ധനും അവിടെ വരാറുണ്ടായിരുന്നു. ഈ ഒത്തുചേരൽ ഒരു സ്ത് സംഗം തന്നെയായിരുന്നു. ഇതിലൂടെ ഉണ്ണീൻ സാഹിബ് ഹിന്ദു സംസ്കാരത്തെ അടുത്തറിഞ്ഞു. ഭക്ഷണം പാകം ചെയ്യാൻ അങ്ങാടിപ്പുറത്തെ നാരായണ അയ്യരേയും തൃശൂരിലെ രാജു അയ്യരേയും നിയമിച്ചു. എസ്റ്റേറ്റിലെ മുസ്ലീം ജോലിക്കാരെ മാറ്റി ഹിന്ദുക്കളെ നിയമിച്ചു.

ഉണ്ണീൻ സാഹിബിൻ്റെ ബംഗ്ലാവ് ക്രമേണ പുരാണ പാരായണവും മന്ത്രധ്വനികളും കൊണ്ടു പരിപാവനമായി. അങ്ങാടിപ്പുറം വൈദ്യനാഥ അയ്യരായിരുന്നു രാമായണ പാരായണം നടത്തിയിരുന്നത്. ഭാഗവത സപ്താഹവും കൂടി നടത്താൻ തുടങ്ങിയതോടെ ഉണ്ണീൻ സാഹിബിൻ്റെ ബംഗ്ലാവ് ബ്രാഹ്മണരുടേയും ഹിന്ദു പണ്ഡിതൻമാരുടേയും കേന്ദ്രമായി. പ്രമുഖനായ ഉണ്ണീൻ സാഹിബിൻ്റെ ഈ മാറ്റം മാപ്പിളമാർക്കു സഹിച്ചില്ല. അവർ അദ്ദേഹത്തെ ഇസ്ലാമിക ചിന്തയിലേക്ക് തിരികെ കൊണ്ടുവരാൻ നടത്തിയ നീക്കങ്ങളൊക്കെ പരാജയ പെട്ടപ്പോൾ അദ്ദേഹത്തിന് ഭ്രാന്താണെന്നു പറഞ്ഞ് വീട്ടുതടങ്കലിൽ വച്ചു. ഇതിനെതിരെ ഉണ്ണീൻ സാഹിബിൻ്റെ സുഹൃത്തായ ടി.എൻ.വല്യുണ്ണി തിരുമുൽപ്പാട് കോടതിയെ സമീപിക്കുകയും അദ്ദേഹത്തെ മോചിപ്പിക്കുക്കുകയും ചെയ്തു. തുടർന്ന് ഉണ്ണീൻ സാഹിബും, അനുജൻ ആലിയാപ്പുവും മക്കളും ഹിന്ദു ധർമ്മം സ്വീകരിച്ചു. കേരളത്തിലെ ആര്യസമാജത്തിൻ്റെ ചുമതല വഹിച്ചിരുന്ന പഞ്ചാബുകാരനായ ബുദ്ധ സിംഗ് ആണ് കാർമ്മികത്വം വഹിച്ചത്. ഉണ്ണീൻ സാഹിബ് രാമസിംഹനെന്നും ആലിപ്പു ദയാസിംഹനെന്നും പേരു സ്വീകരിച്ചു. മക്കളായ മൊയ്തുവിന് ഫത്തേ സിംഗ് , മൊയ്തുട്ടിക്ക് സ്വരാവർ സിംഗ് എന്നീ പേരുകളുമിട്ടു. ആർ.എസ്.എസ്.മലബാർ പ്രചാരക് ശങ്കർ ശാസ്ത്രികളും ശുദ്ധികർമ്മങ്ങൾക്ക് നേതൃത്വം നൽകി. രാമസിംഹൻ്റെ ഹിന്ദു ധർമ്മത്തിലേക്കുള്ള തിരിച്ചു വരവിൻ്റെ ഒരുക്കത്തിൽ അദ്ദേഹത്തിൻ്റെ ഭാര്യ സ്വന്തം വീട്ടിലേക്ക് പോയി. പിന്നീട് കൂടെ വരാൻ സന്നദ്ധത പ്രകടിപ്പിച്ചപ്പോൾ ഞാനിന്ന് രാമനാണ്, സീതയായി കൂടെ വരാമെങ്കിൽ സ്വീകരിക്കാം എന്ന മറുപടിയാണ് അയച്ചത്. ദയാസിംഹൻ വേദം ഗ്രഹിച്ച് ബ്രാഹ്മണനായി. പുഴക്കാട്ടിരി കോട്ടുവാടിയിലെ മംഗലത്ത് നാരായണൻ നമ്പൂതിരിയുടെ മകൾ കമലം അന്തർജ്ജനത്തെയാണ് ദയാസിംഹൻ വേളി കഴിച്ചത്. രാമസിംഹനോട് ഹിന്ദുധർമ്മം സ്വീകരിച്ചത് തെറ്റായി പോയി എന്നു പറഞ്ഞ മുസ്ലീം പണ്ഡിത നോട് രാമസിംഹൻ പറഞ്ഞത് – ‘എനിക്കല്ല തെറ്റുപറ്റിയത്. എൻ്റെ മുത്തശ്ശിക്കാണ്. എൻ്റെ മുത്തശ്ശിയെ മുസ്ലിങ്ങൾ പിടിച്ചു കൊണ്ടു പോയി ബലമായി ഇസ്ലാം മതത്തിൽ ചേർക്കുകയാണുണ്ടായത്. തൻ്റെ മുത്തശ്ശി ഇസ്ലാം മതം സ്വീകരിച്ച തെറ്റ് തിരുത്താൻ വേണ്ടിയാണ് ഞാനിപ്പോൾ ഹിന്ദു ധർമ്മം സ്വീകരിച്ചത് ‘ എന്നായിരുന്നു. മുസ്ലീം വിഭാഗത്തിന് രാമസിംഹൻ അമ്പരപ്പും ഭയവുമായി.

മാപ്പിളമാർ രാമസിംഹൻ്റെ പാത പിന്തുടർന്ന് ഹിന്ദുധർമ്മം സ്വീകരിക്കുമെന്നു ഭയപ്പെട്ടു. ഈ ഭീതി ഒഴിവാകാൻ അവർ രാമസിംഹനെ വധിക്കാൻ തീരുമാനിച്ചു. ഈ സമയത്താണ് ഇരട്ടക്കുഴൽ തോക്ക് അടക്കം ആറ് ലൈസൻസുള്ള തോക്കുകൾ ഗവർമ്മേണ്ടിനെ ഏൽപ്പിച്ചത്. രാമസിംഹൻ നിരായുധനായത് മാപ്പിളമാർ അറിഞ്ഞു. 1947 ആഗസ്ത് രണ്ടിനു രാത്രി മാപ്പിള കൊലയാളികൾ ബംഗ്ലാവിലെത്തി രാമസിംഹൻ, അനുജൻ നരസിംഹൻ നമ്പൂതിരി, പത്നി കമല അന്തർജ്ജനം, പാചകക്കാരൻ രാജു അയ്യർ എന്നിവരെ വെട്ടിക്കൊന്നു. നാണത്ത് കുഞ്ഞലവി, മൊട്ടേങ്ങൽ മൊയ്തുട്ടി അടക്കം ഒമ്പതുപേർ അറസ്റ്റിലായി. ഇവർക്കു വേണ്ടി കേസു നടത്താൻ വൻ ഫണ്ടുശേഖരണമുണ്ടായി. വിചാരണ കോടതി പ്രതികളെ ശിക്ഷിച്ചെങ്കിലും അപ്പീൽ കോടതി വെറുത വിട്ടു. പിന്നീട് ഇവരുടെ മക്കളെ ഇസ്ലാം മതത്തിലേക്ക് തന്നെ ചേർത്തു. രാമസിംഹൻ പുനരുദ്ധരിച്ച ക്ഷേത്രം പിന്നീടു തകർത്തത് 1921 ൽ നടന്ന മാപ്പിള ലഹളക്കാലത്താണ്. വിഗ്രഹങ്ങളെല്ലാം അടിച്ചു തകർത്ത് കിണറ്റിലെറിഞ്ഞു. ക്ഷേത്രമതിൽ തകർത്തു. നാലമ്പലത്തിൻ്റെ മരവും കല്ലും ഓടും എടുത്തു കൊണ്ടുപോയി സമീപത്ത് മുസ്ലീം പള്ളി നിർമ്മിച്ചു. ശ്രീകോവിലിൻ്റെ കരിങ്കല്ലുകൾ കൊണ്ട് തെക്കുഭാഗത്തെ പാറമടയിലേക്ക് വാഹനങ്ങൾ പോകുമ്പോൾ ചക്രങ്ങൾ താഴാതിരിക്കാൻ വിരിച്ചിട്ടു. ക്ഷേത്രത്തിൻ്റെ മുന്നിലൂടെ തെക്കോട്ടു പോകുന്ന ടാറിട്ട റോഡിനടിയിൽ ഇപ്പോഴും ക്ഷേത്രത്തിൻ്റെ കല്ലുകളുണ്ട്.

മാട്ടുമ്മൽ നരസിംഹ ക്ഷേത്രം

രാമസിംഹൻ്റെ കൊലപാതകവും മാപ്പിള ലഹളക്കാലത്തെ ക്രൂരതയും ഭയന്ന് ഹിന്ദുക്കളാരും 1990 വരെ ക്ഷേത്രഭൂമിയിലേക്ക് തിരിഞ്ഞു നോക്കിയില്ല. ക്ഷേത്രഭൂമി കാടുകയറിക്കിടന്നു. വടക്കുഭാഗത്തെ മതിൽ തകർക്കാതിരുന്നത് പിൽക്കാലത്ത് മാപ്പിളമാർക്ക് അനുഗ്രഹമായി. ക്ഷേത്രഭൂമിയിൽ എന്തു നടക്കുന്നുവെന്ന് ആരും അറിഞ്ഞില്ല. ക്ഷേത്രഭൂമി അനാശാസ്യക്കാരുടെ കേന്ദ്രമായി. ചിലർ പാവക്ക കൃഷി നടത്തി. 1990 ന് ശേഷമാണ് മൂന്നാമത്തെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് കളമൊരുങ്ങിയത്. കാടുവെട്ടിത്തെളിയിച്ച് പൂജ തുടങ്ങാൻ ഭക്തജനങ്ങൾ ആഗ്രഹിച്ചു. പക്ഷെ, മാപ്പിളമാരെ ഭയന്ന് ആഗ്രഹം ഉള്ളിലൊതുക്കി. ക്ഷേത്രക്കുളമടക്കം ഒന്നേകാൽ ഏക്കറാണ് ക്ഷേത്രത്തിനായി ഒടുവിൽ ഉണ്ടായിരുന്നത്. 1992 ആഗസ്റ്റ് രണ്ടിന് വിശ്വഹിന്ദു പരിഷത്ത് മലപ്പുറം ജില്ലാ ഓർഗനൈസർ പി.രാധാകൃഷ്ണൻ, വിശ്വഹിന്ദു പരിഷത്ത് പ്രഖണ്ഡ് പ്രമുഖ് മണികണ്ഠൻ, ആർ.എസ്.എസ്. പ്രവർത്തകൻ എം.ഗോപാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ ഒരു സംഘം ഹിന്ദുക്കൾ ക്ഷേത്ര പുനരുദ്ധാരണം നടത്തുമെന്നു പ്രഖ്യാപിച്ചു ക്ഷേത്ര ഭൂമിയിലേക്ക് നീങ്ങി. വൈദ്യർ സ്വാമി എന്നറിയപ്പെടുന്ന കടുങ്ങത്തെ ഗോവിന്ദനെഴുത്തച്ഛനും വെമ്പാലശ്ശേരി രാധാകൃഷ്ണനുമാണ് ആദ്യം ക്ഷേത്രഭൂമിയിൽ കടന്നത്. രാധാകൃഷ്ണൻ കാട് വെട്ടിത്തെളിയിച്ച വഴിയിലൂടെ ഗോവിന്ദനെനെഴുത്തച്ഛൻ ശ്രീകോവിൽ തറയിലേക്ക് കയറി. അവിടെ കണ്ട കരിങ്കല്ലിൽ മാല ചാർത്തി വിളക്കു വെച്ച് ആദ്യ പൂജ നടത്തി. ഒമ്പതു മണിയോടെ പോലീസു വന്ന് ഇരുവരേയും അറസ്റ്റ് ചെയ്തു. പതിനഞ്ചു പേർക്കെതിരെയായിരുന്നു കേസ്. സാമുദായിക സംഘർഷമുണ്ടാക്കാൻ ശ്രമിച്ചുവെന്നായിരുന്നു കേസ്. ആഴ്ചയിൽ ഒരു ദിവസം സ്റ്റേഷനിൽ വന്ന് ഒപ്പിടണമെന്ന വ്യവസ്ഥയോടെയാണ് വിട്ടയച്ചത്.

അതിൽപ്പിന്നെ ക്ഷേത്രഭൂമി വിട്ടുകിട്ടണമെന്നും ആരാധനാ സ്വാതന്ത്ര്യം വേണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകൻ സുരേഷ് ലാൽ മുഖേന വിശ്വഹിന്ദു പരിഷത്ത് മലപ്പുറം ജില്ലാ കമ്മിറ്റി പെരിന്തൽമണ്ണ ആർ.ഡി.ഒ.ക്ക് ഹർജി സമർപ്പിച്ചു. 2003 ൽ വി.കെ.ബാലചപ്രൻ രക്ഷാധികാരിയും സി.പി.ജനാർദ്ദനൻ ചെയർമാനുമായി മാലാപറമ്പ് നരസിംഹമൂർത്തി ചാരിറ്റബിൾ ട്രസ്റ്റ് റജിസ്റ്റർ ചെയ്തു. പി.ഗോപാലൻ, പരത്തേക്കാട്ട് കുട്ടികൃഷ്ണൻ, കെ.പി.വാസു മാസ്റ്റർ, കൊളത്തൂർ പി.രാധാകൃഷ്ണൻ എന്നിവരായിരുന്നു ട്രസ്റ്റിലെ മറ്റ് അംഗങ്ങൾ. ദയാ സിംഹൻ എന്ന പേരു സ്വീകരിച്ച് ബ്രാഹ്മണനായിത്തീർന്ന ആലിപ്പുവിൻ്റെ വീട്ടുകാരാണ് തർക്ക മുന്നയിച്ച് എതിർ ചേരിയിലുണ്ടായിരുന്നത്. ഇതേ അവകാശവാദ മുന്നയിച്ച് പെരിന്തൽമണ്ണ സിവിൽ കോടതിയിലും കേസു നടന്നു. 2005 ൽ കേസിൽ എക്സ് പാർട്ടി വിധിയായി 2006 ആഗസ്റ്റ് 8 ന് ക്ഷേത്രഭൂമി ട്രസ്റ്റിനു വിട്ടുകിട്ടി. തുടർന്നു നടത്തിയ പുനരുദ്ധാരണ പ്രക്രിയയിൽ നരസിംഹ വിഗ്രഹം ആറ് കഷണങ്ങളായി കിട്ടി. 2006 ഒക്ടോബർ 30 ന് മഹാഗണപതി ഹോമത്തോടെ ക്ഷേത്ര പുനരുദ്ധാരണ പ്രവർത്തനങ്ങൾ തുടങ്ങി. ശ്രീകോവിൽ നിർമ്മിക്കാനുള്ള ധനം ഭക്തജനങ്ങളിൽ നിന്നും സമാഹരിച്ചു. ഇന്ത്യയിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമാക്കി ഉയർത്താനാണ് ട്രസ്റ്റിൻ്റെ ആഗ്രഹം. മിഥുനത്തിൽ ചോതിയിലാണ് പ്രതിഷ്ഠാദിനം.

Leave a Comment