105: പോത്തനൂർ അന്തിമഹാകാള ക്ഷേത്രം
April 25, 2023107: ഉരിയരി തേവർ ക്ഷേത്രം
April 28, 2023തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 106
തകർന്നു പോയ ബലിക്കൽ പുരയുടെ പുനർനിർമ്മാണ പ്രക്രിയ നടക്കുമ്പോഴാണ് ഞാൻ ആ ക്ഷേത്ര ഭൂമിയിലെത്തിയത്. ഒരു കാലഘട്ടത്തിൽ നടന്ന തകർക്കലിൻ്റെ അവശേഷിപ്പുകളോടെയുള്ള കുറുങ്ങാട്ട് തൃക്കോവിൽ മഹാവിഷ്ണു ക്ഷേത്രമാണിത്. മലപ്പുറം ജില്ലയിൽ പൊന്നാനിക്കടുത്തുള്ള കാലടി പഞ്ചായത്തിലെ പോത്തന്നൂർ വില്ലേജിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കാലടി പഞ്ചായത്ത് പതിനഞ്ചാം വാർഡിലുള്ള കുറുങ്ങാട്ട് തൃക്കോവിൽ വിഷ്ണു ക്ഷേത്രം കുറുങ്ങാട്ട് മനയുടെ ഊരായ്മയിലുള്ളതാണ്. പടിഞ്ഞാട്ട് ദർശനമായുള്ള ക്ഷേത്രത്തിന് രണ്ടായിരത്തോളം വർഷത്തെ പഴക്കമാണുള്ളത്. ഗണപതിയും അയ്യപ്പനുമാണ് ഉപപ്രതിഷ്ഠകൾ. പൂർവ്വിക കാലത്ത് വളരെ നല്ല നിലയിലായിരുന്ന ഈ ക്ഷേത്രം നൂറ്റാണ്ടുകൾക്ക് മുമ്പ് അക്രമത്തിനിരയായെന്ന് ഊരാളൻ കുറുങ്ങാട്ട് നാരായണൻ നമ്പൂതിരി പറഞ്ഞു. ആരാണ് തകർത്തതെന്നോ തകർക്കലിൻ്റെ കൃത്യമായ കാലം ഏതാണെന്നോ വ്യക്തമല്ല.
ടിപ്പുവിൻ്റെ പടയോട്ടക്കാലത്താണ് ക്ഷേത്രം തകർത്തത് എന്നു വിശ്വസിക്കുന്നവരും കുറവല്ല. വട്ട ശ്രീകോവിലോടെയുള്ള ക്ഷേത്രത്തിൻ്റെ ശ്രീകോവിലിനു മുൻഭാഗത്തുള്ള ദ്വാരപാലകരുടെ ശിൽപ്പങ്ങൾ തകർന്നിട്ടില്ല. ശ്രീ കോവിലിൻ്റെ മേൽക്കൂര ,ചുറ്റമ്പലം , നമസ്കാര മണ്ഡപം എന്നിവയെല്ലാം തകർന്നിരുന്നു. വിഗ്രഹം മൂന്ന് കഷണങ്ങളായിട്ടാണ് കിടന്നിരുന്നത്. എ.ഡി. 2010 വരെ ഈ ക്ഷേത്രം കാട് മൂടി കിടക്കുകയായിരുന്നു. കുറുങ്ങാട്ട് മനക്കാർ വിളക്കു വെപ്പ് മുടങ്ങാതെ ചെയ്തു. തകർന്ന നിലയിൽ കിടന്നിരുന്ന ക്ഷേത്രം ഇടക്കാലത്ത് ചെറിയ രീതിയിൽ പുനരുദ്ധാരണം ചെയ്തതായിട്ടാണ് മനസ്സിലായത്. വട്ട ശ്രീകോവിലിൻ്റെ തറ പോലെ മേൽക്കൂരയും വൃത്തത്തിൽ തന്നെയാണ് വേണ്ടത്. എന്നാൽ അഷ്ടകോണിൽ മേൽക്കൂര നിർമ്മിച്ചതായി കാണുന്നു. ശ്രീകോവിലിൻ്റെ ഭിത്തി ഏതു നിമിഷവും തകർന്നു വീഴാവുന്ന അവസ്ഥയിലാണ് ഇപ്പോഴുള്ളത്. ശ്രീ കോവിലിൻ്റെ വാതിൽ പുനർ നിർമ്മിച്ചിട്ടില്ല. മൂന്നു കഷണമാക്കിയ വിഗ്രഹം ഒന്നിനു മീതെ ഒന്നായി വച്ച് പൂജിച്ചു വരികയായിരുന്നു. ഒരു ദിവസം ഈ വിഗ്രഹവും അപ്രത്യക്ഷമായി. ശ്രീ കോവിലിൽ ഇപ്പോൾ പീഠം മാത്രമെയുള്ളു.
ക്ഷേത്ര പുനരുദ്ധാരണ പ്രക്രിയ തുടങ്ങിയത് 2010 ലാണ്. അതനുസരിച്ച് ചുറ്റമ്പലം നിർമ്മിച്ചിട്ടുണ്ട്. ബലിക്കൽ പുര, അയ്യപ്പക്ഷേത്രം എന്നിവയും പുനർനിർമ്മിച്ചു. വിഷ്ണു ക്ഷേത്രമാണെങ്കിലും ഉഗ്ര നരസിംഹഭാവമാണ്. പടിഞ്ഞാറു ഭാഗത്ത് ക്ഷേത്രക്കുളമുണ്ടായിരുന്നെങ്കിലും അന്യാധീനപ്പെട്ടു. ക്ഷേത്രവളപ്പിൽ വടക്കുഭാഗത്ത് ഉപയോഗ ശൂന്യമായ ക്ഷേത്രക്കുളമുണ്ട്. കുറുങ്ങാട്ട് നാരായണൻ നമ്പൂതിരി പ്രസിഡന്റും, എം.കൃഷ്ണൻ സെക്രട്ടറിയും, സി.വി.സുരേന്ദ്രൻ ഖജാഞ്ചിയുമായി 11 അംഗ പുനരുദ്ധാരണ കമ്മിറ്റിയാണ് നിലവിലുള്ളത്. പുനരുദ്ധാരണ കമ്മിറ്റി കുറേശ്ശെ ആയി ക്ഷേത്ര പുനരുദ്ധാരണം നടത്തി വരുന്നു. ശ്രീകോവിൽ, നമസ്കാര മണ്ഡപം എന്നിവയാണ് ഇനി പുനരുദ്ധരിക്കാനുള്ളത്. വലിയ ചിലവു വരുമെന്നതിനാൽ ആരുടെയെങ്കിലും സഹായത്തോടെ പുനരുദ്ധാരണം ചെയ്യാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കമ്മിറ്റിക്കാർ. ക്ഷേത്രവളപ്പിൽ നക്ഷത്ര വനം നിർമ്മിച്ചു കൊണ്ട് വിശ്വാസത്തിലൂന്നി പരിസ്ഥിതിയുടെ കാര്യത്തിലും പുനരുദ്ധാരണ കമ്മിറ്റി പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.