33: കുറുശ്ശിയിൽ ഭഗവതി ക്ഷേത്രം

34: തിണ്ടലം ശിവക്ഷേത്രം
July 7, 2023
32: വടക്കുമ്പ്രം യക്ഷേശ്വര ക്ഷേത്രം
July 7, 2023

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 33

1992 ഡിസംബർ 6 മലപ്പുറം ജില്ലയെ സംബന്ധിച്ചിടത്തോളം മാസങ്ങളോളം നിലനിന്നിരുന്ന ഭീതിയുടെ ദിനങ്ങളുടെ തുടക്കം അന്നായിരുന്നു. അയോദ്ധ്യയിലെ രാമജന്മഭൂമിയിൽ തർക്കത്തിലുള്ള കെട്ടിടം പൊളിച്ചുനീക്കിയത് അന്നായിരുന്നു. 1921 ൽ നടന്ന മാപ്പിള ലഹളക്ക് ശേഷം തീവ്ര മുസ്ലീം മത മൗലികവാദികൾ ഹിന്ദു സംഘടനകൾക്കെതിരെ ആയുധമെടുത്ത ദിവസങ്ങൾ. ജില്ലയുടെ പല ഭാഗങ്ങളിലും ഹിന്ദുക്കൾക്കും ശബരിമല തീർത്ഥാടകർക്കും നേരെ അക്രമം ഉണ്ടായി. ജില്ലയിൽ ഏറ്റവും കൂടുതൽ നാശനഷ്ടങ്ങളുണ്ടായത് താനൂരിലാണ്. നിരവധി ഹിന്ദു ഭവനങ്ങൾ ചുട്ടെരിക്കപ്പെട്ടു. വലിയൊരു വർഗ്ഗീയ ലഹള പൊട്ടിപ്പുറപ്പെടുന്നതിലേക്ക് കാര്യങ്ങൾ നീങ്ങിയതോടെ ലഹളയുണ്ടായാൽ അടിച്ചൊതുക്കാൻ പട്ടാളമിറങ്ങി. മലബാർ കലാപകാലത്തിനു ശേഷം സമാധാനം പുന:സ്ഥാപിക്കാൻ പട്ടാളമിറങ്ങിയത് 1992 ഡിസംബറിലാണ്. താനൂരിൽ പട്ടാളം മാർച്ചു നടത്തി. പട്ടാളം ഇറങ്ങിയതോടെ അക്രമസംഭവങ്ങൾ കുറേശ്ശെ കെട്ടടങ്ങിയെങ്കിലും ജില്ലയുടെ ഉൾപ്രദേശങ്ങൾ കലാപകലുഷിതമായിത്തന്നെ നിലനിന്നു. ഹിന്ദുക്കൾക്ക് തൊഴിൽ നിഷേധിച്ച ഒട്ടേറെ സംഭവങ്ങളുണ്ടായി. അഞ്ച് ഹിന്ദുക്കളും രണ്ട് മുസ്ലീങ്ങളും വെട്ടേറ്റു മരിച്ചു. പതിയിരുന്നുള്ള അക്രമങ്ങളിലാണ് ഈ കൊലപാതകങ്ങളുണ്ടായത്. പെരണ്ടക്കൽ ഭഗവതി ക്ഷേത്രം ബോംബുവെച്ച് തകർത്തു. വേറേ ചില ക്ഷേത്രങ്ങൾക്കു നേരെയും അക്രമമുണ്ടായി. മാപ്പിള ലഹളക്കാലത്തേതു പോലെ എല്ലാ മുസ്ലീങ്ങളും അക്രമങ്ങളെ പ്രോൽസാഹിപ്പിക്കുകയോ അതിൽ പങ്കെടുക്കുകയോ ചെയ്തിരുന്നില്ല.

മലപ്പുറം ജില്ലയിൽ എടയൂർ ഗ്രാമപഞ്ചായത്തിൽ കരേക്കാട് തപാൽ പരിധിയിലുള്ള കുറുശ്ശിയിൽ ഭഗവതി ക്ഷേത്രത്തിൽ മൂന്നാമത് നടന്ന അക്രമം 1992 ഡിസംബറിലാണ് ഉണ്ടായത്. മുസ്ലീം വിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന ക്ഷേത്ര പരിസരത്ത് ഹിന്ദു വീടുകളുമില്ല. കുറെ ദൂരെ ചിതറിക്കിടക്കുന്ന നാൽപ്പത് ഹിന്ദു ഭവനങ്ങളേയുള്ളു. ക്ഷേത്രത്തിൽ ആകസ്മികമായി വല്ലതും സംഭവിച്ചാൽ തൽസമയം ഓടിയെത്താവുന്ന അകലത്തിനുമപ്പുറമാണ് ഹിന്ദു വീടുകൾ സ്ഥിതി ചെയ്യുന്നത്. ഡിസംബറിലെ സംഘർഷം മുറുകിയ ഒരു ദിവസം ഒരു സംഘം മാപ്പിളമാർ കുറുശ്ശിയിൽ ഭഗവതി ക്ഷേത്രത്തിലേക്ക് ഇരച്ചുകയറി. അവർ വാതിൽ തകർത്ത് ശ്രീകോവിലിനുള്ളിൽ കയറി വിഗ്രഹം അടിച്ചു തകർത്തു. പാദ ഭാഗത്തിനു നേർക്ക് കിട്ടിയ കനത്ത അടിയിൽ പാദം വേർപെട്ട് വിഗ്രഹം മറിഞ്ഞു വീണു. ബിംബ ഹാനി വരുത്തിയ ശേഷമാണ് അക്രമികൾ തിരിച്ചു പോയത്. തങ്ങൾ നിത്യവും വിളക്കുവെച്ച് ആരാധിക്കുന്ന ഗ്രാമ ക്ഷേത്രത്തിനു നേരെ ഉണ്ടായ അക്രമം ഭക്തജനങ്ങൾ വൈകിയാണ് അറിഞ്ഞത്. മാപ്പിളമാർ ക്ഷേത്രത്തിൽ പ്രവേശിക്കുമെന്നും വിഗ്രഹം തകർക്കുമെന്നും ഭക്തജനങ്ങൾ സ്വപ്നേപി കരുതിയതല്ല. അക്രമത്തിൻ്റെ ക്രൂരത കണ്ട് നെഞ്ചുനീറി കരയാനേ അവർക്കായുള്ളു.

ക്ഷേത്രത്തിൽ കണ്ടെത്തിയ തകർക്കപ്പെട്ട വിഗ്രഹാവശിഷ്ടങ്ങൾ

സംഭവത്തിൽ വളാഞ്ചേരി പോലീസ് കേസു റജിസ്റ്റർ ചെയ്തെങ്കിലും അക്രമികളെ തിരിച്ചറിയാൻ കഴിയാത്തതിനാൽ അന്വേഷണം മരവിപ്പിച്ചു. തകർത്ത വിഗ്രഹത്തിലാണ് ഇപ്പോഴും പൂജ ചെയ്യുന്നത്. 1986 ലാണ് ഇതേ ക്ഷേത്രത്തിൽ മറ്റൊരു ധ്വംസനം നടന്നത്. ക്ഷേത്രത്തിലെ താഴികക്കുടം പഞ്ചലോഹ നിർമ്മിതമാണെന്നു കരുതി മോഷ്ടിച്ചു. ഇതിനെതിരെ ക്ഷേത്രസമിതി ഭാരവാഹികൾ വളാഞ്ചേരി പോലീസിൽ പരാതിപ്പെട്ടു. അന്നത്തെ ഇൻസ്പെക്ടർ കാര്യമായിത്തന്നെ അന്വേഷണവും നടത്തി. മോഷ്ടിച്ച താഴികക്കുടം പഞ്ചലോഹത്തിൽ നിർമ്മിച്ചതല്ലെന്നും വൈകാതെ തങ്ങൾ പോലീസിൻ്റെ പിടിയിലാവുമെന്നും മനസ്സിലാക്കിയ പ്രതികൾ ക്ഷേത്രത്തിനു സമീപത്തെ ഒരു പറമ്പിൽ താഴികക്കുടം ഉപേക്ഷിക്കുകയാണ് ചെയ്തത്. മോഷണം നടന്ന് ഒരു മാസത്തിനു ശേഷമായിരുന്നു ഇപ്രകാരം താഴികക്കുടം ഉപേക്ഷിച്ചത്. ടിപ്പുവിൻ്റെ പടയോട്ടക്കാലത്താണ് ക്ഷേത്രത്തിനു നേരെ ആദ്യത്തെ അക്രമം ഉണ്ടായതെന്ന് ഭക്തജനങ്ങൾ തലമുറകൾ കൈമാറിയ നാട്ടറിവിൽ പറയുന്നു. അക്കാലത്ത് വിവിധ ക്ഷേത്രങ്ങളിൽ ടിപ്പുവിൻ്റെ സൈന്യം നടത്തിയ അക്രമത്തിൻ്റെ സ്വഭാവങ്ങൾ ക്ഷേത്രത്തിൽ ഇപ്പോഴുമുണ്ട്. ദ്വാരപാലകരുടെ കൈകൾ വെട്ടിമാറ്റിയ നിലയിലാണ് ഇപ്പോഴുമുള്ളത്. ക്ഷേത്രത്തിൻ്റെ ചുറ്റമ്പലവും അക്കാലത്ത് തകർക്കപ്പെട്ടു. മുൻവശത്തുള്ള ബലിക്കല്ലിനും നാശം വരുത്തി. തകർക്കപ്പെടലിൻ്റെ അവശിഷ്ടങ്ങൾ ഇപ്പോഴും ക്ഷേത്രവളപ്പിൽ കാണാം. ഒരു വിഗ്രഹത്തിൻ്റെ പാദ ഭാഗം ക്ഷേത്രത്തിൻ്റെ പിറകുവശത്ത് കാണപ്പെട്ടതിൽ നിന്നും മൈസൂർ സൈന്യത്തിൻ്റെ അക്രമത്തിൽ വിഗ്രഹം തകർത്തിരുന്നുവെന്നും അതിനു ശേഷം ബിംബം പുതിയതായി പ്രതിഷ്ഠിച്ചുവെന്നും കരുതാവുന്നതാണ്.

ആദ്യ അക്രമത്തിൽ തകർത്ത വിഗ്രഹത്തിൻ്റെ പാദ ഭാഗമായിരിക്കാം ഇതെന്നു കരുതേണ്ടിയിരിക്കുന്നു. എന്നാൽ പുനരുദ്ധാരണം നടത്തിയതിനെക്കുറിച്ച് രേഖയോ കേട്ടുകേൾവിയോ ഇല്ല. കുംഭമാസത്തിലെ അശ്വതി നക്ഷത്രം പ്രതിഷ്ഠാദിനമായി കൊണ്ടാടുന്നതിൽ നിന്നും ഒരു നവീകരണ പ്രക്രിയ മുമ്പു നടന്നിരുന്നതായി വിശ്വസിക്കാവുന്നതാണ്. കരിങ്കൽ തറയും ചെങ്കൽ ഭിത്തിയുമാണ് ശ്രീകോവിലിനുള്ളത്. ശാന്തസ്വരൂപിണിയായ ദുർഗ്ഗയാണ് പ്രതിഷ്ഠ. എടയൂർ വില്ലേജിൽ റീ.സ.45 ൽ 3 ൽ ഒന്നര ഏക്കർ വിസ്തൃതിയാണ് ക്ഷേത്രഭൂമിക്കുള്ളത്. പടിഞ്ഞാട്ട് ദർശനമുള്ള ക്ഷേത്രത്തിൻ്റെ മുൻവശത്തു നിന്നും പടിഞ്ഞാട്ടു നോക്കിയാൽ വലിയൊരു മലയും രക്തവർണ്ണമുള്ള ചെങ്കൽ ക്വാറിയും വ്യക്തമായി കാണാം. അയ്യപ്പൻകോട്ട മല എന്ന പേരിലാണ് ഈ മല അറിയപ്പെടുന്നത്. ഈ മലയിൽ പുരാതനമായ ഒരു അയ്യപ്പക്ഷേത്രം ഉണ്ടായിരുന്നതിനാലാണ് അയ്യപ്പൻ കോട്ടമല എന്ന പേരിന്നാധാരം. കുറുശ്ശിയിൽ ഭഗവതി ക്ഷേത്രവും അയ്യപ്പൻ കോട്ടമലയും തമ്മിൽ രണ്ടര കിലോമീറ്റർ അകലമുണ്ട്. കിഴക്കോട്ട് ദർശനമായാണ് അയ്യപ്പക്ഷേത്രം ഉണ്ടായിരുന്നത്. ഭഗവതി ആനപ്പുറത്തേറി അയ്യപ്പൻ കോട്ടയിൽ പതിവായി പോയിരുന്നതായ ഒരു വിശ്വാസമുണ്ട്.

ക്ഷേത്രത്തിൻ്റെ ചുറ്റമ്പലം തകർന്ന നിലയിൽ

ദേവിയുടെ സഞ്ചാരമാർഗ്ഗത്തിൽ വീടുകളോ മറ്റോ നിർമ്മിച്ചിരുന്നില്ല. അച്ചിയിലെ പുതുമന മഠത്തിലെ ശംഭു എമ്പ്രാന്തിരി അയ്യപ്പൻകോട്ട മല തോൽ പറമ്പായി മുസ്ലീം മതക്കാരനായ ചേനാടൻ ചുങ്കൻ മമ്മുട്ടിക്ക് കൊടുത്തതോടെ അയ്യപ്പക്ഷേത്രത്തിൻ്റെ നാശത്തിനു തുടക്കമായി. ഇയാൾ പിൽക്കാലത്ത് അയ്യപ്പൻ കോട്ടമലയ്ക്ക് പട്ടയം വാങ്ങി. ക്ഷേത്രം നാമാവശേഷമാക്കിക്കൊണ്ട് ചെങ്കൽ ക്വാറി തുടങ്ങുകയും ചെയ്തു. അയ്യപ്പൻകോട്ട മലയിൽ ക്ഷേത്രാവശിഷ്ടങ്ങൾ ഇപ്പോഴും ഉണ്ടാവാമെന്നാണ് ഭക്തജനങ്ങൾ വിശ്വസിക്കുന്നത്. അവിടെ പോകാൻ പോലും ഭക്തർക്ക് ഭയമാണ്. കോട്ടക്കൽ കോവിലകത്തിൻ്റെ ഉടമസ്ഥതയിലാണ് കുറുശ്ശിയിൽ ഭഗവതി ക്ഷേത്രം. ഇതിനു ചുറ്റുഭാഗവുമുള്ള പറമ്പും വയലുകളും കോവിലകം വകയായിരുന്നു. ഭൂപരിഷ്കരണ നിയമം വന്നതോടെ ഭൂമികളെല്ലാം കൂടിയാൻമാർക്ക് പട്ടയം ചാർത്തിക്കിട്ടി. ക്ഷേത്രം മാത്രം ഒറ്റപ്പെട്ടു. വയൽക്കരയിൽ ഈ ക്ഷേത്ര നിർമ്മാണം നടന്നത് ആയിരം വർഷം മുമ്പാണെന്നാണ് കരുതുന്നത്. കാർഷികവൃത്തിയുമായി ഒരു ബന്ധം ഈ ക്ഷേത്രത്തിനുള്ളതായി കരുതുന്നു. ക്ഷേത്രത്തിൻ്റെ വടക്കുപടിഞ്ഞാറേ കോണിലായാണ് ക്ഷേത്രക്കുളം. ഒരു സ്വകാര്യ വ്യക്തി കുളത്തിൻമേൽ അവകാശവാദ മുന്നയിച്ചിരുന്നു. ദീർഘകാലം കേസുകൂടിയ ശേഷം കുളം ക്ഷേത്രത്തിനു തന്നെ തിരികെ ലഭിച്ചു.

കുളവാഴയും പായലും മൂടിക്കിടക്കുന്ന കുളം സംരക്ഷിക്കപ്പെട്ട നിലയിലല്ല ഇപ്പോഴുള്ളത്. ക്ഷേത്രത്തിൻ്റെ ചുറ്റുമതിൽ തകർന്നു കിടക്കുകയാണ്. കുറുശ്ശിയിൽ ഭഗവതി ക്ഷേത്ര സംരക്ഷണ സമിതി എന്ന പേരിൽ രൂപീകരിച്ച കമ്മിറ്റിയാണ് ക്ഷേത്രഭരണം നടത്തുന്നത്. ക്ഷേത്രത്തിലേക്ക് പ്രവേശിക്കാൻ ഒരു വഴിപോലുമില്ല. വയലുകളുടെ ഇടയിലുള്ള വരമ്പിലൂടെയാണ് ഭക്തജനങ്ങൾ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നത്. കോട്ടക്കൽ കോവിലകത്തു നിന്നും ലഭിക്കുന്ന തുച്ഛമായ വരുമാനം മാത്രമേയുള്ളു. ക്ഷേത്രം നവീകരിക്കണമെന്ന ആഗ്രഹമുണ്ടെങ്കിലും സാമ്പത്തികമായി സഹായിക്കാൻ ആരുമില്ലാത്തതിനാൽ പുനരുദ്ധാരണമെന്ന ആശയം എന്നു സാക്ഷാൽക്കരിക്കാനാവുമെന്ന് പറയാനാവാത്ത അവസ്ഥയാണ്. അയ്യപ്പൻകോട്ട മലയിലെ അയ്യപ്പനെ ആവാഹിച്ച് ക്ഷേത്രത്തിൽ ഉപപ്രതിഷ്ഠ നടത്താൻ ഒരു മണ്ഡപം നിർമ്മിച്ചത് കാട് മൂടി കിടക്കുകയാണ്. അതിനുള്ള സാമ്പത്തിക ഭദ്രത പോലും ക്ഷേത്രത്തിനില്ല.

Leave a Comment