144: കുപ്പാടിത്തറ കുണ്ടിയാർണക്കുന്ന് മഹാവിഷ്ണു ക്ഷേത്രം

143: മാത്തൂർ ലക്ഷ്മീ നരസിംഹ ക്ഷേത്രം
June 1, 2023
145: ആര്യാംബിക ദേവി ക്ഷേത്രം
June 3, 2023

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 144

മണ്ണിനോടും പണത്തിനോടും ആർത്തിയുള്ള മനുഷ്യന് ക്ഷേത്രഭൂമിയും മനുഷ്യവാസ ഭൂമിയും വേർതിരിച്ചറിയാനാവില്ല. പ്രതികരിക്കാനാളില്ലെങ്കിൽ ക്ഷേത്രഭൂമി കയ്യടക്കും. കൈക്കൂലിക്ക് വേണ്ടി കണ്ണും നട്ടിരിക്കുന്ന ഉദ്യോഗസ്ഥരുണ്ടെങ്കിൽ മോഹ സാഫല്യം അനായാസം. ക്ഷേത്രഭൂമിയാണെന്ന് മറച്ചുവെച്ച് ക്ഷേത്രഭൂമിക്ക് പുതിയൊരു പേരുമിട്ട് പട്ടയം വാങ്ങാം. ആ പട്ടയം അടിസ്ഥാന രേഖയാക്കി ക്ഷേത്രഭൂമി പൊന്നും വിലയ്ക്ക് മറിച്ചുവിൽക്കാം. അങ്ങനെ എത്രയോ ക്ഷേത്രഭൂമികൾ നമുക്കു നഷ്ടപ്പെട്ടു. ദുർലഭം ചില ക്ഷേത്ര ഭൂമികൾ വിവിധ മാർഗ്ഗങ്ങളിലൂടെ വീണ്ടെടുക്കാനും നമുക്കു സാധിച്ചിട്ടുണ്ട്. അന്യാധീനപ്പെട്ടു പോകാതെ വീണ്ടെടുപ്പിൻ്റെ ചരിത്രമുള്ള ഒരു ക്ഷേത്രമാണ് കുപ്പാടിത്തറയുണ്ടിയാർണക്കുന്ന് മഹാവിഷ്ണു ക്ഷേത്രം.

ചേർത്തുവെച്ച വിഷ്ണു വിഗ്രഹം

വയനാട് ജില്ലയിൽ പടിഞ്ഞാറത്തറ പഞ്ചായത്തിലെ മുണ്ടക്കുറ്റി തപാൽ പരിധിയിലാണ് കുപ്പാടിത്തറ കുണ്ടിയാർണക്കുന്ന് മഹാവിഷ്ണു ക്ഷേത്രഭൂമി സ്ഥിതി ചെയ്യുന്നത്. ടിപ്പുവിൻ്റെ പടയോട്ടക്കാലത്ത് തകർക്കപ്പെട്ട ഒരു ക്ഷേത്രമാണിത്. തകർത്തെറിഞ്ഞ ക്ഷേത്രാവശിഷ്ടങ്ങൾ ക്ഷേത്രഭൂമിയിൽ കൂട്ടിയിട്ടിരിക്കുന്നു. 50 സെൻ്റ് വിസ്തൃതിയുള്ള ക്ഷേത്രഭൂമിയടക്കം പ്രദേശത്തെ ഭൂമികളത്രയും ഒരു മനയുടെ വക ഭൂസ്വത്തുക്കളായിരുന്നു. പടയോട്ടക്കാലത്ത് മനയിലുള്ളവർ സർവ്വതും ഉപേക്ഷിച്ച് പലായനം ചെയ്തു. തുടർന്ന് പ്രസ്തുത ഭൂസ്വത്തുക്കളെല്ലാം നെല്ലിയോടൻ മാധവൻ നായരുടെ ഉടമസ്ഥതയിലായി.

പിൽക്കാലത്ത് ക്ഷേത്ര ഭൂമി ഒഴികെയുള്ള ഭൂമികളത്രയും കൈമാറ്റങ്ങൾ വഴി സ്വകാര്യ വ്യക്തികളുടെ കയ്യിലായി. ക്ഷേത്രഭൂമി ആയതു കൊണ്ടാവാം ഇത് വിൽപ്പന നടത്താൻ സാധിച്ചില്ല. തുടർന്ന് 1977 ൽ കൽപ്പറ്റ ലാൻ്റ് ട്രൈബ്യൂണലിൽ നിന്നും മാധവൻ നായർ പട്ടയം സമ്പാദിച്ചു. 1500 ലേറെ വർഷം പഴക്കമുള്ള ഒരു ക്ഷേത്രം ഉണ്ടായിരുന്നിട്ടു കൂടി പട്ടയത്തിൽ ഇത് ക്ഷേത്ര ഭൂമിയാണെന്നു രേഖപ്പെടുത്തിയിട്ടില്ല. പ്രസ്തുത പട്ടയം എനിക്ക് പരിശോധിക്കാൻ സാധിച്ചു. “കരഭൂമി” എന്നാണ് പട്ടയത്തിൽ ഭൂമിയെകുറിച്ചുള്ള വിവരണം.

മനുഷ്യഗന്ധമേൽക്കാതെ കാട് മൂടി കിടക്കുകയായിരുന്നു ക്ഷേത്രഭൂമി. അതിനകത്ത് തകർക്കപ്പെട്ട ക്ഷേത്ര മുണ്ടെന്ന് അറിയാമായിരുന്നവർ വളരെ വിരളമായിരുന്നു. പട്ടയം ലഭിച്ച ശേഷം കുറച്ചു കാലം അങ്ങനെത്തന്നെ കിടന്നു. അതിൽപ്പിന്നെ കുണ്ടിയാർണക്കുന്ന് മഹാവിഷ്ണു ക്ഷേത്രഭൂമി മുസ്ലീംങ്ങൾക്ക് വിൽക്കാൻ മാധവൻ നായർ തീരുമാനിച്ചതായ ഒരു വിവരം പ്രചരിച്ചു. ഈ വൃത്താന്തം കേട്ട് മാങ്ങാട്ടുമ്മൽ തിരുവോടൻ ഗംഗാധരൻ നായരുടെ നെഞ്ചുനീറിപ്പിടഞ്ഞു. രേഖ പ്രകാരം മാധവൻ നായർ പട്ടയം സമ്പാദിച്ച് നികുതിയടച്ച് കയ് വശം വെക്കുന്ന സ്വകാര്യ ഭൂമിയാണത്. ഈ ക്ഷേത്രഭൂമി അന്യമതസ്ഥരുടെ കയ്യിൽ പെടാതിരിക്കാൻ എന്തു ചെയ്യണം?. അതോർത്ത് ഗംഗാധരൻ നായർക്ക് ഉറക്കം തന്നെ നഷ്ടപ്പെട്ടു.

തീർത്ഥ കിണർ

അത്യാവശ്യം നെൽകൃഷിയുള്ള ഒരു കുടുംബത്തിലെ കാരണവരാണ് അദ്ദേഹം. ക്ഷേത്രഭൂമി മാധവൻ നായർ സൗജന്യമായി സമാജത്തിന് വിട്ടു തരില്ലെന്ന് ഉറപ്പാണ്. പണം കൊടുത്താൽ ഭൂമി തരികയും ചെയ്യും. ക്ഷേത്രഭൂമി വിലകൊടുത്തു വാങ്ങാൻ തക്ക സാമ്പത്തിക ഭദ്രതയുള്ളവരൊന്നും പ്രദേശത്ത് ഇല്ലതാനും. തൻ്റെ കയ് വശത്തിൽ പണവുമില്ല. ഉള്ളത് പത്തായത്തിൽ കുറച്ച് നെല്ലാണ്. അത് വിറ്റ് ക്ഷേത്രഭൂമി വീണ്ടെടുക്കാമെന്ന് ഗംഗാധരൻ നായർ വിചാരിച്ചു. അങ്ങനെ നെല്ലു വിറ്റെങ്കിലും ക്ഷേത്രഭൂമി വാങ്ങാനുള്ള പണം അതുകൊണ്ടും തികയില്ല. ഗംഗാധരൻ നായർ കുരുന്നൻ വീട്ടിൽ കേളുവിനെ സമീപിച്ച് വിവരങ്ങളെല്ലാം പറഞ്ഞു. തിരിച്ചു തരാമെന്ന വ്യവസ്ഥയിൽ തികയാത്ത പണം അദ്ദേഹം കേളുവിനോട് ആവശ്യപ്പെട്ടു. പണം മടക്കി തരുന്നതുവരെ ഒരു ഉറപ്പിന് ആധാരത്തിൽ തൻ്റെ പേരു കൂടി ഉൾപ്പെടുത്തണമെന്ന വ്യവസ്ഥയോടെ ഗംഗാധരൻ നായർക്ക് കേളു പണം നൽകി. അങ്ങനെ 1984 ജനുവരി 25ന് ഗംഗാധരൻ നായരും കേളുവും ചേർന്ന് മാധവൻ നായരിൽ നിന്നും റജിസ്ത്രധാര പ്രകാരം പണം കൊടുത്ത് കുണ്ടിയാർണക്കുന്ന് മഹാവിഷ്ണു ക്ഷേത്രം മോചിപ്പിച്ചു.

തകർന്ന ക്ഷേത്രത്തിന്റെ അവശിഷ്ട്ടങ്ങൾ

കാട് വെട്ടിത്തെളിയിച്ചപ്പോഴാണ് ടിപ്പുവിൻ്റെ പടയോട്ടക്കാലത്ത് തകർക്കപ്പെട്ട വിഷ്ണു ക്ഷേത്രം കണ്ടെത്തിയത്. മഹാവിഷ്ണുവിൻ്റെ വിഗ്രഹം പൂർണ്ണമായും അടിച്ചുടച്ചിരുന്നു. ശ്രീ കോവിലും തകർന്ന നിലയിലായിരുന്നു. ചുറ്റമ്പലവും ബലിക്കല്ലും കാണാനില്ല. ക്ഷേത്രാവശിഷ്ടങ്ങൾ കുറച്ചു മാത്രമേയുള്ളു. സുബ്രഹ്മണ്യൻ, മലക്കാരി, മഹാലക്ഷ്മി, ഗണപതി, നാഗങ്ങൾ എന്നീ ഉപദൈവങ്ങളുടെ വിഗ്രഹങ്ങളൊക്കെ ഉണ്ടായിരുന്ന ക്ഷേത്രമാണ്. ക്ഷേത്രാവശിഷ്ടങ്ങൾ ബാക്കിയുള്ളത് സമീപത്തെ ഒരു കിണറ്റിൽ ഉണ്ടെന്നാണ് പഴമക്കാർ വിശ്വസിക്കുന്നത്. ആ കിണർ കാട് മൂടി കിടക്കുകയാണ്.

ക്ഷേത്രഭൂമി വീണ്ടെടുക്കാൻ ബാക്കി പണം തന്നു സഹായിച്ച കേളുവിന് ഗംഗാധരൻ നായർ ആ പണം തിരിച്ചു കൊടുത്ത് ഒഴിമുറി വാങ്ങി ബാദ്ധ്യത നീക്കി. തകർന്ന വിഗ്രഹഭാഗങ്ങൾ അടുക്കി വെച്ച് മാസത്തിൽ ഒരു തവണ പൂജ തുടങ്ങിയതോടെ പഞ്ചായത്തിലെ ഏക വിഷ്ണു ക്ഷേത്രം ഭക്തജനങ്ങളുടെ ആശ്രയ കേന്ദ്രമായി. ക്ഷേത്രഭൂമി വീണ്ടെടുത്തതു പോലെത്തന്നെ നാട്ടുകാരുടെ സഹകരണത്തോടെ ക്ഷേത്രം പുനരുദ്ധാരണം ചെയ്യാൻ കഴിയുമെന്ന ആത്മവിശ്വാസം ഗംഗാധരൻ നായർക്കുണ്ടായി. അത് ഒരു ഉൾവിളി പോലെ ഉണ്ടായതോന്നൽ കൂടി ആയിരുന്നു. അതിൻ്റെ അടിസ്ഥാനത്തിൽ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാടിനെ വരുത്തി ക്ഷേത്ര പുനരുദ്ധാരണത്തിന് പ്ലാൻ തയ്യാറാക്കി.

തകർക്കപ്പെട്ട മഹാവിഷ്ണു വിഗ്രഹത്തിൻ്റെ കഷണങ്ങൾ ഒട്ടിച്ചുവെച്ച് വിഗ്രഹം ബാലാലയത്തിലേക്ക് മാറ്റി. എല്ലാ മാസവും ആദ്യത്തെ വ്യാഴാഴ്ച പൂജയും തുടങ്ങി. 2013 ഒക്ടോബർ 23ന് തന്ത്രി ബ്രഹ്മശ്രീ എളപ്പില ഇല്ലത്ത് കുമാർ നമ്പൂതിരി ക്ഷേത്രത്തിന് തറക്കല്ലിട്ടെങ്കിലും ക്ഷേത്ര പുനരുദ്ധാരണം എങ്ങുമെത്തിയില്ല. തുടങ്ങി വെച്ച പുനരുദ്ധാരണത്തിൻ്റെ പൂർത്തീകരണമെന്ന ആ മഹം പൂർത്തിയാവാതെ 2008 ജൂലൈ 28ന് ഗംഗാധരൻ നായർ ഈ ലോകത്തോടു യാത്ര പറഞ്ഞു. ഗംഗാധരൻ നായരുടെ ഭാര്യയും മൂന്നു മക്കളുമാണ് ഈ ക്ഷേത്രഭൂമി ഇപ്പോൾ പരിപാലിക്കുന്നത്. അവർക്കാണെങ്കിൽ ക്ഷേത്ര പുനരുദ്ധാരണം ബാലിറാമലയായി കിടക്കുകയാണ്. ക്ഷേത്ര പുരുദ്ധാരണത്തിൻ്റെ ഒരു പടി പോലും മുന്നോട്ടു പോയില്ല. ക്ഷേത്രത്തോടു കൂടിത്തന്നെ തീർത്ഥക്കുളവുമുണ്ട്. തകർക്കപ്പെട്ട ഈ ക്ഷേത്രം പുനരുദ്ധാരണം ചെയ്ത് സനാതനമാക്കേണ്ടതുണ്ട്. അതിനുള്ള വഴി വൈകാതെ തെളിയട്ടെയെന്നും നിത്യപൂജയോടെ കുണ്ടിയാർണക്കുന്ന് മഹാവിഷ്ണു ക്ഷേത്രം പരിലസിക്കട്ടെയെന്നും പ്രാർത്ഥിച്ചു കൊണ്ടാണ് ആ ദേവഭൂമിയിൽ നിന്നും ഞാൻ മടങ്ങിയത്.

Leave a Comment